കർണാടക ഹൈക്കോടതി വിധി; സ്ത്രീ വിവേചനം

എസ്. എ. സലാം

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

ദേവദത്ത് കാമത്ത്, നിസാം പാഷ, യൂസഫ് മുച്ചാല, സൽമാൻ ഖുർഷിദ് എന്നിവരുടെ വാദ സമർഥനങ്ങളുടെ പെരുമഴക്ക് ശേഷം കർണാടക മുൻ അഡീഷ്യനൽ അഡ്വക്കേറ്റ് ജനറലും നിയമമേഖലയിലെ വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആദിത്യ സോന്ധിയാണ് ബാറ്റൺ ഏറ്റുവാങ്ങിയത്. മറ്റാരും അവതരിപ്പിച്ചിട്ടില്ലാത്ത വിഷയങ്ങളിലേക്കാണ് അദ്ദേഹം ഊളിയിട്ടത്. ശിരോവസ്ത്ര വിധി സമൂഹത്തിൽ സൃഷ്ടിക്കുന്ന വലിയ വിവേചനങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ആദിത്യ സോന്ധി

കർണാടക ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ ആദിത്യ സോന്ധി സുപ്രീംകോടതി മുമ്പാകെ കൊണ്ടുവന്നത് കർണാടക ഹൈക്കോടതി വിധിയിൽ അടങ്ങിയ പരോക്ഷമായ വിധത്തിലുള്ള വിവേചനത്തെ കുറിച്ചായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ വനിതകൾക്കിടയിൽ വിവേചനം കൽപിച്ചുകൊണ്ടുള്ള നടപടിയുണ്ടായപ്പോൾ അതിനെതിരെ സുപ്രീംകോടതി ആഞ്ഞടിച്ച കാര്യം കേണൽ നിതിഷ യൂണിയൻ ഓഫ് ഇന്ത്യ കേസ് (21/03/2021) ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ശ്രദ്ധയിൽ കൊണ്ടുവന്നു. ഒരു വിഭാഗത്തിനെതിരെ പരോക്ഷമായ രൂപത്തിൽ വിവേചനം കൊണ്ടുവരുന്നത് പ്രസ്തുത വിധിയിലൂടെ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ശിരോവസ്ത്രം വിലക്കിക്കൊണ്ടുള്ള കർണാടകയുടെ നടപടിമൂലം ധാരാളം മുസ്‌ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസം മുടങ്ങിപ്പോയിരിക്കുന്നതായി പ്യൂപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശിരോവസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഹിതമനുസരിച്ചാണ്. ഞാൻ ലോ കോളേജിൽ പഠിക്കുന്ന കാലത്ത് ശിരോവസ്ത്രം ധരിക്കാത്ത മുസ്‌ലിം പെൺകുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇവിടെ, ഒരു പ്രാഥമിക വിദ്യാലയത്തിൽ, ഒരു കുടുംബത്തിൽനിന്നും എത്തുന്ന ആദ്യത്തെ പഠിതാവിന് പോലും വിദ്യാഭ്യാസവിലക്ക് സംഭവിക്കുകയാണ് എന്ന് നാം മനസ്സിലാക്കണം. അത് രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികളെ ബാധിക്കും.

ഈസോപ്പ് കഥകളിലെ കുറുക്കനും കൊക്കും

ഈസോപ്പ് കഥകളിൽ കുറുക്കനും കൊക്കിനും ആഴം കുറഞ്ഞ പാത്രത്തിൽ സൂപ്പ് വിളമ്പുന്ന ഒരു കഥയുണ്ട്. ആഴം കുറഞ്ഞ പാത്രം നിഷ്പക്ഷമാണെന്ന് തോന്നാമെങ്കിലും നീളമുള്ള ചുണ്ട് കാരണം കൊക്കിന് സൂപ്പ് കുടിക്കാൻ കഴിയില്ല എന്ന യാഥാർഥ്യം അറിഞ്ഞുകൊണ്ട് അങ്ങനെ നാം ചെയ്യുന്നത് നിഷ്പക്ഷമല്ലല്ലോ. അത് പക്ഷപാതിത്വമാണെന്ന കാര്യത്തിൽ സംശയമില്ല. ഇവിടെ ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് വിശ്വസിക്കുന്ന കുട്ടികൾക്കും മറ്റുള്ളവർക്കും ഒരേ ‘പാത്രം’ നൽകുന്നത് നീതിയാവില്ല. അത് പരോക്ഷ വിവേചനമാണ്.

