ഇബ്‌റാഹീം നബി(അ): ജീവിതവും സന്ദേശവും വിശുദ്ധ ക്വുർആനിൽ

സലീം പടല

2022 ജൂൺ 25, 1442 ദുൽഖഅദ 24

വിശുദ്ധ ക്വുർആനിൽ 25 അധ്യായങ്ങളിലായി 69 സ്ഥലങ്ങളിൽ പേര് പരാമർശിക്കപ്പെട്ട മഹാനായ പ്രവാചകനാണ് ഇബ്‌റാഹീം(അ). ഹജജ്‌ വേളയിലും ബലിപെരുന്നാൾ ആഘോഷത്തിലും മാത്രമല്ല ഓരോ നമസ്‌കാരത്തിലും ഓർമിക്കപ്പെടുന്ന വ്യക്തിത്വവും എല്ലാ അർഥത്തിലും നാം മാതൃകയാക്കേണ്ട ആദർശ പിതാവുമാണ് അദ്ദേഹം..

മഹത്ത്വങ്ങൾ

അല്ലാഹുവിന്റെ സത്യവിശ്വാസികളായ ദാസൻമാരിൽപെട്ട വ്യക്തിത്വം: “തീർച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരിൽ പെട്ടവനാകുന്നു’’ (ക്വുർആൻ 37/111).

അല്ലാഹു തെരഞ്ഞെടുത്ത മഹാൻ: “അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവൻ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.

സത്യവാനായ പ്രവാചകൻ: “വേദഗ്രന്ഥത്തിൽ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു’’ (19/41).

കൈക്കരുത്തും കാഴ്ചപ്പാടുകളുമുള്ള, പരലോക സ്മരണയെന്ന നിഷ്‌കളങ്ക വിചാരത്താൽ ഉൽകൃഷ്ടരായ, അല്ലാഹുവിന്റെ ദാസൻമാരിലൊരാൾ:

“കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസൻമാരായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരെയും ഓർക്കുക. നിഷ്‌കളങ്കമായ ഒരു വിചാരംകൊണ്ട് നാം അവരെ ഉൽകൃഷ്ടരാക്കിയിരിക്കുന്നു. പരലോകസ്മരണയത്രെ അത്’’ (38/45-46).

അല്ലാഹു സമാധാനം ആശംസിച്ച സദ്‌വൃത്തൻ: “ഇബ്‌റാഹീമിന് സമാധാനം! അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്’’ (37/109,110).

ദൃഢമനസ്‌കരായ അഞ്ച് നബിമാരിലൊരാളായിരുന്നു അദ്ദേഹം:

“പ്രവാചകൻമാരിൽനിന്ന് തങ്ങളുടെ കരാർ നാം വാങ്ങിയ സന്ദർഭം (ശ്രദ്ധേയമാണ്). നിന്റെ പക്കൽനിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മർയമിന്റെ മകൻ ഈസാ എന്നിവരിൽനിന്നും (നാം കരാർ വാങ്ങിയ സന്ദർഭം). ഗൗരവമുള്ള ഒരു കരാറാണ് അവരിൽനിന്നെല്ലാം നാം വാങ്ങിയത്’’ (33/7).

“നൂഹിനോട് കൽപിച്ചതും നിനക്ക് നാം ബോധനം നൽകിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കൽപിച്ചതുമായ കാര്യം- നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക. എന്നകാര്യം-അവൻ നിങ്ങൾക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു’’ (42/13).

അല്ലാഹു അദ്ദേഹത്തെ ഇഹലോകത്ത് വിശിഷ്ടനും മികവുറ്റവനുമാക്കി. പരലോകത്ത് സജ്ജനങ്ങളിൽ പെട്ടവനായിരിക്കും അദ്ദേഹം:

“...ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും’’ (2/130).

മനുഷ്യരുടെ നേതാവായി അല്ലാഹു ഇബ്‌റാഹീം നബി(അ)യെ നിശ്ചയുിച്ചു:

“ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കൽപനകൾ കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങൾ അനുസ്മരിക്കുക). അല്ലാഹു (അപ്പോൾ) അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക് നേതാവാക്കുകയാണ്...(2/124).

