നവോത്ഥാനത്തിന്റെ ഇന്നലെകള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

നവോത്ഥാനത്തിന്റെ പിതൃത്വത്തെപ്പറ്റി മുസ്‌ലിം സംഘടനകള്‍ പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അതിന്റെ ചരിത്രത്തിന്റെ ഓര്‍മകളിലേക്ക് തിരിച്ചുപോകുന്നത് തീര്‍ച്ചയായും പ്രസക്തം തന്നെയാണ്. സാംസ്‌കാരിക നവോത്ഥാനത്തിന്റെയും മതപരമായ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും അലയൊലികള്‍ പല രാജ്യങ്ങളിലും പല കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. അവിടെയൊക്കെ പുതിയ പുതിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സമവാക്യങ്ങള്‍ മാറിമറിഞ്ഞു വന്നിട്ടുണ്ട്. ഒരിക്കലും പ്രതാപം നഷ്ടപ്പെടുകയില്ല എന്ന് ചിന്തിച്ചിരുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ശക്തികള്‍ അസ്തമിച്ചുപോയിട്ടുണ്ട്. ഒരിക്കലും പഴയ തലയെടുപ്പോടുകൂടി തിരിച്ചുവരില്ല എന്ന് ചിന്തിച്ചിരുന്ന പല സംസ്‌കാരങ്ങളും തിരിച്ചുവന്നിട്ടുമുണ്ട്. കാലം മാറിക്കൊണ്ടിരുന്നപ്പോള്‍ പലരും അധഃപതനത്തിന്റെ ആഴങ്ങളില്‍ പതിച്ചു, മറ്റു പലരും ഉത്ഥാനത്തിന്റെയും പുരോഗതിയുടെയും മുകളിലേക്ക് പോയി. എവിടെയും നീണ്ടകാലത്തെ സ്ഥിരത നമുക്ക് കാണാന്‍ കഴിയില്ല.

കേരളത്തില്‍ മുഹമ്മദ് നബി ﷺ യുടെ കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം വന്നിട്ടുണ്ട് എന്നാണ് ഭൂരിപക്ഷാഭിപ്രായം. കച്ചവടക്കാര്‍ മുഖേനയാണ് ഇസ്‌ലാമിക സന്ദേശം ഇവിടെ എത്തിയിട്ടുള്ളത്. ആരും ഇസ്‌ലാമിക പ്രബോധകന്മാരായി ഇവിടെ വന്നതായിരുന്നില്ല. അറിയപ്പെട്ടിടത്തോളം കൃത്യതയുള്ള ചരിത്രം വെച്ച് നോക്കുമ്പോള്‍ പ്രവാചകന്റെ കാലത്ത് പ്രവാചകനോ സ്വഹാബിമാരോ അയച്ച ഒരു പ്രബോധക വിഭാഗം ഇവിടെ വന്നിട്ടില്ല. എന്നാല്‍ അറബികള്‍ തങ്ങളുടെ വരണ്ട മരുഭൂമിയില്‍നിന്ന് പച്ചപ്പുകള്‍ തേടി കടലിന്റെ ഭീകരതകള്‍ താണ്ടിക്കൊണ്ട് പല നാടുകളിലും എത്തിച്ചേരുകയും അവിടങ്ങളിലുള്ള മനുഷ്യരുമായി ബന്ധപ്പെടുകയും അവരിലൂടെ നാഗരികതകളെപോലെ തന്നെ ധാര്‍മികമായ ചിന്തകളും കൈമാറ്റം ചെയ്യുവാന്‍ പറ്റുമോ എന്ന് ചിന്തിച്ചിട്ടുമുണ്ടായിരുന്നു.

