ഐക്യവസ്‌ത്രരൂപമല്ല; സ്വത്വവസ്ത്ര സ്വാതന്ത്ര്യമാണ് ഭരണഘടനാപരം

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 7)

മുസ്‌ലിം സമുദായത്തിൽ സാമ്പ്രദായികമായി സ്ഥിരപ്പെട്ടുവന്ന സാംസ്‌കാരിക അടയാളമാണ് ശിരോവസ്ത്രം എന്നും അന്താരാഷ്ട്ര കോടതികൾ എല്ലാം ഇത് അംഗീകരിച്ചിട്ടുണ്ടെന്നും കർണാടക സർക്കാറിന്റെ പുതിയ നടപടി മുസ്‌ലിം സമുദായത്തെ അപമാനിക്കുന്ന താരത്തിലുള്ളതാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് കോളിൻ ഗൊൻസാൽവസ് വാദംപൂർത്തിയാക്കിയപ്പോൾ അനുച്ഛേദം 19 അനുവദിക്കുന്ന ശിരോവസ്ത്രത്തെ തടയാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും ശിരോവസ്ത്ര നിരോധനം കാരണം മുസ്‌ലിം വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണെന്നും ശിരോവസ്ത്രം ധരിക്കാൻ അപേക്ഷ നൽകിയിട്ടില്ല എന്ന കർണാടക കോടതിയുടെ പരാമർശം അത്യന്തം ഗുരുതരമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കപിൽ സിബൽ വാദം അവസാനിപ്പിച്ചത്.

അവരിരുവരുടെയും വാദങ്ങൾക്ക് ശേഷം വാദം തുടർന്നത് മനുഷ്യാവകാശ രംഗത്തും നിയമപോരാട്ടങ്ങളിലും ഏറെ പ്രസിദ്ധരായ പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവെ എന്നീ നിയമ പണ്ഡിതരാണ്. അവർക്ക് പുറമെ യുവ അഭിഭാഷക തുളസി കെ. രാജും മറ്റു രണ്ടു വനിതാ അഭിഭാഷകരും രണ്ടംഗ ബെഞ്ചിന്റെ മുമ്പിൽ വാദങ്ങൾ നിരത്തി.

പ്രശാന്ത് ഭൂഷൺ

സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ (CPIL), പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസ് (PUCL), ട്രാൻസ്‌പെരൻസി ഇന്റർനാഷണൽ (ഇന്ത്യ) തുടങ്ങിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രശാന്ത് ഭൂഷൺ മുൻ കേന്ദ്രനിയമമന്ത്രി ശാന്തിഭൂഷന്റെ മകനാണ്. അഞ്ഞൂറിലധികം പൊതുതാത്പര്യ ഹരജികൾ സുപ്രീംകോടതിയിൽ കൊണ്ടുവന്ന് പ്രസിദ്ധനായ അദ്ദേഹം ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ഏറെ ശബ്ദിച്ച വ്യക്തി കൂടിയാണ്.

ഐക്യവസ്ത്രരൂപം അനിവാര്യമല്ല

അത്യന്താപേക്ഷിത മതാചാരം (Essential Religious Practice) എന്ന വിഷയത്തെ കുറിച്ചല്ല മറിച്ച് 14, 19 എന്നീ അനുച്ഛേദങ്ങളെ കുറിച്ചാണ് എനിക്ക് കൂടുതൽ സംസാരിക്കാനുള്ളത്. വസ്ത്രത്തിന്റെ പേരിൽ പ്രവേശനം നിയന്ത്രിക്കാൻ ഒരു വിദ്യാലയത്തിനും അവകാശമില്ല. ഗോൾഫ് ക്ലബ്ബ് പോലെയുള്ള പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ നിയന്ത്രണം കൊണ്ടുവരാം. പക്ഷേ, ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന്, പ്രത്യേകിച്ച് ഒരു സർക്കാർ സ്ഥാപനത്തിന് പ്രത്യേക വസ്ത്ര നിയമം കൊണ്ടുവരാൻ ഭരണഘടനാപരമായി സാധിക്കില്ല. സ്‌കൂളുകൾക്ക് യൂണിഫോം നടപ്പിലാക്കാൻ അവകാശമില്ല എന്ന വാദമാണോ താങ്കൾ ഉന്നയിക്കുന്നത് എന്ന് ജസ്റ്റിസ് ഗുപ്ത ചോദിച്ചപ്പോൾ ‘അതെ’ എന്നായിരുന്നു പ്രശാന്ത് ഭൂഷൺ മറുപടി നൽകിയത്. അങ്ങനെ കൊണ്ടുവരികയാണെങ്കിൽ തന്നെ ശിരോവസ്ത്രത്തെ നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങൾ അടിച്ചേൽപിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വസ്ത്രനിയമം 19(2)നു വിരുദ്ധമാക്കരുത്

