മൊബൈൽ ഫോൺ ഉപയോഗവും ഇസ്‌ലാമിക മര്യാദകളും

അൻവർ അബൂബക്കർ

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

മതപരമോ ലൗകികമോ ആയിട്ടുളള ഏതൊരു വിഷയവും രണ്ടാമതൊരാളുമായി സംസാരിക്കുമ്പോൾ പ്രസ്തുത സംസാരം അവന്റെ അനുവാദമോ അറിവോ ഇല്ലാതെ റെക്കോർഡ് ചെയ്യുന്നത് ഒരു സത്യവിശ്വാസി ഭയപ്പെടേണ്ട കാര്യമാണ്. ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിലും ആരാധനകളിലും ശ്രദ്ധ ചെലുത്തുന്ന മുസ്‌ലിം പെരുമാറ്റ മര്യാദകളിലും അവധാനതയും ശ്രദ്ധയും കാണിക്കേണ്ടതുണ്ട്.

അല്ലാഹുവിന്റെ പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മനുഷ്യൻ മറ്റൊരാളോട് സംസാരിക്കുകയും പിന്നീട് ചുറ്റുപാടും നോക്കുകയും (ആരും കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ) ചെയ്താൽ, ആ സംസാരം ഒരു അമാനത്താണ്’’ (അഹ്‌മദ്, അബൂദാവൂദ്, തിർമിദി. ഇമാം അൽബാനി ഹസനെന്ന് വിശേഷിപ്പിച്ച ഹദീസ്).

തന്റെ വിശ്വസ്തതയോെടയുള്ള വർത്തമാനം ആരും കേൾക്കരുതെന്ന് സംസാരിക്കുന്നവൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് അയാൾ വലത്തോട്ടും ഇടത്തോട്ടും നോക്കുന്നത്. ഈ ഒരു പ്രവൃത്തി ജാഗ്രത പാലിക്കലാണ്. അതിനാൽ, തന്റെ കൂട്ടുകാരൻ പറയുന്ന കാര്യം അതറിയിക്കുന്നവനോട് പ്രകടിപ്പിക്കുന്ന വിശ്വാസമാണ്, അമാനത്താണ്. ഈ സംസാരം കേൾക്കാൻ അർഹതയില്ലാത്തവരോട് അത് വെളിപ്പെടുത്തുന്നതാകട്ടെ ഇസ്‌ലാമികവിരുദ്ധമാണ്. യഥാർഥത്തിൽ അവൻ ചെയ്യേണ്ടത് ആ സംസാരം മറച്ചുവെക്കുകയാണ്. എന്തുകൊണ്ടെന്നാൽ തന്നോടിതു പറഞ്ഞ വ്യക്തി ചുറ്റുപാടും നോക്കുകയും അതിലൂടെ മറ്റാരോടും ഇക്കാര്യം പറയരുതെന്ന് സൂചന നൽകുകയും ചെയ്തിരുക്കുന്നു.

ജനങ്ങളുമായി ഇടപഴകുമ്പോൾ നല്ല മര്യാദകൾ പാലിക്കുവാനും ഏറ്റവും നന്നായി അവരോട് പെരുമാറുവാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അപരന്റെ രഹസ്യങ്ങൾ മറച്ചുവെക്കാനും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വൈയക്തിക ബന്ധങ്ങളെ തകർക്കു ന്ന ക്ഷുദ്രഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീതാണ് പ്രവാചകന്റെ ﷺ അധ്യാപനങ്ങളിലുളളത്.

