അന്ധവിശ്വാസങ്ങൾ അവസാനിക്കണമെങ്കിൽ

ശരീഫ് കാര

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

സാക്ഷരതയും വിദ്യാസമ്പന്നതയും മനുഷ്യനെ അന്ധവിശ്വാസങ്ങളിൽനിന്നും രക്ഷപ്പെടുത്തുന്നില്ല എന്നാണ് സമീപകാല സംഭവങ്ങൾ നമ്മെ അറിയിക്കുന്നത്. ഒരുഭാഗത്ത് പുരോഗമനത്തിന്റെയും സാക്ഷരതയുടെയും നവോത്ഥാനത്തിന്റെയും പേരിൽ മേനി നടിക്കുകയും മറുഭാഗത്ത് മനുഷ്യ മനഃസാക്ഷിയെ ഭയപ്പെടുത്തുന്ന രൂപത്തിലുള്ള അന്ധവിശ്വാസങ്ങൾ അരങ്ങ് തകർക്കുകയും ചെയ്യുന്നു എന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

അന്ധവിശ്വാസങ്ങളുടെ ഭാഗമായി വല്ല ക്രൂരകൃത്യവും നടന്നുകഴിഞ്ഞാൽ അത് നമുക്കിടയിൽ സംസാരവിഷയമാകും. ചാനലുകളിൽ ചർച്ച പൊടിപൊടിക്കും. അതിനെ ഇല്ലായ്മ ചെയ്യാനുള്ള വഴികളെക്കുറിച്ച് ഉറ്റാലോചിക്കും. പക്ഷേ, അതെല്ലാം ചർച്ചകളിൽതന്നെ അവസാനിക്കാറാണ് പതിവ്. ഏതാനും ദിവസങ്ങൾക്കകം അത് വിസ്മൃതിയിലാകും. അന്ധവിശ്വാസങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ ചില അനിവാര്യമായ കാര്യങ്ങൾ മനുഷ്യനിൽ ഉണ്ടായിരിക്കണം

ശരിയായ ദൈവവിശ്വാസം

നമ്മുടെ നാട്ടിൽ യുക്തിവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ സാധാരണയായി പറയാറുള്ളത് മതം, ദൈവവിശ്വാസം, ആരാധനകൾ എന്നിവയാണ് മനുഷ്യനെ അന്ധവിശ്വാസങ്ങളിലേക്ക് എത്തിക്കുന്നത് എന്നാണ്. പക്ഷേ, നരബലിയിടെ വിഷയത്തിൽ നേതൃത്വം നൽകിയ വ്യക്തി ദൈവവിശ്വാസിയല്ല എന്നും തന്റെ കൂട്ടുകാരനെ മതവിശ്വാസത്തിൽനിന്നും വിട്ടുനിൽക്കാൻ അയാൾ പ്രേരിപ്പിച്ചിരുന്നു എന്നുമാണ് വ്യക്തമാകുന്നത്.

ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഒന്നുകിൽ വിശ്വാസം ഇല്ലാത്തവരൊ അല്ലെങ്കിൽ നാമമാത്ര വിശ്വാസികളൊ ആയിരിക്കും. ഏകനായ അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു ശരിയായ വിശ്വാസിക്ക് ഇത്തരം ക്രൂരത കാണിക്കാൻ കഴിയില്ല. കാരണം തന്റെ രക്ഷിതാവായ അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിയുന്നവനാണ് എന്ന ബോധ്യം അവനിൽ അനിവാര്യമായും ഉണ്ടായിരിക്കും.

ആഗ്രഹങ്ങൾ സഫലീകരിക്കാനും നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാനും രോഗശമനത്തിനുവേണ്ടിയും പ്രതിസന്ധികൾക്ക് പരിഹാരം തേടിയുമൊക്കെയാണ് ആളുകൾ അന്ധവിശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്. എന്നാൽ ഇത്തരം രംഗങ്ങളിൽ വിശ്വാസികളുടെ സമീപനം എന്താകണമെന്ന് പ്രവാചകൻമാരുടെ ചരിത്രത്തിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. രോഗശമനത്തിന് അയ്യൂബ് നബി(അ)യും സന്താന സൗഭാഗ്യത്തിനായി സകരിയ്യ നബി(അ)യും നഷ്ടപ്പെട്ട മകനെ തിരികെ കിട്ടാൻ യഅ്ക്വൂബ് നബി(അ)യും പ്രതിസന്ധികളിൽ പരിഹാരത്തിനായി ഇബ്‌റാഹീം നബി(അ), മൂസാനബി(അ), മുഹമ്മദ് നബി ﷺ  എന്നിവരും അല്ലാഹുവിനോട് പ്രാർഥിക്കുകയും അവനിൽ ഭരമേൽപിക്കുകയും ചെയ്തത് ക്വുർആൻ എടുത്തുപറയുന്നതായി കാണാം. സത്യവിശ്വാസികളുടെ സ്വഭാവമായി ക്വുർആൻ ആവർത്തിച്ച് പറഞ്ഞതും അതുതന്നെയാണ്.

“അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപിക്കപ്പെട്ടാൽ വിശ്വാസം വർധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ’’ (ക്വുർആൻ 8:2).

വിധിയിലുള്ള ദൃഢവിശ്വാസം

ദൈവവിശ്വാസത്തിന്റെ തന്നെ ഭാഗമായി നമ്മിൽ ഉണ്ടാകേണ്ടതാണിത്. തന്റെ കാര്യങ്ങൾ എല്ലാം സ്രഷ്ടാവിന്റെ വിധി പ്രകാരമാണ് നടക്കുകയെന്നും അവൻ എനിക്ക് എന്റെ കാര്യത്തിൽ വിധിക്കുന്നതെല്ലാം ആത്യന്തികമായി എനിക്ക് നന്മ മാത്രമായിരിക്കും എന്നും വിശ്വസിക്കുന്ന ഒരാൾ നേട്ടങ്ങൾക്കൊ നഷ്ടങ്ങളെ പരിഹരിക്കാനൊ അന്യായമായ ഒരു വഴിയും അന്വേഷിക്കുകയില്ല. ഒരു വിശ്വാസി ദിനേന പലതവണ ആവർത്തിക്കുന്ന പ്രാർഥനയിലും അവൻ പറയുന്നത് ‘...അല്ലാഹുവേ, നീ നൽകിയതിനെ തടയുന്നവനായി ആരുമില്ല, നീ തടഞ്ഞുവെച്ചതിനെ നൽകുന്നവനായും ആരുമില്ല...’(ബുഖാരി) എന്നാണ്.

ഈ ബോധ്യം ഇല്ലാതെ വരുമ്പോൾ കറുത്ത പൂച്ചയും കന്നിമൂലയും ചൊവ്വാഴ്ച്ച ദിവസവും മൂങ്ങയുടെ മൂളലും പതിമൂന്നാം നമ്പറും തുടങ്ങി പലതും മനുഷ്യന് മുന്നിൽ ഭയത്തിന്റെ പ്രതീകങ്ങളാകും. കാക്കയുടെ കരച്ചിലും കൈവെള്ളയിലെ ചൊറിച്ചിലും പുൽച്ചാടിയുടെ സാന്നിധ്യവുംവരെ പ്രതീക്ഷയുടെ അടയാളങ്ങളാകും.

ഉള്ളതിൽ സംതൃപ്തിയടയുക

‘ഉള്ളതിൽ തൃപ്തിയടയൽ ഒരിക്കലും നശിക്കാത്ത നിധിയാണ്’ എന്നത് അറബിയിലെ ഒരു ചൊല്ലാണ്. ഇത് വളരെ ശ്രദ്ധേയമായ ഒരു ആശയവുമാണ്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണല്ലൊ ഇത്തരം ക്രൂരതകൾക്ക് മനുഷ്യർ തയ്യാറാകുന്നത്. എന്നാൽ അല്ലാഹു നൽകിയ ഓഹരിയിൽ തൃപ്തിയടയുന്നതിലൂടെ മനുഷ്യന് ഐശ്വര്യത്തിന്റെ ഉന്നതിയിലെത്താം എന്നതാണ് വിവിധ സന്ദർഭങ്ങളിൽ നബി ﷺ  നൽകിയ ഉപദേശങ്ങളിൽനിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

ഉള്ളതിനെ മറന്ന് വീണ്ടും ഉണ്ടാക്കാൻ അനർഹമായ വഴിതേടലല്ല, ഉള്ളതിനെ അംഗീകരിച്ചും അതിന് നന്ദികാണിച്ചും ജീവിക്കലാണ് വർധനവിന്റെ വഴിയായി ക്വുർആൻ പഠിപ്പിക്കുന്നത്.

“നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർധിപ്പിച്ചുതരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദർഭം (ശ്രദ്ധേയമത്രെ)’’ (ക്വുർആൻ 14:7).