സർക്കാർ ഉത്തരവുകൾ യൂണി ഫോമുകൾ നിശ്ചയിക്കാനുള്ള അവകാശം സ്‌കൂളുകൾക്ക് നൽകിയിട്ടുണ്ട് എന്ന് ജസ്റ്റിസ് ധൂലിയ ഓർമിപ്പിച്ചപ്പോൾ ‘ഡ്രസ്സ് കോഡ് നിശ്ചയിക്കാൻ സ്‌കൂളുകൾക്ക് അവകാശമുണ്ടെന്ന് കരുതിയാൽ തന്നെയും അത് ഒരിക്കലും അനുച്ഛേദം 19(2)നു വിരുദ്ധമാകാൻ പാടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാരണം സമുദായങ്ങൾക്കിടയിൽ വിവേചനം കൽപിക്കുന്ന തീരുമാനം ഭരണഘടനക്ക് വിരുദ്ധമാണ്. ഹിന്ദുക്കളുടെ തിലകിനോ, സിഖുകാരുടെ പഗ്ഡിക്കോ, ക്രിസ്ത്യാനികളുടെ കുരിശിനോ നിരോധനമില്ല. മുസ്‌ലിംകളുടെ ശിരോവസ്ത്രത്തിന് മാത്രമാണ് നിരോധനം. പ്രത്യക്ഷത്തിൽ തന്നെ ഇത് വിവേചനപരമാണ്. വിദ്യാലയങ്ങളിൽനിന്ന് എല്ലാ മതചിഹ്നങ്ങളെയും ഒഴിവാക്കുക എന്നതാണ് തീരുമാനത്തിന്റെ പിന്നിലെ യുക്തി എങ്കിൽ ഒരു മതത്തിന് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ എന്തർഥമാണുള്ളത്? ഇത് ‘എസെൻഷ്യൽ’ ആണോ അല്ലേ എന്ന കാര്യമല്ല പറയേണ്ടത്; മറിച്ച്, ഒരു മതവിഭാഗത്തിലെ ആളുകൾ അവരുടെ മതവ്യക്തിത്വത്തെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന വസ്ത്രമാണിത് എന്നുമാത്രം പറഞ്ഞാൽ മതി. വളരെക്കാലമായി ശിരോവസ്ത്രം മതപരമായ അടയാളമായി ഏവരും കണ്ടുവരുന്ന വേഷമാണ്. അതിന് അനുച്ഛേദം 25 അനുസരിച്ച് സംരക്ഷണമുണ്ട്. ക്വുർആനിൽ അത് എസെൻഷ്യൽ ആണെന്ന് പറഞ്ഞിട്ടില്ലെങ്കിൽ പോലും നിരവധി സ്ത്രീകൾ കാലങ്ങളായി പിന്തുടർന്നുവരുന്ന ആചാരമെന്ന നിലയ്ക്ക് അതിനെ നിരോധിക്കാനാവില്ല. ക്രമസമാധാനം, ആരോഗ്യം, സദാചാരം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമെ ഒരു ആചാരത്തെ നിരോധിക്കാൻ സാധിക്കുകയുള്ളൂ. ശിരോവസ്ത്രത്തിന്റെ കാര്യത്തിൽ ഈ മൂന്ന് ഘടകങ്ങളും ബാധകമാകുന്നില്ല. ഓരോ സമുദായവും സ്വീകരിച്ചുവന്നിട്ടുള്ള അവരുടെ സ്വത്വവസ്ത്ര സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ആർക്കും അധികാരമില്ല.

