ക്വബ്ർ ശിക്ഷ; സത്യമോ മിഥ്യയോ?

ബഹീജ് വാണിയമ്പലം

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട യാഥാർഥ്യമാണ് ക്വബ്ർ ശിക്ഷ. പരലോകത്ത് ഒരുമിച്ചുകൂട്ടപ്പെടുകയും വിചാരണക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നതിനു മുമ്പ് ക്വബ്റിൽ അഥവാ ബർസഖിൽ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതിന് ധാരാളം തെളിവുകൾ ക്വുർആനിലും ഹദീസിലും നമുക്ക് കാണുവാൻ സാധിക്കും.

അല്ലാഹു പറയുന്നു: “ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിർത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുർമാർഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താൻ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവർത്തിക്കുന്നു’’ (ക്വുർആൻ 14: 27).

മേൽ പരാമർശിച്ച സൂക്തം വിശദീകരിച്ചുകൊണ്ട് ഇമാം മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസിൽ പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞതായി കാണാം:

“...ഇത് ക്വബ്ർ ശിക്ഷയെക്കുറിച്ചാകുന്നു. അപ്പോൾ അവനോട് ചോദിക്കപ്പെടും: ‘ആരാണ് നിന്റെ രക്ഷിതാവ്?’ അവൻ പറയും: ‘എന്റെ നാഥൻ അല്ലാഹുവാകുന്നു. എന്റെ പ്രവാചകൻ മുഹമ്മദ് ﷺ ആകുന്നു.’ അതാണ് അല്ലാഹുവിന്റെ വാക്ക്: ‘ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിർത്തുന്നതാണ്.’’

കൂടാതെ, ഗാഫിർ: 45,46, അൻആം: 93, തൗബ: 101, ത്വൂർ: 45-47 മുതലായ ആയത്തുകളും ക്വബ്ർ ശിക്ഷയെ സാധൂകരിക്കുന്നവയാണ്. ഇവയ്ക്ക് പ്രാമാണികരായ മുൻഗാമികൾ നൽകിയ വിശദീകരണങ്ങൾ ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്.

ഇനി, ഹദീസുകളാണെങ്കിൽ ധാരാളമുണ്ട്. സത്യവിശ്വാസിയെ സംബന്ധിച്ച് ഒരൊറ്റ ആയത്തായാലും ഒരേയൊരു ഹദീസായാലും അതവന് പ്രമാണമാണ്. ഒരു ഹദീസ് മാത്രം ശ്രദ്ധയിൽപ്പെടുത്താം;

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; റസൂൽ ﷺ പറഞ്ഞു: ‘നിങ്ങൾ എല്ലാവരും തന്നെ അവസാനത്തെ തശഹ്ഹുദിൽനിന്ന് വിരമിക്കാനായാൽ നാല് കാര്യങ്ങളിൽനിന്നും കാവൽ ചോദിക്കുക; നരകശിക്ഷ, ക്വബ്ർശിക്ഷ, ജീവിതത്തിന്റെയും മരണത്തിന്റെയും കെടുതി, ദജ്ജാലിന്റെ കെടുതി (എന്നിവയിൽനിന്ന്)’’ (ബുഖാരി, മുസ്‌ലിം).

എന്നാൽ ചിലർ ക്വബ്ർ ശിക്ഷയെ നിഷേധിക്കുന്നവരാണ്. അതിന് അവർ ഉയർത്തിക്കാട്ടുന്ന തെളിവുകളുടെയും ന്യായങ്ങളുടെയും നിജസ്ഥിതി നമുക്കൊന്ന് പരിശോധിക്കാം.

1) ആദ്യത്തെ ആരോപണം, അത് അല്ലാഹുവിന്റെ നീതിക്ക് എതിരാണ് എന്നതാണ്. അതായത്, വിചാരണക്ക് മുമ്പുതന്നെ ശിക്ഷ നൽകുകയെന്നത് അനീതിയാകുന്നു. വിചാരണയാകട്ടെ പരലോകത്താണ്. അപ്പോൾ അതിനുമുമ്പ് ക്വബ്‌റിൽ ശിക്ഷിക്കുകയെന്നത് നീതിയല്ല എന്നതാണ് ക്വബ്ർ ശിക്ഷയെ നിഷേധിക്കാൻ പറയുന്ന പ്രധാനപ്പെട്ട ന്യായം!

ഇത് കേവലം ബുദ്ധിയെ പ്രമാണമാക്കി പടച്ചുണ്ടാക്കിയ ദുർന്യായമാണ്. എങ്ങനെയാണ് വിചാരണക്ക് മുമ്പുള്ള ശിക്ഷ അനീതിയാകുന്നത്?