അങ്ങനെ അവരെത്തിപ്പെട്ട ഒരു സ്ഥലമാണ് കേരളവും. കച്ചവടക്കാരായിക്കൊണ്ടാണ് അവരിവിടെ വന്നത്. കേരളത്തിന്റെ ഭൂവിഭവങ്ങള്‍ ഉപയോഗപ്പെടുത്തപ്പെടാതെയിരുന്നപ്പോള്‍ അതിനെ ഉപയോഗിക്കാനും അവ ആവശ്യമുള്ളിടത്തേക്ക് കൊണ്ടുപോകാനും പറ്റിയ നല്ല കച്ചവട മനഃസ്ഥിതിയുള്ള ആളുകള്‍ ഇവിടെ വന്ന് താമസമുറപ്പിച്ചു. അന്ന് കേരളത്തിലെ മത-സാംസ്‌കാരിക രംഗം വളരെ ദുരിതമയമായിരുന്നു. അയിത്തം, താഴ്ന്ന ജാതിക്കാര്‍ക്ക് മാന്യമായി ജീവിക്കാന്‍ പറ്റാത്ത ദുരവസ്ഥ, ഉയര്‍ന്ന ജാതിക്കാര്‍ താഴ്‌ന്ന ജാതിക്കാരുടെ നേരെ നോക്കിയാല്‍ പോലും താളിയിട്ട് കണ്ണ് കഴുകണം എന്ന് ചിന്തിക്കാന്‍ മാത്രം മനുഷ്യര്‍ അധഃപതിച്ച കാലം! ഈ സാഹചര്യത്തിലാണ് അറബിനാടുകളില്‍നിന്ന്  കച്ചവടക്കാര്‍ ഇവിടെ വരുന്നത്. അവര്‍ക്കിവിടെ തൊഴിലാളികളെ ആവശ്യമായിരുന്നു.  ഈ നാട്ടിലുള്ള പാവപ്പെട്ട മനുഷ്യരുടെ സഹകരണവും സഹായവും അവര്‍ക്കാവശ്യമായിരുന്നു; പ്രത്യേകിച്ചും കേരളത്തിന്റെ തീര പ്രദേശങ്ങളില്‍. അധമത്വത്തിന്റെ പടുകുഴിയില്‍ ജീവിച്ചിരുന്ന ആ സമൂഹത്തെ അറബികള്‍ മനുഷ്യരായിക്കണ്ടു.

‘നിങ്ങളുടെ മാതാപിതാക്കള്‍ ഒന്നാണ്. പല ഗോത്രക്കാരും വിഭാഗങ്ങളുമായി നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അല്ലാഹുവിനോടുള്ള ഭക്തിയും സ്‌നേഹവും കൊണ്ട് മാത്രമാണ് മനുഷ്യന്‍ ആദരണീയനായി മാറുക' എന്ന ക്വുര്‍ആന്‍ ദര്‍ശനത്തിന്റെ സമത്വസന്ദേശം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പുലര്‍ത്തുകയും ചെയ്യുന്നവരായിരുന്നു ഇസ്‌ലാമികാദര്‍ശം ഉള്‍ക്കൊണ്ട അറബ് സമൂഹം. അവരില്‍ ചിലരാണ് കച്ചവടക്കാരായത്. അവര്‍ തികഞ്ഞ മതബോധവും അറിവുമുള്ള ആളുകളായിരുന്നു എന്ന് സ്വയം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുരാതന കേരളീയര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു തുടങ്ങി.

