മക്കയിലെ അൽഅമീൻ

അബ്ദുൽ മാലിക് സലഫി

2022 ജൂലായ് 30, 1442 ദുൽഹിജ്ജ 30

(പ്രഭ ചൊരിയുന്ന നബിജീവിതം )

ഇരുൾ മുറ്റിനിന്നിരുന്ന മക്കയിൽ ഒരു അനാഥൻ പിറക്കുന്നു. വെളുത്ത സുമുഖനായ, ഓമനത്തമുള്ള ഒരാൺകുഞ്ഞ്. ‘മുഹമ്മദ്’ എന്ന് കുടുംബം പേരിട്ടു. മാതാവിന്റെ പരിലാളനയിൽ പടിപടിയായി വളർന്നു വന്നു. ഓടിച്ചാടി നടക്കാറായതേയുള്ളൂ, അന്നേരം മാതാവും വിടചൊല്ലി. ശേഷം പിതാമഹനും അതിനുശേഷം പിതൃവ്യനും പോറ്റിവളർത്തി.

ചെറുപ്പത്തിൽതന്നെ അസാധാരണ ബുദ്ധിയും സ്വഭാവ മഹിമയും ജീവിതവിശുദ്ധിയും അർപ്പണബോ ധവും നേതൃപാടവവും തന്റേടവും ധൈര്യവും പ്രകടമാക്കിയ ആ കുഞ്ഞ് ഏറെ വൈകാതെ ആ നാടിന്റെ ഓമനയായി മാറി.

ക്വുറൈശി കുടുംബത്തിലെ സുമുഖനായ ചെറുപ്പക്കാരൻ എല്ലാവർക്കും വേണ്ടപ്പെട്ടവനായി. ആർക്കും ദുഷിച്ചൊന്നും പറയാനില്ല. തിന്മകളുടെ ഓവുചാലുകൾ കരകവിഞ്ഞൊഴുകിയിരുന്ന മക്കയിൽ, തിന്മയുടെ ഗന്ധം പോലും അറിയാതെ വിശുദ്ധ ജീവിതം നയിച്ച അദ്ദേഹത്തെ നാട്ടുകാർ ഓമനിച്ച് വിളിച്ച പേരായി രുന്നു ‘അൽ അമീൻ’ എന്നത്. ആ ചെറുപ്പക്കാരന് കിട്ടിയ നാടിന്റെ ആദരവായിരുന്നു അത്.

അബൂത്വാലിബിന്റെ സംരക്ഷണയിലാണ് ഇപ്പോൾ ഉള്ളത്. അദ്ദേഹമാവട്ടെ പരമദരിദ്രനും! കഷ്ടിച്ച് മാത്രം ചെലവ് കഴിയുന്ന അവസ്ഥ. തന്റെ പിതൃവ്യനെ സാമ്പത്തികമായി സഹായിക്കണമല്ലോ, എന്തു ചെയ്യും?

ആടിനെ മേയ്ക്കാം. താൻ നിയോഗിതനാവാൻ പോകുന്ന ഉന്നതമായ സ്ഥാനത്തേക്കുള്ള ഒരു പരിശീലനക്കളരി കൂടിയായിരുന്നു അത്. മിക്ക നബിമാരും ആടുമേയ്ച്ചിരുന്നവരായിരുന്നു. ചെറുപ്പത്തിൽ തന്നെ അധ്വാനിച്ച് ആഹരിക്കാനുള്ള അനുഭവ പാഠങ്ങൾ ആടുമേയ്ക്കലിലൂടെ അദ്ദേഹം ആർജിച്ചെടുത്തു.

സമൂഹത്തിൽനിന്ന് അകന്ന് അന്തർമുഖനായിട്ടല്ല അദ്ദേഹം ജീവിച്ചത്. കച്ചവടം നടത്തി ലാഭം നേടുന്ന വഴികൾ നന്നായി ഗ്രഹിച്ച് കുറഞ്ഞ കാലംകൊണ്ട് ഏറെ കേളികേട്ട കച്ചവടക്കാരനായി മാറി. കച്ചവടത്തിൽ നിലനിന്നിരുന്ന അരുതായ്മകളുടെ അരികിലൂടെ പോലും അദ്ദേഹം സഞ്ചരിച്ചില്ല.