നിഷ്‌കളങ്ക ഹൃദയവുമായി തന്റെ റബ്ബിന്റെ സന്നിധിയിൽ ചെന്ന പുണ്യവാൻ:

“നിഷ്‌കളങ്കമായ ഹൃദയത്തോടുകൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കൽ വന്ന സന്ദർഭം (ശ്രദ്ധേയമാകുന്നു)’’ (37/84).

“...അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്‌കനായിരുന്ന ഇബ്‌റാഹീമിന്റെ മാർഗമാണ് (പിൻപറ്റേണ്ടത്). അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല. വക്രതയില്ലാത്ത, കളങ്കമില്ലാത്ത മനസ്സുള്ള ശുദ്ധമാനസൻ. ഒരിക്കലും അദ്ദേഹം ബഹുദൈവ വിശ്വാസിയായിരുന്നില്ല’’ (2/135).

അദ്ദേഹം ജൂതനോ ക്രിസ്ത്യാനിയോ മുശ്‌രിക്കോ ആയിരുന്നില്ല; മുസ്‌ലിമായിരുന്നു:

“ഇബ്‌റാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാൽ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്‌പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നിട്ടുമില്ല’’(3/67).

അല്ലാഹു കീഴ്‌പെടാൻ പറഞ്ഞപ്പോൾ കീഴ്‌പെട്ട യഥാർഥ മുസ്‌ലിം:

“നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോൾ സർവലോക രക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു’’ (2/131).

അതിന്നായി അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചിരുന്നു: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും, ഞങ്ങളുടെസന്തതികളിൽനിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാക്രമങ്ങൾ ഞങ്ങൾക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’’ (2/128).

മുസ്‌ലിമായിക്കൊണ്ടല്ലാതെ മരിച്ചുപോകരുതെന്ന് മക്കളെ അദ്ദേഹം ഉപദേശിച്ചിരുന്നു:“ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുകകൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങൾക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി (മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങൾ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവർ ഓരോരുത്തരും ഉപദേശിച്ചത്)’’ (2/132).

അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്ന, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം (ഉമ്മത്ത്) തന്നെയായിരുന്നു അദ്ദേഹം: “തീർച്ചയായും ഇബ്‌റാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്ന, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു...’’(16/120).

അല്ലാഹു അദ്ദേഹത്തെ സുഹൃത്തായി സ്വീകരിച്ചു: “അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു’’ (4/125).

ഏറെ താഴ്മയും സഹനശീലവുമുള്ള മഹാൻ: “...തീർച്ചയായും ഇബ്‌റാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു’’ (9/114).

വിവേകം നൽകപ്പെട്ടവൻ: “മുമ്പ് ഇബ്‌റാഹീമിന് തന്റെതായ വിവേകം നാം നൽകുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു’’ (21/51).

പശ്ചാത്താപമനഃസ്ഥിതിയുള്ള ക്ഷമാലു: “തീർച്ചയായും ഇബ്‌റാഹീം സഹനശീലനും ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്’’ (11/75).

കടമകല്ലൊം നിറവേറ്റി: “അതല്ല, മൂസായുടെ പത്രികകളിൽ ഉള്ളതിനെപ്പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകൾ) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളിൽ)’’ (53/36, 37).

അനുഗ്രഹങ്ങൾക്കെല്ലാം നന്ദികാണിച്ചു: “അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം...’’ (16/121).

അദ്ദേഹത്തിന് അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങൾ കാണിച്ചുകൊടുത്തു: “അപ്രകാരം ഇബ്‌റാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങൾ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തിൽ ആയിരിക്കാൻ വേണ്ടിയുംകൂടിയാണത്’’ (6/75).

ഇബ്‌റാഹീം നബി(അ) നിന്ന് പ്രാർഥിച്ച സ്ഥലം നമസ്‌കാര സ്ഥലമായി സ്വീകരിക്കാൻ അല്ലാഹു കൽപിച്ചു: “ആ ഭവനത്തെ (കഅ്‌യെ) ജനങ്ങൾ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓർക്കുക). ഇബ്‌റാഹീം നിന്ന് പ്രാർഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്‌കാര (പ്രാർഥന) വേദിയായി സ്വീകരിക്കുക...’’ (2/125).