കുറ്റം തെളിയിക്കപ്പെടാത്തവർ ശിക്ഷിക്കപ്പെടുക എന്നത് അന്യായം തന്നെയാണ്. ഇഹലോകത്ത് ഒരാളുടെ കുറ്റം തെളിയിക്കപ്പെട്ടാൽ, താമസിയാതെ അയാളെ ശിക്ഷിക്കാൻ അർഹരായവർ അർഹമായ ശിക്ഷ നൽകണമെന്നതാണ് നീതിബോധത്തിന്റെ തേട്ടം. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ സുഖവാസത്തിൽ കഴിയണമെന്ന് നീതിബോധമുള്ള ഒരാളും ആഗ്രഹിക്കില്ല.

എന്നാൽ മരിച്ചയാളുടെ വിഷയമോ? ഒരാൾ മരിക്കുമ്പോൾ തന്നെ അയാൾക്ക് ബോധ്യമാകും താൻ സന്മാർഗിയാണോ ദുർമാർഗിയാണോ എന്ന്. ശിക്ഷാർഹനാണോ രക്ഷാർഹനാണോ എന്ന്. ധാരാളം ക്വുർആൻ വചനങ്ങൾ അതിന് തെളിവായുണ്ട്.

“സത്യനിഷേധികളുടെ മുഖങ്ങളിലും പിൻവശങ്ങളിലും അടിച്ചുകൊണ്ട് മലക്കുകൾ അവരെ മരിപ്പിക്കുന്ന സന്ദർഭം നീ കണ്ടിരുന്നുവെങ്കിൽ! (അവർ -മലക്കുകൾ- അവരോട് പറയും:) ജ്വലിക്കുന്ന അഗ്‌നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക’’ (ക്വുർആൻ 8:50).

അപ്പോൾ, ശിക്ഷ മരണത്തോടെ ആരംഭിക്കുന്നുവെന്ന് ഈ സൂക്തത്തിൽനിന്നുതന്നെ വ്യക്തം. എന്നാൽ, അവർക്കുളള കഠിനമായ ശിക്ഷ പരലോകത്താണുള്ളത്. അത് അന്നേക്ക് നീട്ടിവെച്ചത് എന്തിനാണ്? അത് അല്ലാഹുതന്നെ പറഞ്ഞുതരുന്നു:

“നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവർ ചെയ്തുകൂട്ടിയതിന് അവൻ അവർക്കെതിരിൽ നടപടി എടുക്കുകയായിരുന്നെങ്കിൽ അവർക്കവൻ ഉടൻതന്നെ ശിക്ഷ നൽകുമായിരുന്നു. പക്ഷേ, അവർക്കൊരു നിശ്ചിത അവധിയുണ്ട്. അതിനെ മറികടന്നുകൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവർ കണ്ടെത്തുകയേയില്ല’’ (18: 58).

കഠിനമായ ശിക്ഷയെ അല്ലാഹു പരലോകത്തേക്ക് മാറ്റിവെച്ചത് വിചാരണ കഴിയാൻ വേണ്ടിയാണെന്ന് കരുതിയെങ്കിൽ തെറ്റി. മേൽ വചനത്തിൽ അത് അല്ലാഹുവിന്റെ കാരുണ്യമായാണ് പരിചയപ്പെടുത്തുന്നത്. ഇനി അത് മാത്രവുമല്ല, ഏതൊരു മനുഷ്യനും ക്വബ്‌റിൽ ഒരു പരീക്ഷണമുണ്ട്. തദടിസ്ഥാനത്തിലാണ് ഒരാൾക്ക് ക്വബ്‌റിലെ രക്ഷാശിക്ഷകൾ തീരുമാനിക്കപ്പെടുന്നത്. സത്യവിശ്വാസികൾ അതിൽ വിജയിക്കുകയും സത്യനിഷേധികൾ പരാജയപ്പെടുകയും ചെയ്യും.

2) ‘മുഹമ്മദ് നബി ﷺ യുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ പേരിൽ പുരോഹിതന്മാർ പടച്ചുണ്ടാക്കിയ ഹദീഥുകളിലൂടെയാണ് ക്വബ്ർ ശിക്ഷ മുസ്‌ലിം സമൂഹത്തിൽ പ്രചരിപ്പിച്ചത്’ എന്നതാണ് മറ്റൊരു വാദം!

ഇമാം അശ്അരി(റഹി) പറയുന്നു: “മനുഷ്യർ ക്വബ്‌റിൽ ജീവിപ്പിക്കപ്പെട്ടശേഷം, ക്വബ്ർ ശിക്ഷ സത്യമാണെന്നും ക്വബ്‌റിൽ ചോദ്യം ചെയ്യപ്പെടുമെന്നും അവൻ ഇഷ്ടപ്പെടുന്നവരെ അവൻ ഉറപ്പിച്ചു നിർത്തുമെന്നുമെതിൽ അവർ (മുസ്‌ലിം സമുദായം) ഏകാഭിപ്രായക്കാരാകുന്നു.’’

ഇമാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: “അന്ത്യനാളിലും മരണത്തിനുമിടയിൽ ബർസഖിൽ പുണ്യവും ശിക്ഷയും ഉണ്ടെന്നതാണ് മുൻഗാമികളുടെ ഒന്നടങ്കം (ആദ്യ മൂന്ന് തലമുറയിലെ സച്ചരിതർ) അഹ്‌ലുസ്സുന്നതി വൽജമാഅത്തിന്റെ നിലപാട്.’’

ക്വുർആനിൽനിന്നും ഹദീസിൽനിന്നും സച്ചരിതരായ ചില മുൻഗാമികളുടെ വാചകങ്ങളിൽനിന്നും ക്വബ്ർ ശിക്ഷ യാഥാർഥ്യമാണെന്ന് നാം മനസ്സിലാക്കി. ക്വബ്‌റിൽ ശിക്ഷയുണ്ടെന്ന കാര്യം നബി ﷺ യുടെ കാലം മുതൽക്ക് സർവമുസ്‌ലിംകളും ഏകോപിച്ച് അംഗീകരിച്ച് പോരുന്ന വിഷയമാകുന്നു.

ഇത്രയും സുവ്യക്തമായി ക്വുർആനിലൂടെയും, മുതവാതിറായ (തള്ളാൻ കഴിയാത്ത നിലക്ക് ഒരുപാട് പരമ്പരകളിലൂടെ സ്ഥിരപ്പെട്ട, യഥാർഥ മുസ്‌ലിംകൾ ആരുംതന്നെ ദുർബലമെന്ന് വിശേഷിപ്പിക്കാത്ത) ഹദീസുകളിലൂടെയും സ്ഥിരപ്പെട്ട, മുൻഗാമികൾ ഏകപക്ഷീയമായി അംഗീകരിച്ച ക്വബ്ർ ശിക്ഷയെ സാധൂകരിക്കുന്ന ഹദീസുകളെ, ‘അത് പടച്ചുണ്ടാക്കിയതാണ്’ എന്ന വ്യാജാരോപണം വഴി വിമർശിക്കുന്നവരുടെ വാദങ്ങൾ തികച്ചും നിരർഥകമാണെന്ന് വ്യക്തം.

3) ക്വബ്ർ ശിക്ഷ ക്വുർആനിനെതിരാണെന്ന് സമർഥിക്കാൻ വിമർശകർ ചില ആയത്തുകൾ ഉദ്ധരിക്കാറുണ്ട്.

ക്വുർആനിലെ ഈ ആയത്തുകൾ ക്വബ്ർ ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന ആയത്തുകൾക്ക് എതിരാകുമോ? ഒരിക്കലുമില്ല! അപ്പോൾ ആ വചനങ്ങൾക്ക് ഇങ്ങനെ അർഥമില്ലെന്ന് മാത്രമല്ല, അവ അവതീർണമായത് ക്വബ്ർ ശിക്ഷയില്ല എന്ന് അറിയിക്കുന്നതിനാണ് എന്നതിലേക്ക് സൂചന നൽകുന്ന ഒരൊറ്റ ഹദീസ് പോലുമില്ലെന്നതാണ് വാസ്തവം. മറിച്ച്, ക്വബ്ർ ശിക്ഷയെ സ്ഥിരപ്പെടുത്തുന്ന, ഒരു നിലയ്ക്കും തള്ളാനാവാത്ത മുതവാതിറായ ഒരുപാട് ഹദീസുകളുണ്ട് താനും. അപ്പോൾ ഈ ആയത്തുകളുടെ ആശയം നബി ﷺ ക്ക് പോലും മനസ്സിലായില്ലെന്ന് പറയേണ്ടിവരും. മാത്രവുമല്ല, അതിനെതിരായി നബി ﷺ പഠിപ്പിച്ചു എന്നുപോലും വരും! അല്ലാഹുവിൽ അഭയം.

കൂടാതെ, ഈ ആയത്തുകൾ നബി ﷺ യിൽനിന്ന് ആദ്യമായി കേട്ട അനുചരന്മാരിൽ ഒരാൾ പോലും ക്വബ്ർ ശിക്ഷയെ നിഷേധിച്ചിട്ടില്ല. അപ്പോൾ, ഈ വാദം മുസ്‌ലിംകളിൽ ആദ്യമായി ഉയർത്തിയതാരാണ്?

ഹിജ്‌റ 128ൽ മരണപ്പെട്ട, ഇസ്‌ലാമിൽ നിന്ന് പുറത്താണെന്ന് മുസ്‌ലിം ലോകം അംഗീകരിക്കുന്ന, അഹ്‌ലുസ്സുന്നയിൽനിന്ന് വ്യതിചലിച്ച വിഭാഗമായ ജഹ്‌മിയ്യാക്കളുടെ നേതാവായ ജഹമ് ബ്ൻ സ്വഫ്‌വാനാണ് ആദ്യമായി ക്വബ്ർ ശിക്ഷയെ നിഷേധിച്ച വ്യക്തി. ആരെ പിൻപറ്റണമെന്ന് നാം തീരുമാനിക്കുക.