ദൈവം, ശാസ്ത്രം, നാസ്തികത

അർഷദ് കുറിശ്ശാംകുളം

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

നാസ്തികരിൽനിന്നും ഉന്നയിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാദമാണ് ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കണം എന്നത്. ഈ വാദം യഥാർഥത്തിൽ ഉന്നയിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്.

1. ശാസ്ത്രം മാത്രമാണ് അറിവ് സമ്പാദിക്കുവാനുള്ള ഏകമാർഗം എന്ന തെറ്റിദ്ധാരണ. (ശാസ്ത്രമാത്ര വാദം).

2. ദൈവത്തിന്റെ മേഖലയെ പറ്റിയുള്ള അജ്ഞത.

ശാസ്ത്രം മാത്രമാണോ അറിവ് സമ്പാദനത്തിനുള്ള ഏക മാർഗം? ശാസ്ത്രം മാത്രമാണ് അറിവിന്റെ ഏകമാർഗം എന്ന അവരുടെ തെറ്റിദ്ധാരണ ശാസ്ത്രത്തോടുള്ള അന്ധമായ വിശ്വാസത്തിൽനിന്നും വരുന്നതാണ്. അന്ധമായ വിശ്വാസം എന്നത് യഥാർഥത്തിൽ ഒരു കാര്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. അറിവ് സമ്പാദനരീതിയെ വിവരിക്കുന്ന ഫിലോസഫിയിലെ ഒരു ശാഖയാണ് ജ്ഞാനശാസ്ത്രം(epistemology). അറിവ് 4 മാർഗത്തിലൂടെയാണ് ലഭ്യമാകുന്നത്.

1. അവബോധം (ഇൻഡ്യൂഷൻ).

2. ആധികാരിക ഉദ്ധരണി

(അതോറിറ്റി).

3. അനുഭവപരം (എപെരി സിസം).

4. യുക്തിചിന്ത (റാഷ്ണലിസം)’’

(മുഹമ്മദ് ഫാരിസ് പി. യു, നവനാസ്തികത ഒരു വിമർശന പഠനം, പേജ് 132).

പ്രധാനപ്പെട്ട അറിവ് സമ്പാദന മാർഗങ്ങൾ ഇവയാണ്:

അവബോധം (intution)

വ്യക്തിപരമായ തോന്നലുകളാണ് ഇവ. നമ്മുടെ അവബോധജന്യമായ അറിവുകളാണ് ഇത്.

ആധികാരിക ഉദ്ധരണി/ സാക്ഷ്യം (Testimony/Authortiy)

നമ്മൾ ബഹുഭൂരിപക്ഷം കാര്യങ്ങളും വിശ്വസിക്കുന്നത്, testimonial knowledge അഥവാ സാക്ഷ്യത്തിലൂടെയാണ്. ഉദാ: ഭൂമി ഉരുണ്ടതാണെന്നു നാം വിശ്വസിക്കുന്നത് എല്ലാവരും ഭൂമിയെ സാറ്റലൈറ്റിലൂടെ വീക്ഷിച്ചിട്ടോ ഭൂമിയെ ചുറ്റി സഞ്ചരിച്ചിട്ടോ അല്ല; അത് കണ്ടെത്തിയവരുടെ സാക്ഷ്യമോ,ആധികാരിക ഉദ്ധരണികൾ വായിച്ചിട്ടോ ആരിൽനിന്നെങ്കിലും കേട്ടിട്ടോ ആണ്.

ഗാന്ധിജി ജീവിച്ചിരുന്നു എന്ന് നമ്മൾ വിശ്വസിക്കുന്നത് മറ്റുള്ളവരുടെ ആധികാരികമായ സാക്ഷ്യത്തിലൂടെയാണ്. ഇങ്ങനെ ലഭിക്കുന്ന അറിവുകൾ ടെസ്റ്റിമണിക്ക് ഉദാരഹരണങ്ങളാണ്.

അനുഭവപരം (emperisism)

പരീക്ഷണനിരീക്ഷണങ്ങളിലൂടെ, അതായത് അനുഭവങ്ങളിലൂടെ നേടിയെടുക്കുന്ന അറിവാണിത്. ശാസ്ത്രം ഈ രീതിയാണ് ഉപയോഗിക്കുന്നത്.