അദ്ദേഹം “പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ’’ (26/84) എന്ന് പ്രാർഥിച്ചപ്പോൾ അല്ലാഹു അത് സ്വീകരിച്ചു:

“പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ സൽകീർത്തി നാം അവശേഷിപ്പിക്കുകയുംചെയ്തു’’ (37/108).

സന്താനസൗഭാഗ്യത്തിനായി അദ്ദേഹം പ്രാർഥിച്ചു: “എന്റെ രക്ഷിതാവേ, സദ്‌വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ’’ (37/100).

സഹനശീലനായ മകനെ നൽകി അല്ലാഹു അനുഗ്രഹിച്ചു: “അപ്പോൾ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു’’ (37/101).

ഇബ്‌റാഹീം നബിയുമായി ഏറ്റവും അടുപ്പമുള്ളവർ മുഹമ്മദ് നബിയും അവിടുത്തെ അനുയായികളുമാണെന്ന കാര്യവും വിശുദ്ധ ക്വുർആൻ നമ്മോട് ഉണർത്തുന്നുണ്ട്: “തീർച്ചയായും ജനങ്ങളിൽ ഇബ്‌റാഹീമിനോട് കൂടുതൽ അടുപ്പമുള്ളവർ അദ്ദേഹത്തെ പിന്തുടർന്നവരും ഈ പ്രവാചകനും (അദ്ദേഹത്തിൽ) വിശ്വസിച്ചവരുമാകുന്നു...’’(3/68).

അദ്ദേഹത്തിന്റെ കുടുംബത്തെ അല്ലാഹു ഉൽകൃഷ്ടരായി തെരഞ്ഞടുത്തു: “തീർച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തെയും ഇംറാൻ കുടുംബത്തെയും ലോകരിൽ ഉൽകൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു’’ (3/33).

അല്ലാഹു തന്റെ കാരുണ്യത്തിൽനിന്നും ഇബ്‌റാഹീം സന്തതികൾക്ക് നൽകുകയും അവർക്ക് ഉന്നതമായ സൽകീർത്തി ഉണ്ടാക്കുകയും ചെയ്തു: “നമ്മുടെ കാരുണ്യത്തിൽനിന്നും അവർക്ക് നാം നൽകുകയും അവർക്ക് നാം ഉന്നതമായ സൽകീർത്തി ഉണ്ടാക്കുകയും ചെയ്തു’’ (19/50).

ഇബ്‌റാഹിം നബിയുടെ മാർഗം പിന്തുടർവന്നവരെക്കാൾ ഉത്തമ മതക്കാരില്ല: “സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും, നേർമാർഗത്തിൽ ഉറച്ചുനിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാർഗത്തെ പിന്തുടരുകയും ചെയ്തവനെക്കാൾ ഉത്തമ മതക്കാരൻ ആരുണ്ട്?...’’ (4/125).

സ്വയം വിഡ്ഢിയായവനല്ലാതെ ഇബ്‌റാഹീമിന്റെ മാർഗത്തെ വെറുക്കാനാവില്ല: “സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാർഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽതന്നെയായിരിക്കും’’ (2/130).

ആദർശ പ്രബോധനം

സത്യനിഷേധിയും സേച്ഛാധിപതിയുമായ നംറൂദിന്റെ വായടപ്പിച്ച ഇബ്‌റാഹീം നബി(അ)യുടെ മറുപടി നിത്യപ്രസക്തമാണ്:

“ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തിൽ തർക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നൽകിയതിനാലാണ് (അവനതിന് മുതിർന്നത്). എന്റെ നാഥൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോൾ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവൻ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാൽ അല്ലാഹു സൂര്യനെ കിഴക്കുനിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറുനിന്ന് കൊണ്ടുവരിക. അപ്പോൾ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി...’’ (2/258).

സ്വയം ദൈവമാണെന്ന് വാദിക്കുന്ന, തന്നിൽ ദിവ്യത്വമുണ്ടെന്ന് ജൽപിക്കുന്ന ‘ആൾദൈവ’ങ്ങളോടും ‘ദിവ്യൻ’മാരോടും ഇബ്‌റാഹീമീ ആദർശം പിൻപറ്റുന്ന മുസ്‌ലിംകൾക്ക് ഇന്നും ചോദിക്കാനുള്ളത് അയ്യായിരം വർഷം മുമ്പ് ഇബ്‌റാഹീം(അ) ചോദിച്ച അതേ ചോദ്യം തന്നെയാണ്.