അപ്പോൾ, ഒരു വ്യക്തിയുടെ അനുവാദമോ അറിവോ ഇല്ലാതെ അയാളുമായുളള ഫോൺസംഭാഷണം റെക്കോർഡ് ചെയ്യുന്നതും അത് പ്രചരിപ്പിക്കുന്നതും ഇസ്‌ലാം എങ്ങനെ ശരിവെക്കും? ഒരാളുടെ സംസാരം അയാളുടെ അനുവാദമില്ലാതെ മറ്റുള്ളവരിലേക്ക് കൈമാറുകയാണെങ്കിൽ, ആ പ്രവൃത്തി അയാളോടുളള വിശ്വാസത്തിൽ വഞ്ചന കാണിക്കലും പരസ്പര ബന്ധങ്ങളെ തകർക്കലുമാണ്. എന്തിനേറെ, മതപരമോ ഭൗതികപരമോ ആയ ഒരു വിഷയത്തിലുളള പ്രസംഗം പ്രഭാഷകന്റെ അറിവോ അനുവാദമോ കൂടാതെ ഫോണോ, അല്ലെങ്കിൽ മറ്റു സംവിധാനങ്ങളോ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് തിന്മയും വഞ്ചനയുമായിട്ടാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്. ഈ ഒരു സമീപനം ഒരു വ്യക്തിയുടെ സൽസ്വഭാവത്തെയും അന്തസ്സിനെയും കളങ്കപ്പെടുത്തുന്നതായിട്ടാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

ഒരു വ്യക്തിയുടെ പുറകെ കൂടുന്നതും അവന്റെ സ്വകാര്യ കാര്യങ്ങൾ ചികഞ്ഞന്വേഷിക്കുന്നതും ഒഴിവാക്കേണ്ട സ്വഭാവത്തിൽ പെടുന്നു. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്...’’(ക്വുർആൻ 49:12).

നബി ﷺ പറഞ്ഞു: “ഒരാൾ ഒരു വിഭാഗമാളുകൾക്ക് അനിഷ്ടരായിരിക്കെ അവരുടെ സംസാരത്തിലേക്ക് ചെവികൊടുത്താൽ, അവന്റെ ഇരു ചെവികളിലും അന്ത്യനാളിൽ ഉരുകിയ ഇൗയം ഒഴിക്കപ്പെടുന്നതാണ്’’ (ബുഖാരി).

ദുരുദ്ദേശ്യങ്ങൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്നവനായിരിക്കും അന്യരുടെ സംസാരം അനർഹമായി കേൾക്കാൻ താൽപര്യം പ്രകടിപ്പിക്കുക. അപരന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേർക്കുന്നതെല്ലാം പറഞ്ഞു നടക്കുന്നവനായിരിക്കും അതെല്ലാം പ്രചരിപ്പിക്കാൻ ഉത്സാഹം കാണിക്കുക. ഒരു വിശ്വാസിക്ക് ഒരിക്കലും തന്റെ സഹോദരനെതിരെ ചാരപ്പണിനടത്തുകയോ അവന്റെ തെറ്റുകൾ ചികഞ്ഞന്വേഷിക്കുകയോ ജനങ്ങൾക്കിടയിൽ അവന്റെ കുറവുകളും ന്യൂനതകളും പ്രചരിപ്പിക്കുകയോ ചെയ്യാവുന്നതല്ല. കാരണം, അന്യരുടെ സംസാരം അവരറിയാതെ ചോർത്തിയെടുക്കുന്നതും അവർക്ക് പ്രയാസം വരുത്തും വിധം അത് പറഞ്ഞുനടക്കുന്നതും ഏഷണിയുടെ വകുപ്പിലാണ് പരിഗണിക്കപ്പെടുക. റെക്കോർഡ് ചെയ്യുന്നതും കൈമാറുന്നതും അയാൾ പറഞ്ഞിട്ടുളള കാര്യമല്ലേ എന്നത് ആ കൃത്യം ചെയ്യുന്നവന്റെ ദുർന്യായം മാത്രമാണ്.

നബി ﷺ പറഞ്ഞു: “നീ പറയുന്ന കാര്യം അവനിൽ ഉണ്ടായിരുന്നാൽ നീ അവനെക്കുറിച്ച് ‘ഗീബത്ത്’ (പരദൂഷണം) പറഞ്ഞു. അത് അവനിൽ ഇല്ലെങ്കിലോ നീ അവനെക്കുറിച്ചു നുണ കെട്ടിപ്പറഞ്ഞു’’ (മുസ്‌ലിം).

