അല്ലാഹുവിെൻറ നാമഗുണ വിശേഷണങ്ങളിലുള്ള വിശ്വാസം; ഒരു ലഘുപരിചയം

അശ്‌റഫ് അൽഹികമി ഒറ്റപ്പാലം

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

ക്വുർആനിലെ 19ാം അധ്യായത്തിലെ 65ാം സൂക്തത്തെ വിശദീകരിച്ച്, പണ്ഡിതന്മാർ അല്ലാഹുവിലുള്ള വിശ്വാസത്തെ വിഭജിച്ചിടത്ത് മൂന്നാമതായി എണ്ണിയ ഇനമാണ് ‘അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിലുള്ള വിശ്വാസം.’ ഈ വിഷയത്തിൽ അടിസ്ഥാനപരമായി നാം അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ ലഘുവായി വിശദീകരിക്കുന്നത്.

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ സംബന്ധിച്ച് അല്ലാഹുവും അവന്റെ റസൂലും അറിയിച്ചതിൽ യാതൊരുവിധ പദമാറ്റമോ, മാറ്റത്തിരുത്തലോ, രൂപപ്പെടുത്തലോ, സാദൃശ്യപ്പെടുത്തലോ, നിഷേധമോ ഇല്ലാത്തവിധം യഥാവിധി അംഗീകരിക്കലും വിശ്വസിക്കലുമാണ് അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിലുള്ള വിശ്വാസം. ഇതാണ് യഥാർഥത്തിൽ ഈ വിഷയത്തിൽ അഹ്‌ലുസ്സുന്നയുടെ നിലപാട്.

അല്ലാഹു പറയുന്നു: “അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക. അവന്റെ പേരുകളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടുകളയുക. അവർ ചെയ്തുവരുന്നതിന്റെ ഫലം അവർക്ക് വഴിയെ നൽകപ്പെടും’’ (ക്വുർആൻ 7:180).

ഈ വചനത്തിലൂടെ അല്ലാഹു തനിക്ക് ചില നാമങ്ങളുണ്ടെന്നും അവ ഉത്കൃഷ്ടമാണെന്നും അവകൊണ്ട് പ്രാർഥിക്കണമെന്നും ആവശ്യപ്പെടുന്നതോടൊപ്പം അവയെ നിഷേധിക്കുന്നവർക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്യുന്നു.

അല്ലാഹുവിന് ഉത്കൃഷ്ടമായ നാമങ്ങളുണ്ടെന്നതിനുള്ള തെളിവുകൾ:

“താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവൻ. അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നൽകുന്നവനും അഭയം നൽകുന്നവനും മേൽനോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനുമാകുന്നു അവൻ. അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ!’’(ക്വുർആൻ 59:22,23).

ഒരു നബിവചനം കാണുക: “നിശ്ചയമായും അല്ലാഹുവിന് തൊണ്ണൂറ്റൊമ്പത് നാമങ്ങളുണ്ട്; നൂറിൽ ഒന്നു കുറവ്. അവ ആരെങ്കിലും ഇഹ്‌സ്വാഅ് ചെയ്താൽ (ഹൃദിസ്ഥമാക്കുന്നതോടൊപ്പം അതിനനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്തിയാൽ) അവൻ സ്വർഗത്തിൽ പ്രവേശിച്ചു’’ (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിന്റെ നാമങ്ങൾ തൊണ്ണൂറ്റൊമ്പത്തിൽ പരിമിതമല്ല; ക്വുർആനിലും സുന്നത്തിലും പേരെടുത്തു പറഞ്ഞവ മാത്രമാണ് ഇവ. യഥാർഥത്തിൽ അവയുടെ എണ്ണം അല്ലാഹുവിന് മാത്രമെ അറിയൂ. ഇബ്‌നുമസ്ഊദ്(റ) നബി ﷺ യിൽനിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇത് വ്യക്തമാകുന്നു: “(അല്ലാഹുവേ) നീ നിനക്ക് നിശ്ചയിച്ചതും നിന്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചതും നിന്റെ സൃഷ്ടികളിൽ ആരെയെങ്കിലും നീ പഠിപ്പിച്ചതും നിന്റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തിൽ നീ സ്വന്തമാക്കിവച്ചതുമായ നിനക്കുള്ള മുഴുവൻ പേരുകളെയുംകൊണ്ട് ഞാൻ തേടുന്നു...’’

നാം അറിയാത്ത, പഠിപ്പിക്കപ്പെടാത്ത ഒരുപാട് നാമങ്ങൾ അല്ലാഹുവിനുണ്ടെന്നും അവ ഏതൊക്കെ എന്ന് ഗ്രഹിക്കുക സാധ്യമല്ലെന്നും സാരം. അല്ലാഹുവിന്റെ ഓരോ നാമവും ഓരോ വിശേഷണത്തെ ഉൾക്കൊള്ളുന്നു. ഉദാഹരണം: ‘അലീം’ (എല്ലാം അറിയുന്നവൻ) എന്ന നാമം ‘ഇൽമ്’ (അറിവ്) എന്ന വിശേഷണത്തെ ഉൾക്കൊള്ളുന്നു. ‘ബസ്വീർ’ (എല്ലാം കാണുന്നവൻ) എന്ന നാമം ‘ബസ്വർ’ (കാഴ്ച) എന്ന വിശേഷണത്തെ ഉൾക്കൊള്ളുന്നു.