മുസ്‌ലിം വിദ്യാർഥിനികളും ഹോബ്‌സൺസ് ചോയ്‌സും

എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. ഹിജാബ്, ബുർഖ എന്നിവയുടെ പേരിൽ മുസ്‌ലിം വിദ്യാർഥിനികൾ വിവേചനം നേരിടുന്നു എന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിലില്ലാത്ത ഒരു വ്യക്തി കുറഞ്ഞവേതനം ലഭിക്കുന്ന ജോലി തെരഞ്ഞെടുക്കാൻ നിർബന്ധിതനാകുന്ന സാഹചര്യം ഡോ. അംബേദ്കർ വിശദീകരിക്കുന്നുണ്ട്. ഒന്നും ലഭിച്ചില്ലെങ്കിൽ മൗലികാവകാശങ്ങൾ പോലും ത്യജിക്കാൻ അവർ നിർബന്ധിതരായിത്തീരും. ഇവിടെ പെൺകുട്ടികളിൽ ‘ഏകനിവൃത്തി’ (Hobsons Choice) അടിച്ചേൽപിക്കപ്പെടുകയാണ്. അവർക്ക് മറ്റൊരു ചോയ്‌സ് തെരഞ്ഞെടുക്കാനില്ല. വിദ്യാഭ്യാസം ഉപേക്ഷിക്കുക എന്ന ചോയ്‌സ് മാത്രമെ അവരുടെ മുമ്പിലുള്ളൂ.

നൈജീരിയൻ കോടതി വിധി

സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നതിനെതിരെയുള്ള നിർദേശം നിയമവിരുദ്ധമാണെന്ന് നൈജീരിയയിലെ സുപ്രീം കോടതിയുടെ സമീപകാല വിധിയെ കുറിച്ച് സോന്ധി പരാമർശിച്ചു. മുസ്‌ലിം സ്ത്രീകൾ തല നിർബന്ധമായും മറച്ചിരിക്കണമെന്ന ക്വുർആൻ സൂക്തങ്ങൾ നൈജീരിയൻ വിധി ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വായിച്ചുകേൾപിച്ചു. ഹിജാബ് ധരിക്കുന്നത് മറ്റുള്ളവരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും അരാജകത്വത്തിലേക്കോ അനൈക്യത്തിലേക്കോ നയിക്കുന്നില്ലെന്നും നൈജീരിയൻ വിധിയിൽ പരാമർശിച്ച ഭാഗങ്ങൾ അദ്ദേഹം വായിച്ചു. വളരെക്കാലമായി കുട്ടികൾ ശിരോവസ്ത്രം ധരിച്ചുവരുന്നു എന്നത് സത്യമാണ്. പിന്നെ എവിടെയാണ് ക്രമസമാധാന പ്രശ്‌നമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ചോദിക്കണം. വിദ്യാർഥിനികൾക്ക് അവരുടെ അവകാശം തെളിയിക്കാനുള്ള എല്ലാം അവരുടെ കൈകളിൽ ഉണ്ടെങ്കിൽ, വിലക്ക് ഏർപ്പെടുത്താനുള്ള കാരണം ബോധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

