വാർത്താവിനിമയം: ക്വുർആനിക മാർഗരേഖ

ശമീർ മദീനി

2022 മെയ് 28, 1442 ശവ്വാൽ 26

(ഭാഗം: 02)

6. വാർത്താ സെൻസർഷിപ്പ്

കണ്ടതും കേട്ടതും അപ്പടി പകർത്തി വാർത്തയാക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷമായിരിക്കും വരുത്തിവെക്കുക. ആളെ കൂട്ടുക, ലാഭം കൊയ്യുക, ഒന്നാമതെത്തുക തുടങ്ങിയ ലക്ഷ്യങ്ങൾക്കതീതമായി വാർത്തകൾ കൊണ്ട് സമൂഹത്തിൽ ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങൾകൂടി കണ്ടുകൊണ്ട് ചില സെൻസർഷിപ്പുകൾ ആവശ്യമായിവരും. ചിലത് ചൂടോടെ പ്രസിദ്ധീകരിക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്ന അവസ്ഥയായിരിക്കുമെന്നത് കണ്ടറിയാനുള്ള പക്വതയും വിവേകവും വാർത്താപ്രചാരകർക്ക് ഉണ്ടാകേണ്ടതുണ്ട്.

വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടോ വക്രീകരിച്ചുകൊണ്ടോ വാർത്തകൾ അപനിർമിച്ചുകൊണ്ടോ ചില പ്രത്യേകക്കാർക്ക് വേണ്ടിയുള്ള പാദസേവ നടത്തലായി മാറരുത് ഇത്തരം സെൻസർഷിപ്പുകൾ. മറിച്ച് സമൂഹത്തിന്റെ പൊതുനന്മയും സാമൂഹിക സുരക്ഷയുമായിരിക്കണം അടിസ്ഥാനം.

അല്ലാഹു പറയുന്നു: “സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്ക് വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽനിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാൻ കഴിവുള്ളവർ അതിന്റെ യാഥാർഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെമേൽ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ അൽപം ചിലരൊഴികെ പിശാചിനെ പിൻപറ്റുമായിരുന്നു’’ (ക്വുർആൻ 4:83).

ചില വാർത്തകൾ കുഴപ്പങ്ങളും ശത്രുതയും വർധിപ്പിക്കുന്നതും വർഗീയ ചേരിതിരിവിന് ആക്കം കൂട്ടുന്നതുമായിത്തീരാറുണ്ട്. കള്ളവാർത്ത പ്രചരിപ്പിക്കുന്നവർ ഇക്കാര്യം ഓർക്കുന്നത് നല്ലതാണ്.

നബി ﷺ പറഞ്ഞു: “ഒരു വ്യക്തിയുടെ നന്മകളിൽ പെട്ടതാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ അഥവാ ഉപകാരമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക എന്നത്’’ (തിർമുദി). അവിടുന്ന് പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ നല്ലത് പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ’’ (ബുഖാരി, മുസ്‌ലിം).

കണ്ടതും കേട്ടതുമൊക്കെ പ്രചരിപ്പിക്കൽ നല്ല സ്വഭാവമല്ല എന്ന് നബി ﷺ ഉണർത്തിയിട്ടുണ്ട്. നബി ﷺ പറയുന്നു: “കേട്ടതൊക്കെ പറയുക എന്നതുതന്നെ മതിയാകും ഒരാൾക്ക് കളവായി’’ (മുസ്‌ലിം).

7. വാർത്തകൾ സ്വീകരിക്കുന്നതിന് ഉചിതമായ മാർഗങ്ങൾ സ്വീകരിക്കുക

ഒരു വാർത്ത കേൾക്കുമ്പോൾ അതിന്റെ നിജസ്ഥിതി വിലയിരുത്തുവാനുള്ള സാമാന്യബോധവും നിരൂപണശേഷിയും ശ്രോതാക്കൾക്കും വായനക്കാർക്കും പ്രസ്തുത കാര്യം വാർത്തയാക്കുന്നവർക്കും വേണ്ടതാണ്. വ്യാജവാർത്തകളെ തിരിച്ചറിഞ്ഞ് അവയുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ സാഹചര്യത്തെളിവുകളും രേഖകളും നിരത്തിയുള്ള നിരൂപണങ്ങളിലൂടെ വ്യാജവാർത്തകളെയും അവയുടെ പ്രചാരകരെയും പൊളിച്ചടുക്കാൻ സാധിച്ചാൽ അത്തരം വിഷവൈറസുകൾക്കെതിരെ പ്രതിരോധം തീർക്കുവാനും ജാഗ്രത പാലിക്കുവാനും സാധിക്കുന്നതാണ്.

വാർത്തകൾ സ്ഥിരീകരിക്കുന്നതിന് സച്ചരിതരായ മുൻഗാമികൾ സ്വീകരിച്ച പല മാർഗങ്ങളെയും ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. പ്രവാചകാധ്യാപനങ്ങളുടെ സ്വീകരണത്തിലെയും സ്ഥിരീകരണത്തിലെയും കണിശതയും സൂക്ഷ്മതയുമൊക്കെയാണ് അത് അറിയിക്കുന്നത്. അതുപോലെ വാർത്താ ഏജൻസികളുടെയും റിപ്പോർട്ടർമാരുടെയും സത്യസന്ധതയും നിലപാടുകളും വിലയിരുത്തി അവരിലൂടെ വരുന്ന വാർത്തകളെ വ്യവഛേദിച്ച് വിലയിരുത്താൻ നമുക്ക് സാധിക്കണം.

ഇന്ന് വാർത്തകൾ പടച്ചുണ്ടാക്കുന്ന കൂലിയെഴുത്തുകാരും റിപ്പോർട്ടർമാരും ധാരാളമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പ്രത്യേക ടീമുകളെ വളർത്തി പരിശീലിപ്പിച്ച് ചെല്ലുംചെലവും കൊടുത്ത് തങ്ങളുടെ സേവനത്തിനായി വ്യാപകമായി നിയോഗിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. യാഥാർഥ്യങ്ങളറിയുന്നതിൽനിന്നും ആളുകളെ തടയുക, സമൂഹത്തിൽ ഛിദ്രതയും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുക, എതിരാളികളുടെ മനോവീര്യം തകർക്കുക തുടങ്ങി പല ലക്ഷ്യങ്ങളാണ് ഇത്തരം അപനിർമിതികൾക്കും വ്യാജപ്രചാരണങ്ങൾക്കുമൊക്കെ പിന്നിലുള്ളത്.

സോഷ്യൽ മീഡിയയുടെ അനവധി സാധ്യതകൾ തുറന്നുകിടക്കുന്ന ഇക്കാലത്ത് മറ്റു ചിലരുടെ വിനോദം വ്യാജവാർത്തകളുണ്ടാക്കി പ്രചരിപ്പിച്ച് അതിലൂടെ ഒരുതരം ആനന്ദം കണ്ടെത്തലാണ്.

നൊടിയിടയിൽ ലോകമെമ്പാടും വാർത്തകൾ പ്രചരിക്കുന്ന ആധുനികകാലത്ത് ധാർമികമൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടുവേണം ഈ രംഗത്തേക്ക് പ്രവേശിക്കാൻ. ഇല്ലെങ്കിൽ നാം ജീവിക്കുന്ന ഇഹലോകത്തും ഭാവിയിൽ വരാനിരിക്കുന്ന പാരത്രികലോകത്തും വലിയ കഷ്ടനഷ്ടങ്ങളായിരിക്കും നമ്മെ കാത്തിരിക്കുന്നത്.