റബീഉൽ അവ്വലും അനാചാരങ്ങളുടെ കുത്തൊഴുക്കും

മൂസ സ്വലാഹി കാര

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

ഒരു വിശ്വാസിയുടെ ജീവിതം അല്ലാഹുവിന്റെ കൽപനകളെ ശിരസ്സാവഹിച്ചും നബി ﷺ യെ അനുധാവനം ചെയ്തുമാകണമെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന നിർദേശവും സംശയരഹിതമായ കാര്യവുമാണ്. സ്വദേഹത്തെക്കാളും മറ്റു അനുഗ്രഹങ്ങളെക്കാളും ഈ നിർബന്ധ ബാധ്യതയെ ശ്രദ്ധിക്കാൻ വിശ്വാസിക്ക് സാധിക്കണം. അല്ലാഹു പറയുന്നു:

“(അല്ലാഹുവിന്റെ) ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു. ആർ പിന്തിരിഞ്ഞുവോ അവരുടെ മേൽ കാവൽക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല’’ (ക്വുർആൻ 4:80).

പ്രമാണങ്ങൾ കൽപിച്ച അനുസരണത്തെ വകവെക്കാതെയും വികലമായ രൂപത്തിൽ സ്നേഹം പ്രകടിപ്പിച്ചും ജീവിക്കുന്നവർ അവിശ്വാസത്തിലോ കപടതയിലോ പുത്തനാചാരങ്ങളിലോ അകപ്പെടുമെന്നത് ക്വുർആനിന്റെ താക്കീതാണ്.

അല്ലാഹു പറയുന്നു: “...അദ്ദേഹത്തിന്റെ കൽപനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ’’ (24:63).

കാരുണ്യത്തിന്റെ തിരുദൂതരിലൂടെ സമ്പൂർണമാക്കപ്പെട്ട മതത്തിന്റെ യഥാർഥ വക്താക്കളാകാനും അദ്ദേഹത്തിന്റെ ആത്മാർഥമായി അദ്ദേഹത്തെ പിൻപറ്റി പ്രവർത്തിക്കാനും സന്നദ്ധരാകുന്നവർക്കാണ് സ്വർഗം നേടിയെടുക്കാനാവുക. അവർ ധിക്കാരികളോ, ദേഹേച്ഛകൾക്ക് അടിമപ്പെടുന്നവരോ പ്രവാചകനെ എതിർക്കുന്നവരോ, പുത്തനാചാരങ്ങളെ പുൽകുന്നവരോ ആവുകയില്ല. അല്ലാഹു പറയുന്നു:

“ഇനി നിനക്ക് അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽനിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല; തീർച്ച’’ (28:50).

നബി ﷺ യോടുള്ള സ്‌നേഹത്തിന്റെ ശരിയായ രൂപം സമൂഹത്തെ പഠിപ്പിക്കുകയും അവിടുന്ന് ജനിച്ചതിനെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ആഘോഷങ്ങൾ നിഷിദ്ധമാണെന്ന് പ്രാമാണികമായി അവരെ തെര്യപ്പെടുത്തുകയും ചെയ്ത അഹ്‌ലുസ്സുന്ന വൽജമാഅക്കും അതിന്റെ പണ്ഡിതന്മാർക്കും നേരെ അധിക്ഷേപങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.

വ്യാജവേഷം കെട്ടിയാടുന്ന ശിയാക്കൾ, സ്വൂഫികൾ, ബറേൽവികൾ, ദയൂബന്ദികൾ, ഇവർക്ക് ഒത്താശയൊരുക്കുന്ന ലോകത്തുടനീളമുള്ള മതവാണിഭക്കാർ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. പരലോകത്ത് വരാനുള്ള വിലാപത്തെ ഓർക്കാതെയുള്ള ഈ ഓട്ടം വലിയ നഷ്ടത്തിലേക്കാണ് നയിക്കുക. അല്ലാഹു പറയുന്നു:

“അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്‌മേൽ മറിക്കപ്പെടുന്ന ദിവസം. അവർ പറയും: ഞങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളുടെ നേതാക്കൻമാരെയും പ്രമുഖൻമാരെയും അനുസരിക്കുകയും, അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ രണ്ടിരട്ടി ശിക്ഷ നൽകുകയും അവർക്ക് നീ വൻ ശാപം ഏൽപിക്കുകയും ചെയ്യണമേ (എന്നും അവർ പറയും)’’ (33:66-68)