നിരോധനം മാർഗനിർദേശക തത്ത്വങ്ങൾക്ക് എതിര്

പ്രശാന്ത് ഭൂഷണ് ശേഷം ഒരു വനിതാ അഭിഭാഷക വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. ഭരണഘടനയിലെ മാർഗനിർദേശക തത്ത്വങ്ങളിലെ 45, 46 അനുച്ഛേദങ്ങളാണ് അവർ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ചെറുപ്രായത്തിൽതന്നെ കുട്ടികളിൽ വിദ്യാഭ്യാസബോധം വളർത്തുന്നതിന് വേണ്ടിയുള്ള നിർദേശം അനുച്ഛേദം 45 നൽകുമ്പോൾ പട്ടികജാതി, വർഗ വിഭാഗങ്ങളിൽ പെട്ടവരും മറ്റു ദുർബല വിഭാഗങ്ങളിൽ പെട്ടവരുമായ വിദ്യാർഥികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് അനുച്ഛേദം 46 സർക്കാറുകൾക്ക് നിർദേശം നൽകുന്നു. കേവലം വസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്ന തീരുമാനം ഈ അനുച്ഛേദങ്ങളുടെ ലംഘനമാണ് എന്നായിരുന്നു അവരുടെ വാദം.

ശിയാ അഭിഭാഷക

പിന്നീട് ശിയാ വിഭാഗത്തിൽ പെട്ട വിദ്യാർഥിനികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകയായിരുന്നു രണ്ടംഗ ബെഞ്ചിന്റെ മുമ്പിൽ വാദങ്ങൾ അവതരിപ്പിച്ചത്. കത്തോലിക്കാ വിഭാഗത്തെ പോലെ ഒരു മാർപ്പാപ്പ അല്ല, മറിച്ച് ഒരു കൂട്ടം പണ്ഡിതന്മാരും ആയത്തുല്ലമാരുമാണ് ശിയാ വിശ്വാസമനുസരിച്ച് മതകാര്യങ്ങൾ തീരുമാനിക്കുന്നത്. ശിയാ പാണ്ഡിത്യം ദശാബ്ദങ്ങളായി വികസിച്ചുവന്നതാണ്. ശിരോവസ്ത്ര വിഷയത്തിൽ ആയത്തുല്ലമാർ വ്യക്തമായ വിധി പ്രസ്താവിച്ചിട്ടുണ്ട്. ഗ്രന്ഥത്തിൽ പറയുന്നതല്ല, അംഗീകൃത ആയത്തുല്ലമാർ പറയുന്നതാണ് ശിയാ വിഭാവത്തിന്റെ അവസാനവാക്ക്. ഇറാനിലും ഇറാഖിലും ശിയാക്കൾ വലിയ ഭൂരിപക്ഷമാണെങ്കിൽ ഇന്ത്യയിൽ ന്യൂനപക്ഷമാണ്. അതുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പരിധിയിൽ ശിയാ വിദ്യാർഥിനികളുടെ അവകാശങ്ങളും ഉൾപ്പെടുന്നുണ്ട്. കർണാടക ഹൈക്കോടതി ശിയാ വിദ്യാർത്ഥിനികളുടെ വാദം കേൾക്കാൻ തയ്യാറായിട്ടില്ല.

