തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 മെയ് 28, 1442 ശവ്വാൽ 26

2. ക്വബ്ർ ശിക്ഷയിൽനിന്നുള്ള കാവൽ

മരണപ്പെട്ട മനുഷ്യന് ക്വബ്‌റിൽ രക്ഷയും ശിക്ഷയുമുണ്ട് എന്ന് നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സെയ്ദുബ്‌നുഥാബിതിൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “നിശ്ചയം, ഈ സമുദായം തങ്ങളുടെ ക്വബ്‌റുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് ഞാൻ ഭയന്നില്ലായിരിന്നുവെങ്കിൽ, ഞാൻ ക്വബ്‌റിൽനിന്ന് കേൾക്കുന്ന ക്വബ്‌റിലെ ശിക്ഷ നിങ്ങൾക്കുകൂടി കേൾപിക്കുവാൻ ഞാൻ അല്ലാഹുവോട് പ്രാർഥിക്കുമായിരുന്നു’’ (മുസ്‌ലിം).

ക്വബ്‌റിലേക്ക് മയ്യിത്തിനെ വെച്ചുകഴിഞ്ഞാൽ ആദ്യമായി ക്വബ്ർ ചെയ്യുന്നത് ആ മയ്യിത്തിനെ ഞെരുക്കുക എന്നതാണ്. നബി ﷺ പറഞ്ഞു: “ഒരാളെങ്കിലും ക്വബ്‌റിന്റെ ഇടുക്കത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നുവെങ്കിൽ തീർച്ചയായും സഅ്ദുബ്‌നുമുആദ് രക്ഷപ്പെടുമായിരുന്നു. നിശ്ചയം, ക്വബ്ർ ഒന്ന് ഇടുങ്ങി. ശേഷം അദ്ദേഹത്തിന് അയവ് ലഭിക്കുകയുണ്ടായി.’’

ആദ്യകാലത്ത്, അല്ലാഹുവിന്റെ തിരുദൂതർ ﷺ ക്ക് ഈ സമുദായം ക്വബ്‌റിൽവെച്ച് പരീക്ഷിക്കപ്പെടു മെന്നത് അറിയുമായിരുന്നില്ല. ശേഷമാണ് അല്ലാഹു അദ്ദേഹത്തിന് ആ വിഷയത്തിൽ വഹ്‌യ് നൽകിയത്. ഉർവത് ഇബ്‌നു സുബയ്ർ(റ) തന്റെ മാതൃസഹോദരി ആഇശ(റ)യിൽനിന്ന് നിവേദനം ചെയ്യുന്നു, അവർ പറഞ്ഞു:

“അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ അടുക്കലേക്ക് കടന്നുവന്നു. എന്റെ അടുക്കൽ ഒരു ജൂതസ്ത്രീ ഉണ്ടായിരുന്നു. അവർ പറയുന്നു: ‘നിങ്ങൾ (മുസ്‌ലിംകൾ) ക്വബ്‌റിൽ പരീക്ഷിക്കപ്പെടുമെന്നത് നിങ്ങൾക്ക് അറിയുമോ?’ അവർ (ആഇശ) പറയുന്നു: ‘അപ്പോൾ അല്ലാഹുവിന്റെ തിരുദൂതർ ﷺ ഭയപ്പെട്ടു. അവിടുന്ന് പറഞ്ഞു: ‘യഹൂദികൾ മാത്രമാണ് പരീക്ഷിക്കപ്പെടുന്നത്.’ ആഇശ(റ) പറയുന്നു: ‘ഏതാനും രാവുകൾ ഞങ്ങൾ കഴിച്ചുകൂട്ടി. ശേഷം അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു: നിനക്കറിയുമോ, തീർച്ചയായും നിങ്ങൾ ക്വബ്‌റിൽ പരീക്ഷിക്കപ്പെടുമെന്ന് എനിക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു.’ ആഇശ(റ) പറയുന്നു: ‘അതിൽപിന്നെ അല്ലാഹുവിന്റെ റസൂൽ(റ) ക്വബ്ർശിക്ഷയിൽനിന്നും രക്ഷക്ക് തേടുന്നതായി ഞാൻ കേൾക്കുമായിരുന്നു’’ (മുസ്‌ലിം).