അനാചാരങ്ങളെ വെളുപ്പിക്കാൻ തത്രപ്പെടുന്നതിനിടയിൽ നബിചര്യയെ അനുധാവനം ചെയ്യുന്നതിനെ വരെ സമസ്തയുടെ മുസ്‌ലിയാക്കന്മാർ നിസ്സാരവത്ക്കരിക്കുന്നത് കാണുക: “അതുകൊണ്ടുതന്നെ അനുധാവനത്തെക്കാൾ ഒരുപടി മുന്നിൽ നബി ﷺ യെ കാണണമെന്ന ആഗ്രഹം ഖൽബിൽ നിറച്ചു ജീവിക്കുന്നവനായിരിക്കും നബിസ്‌നേഹി. തിരുസ്‌നേഹത്തെ അനുധാവനത്തിൽ മാത്രം ഒതുക്കി അവതരിപ്പിക്കൽ സ്‌നേഹത്തിന്റെ അർത്ഥതലങ്ങളെ യഥാവിധി ഉൾക്കൊള്ളാത്തവരുടെയും മനസ്സിലാക്കിയിട്ടില്ലാത്തവരുടെയും പൊള്ളവാദമാണ്. സ്‌നേഹത്തിന്റെ ആഴവും പരപ്പുമനുസരിച്ച് അതിന്റെ പ്രയോഗ രീതികളും നിലപാടുകളും പ്രകടമാവുക എന്നത് സ്വാഭാവികമാണ്’’ (സുന്നിവോയ്‌സ്/ 2022 സെപ്തംബർ 16-30/പേജ് 40,41).

ഈ വരികളിൽ നബി ﷺ യെ സത്യസന്ധമായി അനുസരിച്ച് സ്‌നേഹിക്കണമെന്ന സന്ദേശമല്ല, മറിച്ച് ജന്മദിനാഘോഷത്തിൽ വ്യാപൃതരായിക്കൊണ്ട് ശിർക്കും ബിദ്അത്തും കലർന്ന സ്‌നേഹം പുറത്ത് കാണിക്കണമെന്നതാണ് പ്രകടമാകുന്നത്. റബീഉൽ അവ്വലിൽ ചൊല്ലപ്പെടുന്ന മൻഖൂസ് മൗലിദ്, അശ്‌റക്വ ബൈത്ത്, യാ അക്‌റമ ബൈത്ത്, സലാം ബൈത്ത് എന്നിവയെല്ലാം ഇതിന് മതിയായ തെളിവുകളാണ്. അല്ലാഹുവിന്റെ ഇഷ്ടവും പാപമോചനവും കൊതിക്കുന്നവർക്കേ യഥാർത്ഥ പ്രവാചക സ്‌നേഹികളാകാൻ കഴിയൂ.

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’ (3:31).

പ്രവാചകസ്‌നേഹത്തിന്റെ മറവിൽ ആത്മീയചൂഷകർ ഐക്യപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന അനാചാരങ്ങൾക്ക് കൈയും കണക്കുമില്ല. ഇഷ്ഖ്, സ്‌നേഹം, അനുരാഗം, പ്രകീർത്തനം, പ്രശംസകൾ, അനുസ്മരണം എന്നീ പദങ്ങൾ ഉപയോഗിച്ച് നബി ﷺ യുടെ ‘മരണം നടന്ന’ റബീഉൽ അവ്വൽ പന്ത്രണ്ടിന് പ്രത്യേകമായും ആ മാസത്തിലെ മറ്റു ദിവസങ്ങളിലും ഘോഷയാത്രകളും മതവിരുദ്ധ മുദ്രാവാക്യങ്ങളും നടത്തിയും കൊടിതോരണങ്ങൾ സ്ഥാപിച്ചും ആരാധനാലയങ്ങളെ അമിതമായി അലങ്കരിച്ചും പലഹാരങ്ങൾ വിതരണം ചെയ്തുമൊക്കെയായി ഇവർ നബി ﷺ യുടെ ‘ജന്മദിനം’ കൊണ്ടാടുകയാണ്. ഇത് മതാചാരമാകുമോ? പ്രമാണങ്ങളിൽ ഇതിന് വല്ല സൂചനയുമുണ്ടോ? പൂർവികരിൽ ഇതിന് മാതൃകയുണ്ടോ? ഇത്തരം ചോദ്യങ്ങൾക്ക് ഒരു പരിഗണനയും പൗരോഹിത്യം നൽകാറില്ല. അല്ലാഹുവിന്റെ താക്കീത് തന്നെയാണ് ഇവർക്കുള്ള മറുപടി.