തൊഴിലാളികളെ ഒപ്പമിരുത്തി ഒരു പാത്രത്തില്‍നിന്നും ഭക്ഷണം കഴിക്കുന്ന അറബ് നേതാക്കളും പണ്ഡിതന്‍മാരും കഫീലുമാരും ഇന്നും നമുക്ക് അപരിചിതമല്ല. സമത്വത്തിന്റെ മഹത്തായ പാരമ്പര്യം കണ്ട് ശീലിച്ചവരാണ് അറബികള്‍. നീഗ്രോ അടിമയായ ബിലാലി(റ)നെ പോലുള്ളവരെയും പേരുകേട്ട തറവാട്ടുകാരെയുമൊക്കെ ഒരുപോലെ കണ്ട, ഒപ്പമിരുത്തിയ, എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത പ്രവാചകന്‍ പകര്‍ന്നുനല്‍കിയ ജീവിത പാഠങ്ങളാണ് അനുയായികള്‍ പഠിച്ചത്. ആ അനുയായികളില്‍ ചിലരാണ് കച്ചവടക്കാരായത്. അവര്‍ മതത്തിന്റെ ആളുകളായിരുന്നു. അവര്‍ നാഗരികതയെ പറ്റി ചിന്തിക്കുന്നവരായിരുന്നു. ലോകത്തിന്റെ പല ഭാഗത്തുമുള്ള വിഭവങ്ങളെന്താണെന്ന് തിരഞ്ഞുനടക്കുന്നവരായിരുന്നു. അവരിവിടെ വന്നപ്പോള്‍ ഇവിടെയുള്ള അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരെ അവരെപ്പോലുള്ള മനുഷ്യരായിത്തന്നെ കണ്ടു. അവര്‍ക്കുവേണ്ടി കൂലിപ്പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികളെ അവര്‍ ഒപ്പമിരുത്തി അവരോടൊപ്പം ഭക്ഷണം കഴിച്ചു. കേരളക്കാര്‍ക്ക്, വിശിഷ്യാ അധഃസ്ഥിതരായി കഴിഞ്ഞുകൂടുന്ന കടലിന്റെ മക്കള്‍ക്ക് അതൊരു അത്ഭുതമായിരുന്നു. അന്യരാജ്യത്തുനിന്ന് കപ്പല്‍ മാര്‍ഗം ഇവിടെയെത്തിയ നല്ലവരായ ഈ മനുഷ്യര്‍ തങ്ങളെ ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിക്കുന്നു, അവര്‍ തങ്ങളോടൊപ്പം താമസിക്കാന്‍ തയ്യാറാകുന്നു. ഞങ്ങളെ തലോടുന്നു, തങ്ങള്‍ക്ക് കൈ തരുന്നു, സദുപദേശം നല്‍കുന്നു, തങ്ങളെ താഴ്‌ന്നവരായി കാണുന്നില്ല...!

അങ്ങനെ മാനവികതയുടെ ജീവിക്കുന്ന പ്രതിരൂപങ്ങളായി അറബികളെ കണ്ടപ്പോള്‍ ഇന്നാട്ടുകാര്‍ക്ക് ഇസ്‌ലാമിനോട് താല്‍പര്യം തോന്നി. തൊഴിലാളികളോടൊപ്പം തൊഴിലെടുക്കുന്ന, തൊഴിലാളികള്‍ക്ക് വേണ്ടി വിയര്‍ക്കുന്ന, അവരെ സ്‌നേഹിക്കുന്ന, അവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന, കൂലിക്ക് പുറമെ അവരുടെ ദൈന്യതകള്‍ കണ്ട് സകാത്തും സ്വദഖയും നല്‍കിക്കൊ ണ്ടിരിക്കുന്ന, തൊഴിലിന്റെ തിരക്കിലും മണല്‍പരപ്പില്‍ നിന്ന് നമസ്‌കാരമാകുന്ന പ്രാര്‍ഥന നിര്‍വഹിക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കുന്ന ആ നല്ല മനുഷ്യരെ കണ്ടപ്പോള്‍ ഇവരുടെ വര്‍ഗമേതായിരുന്നാലും ഇവര്‍ ഏത് നാട്ടുകാരായിരുന്നാലും ഇവര്‍ മന്യഷ്യത്വമുള്ളവരാണ്, ഇവരുടെ ആദര്‍ശം അത്യുന്നതമാണ് എന്ന് സ്വയം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മലയാളികള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു തുടങ്ങി. അങ്ങനെയാണ് കേരളത്തില്‍ ഇസ്‌ലാം മതത്തിന് അനുയായികള്‍ ഉണ്ടാകുന്നത്. അല്ലാതെ ആരെങ്കിലും അന്യനാട്ടില്‍നിന്ന് വാളുമായി വന്ന് വെട്ടിപ്പിടിച്ചുണ്ടാക്കിയതല്ല. ലോകത്തെവിടെയും അങ്ങനെ സംഭവിച്ചിട്ടില്ല.