കൊടവരുടെ അവകാശം

ഞാൻ കർണാടകയിൽ നിന്നുമാണ് വരുന്നത്. കൊടവ സമൂഹത്തിന്റെ (Kodava People) കാര്യത്തിൽ അടുത്തിടെ വന്ന കർണാടക ഹൈക്കോടതി വിധി ഇക്കാര്യത്തിൽ പ്രസക്തമാണ്. കൊടവർക്ക് ആയുധം ധരിക്കാൻ അവകാശമുണ്ടെന്നും ആയുധനിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ അവരുടെ ആചാരപരമായ അവകാശങ്ങളെ പരിമിതപ്പെടുത്തില്ലെന്നുമാണ് കോടതി വിധിച്ചത്. അതൊരു സാംസ്‌കാരിക അവകാശമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. സാംസ്‌കാരികമായ അവകാശം, മതപരമായ അവകാശം, വ്യക്തിപരമായ അന്തസ്സ് തുടങ്ങിയവയ്ക്കിടയിലുള്ള വ്യത്യാസം വളരെ നേർത്തതാണെന്നും സോന്ധി പറഞ്ഞു. കർണാടക ഹൈക്കോടതിവിധി മുസ്‌ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ ഗൗരവം കൃത്യമായി ബോധ്യപ്പെടുത്തിക്കൊണ്ടാണ് ആദിത്യ സോന്ധി അദ്ദേഹത്തിന്റെ വാദങ്ങൾ ഉപസംഹരിച്ചത്.

ആദിത്യ സോന്ധിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും സീനിയർ അഭിഭാഷകരിൽ ഒരാളും ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ജൂറിസ്റ്റ്‌സ് കമ്മീഷണറുമായ രാജീവ് ധവാനായിരുന്നു. ബാബരി കേസിൽ മുസ്‌ലിം സമൂഹത്തിനുവേണ്ടി രംഗത്തുവന്നിരുന്ന അഭിഭാഷക സംഘത്തിന് നേതൃത്വം നൽകിയിരുന്നതും അദ്ദേഹമായിരുന്നു. നിരവധി നിയമ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ലോകത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്.

രാജീവ് ധവാൻ

നിരോധനത്തിനു പിന്നിൽ ഇസ്‌ലാം വിരോധം

മുസ്‌ലിം വിദ്യാർഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നാലു കാര്യങ്ങളാൽ സ്ഥിരപ്പെട്ടിരിക്കുന്നു:

1. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ലഭിക്കുന്ന വസ്ത്ര സ്വാതന്ത്ര്യം.

2. സ്വകാര്യത എന്ന മൗലികാവകാശം.

3. അത്യന്താപേക്ഷിത മതാചാരം.

4. ശിരോവസ്ത്രം ധരിക്കുന്നവരുടെ മേൽ മതം, ലിംഗം എന്നിവയുടെ പേരിൽ വിവേചനം കാണിക്കാൻ പാടില്ല.

ഏറ്റവും പ്രധാനം വിവേചനമാണ്. ഈ കേസിൽ കർണാടക ഹൈക്കോടതി വിധി പറഞ്ഞപ്പോൾ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്ത്രനിയമത്തെ കുറിച്ചായിരുന്നില്ല; മറിച്ച് ഹിജാബ് നിരോധിക്കപ്പെട്ടു എന്നായിരുന്നു. പത്രങ്ങളിൽ വരുന്നത് ഞങ്ങൾ പരിഗണിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും പത്രങ്ങളിൽ വരുന്നതുതന്നെയാണ് ജനങ്ങൾക്ക് പ്രധാനമെന്ന് ധവാൻ ഓർമിപ്പിച്ചു. ഇസ്‌ലാമിന് അനുകൂലമായി എന്തുവന്നാലും അതെല്ലാം ഭൂരിപക്ഷ സമുദായത്തിന് അതൃപ്തി ഉളവാക്കുന്ന വിധത്തിലുള്ള അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട അക്രമങ്ങൾ മുതലായവ ധവാൻ ചൂണ്ടിക്കാട്ടി.