അല്ലാഹു പറയുന്നു: “അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധികൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്’’ (42:21).

ആഇശ(റ)യിൽനിന്ന്; നബി ﷺ  പറഞ്ഞു: “നാം പ്രവർത്തിക്കാത്ത ഒരു കാര്യം നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (മുസ്‌ലിം).

ഇമാം ബർബഹാരി(റഹി) പറയുന്നു: “ചെറിയ രൂപത്തിലുള്ള പുത്തനാചാരങ്ങളിൽനിന്ന് ജാഗ്രത കൈക്കൊള്ളണം. കാരണം ചെറിയ ബിദ്അത്തുകൾ വളർന്ന് വലുതായിത്തീരുമെന്നത് തീർച്ചയാണ്. ഈ സമൂഹത്തിൽ ഉടലെടുത്ത എല്ലാ ബിദ്അത്തുകളും തുടക്കത്തിൽ ശരിയോട് സാദൃശ്യപ്പെടുന്ന നിലയ്ക്കായിരുന്നു. അതിനാൽ അവയിൽ പ്രവേശിച്ചവൻ പിന്നീട് അതിൽനിന്ന് പുറത്തുകടക്കാനാകാത്ത വിധം വഞ്ചിക്കപ്പെടുകയും. അതൊരു മതാചാരമായി വലുതാവുകയും ചെയ്തു’’ (ശറഹുസ്സുന്ന).

സ്വലാത്ത്, സ്വദഖ, ദിക്ർ മജ്‌ലിസ്, നബിചരിത്ര സദസ്സ്, വിശുദ്ധ ക്വുർആൻ പാരായണം, അന്നദാനം, മദ്ഹ് പാടൽ ഇങ്ങനെ നല്ല കാര്യങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്നതെന്ന് പുരോഹിതന്മാർ ജൽപിക്കാറുണ്ട്. അത്യാചാരങ്ങൾക്ക് മതവുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനും ബിദ്അത്തിനെ സ്ഥാപിക്കാനും നബിചര്യയിൽവന്ന ചില പ്രയോഗങ്ങളുടെ തണൽ അവർക്ക് അനിവാര്യമാണ്. സത്യത്തെ മറച്ചുവെച്ച് നിഷിദ്ധങ്ങളെ പ്രകടമാക്കുന്ന ഈ സ്വഭാവം അതീവ ഗുരുതരമാണ്. അല്ലാഹു പറയുന്നു:

“നിങ്ങൾ സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്’’ (2:42).

ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: “ബിദ്അത്ത് പൂർണമായും സുന്നത്തിനോട് യോജിക്കുന്നതാവുകയില്ല. അപ്രകാമാണെങ്കിൽ അത് നിരർഥമാവുകയില്ല. അതുപോലെതന്നെ പൂർണമായും വ്യർഥമല്ല; അങ്ങനെയെങ്കിൽ ജനങ്ങളുടെമേൽ ബിദ്അത്തിനെ ഭയപ്പെടേണ്ടിവരില്ല. പക്ഷേ, ശരിയും തെറ്റും കലർന്ന രൂപമായിരിക്കുമതിന്. അപ്പോൾ ബിദ്അത്തുകാരൻ ന്യായവും അന്യായവും കൂടിക്കലർന്ന അവസ്ഥയിലാകും. ഒന്നുകിൽ കടുത്ത തെറ്റിലാകും, അല്ലെങ്കിൽ കപടതയോ, നിഷേധമോ അവലംബിക്കും’’ (ദർഉ തആറുളിൽ അക്വ്‌ലി വന്നക്വ്‌ലി).