‘മതത്തില്‍ ബലാല്‍ക്കാരമില്ല' എന്ന ക്വുര്‍ആനിന്റെ പ്രഖ്യാപനം ആദര്‍ശം അടിച്ചേല്‍പിക്കുന്നതിന് എതിരാണ്. ഒരാളെപ്പോലും മതത്തിലേക്ക് നിര്‍ബന്ധിക്കരുത്. കണ്ടും കേട്ടും മനസ്സിലാക്കി ബോധ്യപ്പെട്ട ശേഷം വേണമെങ്കില്‍ സ്വീകരിക്കാം; അത്രമാത്രം. ഇതിനു വിപരീതമായുള്ള പ്രചാരണം ചരിത്ര ധ്വംസനമാണ്, ചരിത്ര വസ്തുതകള്‍ക്കെതിരിലുള്ള കടന്നുകയറ്റമാണ്.

അറബികള്‍ പലരും ഇവിടെ താമസമാക്കി. അതോടൊപ്പം ഇസ്‌ലാമിക ജീവിതം അവര്‍ ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തു. അതുമുഖേന ഇസ്‌ലാമിന്റെ സന്ദേശം താനെ നടന്നുവന്നു. പ്രാര്‍ഥന നിര്‍വഹിക്കുവാനുള്ള തക്വിയ്യാവുകളുണ്ടായി. പിന്നീടത് സ്രാമ്പികളും പള്ളികളുമായി. ഇസ്‌ലാമിന്റെ വെളിച്ചം പരന്നുതുടങ്ങി. അതിന്റെ വെളിച്ചത്തില്‍, അധഃസ്ഥിതവിഭാഗം ശാന്തിയും സമാധാനവും സുരക്ഷിതത്വവും കണ്ടെത്തി. ഇതെല്ലാം കണ്ടപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലും വിസ്മയം ജനിച്ചു. ഇക്കൂട്ടര്‍ പിന്തുടരപ്പെടേണ്ടവരാണെന്ന് അവര്‍ക്കും തോന്നി.

അറബികളുടെ വരവിനുശേഷം നൂറ്റാണ്ടുകളോളം അന്തസ്സും അഭിമാനവുമുള്ള അസ്തിത്വമായിരുന്നു മുസ്‌ലിംകള്‍ക്ക് ഇവിടെയുണ്ടായിരുന്നത്. ക്രിസ്തുവര്‍ഷം 5ാം നൂറ്റാണ്ടിന്റെയും 15ാം നൂറ്റാണ്ടിന്റെയും ഇടയിലുള്ള കാലം പരിശോധിച്ചാലറിയാം; ഇവിടുത്തെ നാട്ടുരാജാക്കന്മാരും നാട്ടുമുഖ്യന്‍മാരും പ്രമാണിമാരുമെല്ലാം മുസ്‌ലിംകളില്‍ വിശ്വാസമര്‍പ്പിച്ചവരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ മുസ്‌ലിംകളെ വിശ്വസ്തന്മാരായ പടയാളികളും സേവകരുമായി നിയോഗിച്ചിരുന്നു. അവരില്‍ പലരുടെയും രഹസ്യസൂക്ഷിപ്പുകാരും മുസ്‌ലിംകളായിരുന്നു. തൊഴിലുടമകള്‍ ആരായിരുന്നാലും അവരെ ചതിക്കുവാന്‍ മുസ്‌ലിംകള്‍ തയ്യാറായിരുന്നില്ല. ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തോട് കൂറും സ്‌നേഹവുമുള്ളവരാണ് മുസ്‌ലിംകള്‍. അതുകൊണ്ടാണ് അവര്‍ മറ്റുള്ളവരെക്കാള്‍ പരിഗണിക്കപ്പെട്ടത്.