എന്റെ കക്ഷി പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയാണ്. കരാട്ടെയിൽ ചാമ്പ്യൻഷിപ്പ് നേടിയ അവൾ ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് അവയിലെല്ലാം പങ്കെടുത്തത്. 2021 ജൂലൈ മാസത്തിൽ സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങളിൽ പ്രീ യൂണിവേഴ്‌സിറ്റിയിൽ യൂണിഫോം നിർബന്ധമാക്കിയിരുന്നില്ല. ഏതെങ്കിലും സ്ഥാപനം അത് നിർബന്ധമാക്കിയാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതായത് ജൂലൈ 21 വരെ ശിരോവസ്ത്രം അനുവദനീയമായിരുന്നു. 2021 സെപ്റ്റംബറിലാണ് വിദ്യാർഥിനികൾ ഹിജാബ് ധരിച്ചുവന്നതിന്റെ പേരിൽ തടയപ്പെടുന്നതും ആക്ഷേപിക്കപ്പെടുന്നതും.

മുൻ കോടതിവിധികൾക്ക് ദുർവ്യാഖ്യാനം

ലോകത്തെവിടെയും ഹിജാബ് അനുവദിച്ചതായി കാണാം. കെനിയയിൽ ഹിജാബ് നിരോധിക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോൾ പരമോന്നത കോടതി അത് ഭരണഘടന വിരുദ്ധമാണെന്നാണ് വിധിയെഴുതിയത്. കർണാടക സർക്കാരിന്റെ ഉത്തരവിൽ ഹിജാബ് വിലക്കിന് പിൻബലമായി അവർ നൽകിയ ബോംബെ ഹൈക്കോടതിവിധി അസ്ഥാനത്താണ് ഉദ്ധരിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് പറയുന്ന ഫാത്തിമ ഹുസൈൻ ഭാരത് എഡ്യുക്കേഷൻ സൊസൈറ്റി കേസിൽ ശിരോവസ്ത്രത്തിനുള്ള വിലക്ക് കോടതി ശരിവച്ചത് മുംബൈയിലെ കാർത്തിക സ്‌കൂളിലെ ഗേൾസ് സെക്ഷനിൽ മാത്രമാണ്. സ്ത്രീകൾ മാത്രമിരിക്കുന്ന സ്ഥലത്ത് ശിരോവസ്ത്രം നിർബന്ധമാണെന്ന് പറയാൻ സാധിക്കില്ല എന്ന് മാത്രമാണ് കോടതി പറഞ്ഞത്. അതേസമയം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന സഹവിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അനുമതി നൽകുകയാണ് ചെയ്തിട്ടുള്ളതെന്ന് കോടതി വിധിയിൽനിന്നും മനസ്സിലാക്കാം. അതുകൊണ്ടുതന്നെ കർണാടക സർക്കാരിന്റെ ജി.ഒ വളരെ ദുർബലമായ വാദങ്ങളിലാണ് കെട്ടിപ്പടുത്തിട്ടുള്ളത് എന്ന് മനസ്സിലാക്കാം.

സ്ഥാപിക്കപ്പെട്ട മുസ്‌ലിം ആചാരം

കേന്ദ്രീയ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം ധരിക്കാനുള്ള അനുമതിയുണ്ട് എന്ന വസ്തുത കോടതി ശ്രദ്ധിക്കേണ്ടതുണ്ട്. ശിരോവസ്ത്രം ധരിക്കാത്തവർക്ക് പിഴയോ ശിക്ഷയോ വിധിച്ചിട്ടില്ല എന്ന കർണാടക ഹൈക്കോടതിയുടെ നിഗമനം ദുരൂഹമാണ്. അത്തരം കാര്യങ്ങളിൽ വിധി പറയാൻ നാമാരും മൗലവിമാരോ പണ്ഡിതന്മാരോ അല്ല. മതപ്രമാണങ്ങളുടെ അടിസ്ഥാനത്തിലും വളരെക്കാലമായി ആചരിച്ചുവരുന്ന ആചാരങ്ങളുടെ അടിസ്ഥാനത്തിലും ഒരു കാര്യം സത്യസന്ധമാണെന്ന് തെളിഞ്ഞാൽ അത് അനുവദിക്കുക നിർബന്ധമാണെന്ന് ബിജോയ് ഇമ്മാനുവൽ വിധി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ശിരോവസ്ത്രം നിർബന്ധമാണോ എന്ന കാര്യം ഒരു തർക്കവിഷയമാണെങ്കിൽ ഏത് സമിതിയാണ് അതിന് തീരുമാനം പ്രഖ്യാപിക്കുക എന്ന് ധവാനോട് ജസ്റ്റിസ് ധൂലിയ ചോദിച്ചു. ലോകത്താകമാനം മുസ്‌ലിംകൾ ആചരിച്ചുവരുന്ന ഇക്കാര്യത്തിൽ എന്ത് തർക്കമാണ് ഉന്നയിക്കാനുള്ളത് എന്നായിരുന്നു രാജീവ് ധവാന്റെ പ്രതികരണം.