ക്വബ്‌റിലെ പരീക്ഷണത്തിന്റെ കാഠിന്യവും ഗൗരവവും കണക്കിലെടുത്തു പ്രവാചകൻ ﷺ അത് സ്വഹാബികൾക്ക് അറിയിച്ചുകൊടുത്തിരുന്നു. ഒരിക്കൽ പ്രവാചകൻ ﷺ ആ വിഷയത്തിൽ ഖുതുബ നിർവഹിച്ചത് അസ്മാഅ് ബിൻത് അബൂബക്‌റി(റ)ൽനിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:

“അല്ലാഹുവിന്റെ റസൂൽ ﷺ ഒരു പ്രാസംഗികനായി എഴുന്നേറ്റുനിന്നു. അങ്ങനെ ഒരു മനുഷ്യൻ പരീക്ഷിക്കപ്പെടുന്ന ക്വബ്‌റിലെ പരീക്ഷണത്തെ അദ്ദേഹം അനുസ്മരിച്ചു. തിരുദൂതർ ﷺ അത് ഉണർത്തിയപ്പോൾ മുസ്‌ലിംകൾ ഒച്ചയുയർത്തി കരയുകയുണ്ടായി’’ (ബുഖാരി).

മസ്ജിദുന്നബവി തൂത്തുവാരി വൃത്തിയാക്കിയിരുന്ന ഒരു സ്ത്രീ നബി ﷺ യുടെ കാലത്തുണ്ടായി രുന്നു. അവർ മരണപ്പെട്ടു. അവരെ കാണാതിരുന്ന പ്രവാചകൻ ﷺ അവരെക്കുറിച്ച് തിരക്കി. രാത്രി സമയത്ത് അവർ മരണപ്പെട്ടുവെന്നും ഞങ്ങൾ അവരുടെ ജനാസ സംസ്‌കരിച്ചുവെന്നും നബി ﷺ യെ ഉറക്കമുണർത്തുന്നത് ഞങ്ങൾ വെറുത്തുവെന്നും അവർ തിരുമേനി ﷺ യോട് പറഞ്ഞു. നിങ്ങൾ എന്തു കൊണ്ട് എനിക്ക് വിവരം നൽകിയില്ല എന്ന് അവരെ ഗുണദോഷിച്ച നബി ﷺ ആ മഹതിയുടെ ക്വബ്ർ കാണിച്ചുതരുവാൻ അവരോടാവശ്യപ്പെട്ടു. ക്വബ്‌റിന്നരികിലെത്തിയ പ്രവാചകൻ ﷺ , ആ മഹതിക്കുവേണ്ടി ജനാസ നമസ്‌കരിച്ചു. ശേഷം പ്രവാചകൻ ﷺ പറഞ്ഞു: ‘തീർച്ചയായും ഈ ക്വബ്‌റുകൾ, അതിലുള്ളവരുടെമേൽ ഇരുട്ടിനാൽ നിറക്കപ്പെട്ടതാണ്. നിശ്ചയം, അല്ലാഹു എന്റെ നമസ്‌കാരത്തിനാൽ അവർക്ക് ക്വബ്‌റിടങ്ങളെ പ്രകാശമയമാക്കി നൽകും’’ (മുസ്‌ലിം).

വളരെ കഠിനവും ദുഷ്‌കരവും പ്രയാസമേറിയതുമാണ് ക്വബ്‌റിലെ ശിക്ഷ. അനസി(റ)ൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “ക്വബ്‌റിനോളം ദുഷ്‌കരവും കഠിനവുമായ ഒരു ദൃശ്യം ഒരിക്കലും ഞാൻ കണ്ടിട്ടില്ല’’ (തിർമുദി).

ബർസഖിലെ ശിക്ഷയെക്കുറിച്ച് പ്രവാചകൻ ﷺ സ്വഹാബത്തിന് വിശദീകരിച്ച് നൽകുന്ന ഹദീസ് കാണുക:

സമുറതുബ്‌നു ജുൻദുബി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “നബി ﷺ തന്റെ അനുയായികളോട് കൂടുതലായി ചോദിക്കുന്ന കാര്യം ഇതായിരുന്നു: ‘നിങ്ങളിലാരെങ്കിലും വല്ല സ്വപ്നവും കണ്ടിരുന്നോ?’ അപ്പോൾ അല്ലാഹു ഉദ്ദേശിച്ചവരെല്ലാം അവിടുത്തോട് സ്വപ്നത്തിന്റെ കഥ പറയും. ഒരു ദിവസം രാവിലെ അവിടുന്ന് ഞങ്ങളോട് പറഞ്ഞു: ‘രാത്രി രണ്ടുപേർ എന്റെയടുക്കൽ വന്നു. അവർ എന്നെ കൊണ്ടുപോയി. അവർ എന്നോട് പറഞ്ഞു: ‘വരൂ.’ ഞാൻ അവരുടെ കൂടെ പോയി. കിടക്കുന്ന ഒരാളുടെ അരികിൽ ഞങ്ങൾ ചെന്നു. മറ്റൊരുത്തൻ ഒരു പാറക്കല്ലുമായിട്ടതാ അവന്റെയടുക്കൽ നിൽക്കുന്നു. അയാൾ ആ കല്ലുകൊണ്ട് കുനിഞ്ഞുനിന്ന് കിടക്കുന്നയാളുടെ തല എറിഞ്ഞുചതയ്ക്കുകയാണ്. കല്ല് ഉരുണ്ടുപോകുന്നു. കല്ലിനെ പിൻതുടർന്ന് പിന്നെയും അയാൾ അതെടുക്കുന്നു. അയാൾ (കല്ലുമായി), കിടക്കുന്ന ആളുടെ അരികിലെത്തുമ്പോഴേക്ക് അയാളുടെ തല പഴയപോലെയായിട്ടുണ്ടായിരിക്കും. വീണ്ടും അതുപോലെ അയാൾ ചെയ്യുന്നു. ആദ്യം ചെയ്തതുപോലെ വീണ്ടും ഞാൻ കൂടെയുള്ള രണ്ടുപേരോടും ചോദിച്ചു: ‘സുബ്ഹാനല്ലാഹ്. ഇവർ രണ്ടുപേരും ആരാണ്?’ അവർ പറഞ്ഞു: ‘നടക്കൂ.’ ഞങ്ങൾ നടന്നു. അങ്ങനെ പിരടികുത്തി മലർന്നുകിടക്കുന്ന ഒരാളുടെയടുക്കലെത്തി. മറ്റൊരാളതാ ഇരുമ്പിന്റെ കൊക്കവടിയുമായി നിൽക്കുന്നു. അയാൾ അതുകൊണ്ട് മറ്റവന്റെ മുഖത്തിന്റെ ഒരു ഭാഗത്ത് കവിൾ മുതൽ പിരടിവരെ പിളർക്കുന്നു. പിന്നെ മറുഭാഗത്തേക്ക് മാറിനിന്ന് ആദ്യഭാഗത്ത് ചെയ്തതുപോലെയൊക്കെ ചെയ്യുന്നു. ഒരു ഭാഗത്തുനിന്ന് മറ്റേ ഭാഗത്തേക്ക് മാറുമ്പോഴേക്ക് ആദ്യഭാഗം മുമ്പത്തെപ്പോലെയായിത്തീരു ന്നു. ആദ്യം ചെയ്തതുപോലെ ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ ചോദിച്ചു: ‘സുബ്ഹാനല്ലാഹ്! ഇവർ രണ്ടുപേരും ആരാണ്?’ അവർ പറഞ്ഞു: ‘നടക്കൂ.’ അങ്ങനെ ഞങ്ങൾ ചൂളപോലെയുള്ള ഒന്നിന്റെയടുക്കലെത്തി. ഞങ്ങൾ അതിലേക്ക് എത്തിനോക്കി. അതിൽ നഗ്നരായ സ്ത്രീപുരുഷന്മാരാണ്. അവരുടെ അടിഭാഗത്തുനിന്ന് തീ അവരുടെ നേർക്ക് വരുന്നു. അപ്പോൾ അവർ അട്ടഹസിക്കുന്നു. ഞാൻ ചോദിച്ചു: ‘ഇവരാരാണ്?’ അവർ പറഞ്ഞു: ‘പോകാം, പോകാം.’ അങ്ങനെ ഞങ്ങൾ നടന്നു. രക്തംപോലെ ചുവന്ന ഒരു നദിയുടെ അരികിലെത്തി. അതിലതാ ഒരാൾ നീന്തുന്നു. പുഴക്കരയിൽ മറ്റൊരാളുണ്ട്. അയാളുടെയടുത്ത് ധാരാളം കല്ലുകൾ കൂട്ടിവെച്ചിരിക്കുന്നു. നീന്തുന്നയാൾ കുറേ നീന്തി കല്ലു കൂട്ടിവെച്ചതിനരികിലെത്തുന്നു. എന്നിട്ട് വാ തുറക്കുന്നു. അപ്പോൾ മറ്റെയാൾ ഒരു കല്ല് വായിലേക്ക് ഇട്ടുകൊടുക്കുന്നു. അവൻ നീന്തിപ്പോകുന്നു. പിന്നെയും മടങ്ങിവരുന്നു. മടങ്ങിവരുമ്പോഴെല്ലാം വാ തുറക്കുന്നു. കല്ലിട്ടുകൊടുക്കുകയും ചെയ്യുന്നു. ഞാൻ ചോദിച്ചു: ‘ഈ രണ്ടുപേർ ആരാണ്?’ അവർ പറഞ്ഞു: ‘പോകാം, പോകാം.’ ഞങ്ങൾ നടന്നു. കാഴ്ചയിൽ വെറുപ്പ് തോന്നിക്കുന്ന ഒരാളുടെ അരികിലെത്തി. നിങ്ങൾ അത്രക്കു വെറുപ്പ് തോന്നിക്കുന്ന ഒരാളെയും കണ്ടിരിക്കുകയില്ല. അയാളുടെ അരികിലതാ തീ. അയാൾ അത് കത്തിക്കുകയും ചുറ്റും ഓടുകയും ചെയ്യുന്നു. ഞാൻ ചോദിച്ചു: ‘ഇത് ആരാണ്?’ അവർ പറഞ്ഞു: ‘പോകാം. പോകാം...’ അവർ പറഞ്ഞു: ‘ഞങ്ങൾ പറഞ്ഞുതരാം. നീ ആദ്യം കണ്ട കല്ലുകൊണ്ട് തല ചതക്കപ്പെടുന്ന ആ മനുഷ്യൻ ക്വുർആൻ ലഭിച്ചിട്ടും അതിനെ തള്ളിക്കളയുകയും നിർബന്ധ നമസ്‌കാരങ്ങൾ നിർവഹിക്കാതെ കിടന്നുറങ്ങുകയും ചെയ്തവനാണ്. കവിളും മൂക്കും കണ്ണും പിരടിവരെ വലിച്ചുകീറപ്പെടുന്ന മനുഷ്യൻ, രാവിലെ വീട്ടിൽനിന്നു പുറപ്പെടുന്നതുമുതൽ കളവു പറഞ്ഞുനടക്കുന്നവനായിരുന്നു. അതും ചക്രവാളത്തെ പിളരുമാറുള്ള കളവുകൾ. ചൂളപോലുള്ളതിൽ നഗ്നരായിക്കണ്ട സ്ത്രീപുരുഷന്മാർ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. നദിയിൽ നീന്തുകയും കല്ല് വിഴുങ്ങുകയും ചെയ്യുന്നതായിക്കണ്ടവൻ പലിശമുതൽ തിന്നവനാണ്. തീയിനരികിൽ അതു കത്തിക്കുകയും ചുറ്റും ഓടുകയും ചെയ്യുന്നതായിക്കണ്ട, കാണാൻ വെറുപ്പുള്ളയാൾ നരകത്തിന്റെ സൂക്ഷിപ്പുകാരനാണ്...’’ (ബുഖാരി).

