അറബി ഭാഷയുടെ സ്വാധീനവും വളർച്ചയും

ശബാബ് മദനി, അരിപ്ര

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

വൈവിധ്യങ്ങളാണ് നമ്മുടെ രാജ്യത്തെ സമ്പന്നമാക്കുന്നത്. വലിപ്പത്തിൽ ഏഴാം സ്ഥാനവും ജനസംഖ്യയിൽ രണ്ടാം സ്ഥാനവും ജനാധിപത്യത്തിൽ ഒന്നാം സ്ഥാനവും നമ്മുടെ രാജ്യത്തിനുണ്ട്. ശാസ്ത്ര, സാങ്കേതിക രംഗത്തും ബഹുദൂരം മുന്നിലാണ് നമ്മുടെ രാജ്യം. സൈനിക ബലത്തിലും സമ്പദ്ഘടനയിലും നാം പിന്നിലല്ല. വിവിധ സംസ്‌കാരങ്ങൾ, മതങ്ങൾ, വേഷങ്ങൾ, ഭക്ഷണരീതികൾ ഇതെല്ലാം ഇന്ത്യയെ മറ്റു രാജ്യങ്ങളിൽനിന്ന് വിഭിന്നമാക്കുന്നു.

ആ വ്യത്യസ്തതയിൽ പ്രധാനമായ ഒന്നാണ് ഭാഷ. 29 സംസ്ഥാനങ്ങളിലായി 10 ലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന 29 ഭാഷകൾ രാജ്യത്തുണ്ട്. 461 ഭാഷകളുടെ ജന്മഭൂമിയാണ് ഇന്ത്യ. ഇന്ത്യൻ ഭരണഘടന 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി നിർവചിച്ചിട്ടുണ്ട്. ഇത്രമേൽ ഭാഷകളിൽ വൈവിധ്യങ്ങൾ നിറഞ്ഞ മറ്റൊരു രാജ്യം കാണാൻ സാധ്യമല്ല. കച്ചവടാവശ്യാർഥം ഇന്ത്യയിലേക്ക് വന്ന അറബികൾ കൈമാറ്റം ചെയ്തതാണ് അറബി ഭാഷ. തുടർന്ന് ഇസ്‌ലാമിക പ്രബോധനത്തിന്റെ ഘട്ടത്തിൽ അത് കൂടുതൽ പ്രചുരപ്രചാരം നേടി.

അറബി രാഷ്ട്രഭാഷയല്ലാത്ത നാടുകളിൽ, ആ ഭാഷയും സംസ്‌കാരവും ഏറ്റവും കൂടുതൽ പ്രചാരം നേടിയത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ അറബി ഭാഷാസാഹിത്യ രംഗത്തും തൊഴിൽ രംഗത്തും അനന്തമായ അവസരങ്ങളും സാധ്യതകളുമാണ് മലയാളികൾക്കുള്ളത്. ഭാഷാസാഹിത്യ, വിവർത്തന മേഖലകളിൽ ഗണ്യമായ സംഭാവനകളാണ് മലയാളികൾ അറബിഭാഷക്കും അറബി സാഹിത്യം മലയാളത്തിനും നൽകിയിട്ടുള്ളത്. നിരവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും വിദേശരാജ്യങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചതുമായ ഗ്രന്ഥമാണ് മലയാളിയായ അറബി ഭാഷാ പണ്ഡിതൻ സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ. വിവിധ രാജ്യങ്ങളിൽ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ശൈഖ് മഖ്ദൂമിന്റെ പുസ്തകം.

കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികൾക്ക് കീഴിലും കേരളത്തിനു പുറത്ത് 20ൽ അധികം പ്രമുഖ യൂണിവേഴ്‌സിറ്റികളിലും വിദേശരാജ്യങ്ങളിൽ സ്‌റ്റൈപ്പന്റോടുകൂടിയും മലയാളഭാഷയിൽ ഉപരിപഠനത്തിന് അവസരമുണ്ട്. അറബിയിൽ പ്രാവീണ്യം നേടുന്ന മലയാളികൾ പലരും അനന്തമായി കിടക്കുന്ന തൊഴിൽ മേഖലകളെ കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല. വാർത്താമാധ്യമങ്ങൾ, എംബസികൾ, ഐടി മേഖല, യൂണിവേഴ്‌സിറ്റി ലൈബ്രറികൾ, ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസികൾ തുടങ്ങിയ നിരവധി മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഏറെയാണ്.