ഇപ്പോൾ വയസ്സ് പതിനാലായി. നാട്ടിൽ ഒരു യുദ്ധം നടക്കാനുള്ള ഒരുക്കമാണ്. സ്വന്തം നാടിനെ ഹവാസിനുകാർ ആക്രമിക്കാനിരിക്കുന്നു. ഒട്ടും അമാന്തിച്ചില്ല; പ്രസ്തുത യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചു. തന്നിലെ പോരാട്ടവീര്യവും മെയ്‌വഴക്കവും ജനം ദർശിച്ച നിമിഷമായിരുന്നു അത്.

സമൂഹത്തിലെ സർവ നന്മകളുടെയും മുൻപന്തിയിൽതന്നെ അദ്ദേഹം ഉണ്ടായിരുന്നു. ‘ഹൽഫുൽ ഫുദൂൽ’ എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ട അനുരഞ്ജന കമ്മിറ്റിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഗോത്രങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കുക, അഗതികൾക്ക് ആശ്രയം നൽകുക, നാടിനെ ശത്രുക്കളിൽ നിന്ന് രക്ഷി ക്കുക എന്നിവയായിരുന്നു അതിന്റെ പ്രവർത്തന മേഖലകൾ. അതിലെല്ലാം അദ്ദേഹം മുന്നിലുണ്ടായിരുന്നു.

‘എന്റെ പിതൃവ്യന്മാരുടെ കൂടെ അബ്ദുല്ലാഹിബ്‌നു ജുദ്ആന്റെ ഭവനത്തിൽ നടന്ന സഹകരണ കരാറിൽ ഞാൻ പങ്കെടുത്തിരുന്നു. ചുവന്ന ഒട്ടകത്തെക്കാൾ എനിക്കത് പ്രിയം നിറഞ്ഞതായിരുന്നു’ (ഫിക്ഹുസ്സീറ: 72) എന്ന ഹദീസ് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിനെ അടയാളപ്പെടുത്തുന്നുണ്ട്.

സാമൂഹിക സഹകരണത്തോടൊപ്പം, ഭിന്നതകൾ രമ്യമായി പരിഹരിക്കുന്നതിനാവശ്യമായ സമർഥമായ ഇടപെടലുകൾ നടത്തി മക്കയിലെ നേതൃത്വത്തിന് വ്യക്തമായ ദിശാബോധം നൽകാൻ അദ്ദേഹത്തി നായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ നടന്ന, കഅ്ബയുടെ അറ്റകുറ്റ പണികളിൽ നേതൃപരമായ പങ്കുവഹിച്ചു. ഹജറുൽ അസ്‌വദിന്റെ വിഷയത്തിൽ തർക്കം വന്നപ്പോൾ ബുദ്ധിപരമായി അതിനെ കൈകാര്യം ചെയ്തത് ഒരു ഉദാഹരണം മാത്രം.

ചുരുക്കത്തിൽ, സമൂഹത്തിന്റെ നേതൃനിരയിലേക്കു വരേണ്ട വ്യക്തികളിൽ ഉണ്ടാവേണ്ട മുഴുവൻ ഗുണങ്ങളും സമ്പൂർണ രീതിയിൽ തന്നെ അദ്ദേഹത്തിൽ ദർശിക്കപ്പെട്ടിരുന്നു എന്ന് സാരം. അതേസമയം, സമൂഹത്തിന്റെ ആത്മീയ മേഖലയിലെ ജീർണതകളിൽ അദ്ദേഹം ഏറെ ഖിന്നനുമായിരുന്നു. അത് ഉള്ളിൽ നോവായി നില നിൽക്കുമ്പോഴും പരസ്യമായി ഒന്നും പ്രതികരിച്ചില്ല! അതുകൊണ്ടുതന്നെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അവർക്ക് എല്ലാ അർഥത്തിലും ‘അൽഅമീൻ’ തന്നെയായിരുന്നു.