മുസ്‌ലിം വ്യക്തിത്വം

സമീർ മുണ്ടേരി

2022 സെപ്തംബർ 17, 1444 സ്വഫർ 20

ആദം നബി(അ)യാണ് അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യൻ. പിന്നീട് അദ്ദേഹത്തിന് ഒരു ഇണയെ അല്ലാഹു സൃഷ്ടിച്ചു നൽകി. അവർ ഇരുവരിൽനിന്നുമാണ് ആദ്യമായി ഒരു കുടുംബവും പിന്നീട് ഒരു സമൂഹവും രൂപപ്പെടുന്നത്. നാം ഓരോരുത്തരും ഈ സമൂഹത്തിലെ ഒരു വ്യക്തിയാണ്.

ഓരോ വ്യക്തിയും സംസ്‌കരിക്കപ്പെടുമ്പോഴാണ് സമൂഹത്തിലും കുടുംബത്തിലും പരിവർത്തനങ്ങൾ സംഭവിക്കുക. നമ്മുടെ സംസാരം, സ്വഭാവം, പെരുമാറ്റമര്യാദകൾ തുടങ്ങിയവയെല്ലാം നന്മ നിറഞ്ഞതും മറ്റുളളവർക്ക് അനുകരണീയവുമായിരിക്കണം. പലരും പൊതുസമൂഹത്തിന്റെ മുന്നിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന്റെ ഉടമയായി അഭിനയിക്കുകയും സ്വകാര്യതയിൽ ഏറ്റവും മോശം വ്യക്തിയായി ജീവിക്കുകയും ചെയ്യുന്നു എന്നത് യാഥാർഥ്യമാണ്.

ഒരു മുസ്‌ലിം പരസ്യമായും സ്വകാര്യമായും അല്ലാഹുവിനെ സൂക്ഷിക്കേണ്ടവനാണ്. സ്വകാര്യതകളിൽ അല്ലാഹുവിനെയും അവന്റെ വിധിവിലക്കുകളെയും മറക്കുന്നവർക്ക് പരലോകത്ത് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഇസ്‌ലാം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഒരു നല്ല വ്യക്തിയെയും നന്മ നിറഞ്ഞ കുടുംബത്തെയും ഉത്തമ സമൂഹത്തെയും കെട്ടിപ്പടുക്കാൻ ഇസ്‌ലാം നിർദേശിച്ച ചില മാർഗങ്ങൾ നമുക്ക് പരിശോധിക്കാം.

സ്വഭാവ സംസ്‌കരണത്തിന്റെ അനിവാര്യത

നമ്മെ മറ്റുളളവർ വിലയിരുത്തുക നമ്മുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. പെരുമാറ്റം മാന്യമാവുമ്പോൾ ചുറ്റിലുമുളളവർ നമ്മെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നാൽ,മറ്റുള്ളവരുടെ ആദരവിനും പ്രശംസക്കും വേണ്ടിയല്ല നാം സ്വഭാവം നന്നാക്കേണ്ടത്. മറിച്ച് പരലോകത്തെ വിജയത്തിന് വേണ്ടിയായിരിക്കണം.

അബൂദർദാഅ്(റ) നിവേദനം; റസൂൽ ﷺ പറഞ്ഞു: “അന്ത്യനാളിൽ വിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല’’ (അബൂദാവൂദ്).

അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: “സൽസ്വഭാവത്തെക്കാൾ അന്ത്യനാളിൽ ഒരു സത്യവിശ്വാസിയുടെ തുലാസിൽ കനം തൂങ്ങുന്ന യാതൊന്നുമില്ല. നിശ്ചയം, അല്ലാഹു നെറികെട്ടവനെയും തെമ്മാടിയെയും വെറുക്കുന്നു’’ (സുനനുത്തുർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മനുഷ്യന്റെ വ്യക്തിത്വത്തെ നിർണയിക്കുന്ന മാനദണ്ഡമാണ് സ്വഭാവം. മനുഷ്യരെ നല്ലവരെന്നും ദുഷ്ടരെന്നും സമൂഹം തരംതിരിക്കുന്നത് സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. മാനുഷിക ബന്ധങ്ങളെ സുദൃഢമാക്കുന്നതും അതിൽ വിള്ളലുകൾ വീഴ്ത്തുന്നതും സ്വഭാവത്തിലെ നന്മതിന്മകളാണ്. നല്ല സ്വഭാവം പരലോകവിജയത്തിന് നിദാനമാകുന്ന വലിയ നന്മയാണ് എന്നാണ് നബി ﷺ പഠിപ്പിക്കുന്നത്.