ക്വബ്‌റിലെ അനുഭവങ്ങൾ യാഥാർഥ്യമാണ്. അതിൽ യാതൊരു സംശയത്തിനും ഇടയില്ല. അതിൽ സംശയിക്കുകയും അതിനെ നിഷേധിക്കുകയും ചെയ്തവർ ഖവാരിജുകളിൽ പെട്ടവരും മുഅ്തസിലികളിൽ പെട്ടവരും മുർജിഅകളിൽ പെട്ടവരുമാണ്. എന്നാൽ അതിൽനിന്നും വ്യത്യസ്തമാണ് അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ വിശ്വാസം. ക്വബ്‌റിൽ രക്ഷയും ശിക്ഷയും ഉണ്ടെന്നും രാവിലെയും വൈകുന്നേരവും ക്വബ്‌റാളിക്ക് അവന്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് സ്വർഗവും നരകവും പ്രദർശിപ്പിക്കപ്പെടുമെന്നും പ്രമാണങ്ങളിൽ വന്നിട്ടുണ്ട്. ഇനിയും ഈ വിഷയത്തിൽ ധാരാളം തെളിവുകൾ ക്വുർആനിലും സുന്നത്തിലും നമുക്ക് കാണാവുന്നതാണ്. ദൈർഘ്യം ഭയന്ന് ഒരു സംഭവംകൂടി ഉദ്ധരിച്ച് ഈ ഭാഗം ഇവിടെ അവസാനിപ്പിക്കാം.

