ആരോഗ്യസംരക്ഷണം: ഇസ്‌ലാമിക നിർദേശങ്ങൾ

ഡോ. ടി. കെ യൂസുഫ്

2022 സെപ്തംബർ 03, 1444 സ്വഫർ 06

ആരാധാനാകർമങ്ങൾ കഴിഞ്ഞാൽ പ്രവാചകൻ  ﷺ  ഏറ്റവും പ്രധാന്യം നൽകിയിരുന്നത് ആരോഗ്യസംരക്ഷണത്തിനാണ്. നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാകർമങ്ങൾ ശരിയായ രീതിയിൽ അനുഷ്ഠിക്കണമെങ്കിൽ ശാരീരിക സൗഖ്യം അനിവാര്യമാണ്. അതുകൊണ്ട്തന്നെ പ്രവാചകൻ ﷺ  ആഫിയത്തിന് വേണ്ടി പ്രാർഥന നടത്തിയതായി നമുക്ക് കാണാനാവും. ആരോഗ്യം കൃതജ്ഞത അർഹിക്കുന്ന ഒരു അനുഗ്രഹമാെണന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. നബി ﷺ  പറഞ്ഞു: “ആർക്കെങ്കിലും ശാരീരിക സൗഖ്യവും നിർഭയത്വവും നിത്യവൃത്തിക്കുളള വകയും ലഭിച്ചാൽ അവന് ദുൻയാവ് ആകമാനം ലഭിച്ചു’’ (തുർമുദി).

ഒരു മനുഷ്യന് ഈ ലോകത്തുവെച്ച് ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവുമാദ്യം ചോദ്യം ചെയ്യപ്പെടുക ആരോഗ്യത്തെക്കുറിച്ച് തന്നെയാണ്. നബി ﷺ  പറഞ്ഞു: “അന്ത്യദിനത്തിൽവെച്ച് ഒരു അടിമയോട് ആദ്യമായി ചോദിക്കുന്നത് ഇതായിരിക്കും: ഞാൻ നിനക്ക് ശരീരത്തിന് ആരോഗ്യം നൽകിയില്ലേ? ഞാൻ നിനക്ക് തണുത്തവെള്ളം കുടിക്കാൻ നൽകിയില്ലേ?’’ (തുർമുദി).

നബി ﷺ  ശാരീരിക സൗഖ്യത്തിന് വേണ്ടി പ്രർഥിക്കുകയും മറ്റുളളവരോട് അപ്രകാരം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നബി ﷺ  പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനോട് സുഖവും സൗഖ്യവും ചോദിക്കുക. കാരണം വിശ്വാസത്തിന് ശേഷം ശാരീരിക സൗഖ്യത്തെക്കാൾ ഉത്തമമായത് ഒരാൾക്കും നൽകപ്പെട്ടിട്ടില്ല’’ (നസാഇ).

ഒരു അപരിഷ്‌കൃത അറബി വന്നിട്ട് നബി ﷺ യോട് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഞാൻ നമസ്‌കാരങ്ങൾക്ക് ശേഷം എന്താണ് ചോദിക്കേണ്ടത്?’’ അപ്പോൾ നബി ﷺ  പറഞ്ഞ: “നീ അല്ലാഹുവിനോട് സൗഖ്യത്തിന് വേണ്ടി ചോദിക്കുക’’ (അഹ്‌മദ്).

ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനിവാര്യമായി വേണ്ട ഒരു ഗുണം മാനസിക വിശുദ്ധിയാണ്. പവിത്രമായ മനസ്സിന്റെ ഉടമകൾക്ക് താരതേമ്യന രോഗങ്ങൾ കുറവായിരിക്കുമെന്നാണ് ആധുനിക ഗവേഷകരുടെ അഭിപ്രായം. നബി ﷺ യുടെ സ്വാഭാവശുദ്ധിയെക്കുറിച്ച് വന്നിട്ടുളള നിരവധി ഹദീസുകൾ ഇവിടെ സ്മരണീയമാണ്. ഉത്തമ സ്വഭാവത്തിന്റെ ഉടമ എന്ന് ക്വുർആൻ വിശേഷിപ്പിച്ച നബി ﷺ യുടെ സ്വഭാവം ക്വുർആനായിരുന്നു എന്നാണ് പ്രിയപത്‌നി ആഇശ(റ) പ്രസ്താവിക്കുന്നത്. അനസ്(റ) പറയുന്നത് ‘ഞാൻ പ്രവാചകന് പത്തുവർഷത്തോളം സേവനം ചെയ്തു, ഈ കാലയളവിനിടിയിൽ ഞാൻ ചെയ്ത എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് നീ എന്തിന് അത് ചെയ്തുവെന്നോ ഞാൻ ചെയ്യാതിരുന്ന ഒരു കാര്യത്തിനെക്കുറിച്ച് നീ എന്തിന് അത് ചെയ്യാതിരുന്നു എന്നോ ചോദിച്ചിട്ടില്ല’ എന്നാണ്. ശുദ്ധമായ മനസ്സിന്റെ ഉടമയായിരുന്നതുകൊണ്ട് തന്നെ നബി(സ)ക്ക് ദുർവികാരജന്യമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല.

