ഫിത്‌ന വെളിപ്പെട്ടാല്‍..

ശൈഖ് സ്വാലിഹ് ആലുശ്ശൈഖ്

2022 ഏപ്രിൽ 23, 1442 റമദാൻ 21

(വിവ: മുഹമ്മദ് സിയാദ്)

ഫിത്‌ന അഥവാ കുഴപ്പം വെളിപ്പെടുകയും അവസ്ഥകളില്‍ മാറ്റം വരികയും ചെയ്താല്‍ സൗമ്യതയോടും അവധാനതയോടും വിവേകത്തോടും കൂടി, എടുത്തുചാടാതെ പ്രവര്‍ത്തിക്കണം. ഇത് വളരെ പ്രധാനപ്പെട്ട, നമ്മള്‍ പിന്തുടരേണ്ട ഒരു തത്ത്വമാണ്.

സൗമ്യത

നബി ﷺ ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്: ‘‘ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല്‍ ഏതും വികൃതമാണ്’’ (മുസ്‌ലിം).

‘ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്’ എന്നതിലെ ‘കാര്യം’ (ശൈഅ്) എന്ന പദത്തെ പണ്ഡിതന്മാര്‍ വിശദീകരിച്ചത് ഇപ്രകാരമാണ്: ‘അത് സാര്‍വത്രികമായ ഒരു പദമാണ്. അതില്‍ എല്ലാം ഉള്‍കൊള്ളുന്നുണ്ട്. അതിനാല്‍ സൗമ്യത എല്ലാ കാര്യത്തിലും സ്തുത്യര്‍ഹമാണ്.’

ഒരു ഹദീഥില്‍ ആഇശ(റ)യോട് നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം: ‘അല്ലാഹു എല്ലാ കാര്യത്തിലും സൗമ്യത ഇഷ്ടപ്പെടുന്നു.’ ഇമാം ബുഖാരി ഈ ഹദീഥ് ഉദ്ധരിച്ചത് ‘എല്ലാ കാര്യങ്ങളിലും സൗമ്യത’ എന്ന അധ്യായത്തിനു കീഴിലാണ്.

അതിനാല്‍, എല്ലാ കാര്യങ്ങളിലും നിങ്ങള്‍ സൗമ്യതയും സമചിത്തതയും കാണിക്കുക. നിങ്ങള്‍ കോപിക്കരുത്; പരുഷത കാണിക്കുകയുമരുത്. എന്തെന്നാല്‍, സൗമ്യത കാണിച്ചതിന്റെ പേരില്‍ നിങ്ങളൊരിക്കലും ഖേദിക്കേണ്ടി വരികയില്ല. മാത്രമല്ല, ‘ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്.’

നിങ്ങളുടെ ചിന്തകളിലും, അഭിപ്രായങ്ങളിലും, നിങ്ങള്‍ക്ക് മുമ്പില്‍ വരുന്ന പ്രശ്‌നങ്ങളിലും, നിങ്ങള്‍ തീര്‍പ്പുകല്‍പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളിലും നിങ്ങള്‍ സൗമ്യത കാണിക്കുക. നിങ്ങള്‍ എടുത്തുചാടരുത്; എടുത്തുചാടുന്നവരോടൊപ്പം ആകുകയും ചെയ്യരുത്. (അനാവശ്യമായി) ധൃതിപ്പെടുന്നവരോടൊപ്പവും ആകരുത്. നിങ്ങള്‍ സൗമ്യത കാണിക്കുക. ‘ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്’ എന്ന പ്രവാചകവചനമാണ് നമുക്ക് മാതൃക. അതിനാല്‍, നിങ്ങള്‍ പ്രസന്നതയുള്ളവരാകുക. പ്രസന്നവദനരായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ദയയില്ലായ്മയെ തൊട്ട് നിങ്ങള്‍ ജാഗരൂകരാകുക. എന്തെന്നാല്‍, ദയയില്ലായ്മ നിങ്ങളുടെ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും മുഴുവന്‍ വസ്തുക്കളില്‍നിന്നും കാരുണ്യത്തെ മുറിച്ചുകളയും.

അവധാനത

അശജ്ജ് അബ്ദുല്‍ ഖൈസി(റ) നോട് ഒരിക്കല്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങള്‍ നിന്നിലുണ്ട്. ഒന്ന്, വിവേകം; രണ്ട്, അവധാനത.’