യുക്തിചിന്ത (rationalism)

കുറച്ചു വിവരങ്ങളിൽനിന്നും ഒരു അന്തിമ തീരുമാനത്തിൽ എത്തുന്നതിനെയാണ് യുക്തിചിന്ത എന്ന് പറയുന്നത്. ഇതിൽ ഉപയോഗിക്കുന്നത് deductive reasoning ആണ്.

ഉദാഹരണം:

എ. സൽമാൻ ഒരു മനുഷ്യനാണ്.

ബി. മനുഷ്യന്മാരെല്ലാവരും മരിക്കും.

സി. അതുകൊണ്ട് സൽമാനും മരിക്കും.

ഈ രീതിയിലാണ് യുക്തിചിന്ത പ്രവർത്തിക്കുന്നത്. ഇങ്ങനെ നാല് മാർഗങ്ങളിലൂടെയാണ് അറിവ് സമ്പാദിക്കുന്നത്. ശാസ്ത്രം മാത്രമല്ല അറിവ് സമ്പാദനത്തിന്റെ മാർഗം എന്നു വ്യക്തം.

നാസ്തികരുടെ ആചാര്യനായ റിച്ചാർഡ് ഡോക്കിൻസ് (Richard Dawkins) ‘ദൈവ വിഭ്രാന്തി’ (The God Delusion) എന്ന പുസ്തകത്തിൽ പറയുന്നത് കാണുക: “ദൈവാസ്തിക്യം എന്നത് പൂർണമായും ശാസ്ത്രീയ അന്വേഷങ്ങളുടെ പരിധിയിലുള്ള വിഷയമാണ്. പഥാർഥ ബന്ധിതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദൈവത്തെ തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനർഥം ദൈവം ഇല്ലെന്നാണ്’’ (നവനാസ്തികത ഒരു വിമർശന പഠനം, പേജ് 102: (Richard dawkins the god delusion; 2006, പേജ് 73).

ഇദ്ദേഹത്തിന്റെ വാദം തീർത്തും ശാസ്ത്രത്തോടുള്ള അന്ധമായ ആരാധനയിൽനിന്നും ജനിക്കുന്നതാണ്. ശാസ്ത്രത്തെ അന്ധമായി ആരാധിക്കുന്നതിൽനിന്നോ, ശാസ്ത്രത്തിന്റെ പഠനമേഖലയെ കുറിച്ചോ, ദൈവത്തെ കുറിച്ചോ അറിയാത്തതിനാൽ ഉയർത്തുന്ന ബാലിശമായ വാദമാണിത്.

എന്താണ് ശാസ്ത്രം?

Science (ശാസ്ത്രം) ലാറ്റിൻ ഭാഷയിലെ scientia എന്ന വാക്കിൽനിന്നാണ് ഉത്ഭവിച്ചത്. അതിനർഥം അറിവ് (knowledge എന്നാണ്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും സ്വഭാവത്തെയും പ്രകൃതത്തെയും ഘടനയെയുംകുറിച്ച് വ്യവസ്ഥാപിതമായി പഠിക്കുന്നതാണ് ശാസ്ത്രം.

ആരാണ് ദൈവം?

ഡോക്കിൻസ് പറയുന്നത് ‘പദാർഥബന്ധിതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദൈവത്തെ തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനർഥം ദൈവം ഇല്ല’ എന്നാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമാണ് ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നത്. എന്നാൽ ദൈവം പ്രപഞ്ചാതീതനാണ്. പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ചവനാണ്. അങ്ങനെയുള്ള ദൈവത്തെ എങ്ങനെയാണ് ‘പദാർഥബന്ധിതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ’ തെളിയിക്കാൻ കഴിയുക? പ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങൾതന്നെ എല്ലാം കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടോ? കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല.

ആരാണ് ദൈവം

ആരാണ് ദൈവം എന്ന് ബുദ്ധിയുള്ളവർക്ക്, ചിന്തിക്കുന്നവർക്ക് മനസ്സിലാകുന്ന രൂപത്തിൽ വിശുദ്ധ ക്വുർആൻ പറഞ്ഞുതന്നിട്ടുണ്ട്.

“(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ(ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്നു തുല്യനായി ആരും ഇല്ലതാനും’’ (112: 1-4).

“അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം അ വന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽനിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾകൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ’’ (2:255).