പോര്‍ച്ചുഗീസുകാര്‍ ഇവിടെ ആധ്യപത്യമുറപ്പിക്കാന്‍ വന്നപ്പോള്‍ സാമൂതിമാര്‍ക്കു കീഴില്‍ അണിനിരന്ന് പ്രതിരോധിക്കുവാന്‍ മുന്നില്‍ നിന്നത് മുസ്‌ലിംകളായിരുന്നു. അവര്‍ ജന്മനാടിനു വേണ്ടി ജീവന്‍ ബലിനല്‍കാന്‍ തയ്യാറായിരുന്നു. ഇത് പോര്‍ച്ചുഗീസുകാര്‍ തിരിച്ചറിഞ്ഞു. രാജ്യത്തോട് ഇത്രമാത്രം സ്‌നേഹവും തുല്യതയില്ലാത്ത ധീരതയും പോരാട്ടവീര്യവും മുസ്‌ലിംകളില്‍ നിലനില്‍ക്കുന്നതിന്റെ കാരണം അവരുടെ ആദര്‍ശമാണെന്നു മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ ഇസ്‌ലാമെന്ന ആശയത്തെ തകര്‍ക്കുക എന്നതാക്കി തങ്ങളുടെ പ്രധാന ലക്ഷ്യം. അതിനായി മുസ്‌ലിംകളെയും നാട്ടുരാജാക്കന്മാരെയും തമ്മിലടിപ്പിക്കുവാനും ശത്രുക്കളാക്കുവാനുമുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി.

പിന്നീട് ഫ്രഞ്ചുകാരും ഡച്ചുകാരുമൊക്കെ ഇവിടെ വന്നിട്ടുണ്ട്. അവസാനമായി ബ്രീട്ടീഷുകാര്‍ വന്നു. അവരൊക്കെ മനസ്സിലാക്കിയത് മുസ്‌ലിംകളെ തകര്‍ക്കാതെ തങ്ങള്‍ക്കിവിടെ നിലനില്‍പില്ല എന്നാണ്. എങ്ങനെയെങ്കിലും, ആരെയൊക്കെ കൂട്ടുപിടിച്ചിട്ടാണെങ്കിലും മുസ്‌ലിംശക്തി ക്ഷയിപ്പിക്കണം, അല്ലാതെ തങ്ങളുടെ അധിനിവേശ താല്‍പര്യങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് ഇവരൊക്കെയും തീര്‍ച്ചപ്പെടുത്തി.  

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രം ബ്രിട്ടീഷുകാരും പയറ്റിനോക്കി. പ്രഭുക്കന്മാരെയും നാട്ടുരാജാക്കനമാരെയും മുസ്‌ലിംകള്‍ക്കെതിരില്‍ അവര്‍ തിരിച്ചുവിട്ടു. അത് മുസ്‌ലിംകള്‍ക്ക് വലിയ പ്രയാസമുണ്ടാക്കി.

നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഇവിടെ ഇസ്‌ലാം വേരുറച്ചുവെങ്കിലും ശരിയായ രൂപത്തിലുള്ള ഇസ്‌ലാമിക പഠനം ഇവര്‍ക്ക് സാധ്യമായിരുന്നില്ല. അറബികളെ കണ്ട് ഇസ്‌ലാം സ്വീകരിച്ചുവെങ്കിലും പഴയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മറ്റു പല ജീര്‍ണതകളും അവരില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ക്വുര്‍ആനും സുന്നത്തും പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള സാഹചര്യത്തിന്റെ അഭാവം ഇതിന് വളം നല്‍കി. ബ്രിട്ടീഷുകാരുടെ രാഷ്ട്രീയമായ അധീശത്വവും മതരംഗത്തുള്ള ജീര്‍ണതകളും മുസ്‌ലിംകളുടെ തകര്‍ച്ചക്കും അവര്‍ പീഡനങ്ങള്‍ക്കിരകളാക്കപ്പെടുന്നതിനും കാരണമായി.

ഏഴ് നൂറ്റാണ്ടുകാലം മുഗിളന്മാര്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ അധിക ഭരണാധികാരികളും ഇസ്‌ലാമിന്റെ വളര്‍ച്ചക്കായി കാര്യമായി ഒന്നും ചെയ്തുകാണുന്നില്ല. വലിയ വലിയ സ്മാരകങ്ങളും മണിമന്ദിരങ്ങളും മിനാരങ്ങളുണ്ടാക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.

