തണൽ മരമാവുക

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 ജൂൺ 18, 1442 ദുൽഖഅദ 17

ഒരു ചെറിയ വിത്തിൽ നിന്നാണ് വലിയൊരു വൃക്ഷം വളരുന്നത്; തളിർത്തും പൂത്തും കായ്ച്ചും തണലേകിയും നിവർന്നു നിൽക്കുന്നതും. അതിന്റെ ശക്തി ചോരാതെ നിലനിൽക്കുന്നത് വെള്ളവും വളവും വെളിച്ചവും ആവോളം ലഭിക്കുമ്പോഴാണ്. അനുകൂല ഘടകങ്ങൾ ലഭിച്ചില്ലെങ്കിൽ വിത്തുകൾ മുളക്കില്ല. മുളച്ചവതന്നെ വെള്ളവും വളവും വെളിച്ചവും ആവശ്യത്തിനു കിട്ടിയില്ലെങ്കിൽ നശിച്ചുപോകും.

മനുഷ്യന്റെ സ്ഥിതിയും ഇതുപോലെയാണ്. ഇവിടെ വിത്ത് കുട്ടിയും അനുകൂല ഘടകങ്ങൾ മാതാപിതാക്കളുമാണ്. മാനുഷികമായ എല്ലാ ഗുണങ്ങളും പകർന്നുനൽകി മതബോധമുള്ളവരായി മക്കളെ മാതാപിതാക്കൾ വളർത്തി വലുതാക്കിയാൽ ആ മക്കൾ എല്ലാവർക്കും ഉപകാരമുള്ള തണൽമരങ്ങളായി മാറും. ഇല്ലെങ്കിൽ അവർ മുരടിച്ചുപോകും. ഉപദ്രവമല്ലാതെ ഉപകാരം അവരിൽനിന്ന് ആർക്കുമുണ്ടാകില്ല.

മനുഷ്യന്റെ പരിശ്രമങ്ങൾ സഹജീവികൾക്കുകൂടി ഉപകാരപ്പെടുന്ന രൂപത്തിലായിരിക്കണം. വൻവൃക്ഷത്തെപോലെ തഴച്ചുവളർന്ന് മറ്റുള്ളവർക്ക് തണലും ഫലവും മണവും ലഭ്യമാക്കാൻ ഉപകരിക്കണം. ഇതിനുവേണ്ടി നാം പ്രയത്‌നിക്കണം. എന്താണ് നാം ചെയ്യേണ്ടത്? അവനവന്റെ സ്ഥാനത്തെയും ദൗത്യത്തെയും തിരിച്ചറിഞ്ഞ് അതിന്റെ പൂർത്തീകരണത്തിനായി ബോധപൂർവം പ്രവർത്തിക്കണം. നല്ല ആസൂത്രണം വേണം.

പല കാര്യത്തിലും നാം നിനച്ച വിജയം ലഭിക്കാത്തതിൽ നിരാശപ്പെട്ടിരിക്കണോ അതോ അടുത്തതിൽ വിജയം പ്രതീക്ഷിച്ച് പ്രവർത്തിക്കണോ? ജീവിതത്തിൽ നിനച്ചത് നേടുന്നതിൽ നമ്മുടെ ഇച്ഛാശക്തി പ്രവർത്തിക്കുമ്പോൾ, നല്ലതിനു വേണ്ടി പ്രാർഥിക്കുമ്പോൾ, ആത്മവിശ്വാസ ത്തോടെ ലക്ഷ്യത്തിലേക്ക് കുതിച്ച് പായുമ്പോൾ നാം ലോകത്തിന് നല്ലൊരു സംഭാവനയായി മാറും. വെയിലിനെ തടുക്കുന്ന ഇല നിറഞ്ഞ ശാഖകളും വെള്ളത്തെ തിരഞ്ഞുപിടിക്കുന്ന ശക്തമായ വേരും, മരത്തെ നിവർത്തി നിർത്തുന്ന തടിയും പ്രതിബന്ധങ്ങളെ മറികടന്നതിന്റെ അടയാളമാണ്. പ്രതിബന്ധങ്ങളാണ് മനുഷ്യജീവിതത്തിന്റെ യഥാർഥ പരിശീലകൻ. അതിനെ പരിശീലകനായി സ്വീകരിക്കുമ്പോൾതന്നെ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങും. ജീവിതം കൂടുതൽ ക്രിയാത്മകമാകുമ്പോൾ നമ്മുടെ ശക്തിയെ കൂടുതൽ അറിയാനും അല്ലാഹുവിന് കീഴൊതുങ്ങി അവന്റെ തൃപ്തിക്കായി സേവനങ്ങൾ ചെയ്യാനും അടയാളങ്ങൾ ബാക്കിവെക്കാനും കഴിയും.