ഇന്ത്യക്കാരിൽ ലക്ഷക്കണക്കിനാളുകൾ അറേബ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്നതിനാൽ ഇവിടെ അറബി ഭാഷയുടെ നിലനിൽപ്പ് അനിവാര്യമായി. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വലിയൊരു പങ്കും അറേബ്യൻ രാജ്യങ്ങൾ വഴി വരുന്നു എന്നത് അറേബ്യയുമായുള്ള രാജ്യത്തിന്റെ ബന്ധം ദൃഢമാകാൻ കാരണമായി. ഇതിഹാസങ്ങളുടെ ഭാഷയായ സംസ്‌കൃതത്തിനും ഇടം നൽകാൻ ഭാരതത്തിന് സാധിച്ചു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും സംസാരഭാഷയല്ലെങ്കിലും ഔദ്യോഗികതലത്തിൽ വലിയ സ്വീകാര്യത സംസ്‌കൃതത്തിന് ഇന്ത്യയിലുണ്ട്. കർണാടകയിലെ ഒരു ഗ്രാമത്തിലെ 1500 ആളുകൾ മാത്രമാണ് സംസ്‌കൃതം സംസാരിക്കുന്നവരായുള്ളത് എന്ന് ഔദ്യോഗിക രേഖകൾ പറയുന്നു. എങ്കിലും ആ ഭാഷയ്ക്കായി ഒരു യൂണിവേഴ്‌സിറ്റി ഇ. ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കേരളത്തിൽ സ്ഥാപിച്ചു.

വിദേശ ഭാഷകളെ സ്വീകരിക്കാനും പുതിയ ഭാഷകൾക്ക് ജന്മം നൽകാനും നമ്മുടെ രാജ്യത്തിനായി എന്നത് വലിയ കാര്യമാണ്. ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളെ രാജ്യം സ്വീകരിച്ചു. മൂന്നു സംസ്ഥാനങ്ങളിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി സംസാരിക്കുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ അംഗീകരിച്ചില്ലെങ്കിലും രാജ്യത്തിന്റെ പ്രധാന വിനിമയം ഇംഗ്ലീഷിൽതന്നെ നിർവഹിക്കുന്നു. അത്തരം ഘട്ടങ്ങളിൽ വിദേശ ഭാഷയായ ഇംഗ്ലീഷിനെ ഉപയോഗപ്പെടുത്തണം എന്നാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. ഇത്രമേൽ ഭാഷാവൈവിധ്യങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഈ വൈവിധ്യമാണ് രാഷ്ട്രത്തിന്റെ സൗന്ദര്യം. ഏകഭാഷ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. പല പ്രാദേശിക ഭാഷകളും അത് ഉപയോഗിക്കുന്നവരും തമ്മിലുള്ളത് പൊക്കിൾകൊടി ബന്ധമാണ്. പല ഭാഷകളും ഗ്രാമത്തിന്റെ അതിർത്തിക്കപ്പുറം നമ്മളിലേക്കെത്തുന്നില്ലെങ്കിലും അതിനെ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള അവസരം നൽകുമ്പോഴാണ് രാഷ്ട്രത്തിന്റെ സൗന്ദര്യം വർധിക്കുന്നത്.

ഗൾഫ് രാഷ്ട്രങ്ങളിലെ തൊഴിൽ പ്രതിസന്ധിയിൽ ആശങ്കപ്പെടുന്ന മലയാളികൾക്ക് അറബി പരിജ്ഞാനം ഉണ്ടെങ്കിൽ ആശ്വസിക്കാൻ അവസരങ്ങൾ അനവധിയാണ്. ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പത്രസ്ഥാപനങ്ങൾ, ട്രാവൽസ്, പെട്രോളിയം മേഖലകൾ, ആതുരാലയങ്ങൾ തുടങ്ങിയവയിൽ ഭാഷാ പരിജ്ഞാനികൾക്ക് അവസരങ്ങൾ തുറന്നുകിടക്കുന്നു.

അറബി ഭാഷാസാഹിത്യ പഠനം വ്യാപകമാക്കാനും ടൂറിസം, വ്യവസായം, ചികിത്സ തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് വിദേശികളെ ആകർഷിക്കാനും ഈ രംഗത്ത് സ്വദേശത്തും വിദേശത്തും മലയാളികൾക്ക് തൊഴിലവസരം ഒരുക്കുന്നതും ആധുനിക സംവിധാനങ്ങളോടുകൂടിയ കൂടുതൽ പഠന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനും നിലവിലുള്ളവയെ പരിപോഷിപ്പിക്കാനും സർക്കാർ നീക്കങ്ങളാണ് ഇനി ആവശ്യം. അറബി ഭാഷയ്ക്ക് ഒരു സർവകലാശാല കേരളത്തിൽ സ്ഥാപിക്കുന്നത് വിദേശത്ത് മെച്ചപ്പെട്ട ഉദ്യോഗ, തൊഴിലവസരങ്ങൾക്കും വിദേശ നിക്ഷേപത്തിനും അത്യന്താപേക്ഷിതമാണ്.