നബിദിനാഘോഷത്തെ തുല്യതയില്ലാത്ത ഒരാഘോഷമായി സമസ്തക്കാർ പഠിപ്പിക്കുന്നത് നോക്കൂ: “മുഹമ്മദ് നബി ﷺ യുടെ ജനനംവഴി അനുഗൃഹീതമായ റബീഉൽ അവ്വൽ മാസം പന്ത്രണ്ട് ലോക മുസ്‌ലിംകളുടെ തുല്യതയില്ലാത്ത ആഘോഷ ദിനമാണ്’’ (ഇസ്‌ലാമിലെ വിവിധ ആഘോഷങ്ങൾ/റിയാസ് ഫൈസി വെള്ളില/പേജ് 15).

ഹിജ്‌റ മുന്നൂറ്റി ഇരുപതുകൾക്ക് ശേഷം ശിയാക്കളിലെ ഫാത്വിമിയാക്കൾ തുടങ്ങിയ മീലാദാഘോഷം എങ്ങനെയാണ് ഈ പദവിയിലെത്തുക? വിവരമില്ലാത്തവർ ചെയ്യുന്ന ഈ അനാചാരത്തെ ഇസ്‌ലാമിന്റെതാക്കി അവതരിപ്പിക്കുന്നതിന്റെ അപകടം എത്ര വലുതാണ്!

മതം കൽപിച്ച ആഘോഷങ്ങളെ വിലകുറച്ച് കാണുന്ന ഇത്തരം സ്വഭാവക്കാർക്ക് അല്ലാഹുവിന്റെ കൽപനയെ ഉൾക്കൊള്ളാനാകുമോ? അല്ലാഹു പറയുന്നു: “നബിയേ, പിന്നീട് നിന്നെ നാം (മത) കാര്യത്തിൽ ഒരു തെളിഞ്ഞ മാർഗത്തിലാക്കിയിരിക്കുന്നു. ആകയാൽ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്’’ (45:18).

റബീഉൽ അവ്വൽ മാസം പന്ത്രണ്ടിന് നബി ﷺ  ജനിച്ചു എന്നതാണ് പ്രചാരത്തിലുള്ളതെങ്കിലും ഏറ്റവും പ്രബലമായ അഭിപ്രായം ഈ മാസം ഒമ്പതിന് എന്നതാണ്. എന്നാൽ പ്രവാചകൻ ﷺ  വഫാത്തായത് ഇതേ മാസം പന്ത്രണ്ടിനാണ് എന്നത് വ്യക്തവുമാണ്. വഹ്‌യ് നിലയ്ക്കുകയും സ്വഹാബത്ത് ഒന്നടങ്കം കരയുകയും ചരിത്രത്തിൽ തുല്യതയില്ലാത്ത വൈകാരികത തളംകെട്ടി നിൽക്കുകയും ചെയ്ത ആ ദിനം കടന്നുവരുമ്പോൾ യഥാർഥ പ്രവാചകസ്‌നേഹമുള്ളവർക്ക് എങ്ങനെയാണ് ആടിപ്പാടി ആഹ്ലാദിക്കാൻ കഴിയുക?

ഇതര മതസമൂഹങ്ങളോട് കിടമത്സരം നടത്താനും അവരുടെ ആരാധനസമ്പ്രദായങ്ങളെഅനുകരിക്കാനുമുള്ള അവസരമായിട്ടാണ് മുസ്‌ലിയാക്കന്മാർ ഈ മാസത്തെ സ്വീകരിക്കുന്നത്. മീലാദാഘോഷത്തിന് അവർ കണ്ടെത്തിയ ദുർന്യായങ്ങൾ വായിക്കുമ്പോൾ അത് വ്യക്തമാകും.