വളർച്ചക്ക് തടസ്സം നിൽക്കുന്ന ചില കാര്യങ്ങളുണ്ട്; അവയെ തിരിച്ചറിഞ്ഞ് മറികടക്കണം. സമാധാനത്തോടും ധൈര്യത്തോടുംകൂടി ജീവിച്ച് ക്ലേശങ്ങളെ മറികടക്കാൻ കഴിയണം. ഇതിന് തടസ്സമാകുന്ന ഭയം മനുഷ്യന്റെ വലിയ ശത്രുവാണ്. ധൈര്യമാണ് ഭയത്തെ നിർവീര്യമാക്കാനുള്ള ലായനി. അല്ലാഹുവിൽ ഭരമേൽപിക്കലാണ് ധൈര്യത്തിനാധാരമായ കാര്യം. അതിനെ പുഷ്ടിപ്പെടുത്തുന്ന അറിവ് ബോധപൂർവം ശേഖരിക്കണം. വേലക്കാരനും കീഴുദ്യോഗസ്ഥനും തൊഴിലാളിയുമെല്ലാം ഭയപ്പെടേണ്ടത് യജമാനനെയോ, മേലുദ്യോഗസ്ഥനെയോ, മുതലാളിയെയോ അല്ല; മറിച്ച് അനീതി കാണിച്ചാൽ ശിക്ഷനൽകുന്ന സ്രഷ്ടാവിനെയാണ്.

അന്യരുടെ ഭാരം കുറക്കുന്നതിന് ഇറങ്ങിത്തിരിക്കുന്നവന് അവന്റെ നന്മകൊണ്ട് ലഭിക്കുന്ന വെളിച്ചവും സമാധാനവും വളരെ വലുതായിരിക്കും. ഒരു നല്ല വാക്ക്, ഒരു കൈ സഹായം... അതിന് സാമ്പത്തിക ചെലവ് വരുന്നില്ല. ഒരാൾ തനിക്ക് ഒരു ജോലിക്കാരനെ വേണം എന്നു പറയുന്നു. ഞാൻ അറിയുന്ന ഒരാളുണ്ട്, അയാളെ അതിന് പറ്റും എന്നു പറഞ്ഞ് ഒന്നു ബന്ധപ്പെടുത്തിക്കൊടുത്താൽ ഒരു കുടുംബത്തിന്റെ ഉപജീവനമാർഗമാണ് തരപ്പെടുത്തിക്കൊടുത്തത്. ആ കുടുംബത്തെ പട്ടിണിയിൽനിന്നാണ് രക്ഷപ്പെടുത്തിയത്. പടച്ചവനിൽനിന്ന് അതിന്റെ പ്രതിഫലവും ആ കുടുംബത്തിന്റെ പ്രാർഥനയും അയാൾക്ക് കിട്ടാതിരിക്കില്ല.

പണവും പദവിയുമല്ല; അറിവും ഹൃദയവിശുദ്ധിയുമാണ് മനുഷ്യനെ ഉയർത്തുന്നത്. അതിനാൽ പക്വമായ അറിവും പരിശുദ്ധമായ മനസ്സുമാണ് നമുക്കു വേണ്ടത്. മനുഷ്യമനസ്സിൽ നന്മയും തിന്മയും അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. നന്മ ചെയ്ത് ഹൃദയ വിശുദ്ധി കരസ്ഥമാക്കിയവൻ വിജയിക്കുന്നവനും ഹൃദയത്തെ മലീമസമാക്കിയവൻ പരാജയപ്പെടുന്നവനുമാണ്. ഒരുതലക്കൽ നന്മ കൊണ്ടുളള വളർച്ചയും മറുതലക്കൽ തിന്മകൊണ്ടുള്ള തളർച്ചയും വരും. തളർച്ചയെ തടുക്കാനും വളർച്ചയെ എടുക്കാനും കഴിയുന്നവനാണ് യഥാർഥ വിജയി.

ഇന്നത്തെ ദിവസം എങ്ങനെയെങ്കിലും കഴിച്ചുകൂട്ടണമെന്ന വിചാരമല്ല പ്രഭാതത്തിൽ വേണ്ടത്. മറിച്ച് എന്റെ ജീവിതത്തിൽ ശുഭകരമായത് തുന്നിച്ചേർക്കാനുള്ള പുതിയ ഒരു ദിവസത്തിലേക്കാണ് ഞാൻ പ്രവേശിച്ചിരിക്കുന്നത് എന്ന ഒരു ബോധം വേണം. ധൈര്യവും ഉത്സാഹവും ആത്മവിശ്വാസവും വേണ്ടത്ര അളവിൽ ചേർത്ത് ജീവിവിതയാത്ര തുടരാൻ മതവും അറിവും ലോകപരിചയവും ഉപകാരപ്പെടണം.

ജയം ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ പരാജയത്തെ പാഠമാക്കാനും ക്ഷമിക്കാനും ഞാൻ തയ്യാറാണ്. ഭയം എന്നെ കീഴ്‌പെടുത്തില്ല. പ്രതിബന്ധങ്ങളെ ഞാൻ ഒരു പരിശീലകനായി സ്വീകരിക്കും. എന്റെ ബന്ധുക്കൾ എനിക്ക് സഹായമാകും. സ്‌നേഹിതന്മാർ എനിക്ക് വല്ലാത്ത കരുത്താണ് പകർന്ന് നൽകുക. മറ്റൊരുത്തനെ നശിപ്പിക്കാനും അന്യായമായി സമ്പത്ത് ആർജിക്കാനും ഞാൻ ഒരുക്കമല്ല. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ഞാൻ താങ്ങായി മാറും...ഇങ്ങനെയുള്ള ചിന്തയും തീരുമാനവുമാണ് നമുക്ക് വേണ്ടത്. കൂടെ ആത്മാർഥമായ പ്രാർഥനയും വേണം. അതാണ് തിരിച്ചറിവിന്റെ പ്രതിഫലനം.