തുളസി കെ.രാജ്

സുപ്രീംകോടതിയിലെ യുവ അഭിഭാഷക തുളസി രാജാണ് പിന്നീട് വാദമാരംഭിച്ചത്. ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകൻ കാളീശ്വരം രാജിന്റെ പുത്രിയാണ് തുളസി. ഭരണഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീംകോടതിയിൽ പലപ്പോഴും ശബ്ദമുയർത്തിയിട്ടുള്ള തുളസി സമത്വവും വിവേചനരഹിതവുമായ നിയമം (Equaltiy and nondiscrimination law), മതസ്വാതന്ത്ര്യം (Free-dom of religion), സംസാര ആവിഷ്‌കാര സ്വാതന്ത്ര്യം (Free speech and expression) എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മുഖമാണ്.

ഹിജാബിനെതിരെ മുൻവിധി

കർണാടകയുടെ തീരുമാനം ചില മുൻവിധികളുടെ അടിസ്ഥാനത്തിലാണ്. മുൻവിധികളുടെ അടിസ്ഥാനത്തിൽ ഒരു സംസ്ഥാന സർക്കാറിന് പ്രവർത്തിക്കാൻ അധികാരമില്ല. ശിരോവസ്ത്രം അല്ലെങ്കിൽ ‘ഹിജാബ്’ ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്ന മുൻവിധിയാണ് പ്രധാനമായും ഇവിടെ പ്രചാരണം നടക്കുന്നത്. സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് പുരുഷനോടുള്ള വിധേയത്വത്തിന്റെയോ കീഴടങ്ങലിന്റെയോ ഭാഗമാണ് എന്ന അനുമാനം ഒട്ടും ശരിയല്ല. ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകൾ അവരുടെ സ്വന്തം താൽപര്യപ്രകാരമാണ് ധരിച്ചുവരുന്നത്. തുളസി രാജിന്റെ വാദങ്ങൾ തുടരാൻ ജസ്റ്റിസ് ഗുപ്ത അനുവദിച്ചില്ല. നേരിട്ടല്ലാതെയുള്ള വിവേചനം എന്ന ഭാഗം നേരത്തെ അഭിഭാഷകർ അവതരിപ്പിച്ചതാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.

ദുഷ്യന്ത് ദവെ

1994 മുതൽ സുപ്രീം കോടതി അഭിഭാഷകനായി പ്രവർത്തിച്ചുവരുന്ന ദുഷ്യന്ത് ദവെ അന്താരാഷ്ട്ര തലങ്ങളിൽ പ്രസിദ്ധി നേടിയിട്ടുള്ള നിയമപണ്ഡിതനാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിൽ ഹാദിയക്ക് അനുകൂലമായി സുപ്രീംകോടതിയിൽനിന്ന് വിധി സമ്പാദിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് ദവെ ആയിരുന്നു. ലവ് ജിഹാദ് ഒരു കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. നാഷണൽ ലീഗൽ സർവീസ് അതോറിറ്റി (NALSA), അമേരിക്കൻ ആർബിട്രേഷൻ അസോസിയേഷൻ (AAA) തുടങ്ങി ദേശീയവും അന്തർദേശീയവുമായ നിരവധി നിയമസംവിധാനങ്ങളുടെ ഭാഗമായ അദ്ദേഹം ഇന്റർനാഷണൽ ബാർ അസോസിയേഷന്റെ വൈസ് ചെയർമാൻ കൂടിയാണ്.

ദവെ വാദം തുടങ്ങുന്നതിന് മുമ്പുതന്നെ ജസ്റ്റിസ് ഗുപ്ത ഇതുവരെ പല അഭിഭാഷകരും വാദിച്ച പോയിന്റുകളുടെ ആവർത്തനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു. ദൈവം ഒന്നാണെങ്കിലും വിവിധ മതങ്ങളുടെ വീക്ഷണകോണിൽ ദൈവത്തിന് വിവിധ വ്യാഖ്യാനങ്ങളാണ് എന്നതുപോലെ ഒരേ ലോ പോയിന്റിന് തന്നെ വിവിധ അഭിഭാഷകർക്ക് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളുമുണ്ടാകാമെന്നായിരുന്നു ദവെയുടെ മറുപടി.

