തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 ജൂൺ 11, 1442 ദുൽഖഅദ 10

4. മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽനിന്നുള്ള കാവൽ

കാലാവസാനമായാൽ സംഭവിക്കാനിരിക്കുന്ന, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുഴപ്പവും പരീക്ഷണവുമാണ് ദജ്ജാലിന്റെ ഫിത്‌ന അഥവാ കുഴപ്പം. അതിനാൽതന്നെ എല്ലാ നബിമാരും അവരുടെ ജനങ്ങൾക്ക് ദജ്ജാലിന്റെ വിഷയത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഈ യാഥാർഥ്യം നബി ﷺ പറഞ്ഞുതരുന്നു:

“നിശ്ചയം, ആദമിന്റെ സന്തതികളെ അല്ലാഹു സൃഷ്ടിച്ചതുമുതൽ ദജ്ജാലിന്റെ ഫിത്‌നയോളം വലിയ ഫിത്‌ന ഉണ്ടായിട്ടില്ല. നിശ്ചയം, തന്റെ സമുദായത്തിന് ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പു നൽകാതെ ഒരു നബിയെയും അല്ലാഹു നിയോഗിച്ചിട്ടില്ല. ഞാൻ അന്ത്യപ്രവാചകനാണ്. നിങ്ങളാകട്ടെ അവസാനത്തെ സമുദായവുമാണ്. നിസ്സംശയം, അവൻ നിങ്ങളിൽ പുറപ്പെടുന്നവനാണ്’’ (ഇബ്‌നുമാജ).

മസീഹുദ്ദജ്ജാലിനെ കുറിച്ച് ഏറ്റവും കൂടുതൽ മുന്നറിയിപ്പുകളും താക്കീതുകളും നൽകിയിട്ടുള്ളത് മുഹമ്മദ് നബി ﷺയാണ്. അന്ത്യനാളിന്റെ വലിയ അടയാളങ്ങളിൽപെട്ടതാണ് മസീഹുദ്ദജ്ജാലിന്റെ ആഗമനം.

ഹുദയ്ഫതുബ്‌നു ഉസയ്ദിൽ ഗിഫ്ഫാരിയി(റ)ൽനിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: “ഞങ്ങൾ അനുസ്മരിച്ച് സംസാരിക്കവെ നബി ﷺ ഞങ്ങളിലേക്ക് എത്തിനോക്കി. തിരുമേനി ﷺ ചോദിച്ചു: ‘നിങ്ങൾ എന്താണ് അനുസ്മരിക്കുന്നത്?’ അവർ പറഞ്ഞു: ‘ഞങ്ങൾ അന്ത്യനാളിനെ അനുസ്മരിക്കുന്നു.’ തിരുമേനി ﷺ പറഞ്ഞു: ‘പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ നിശ്ചയം, അന്ത്യനാൾ സംഭവിക്കുകയില്ല.’ അങ്ങനെ തിരുമേനി ﷺ പറഞ്ഞു: ‘ദുഖാൻ, ദജ്ജാൽ...’’ (മുസ്‌ലിം).

ജനങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കുവാനായി അയാളിൽ മറ്റു മനുഷ്യർക്കില്ലാത്ത ചില കഴിവുകൾ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ദജ്ജാലിനെ അനുധാവനം ചെയ്യുന്നതിൽനിന്ന് നബി ﷺ സമുദായത്തെ വിലക്കി. അവന്റെ സൃഷ്ടിപരവും സ്വഭാവപരവുമായ പ്രത്യേകതകൾ വിവരിച്ച് അവൻ തികഞ്ഞ പരീക്ഷണമാണെന്ന് ഉണർത്തുകയും അവനിൽനിന്നുള്ള രക്ഷാമാർഗങ്ങൾ സമുദായത്തെ പഠിപ്പിക്കുകയും ചെയ്തു.

