നമ്മുടെ മനസ്സ് എന്തിനും പാകപ്പെട്ടുവോ?

ടി.കെ അശ്‌റഫ്

2022 മാർച്ച് 26, 1442 ശഅബാൻ 23

മനുഷ്യമനസ്സ് ഏത് സാഹചര്യത്തിനനുസരിച്ചും വളരെവേഗം സെറ്റാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ‘ഇനിയുള്ള കാലം ഇങ്ങനെയൊക്കെത്തന്നെയായിരിക്കും’ എന്ന ന്യായം നിരത്തിക്കൊണ്ടാണ് ഏത് അവസ്ഥയിലേക്കും മനസ്സിനെ പാകപ്പെടുത്തുന്നത്!

നിത്യജീവിതത്തില്‍ നമ്മെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മുതല്‍ ആത്മീയരംഗത്തെ വിഷയങ്ങളില്‍വരെ അത് പ്രകടമാണ്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവിലയില്‍ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത മാനസികാവസ്ഥ രൂപപ്പെട്ടത് വര്‍ത്തമാനകാലത്തെ ഉദാഹരണമാണ്.

വര്‍ഗീയശക്തികള്‍ വര്‍ധിതവീര്യത്തോടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നതിനെ ചിലരെല്ലാം നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നതും ‘ഇനിയുള്ള കാലം ഇങ്ങനെയൊക്കെത്തന്നെയായിരിക്കും’ എന്ന തോന്നല്‍ നമ്മെ അടക്കിഭരിക്കുന്നതിന്റെ തെളിവാണ്.

ആത്മീയ രംഗത്താകട്ടെ, വെള്ളത്തെ പോലെയാണ് പലരുടെയും സ്വഭാവം. ഏത് പാത്രത്തിലാണോ വെള്ളം ഒഴിച്ചത് അതിന്റെ ആകൃതിയാണല്ലോ വെള്ളത്തിനുണ്ടാവുക. താന്‍ ചെന്നെത്തിയ സ്ഥലത്തിനും സൗകര്യത്തിനും അവിടെയുള്ള ആളുകള്‍ക്കും അനുസരിച്ച് വളരെവേഗം തന്റെ വിശ്വാസവും വ്യക്തിത്വവും അഴിച്ചുവെക്കുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും കാണിക്കാത്തവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇക്കാര്യങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങള്‍ നിരത്താനാകും.

സ്ഥിരമായി നമസ്‌കരിക്കുന്ന ഒരു വ്യക്തിക്ക് അതിന് അല്‍പം അസൗകര്യം നേരിടുന്ന ഒരു സ്ഥലത്ത് ജീവിക്കേണ്ടിവന്നാല്‍ ക്രമേണ നമസ്‌കാരംതന്നെ വേണ്ടെന്ന് വെക്കുന്ന അവസ്ഥ!

മതത്തിന്റെയും മയക്കുമരുന്നിന്റെയും പുതിയ വകഭേദങ്ങള്‍ ‘സോഷ്യല്‍ ഡ്രിങ്കിങ്’ എന്ന ഓമനപ്പേരിട്ട് ഉപയോഗിക്കുന്നവരുടെ കൂടെ ചേര്‍ന്നാല്‍ വളരെവേഗം ലഹരിയുടെ അടിമയാകുന്നവര്‍, ധനസമ്പാദനത്തിന് വഴിവിട്ട ഏത് മാര്‍ഗവും തേടുന്ന മേഖലയില്‍ എത്തിപ്പെട്ടാല്‍ ഹറാമും ഹലാലും വിസ്മരിച്ചുകൊണ്ട് അതിനോടൊപ്പം ചേരുന്നവര്‍, സ്ത്രീ-പുരുഷ അതിരുകളില്ലാതെ അഴിഞ്ഞാടുന്ന സദസ്സുകളില്‍ ചെന്നാല്‍ അതിവേഗം അവരോടൊപ്പം നൃത്തം ചവിട്ടാന്‍ നാണമില്ലാത്തവര്‍, കൂടെയുള്ളവരെല്ലാം പുരുഷ വേഷം കെട്ടുന്നവരാണെങ്കില്‍ ഞാനും എന്റെ മകളും കൂടി അങ്ങനെയാകാം എന്ന് ചിന്തിക്കുന്നവര്‍, പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഹിജാബ് പഠനത്തിന് തടസ്സമാണെങ്കില്‍ അതങ്ങ് ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവര്‍, വിവാഹം അത്യാഡംബരമായിട്ടാണ് തന്റെ സുഹൃത്തുക്കളെല്ലാം നടത്തുന്നതെങ്കില്‍ നമുക്കും കുറഞ്ഞുകൊടുക്കേണ്ടതില്ലന്ന് തീരുമാനിക്കുന്നവര്‍....ഇവരെല്ലാം ഇസ്‌ലാമിക വ്യക്തിത്വം സന്ദര്‍ഭത്തിനുസരിച്ച് അഴിച്ചുവെക്കാന്‍ യാതൊരു വൈമനസ്യവും കാണിക്കാത്തവരാണ്.