നബി ﷺ ഇരുപത്തിമൂന്നു വർഷംകൊണ്ട് ഒരു ജനതയെ മുഴുവൻ തന്റെ സൽസ്വഭാവംകൊണ്ട് കീഴടക്കിയ മഹാനാണ്. കഠിന ഹൃദയത്തിന്റെ ഉടമകളായിരുന്ന ബദ്ധവൈരികളെ പോലും വശ്യമായ പെരുമാറ്റംകൊണ്ട് തന്റെ അനുയായികളാക്കി മാറ്റുവാൻ നബി ﷺ ക്ക് കഴിഞ്ഞിട്ടുണ്ട്.

ജൂതനായിരുന്ന സൈദ്ബ്‌നു സഅ്‌ന ഒരിക്കൽ നബി ﷺ യോട് വളരെ പരുഷമായി പെരുമാറി. അദ്ദേഹത്തിന് കുറച്ചു പണം ആവശ്യമായിരുന്നു. അദ്ദേഹം നബി ﷺ യോട് പറഞ്ഞു: ‘മുഹമ്മദ്! നീ എന്റെ അവകാശം എനിക്ക് നൽകുക. നിങ്ങൾ അബ്ദുൽ മുത്ത്വലിബിന്റെ മക്കൾ വലിയ ഔദാര്യവാൻമാരാണല്ലോ.’ നബി ﷺ യുടെ വസ്ത്രവും മേൽതട്ടവും കൂട്ടിപ്പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചുകൊണ്ടുള്ള ഈ സംസാരം നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ഉമറി(റ)ന് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു: ‘അല്ലാഹുവിന്റെ ശത്രുവേ, അല്ലാഹുവിന്റെ ദൂതനോടാണോ ഇത്തരം വർത്തമാനങ്ങൾ പറയുന്നതും വൃത്തികേടുകൾ കാട്ടിക്കൂട്ടുന്നതും? അദ്ദേഹത്തെ സത്യവുമായി നിയോഗിച്ചവനാണെ സത്യം, നബി ﷺ യുടെ ആക്ഷേപം ഭയന്നിട്ടില്ലായിരുന്നുവെങ്കിൽ ഈ വാൾ നിന്റെ തല അറുക്കുമായിരുന്നു.’ ഉമറിനെ നോക്കിക്കൊണ്ട് നബി ﷺ പറഞ്ഞു: ‘ഉമർ, താങ്കൾ ഇപ്രകാരമല്ല പ്രതികരിക്കേണ്ടത്. അദ്ദേഹത്തിന് നൽകാനുളള പണം നൽകണമെന്ന് എന്നെ ഉപദേശിക്കുകയും അതൊടൊപ്പം സൈദിനോട് മാന്യമായി പെരുമാറാൻ നിർദേശിക്കുകയുമാണ് വേണ്ടത്.’ തുടർന്ന് നബി ﷺ സൈദിനോടൊപ്പം പോയി അയാളുടെ അവകാശം നൽകുവാൻ കൽപിച്ചു. അതോടൊപ്പം ഇരുപത് സാഅ് ഈത്തപ്പഴം കൂടി അദ്ദേഹത്തിനു കൂടുതലായി ഉമർ(റ) നൽകുകയും ചെയ്തു.