നബി ﷺ മസീഹുദ്ദജ്ജാലിന്റെ ശാരീരിക പ്രത്യകതളെ കുറിച്ച് വിശദീകരിച്ച ഏതാനും ഹദീസുകൾ കാണുക:

നവ്വാസിബ്‌നു സംആനി(റ)ൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “നിശ്ചയം, അവൻ യുവാവാണ്. നന്നായി ജടകുത്തിയ മുടിയുള്ളവനാണ്. ഞാൻ അയാളെ സാദൃശ്യപ്പെടുത്തുന്നത് അബ്ദുൽഉസ്സാ ഇബ്‌നുക്വത്വനോടാണ്’’ (മുസ്‌ലിം).

ഉബാദതുബ്‌നുസ്വാമിതി(റ)ൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “നിശ്ചയം, മസീഹുദ്ദജ്ജാൽ കുറിയവനും വളഞ്ഞ കാലുകളുള്ളവനും ജടകുത്തിയ മുടിയുള്ളവനും ഒറ്റക്കണ്ണനും കണ്ണിന്റെ (കാഴ്ച) മായ്ക്കപ്പെട്ടവനുമായ വ്യക്തിയാണ്. ആ കണ്ണ് പുറത്തേക്ക് ഉന്തിനിൽക്കുന്നതോ കുഴിഞ്ഞിരിക്കുന്നതോ അല്ല...’’ (അബൂദാവൂദ്).

ഹുദയ്ഫ(റ)യിൽനിന്നും നിവേദനം, നബി ﷺ പറഞ്ഞു: “ദജ്ജാൽ ഇടതുകണ്ണിന് കാഴ്ചയില്ലാത്തവനും ധാരാളമായി മുടിയുള്ളവനുമാണ്...’’ (മുസ്‌ലിം).

അനസി(റ)ൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “നിശ്ചയം, അവന്റെ ഇരുകണ്ണുകൾക്കിടയിൽ കാഫിർ എന്ന് എഴുതപ്പെട്ടിട്ടുണ്ട്’’ (മുസ്‌ലിം).

ഹുദയ്ഫ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരംകൂടി വന്നിട്ടുണ്ട്: “...എല്ലാ മുഅ്മിനും അത് വായിക്കും; എഴുത്തറിയുന്നവനാകട്ടെ എഴുത്തറിയാത്തവനാകട്ടെ’’ (മുസ്‌ലിം).

മസീഹുദ്ദജ്ജാൽ നബി ﷺയുടെ ജീവിത നാളിൽതന്നെ ഉണ്ടായിരുന്നു എന്നതും അവൻ ഒരു ദ്വീപിൽ തടയപ്പെട്ടവനായിരുന്നു എന്നതും സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടതാണ്. തമീമുദ്ദാരി(റ)യുടെ കഥയുടെ വിഷയത്തിൽ ഫാത്വിമ ബിൻത് ക്വയ്‌സി(റ)ൽനിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ക്വിസ്സ്വതു ജസ്സാസ(ജസ്സാസയുടെ കഥ)യിൽ ദജ്ജാൽ ഇപ്രകാരം പറഞ്ഞതായി കാണാം:

“നിശ്ചയം, ഞാൻ എന്നെക്കുറിച്ച് നിങ്ങളോട് പറയുന്നു: തീർച്ചയായും ഞാനാകുന്നു അൽമസീഹ്. എനിക്ക് പുറപ്പെടുന്നതിന് അനുവാദം നൽകപ്പെടുവാനും ഞാൻ പുറപ്പെടുവാനും ആയിരിക്കുന്നു. ഞാൻ ഭൂമിയിൽ സഞ്ചരിക്കും. നാൽപത് നാളുകളിലായി ഞാൻ ചെന്നിറങ്ങാതെ യാതൊരു ഗ്രാമവും ഞാൻ ഉപേക്ഷിക്കുകയില്ല. മക്കയും മദീനയുമൊഴിച്ച്; അവരണ്ടും എനിക്ക് നിഷിദ്ധമാക്കപ്പെട്ടവയാണ്. അവ രണ്ടിലൊന്നിൽ ഞാൻ പ്രവേശിക്കാൻ ഉദ്ദേശിക്കുമ്പോഴെല്ലാം ഒരു മലക്ക് ഊരിപ്പിടിച്ച വാളുമായി എന്നെ അഭിമുഖീകരിക്കുകയും അതിൽനിന്ന് എന്നെ തടുക്കുകയും ചെയ്യും. നിശ്ചയം, അതിലെ ഓരോ മലമ്പാതയിലും അതിനെ കാക്കുന്നതായ മലക്കുകളുണ്ടായിരിക്കും’’ (മുസ്‌ലിം).