ഇബ്‌റാഹീം നബി(അ) ബഹുദൈവിശ്വസികളായ സ്വജനതയോട് ഉറക്കെ പറഞ്ഞ കാര്യം അല്ലാഹു എടുത്തുദ്ധരിക്കുന്നുണ്ട്. ഏകദൈവവിശ്വാസം വഴി നിർഭയത്വവും സമാധാനവും ശാന്തിയും സുരക്ഷിതത്വ ബോധവും ഔന്നിത്യവും ഉണ്ടാവും. ബഹുദൈവവിശ്വാസം വഴി അരക്ഷിതത്വബോധവും ഭീതിയും അസമാധാനവും അധമത്വവുമാണുണ്ടാവുക. അതായത് സ്രഷ്ടാവിനെ ആരാധിക്കുകവഴി മനുഷ്യൻ ഉന്നതനായിത്തീരുന്നു. സൃഷ്ടിപൂജ വഴി അധമനും!

അദ്ദേഹം ജനതയോട് ചോദിക്കുന്ന ചോദ്യമിതാണ്: “നിങ്ങൾ അല്ലാഹുവിന് പങ്കാളികളാക്കുന്നവയെ ഞാനെങ്ങനെ പേടിക്കും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങൾക്കൊരു തെളിവും തന്നിട്ടില്ലാത്തവയെ അവനിൽ പങ്കാളികളാക്കുന്നതിനെക്കുറിച്ച് ഭയപ്പെടുന്നുമില്ല. നമ്മൾ ഇരുവിഭാഗങ്ങളിൽ ആരാണ് നിർഭയരായിരിക്കാൻ കൂടുതൽ അർഹർ? നിങ്ങൾക്ക് തിരിച്ചറിവുണ്ടെങ്കിൽ പറയൂ’’ (6/81).

തുടർന്ന് പറയുന്നു: “വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടികലർത്താതിരി ക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ച വർ’’ (6/82).

ഈ വചനത്തിലെ ‘അന്യായം’ എന്നതുകൊണ്ട് അർഥമാക്കുന്നത് ബഹുദൈവവിശ്വാസം (ശിർക്ക്) ആണെന്ന് വിശുദ്ധ ക്വുർആനിലെ 31/13 വചനം ഓതിക്കൊണ്ട് മുഹമ്മദ് നബി ﷺ  വിശദീകരിച്ച് തന്നിട്ടുണ്ട്.

വളരെ യുക്തിപരമായി തന്റെ ജനതക്ക് ഏകദൈവവിശ്വാസത്തിന്റെ സത്യതയും ബഹുദൈവ വിശ്വാസത്തിന്റെ നിരർഥകതയും മനസ്സിലാക്കി കൊടുക്കുന്ന ഒരു രംഗമുണ്ട്:

“അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ടുകൊണ്ട്) മൂടിയപ്പോൾ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അസ്തമിച്ചുപോകുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രൻ ഉദിച്ചുയരുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേർവഴി കാണിച്ചുതന്നില്ലെങ്കിൽ തീർച്ചയായും ഞാൻ വഴിപിഴച്ച ജനവിഭാഗത്തിൽ പെട്ടവനായിത്തീരും. അനന്തരം സൂര്യൻ ഉദിച്ചുയരുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്! അങ്ങനെ അതും അസ്തമിച്ചു പോയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങൾ (ദൈവത്തോട്) പങ്കുചേർക്കുന്നതിൽനിന്നെല്ലാം തീർച്ചയായും ഞാൻ ഒഴിവാകുന്നു. തീർച്ചയായും ഞാൻ നേർമാർഗത്തിൽ ഉറച്ചുനിന്നുകൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവവാദികളിൽ പെട്ടവനേ അല്ല’’ (6/76-78).

ശേഷം അദ്ദേഹം നടത്തുന്ന ആദർശ പ്രഖ്യാപനം ഇങ്ങനെയാണ്: “തീർച്ചയായും ഞാൻ നേർമാർഗത്തിൽ ഉറച്ചുനിന്നുകൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവവാദികളിൽ പെട്ടവനേ അല്ല’’ (6/79).

(അവസാനിച്ചില്ല)