താൻ പരുഷമായി പെരുമാറിയിട്ടുപോലും തന്നോട് മാന്യമായി സംസാരിച്ച നബി ﷺ യുടെ വ്യക്തിത്വ ത്തിൽ ആകൃഷ്ടനായ സൈദ് മനസ്സുമാറി മുസ്‌ലിമായിത്തീർന്നു.

മനുഷ്യന്റെ ഔന്നിത്യത്തിന്റെ അളവുകോലായി ഇസ്‌ലാം നിശ്ചയിച്ചത് ഉൽകൃഷ്ട സ്വഭാവത്തെയാണ്. അതുകൊണ്ടാണ് നബി ﷺ പറഞ്ഞത്: ‘നിങ്ങളിൽ ഏറ്റവും ഉത്തമർ ഏറ്റവും നല്ല സ്വഭാവമുള്ളവരാകു ന്നു.’

ഉന്നത സ്വഭാവ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികളെ വാർത്തെടുക്കുകവഴി സാമൂഹിക സംസ്‌കരണമാണ് ഇസ്‌ലാം ലക്ഷ്യംവയ്ക്കുന്നത്.

അബൂദർറി(റ)ൽ നിന്നും മുആദ് ഇബ്‌നു ജബലി(റ)ൽ നിന്നും നിവേദനം. നബി(സ) പറഞ്ഞു: “താങ്കൾ എവിടെയാണെങ്കിലും അല്ലാഹുവെ സൂക്ഷിക്കുക. തിന്മയെ നന്മ കൊണ്ട് തുടർത്തുക; തിന്മയെ നന്മ മായ്ച്ചുകളയും. ജനങ്ങളോടു നല്ല സ്വഭാവത്തിൽ പെരുമാറുക’’ (സുനനുത്തുർമുദി).

കുടുംബജീവിതത്തിന്റെ പ്രാധാന്യം

ഒറ്റപ്പെടാൻ എത്ര ആഗ്രഹിച്ചാലും ഒറ്റക്ക് ജീവിക്കുക എന്നത് മനുഷ്യന് സാധ്യമല്ല, മുന്തിരിവള്ളിക്ക് വളരാൻ ഒരു താങ്ങ് ആവശ്യമായതുപോലെ മനുഷ്യനും വളർന്നുപടരാൻ ഒരു താങ്ങ് ആവശ്യമാണ്. കു ടുംബവും സമൂഹവുമാണ് മനുഷ്യന് വളരാനുള്ള ആ താങ്ങ്. അത് ലഭിച്ചില്ലെങ്കിൽ മനുഷ്യൻ ഉണങ്ങി നശിച്ചു പോകും. ഒരാളുടെ കുടുംബജീവിതത്തിലെ വിജയവും സംതൃപ്തിയും അദ്ദേഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നതുപോലെ അവിടെയുണ്ടാകുന്ന പരാജയവും അസംതൃപ്തിയും നിഴൽപോലെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും എന്നത് ഒരു സത്യമാണ്.

“അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇ ണകളിലൂടെ അവൻ നിങ്ങൾക്ക് പുത്രന്മാരെയും പൗത്രൻമാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളിൽനിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?’’ (ക്വുർആൻ 16:72).

വിവാഹം കഴിക്കാതെ ബ്രഹ്‌മചാരികളായി കഴിയുന്നവരും ലൈംഗികമായ ആവശ്യപൂർത്തീകരണത്തിന് വിവാഹം വേണ്ടെന്നും തോന്നിയതു പോലെ ജീവിതം നയിക്കാം എന്നും ചിന്തിക്കുന്നവർ ലോകത്തുണ്ട്. ഇസ്‌ലാം വിവാഹം കഴിക്കണമെന്നും ബ്രഹ്‌മചര്യം പാടില്ലെന്നും കൃത്യമായി പഠിപ്പിക്കുന്നു. തന്റെ ലൈംഗീക പൂർത്തീകരണത്തിന് വിവാഹമല്ലാത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് നിഷിദ്ധമാണെന്നും പരലോകത്ത് കഠിന ശിക്ഷക്ക് കാരണമാകുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

അനസ്(റ) പറയുന്നത് കാണുക: “നബി ﷺ ഞങ്ങളോട് വിവാഹം കഴിക്കുവാൻ കൽപിക്കുകയും ബ്രഹ്‌മചര്യം അനുഷ്ഠിക്കുന്നത് ശക്തിയായി നിരോധിക്കുകയും ചെയ്തിരിക്കുന്നു’’ (അഹ്‌മദ്).

“വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പകുതി പൂർത്തിയായി; ബാക്കി പകുതിയിൽ അയാൾ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ’’ (ബൈഹക്വി).

കടമകൾ വിസ്മരിക്കരുത്

കുടുംബമാകുന്ന നൗകയുടെ നേതൃത്വമേറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാനുളള ഉത്തരവാദിത്തം ഇസ്‌ലാം ഏൽപിച്ചിരിക്കുന്നത് പുരുഷനെയാണ്. വിവാഹം കഴിക്കാനുളള കൽപനയിൽതന്നെ അത് കാണുവാൻ കഴിയും. ശാരീരിക, മാനസിക, സാമ്പത്തികശേഷിയുള്ളവരോടാണ് നബി ﷺ വിവാഹം കഴിക്കാൻ കൽപിച്ചത്. തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടിയെ സ്‌നേഹിക്കാനും എല്ലാ നിലയ്ക്കും സംരക്ഷിക്കാനുമുളള മനസ്സും കഴിവും തന്റേടവും പുരുഷന് ഉണ്ടായിരിക്കണം.

ഭാര്യയോടുള്ള ബാധ്യതകൾ എന്തൊക്കെയാണെന്ന് പ്രവാചകനോട് ഒരു അനുചരൻ ചോദിച്ചപ്പോൾ അവിടുന്ന് പ്രതിവചിച്ചു: “നീ ആഹരിക്കുന്നുവെങ്കിൽ അവളെയും ആഹരിപ്പിക്കുക, നീ വസ്ത്രം ധരിക്കുന്നുവെങ്കിൽ അവൾക്കും വസ്ത്രം നൽകുക, മുഖത്ത് അടിക്കാതിരിക്കുക, പുലഭ്യം പറയാതിരിക്കുക, കിടപ്പറയിൽവെച്ചല്ലാതെ അവളുമായി വിട്ടുനിൽക്കാതിരിക്കുക’’ (അബൂദാവൂദ്).

തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ നബി ﷺ ഇപ്രകാരം പറഞ്ഞു: “സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. മര്യാദപ്രകാരം ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങൾക്ക് അവരോടുള്ള ബാധ്യതയാകുന്നു’’ (മുസ്‌ലിം).

കുടുംബ ജീവിതത്തിൽ സമാധാനവും ശാന്തിയും നിലനിർത്താൻ ഭർത്താവിന് മാത്രമല്ല ചുമതലയുളളത്. ഭാര്യക്കും വലിയ ദൗത്യങ്ങളുണ്ട്. തന്റെ ഭർത്താവിന് താങ്ങും തണലുമായി അവൾ വർത്തിക്കേണ്ടതുണ്ട്.

ഒരിക്കൽ ഒരു സ്ത്രീയോട് പ്രവാചകൻ ﷺ പറഞ്ഞു: “ഭർത്താവ് നിന്റെ സ്വർഗവും നരകവുമാണ്’’ (അഹ്‌മദ്).

ആഇശ(റ)യിൽനിന്ന് നിവേദനം: സ്ത്രീക്ക് ഏറ്റവും കൂടുതൽ കടപ്പാട് ആരോടാണെന്ന് അന്വേഷിച്ച പ്പോൾ അവിടുന്ന് അരുൾചെയ്തു: “തന്റെ ഭർത്താവിനോട്.’’ ഞാൻ ചോദിച്ചു: “പുരുഷന് ഏറ്റവുമധികം ബാധ്യത ആരോടാണ്?’’ തിരുമേനി ﷺ പറഞ്ഞു: “മാതാവിനോട്’’ (ഹാകിം).