എന്നാൽ ഖേദകരമെന്നു പറയട്ടെ, ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ ഒരധ്യായത്തിന് ക്വിസ്സ്വതുൽജസ്സാസ എന്ന് പേരുനൽകുകയും അതിനു കീഴിൽ തമീമുദ്ദാരിയുടെ ഈ ഹദീസ് കൊണ്ടുവരികയും ചെയ്തതിനെ ദുർബല ഹദീസിന്റെ ഗണത്തിൽ പെടുത്തിയും മറ്റും വിമർശിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവരും മുസ്‌ലിംകളുടെ കൂട്ടത്തിലുണ്ട്. എന്നാൽ വിധിവൈപരീത്യം എന്നും പറയാം, നമസ്‌കാരത്തിലെ അത്തഹിയ്യാത്തിൽ മസീഹുദ്ദജ്ജാലിന്റെ ഫിത്‌നയെ തൊട്ട് അല്ലാഹുവിനോട് ഇവർ കാവലിനെ തേടുകയും ചെയ്യുന്നു. അന്ധത ബാധിച്ചതാണോ അതോ അന്ധത നടിക്കുകയാണോ ഇക്കൂട്ടർ എന്നറിയില്ല. ഏതായിരുന്നാലും ഇസ്‌ലാമിക പ്രമാണങ്ങളെ നിഷേധിക്കുകയും വിമർശിക്കുകയും ചെയ്ത് ജീവിക്കുന്നവർക്ക് പരലോകത്ത് എന്ത് ഓഹരിയാണ് ലഭിക്കുക എന്നതിനെപ്പറ്റി ആലോചിച്ചാൽ നന്ന്.

ഏതായിരുന്നാലും, വിശ്വാസികളെ സംബന്ധിച്ചിടത്തോളം മസീഹുദ്ദജ്ജാൽ കാലങ്ങളായി ദുൻയാവിലുണ്ടെന്നും അവൻ ഒരു ദ്വീപിൽ തടയപ്പെട്ടിരിക്കുകയാണെന്നും അവന് വരാൻ സമയമായാൽ അവൻ ജനങ്ങളിലേക്ക് വരികയും ലോകം മുഴുവൻ സഞ്ചരിക്കുകയും ജനങ്ങളെ അവൻ അവന്റെ ഫിത്‌നയിൽ അകപ്പെടുത്തുകയും ചെയ്യുമെന്നും അവർ വിശ്വസിക്കേണ്ടതുണ്ട്.

നവ്വാസുബ്‌നു സംആനി(റ)ൽനിന്നുള്ള നിവേദനത്തിൽ ദജ്ജാലിന്റെ വിഷയത്തിൽ സ്വഹാബത്തിന്റെ ചോദ്യങ്ങളും നബി ﷺയുടെ മറുപടിയും ഫിത്‌നയെക്കുറിച്ചുള്ള അനുസ്മരണവും ഇപ്രകാരമാണ് ഉള്ളത്:

“അല്ലാഹുവിന്റെ ദൂതരേ, ഭൂമിയി ൽ അവന്റെ താമസം എത്രയാണ്?’’

തിരുമേനി ﷺ പറഞ്ഞു: “നാൽപത് നാളുകളാണ്. ഒരു ദിവസം ഒരു വർഷത്തെപ്പോലെയാണ്. ഒരു ദിവസം ഒരു മാസത്തെപ്പോലെയാണ്. ഒരു ദിവസം ഒരാഴ്ച പോലെയാണ്. മറ്റു ദിവസങ്ങൾ നിങ്ങളുടെ (സാധാരണ) ദിവസങ്ങൾ പോലെയാണ്.’’