അല്ലാഹുവിന്റെ നാമഗുണ വിശേഷങ്ങളെ സ്ഥിരപ്പെടുത്തുന്ന ബുദ്ധിപരമായ തെളിവുകൾ:

ഈ പ്രപഞ്ചത്തിലുള്ള വിവിധങ്ങളായ സൃഷ്ടിജാലങ്ങളും അവയുടെ സ്ഥിരതയാർന്ന വ്യവസ്ഥകളുമെല്ലാം അല്ലാഹുവിന്റെ കഴിവിനെയും അഗാധജ്ഞാനത്തെയും തത്ത്വജ്ഞാനത്തെയും ഉദ്ദേശ്യത്തെയും അറിയിക്കുന്നു.

ഈ ലോകർക്ക് നന്മ ചൊരിഞ്ഞുകൊടുക്കലും ബുദ്ധിമുട്ടുകൾ അകറ്റിക്കൊടുക്കലും അവന്റെ കാരുണ്യത്തെയും ഔദാര്യത്തെയും കുറിക്കുന്നു. അവനെ സ്‌നേഹിക്കുന്നവരെ ആദരിക്കുന്നതും ദൃഢപ്പെടുത്തുന്നതും അവർക്കുമേലുള്ള അവന്റെ തൃപ്തിയെയും സ്‌നേഹത്തെയും അറിയിക്കുന്നു.

അല്ലാഹുവും റസൂലും സ്ഥിരപ്പെടുത്തിയതിനെ നാമും സ്ഥിരപ്പെടുത്തുന്നതോടൊപ്പം, വിരോധിച്ചവയെ വിരോധിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ മൗനമവലംബിച്ച വിഷയങ്ങളിൽ മൗനമവലംബിക്കുന്നു. ക്വുർആനിലും സുന്നത്തിലും വന്നിട്ടുള്ളവയ്ക്ക് അതിെൻറ ഉദ്ദേശ്യത്തെ കുറിക്കാത്ത വ്യാഖ്യാനങ്ങൾ നൽകാതെ, അക്ഷരങ്ങളിൽപോലും വ്യത്യാസങ്ങൾ വരുത്താതെ അതർഹിക്കുന്ന ലക്ഷ്യത്തോടെ അംഗീകരിക്കുന്നു. സൃഷ്ടികളുടെ വിശേഷണങ്ങളോട് സാദൃശ്യപ്പെടുത്താതിരിക്കുന്നു.

അല്ലാഹു പറഞ്ഞു: “അവന് തുല്യമായി യാതൊന്നുമില്ല’’ (ക്വുർആൻ 42:11).

ഈ വിഷയത്തിൽ ഭിന്നിച്ച കുറെ പിഴച്ച കക്ഷികളുണ്ട്.

ജഹ്‌മിയ്യാക്കൾ: ജഹ്‌മ് ഇബ്‌നു സ്വഫ്‌വാന്റെ ആളുകളായ ഇവർ അല്ലാഹുവിന്റെ മുഴുവൻ നാമഗുണ വിശേഷണങ്ങളെയും നിഷേധിക്കുന്നു.

മുഅ്തസിലുകൾ: ഹസനുൽ ബസ്വരിയുടെ സദസ്സിൽനിന്നും വിട്ടുനിന്ന വാസിൽ ഇബ്‌നു അത്വാഇന്റെ ആളുകളാണ് ഇവർ. അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിക്കുന്നതോടൊപ്പം അർഥമില്ലാത്ത കേവല നാമങ്ങൾ മാത്രമാണ് അല്ലാഹുവിനുള്ളത് എന്ന് അവർ വാദിക്കുകയും ചെയ്യുന്നു.

അശ്അരികൾ, മാതുരീതികൾ: ഇക്കൂട്ടർ അല്ലാഹുവിന്റെ നാമങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും അധിക വിശേഷണങ്ങളെയും അംഗീകരിക്കുന്നില്ല. കാരണം, അല്ലാഹുവിനു വിശേഷണങ്ങൾ വച്ചുകൊടുക്കുക എന്നത് സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാകുമെന്നും അത് ശിർക്കാണെന്നുമാണ് അവരുടെ വിശ്വാസം. ‘അല്ലാഹുവിന്റെ കൈ’ എന്നതിന് ‘അല്ലാഹുവിന്റെ അനുഗ്രഹം’ എന്ന് ഇവർ വ്യാഖ്യാനിച്ചു.

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ ഒന്നാമതായി നിഷേധിച്ചവർ ചില മുശ്‌രിക്കുകൾതന്നെ.

