രോഗവും മരുന്നും 10

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

പാഠം 21

പാപങ്ങളൂടെ ദുഷ്‌ഫലങ്ങൾ

40. സച്ചരിതനായ തന്റെ ആത്മസുഹൃത്തിനെ നഷ്ടപ്പെടുത്തും

സ്വന്തം പാപങ്ങൾ നല്ലവനായ തന്റെ ആത്മാർഥ സുഹൃത്തിനെ നഷ്ടപ്പെടുത്തും. അയാൾ ഒപ്പമുണ്ടായിരുന്നത് തനിക്ക് ഏറെ സമാധാനം നൽകുന്ന കാര്യമായിരന്നു. അത് തനിക്കുവേണ്ടി അല്ലാഹു പ്രത്യേകം ചുമതലപ്പെടുത്തിയ മലക്കാകുന്നു. ആ സുഹൃത്തിന്റെ അഭാവം പിശാചിനെ തന്നോടടുക്കാൻ സഹായകമാകുന്നു. ഏറ്റവുമധികം തന്നെ വഞ്ചിക്കുന്ന ആ ശത്രു; ഏറ്റവുമധികം തനിക്ക് ഉപദ്രവകാരിയും. ഇതിനെക്കാൾ മോശമായ രോഗാവസ്ഥ വേറെയില്ല. നമുക്ക് സൽകർമങ്ങൾ ചെയ്യുവാൻ യാതൊരു പ്രേരണയും ലഭിക്കില്ല എന്നുമാത്രമല്ല, പാപകർമങ്ങളിൽ ഏർപ്പെടുവാനുള്ള പ്രേരണ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും!

41. നമ്മുടെ പാപങ്ങളും അനുസരണക്കേടുകളും ഭൂമിയിൽ ഉണ്ടാക്കുന്ന കുഴപ്പം

നമ്മുടെ പാപങ്ങൾ വ്യക്തിഗത തലത്തിൽ മാത്രമല്ല സ്വാധീനിക്കപ്പെടുന്നത്. നാം ഓരോരുത്തരുടെയും പാപങ്ങൾ സാമൂഹികതലത്തിലും വൻതോതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള ജലത്തിലും വായുവിലും സസ്യങ്ങളിലും കായ്കനികളിലും വീടുകളിലും പൊതുജന സ്ഥാപനങ്ങളിലും എന്നുവേണ്ട ലോകമെമ്പാടും അത് വ്യാപിക്കപ്പെടുന്നു. മുൻകാല ജനതകളെ അല്ലാഹു എങ്ങനെയാണ് നശിപ്പിച്ചതെന്ന് നാം കണ്ടുവല്ലോ. തൗറാത്ത് അവതരിച്ച ശേഷം, അതുപോലെ ജനതയെ ഉന്മൂലനം ചെയ്യുന്ന നാശം നാം വിളിച്ചുവരുത്തരുത്. കൊടുങ്കാറ്റ്, പേമാരി, കൃഷിനാശം, സുനാമി, ഭൂമികുലുക്കം, പകർച്ചവ്യാധി തുടങ്ങിയവ വെറും താക്കീതുകൾ മാത്രമാണ്. നാം പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.

“മനുഷ്യകരങ്ങളുടെ പ്രവർത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവർ ചെയ്തുകൂട്ടിയതിൽ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവർ ഒരുവേള നന്മയിലേക്ക് മടങ്ങിയെങ്കിലോ!’’ (അർറൂം 41).

എന്നാൽ നാം ഓരോരുത്തരും അല്ലാഹുവിലേക്ക് മടങ്ങുകയും പാപമോചനം തേടുകയും ചെയ്താൽ അതിന്റെ ഗുണം നമുക്ക് വ്യക്തിപരമായി മാത്രമല്ല, ഭൂമിയിലൊട്ടാകെ പ്രതിഫലിക്കുന്നതാണ്.

“നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ നിർണിതമായ ഒരു അവധിവരെ അവൻ നിങ്ങൾക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും ഉദാരമനസ്ഥിതിയുള്ള എല്ലാവർക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. നിങ്ങൾ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേൽ ഞാൻ നിശ്ചയമായും ഭയപ്പെടുന്നു’’ (ഹൂദ് 3).

“എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക് അവൻ കൂടുതൽ ശക്തി ചേർത്തുതരികയും ചെയ്യുന്നതാണ്. നിങ്ങൾ കുറ്റവാളികളായി ക്കൊണ്ട് പിന്തിരിഞ്ഞുപോകരുത്’’ (ഹൂദ് 52).

ജനങ്ങൾ തങ്ങളുടെ പ്രശ്‌നങ്ങൾക്ക് ഹേതുവായി കണക്കാക്കുന്നത് ലോകത്ത് നടക്കുന്ന അഴിമതിയെയും പ്രകൃതി ദുരന്തങ്ങളെയുമാണ്. എന്നാൽ നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാകുന്നത്, നമ്മുടെതന്നെ കാരണങ്ങൾ കൊണ്ടാണ്. സ്വന്തം പാപങ്ങളിൽ അടിയുറച്ച് നിൽക്കുന്നതിനാലാണ്. അതിനാൽതന്നെ നന്മ പ്രോത്സാഹിപ്പിക്കലും തിന്മ വിരോധിക്കലും നാം ഓരോരുത്തരുടെയും കടമയാകുന്നു.

“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു’’ (ആലുഇംറാൻ 110).

ഭൂമിയിലെ ഈ കുഴപ്പങ്ങൾ നമ്മുടെ ചില പാപങ്ങളുടെ ഫലം മാത്രമാണ്. നമ്മുടെ എല്ലാ പാപങ്ങൾക്കും അല്ലാഹു ശിക്ഷയേകിയിരുന്നെങ്കിൽ ഭൂമിയിൽ ഒരു ജന്തുപോലും ബാക്കിയുണ്ടാകുമായിരുന്നില്ല.

“ജനത്തെ അവരുടെ അക്രമത്തിന്റെ പേരിൽ അല്ലാഹു പെട്ടെന്ന് പിടികൂടുകയാണെങ്കിൽ ഭൂമിയിലെ ഒരു ജീവിയെയും അവൻ വിട്ടേക്കുമായിരുന്നില്ല. എന്നാൽ നിശ്ചിത അവധിവരെ അവർക്ക് അവസരം അനുവദിക്കുകയാണ്. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാൽ പിന്നെ ഒരു നിമിഷം പോലും അവർക്കത് വൈകിക്കാനാവില്ല. നേരത്തെയാക്കാനും സാധ്യമല്ല’’ (അന്നഹ്ൽ 61).

നബി ﷺ  സമൂദ് ഗോത്രത്തിന്റെ വാസസ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയുണ്ടായി. അപ്പോൾ, കരഞ്ഞുകൊണ്ടല്ലാതെ അവിടെ പ്രവേശിക്കരുതെന്നും അവിടുത്തെ ജലം കുടിക്കരുതെന്നും കൽപിച്ചു. അവരുടെ പാപത്തിന്റെ സ്വാധീനം ആ ജലത്തിൽപോലും ഉണ്ടാകും എന്നതാണ് കാരണം.

ഇബ്‌നു ഉമർ(റ) നിവേദനം: “നബി ﷺ യും കൂട്ടരും തബൂക്ക് യുദ്ധവേളയിൽ അൽഹിജ്ർ എന്ന പ്രദേശത്തെത്തി. തന്റെ അനുയായികളോട് അവിടുത്തെ ജലം കുടിക്കരുതെന്നും ശേഖരിക്കരുതെന്നും കൽപിച്ചു. അവർ അതുകൊണ്ട് റൊട്ടിക്കുള്ള മാവ് കുഴച്ച് പോയിരുന്നു. അവരുടെ തോൽസഞ്ചികളിൽ ജലവും ശേഖരിച്ചിരുന്നു. അത് ഉപേക്ഷിക്കുവാൻ പ്രവാചകൻ അവരോട് കൽപിച്ചു’’ (ബുഖാരി 3378).

നമ്മളോട് ആരെങ്കിലും അപമര്യാദയായി പെരുമാറിയാൽ, വാഹനം പണിമുടക്കിയാൽ, മക്കൾ അനുസരണക്കേട് കാണിച്ചാൽ അതെല്ലാം നമ്മുടെ പാപങ്ങൾ കാരണമായിട്ടാണ്. അങ്ങനെയൊരു തോന്നൽ മനസ്സിലുണ്ടായാൽ അല്ലാഹുവിലേക്ക് തിരിയുക. കാര്യങ്ങൾ തൽക്കാലം നേരെയാകലാകരുത് നമ്മുടെ ഉദ്ദേശ്യം; ആ പാപങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടിയാകണം. അത് നമ്മെ രക്ഷപ്പെത്തുന്നത് ദുൻയാവിൽ മാത്രമല്ല, പരലോകത്ത് കൂടിയാണ്. രക്ഷ മാത്രമല്ല, അവിടെ നാം ഉന്നത ശ്രേണിയിലുള്ളവരായി മാനിക്കപ്പെടുകയും ചെയ്യും.

നമ്മുടെ കുറവുകളാണ് യഥാർഥത്തിൽ നമ്മുടെ രോഗം. ശാരീരിക അസ്വാസ്ഥ്യങ്ങൾ അതിന്റെ ലക്ഷണങ്ങൾ മാത്രമാണ്. മരുന്ന് കഴിച്ചാൽ തൽക്കാലം രോഗലക്ഷണങ്ങൾ ശമിച്ചേക്കാം. പക്ഷേ, യഥാർഥ രോഗം ഉള്ളിൽതന്നെ കിടപ്പുണ്ടാകും. അതിനെ നമുക്ക് തിരിച്ചറിയുവാൻ കഴിയണം. അത് തിരിച്ചറിയാനുള്ള ചില സൂചകങ്ങൾ മാത്രമാണ് അല്ലാഹു നമുക്ക് തരുന്ന വലുതും ചെറുതുമായ പ്രശ്‌നങ്ങൾ. അതിന് അല്ലാഹു നിർദേശിക്കുന്ന മരുന്ന് ഒന്ന് മാത്രമേയുള്ളൂ; തൗബയും ഇസ്തിഗ്ഫാറും (ഖേദിച്ച് മടങ്ങി പാപമോചനം തേടുക).

പാഠം 22

പാപങ്ങളുടെ സാമൂഹിക നാശം

പാപങ്ങളിലൂടെ പാപികൾക്ക് വ്യക്തിപരമായി സംഭവിക്കുന്ന വിവിധ നാശനഷ്ടങ്ങളെക്കുറിച്ചാണ് കഴിഞ്ഞ പാഠങ്ങളിൽ പറയപ്പെട്ടത്. എന്നാൽ പാപങ്ങളുടെ നാശം വ്യക്തികളിൽ മാത്രം പരിമിതമല്ലെന്നും സമൂഹത്തിലും വസ്തുവകകളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. പാപങ്ങൾ കാരണം മുൻകാല സമൂഹങ്ങളെ പടച്ചവൻ നശിപ്പിച്ച കാര്യം ആദ്യം വിവരിച്ചുകഴിഞ്ഞു. എന്നാൽ നബി ﷺ ക്ക് ശേഷം പൊതുവായിട്ടുള്ള ശിക്ഷ പടച്ചവൻ ഇറക്കിയിട്ടില്ല. അത്തരം നാശങ്ങൾ പാപങ്ങളിലൂടെ വിളിച്ചുവരുത്താതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്.

പരിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു: “വലിയ ശിക്ഷയ്ക്ക് മുമ്പ് ഇഹലോകത്ത് ചെറിയ ശിക്ഷയും നാം അവരെ രുചിപ്പിക്കുന്നതാണ്, അവർ (തിന്മയിൽനിന്നും) മടങ്ങുന്നവരായേക്കാം’’ (സജദ 21).

പരിശുദ്ധ ക്വുർആനിൽ വേറെയും ധാരാളം സ്ഥലങ്ങളിൽ പാപങ്ങൾ കാരണം സാമൂഹികമായിട്ടുണ്ടാകുന്ന ശിക്ഷകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കൂടാതെ, ഇന്ന് നമ്മളിൽ പ്രകടമായ പല പാപങ്ങളുടെയും, നാം നഷ്ടപ്പെടുത്തിയ നന്മകളുടെയും പേരിലും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പലവിധ നാശനഷ്ടങ്ങളും ഉണ്ടാകുമെന്നും ഹദീസുകളിലും മുന്നറിയിപ്പ് വന്നിട്ടുണ്ട്.

പാപങ്ങളിൽനിന്നും പശ്ചാത്തപിക്കുകയും ഉത്തമ ജീവിതം നയിക്കുകയും ചെയ്താൽ നമുക്ക് വ്യക്തിപരമായി സുഖസന്തോഷങ്ങൾ ലഭിക്കുന്നതിനോടൊപ്പം അതിന്റെ ഗുണഫലങ്ങൾ വീട്ടിലും നാട്ടിലും മാത്രമല്ല, ലോകം മുഴുവൻ സംഭവിക്കുന്നതാണ്. സൂറതുൽ ഹൂദിലെ 3, 52 സൂക്തങ്ങൾ നേരത്തെ ഉദ്ധരിച്ചത് കാണുക.

ഇന്ന് ലോകത്ത് നടക്കുന്ന പ്രശ്‌നങ്ങൾക്ക് പൊതുവിൽ നാം ഓരോരുത്തരും മറ്റുള്ളവരെയാണ് കുറ്റക്കാരായി കാണുന്നത്. അവർ കാരണമായാലും കാരണമായില്ലെങ്കിലും നമുക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ അടിസ്ഥാന കാരണം നമ്മുടെ പാപങ്ങളാണ് എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ഇത് മനസ്സിലാക്കി നാം പാപത്തിൽനിന്നും പശ്ചാത്തപിച്ച് മടങ്ങാതെ മറ്റുള്ളവരെ മാത്രം കുറ്റം പറയുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല.

സ്വയം പശ്ചാത്തപിച്ച് മടങ്ങുന്നതിനോടൊപ്പം, മറ്റുള്ളവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കാതെ അവരിൽ നന്മ ഉപദേശിക്കാനും തിന്മ തടയാനും കഴിവിന്റെ പരമാവധി നാം പരിശ്രമിക്കേണ്ടതാണ്. നമ്മുടെ നിയോഗലക്ഷ്യം തന്നെ നന്മ ഉപദേശിക്കലും തിന്മ തടയലുമാണ്. അല്ലാഹു അറിയിക്കുന്നു:

“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു’’’(ആലുഇംറാൻ 110).

ചുരുക്കത്തിൽ, നമ്മുടെ അടിസ്ഥാന രോഗം നമ്മുടെ പാപങ്ങളാണ്. ഈ പാപങ്ങൾ കാരണം ശാരീരികമായും മാനസികമായും നമുക്ക് പല പ്രശ്‌നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്‌നങ്ങൾക്ക് നാം മരുന്ന് കഴിച്ചാൽ തൽക്കാലം ശമനം ലഭിക്കുമെങ്കിലും അടിസ്ഥാനപരമായി പരിഹാരം ഉണ്ടാകുന്നതല്ല. യഥാർഥ രോഗം ഉള്ളിൽതന്നെ കിടക്കുന്നതും മറ്റുരീതിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതുമാണ്. ആകയാൽ അവയുടെയെല്ലാം അടിസ്ഥാന പ്രശ്‌നമായ പാപങ്ങളെ നാം മനസ്സിലാക്കുക. അതിന്റെ പരിഹാരത്തിനുള്ള ഏക മരുന്ന് പാപമോചനം തേടിക്കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങലാണ്.

(അവസാനിച്ചില്ല)