ഇഹപര ജീവിതത്തെ വേർതിരിച്ചറിയുക

എല്ലാം ഇവിടെത്തന്നെ നേടണം എന്ന ചിന്തയാണ് ഏതു വഴിയും സ്വീകരിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഈ ജീവിതം താൽക്കാലികമാണെന്നും ആഗ്രഹിച്ചതെല്ലാം ലഭിക്കുന്നിടം സ്വർഗമാണെന്നും തിരിച്ചറിവുണ്ടാകണം. ഇഹലോകത്തെ പരിചയപ്പെടുത്തുമ്പോൾ ക്വുർആൻ പറഞ്ഞത് ഇപ്രകാരമാണ്: “... ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 3:185).

എന്നാൽ സ്വർഗത്തെക്കുറിച്ച് ക്വുർആൻ പറയുന്നു: “അവർക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്’’ (ക്വുർആൻ 50: 35).

“...നിങ്ങൾക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങൾക്കവിടെ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും’’ (ക്വുർആൻ 41:31).

ഇത്തരം തിരിച്ചറിവുകൾ ഉണ്ടെങ്കിൽ ആർത്തിപൂണ്ട മനസ്സുമായി ഇവിടെ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുക, അതിനായി ഏതുവഴിയും സ്വീകരിക്കുക എന്നതിനെക്കാൾ പരലോക ജീവിതം ഭദ്രമാക്കാനുളള ശ്രമമാണ് ഉണ്ടാവുക.

ക്ഷമയും സഹനവും ശീലിക്കുക

ഏതൊരുകാര്യത്തിനും അല്ലാഹു നിശ്ചയിച്ച ചില വഴികളുണ്ട്. ആ വഴികളിൽ അധ്വാനിക്കുക, ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി അല്ലാഹുവോട് പ്രാർഥിക്കുക, ക്ഷമാപൂർവം കാത്തിരിക്കുക... ഇതായിരിക്കണം നാം സ്വീകരിക്കേണ്ട രീതി. പക്ഷേ, പ്രാർഥിക്കുന്ന കാര്യങ്ങൾ നാം വിചാരിക്കുന്ന സമയത്ത്, നാം ആഗ്രഹിച്ച അതേ രീതിയിൽതന്നെ ലഭിക്കണമെന്നില്ല. അവിടെ ക്ഷമയോടെ അതിനെ പ്രതീക്ഷിക്കുന്നവനാകണം വിശ്വാസി.

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ  പറഞ്ഞു: “ഞാൻ എന്റെ റബ്ബിനോട് പ്രാർഥിച്ചു. പക്ഷേ, എനിക്ക് ഉത്തരം കിട്ടിയില്ല എന്നു പറഞ്ഞ് ധൃതി കാണിക്കാതിരിക്കുമ്പോഴൊക്കെ നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർഥനക്ക് ഉത്തരം കിട്ടും’’ (ബുഖാരി, മുസ്‌ലിം).

എന്നാൽ ഈ അധ്യാപനങ്ങൾ മനുഷ്യർ മറക്കുകയും ആവശ്യങ്ങൾ വേഗത്തിൽ നേടിയെടുക്കാനുള്ള കുറുക്കുവഴി അന്വേഷിക്കുകയും ചെയ്യുന്നവരാണ് അന്ധവിശ്വാസങ്ങളുടെ വഴിയിൽ എത്തിച്ചേരുന്നത്.

അസൂയ ഒഴിവാക്കുക

‘നിങ്ങൾ പരസ്പരം അസൂയ വെക്കരുത്’ എന്ന് പ്രവാചകൻ  ﷺ  നമ്മെ ഉണർത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ നേട്ടങ്ങൾ ഇല്ലായ്മ ചെയ്യാനും അത്തരം നേട്ടങ്ങൾ തനിക്കും ലഭിക്കണമെന്ന അത്യാർത്തിയും മനുഷ്യനെ പല തെറ്റായ പ്രവൃത്തികളിലേക്കും എത്തിക്കും. അത് അവനെ സിഹ്‌റിന്റെയും ശിർക്കിന്റെയും ആഭിചാര ക്രിയകളുടെയുമൊക്കെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

പ്രശ്‌നങ്ങൾ മുന്നിൽ വരുമ്പോൾ മാത്രം പരിഹാര വഴികൾ ചർച്ച ചെയ്യുകയും അത് ചർച്ചകളിൽ മാത്രം ഒതുക്കി നിർത്തുകയും ചെയ്യുന്നതിനപ്പുറം വേരറിഞ്ഞ് ചികിത്സിക്കാനും സമൂഹത്തിന് ഇത്തരം തിരിച്ചറിവ് നൽകാനുമാണ് നാം ശ്രമിക്കേണ്ടത്.