മുസ്‌ലിംകള്‍ക്ക് മതപരമായി അറിവില്ല. അവരെ നേരെ നയിക്കാന്‍ ഒരു നേതാവില്ല. ഇങ്ങനെയുള്ള അവസരത്തിലാണ് ഉത്തരേന്ത്യയില്‍ സർ സയ്യിദിനെ പോലുള്ള ആളുകള്‍ രംഗത്തു വരുന്നത്. മുസ്‌ലിംകളുടെ അറിവില്ലായ്മയാണ് ആദ്യം പരിഹരിക്കണ്ടത് എന്ന് അവര്‍ തിരിച്ചറിഞ്ഞു. സമുദായത്തിന് ഉള്‍ക്കാഴ്ച ലഭിേക്കണ്ടതുണ്ട്. രാഷ്ട്രീയരംഗത്തും മതരംഗത്തും അവര്‍ ഉല്‍ബുദ്ധരാവുകയും ഉയര്‍ന്നുവരികയും ചെയ്യേണ്ടതുണ്ട്. അതിനായുള്ള ശ്രമം അവര്‍ നടത്തി. അലിഗഡ് പോലുള്ള സ്ഥാപനങ്ങള്‍ അതിന്റെ ഉല്‍പന്നമാണ്. അങ്ങനെ വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയരംഗത്തും മതരംഗത്തുമെല്ലാം ഉണര്‍വുണ്ടായി.

കേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. ഇതേസമയത്തുതന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിംകള്‍ക്കിടയില്‍ മാറ്റത്തിന്റെ അടയാളങ്ങള്‍ ദൃശ്യമായിരുന്നു. ശൈഖ് മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബും ഇബ്‌നുതീമിയയുമൊക്കെ കൊളുത്തിവെച്ച നവോത്ഥാനത്തിന്റെ വെളിച്ചം കേരളത്തിലുമെത്തി. മക്തി തങ്ങള്‍ സര്‍സയ്യിദിന്റെ വിദ്യാഭ്യാസപരവും മതപരവുമായ നവോത്ഥാന ശ്രമങ്ങളെ ഉള്‍ക്കൊണ്ട് മലയാളമണ്ണിലും മാറ്റമുണ്ടാക്കാന്‍ ശ്രമം നടത്തി. സര്‍ക്കാര്‍ ജോലി രാജിവെച്ചാണ് അദ്ദേഹം മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാനത്തിനായി രംഗത്തിറങ്ങിയത്. മുസ്‌ലിം സമൂഹത്തിന് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള അറിവു നല്‍കണം; രാഷ്ട്രീയമായ അവബോധമുണ്ടാക്കണം. രണ്ടും സമന്വയിച്ചാലേ സമൂഹം നന്നാകൂ എന്ന് മനസ്സിലാക്കിയപ്പോഴാണ് അദ്ദേഹം സമുദായോദ്ധാരണത്തിനായി കര്‍മനിരതനായത്.

കേരളത്തില്‍ അദ്ദേഹം ഓടിനടന്നപ്പോള്‍ അതിന്റെ സദ്ഫലങ്ങള്‍ കണ്ടുതുടങ്ങി. വക്കം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പോലുള്ളവരും സമുദായ സമുദ്ധാരണത്തിനായി രംഗത്തുവന്നു. അധിനിവേശക്കാരോടുള്ള സമരരംഗത്ത് അണിനിരക്കുവാനും മതരംഗത്ത് ഉറച്ചുനില്‍ക്കുവാനും അവര്‍ സമുദായത്തെ പ്രേരിപ്പിച്ചു.