സ്‌കൂളുകൾ സൈനിക കേന്ദ്രങ്ങളല്ല

പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂളുകളായിട്ടുള്ള ചെറിയ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിത്. നമ്മുടെ വിദ്യാർഥികൾ പഠിക്കുന്നത് സൈനിക വിദ്യാലയങ്ങളിലോ നാസികളുടെ പട്ടാളച്ചിട്ടയോടു കൂടിയുള്ള സ്‌കൂളുകളിലോ അല്ല. അതുകൊണ്ടുതന്നെ യൂണിഫോം എന്ന ഡ്രസ്‌കോഡിന് അമിതപ്രാധാന്യം നൽകിക്കൊണ്ടുള്ള ചർച്ച പ്രസക്തമേയല്ല.

മതവൈവിധ്യം ഇന്ത്യയുടെ പാരമ്പര്യം

നമ്മുടെ രാജ്യം മനോഹരമായ ഒരു സംസ്‌കാരത്തിന്റെ അടിത്തറയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. സഹസ്രാബ്ധങ്ങളായി നാം അംഗീകരിച്ചുവന്നിട്ടുള്ള പാരമ്പര്യമാണ് നമ്മുടെ അടിത്തറ. 5000 വർഷത്തിനുള്ളിൽ വിവിധങ്ങളായ മതങ്ങളെ നാം സ്വീകരിച്ചു. ഇങ്ങോട്ട് കടന്നുവന്ന മുഴുവൻ മതങ്ങളെയും സ്വീകരിച്ച നമ്മുടെ പാരമ്പര്യത്തെ കുറിച്ച് ലോകമെമ്പാടുമുള്ള ചരിത്രകാരന്മാർ വർണിച്ചിട്ടുണ്ട്. ഹിന്ദു, ബുദ്ധ, ജൈന എന്നീ മതങ്ങൾക്ക് ജന്മം നൽകിയ രാജ്യമാണ് ഇന്ത്യ. ഇസ്‌ലാം ഇവിടെ വന്നത് ഈ രാജ്യത്തെ കീഴ്‌പെടുത്തിക്കൊണ്ടല്ല. ബ്രിട്ടീഷുകാർ അടക്കമുള്ള അധിനിവേശ ശക്തികളൊഴികെ ആരും ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ കീഴ്‌പ്പെടുത്തിയതായി കാണാൻ കഴിയില്ല.

സ്വതന്ത്രമായി, ഓരോ വ്യക്തിയുടെ ചിന്തയുടെ അടിസ്ഥാനത്തിൽ ഏതിനെയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് നാം വളർത്തിയെടുത്ത പാരമ്പര്യം. എന്നാൽ ലവ് ജിഹാദിന്റെ പേരിൽ ഇവിടെ ചിലർ നിയമങ്ങൾ ഉണ്ടാക്കുന്നു. ഗുജറാത്തിൽ മുസ്‌ലിം സമുദായത്തിൽ പെട്ടവർക്ക് വിൽപന നടത്താൻ പാടില്ലെന്ന നിയമം ഉണ്ടാക്കുന്നു. ഇതെല്ലം നമ്മുടെ പാരമ്പര്യത്തിനെതിരാണ്. 5000 വർഷത്തെ സാംസ്‌കാരിക പാരമ്പര്യം അങ്ങനെ പെട്ടെന്ന് തകർക്കാൻ സാധിക്കുമോ? എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമം

ഇസ്‌ലാം നമ്മെ കീഴ്‌പ്പെടുത്തുമെന്ന് ചിന്തിക്കുന്നത് വെറുതെയാണ്. അക്ബറിന്റെ കാലത്താണ് ഈ രാജ്യം ഏറെ പുരോഗതി പ്രാപിച്ചത് എന്ന് നാം ഓർക്കണം. അംബേദ്കറും പട്ടേലും ഭയപ്പെട്ടത് ഇപ്പോൾ യാഥാർഥ്യമായിക്കൊ ണ്ടിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെ പാർശ്വവൽക്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അഭംഗുരം തുടർന്നുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്ത് ഒരു ഹിന്ദുവിന് മുസ്‌ലിമിനെ വിവാഹം കഴിക്കാൻ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെങ്കിൽ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന് എന്ത് പ്രസക്തി? സ്‌നേഹം എന്ന വികാരത്തെ ആർക്കെങ്കിലും ബന്ധിക്കാൻ കഴിയുമോ? അക്ബർ രജപുത്ര സ്ത്രീയെ വിവാഹം ചെയ്തിട്ടില്ലേ? അടുത്ത കാലത്ത് ബി.ജെ.പി അംഗങ്ങൾ മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്ത വാർത്ത പുറത്തുവന്നിട്ടില്ലേ? പ്രണയവിവാഹങ്ങളുടെ കാര്യങ്ങളിലേക്ക് അപ്രധാനമായ ഘടകങ്ങൾ കൂട്ടിച്ചേർത്ത് ഭീതിയും വിവാദങ്ങളുമുണ്ടാക്കി ന്യായാധിപന്മാർക്ക് മുമ്പിൽ അവതരിപ്പിക്കുകയും അവരുടെ വിലപ്പെട്ട സമയം കളയുകയും ചെയ്യുന്ന പ്രവണതയാണ് കൂടുതലും കാണുന്നത്. ഇത് എന്ത് ജനാധിപത്യമാണ്?

നിയമങ്ങളെ ദുർവ്യാഖ്യാനിക്കുന്നു

ഇപ്പോൾ വന്നിട്ടുള്ള കേസ് പ്രത്യക്ഷത്തിൽ യൂണിഫോമിനെ കുറിച്ചാണെങ്കിലും യഥാർഥത്തിൽ അതുവഴിയുണ്ടായ മുസ്‌ലിം പെൺകുട്ടികളുടെ അവകാശ നിഷേധത്തെ കുറിച്ചാണ് ഞങ്ങൾക്ക് പറയാനുള്ളത്. ദുരുദ്ദേശ്യത്തോടുകൂടി നിയമങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഞങ്ങൾ ഭൂരിപക്ഷം പറയുന്നത് ന്യൂനപക്ഷം അനുസരിച്ചുകൊള്ളണമെന്ന് പറയുന്ന ധാർഷ്ട്യത്തെ കുറിച്ചാണ് ഞങ്ങൾക്ക് പറയാനുള്ളത്.

ഭരണഘടനയും കൃപാണും

ഭരണഘടനാ ശിൽപികൾ ഒരിക്കലും സിഖുകാർ ധരിക്കുന്ന തലപ്പാവിനെ കുറിച്ച് സംസാരിച്ചിട്ടില്ല, അവർ കൃപാണിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. ആയുധം വഹിക്കാനുള്ള അവകാശം മൗലികാവകാശമല്ല എന്നതിന്റെ പേരിൽ മാത്രമാണ് കൃപാണിനെ കുറിച്ച് ഭരണഘടനയിൽ എഴുതിച്ചേർത്തത്. അതുകൊണ്ട് കൃപാൺ മാത്രമെ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളൂ എന്ന വാദം ഉയർത്തിപ്പിടിച്ച് ഭരണഘടന നൽകുന്ന വസ്ത്ര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ശിരോവസ്ത്രം ധരിക്കുന്നതുവഴി ഇവിടെ ആരുടേയും വികാരം വ്രണപ്പെടുന്നില്ല. പിന്നെ എന്തിനാണ് ശിരോവസ്ത്രത്തിൽ പേരിൽ ഈ ആശങ്കകൾ പ്രചരിപ്പിക്കുന്നത്?