ഹാനിഅ്(റ) പറയുന്നു: “ഉസ്മാൻ(റ) ഒരു ക്വബ്‌റിന്നരികിൽ നിന്നാൽ അദ്ദേഹത്തിന്റെ താടി നനഞ്ഞൊലിക്കുവോളം കരയുമായിരുന്നു. അദ്ദേഹത്തോട് പറയപ്പെട്ടു: ‘സ്വർഗവും നരകവും നിങ്ങൾ ഓർക്കുന്നു; പക്ഷേ, നിങ്ങൾ കരയുന്നില്ല. എന്നാൽ ക്വബ്ർ കാണുമ്പോൾ നിങ്ങൾ കരയുന്നു?’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിശ്ചയം, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: ‘നിശ്ചയം, ക്വബ്ർ പരലോകത്തിന്റെ ഘട്ടങ്ങളിൽ ആദ്യത്തേതാകുന്നു. അതിൽനിന്ന് രക്ഷപ്പെട്ടാൽ ശേഷമുള്ളതെല്ലാം അതിനെക്കാൾ എളുപ്പമാണ്. അതിൽനിന്ന് രക്ഷപ്പെട്ടില്ലായെങ്കിൽ ശേഷമുള്ളതെല്ലാം അതിനെക്കാൾ അതികഠിനവുമാണ്’’ (തിർമുദി).

വിശ്വാസികൾ ക്വബ്ർ ജീവിതം സൗഖ്യം നിറഞ്ഞതാകണമെന്ന ആഗ്രഹമുള്ളതോടൊപ്പംതന്നെ അതിനുവേണ്ടി അതിന്റെതായ പ്രവർത്തനങ്ങൾ നടത്തുകയും വേണം. വിശ്വാസിയായ വിജയിയെ സംബന്ധിച്ചിടത്തോളം ക്വബ്‌റിന് ശേഷമുള്ളതെല്ലാം എളുപ്പവും അനുഗൃഹീതവുമായതിനാലാണ് അവൻ ക്വബ്‌റിൽവെച്ച് ‘രക്ഷിതാവേ, എനിക്ക് എന്റെ കുടുംബത്തിലേക്കും സമ്പത്തിലേക്കും മടങ്ങുവാൻ വേണ്ടി അന്ത്യനാൾ സംഭവിപ്പിക്കുന്നതിനെ പെട്ടെന്നാക്കേണമേ’ എന്ന് തേടുന്നത്. തനിക്ക് ആസ്വദിക്കുവാനുള്ള സ്വർഗീയ സുഖങ്ങൾ കാണിക്കപ്പെടുമ്പോഴാണ് ഈ തേട്ടം അവനിൽനിന്ന് ഉണ്ടാകുന്നത്.

എന്നാൽ അവിശ്വാസിയും പാപിയും ക്വബ്‌റിൽവെച്ച് നരകത്തിൽ തനിക്കുള്ള ശിക്ഷയും ക്ലേശപൂർണമായ ഭാവിയും കാണുമ്പോൾ, ക്വബ്‌റിൽ വേദനയേറിയ ശിക്ഷയിലായിട്ടും ‘രക്ഷിതാവേ, അന്ത്യനാൾ സംഭവിപ്പിക്കരുതേ’ എന്ന് കേണുവിളിക്കുന്നു. കാരണം, വരാൻപോകുന്ന ശിക്ഷ, അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കാൾ കഠിനവും വേദനയേറിയതുമാണ്. പരമകാരുണികൻ ക്വബ്‌റിലെ അന്ധകാരത്തിൽനിന്നും കാഠിന്യമുള്ള ശിക്ഷയിൽനിന്നും നമ്മെയെല്ലാം കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ.

(അവസാനിച്ചില്ല).