മാനസിക പിരിമുറുക്കങ്ങൾകൊണ്ടും മറ്റുള്ളവരോടുളള പ്രതികാരചിന്തകൾകൊണ്ടും രോഗിയായിത്തീരുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. എത്രത്തോളമെന്നാൽ ഇന്ന് പല മാനസികരോഗ വിദഗ്ധരും രോഗികളോട് നിങ്ങളുടെ പ്രശ്‌നം എന്ത് എന്ന് ചോദിക്കുന്നതിന് പകരം നിങ്ങളുടെ പ്രശ്‌നം ആര് എന്ന് ചോദിക്കുന്നിടത്തുവരെ എത്തിയിരിക്കുന്നു! ‘കോപിക്കരുത്’ എന്ന പ്രവാചകവചനം വൈദ്യശാസത്രത്തിലെ ഏറ്റവും വലിയ ഉപദേശമായി നമുക്ക് കാണാവുന്നതാണ്. കോപം ശരീരത്തിലെ ഒട്ടേറെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ട്. രോഗകാരണമായി ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ള മറ്റൊന്ന് മനോദുഃഖമാണ്. മനോദുഃഖത്തിൽനിന്നും സ്വയം രക്ഷനേടാൻ മനുഷ്യന് പ്രയാസമായതുകൊണ്ട് തന്നെ പ്രവാചകൻ ﷺ  ദുഖത്തിൽനിന്നും മനോവ്യഥയിൽനിന്നും നിരന്തരമായി നമസ്‌കാര ശേഷം അല്ലാഹുവിനോട് രക്ഷ തേടിയിരുന്നതായി കാണാം. മനോദുഃഖങ്ങൾ അലട്ടുമ്പോൾ അതിൽനിന്ന് രക്ഷതേടാൻ ചില പ്രാർഥനകളും പ്രവാചകൻ വിശ്വാസികളെ പഠിപ്പിച്ചിട്ടുണ്ട്.

ആഹാരം, നിദ്ര, സംസർഗം

ആരോഗ്യത്തിന്റെ അടിസ്ഥാന സ്തൂപങ്ങളായി ആയുർവേദം എണ്ണിയിട്ടുളളത് ആഹാരം, നിദ്ര, മൈഥുനം എന്നീ മുന്ന് കാര്യങ്ങളെയാണ്. പോഷകസമൃദ്ധമായ ഭക്ഷണം, ശരീരക്ഷീണം തീർക്കാനാവശ്യമായ സുഖനിദ്ര, മിതവും ഹിതവുമായ ലൈംഗികവൃത്തി എന്നിവയാണ് അവകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

രോഗചികിത്സയെക്കാളും നബി  ﷺ  പ്രാധാന്യം നൽകിയിരുന്നത് ആരോഗ്യസംരക്ഷണത്തിനായിരുന്നു. ഒട്ടനവധി സ്വഹീഹായ ഹദീസുകളിലൂടെ ചികിത്സിക്കാൻ വേണ്ടി ആഹ്വാനം ചെയ്ത പ്രവാചകൻ രോഗാവസ്ഥയിലും ആരോഗ്യാവസ്ഥയിലും വൈദ്യവിധികൾ പാലിച്ചതായി കാണാനാവും. നബി ﷺ യുടെ ഭക്ഷണ‌ശീലം പരിശോധിക്കുകയാണങ്കിൽ ഇക്കാര്യം നമുക്ക് ബോധ്യപ്പെടും. പ്രവാചകന്റെ ഭക്ഷണരീതിയിൽ ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ ഭക്ഷണം ഹിതവും മിതവുമായിരുന്നു എന്നതാണ്.