കുട്ടികൾ മതങ്ങളെ പഠിക്കണം

ഒരു ഹിന്ദു പെൺകുട്ടി ഹിജാബ് ധരിച്ച ഒരു മുസ്‌ലിം പെൺകുട്ടിയോട് നീ എന്തിനാണ് ഹിജാബ് ധരിക്കുന്നതെന്ന് ചോദിക്കുകയും അവൾ അവളുടെ മതത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന സെക്കുലറായ സ്ഥിതിവിശേഷം നമ്മുടെ വിദ്യാലയങ്ങൾ സംജാതമാവുകയാണെങ്കിൽ വിദ്യാലയങ്ങളുടെ സാമൂഹികാവസ്ഥ വളരെ മനോഹരമായിരിക്കും. വർണവിവേചനത്തിന്റെ പേരിൽ അമേരിക്കയിൽ ബസുകളിൽ പോലും വേർതിരിക്കൽ നടക്കുന്ന വാർത്തകൾ നമ്മെ ഞെട്ടിപ്പിച്ചിരുന്നുവെങ്കിൽ ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ നാം പ്രാവർത്തികമാക്കുന്നത് അതേതരത്തിലുള്ള നടപടികൾ തന്നെയാണ്. ന്യൂനപക്ഷങ്ങളുടെ മതവേഷങ്ങളെയും അടയാളങ്ങളെയും നിരോധിച്ചുകൊണ്ടുള്ള നടപടികൾ ഇതാണ് സൂചിപ്പിക്കുന്നത്. അമേരിക്കയിൽ കറുത്ത വർഗമെങ്കിൽ ഇവിടെ ന്യൂനപക്ഷങ്ങൾ എന്ന വ്യത്യാസം മാത്രമേയുള്ളൂ.

ഭൂരിപക്ഷ-ന്യൂനപക്ഷ ധാരണ വളരണം

സർദാർ വല്ലഭായ് പട്ടേൽ ഭരണഘടനാ അസംബ്ലിയിൽ പറഞ്ഞ ചില വാചകങ്ങൾ നാം ഒന്നുകൂടി കേൾക്കണം: ‘ഭൂരിപക്ഷത്തെ കുറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തുന്ന നടപടികളാണ് ഉണ്ടാവേണ്ടത്. ന്യൂനപക്ഷത്തോട് മോശമായി പെരുമാറുന്നതുപോലെ ഭൂരിപക്ഷത്തോടും ആരെങ്കിലും പെരുമാറിയാൽ അത് എങ്ങനെ അനുഭവപ്പെടുമെന്ന് ഭൂരിപക്ഷവും ചിന്തിക്കണം.’ മൈനോറിറ്റി കമ്മീഷന്റെ ചെയർമാൻ കൂടിയായിരുന്നു ഭൂരിപക്ഷ വിഭാഗത്തിൽ പെട്ട സർദാർ പട്ടേൽ എന്ന കാര്യവും കൗതുകത്തോടെ നാം കാണേണ്ടതുണ്ട്. ദുഷ്യന്ത് ദവെ സർദാർ പട്ടേലിന്റെയും അംബേദ്കറുടെയും ചില ഉദ്ധരണികൾ കൂടി കോടതിയെ വായിച്ചു കേൾപിച്ചു.

ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ

ഈ കോടതിയിൽ പ്രാധാന്യമുള്ള ഒരേയൊരു ‘മതം’ ഇന്ത്യൻ ഭരണഘടനയാണ്. ഹിന്ദുക്കൾക്ക് ഗീതയും മുസ്‌ലിംകൾക്ക് ക്വുർആനും സിഖുകാർക്ക് ഗുരു ഗ്രന്ഥ് സാഹിബും ക്രിസ്ത്യാനികൾക്ക് ബൈബിളും പ്രധാനമാണ് എന്ന പോലെ നാം ഇന്ത്യക്കാർക്ക് നമ്മുടെ ഭരണഘടന വളരെ പ്രധാനമാണ്. ഭരണഘടനയില്ലാതെ നമുക്ക് ഒരു സമൂഹമായി നിലനിൽക്കാൻ സാധിക്കില്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യയിലും ഇന്ത്യയുടെ ഭരണഘടനയിലെ പൂർണമായ വിശ്വാസമുണ്ട്. അതുകൊണ്ടാണ് ആയിരക്കണക്കിന് ആത്മഹത്യാബോംബുകൾ ഇസ്‌ലാമിക രാജ്യങ്ങളിൽ നടക്കുമ്പോൾ ഇന്ത്യയിൽ ഒന്നുപോലും സംഭവിക്കാതിരിക്കുന്നത്. ഇറാഖിലും സിറിയയിലും നടക്കുന്ന ആത്മഹത്യാബോംബുകളെ കുറിച്ചുള്ള വാർത്തകൾ നാം നിത്യേന വായിക്കുന്നുവെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഒരു ആത്മഹത്യാബോംബിനെ കുറിച്ചും നാം കേൾക്കുന്നില്ല. അതിനുള്ള കാരണം ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസമാണ്.