വേദവാക്യങ്ങളല്ല, നടപ്പുരീതികളാണ് പരിഗണിക്കേണ്ടത്

വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കാര്യം ഒരാൾ പിന്തുടരാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് അനുവദിക്കേണ്ടതാണ്. അത് ആചരിച്ചുവരുന്നതായി ബോധ്യപ്പെട്ടാൽ പിന്നീട് വേദവാക്യങ്ങൾ പരിശോധിക്കേണ്ട ആവശ്യമില്ല. ആചാരം പ്രചാരത്തിലുള്ളതാണോ എന്ന് മാത്രമെ നോക്കേണ്ടതുള്ളൂ. സുപ്രീം കോടതി മുൻ ജസ്റ്റിസ് മനോജ് കുമാർ മുഖർജി പറഞ്ഞതുപോലെ ഹൈന്ദവ പ്രമാണങ്ങൾ തിരഞ്ഞുനോക്കിയാൽ അമ്പലങ്ങളെ കുറിച്ച് യാതൊന്നും കാണാൻ സാധിച്ചെന്നുവരില്ല. എന്നാൽ വളരെക്കാലമായി ഹിന്ദുക്കളുടെ ആചാരപരമായ കാര്യങ്ങളിൽ പെട്ടതാണ് അമ്പലങ്ങളെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. പ്രമാണങ്ങളിലെ ടെക്സ്റ്റുകൾ നോക്കിയല്ല, മറിച്ച് ആചാരപരമായും ചരിത്രപരമായും നിലനിന്നുവന്നതാണോ എന്നതാണ് കോടതി പരിഗണിക്കേണ്ടത്. ഹിജാബ് വളരെക്കാലമായി കർണാടകയിൽ ഒരു ആചാരമായി നിലനിന്നുവന്നതാണെങ്കിൽ മറ്റൊരാൾക്കും അതിനെ ചോദ്യം ചെയ്യാനുള്ള അവകാശമില്ല. 1954ലെ രത്തിലാൽ ഗാന്ധി സ്‌റ്റേറ്റ് ഓഫ് ബോംബേ കേസിലെ വിധിന്യായം ഉപോദ്ബലകമായി ധവാൻ ഉദ്ധരിച്ചു. ‘ഇതാണ് സമുദായത്തിന്റെ വിശ്വാസമെങ്കിൽ, അത് സമുദായത്തിന്റെ വിശ്വാസമാണെന്ന് നിസ്സംശയമായും തെളിയിക്കപ്പെട്ടാൽ, മതേതര വിശ്വാസിയായ ന്യായാധിപൻ ആ വിശ്വാസം അംഗീകരിക്കാൻ ബാധ്യസ്ഥനാണ്.’