‘ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ അതിന്റെ നടുക്കഷ്ണം തിന്നണം’ എന്ന പഴഞ്ചൊല്ല് യാഥാര്‍ഥ്യമാക്കുന്നതു പോലെയാണ് വര്‍ത്തമാനകാലത്തെ അവസ്ഥ.

വിശ്വാസികള്‍ക്ക് ഇത്തരം സമീപനങ്ങള്‍ ഒരിക്കലും പാടില്ല. ഏതു ഘട്ടത്തിലും തന്റെ ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കണം. നല്ലവരോടൊപ്പം മനസ്സിനെ അടക്കി നിര്‍ത്തണം. ദുനിയാവിന്റെ അലങ്കാരങ്ങളുടെ പിറകെ പോകരുത്. മതബോധമുള്ളവരുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ അല്ലാഹുവിനെ വിസ്മരിച്ചവരെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവരെയുമാണ് പിന്നീട് നമുക്ക് കണ്ടുമുട്ടേണ്ടി വരിക.അവരെ ഒരു കാരണവശാലും ഒരു വിശ്വാസിക്ക് അനുസരിക്കാന്‍ പാടില്ല.

എത്ര വലിയവനാണെങ്കിലും അതിനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ക്വുര്‍ആന്‍ നബി ﷺ യോട് ഇപ്രകാരം കല്‍പിച്ചത്:

‘‘തങ്ങളുടെ റബ്ബിന്റെ മുഖത്തെ (പ്രീതിയെ) ഉദ്ദേശിച്ചുകൊണ്ട് കാലത്തും വൈകുന്നേരവും അവനോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ നീ നിന്നെ സ്ഥിരപ്പെടുത്തുക; ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ഉദ്ദേശിച്ച് അവരില്‍നിന്നു നിന്റെ ദൃഷ്ടികള്‍ വിട്ടുപോകരുത്. നമ്മുടെ ബോധാനത്തെ സംബന്ധിച്ചു നാം ആരുടെ ഹൃദയത്തെ ബോധരഹിതമാക്കുകയും, തന്റെ ഇച്ഛയെ അവന്‍ പിതുടരുകയും, തന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തിരിക്കുന്നുവോ അവനെ, നീ അനുസരിക്കുകയും ചെയ്യരുത്’’(ക്വുര്‍ആന്‍ 18:28).

മേല്‍ നിര്‍ദേശങ്ങള്‍ വിസ്മരിച്ച് ഒഴുകുന്നവരോടൊപ്പം ഒഴുകിയാല്‍ ചെന്നെത്തുന്നത് നരകത്തിലായിരിക്കും. എന്തുകൊണ്ട് നിങ്ങള്‍ നരകാവകാശികളായി എന്ന ചോദ്യത്തിന് മറുപടിയായി നരകക്കാര്‍ പറയുന്നത് ക്വുര്‍ആന്‍ നമ്മെ അറിയിച്ചത് നോക്കൂ:

‘‘നിങ്ങളെ ‘സക്വറില്‍‘ പ്രവേശിപ്പിച്ചത് എന്താണ് എന്ന്. അവര്‍ (മറുപടി) പറയും: ‘ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍ ആയിരുന്നില്ല. ഞങ്ങള്‍ സാധുക്കള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നതുമില്ല. (തോന്നിയവാസത്തില്‍)

മുഴുകിയിരുന്നവരോടൊപ്പം ഞങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. പ്രതിഫല നടപടിയുടെ ദിവസത്തെ ഞങ്ങള്‍ വ്യജമാക്കുകയും ചെയ്തിരുന്നു. അങ്ങനെ (മരണമാകുന്ന ആ) ഉറപ്പു ഞങ്ങള്‍ക്ക് വന്നെത്തി’’ (ക്വുര്‍ആന്‍ 74:42-47).

അല്ലാഹു ആരെയും വിശ്വാസിയാകാനും അതനുസരിച്ച് ജീവിക്കാനും നിര്‍ബന്ധിക്കുന്നില്ല. വിശ്വസിച്ചാല്‍ സ്വന്തത്തിനാണ് അതിന്റെ പ്രയോജനം. ഇല്ലെങ്കില്‍ ഭയാനകമായ നരകമാണ് നമ്മെ കാത്തിരിക്കുന്നത്. ക്വുര്‍ആന്‍ പറയുന്നത് നോക്കൂ:

‘‘പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്‌നി ഒരുക്കിവച്ചിട്ടുണ്ട്. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമസ്ഥലം തന്നെ’’ (ക്വുര്‍ആന്‍ 18:29).

അതുകൊണ്ട് കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ എത്ര കടുത്തതാണെങ്കിലും തന്റെ ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിച്ച് ജീവിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം. ഒഴുക്കിനെതിരെ നീന്തുന്നവര്‍ക്കുള്ളതാണ് സ്വര്‍ഗം. ഒഴുക്കിനോടൊപ്പം ഒഴുകുന്ന ചപ്പുചവറുകളായി എന്റെ സമുദായം മാറുമെന്ന നബി ﷺ യുടെ താക്കീത് വര്‍ത്തമാനകാലത്ത് നാം ഗൗരവത്തിലെടുക്കണം.