മതപ്രബോധനവും ഭരണഘടനയും

സഹിഷ്ണുത എന്ന മഹനീയമായ ആശയത്തിന്മേലാണ് ഭരണഘടനയിലെ 25ാം അനുച്ഛേദം നിർമിക്കപ്പെട്ടിരിക്കുന്നത്. ദുഷ്യന്ത് ദവെ അതിനെ സംബന്ധിച്ച് സംസാരിച്ചു തുടങ്ങുന്നതിനിടെ ജസ്റ്റിസ് ധൂലിയ ഇടപെട്ടുകൊണ്ട് ഇങ്ങനെ ചോദിച്ചു: ‘25ാം അനുച്ഛേദത്തിലെ ‘Propagate’ എന്ന പദത്തിന്റെ പ്രസക്തി എന്താണെന്ന് ഭരണഘടനാ അസംബ്ലിയിൽ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ക്രിസ്തീയ മതം പോലെയുള്ള മതങ്ങളിൽ മതം പ്രചരിപ്പിക്കുക എന്നത് വിശ്വാസത്തിന്റെ അതിപ്രധാനമായ ഭാഗമായത് കൊണ്ടാണോ?’

പ്രബോധനം ഹിന്ദുമതത്തിലും

എന്നാൽ മതപ്രബോധനം ക്രിസ്തീയ മതത്തിൽ മാത്രമല്ല ഹിന്ദുമതത്തിലുമുണ്ടെന്നായിരുന്നു ദുഷ്യന്ത് ദവെയുടെ പക്ഷം. ‘ഹരേ കൃഷ്ണ മൂവ്‌മെന്റ്’ എന്ന പേരിൽ അറിയപ്പെടുന്ന The International Socitey for Krishna Consciousness (ISKCON) എന്ന പ്രസ്ഥാനം മനോഹരമായ വിധത്തിൽ ഹൈന്ദവ ദർശനത്തെ പ്രചരിപ്പിക്കുന്നവരാണ്. ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്ന തമിഴ്‌നാട്ടിലെ ടി.ടി.കൃഷണമാചാരിയുടെ വാചകങ്ങൾ ശ്രദ്ധക്കുക: ‘ഞാൻ ക്രിസ്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥിയായിരിക്കെ അവിടെ മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും നടന്നിട്ടില്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽനിന്ന് എനിക്ക് പറയാൻ കഴിയും.’ ക്രിസ്ത്യൻ സ്‌കൂളുകളെ കുറിച്ച് നാം എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത്? എന്റെ മക്കൾ ക്രിസ്ത്യൻ സ്‌കൂളുകളിലാണ് പഠിക്കുന്നത്. അവർ ഇന്നേവരെ ഒരു ബൈബിൾ പോലും വീട്ടിൽ കൊണ്ടുവന്നിട്ടില്ല. മിഷനറിമാർ വിദൂരസ്ഥലങ്ങളിലും മറ്റും വിദ്യാഭ്യാസം നൽകിക്കൊണ്ടുള്ള സേവനപ്രവർത്തനങ്ങൾ നടത്തുകയാണ് ചെയ്യുന്നത്.

(അടുത്ത ലക്കത്തിൽ: മതസ്വാതന്ത്ര്യം ഭരണഘടന നിർമാണ ചർച്ചകളിൽ)