ഒരിക്കൽ ഉമർ ഇബ്‌നുഅബ്ദുൽഅസീസ്(റ) തനിക്ക് ദോഷം വരുത്തുന്ന ചില കിംവദന്തികൾ കൈമാറിയ ഒരാളോട് പറഞ്ഞു: “നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് ഈ കാര്യം പരിശോധിക്കാം. നിങ്ങൾ പറഞ്ഞത് കളവാണെങ്കിൽ, ഈ സൂക്തത്തിൽ പരാമർശിച്ചിരിക്കുന്ന ആളുകളിൽ ഒരാളായിരിക്കുംനിങ്ങൾ: ‘ഹേ, വിശ്വസിച്ചവരേ, ദുർമാർഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ അതിനെപ്പറ്റി അന്വേഷിച്ചു വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; അറിയാതെ വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും എന്നിട്ട് നിങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്‌തേക്കുമെന്നതിനാൽ’ (ഹുജുറാത്ത് 6). ഇനി, നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ, ഈ സൂക്തത്തിൽ പരാമർശിച്ചിരിക്കുന്ന ആളുകളിൽ ഒരാളായിരിക്കും നിങ്ങൾ: ‘കുത്തുവാക്ക് പറയുന്നവനും, ഏഷണിയുമായി നടക്കുന്നവനും...’ (ഖലം 11). അതല്ല, ഞങ്ങൾ നിങ്ങളോട് ക്ഷമിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഇക്കാര്യം ഞങ്ങൾ ക്ഷമിക്കാം.’ അന്നേരം ആ വ്യക്തി പറഞ്ഞു: ‘അമീറുൽമുഅ്മിനീൻ, എന്നോട് നിങ്ങൾ ക്ഷമിക്കൂ, ഇനിയൊരിക്കലും ഞാൻ ഇപ്രകാരം ആവർത്തിക്കുകയില്ല’’ (അബൂഹാമിദുൽ ഗസ്സാലി(റഹി)യുടെ ഇഹ്‌യാ ഉലൂമുദ്ദീൻ 3/156).

നമീമത്തുമായി ബന്ധപ്പെട്ടുകൊണ്ട് പണ്ഡിതന്മാർ ഉദ്ധരിക്കാറുളള മറ്റൊരു ചരിത്രസംഭവമാണ് ഭരണാധികാരിയായ സുലൈമാൻ ഇബ്‌നു അബ്ദുൽമാലിക് തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നറിഞ്ഞ ഒരാളെ ഇമാം അസ്സുഹ്‌രിയുടെ സാന്നിധ്യത്തിൽ ശാസിച്ചത്. അന്നേരം ആ മനുഷ്യൻ അത് നിഷേധിച്ചു. അപ്പോൾ സുലൈമാൻ ഇബ്‌നു അബ്ദുൽമാലിക് പറഞ്ഞു: ‘എന്നോട് ഈ കാര്യം പറഞ്ഞത് കള്ളം പറയാത്ത ഒരുത്തനാണ്. ആ സന്ദർഭത്തിൽ സുഹ്‌രി പ്രതികരിച്ചത്, ‘നമീമത്ത് പ്രചരിപ്പിക്കുന്ന ഒരാൾക്ക് ഒരിക്കലും സത്യസന്ധനാകാൻ കഴിയില്ല’ എന്നാണ്. ഇതുകേട്ട സുലൈമാൻ ഇബ്‌നു അബ്ദുൽമാലിക്, സുഹ്‌രിയുടെ വാക്കുകളെ ശരിവെക്കുകയും ആരോപണവിധേയനായ ആളെ സമാധാനപൂർവം വിട്ടയക്കുകയും ചെയ്തു. (ഇഹ്‌യാ ഉലൂമുദ്ദീൻ 3/156).

ഏതു കാലഘട്ടത്തിലും മുൻഗാമികളുടെ ചരിത്രത്തിൽ നമുക്ക് ഏറെ മാതൃകയുണ്ട്, തീർച്ച.