പ്രവാചകൻ ﷺ പറഞ്ഞു: “ഏതെങ്കിലും ഒരു സ്ത്രീ മരിക്കുമ്പോൾ അവളുടെ ഭർത്താവ് അവളെ സംബന്ധിച്ച് സംതൃപ്തനായിരിക്കുന്നുവെങ്കിൽ അവൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്’’ (തുർമുദി).

“ഒരു സ്ത്രീ അവളുടെ ഭർത്താവിന്റെ താൽപര്യങ്ങൾ നിർവഹിച്ചു കൊടുക്കാതെ അല്ലാഹുവിനോടുള്ള ബാധ്യതകൾ നിർവഹിച്ചവളാവുകയില്ല’’ (ഹാകിം).

ഇണകൾ പരസ്പരമുളള കടമകൾ നിർവഹിക്കുമ്പോൾ, അവകാശങ്ങൾ വകവച്ചു കൊടുക്കുമ്പോൾ, വിട്ടുവീഴ്ച കാണിക്കുമ്പോൾ, വിശ്വാസ്യത പുലർത്തുമ്പോൾ കുടുംബ ജീവിതം ആനന്ദകരമാവും. ‘മസ്‌കൻ’ എന്ന പദമാണ് വീടിന് ക്വുർആൻ പ്രയോഗിച്ചിട്ടുള്ളത്. മനസ്സിന് സ്വസ്ഥതയും സമാധാനവും സ ന്തോഷവും പകർന്നുകൊടുക്കുന്ന ഇടം എന്ന് സാരം.

സമൂഹത്തിന് മാതൃകയാവുക

വിവിധ മതങ്ങളും ദർശനങ്ങളും സ്വീകരിച്ചു ജീവിക്കുന്നവർ സമൂഹത്തിലുണ്ടാകും. ഒരു മതത്തിലും വിശ്വാസമില്ലാത്തവരുമുണ്ടാകും. എല്ലാവരോടും മാന്യമായി പെരുമാറുവാനും അവർക്കുളള അവകാശങ്ങൾ വകവെച്ചുകൊടുക്കുവാനും ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. നബി ﷺ തന്റെ പ്രബോധന ജീവിതം ആരംഭിച്ചതു മുതൽ കൂടെ ജീവിച്ചവരും ചുറ്റുപാടിലുളളവരുമായിരുന്ന പലരും ഇസ്‌ലാം സ്വീകരിച്ചവരായിരുന്നില്ല. പലരും നബി ﷺ യെ അങ്ങേയറ്റം എതിർക്കുകയും ദ്രോഹിക്കുകയും ചെയ് തിരുന്നു. എന്നിട്ടുപോലും ആ സമൂഹത്തോട് മാന്യമായി പെരുമാറി മാതൃക കാണിച്ചാണ് നബി ﷺ ജീ വിച്ചത്.

അല്ലാഹു പറയുന്നു: “മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽനിന്ന് പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, നിങ്ങളവർക്ക് നൻമ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’’ (ക്വുർആൻ 60:8).

നമ്മുടെ രാജ്യം ഒരു ബഹുമതസമൂഹ രാജ്യമാണ്. ഈ വൈവിധ്യമാണ് ഇന്ത്യുടെ സവിശേഷത. നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു പൗരന് പൂർണ മതസ്വതന്ത്ര്യമുണ്ട്. ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അനുവാദമുണ്ട്. രാജ്യത്തിന്റെ പൊതുനിയമത്തിൽ എല്ലാ പൗരന്മാരും തുല്യരാണ്; ജാതിയോ, മതമോ, ലിംഗമോ, ദേശമോ, ഭാഷയോ ഭേദമില്ല. എല്ലാ മതവിശ്വാസികൾക്കും തങ്ങളുടെ മതാചാരങ്ങൾ അനുഷ്ഠിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നു. മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന തരത്തിലാകരുതെന്ന് മാത്രം.