നബി ﷺ  പറഞ്ഞു: “മനുഷ്യൻ അവന്റെ വയറിനെക്കാളും മോശമായ ഒരു പാത്രം നിറച്ചിട്ടില്ല. ഒരു മനുഷ്യന് അവന്റെ നട്ടെല്ല് നിവർത്താൻ ഏതാനും ഉരുളകൾ മതി. ഇനി അനിവാര്യാമാണങ്കിൽ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെളളത്തിനും മൂന്നിലൊന്ന് വായുവിനും’’ (നസാഇ, തിർമുദി). മറ്റൊരു വചനത്തിൽ ഇങ്ങനെ കാണാം: “വിശ്വാസി ഒരുവയർ തിന്നുന്നു, അവിശ്വാസി ഏഴുവയർ ഭക്ഷിക്കുന്നു’’ (ബുഖാരി).

വിരുദ്ധ ഭക്ഷണങ്ങൾ വിരോധിച്ചിരുന്ന റസൂൽ ﷺ  പാത്രങ്ങൾ അടച്ചുവെക്കാൻ കൽപിക്കുകയും ചെയ്തിട്ടുണ്ട്.

വിശക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഇബ്‌നുസീനയെപ്പോലുളള പല ഭിഷഗ്വരന്മാരും വിലക്കിയിട്ടുണ്ട്. അതുപോലെ അത്താഴത്തിന് ശേഷം അര കാതം നടക്കണം എന്ന പഴമൊഴിയെ പിന്താങ്ങുന്ന ഒരു നബിവചനവും നമുക്ക് കാണാനാവും. നബി ﷺ  പറഞ്ഞു: “നിങ്ങൾ നമസ്‌കാരംകൊണ്ടും ദൈവസ്മരണ കൊണ്ടും ഭക്ഷണത്തെ ദഹിപ്പിക്കുക. നിങ്ങൾ അപ്പടി ഉറങ്ങരുത്, എങ്കിൽ അത് നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കാൻ ഇടയാകും’’ (ത്വബറാനി, ബൈഹക്വി).

ഉറക്കം ആരോഗ്യസംരക്ഷണത്തിന് അനിവാര്യഘടകമാണ് എന്ന് എല്ലാ വൈദ്യശാസ്ത്ര ശാഖകളും അംഗീകരിക്കുന്നുണ്ട്. ഒരാൾ എത്രസമയം ഉറങ്ങണം എന്നത് അവന്റെ പ്രായവും ജോലിയും പരിതസ്ഥിതിയും മറ്റും ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണമായി, നവജാതശിശുക്കൾ അധികസമയവും നിദ്രയിലായിരിക്കും. എന്നാൽ പ്രായമായവർ താരതമ്യേന കുറച്ചുസമയം മാത്രമെ ഉറങ്ങാറുളളൂ. പ്രവാചകന് നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന ശീലമായിരുന്നു ഉണ്ടായിരുന്നത്. ഉറങ്ങാൻ നേരത്ത് ക്വുർആൻ വചനങ്ങളും പ്രാർഥനകളും ചൊല്ലി വലതുവശം ചെരിഞ്ഞ് കിടക്കാനാണ് നബി ﷺ  കൽപിച്ചിട്ടുളളത്.

വലതുവശം ചെരിഞ്ഞ് കിടക്കുന്നതിന്റെ സവിശേഷത ഇന്ന് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തിൽനിന്ന് രക്തം സുഗമമായി പുറത്തേക്ക് ഒഴുകാൻ ഇത് വളരെ സഹായകമാണ്. കാരണം ഹൃദയം നെഞ്ചിനകത്ത് നേരെ ലംബമായിട്ടല്ല സ്ഥിതിചെയ്യുന്നത്. അതിന്റെ മുകൾ ഭാഗം അൽ പം വലത്തോട്ടും കീഴ്ഭാഗം അൽപം ഇടത്തോട്ടും ചെരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. അതോെടാപ്പം തന്നെ ഹൃദയത്തിൽനിന്ന് പുറത്തുവരുന്ന ധമനികൾക്ക് വലതുഭാഗത്തേക്ക് തന്നെ ഒരു വളവ് കൂടിയുണ്ട്. ഘടനാപരമായി ഇത്തരം സവിശേഷതകൾ ഉളളതുകൊണ്ട് ഒരു മനുഷ്യൻ വലതുഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുന്നത് അവന്റെ ഹൃദയത്തിൽനിന്നും രക്തത്തിന് സുഗമമായി പുറത്തേക്ക് ഒഴുകാൻ സഹായകമാകും. എന്നാൽ ഇടതുഭാഗം ചെരിഞ്ഞ് കിടക്കുമ്പോൾ മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഹൃദയത്തിൽ നിന്നും രക്തം ശരിക്കും പുറത്തേക്ക് ഒഴുകുന്നില്ല. വലതുഭാഗത്തേക്ക് തിരിഞ്ഞ് കിടക്കുന്നതുകൊണ്ട് ജൈവശാസത്രപരമായി മറ്റൊരു നേട്ടംകൂടിയുണ്ട്. തലച്ചോറിലെ വലതുപകുതിയിലേക്ക് രക്തം ധാരാളമായി എത്താൻ ഇത് സഹായകമാണ്. തലച്ചോറിന്റെ വലതുപകുതി നിർവഹിക്കുന്ന പ്രവർത്തനങ്ങളുടെ പ്രാധാന്യം പരിഗണിക്കുമ്പോൾ ഇതും ഒരു അനിവാര്യതയാണ്.

വലതുഭാഗം ചെരിഞ്ഞ് കിടക്കുന്നത് രക്തചംക്രമണത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും മാത്രമല്ല സഹായകമായിത്തീരുന്നത്. ആമാശയത്തിന്റെ ഘടനക്കും അതുതന്നെയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്; വിശേഷിച്ചും വയറു നിറഞ്ഞ അവസ്ഥയിലാകുമ്പോൾ. ഭക്ഷണം ദഹിക്കാൻ ഈ രൂപം വളരെ പ്രയോജനകരമാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സർവോപരി ഹൃദയം ഇടതുഭാഗത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് തന്നെ വലതുഭാഗത്തേക്ക് തിരിഞ്ഞുകിടക്കുന്നവന്റെ മറ്റു ആന്തരികാവയവങ്ങൾ അതിന്റെമേൽ ജാമാകാതിരിക്കുന്നതുകൊണ്ട് ഹൃദയത്തിന് ഒരു സ്വസ്ഥതയും ഇതിലൂടെ ലഭിക്കാനിടയുണ്ട്. നബി ﷺ  തഹജ്ജുദ് നമസ്‌കാരത്തിന് ശേഷം, അല്ലെങ്കിൽ സ്വുബ്ഹിയുടെ സുന്നത്തിന് ശേഷം സ്വുബ്ഹി ജമാഅത്ത് വരെ ഒരു വിശ്രമത്തിന് വേണ്ടി കിടക്കുമ്പോഴും വലതുഭാഗം തിരിഞ്ഞ് തന്നെയാണ് കിടന്നിരുന്നത്.

ആയുർവേദ വിധിപ്രകാരം ലൈംഗിക സംസർഗവും ആരോഗ്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നാണ്. ഇസ്‌ലാം വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ബ്രഹ്‌മചര്യത്തെ വിലക്കുകയുമാണ് ചെയ്തിട്ടുളളത്. അനുവദനീയമായ നിലയിലുള്ള ലൈംഗികതയെ ഇസ്‌ലാം ഒരിക്കലും ഒരു പാപമായി കാണുന്നില്ല. നോമ്പ് അനുഷ്ഠിക്കുന്നവന് പകൽസമയത്തും ഹജ്ജിന്റെ വേളയിലും മാത്രമെ ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നതിന് മതം വിലക്കേർപ്പെടുത്തിയിട്ടുളളൂ. യുവസമൂഹത്തോട് വിവാഹിതരാകാൻ ആഹ്വാനം ചെയ്ത പ്രവാചകൻ ഒരാൾ തന്റെ ഭാര്യയുമായി ബന്ധപ്പെടുന്നത് പോലും പുണ്യകർമമാണന്നു പഠിപ്പിച്ചതായി കാണാം.