കേരള ഹൈക്കോടതിവിധി പ്രസക്തം

‘അതിനാൽ, ക്വുർആനിക നിർദേശങ്ങളുടെയും ഹദീസുകളുടെയും വിശകലനം കാണിക്കുന്നത് തല മറയ്ക്കുന്നതും മുഖഭാഗം ഒഴികെയുള്ള നീളൻ കൈയുള്ള വസ്ത്രം ധരിക്കുന്നതും നിർബന്ധമാണെന്നും ശരീരം തുറന്നുകാട്ടുന്നത് നിഷിദ്ധമാണെന്നുമാണ്.’ കേരള ഹൈക്കോടതിയുടെ ഹിജാബുമായി ബന്ധപ്പെട്ട വിധിയിൽനിന്നും ധവാൻ ഈ ഭാഗം ഉദ്ധരിച്ചു. കേരള ഹൈക്കോടതി അത് ഫർദ് (നിർബന്ധം) ആണെന്ന് പറയുന്നതാണോ താങ്കളുടെ പ്രധാനപ്പെട്ട പോയിന്റ് എന്ന ബെഞ്ചിന്റെ ചോദ്യത്തിന് അത് നിർബന്ധമാണെന്നതിനെക്കാൾ നിലനിന്നുവരുന്ന ആചാരമാണ് എന്നാണ് പ്രധാനപ്പെട്ട പോയിന്റ് എന്ന് ധവാൻ പറഞ്ഞു. കേരളത്തിൽ നടന്ന ആൾ ഇന്ത്യ പ്രീമെഡിക്കൽ ടെസ്റ്റിൽ കോപ്പിയടി തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് പരീക്ഷാബോർഡ് ശിരോവസ്ത്രത്തിനെതിരെ നിയമം കൊണ്ടുവന്നത്. എന്നിട്ടും കോടതി അംഗീകരിച്ചില്ല. എന്നാൽ കർണാടകയിൽ അങ്ങനെ പ്രത്യേകമായ യാതൊരു ഉദ്ദേശ്യവും സർക്കാർ വ്യക്തമാക്കിയിട്ടില്ല. ദശലക്ഷക്കണക്കിന് സ്ത്രീകൾ ഹിജാബ് ധരിക്കുന്നുണ്ടെന്ന വസ്തുത മറച്ചുപിടിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കാൻ സാധിക്കുമോ? പൊതുസ്ഥലങ്ങളിൽ ക്രമസാമാധാന ഭംഗമില്ലാതെ ധരിക്കാമെങ്കിൽ ക്ലാസുകളിൽ എന്തുകൊണ്ട് ധരിച്ചുകൂടാ? മുഖം മറയുന്ന ബുർഖ ധരിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. കാരണം സ്‌കൂൾ അധികൃതർക്ക് മുഖം കണ്ട് ആളെ തിരിച്ചറിയേണ്ടതുണ്ട്. പക്ഷേ, തല മറയ്ക്കരുത് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? യൂണിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കണമെന്ന് വിദ്യാർഥികൾ പറയുമ്പോൾ അത് സ്വീകരിക്കുന്നതിൽ എന്ത് അപകടമാണുള്ളത്?

ഇൻക്ലൂസിവ് പോളിസി അനിവാര്യം

ഇതുപോലുള്ള സംവേദനക്ഷമതയുള്ള കാര്യങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള നയം (Inclusive Policy)) സ്വീകരിക്കുകയാണ് വേണ്ടത്. 2021 ജൂലൈ 1 വരെ ഹിജാബിനെതിരെ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അതിനുശേഷം വ്യാപകമായ ക്യാംപെയിൻ ഹിജാബിനെതിരെ ചിലർ നടത്തുകയായിരുന്നു. ആപേക്ഷികതാ തത്ത്വമാണ് (Proportionality Theory) ഇവിടെ ഉപയോഗിക്കേണ്ടത്. ഏറ്റവും കുറഞ്ഞ നിയന്ത്രിത ബദൽ കൊണ്ടുവരിക എന്നതാണ് ഇവിടെ ആപേക്ഷികമായി നല്ലത്. അത് യൂണിഫോമിന്റെ നിറത്തോട് യോജിക്കുന്ന ശിരോവസ്ത്രം എന്നതാണ്. ‘യെസ്’ അല്ലെങ്കിൽ ‘നോ’ എന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിലുള്ള നിലപാടാണ് വേണ്ടത്. ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ ഉത്തരവ് എന്നത് വളരെ വ്യക്തമാണ്. അങ്ങനെ ഒരു വിഭാഗത്തെ പാർശ്വവൽക്കരിക്കുന്ന തരത്തിലുള്ള നിയമങ്ങൾ ഭരണഘടനാ ലംഘനമാണ്. ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ്.

(അടുത്ത ലക്കത്തിൽ:

‘ശിരോവസ്ത്ര നിരോധനം ഭ്രാതൃഭാവം തകർക്കും’)