ഞങ്ങൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു വർഷത്തെപ്പോലെ ദൈർഘ്യമുള്ള ആ ദിവസത്തിൽ ഞങ്ങൾക്ക് ഒരു ദിവസത്തെ നമസ്‌കാരം മതിയാകുമോ?’’

നബി ﷺ പറഞ്ഞു: “മതിയാകില്ല. നിങ്ങൾ ഒരു ദിവസത്തിന്റെ തോത് അതിൽ കണക്കാക്കുക.’’

ഞങ്ങൾ ചോദിച്ചു: “ഭൂമിയിൽ അവന്റെ വേഗത എത്രയാണ്?’’

നബി ﷺ പറഞ്ഞു: “കാറ്റ് കൊണ്ടുവരുന്ന മഴയെപോലെയാണ്. അവൻ ഒരു ജനവിഭാഗത്തിന് അടുത്തുവരികയും അവരെ ക്ഷണിക്കുകയും അതോടെ അവർ അവനിൽ വിശ്വസിക്കുകയും അവന് ഉത്തരമേകുകയും ചെയ്യും. അവൻ ആകാശത്തോട് (മഴപെയ്യിക്കുവാൻ) കൽപിക്കും. അതോടെ ആകാശം മഴപെയ്യിക്കും. ഭൂമിയോട് (സസ്യലതാതികൾ മുളപ്പിക്കുവാൻ) കൽപിക്കും. അതോടെ (ഭൂമി സസ്യലതാതികളെ) മുളപ്പിക്കും. അവരുടെ കാലികൾ ഉയർന്ന പൂഞ്ഞകളുമായി, പാലുചുരത്തുന്ന അ കിടുകളുമായി, നിറഞ്ഞ വയറുകളുമായി വൈകുന്നേരം അവരിലേക്ക് (കൂടണയാൻ) വരും. ദജ്ജാൽ (മറ്റൊരു) ജനവിഭാഗത്തിലേക്ക് വരികയും അവരെ ക്ഷണിക്കുകയും ചെയ്യും. അവർ അവന്റെ ക്ഷണം തിരസ്‌കരിക്കും. അതോടെ അവൻ അവരിൽനിന്ന് പിരിഞ്ഞുപോകും. അവർ വരൾച്ച ബാധിച്ചവരായി പ്രഭാതത്തിൽ പ്രവേശിക്കും. അവരുടെ കയ്യിൽ അവരുടെ സ്വത്തുക്കളൊന്നും ശേഷിക്കുകയില്ല. കൃഷിയിടത്തിൽ ദജ്ജാൽ നടക്കും. അതിനോട് പറയും: ‘നീ നിന്റെ നിധി പുറത്തെടുക്ക്.’ അപ്പോൾ തേനീച്ചക്കൂട്ടം കണക്കെ അതിലെ നിധി അവനെ പിന്തുടരും.

പിന്നീട് യൗവനം തുടുത്ത ഒരു യുവാവിനെ അവൻ ക്ഷണിച്ചുവരുത്തി വാളുകൊണ്ട് വെട്ടുകയും രണ്ടാക്കി മുറിച്ച് കണ്ണെത്തും ദൂരം ഇടുകയും ചെയ്യും. ശേഷം അവൻ ആ യുവാവിനെ വിളിക്കും. അപ്പോൾ പ്രസന്നവദനനായി, ചിരിതൂകി ആ യുവാവ് മുന്നിട്ടുവരും...’’ (മുസ്‌ലിം).

അബൂഉമാമ(റ)യിൽനിന്നുള്ള നിവേദനത്തിൽ ദജ്ജാലിന്റെ ഫിത്‌നയുടെ വിഷയം ഇപ്രകാരമാണ് ഉള്ളത്; “നിശ്ചയം, അവന്റെ ഫിത്‌നയിൽ പെട്ടതാണ് അവൻ ഒരു അഅ്‌റാബിയോട് (ഇങ്ങനെ) പറയുക എന്നത്: ‘നിനക്ക് നിന്റെ മാതാപിതാക്കളെ ജീവിപ്പിച്ചുതന്നാൽ ഞാൻ നിന്റെ റബ്ബാണെന്നതിന് നീ സാക്ഷ്യം വഹിക്കുമോ?’’ അപ്പോൾ അഅ്‌റാബി പറയും: ‘അതെ.’ അതോടെ രണ്ടു പിശാചുക്കൾ അയാളുടെ മാതാപിതാക്കളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും അവർ പറയുകയും ചെയ്യും: ‘മകനേ, നീ അവനെ പിൻപറ്റുക. നിശ്ചയം, അവൻ നിന്റെ റബ്ബാണ്’’ (ഇബ്‌നുമാജ).

അബൂസഈദി(റ)ൽനിന്നുള്ള നിവേദനത്തിൽ ദജ്ജാലിന്റെ ഫിത്‌നയുടെ വിഷയം ഇപ്രകാരമാണ് ഉള്ളത്: “ദജ്ജാൽ വരും. അവനാകട്ടെ മദീനയുടെ വഴികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടവനാണ്. അതിനാൽ മദീനയോട് ചേർന്ന ചതുപ്പുസ്ഥലങ്ങളിൽ അവൻ ചെന്നിറങ്ങും. അന്നാളിൽ ജനങ്ങളിൽ ശ്രേഷ്ഠനായ ഒരാൾ ദജ്ജാലിലേക്ക് പുറപ്പെട്ടു ചെല്ലും. അദ്ദേഹം പറയും: ‘അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് വൃത്താന്തമോതിയ ദജ്ജാലാണ് നീ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.’ അപ്പോൾ ദജ്ജാൽ തന്നോടൊപ്പമുള്ള ജനാവലിയോട് പറയും: ‘ഈ വ്യക്തിയെ ഞാൻ വധിക്കുകയും ശേഷം ജീവിപ്പിക്കുകയും ചെയ്താൽ (ഞാൻ റബ്ബാണെന്ന) വിഷയത്തിൽ നിങ്ങൾ സംശയിക്കുമോ?’ അവർ പറയും: ‘ഇല്ല.’ അതോടെ ദജ്ജാൽ അയാളെ കൊല്ലുകയും ശേഷം ജീവിപ്പിക്കുകയും ചെയ്യും.’’

മറ്റൊരു നിവേദനത്തിൽ ‘ദജ്ജാൽ വാളുകൊണ്ട് വെട്ടുകയും വിദൂരത്തേക്ക് രണ്ടു കഷ്ണമായി മുറിച്ചിടുകയും ചെയ്യും. ശേഷം അയാളെ വിളിക്കും. അപ്പോൾ അയാൾ പ്രസന്നവദനനായി ചിരിതൂകി മുന്നിട്ടുവരും’”എന്നാണുള്ളത്. അയാൾ പറയും: ‘അല്ലാഹുവാണെ, നിന്നെക്കുറിച്ച് ഇപ്പോൾ എനിക്കുള്ള തികഞ്ഞ ഉൾക്കാഴ്ച മുമ്പൊരിക്കലും എനിക്കുണ്ടായിരുന്നില്ല’ (ബുഖാരി).

മനുഷ്യന്റെ വിശ്വാസത്തെ തകർക്കുകയും അങ്ങനെ അവൻ ചെയ്ത സൽകർമങ്ങളെ നിഷ്ഫലമാക്കുകയും നരകത്തിന്റെ അവകാശിയാക്കിത്തീർക്കുകയും ചെയ്യുന്ന ദജ്ജാലിന്റെ ഫിത്‌ന ഏറ്റവും വലിയ ഫിത്‌നയാണെന്നു പറയേണ്ടതില്ലല്ലോ. ആ ഫിത്‌നയിൽനിന്നും രക്ഷതേടുകയാണ് ഏറ്റവും പ്രാധാന്യമുള്ള ആരാധനയായ നമസ്‌കാരത്തിലൂടെ നാം ചെയ്യുന്നത്.