അറബ്‌ലോകത്തെ പണ്ഡിതരുടെയും പ്രശസ്ത എഴുത്തുകാരുടെയും ധാരാളം ഗ്രന്ഥങ്ങൾ മലയാള ത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും കേരളത്തിലെ സർവകലാശാലകളിൽ ഗവേഷ-ണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക, വൈജ്ഞാനിക, തൊഴിൽമേഖലകളിൽ അനു-ദിനം വികാസം പ്രാപിക്കുന്ന ഭാഷ എന്ന നിലയിൽ അറബി ഭാഷാപഠനം തൊഴിൽ സാധ്യതകളുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്നു. ക്വുർആനിന്റെ ഭാഷയായതിനാൽ ആഗോള പ്രചാരം ലഭിച്ച അറബി വിവരസാങ്കേതിക മേഖലയിലെ എല്ലാ കണ്ടുപിടിത്തങ്ങൾക്കും മാറ്റങ്ങൾക്കും പുതിയ പദങ്ങളും പ്രയോഗങ്ങളും സംഭാവന ചെയ്യാൻ പ്രാപ്തി നേടിയിട്ടുണ്ട്.

ലോകത്ത് 22 രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബി. കേരളത്തിൽ മാത്രം 59 ലക്ഷം ജനങ്ങൾ അറബി സാക്ഷരരായി ഉണ്ട്. ആഗോള ജനസംഖ്യയിൽ 300 മില്യണിലധികം ആളുകൾ പ്രഥമ സംസാരഭാഷയായും 250 മില്ല്യൺ ജനങ്ങൾ രണ്ടാം ഭാഷയായും ഉപയോഗിക്കുന്ന അറബി ഭാഷക്ക് ലോകഭാഷകളിൽ നാലാം സ്ഥാനമാണുള്ളത്. അറബി സാഹിത്യഭാഷ 26 രാജ്യങ്ങളിലെ ഔദ്യോഗിക ഭരണഭാഷയായും മറ്റനേകം രാഷ്ട്രങ്ങളിൽ രണ്ടാം ഭാഷയായും പ്രചാരത്തിലുണ്ട്. ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ആറ് ഭാഷകളിൽ ഒന്നായ അറബി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും സ്‌കൂൾ, കോളേജ്, സർവകലാശാല തലങ്ങളിൽ പഠിപ്പിക്കപ്പെടുന്നു. ധന്യമായ സാഹിത്യചരിത്രമുള്ള അറബി ഭാഷയിലെ പദങ്ങളും പ്രയോഗങ്ങളും ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉർദു തുടങ്ങിയ ഭാഷകളിലെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അറബി ഭാഷയുടെ അജയ്യമായ പദവിയും മഹത്ത്വവും പരിഗണിച്ചാണ് 2010ൽ ഐക്യരാഷ്ട്രസഭ ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

അറബി ഭാഷാ വിദ്യാഭ്യാസ-ത്തിന്റെ ചരിത്രത്തെ മുസ്‌ലിം നവോത്ഥാന ചരിത്രത്തോട് ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതാവും കൂടുതൽ അഭികാമ്യം. മുസ്‌ലിം സമുദായത്തിന്റെ സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഭാഷയെന്ന നിലയിൽ അറബി പഠനം ഒരു പ്രചോദനമായിരുന്നു. ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസത്തിൽനിന്ന് അകന്നുനിന്നിരുന്ന മുസ്‌ലിംകളെ വിദ്യാഭ്യാസത്തോട് ആഭിമുഖ്യം പുലർത്തുന്നവരാക്കി മാറ്റാൻ അറബിഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ അറബി ഭാഷാ വിദ്യാഭ്യാസത്തിന്റെ ചരിത്രം മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രംകൂടിയാണ്.

ഒരു ഭാഷയ്ക്ക് ആ ഭാഷയെ സ്‌നേഹിക്കുന്നവരുടെ ജീവിതത്തിൽ പരിവർത്തന ങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതിന്റെ നേർസാക്ഷ്യമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം അറബി ഭാഷ. അറബിഭാഷ കേരളത്തിലെ മുസ്‌ലിംകളെ പൊതുവിദ്യാഭ്യാസത്തോട് ചേർത്തുനിർത്തി. മാത്രമല്ല വിദ്യാഭ്യാസത്തോട് അവരിൽ താൽപര്യവും ആഭിമുഖ്യവും വളർത്തി. സാമൂഹികമായും സാംസ്‌കാരികമായും ഒരു ജനത അങ്ങനെ ശാക്തീകരിക്കപ്പെട്ടു. പൂർവികർ തുടങ്ങിവച്ച നവോത്ഥാന യജ്ഞത്തിന് പിൻകാല കണ്ണികളാണ് നമ്മളോരോരുത്തരും എന്ന് ഗൗരവത്തോടെ ഓർക്കേണ്ടതുണ്ട്. നാല് ചുവരുകൾക്കുള്ളിൽ കേവലം അറബിഭാഷ പഠിക്കുന്നവർ എന്ന തല ത്തിലേക്ക് ചുരുങ്ങാതെ ഒരു വലിയ ജനസഞ്ചയത്തെ വൈജ്ഞാനികമായും സാംസ്‌കാരികമായും മുന്ന ണിയിൽ എത്തിക്കാൻ നിയു ക്തരായ ആളുകൾ എന്ന തലത്തിലേക്ക് അറബി ഭാഷ പഠിതാക്കൾ ഉയരേണ്ടതുണ്ട്.