1900ത്തിന്റെ തുടക്കത്തില്‍തന്നെ നവോത്ഥാനത്തിന്റെ വിത്തുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു സംഘടനയായി രൂപം പ്രാപിച്ചിരുന്നില്ലെന്നു മാത്രം. വക്കം മൗലവിയെ പോലുള്ള നേതാക്കള്‍ സമുദായത്തിന്റെ വിദ്യാഭ്യാസപരമായ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിച്ചു. കെ.എം മൗലവി, ഇ. കെ മൗലവി തുടങ്ങിയവര്‍ മതപരമായ അറിവ് പകര്‍ന്നുകൊടുക്കുന്നതില്‍ വ്യാപൃതരായി. ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് പോലുള്ളവര്‍ മതപരവും രാഷ്ട്രീയപരവുമായ പ്രബുദ്ധതക്കായി യത്‌നിച്ചു. ഇതിന്റെ ശ്രമഫലമായി കൊടുങ്ങല്ലൂരിലുണ്ടായ ‘നിഷ്‌പക്ഷ സംഘം' താമസിയാതെ ‘കേരള മുസ്‌ലിം ഐക്യസംഘം' (1922) ആയി മാറി. കൊടുങ്ങല്ലൂരിനും തലശ്ശേരിക്കും ഇടയിലുള്ള വിവിധ സ്ഥലങ്ങളില്‍ ഐക്യസംഘം നടത്തിയ മുപ്പതോളം സമ്മേളനങ്ങളിലൂടെ ഈ ജാഗരണ ചിന്ത സമുദായത്തില്‍ പടരാന്‍ തുടങ്ങി.

സമുദായം ഉയരണം, വളരണം, പഠിക്കണം, മുന്നിലാകണം... ഈ സന്ദേശം ജനങ്ങളിലേക്കെത്തിയപ്പോള്‍ പണ്ഡിതന്മാരുണര്‍ന്നു. തങ്ങളുടെതായ ഭാഗധേയം ഈ മുന്നേറ്റത്തില്‍ വഹിക്കാന്‍ അവര്‍ തയ്യാറായി. അങ്ങനെ 1924ല്‍ കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയുണ്ടായി. നേതാക്കളുടെയും പണ്ഡിതരുടെയും പ്രവര്‍ത്തനങ്ങള്‍ സമന്വയിച്ചപ്പോള്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനമുണ്ടായി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരില്‍ ജനങ്ങള്‍ ചിന്തിക്കാനും അവ കയ്യൊഴിക്കാനും തുടങ്ങി; തൗഹീദിന്റെ മാധുര്യം അനുഭവിക്കാനും. അതോടൊപ്പം രാഷ്ട്രീയമായ ഉല്‍ബുദ്ധതയും വളര്‍ന്നുവന്നു. രാജ്യസ്‌നേഹത്തിന്റെ പ്രാധാന്യവും അധിനിവേശക്കാരെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ മനസ്സിലാക്കി. അങ്ങനെ മുസ്‌ലിം സമുദായം ആലസ്യത്തില്‍നിന്നുണര്‍ന്നു.

ഈ നവോത്ഥാനം പിന്നീട് വൃദ്ധിക്ഷയങ്ങള്‍ക്ക് വിധേയമായി. ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ അതിനുമേല്‍ ചെറിയ രൂപത്തിലെങ്കിലും കരിനിഴല്‍ വീണിട്ടുണ്ട്. എന്നിരുന്നാലും അതിന്റെ വളിച്ചം നിലനിര്‍ത്താന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നവരുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാല്‍ വീണ്ടും ആ ഇരുണ്ട മാറാലക്കെട്ടിലേക്ക് സമുദായത്തെ തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നത് ആശങ്കയുളവാക്കുന്നതുമാണ്. അതിനെതിരില്‍ ശബ്ദമുയര്‍ത്തിയേ തീരൂ. ചരിത്രത്തിന്റെ ആവര്‍ത്തനത്തില്‍കൂടി മാത്രമെ സമുഹത്തില്‍ നവോത്ഥാനത്തിന് സാധിക്കുകയുള്ളൂ.

(2021 ഡിസംബര്‍ 12ന് കോഴിക്കോട്ടുവെച്ച് നടന്ന ചരിത്ര സെമിനാറിലെ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം).