ദയാവധം അനുവദിക്കാനാകുമോ?

ഡോ. ടി. കെ യൂസുഫ്

2022 ഫെബ്രുവരി 19, 1442 റജബ്  18

ജീവിക്കാനുളള അവകാശത്തിനുവേണ്ടി നാളിതുവരെ നിരവധി പേര്‍ നിയമയുദ്ധം നടത്തിയിട്ടുണ്ട്. എന്നാല്‍ മരിക്കാനുളള അവകാശത്തിനുവേണ്ടി പലരും കോടതി കയറുന്നതും ഇന്ന് പത്രങ്ങളില്‍ വാര്‍ത്തയായി മാറിക്കൊണ്ടിരിക്കുകയാണ്. രോഗത്തിന്റെയും വാര്‍ധക്യത്തിന്റെയും വിഷമതകള്‍ അനുഭവിച്ച് ഏകാന്തതയുടെ തടവറയില്‍ കഴിയുന്ന തങ്ങള്‍ക്ക് മരിക്കാന്‍ അനുമതി നല്‍കണം എന്നാണ് പ്രസ്തുത വൃക്തികള്‍ കോടതിയോട് ആവശ്യപ്പെടുന്നത്.

അസഹനീയമായ വേദനയും ദുരിതവും അനുഭവിക്കുന്ന മാറാരോഗികള്‍ക്ക് അവയില്‍നിന്നും മോചനം ലഭിക്കാനുതകുന്ന വിധത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ അവസരം നല്‍കുന്നതിനാണല്ലോ ദയാവധം എന്ന് പറയുന്നത്. രോഗശമനം അസാധ്യമായ രോഗികളുടെ കഥകഴിക്കുന്നത് അവരോടുളള ദയയായി പരിഗണിക്കുന്നത് കൊണ്ടാകാം ഈ കൊലപാതകത്തിന് ‘ദയാവധം' എന്ന പേര് ലഭിച്ചത്.

ഒരു വ്യക്തി അവന്റെ മരണത്തിന് മൗനാനുവാദം നല്‍കുന്നതിനെ ആത്മഹത്യക്ക് തുല്യമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ദൈവത്തിന്റെ വരദാനമായ ജീവനെ വകവരുത്താന്‍ മനുഷ്യന് അധികാരമില്ല എന്ന വിശ്വാസം തന്നെയാണ് ഭൂരിഭാഗം മതങ്ങള്‍ക്കുമുളളത്. അതുകൊണ്ടാണ് ലോകത്തുളള മതാധിഷ്ഠിത നിയമസംഹിതകളെല്ലാം ആത്മഹത്യയും ദയാവധവും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുളളത്.

1920 ലാണ് ലോകത്തിലാധ്യമായി ദയാവധം എന്ന പ്രശ്‌നം കോടതിയുടെ മുമ്പിലെത്തിയത്. ഒരു അമേരിക്കന്‍ പൗരന്‍ തന്റെ നിത്യരോഗിയായ ഭാര്യക്ക് അവളുടെ ആവശ്യപ്രകാരം വിഷം നല്‍കി വധിച്ചു എന്നതായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനെ തുടര്‍ന്ന് ലോകരാജ്യങ്ങളിലെ നീതിപീഠങ്ങളിലെല്ലാം ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ദയാവധം നടത്തുന്നവന്‍ കുറ്റവാളിയാണോ എന്ന പ്രശ്‌നം ഇന്നും തീര്‍പ്പുകല്‍പിക്കപ്പെടാതെ തുടരുകയാണ്.

ഇസ്‌ലാമിക വിധി പ്രകാരം വധവും ദയാവധവും തമ്മില്‍ യാതൊരു അന്തരവുമില്ല. മരണത്തിന് മുമ്പ് രോഗികള്‍ക്ക് നല്‍കപ്പെട്ടുകൊണ്ടിരിക്കുന്ന ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കുന്നത് പോലും ഇസ്‌ലാമിക നാടുകളില്‍ നിയമവിരുദ്ധമാണ്. രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വേണ്ടിയുളള പ്രവര്‍ത്തനങ്ങളല്ലാതെ അവന്റെ മരണത്തിന് വഴിവെക്കുന്ന യാതൊന്നും ചെയ്യാന്‍ അവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് അനുമതിയില്ല.

ദയാവധം സാധാരണഗതിയില്‍ രണ്ട് രൂപത്തിലാണ് നടത്താറുളളത്. ഡോക്ടര്‍ രോഗിക്ക് മാരകമായ വല്ലതും നല്‍കുകയോ കുത്തിവെക്കുകയോ ചെയ്യുക; അല്ലെങ്കില്‍ രോഗിക്ക് യാതൊരുവിധ ചികിത്സയും നല്‍കാതെ അവന്റെ മരണം ധ്രുതഗതിയിലാക്കുക.

ദയാവധത്തിന്റെ ഈ രണ്ട് രൂപവും നിയമവിധേയമാക്കുന്ന യാതൊരു പ്രമാണിക രേഖകളും കാണാന്‍ കഴിയാത്തതുകൊണ്ട് ഇസ്‌ലാമിക വീക്ഷണപ്രകാരം ദയാവധം ഒന്നുകില്‍ ആത്മഹത്യയോ അല്ലെങ്കില്‍ കൊലപാതകമോ ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്.

ഒരു മനുഷ്യന്‍ തന്റെ ജീവന്‍ സ്വയം നശിപ്പിക്കുന്നതിനെ കൊടിയ പാതകമായിട്ടാണ് ക്വുര്‍ആന്‍ കാണുന്നത്: ‘നിങ്ങള്‍ സ്വയം ഹത്യ നടത്തരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുളളവനാണ്. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നപക്ഷം നാം അവനെ നരകത്തീയിലിട്ട് കരിക്കുന്നതാണ്' (4:29,30).

ആരെങ്കിലും സ്വന്തത്തെ വധിച്ചാന്‍ അവന്‍ നരകാവകാശിയായി മാറും എന്നാണ് പ്രവാചകന്‍ ﷺ പഠിപ്പിച്ചത്. അവന്‍ അതിന് ഏത് മാര്‍ഗമാണോ ഉപയോഗിച്ചത് അതേ രൂപത്തിലാണ് അവന് ശിക്ഷയും നല്‍കപ്പെടുക.

നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ഒരു ഇരുമ്പ് കൊണ്ട് സ്വയം ഹത്യ നടത്തിയാല്‍ നരകത്തില്‍ വെച്ച് അവന്‍ ആ ദണ്ഡ് നിരന്തരമായി അവന്റെ വയറ്റില്‍ കുത്തിക്കൊണ്ടിരിക്കും. ആരെങ്കിലും വിഷം കഴിച്ച് മരിച്ചാല്‍ അവന്‍ അത് കയ്യിലേന്തി നരകത്തില്‍ വരികയും അത് അവിടെ വെച്ച് കുടിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആരെങ്കിലും പര്‍വതത്തില്‍നിന്ന് താഴോട്ട് ചാടി ആത്മഹത്യ ചെയ്താല്‍ അവന്‍ നരകത്തില്‍ ശാശ്വതമായി എടുത്തെറിയപ്പെട്ടുകൊണ്ടിരിക്കും'(ബുഖാരി).

പ്രവാചകന്റെ കാലത്ത് യുദ്ധക്കളത്തില്‍ ആവേശത്തോടെ അടരാടി അംഗഭംഗം സംഭവിച്ച ഒരു മനുഷ്യന്‍ തന്റെ മുറിവുകളുടെ വേദനയുടെ അസഹനീയത കാരണം സ്വന്തം വാള്‍മുനയില്‍ അമര്‍ന്ന് കിടന്ന് ആത്മഹത്യനടത്തിയപ്പോള്‍ അദ്ദേഹം നരകത്തിലാണ് എന്നാണ് പ്രവാചകന്‍ ﷺ പറഞ്ഞത്. ദയാവധത്തിനും ആത്മഹത്യക്കും ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നാണല്ലോ ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്.

ഒരു വിശ്വാസിക്ക് അനിഷ്ടകരമായ ആപത്തുകള്‍ സംഭവിച്ചാല്‍ പോലും അവന്‍ മരണത്തെ ആഗ്രഹിക്കരുതെന്നാണ് ഹദീസുകളിലുളളത്. ഗത്യന്തരമില്ലെങ്കില്‍ അവന്‍ ‘അല്ലാഹുവേ, മരണമാണ് എനിക്ക് നല്ലതെങ്കില്‍ എന്നെ മരിപ്പിക്കുകുയം ജീവിതമാണ് എനിക്ക് ഗുണമെങ്കില്‍ എന്നെ ജീവിപ്പിക്കുകയും ചെയ്യേണമെ' എന്ന് പ്രാര്‍ഥിക്കുവാനാണ് നബി ﷺ നിര്‍ദേശിച്ചിട്ടുളളത്. ഒരു രോഗിക്കും അയാള്‍ തീവ്രമായ വേദന അനുഭവിക്കുന്നു എന്നതുകൊണ്ട് മാത്രം ആത്മഹത്യ അനുവദനീയമാകുകയില്ല. അതു കൊണ്ട് തന്നെ ദയാവധം ആവശ്യപ്പെടുന്ന രോഗിയും അത് നടപ്പിലാക്കുന്ന ഡോക്ടറും ഇസ്‌ലാം മതദൃഷ്ട്യാ കുറ്റക്കാര്‍ തന്നെയാണ്.

‘അല്ലാഹു ഏത് രോഗമിറക്കിയിട്ടുണ്ടെങ്കിലും അതിന് ഔഷധവും ഇറക്കിയിട്ടുണ്ട്' എന്ന നബിവചനം മാറാരോഗങ്ങള്‍ക്ക് പോലും ചികിത്സ കണ്ടെത്താന്‍ മനുഷ്യന് സാധ്യമാകും എന്ന പ്രതീക്ഷയാണ് നല്‍കുന്നത്. ‘നിങ്ങള്‍ ചികിത്സിക്കുക, നിഷിദ്ധമായത് കൊണ്ട് ചികിത്സിക്കരുത്' എന്ന് പറഞ്ഞ പ്രവാചകന്‍ ﷺ രോഗചികിത്സയെ പ്രോ ത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ന് ലോകത്ത് ഒട്ടനവധി ചികിത്സാ രീതികളുണ്ടെങ്കിലും ചികിത്സ നടത്തുന്ന ഭിഷഗ്വരന്മാര്‍ തങ്ങളാണ് രോഗം സുഖപ്പെടുത്തുന്നത് എന്ന് അവകാശപ്പെടാറില്ല. രോഗശമനം നല്‍കാന്‍ കഴിയാത്ത ഇവര്‍ക്ക് മാറാരോഗമുളളവരെ മരണത്തിലേക്ക് തളളിവിടാന്‍ എന്ത് അധികാരമാണുളളത്?

രോഗിക്ക് ആത്മവിശ്വാസവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന അവസരമുണ്ടാക്കിയാല്‍ അത് രോഗശമനത്തിന് ആക്കം കൂട്ടുമെന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. രോഗിയെ സന്ദര്‍ശിക്കല്‍ ഒരു ബാധ്യതയായി ഇസ്‌ലാം പഠിപ്പിച്ചത് അതുകൊണ്ടാണ്. രോഗസന്ദര്‍ശനവേളയില്‍ രോഗിക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന രീതിയില്‍ പെരുമാറണമെന്ന് നിര്‍ദേശിച്ച പ്രവാചകന്‍ ﷺ രോഗത്തെ ശപിക്കുന്നത് പോലും വിലക്കിയിട്ടുണ്ട്. കാരണം ഒരു വിശ്വാസിക്ക് ബാധിക്കുന്ന രോഗവും വേദനയും കഷ്ടപ്പാടും ദുഃഖവും സങ്കടവുമെല്ലാം അവന് പരലോകത്ത് പാപമോചനത്തിനും പ്രതിഫലത്തിനും വഴിയൊരുക്കുന്നതാണ്. ആ സ്ഥിതിക്ക് മാറാവ്യാധികള്‍ ബാധിച്ചവര്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിതം തളളിനീക്കുന്നതാണ് ആത്യന്തികമായി അവന് അനശ്വരവും ആനന്ദപൂര്‍ണവുമായ സ്വര്‍ഗീയ സുഖം നേടാന്‍ അര്‍ഹതയുണ്ടാക്കുന്നത്.