ശിയാക്കളുടെ വ്യാജവാദങ്ങളും കുരുക്കിലകപ്പെട്ട സമസ്തയും

മൂസ സ്വലാഹി കാര

2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02

ആശയതലത്തിലും പ്രമാണങ്ങളെ സമീപിക്കുന്ന രീതിയിലും ശിയാ-സമസ്ത വിഭാഗങ്ങൾ തമ്മിലുള്ള ഒരുമയും ബന്ധവും സമൂഹത്തിന് സുപരിചിതമാണ്. ഇസ്‌ലാമിനെ തകർക്കാൻ ശിയാക്കൾ ഒരുക്കിയ ഓരോ തന്ത്രത്തെയും പിൻപറ്റിയാണ് സമസ്ത മുന്നോട്ടു നീങ്ങുന്നത്. അന്ധവിശ്വാസങ്ങളെ വിത്തിട്ട് മുളപ്പിച്ച് വളർത്തി വലുതാക്കുന്ന ഇവർ അഹ്‌ലുസ്സുന്ന വൽജമാഅയുടെ പ്രതിരൂപമായി സ്വയം അവരോധിതരാകുമ്പോൾ ക്വുർആനിന്റെ താക്കീതാണ് ഓർമപ്പെടുത്താനുള്ളത്. അല്ലാഹു പറയുന്നു: “വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേർവഴിയിലാക്കും? അവരാകട്ടെ (അല്ലാഹുവിന്റെ) ദൂതൻ സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവർക്ക് വ്യക്തമായ തെളിവുകൾ വന്നുകിട്ടിയിട്ടുമുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേർവഴിയിലാക്കുന്നതല്ല. അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവർക്കുള്ള പ്രതിഫലം’’ (ക്വുർആൻ 3:86-87).

ഈ ആയത്തിനെ വിശദീകരിച്ച് ഇബ്‌നു കസീർ(റഹി) പറഞ്ഞു: “അവരിലേക്ക് എന്തൊന്നുകൊണ്ടാണോ പ്രവാചകർ വന്നിട്ടുള്ളത് അതിന്റെ സത്യസന്ധതയെ ബോധ്യപ്പെടുത്തുന്ന തെളിവുകളും പ്രമാണങ്ങളും അവർക്കെത്തുകയും കാര്യം അവർക്ക് വെളിവാകുകയും ചെയ്തിട്ടുണ്ട്. പിന്നീടവർ ശിർക്കിന്റെ ഇരുട്ടിലേക്ക് തിരിച്ചുനടന്നു. ഈ അന്ധതയെ അവർ പുൽകിയതിന് ശേഷം അവർ എങ്ങനെ നേർമാർഗത്തിനർഹരാകും?’’

ആദ്യ സൃഷ്ടി എന്താണെന്നതിനെ പറ്റിയുള്ള ശിയാക്കളുടെ വ്യത്യസ്ത വീക്ഷണങ്ങളിൽ പെട്ടതാണ് അത് നബി പ്രകാശമാണെന്ന വിശ്വാസം. മജ്‌ലിസിയുടെ ബിഹാറുൽ അൻവാർ, കുലൈനിയുടെ ഉസ്വൂലുൽ കാഫി, സ്വദൂക്വിന്റെ ഇലലുശ്ശറാഇഹ്, അഹ്‌സായിയുടെ അവാലിഅല്ലായിലി, അബ്ദുൽ അസീസ് അദിബാഹിയുടെ അൽഇബ്‌രീസ്, ഖസ്ത്വല്ലാനിയുടെ അൽമവാഹിബുലദുൻയ്യ, ബൂസ്വീരിയുടെ ബുർദ എന്നീ ഗ്രന്ഥങ്ങളിൽ ഇത് സംബന്ധിച്ച നിർമിത ഹദീസുകൾ വ്യാപകമാണ്.

സമസ്തയുടെ നേതാക്കന്മാർ അവരുടെ ആശയപ്രചരണത്തിന്റെ മുഖ്യവിഷയമായി ഇതിനെ കാണുന്നു എന്നതിന്റെ ചില ഉദാഹരണങ്ങൾ നോക്കൂ.