“ചില മതങ്ങൾ മതസ്ഥാപകരുടെയും മറ്റും ജന്മദിനം ആഘോഷിച്ചുവരുന്നു. ബുദ്ധമത വിശ്വാസികൾ ബുദ്ധന്റെ ജന്മദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു. ക്രിസ്തുവിന്റെ ജന്മദിനം ക്രിസ്തുമസ്സും ലോകം മുഴുവൻ കൊണ്ടാടപ്പെടുന്നു. ഗുരുനാനാക്ക് ജനിച്ച ദിവസം സിഖുക്കാരും ആഘോഷിക്കുന്നു. മുസ്‌ലിംങ്ങൾ പ്രവാചകൻ ﷺ യുടെ ജന്മദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കുന്നു’’ (സന്തുഷ്ട കുടുംബം മാസിക /2014 ജനുവരി/പേജ് 41).

മറ്റൊരു മുസ്‌ലിയാർ നൽകിയ രസകരമായ മറുപടി കാണുക: “അമുസ്‌ലിംകൾ ക്രിസ്മസും ശ്രീകൃഷ്ണ ജയന്തിയും കൊണ്ടാടുന്നു, മുസ്‌ലിംകൾ നബിദിനം കൊണ്ടാടുന്നു. അപ്പോൾ അവരോട് തുല്യമായില്ലെ? മതപരമായ വിഷയമാണെങ്കിൽ അവർ വിഷു, ഈസ്റ്റർ തുടങ്ങിയവ ആഘോഷിക്കുന്നു. മുസ്‌ലിംങ്ങൾ ചെറിയ പെരുന്നാളും ബലിപെരുന്നാളും ആഘോഷിക്കുന്നു. ഇതരമതസ്ഥർക്കുണ്ടെന്ന പേരിൽ ഒഴിവാക്കുകയാണെങ്കിൽ ആദ്യം ഒഴിവാക്കേണ്ടത് പെരുന്നാൾ ആഘോഷമാണ്’’ (അഹ്‌ലുസ്സുന്ന ആദർശത്തിന്റെ തായ്‌വേരുകൾ/അഫ്‌സൽ സഖാഫി ചെറുമോത്ത്/പേജ് 109).

അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സാമാന്യബോധം നഷ്ടപ്പെട്ടവർക്കേ ഇങ്ങനെ വിശ്വസിക്കാനും സ്വയം പരിഹാസ്യരാകാനും കഴിയൂ. നേർമാർഗം വ്യക്തമായിട്ടും ഇക്കൂട്ടരെ സുഖിപ്പിക്കാൻ അതിനെ അവഗണിക്കുന്നവർ അല്ലാഹുവിന്റെ കൽപനകൾക്ക് വിലകൊടുക്കുമോ? അല്ലാഹു പറയുന്നു:

“യഹൂദർക്കോ ക്രൈസ്തവർക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാർഗം പിൻപറ്റുന്നതുവരെ. പറയുക: അല്ലാഹുവിന്റെ മാർഗദർശനമാണ് യഥാർഥ മാർഗദർശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനുശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിൻപറ്റിപ്പോയാൽ അല്ലാഹുവിൽനിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല’’ (2:120).

“നിങ്ങൾ സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്’’ (2:42). ഇമാം ഖതാദ(റഹി) പറഞ്ഞു: “നിങ്ങൾ ജൂതായിസവും ക്രൈസ്തവതയും ഇസ്‌ലാമുമായി കൂട്ടികക്കലർത്തരുത്. തീർച്ചയായും അല്ലാഹുവിന്റെ മതമെന്നത് ഇസ്‌ലാമാകുന്നു. ജൂതായിസവും ക്രൈസ്തവതയും പുത്തനാശയമാണ്, അവ അല്ലാഹുവിങ്കൽനിന്നുള്ളതല്ല’’ (ഇബ്‌നുകസീർ).

ഇബ്‌നു തൈമിയ്യ(റഹി) പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കാം: “ക്രൈസ്തവർ അവരുടെ മതത്തോട് യോജിക്കുന്നതും സാദൃശ്യമുള്ളതുമായ കാര്യങ്ങൾ മുസ്‌ലിംകളിൽനിന്നുള്ള അറിവില്ലാത്തവരും പുത്തനാശയക്കാരും ചെയ്യുന്നത് കാണുമ്പോൾ അത്യധികം സന്തോഷിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുവാനും വർധിക്കുവാനും അവർ ആഗ്രഹിക്കുന്നു. അവരുടെ പുരോഹിതന്മാർ മുസ്‌ലിംകളിലെ ആരാധിക്കുന്നവരെപ്പോലെ ആകാനും അവരുടെ ബിഷപ്പുമാർ മുസ്‌ലിം പണ്ഡിതന്മാരെപോലെ ആകാനും മുസ്‌ലിംകളോട് തുല്യരാകാനുമാണ് അവർ ഇഷ്ടപ്പെടുന്നത്’’ (മജ്മൂഉൽ ഫതാവ).

ലോകത്തെല്ലായിടത്തും ഈ ആഘോഷമുണ്ടല്ലോ, പിന്നെന്തിന് എതിർക്കപ്പെടണം? ഇതാണ് ഇവരുടെ മറുചോദ്യം. അവർതന്നെ എഴുതിയത് കാണുക: “ലോകത്തെ വിവിധ രാഷ്ട്രങ്ങളിൽ നടത്തപ്പെടുന്ന ഈ പുണ്യദിനത്തിന്റെ ദിനരാത്രങ്ങളിൽ ഇസ്‌ലാമിക കലാപ്രകടനങ്ങൾ, റാലികൾ, കീർത്തന സദസ്സുകൾ, മധുരപലഹാര വിതരണം, ഭക്ഷണ വിഭവ വിതരണങ്ങൾ തുടങ്ങിയവയിലൂടെ സത്യവിശ്വാസിയുടെ മനോ മുകുരങ്ങളിൽ ആഹ്ലാദത്തിന്റെ തിരമാലകൾ അലയടിക്കുന്നു’’ (ഇസ്‌ലാമിലെ വിവിധ ആഘോഷങ്ങൾ/പേജ് 15).

ശിയായിസത്തിന്റെയും സ്വൂഫിസത്തിന്റെയും വ്യാപനം അധികമായ നാടുകളിൽ അവർ ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളെല്ലാം കാണുമെന്നതിൽ സംശയമില്ലല്ലോ. ഒരു കാര്യം മതപരമാകുന്നത് അത് ചെയ്യുന്നവരുടെ ആധിക്യം കൊണ്ടല്ല; പ്രമാണങ്ങളുടെ പിൻബലം കൊണ്ടാണ്.

നബി ﷺ യോടുള്ള വിശുദ്ധ ക്വുർആനിന്റെ കൽപന കാണുക: “ഭൂമിയിലുള്ളവരിൽ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാർഗത്തിൽനിന്നും നിന്നെ അവർ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവർ പിന്തുടരുന്നത്. അവർ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്’’ (6:116).

ഇബ്‌നു ഉമർ(റ)പറഞ്ഞു: “എല്ലാ പുത്തനാചാരവും വഴികേടാണ്. ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും’’ (ബൈഹക്വി).

പുരോഹിതന്മാർ കണ്ടെത്തിയ ഈ ‘ഭൂരിപക്ഷവാദത്തെ’ അംഗീകരിച്ചാൽ മറ്റു പലതിനും പിന്തുണ നൽകേണ്ടിവരും. വ്യത്യസ്ത ദുഃസ്വഭാവങ്ങളെ ചൂണ്ടിക്കാട്ടി, അവയുടെ പിറകെയാണ് ജനങ്ങളിൽ അധികപേരും സഞ്ചരിക്കുക എന്ന് ക്വാർആൻ പല സ്ഥലങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. ജനാധിക്യമുള്ള ആ തിന്മകളെ നന്മകളായി കാണണമെന്ന് ഇക്കൂട്ടർ പ്രഖ്യാപിക്കുമോ? പ്രമാണങ്ങളെ അവഗണിക്കുന്ന, പടച്ചവൻ നൽകിയ ബുദ്ധിയെ ഉപയോഗപ്പെടുത്താത്ത ആളുകൾ ഈ ക്വുർആൻ വചനം ശ്രദ്ധിക്കുക:

“ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്കു കണ്ണുകളുണ്ട്; അതുപയോഗിച്ച് അവർ കണ്ടറിയുകയില്ല. അവർക്ക് കാതുകളുണ്ട്; അതുപയോഗിച്ച് അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതൽ പിഴച്ചവർ. അവർ തന്നെയാണ് ശ്രദ്ധയില്ലാത്തവർ’’ (7:179).