സൂറതുർറഅ്ദ് 30ാം വചനത്തിലെ ‘വഹും യക്ഫുറൂന ബിർറഹ്‌മാൻ’ (അവരാകട്ടെ പരമകാരുണികനായ ദൈവത്തിൽ അവിശ്വസിക്കുന്നു) എന്ന പരാമർശ കാരണമായി ഹദീസുകൾ പരിചയപ്പെടുത്തുന്നത് ഹുദൈബിയ്യാ സന്ധിയിലെ കരാർ പ്രവാചകൻ ﷺ ‘ബിസ്മില്ലാഹിർറ്വഹ്‌മാനിർറ്വഹീം’ എന്നതുകൊണ്ട് ആരംഭിച്ചപ്പോൾ ഞങ്ങൾക്ക് ‘അർറ്വഹ്‌മാൻ’ ആരെന്നറിയില്ല, അതുകൊണ്ട് അത് തിരുത്തണമെന്നാവശ്യപ്പെട്ട സംഭവമാണ്.

അതുപോലെതന്നെ ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം: പ്രവാചകൻ ﷺ സുജൂദിലായിരിക്കെ ‘യാ റഹ്‌മാൻ, യാ റഹീം’ എന്നു വിളിച്ച് പ്രാർഥിക്കുന്നത് കേട്ട ക്വുറൈശികൾ വാദിച്ചു: ‘മുഹമ്മദ് ഏകദൈവാരാധനയെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും രണ്ടാളുകളെയിതാ വിളിച്ചു പ്രാർഥിക്കുന്നു.’ ഇതിനു മറുപടിയായി അല്ലാഹു പറഞ്ഞു:

“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കിൽ റഹ്‌മാൻ എന്ന് വിളിച്ചുകൊള്ളുക. ഏതുതന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ...’’(ക്വുർആൻ 17:110).

ഇവരുടെ നിഷേധത്തിന് ഒരു തെളിവുകൂടി. അല്ലാഹു പറഞ്ഞു: “പരമകാരുണികന് നിങ്ങൾ പ്രണാമം ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും: എന്താണീ പരമകാരുണികൻ?’’ (ക്വുർആൻ 25:60).

അല്ലാഹുവും റസൂലും അല്ലാഹുവിന് ഉണ്ട് എന്ന് സ്ഥിരപ്പെടുത്തിയ ഒരു കാര്യത്തെ നിഷേധിക്കുക എന്നത് അവരോടുള്ള എതിരാവലാണ്. അല്ലാഹുവിനുള്ളതായി പരാമർശിക്കപ്പെട്ട വിശേഷണങ്ങൾ ഒന്നും അവന്റെ സൃഷ്ടികളിൽ കാണപ്പെടുകയില്ല. അല്ലാഹുവിന്റെ വിശേഷണങ്ങൾ അവനുമാത്രം പ്രത്യേകമാക്കപ്പെട്ടതാണ്.

പേരുകളിലുള്ള സാമ്യത യഥാർഥത്തിലുള്ള സാമ്യതയല്ല. അതുകൊണ്ടുതന്നെയാണ് അല്ലാഹു അവന്റെ വിശേഷണങ്ങൾക്ക് ഉപയോഗിച്ച ചില വാക്കുകൾ അവന്റെ സൃഷ്ടികളുടെ വിഷയത്തിലും പരാമർശിക്കുന്നുണ്ട്. ഉദാഹരണം; അല്ലാഹു അവനെക്കുറിച്ച് പറഞ്ഞു: ‘നിശ്ചയമായും അല്ലാഹു കേൾക്കുന്നവനും കാണുന്നവനുമാണ്.’

അല്ലാഹു അവന്റെ സൃഷ്ടികൾക്കും ഇതേ വിശേഷണങ്ങൾ പറഞ്ഞിട്ടുണ്ട്: ‘കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു’’ (ക്വുർആൻ 76:2).

പൂർണമായ വിശേഷണങ്ങൾ ഇല്ലാത്തവന്ന് ആരാധ്യനാവുക സാധ്യമല്ല. വിശേഷണങ്ങളെ അതിെൻറ പ്രത്യക്ഷാർഥത്തിൽനിന്ന് തെറ്റിച്ച് വ്യാഖ്യാനിക്കുവാൻ തെളിവുകളില്ല. അങ്ങനെ വ്യാഖ്യാനിക്കൽ നിരർഥകമാണ്.

ചുരുക്കത്തിൽ, അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിൽ വിശ്വസിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശ്യം സൃഷ്ടികളോട് സാദൃശ്യപ്പെടുത്താതെ അവന്റെ മഹത്ത്വത്തിന് യോജിച്ച രീതിയിൽ അംഗീകരിക്കലാണ്. അല്ലാഹുവും റസൂലും അറിയിച്ചത് പോലെ മനസ്സിലാക്കലും അംഗീകരിക്കാലുമാകുന്നു ശരിയായ നിലപാട്.