“മുഹമ്മദിയ്യാ തൽസ്വരൂപം. നൂറാനിയ്യത്താണ് മുഹമ്മദിയ്യാസ്വരൂപം. സ്വർഗനരകങ്ങളെല്ലാം ഉണ്ടായത് അതിൽനിന്നാണ്. സുഖദുഃഖങ്ങളുടെയൊക്കെ സ്രോതസ്സാണത്’’ (സമ്പൂർണ്ണ മനുഷ്യൻ/ഭാഗം 3/വിവ: കെ.വി.എം പന്താവൂർ/പേജ് 1).

“ആരായിരുന്നു റസൂൽ ﷺ ? ഈ ചോദ്യത്തിന് തൃപ്തമായ നിവാരണം നൽകാൻ സൃഷ്ടികൾക്കു കഴിയില്ല. അത്രക്ക് മുകളിലാണ് നബി ﷺ യുടെ സ്ഥാനം. ആദ്യമായി സൃഷ്ടിക്കപ്പെട്ടത് അവിടുത്തെ വിശുദ്ധ ചൈതന്യമായിരുന്നു’’ (സുന്നി വോയ്‌സ്/2011 ഫെബ്രുവരി/പേജ് 18).

“ആദിമ സൃഷ്ടിയായ ആ ദിവ്യപ്രകാശം. അന്ത്യ പ്രവാചകനായ മുഹമ്മദ് നബി ﷺ യുടെ പ്രകാശമായിരുന്നു അത്. അരൂപിയായ ആ പ്രകാശത്തിന് തന്നെ അല്ലാഹു നാമകരണം ചെയ്തിരുന്നു; മുഹമ്മദ്. സ്തുതിക്കപ്പെട്ടവൻ എന്നർഥമുള്ള സുന്ദരനാമം. അഖില ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടത് ആ പ്രകാശത്തിൽനിന്നാണ്’’ (മൗലീദിലെ ചരിത്രകഥകൾ/കെ.എച്ച് കോട്ടപ്പുഴ/പേജ് 8).

“ഇങ്ങനെ മുഹമ്മദിയ്യാ തേജസ്സിൽനിന്ന് അല്ലാഹു നരകവും സ്വർഗവും അവയിലെ സുഖാനുഭൂതികളും നരകയാതനകളുമെല്ലാം പടച്ചപ്പോൾ ആ തേജസ്സിൽനിന്നുതന്നെ ആദമിന്റെ ഒരു രൂപം, മുഹമ്മദിയ്യാ രൂപത്തിന്റെ പകർപ്പായി നിർമിച്ചു. എന്നാൽ ആദം സ്വർഗത്തിൽനിന്ന് പുറത്തായപ്പോൾ മുഹമ്മദിയ്യാ രൂപത്തിന്റെ ജീവൻ ആദമിന്നു നഷ്ടമായി’’ (സമ്പൂർണ മനുഷ്യൻ/ഭാഗം 3/ പേജ് 46).

നബി ﷺ  അല്ലാഹുവിന്റെ സൃഷ്ടികളിൽ ശ്രേഷ്ഠരും മനുഷ്യപ്രകൃതിയോടെ ജീവിച്ചവരുമാണ്. പ്രവാചകനിയോഗവും അദ്ദേഹത്തിന് നൽകപ്പെട്ട സന്ദേശവും പ്രകാശമാണെന്ന പ്രമാണപക്ഷത്താണ് അഹ്‌ലുസ്സുന്ന നിലകൊ ള്ളുന്നത്. അല്ലാഹു പറയുന്നു: “നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്’’ (33:45,46).

ദിവ്യബോധനത്തെ കുറിച്ച് ക്വുർആൻ പറയുന്നു: “അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസൻമാരിൽനിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴി കാണിക്കുന്നു. തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്’’ (42:52).

മക്കാമുശ്‌രിക്കുകൾ പ്രവാചകത്വത്തെ നിഷേധിക്കാൻ വേണ്ടി ഉന്നയിച്ചതായി ക്വുർആൻ എടുത്തു പറഞ്ഞ ‘ഒരു മനുഷ്യനെയാണോ ദൂതനാക്കിയത്’ എന്ന കാരണത്തോടാണ് നബി ﷺ യുടെ പേരിൽ ഇത്തരം കള്ളവാദങ്ങൾ പരത്തുന്നവരെ പണ്ഡിതന്മാർ സാദൃശ്യപ്പെടുത്തിയത്. അല്ലാഹു പറയുന്നു: “ജനങ്ങൾക്ക് സന്മാർഗം വന്നപ്പോൾ അവർ അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു’’ (17:94).

“ഞാൻ അല്ലാഹുവിന്റെ പ്രകാശമാണ്,’ ‘എല്ലാ കാര്യങ്ങളും എന്റെ പ്രകാശത്തിൽനിന്നാണ്,’ ‘സകല ചരാചരങ്ങളും സൃഷ്ടിക്കപ്പെടാൻ കാരണം നബി ﷺ യാണ്,’ ‘ആദ്യമായി അല്ലാഹു പടച്ചത് നബിയുടെ പ്രകാശമാണ്’ എന്നീ നിർമിത വാക്കുകളാണ് ഇരു വിഭാഗത്തിന്റെയും തെളിവുകൾ. ഇത് അല്ലാഹു ചെയ്യാത്തത് അവന്റെ മേൽ കെട്ടിച്ചമക്കലും നബി ﷺ പറയാത്തത് അദ്ദേഹത്തിന്റെ മേൽ ആരോപിക്കലുമാണ്. ക്വുർആനിന്റെ മുന്നറിയിപ്പിനെ ഭയക്കാത്തവർക്ക് എന്തും പറയാമല്ലോ! അല്ലാഹു പറയുന്നു: “ഉയിർത്തെഴുന്നേൽപിന്റെ നാളിൽ, അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞവരുടെ മുഖങ്ങൾ കറുത്തിരുണ്ടതായി നിനക്ക് കാണാം. നരകത്തിലല്ലയോ അഹങ്കാരികൾക്കുള്ള വാസസ്ഥലം!’’ (39:60).

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യോട്, ചിലയാളുകൾ പറയാറുള്ള ‘നിങ്ങൾ ഇല്ലായിരുന്നെങ്കിൽ അല്ലാഹു അർശ്, കുർസിയ്യ്, ഭൂമി, ആകാശം, സൂര്യൻ, ചന്ദ്രൻ, ഇതല്ലാത്ത മറ്റു വസ്തുക്കൾ തുടങ്ങിയവയൊന്നും സൃഷ്ടിക്കുമയിരുന്നില്ല’ എന്ന ഹദീസ് സ്വീകാര്യമാണോ എന്ന് ചോദിക്കപ്പെട്ടതിന് അദ്ദേഹം ഇപ്രകാരം മറുപടി നൽകി: “ആദം സന്തതികളേ, നേതാവും സൃഷ്ടികളിൽ ഉൽകൃഷ്ടരും അതോടൊപ്പം അവരിൽ ഏറെ ആദരിക്കപ്പെട്ടവരുമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞത്. ‘അദ്ദേഹം കാരണത്താലാണ് ഈ പ്രപഞ്ചം തന്നെ പടച്ചത്,’ ‘അദ്ദേഹം ഇല്ലായിരുന്നെങ്കിൽ അല്ലാഹുഅർശ്, കുർസിയ്യ്, ഭൂമി, ആകാശം, സൂര്യൻ, ചന്ദ്രൻ, ഇതല്ലാത്ത മറ്റു വസ്തുക്കൾ എന്നിവയൊന്നും സൃഷ്ടിക്കുമയിരുന്നില്ല’ എന്നത് പ്രവാചകനിൽനിന്ന് സ്ഥിരപ്പെട്ടോ, ദുർബലമായോ ഹദീസായി വന്നിട്ടില്ല. നബി ﷺ യുടെ ഹദീസിൽ അറിവുള്ളവരിൽനിന്ന് ആരുംതന്നെ ഇത് ഉദ്ധരിച്ചിട്ടില്ല. സ്വഹാബത്തിനും അറിയാത്ത, പറഞ്ഞവൻ ആരെന്നറിയാത്ത ഒരു വാക്കാണിത്’’ (മജ്മൂഉൽ ഫതാവാ).

ഇമാം ദഹബി(റഹി), ഇബ്‌നു ഹജർ(റഹി), ശൗക്കാനി(റഹി) എന്നിവരും ഇതിന്റെ പരമ്പരക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അഹ്‌ലുസ്സുന്ന വൽജമാഅയുടെ പ്രമുഖരായ പണ്ഡിതന്മാർക്കും അവരുടെ ഗ്രന്ഥങ്ങൾക്കും പരിഗണനയോ പ്രാധാന്യമോ നൽകാത്ത ആളുകളാണ് ശിയാക്കൾ. ഖുലൈനിയുടെ അൽകാഫിയെ സംബന്ധിച്ച് ഖുമ്മിയുടെ ‘അൽഖുമ്മി വൽ അൽഖാബ്’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞത് കാണുക: “മതഗ്രന്ഥങ്ങളിൽ ഏറ്റവും മഹത്തായതും വളരെ ശ്രേഷ്ഠമായതും ഒരു ഇമാമും ഇതുപോലെ രചിക്കാത്തതുമായ ഗ്രന്ഥമാണിത്. ഇസ്‌ലാമിൽ ഇതിന് തുല്യമായതോ ഇതിനോടടുത്തതോ ആയി മറ്റൊന്ന് രചിക്കപ്പെട്ടിട്ടില്ല.’’

ശൈഖ് മുഫീദിന്റെ അൽഅമാലി; സ്വദൂഖ്, മജ്‌ലിസി എന്നിവരുടെ അൽഇഅ്തിക്വാദാത്ത്, ദൈലമിയുടെ ഇർശാദുൽ ക്വുലൂബ് എന്നിവയാണ് വിശ്വാസകാര്യങ്ങളിലെ അവലംബ കൃതികൾ. ഖുമ്മി, കുലൈനി, മജ്‌ലിസി, ഇർബലി, ആമിലി എന്നിവരാണ് ഇവരുടെ പ്രധാന ഹദീസ് പണ്ഡിതന്മാർ. അൽകാഫി, തഅ്ദീബുൽ അഹ്കാം, അൽ ഇസ്തിബ്‌സ്വാർ, മൻ ലാ യഹ്‌ളുർഹുൽ ഫക്വീഹ് തുടങ്ങിയവ ശിയാക്കളുടെ അടിസ്ഥാന ഗ്രന്ഥങ്ങൾ എന്നാണ് അറിയപ്പെടുന്നത്.

മതവിഷയങ്ങൾ ശരിയായി ചേർക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങൾ, തഫ്‌സീറുകൾ, അക്വീദ ഗ്രന്ഥങ്ങൾ, അടിസ്ഥാന നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ ഇവയിൽ ഒന്നുപോലും ഇതിലില്ല. അഹ്‌ലുസ്സുന്നയുടെ അവലംബ രേഖകളെ സംസാരത്തിൽ മാത്രം ഒതുക്കുന്ന പുരോഹിതന്മാരുടെ അവസ്ഥകൂടി പരിശോധിക്കാം.

സൂഫിസവും വചനശാസ്ത്രയും ജീവവായുവായി സ്വീകരിച്ച അബ്ദുൽ കരീം ജിയലിയുടെ അൽ ഇൻസാനുൽ കാമിൽ എന്ന പുസ്തകത്തെപ്പറ്റി പറയുന്നു: “ഇന്നോളം പലരും പല മഹാഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടെങ്കിലും വിജ്ഞാന സാമ്രാജ്യത്തിലെ സൂര്യൻ എന്നറിയപ്പെടുന്ന മഹാനായ ശൈഖ് അബ്ദുൽ കരീമുൽ ജിയലി(റ) അവർകളുടെ ഇൻസാൻകാമിൽ പോലെ ഉപകാരപ്രദമായി തീർന്നിട്ടുള്ള കൃതികൾ വിരളമാണ്. ആത്മീയശുദ്ധിക്കുള്ള വഴികളും ദീനിന്റെ ആന്തരാർഥങ്ങൾ വിവരിക്കുന്നതുമായ ആത്മ സംസ്‌ക്കരണ വിജ്ഞാന ഗ്രന്ഥങ്ങൾ പലതുമുണ്ടെങ്കിലും മഹാനായ ശൈഖ് അബ്ദുൽ കരീമുൽ ജിയലി(റ) അവർകളുടെ ‘ഇൻസാൻകാമിൽ’ എന്ന മഹാഗ്രന്ഥം ഒരു അത്ഭുത പ്രതിഭാസമായി നിലകൊള്ളുന്നു’’ (അൽ ഇൻസാനുൽ കാമിൽ/പേജ് 9).

കെ.വി.എം പന്താവൂർ എഴുതുന്നു: “ആത്മജ്ഞാന രഹസ്യങ്ങൾ ഇവിടെ അലയടിച്ചിരമ്പിമറിയുന്നു. പുതുമകൾ പലതുമിവിടെ കാണാം. ഗ്രീക്കു തത്വശാസ്ത്രജ്ഞനായ പ്ലേറ്റോയുടെ ശിഷ്യനാണ് ഖിള്ർ നബി. ഖിള്‌റിന്റെ ശിഷ്യനാണ് ഇസ്‌ക്കന്തർ ചക്രവർത്തിയും അരിസ്‌റ്റോട്ടിലും. പ്ലേറ്റോ ഇന്നും ഡ്രാവന്തു മലയിൽ ജീവിക്കുന്നു; മാഉൽ ഹയാത്ത് കുടിച്ചതിനാൽ. ഇതൊക്കെ ഈ കൃതിയിൽ ഉണ്ട്. അതിന്റെ ഒന്നാം വാല്യമാണിത്. ശരീഅത്തിന്റെ ചകിരിയും ചിരട്ടയും കേടുവരാതെ തന്നെ ഉൾകാമ്പു കാണിച്ചുതരുന്ന ആത്മരഹസ്യ ജ്ഞാനഗ്രന്ഥം. ഇതിന്റെ ഥരീഖത്തിലൂടെ നിങ്ങൾ മുന്നേറുമ്പോൾ ഒരു കാന്ത മലക്ക് മുമ്പിലൂടെ കടന്നുപോകുന്ന കപ്പൽപോലെ ഭയങ്കര പ്രകമ്പനമുണ്ടായേക്കാം, സാരമില്ല. കലങ്ങിത്തെളിഞ്ഞുകൊള്ളും. തെളിഞ്ഞാൽ ഖൽബും ശാന്തമാകും. പിന്നെ എങ്ങോട്ടു നോക്കിയാലും അല്ലാഹുവിനെയല്ലാതെ കാണാത്ത അവസ്ഥ വരും’’ (അൽഇൻസാനുൽ കാമിൽ പരിഭാഷ).

ശൈഖ് ജീലാനിയെക്കുറിച്ച് എഴുതുന്നു: “ഇസ്‌ലാമിക അധ്യാത്മിക ദർശനത്തിന്റെ പ്രഭ പരത്തിയ അതുല്യ ജ്യോതിസ്സായിരുന്നു ഖുതുബുൽ അഖ്താബ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ). പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബഗ്ദാദിൽ ജീവിച്ച മഹാത്മാവിനെ കുറിച്ചുള്ള ഓർമകളും ശൈഖിന്റെ പേരിൽ അറിയപ്പെട്ട അധ്യാത്മിക ശ്യംഖലയായ ഖാദിരിയ്യ ത്വരീഖത്തും ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ജ്വലിച്ചു നിൽക്കുന്നു എന്നതുതന്നെ മഹാന്റെ ഔന്നത്യം മനസ്സിലാക്കിത്തരുന്നുണ്ട്’’ (സുന്നിവോയ്‌സ്/ 2021 നവംമ്പർ /16-30).

(തുടരും)