അവധാനത സ്തുത്യര്‍ഹമായ ഒരു സ്വഭാവമാണ്. അല്ലാഹു പറഞ്ഞു: ‘‘മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നത് പോലെത്തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു’’ (അല്‍ഇസ്‌റാഅ് 11). പണ്ഡിതന്മാര്‍ പറഞ്ഞു: ‘തിടുക്കം കൂട്ടുന്ന മനുഷ്യനെ ഇതിലൂടെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. കാരണം ആര്‍ക്കെങ്കിലും ഈ സ്വഭാവമുണ്ടെങ്കില്‍ അവന്‍ ആക്ഷേപാര്‍ഹനാണ്. അതിനാല്‍, നബി ﷺ ഒരിക്കലും തിടുക്കം കൂട്ടുന്നവനായിരുന്നില്ല.’

വിവേകം

ഫിത്‌നകൊണ്ട് സാഹചര്യങ്ങളില്‍ മാറ്റം വരുമ്പോള്‍ വിവേകം ഒരു പ്രശംസനീയ സ്വഭാവം തന്നെയാണ്. കാരണം, വിവേകമുണ്ടെങ്കില്‍ മാത്രമെ കാര്യങ്ങളുടെ യാഥാര്‍ഥ്യത്തെ കാണാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ. സൗമ്യതയോടും അവധാനതയോടും വിവേകത്തോടുംകൂടി, എടുത്തുചാടാതെ പ്രവര്‍ത്തിക്കണം.

സ്വഹീഹു മുസ്‌ലിമില്‍ ഇപ്രകാരം കാണാം: ‘‘മുസ്തൗരിദ് അല്‍ക്വുറശി(റ) നിവേദനം: അദ്ദേഹത്തിനു സമീപം അംറുബ്‌നുല്‍ ആസ്വും(റ) ഉണ്ടായിരുന്നു. റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘റോമക്കാര്‍ അധികരിച്ചാലാണ് അന്ത്യനാള്‍ സംഭവിക്കുക.’ അപ്പോള്‍ അംറ്(റ) അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കള്‍ പറയുന്നത് ഉറപ്പാക്കുക!’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരില്‍നിന്ന് കേട്ടതാണ് ഞാന്‍ താങ്കളോട് പറയുന്നത്.’ അപ്പോള്‍ അംറ്(റ) പറഞ്ഞു: ‘അങ്ങനെയാണെങ്കില്‍, അത് റോമക്കാരിലുള്ള നാലു സല്‍ഗുണങ്ങള്‍ കാരണമായിട്ടാണ്. (ഒന്ന്) ഫിത്‌നയുണ്ടാകുമ്പോള്‍ ജനങ്ങളോട് ഏറ്റവും വിവേകികളായിരിക്കും. (രണ്ട്) ഒരു ആപത്തിനു ശേഷം ദ്രുതഗതിയില്‍ പൂര്‍വസ്ഥിതി പ്രാപിക്കും. (മൂന്ന്) ദ്രുതഗതിയില്‍ പൂര്‍വസ്ഥിതി പ്രാപിക്കുകയും പരാജയത്തിനു ശേഷം വീണ്ടും ആക്രമണം നടത്താന്‍ കോപ്പുകൂട്ടുകയും ചെയ്യും. (നാല്) അഗതികളോടും അനാഥകളോടും ദുര്‍ബലരോടും കാരുണ്യത്തോടെ പെരുമാറും. അഞ്ചാമത്തേത് നല്ലതും സുന്ദരവുമാണ്. അതായത്, രാജാക്കന്മാരുടെ അന്യായങ്ങളില്‍നിന്ന് അവരുടെ ആളുകളെ പ്രതിരോധിക്കുന്നവരാണ്.’’

പണ്ഡിതന്മാര്‍ പറഞ്ഞു: ‘അംറുബ്‌നുല്‍ ആസ്വി(റ)ന്റെ ഈ വാക്ക് റോമാക്കാരെയും അവിശ്വാസികളായ ക്രിസ്ത്യാനികളെയും പ്രശംസിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. പ്രത്യുത, അവസാനനാളിലുള്ള അവരുടെ ആധിക്യം, ഫിത്‌നയുടെ അവസരത്തില്‍ ഏറ്റവും വിവേകത്തോടെ പ്രവര്‍ത്തിക്കുന്നത് കാരണമാണ് എന്ന് മുസ്‌ലിംകള്‍ക്ക് വിശദീകരിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അദ്ദേഹം അതു പറഞ്ഞത്. അവരുടെ വിവേകം കാരണമായി പ്രശ്‌നങ്ങള്‍ പരിശോധിക്കാനും അവ പരിഹരിക്കാനും അവര്‍ക്ക് സാധിക്കുന്നു. അതിലൂടെ സ്വന്തത്തെയും അവരുടെ ആള്‍ക്കാരെയും രക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.’

ഇത് പ്രവാചക ﷺനില്‍ നിന്നുള്ള മൃദുലമായ ഒരു താക്കീതാണ്. കാരണം, ജനങ്ങളില്‍ ഭൂരിഭാഗവും റോമാക്കാരാകുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല എന്ന് അറിയിക്കുകയാണ്. എന്തുകൊണ്ടാണ് അന്ത്യനാളടുക്കുമ്പോള്‍ റോമാക്കാര്‍ അധികരിക്കുന്നത്?

അംറുബ്‌നുല്‍ ആസ്വ്(റ) പറഞ്ഞു: ‘കാരണം അവരില്‍ നാലു സ്വഭാവസവിശേഷതകളുണ്ട്: അവയില്‍ ഒന്ന് (ആ സ്വഭാവ സവിശേഷതകളില്‍ നമ്മെ ആകര്‍ഷിക്കുന്നത് ഇതാണ്): ‘ഫിത്‌നയുടെ അവസരത്തില്‍ ജനങ്ങളില്‍ ഏറ്റവും വിവേകം കാണിക്കുന്നത് അവരാണ്.’ അതായത്, അവസ്ഥകള്‍ മാറുകയും ഫിത്‌ന വെളിപ്പെടുകയും ചെയ്താല്‍ അവര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കും. അവര്‍ തിടുക്കം കാണിക്കുകയോ കോപിക്കുകയോ ഇല്ല. ക്രിസ്ത്യാനികളായ അവരുടെ ആള്‍ക്കാരെ കൊലക്ക് കൊടുക്കാനും അവരുടെമേല്‍ കൂടുതല്‍ ഫിത്‌നകള്‍ വരുത്തിവെക്കാനും അവര്‍ തയ്യാറല്ല. എന്തെന്നാല്‍, ഫിത്‌ന പ്രത്യക്ഷപ്പെട്ടാല്‍, തങ്ങള്‍ തന്നെയാണ് അതില്‍ അകപ്പെടുക എന്ന് അവര്‍ക്ക് നന്നായറിയാം. ഈയൊരു സ്വഭാവസവിശേഷത കാരണത്താലാണ് അന്ത്യനാളടുക്കുമ്പോള്‍ ജനങ്ങളില്‍ ഭൂരിഭാഗവും അവരായിത്തീരുന്നത്.’

അംറുബ്‌നുല്‍ ആസ്വ്(റ) പ്രശംസിച്ച റോമാക്കാരുടെ ഈ സ്വഭാവസവിശേഷത എന്തുകൊണ്ട് നാം സ്വീകരിക്കുന്നില്ല എന്ന് നാം അത്ഭുതപ്പെടുകയാണ്. കാരണം, അത് പ്രശംസനീയമായ ഒരു സ്വഭാവമാണ്. ഏതൊരു നന്മക്കും ഏറ്റവും അര്‍ഹരായവര്‍ നാമാണ്. വിവേകം ഏതൊരു വിഷയത്തിലും പ്രശംസനീയമാണ്. വിവേകം, സൗമ്യത, അവധാനത എന്നിവയിലൂടെ ബുദ്ധിമാനായ ഒരാളുടെ ചിന്തകള്‍ പ്രകാശമാനമാകും. ഇത്തരം സ്വഭാവങ്ങള്‍ ഒരാളുടെ ബുദ്ധിയെയും ജ്ഞാനത്തെയും അറിയിക്കുന്നു. അപ്പോള്‍, ഫിത്‌ന വെളിപ്പെടുകയും അവസ്ഥകള്‍ മാറുകയും ചെയ്താല്‍ അഹ്‌ലുസ്സുന്ന വല്‍ജമാഅ സ്വീകരിക്കുന്ന ഒന്നാമത്തെ മാര്‍ഗനിര്‍ദേശമാണിത്.