ആ ഒരു നിമിഷം എത്ര അമൂല്യം!

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

മനുഷ്യജീവിതത്തിലെ ഏറ്റവും വിലയേറിയ കാര്യമെന്താണോ അതിനെത്തന്നെയാണ് യാതൊരു നിലയും വിലയും കൽപിക്കാതെ മനുഷ്യർ പാഴാക്കുന്നത്; അതാണ് സമയം.

പണ്ഡിതൻമാർ പറയുന്നത്, വിജയം ആഗ്രഹിക്കുന്ന ഒരു മുസ്‌ലിമിനെ, അതല്ലെങ്കിൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ ജീവിതത്തിൽ അവനു ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ ഒന്നാണ് സമയം എന്നാണ്. പക്ഷേ, ആ സമയത്തിന് മനുഷ്യൻ യാതൊരു നിലയും വിലയും കൽപിക്കുന്നില്ല. പണം, സമ്പത്ത് എന്നിവ നമ്മൾ പാഴാക്കുകയില്ല. ഭക്ഷണം കഴിക്കുന്ന പ്ലേറ്റിലെ അവസാന വറ്റുപോലും പാഴാക്കാൻ പാടില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് നമ്മൾ കഴിച്ചേക്കാം. പക്ഷേ, അതിനെക്കാളെല്ലാം നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ട സമയത്തെ ഈ ലോകത്തും പരലോകത്തും യാതൊരു ഉപകാരവുമില്ലാത്ത വിധത്തിൽ പാഴാക്കുന്നതിൽ ഒരു സങ്കടവും പ്രയാസവും നമുക്ക് തോന്നുന്നില്ല. എന്നാൽ അറിയുക; സമയമെന്നത് നമ്മുടെ ജീവിതമാണ്. സമയം നഷ്ടപ്പെടുമ്പോൾ ജീവിതമാണ് നഷ്ടപ്പെടുന്നത്.

മഹാനായ ഹസനുൽബസ്വരി (റഹി) പറഞ്ഞു: “ആദമിന്റെ മകനേ! നീയെന്നത് ഏതാനും ദിവസങ്ങൾ മാത്രമാണ്. ഒരു ദിവസം പോയാൽ നിന്റെ ജീവിതത്തിലെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടുപോകുന്നത്.’’ ജീവിതത്തെയും സമയത്തെയും ഉപയോഗപ്പെടുത്തണമെന്ന് ഉദ്ദേശം.

അല്ലാഹു പറയുന്നു: “അവൻ പറയും: അയ്യോ, ഞാൻ എന്റെ ജീവിതത്തിനുവേണ്ടി മുൻകൂട്ടി (സൽകർമങ്ങൾ) ചെയ്തുവെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ!’’ (ക്വുർആൻ 89:24). മഹ്ശറിലെ ഈയൊരു വിലാപമായിരിക്കും നാളെ അന്ത്യനാളിലെ ഏറ്റവും വലിയ വിലാപങ്ങളിലൊന്ന്!

മരണസമയത്തെ സങ്കടവും അതുതന്നെ: “ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങൾക്ക് നീ സമയംനീട്ടിത്തരേണമേ. എങ്കിൽ നിന്റെ വിളിക്ക് ഞങ്ങൾ ഉത്തരം നൽകുകയും, ദൂതന്മാരെ ഞങ്ങൾ പിന്തുടരുകയും ചെയ്തുകൊള്ളാം’’ (ക്വുർആൻ 14:44).

വർഷങ്ങൾ നീണ്ട ജീവിതം ലഭിച്ചിട്ടും പറയാത്തത് മരിക്കുന്ന സമയത്താണ് പറയുന്നത്! എന്നാൽ യാതൊരു നേട്ടവും അതുകൊണ്ടുണ്ടാവില്ല.

അതുകൊണ്ടാണ് റസൂൽ  ﷺ  ‘അഞ്ചുകാര്യങ്ങൾക്കു മുമ്പുള്ള അഞ്ചു കാര്യങ്ങളെ നിങ്ങൾ ഉപയോഗപ്പെടുത്തണ’മെന്ന് നമ്മോട് പറഞ്ഞത്. അതിൽ ഒന്നാമത്തേത്, ‘മരണം വരുന്നതിനു മുമ്പുള്ള നിന്റെ ജീവിതത്തെ ഉപയോഗപ്പെടുത്തുക’ എന്നതാണ്. കാരണം, അന്ത്യനാളിൽ അല്ലാഹു ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്ന്, ‘നിന്റെ ആയുസ്സിനെ നീ ഏതു വിഷയത്തിൽ ചെലവഴിച്ചു’ എന്നതാണ്. അത് ഓരോരുത്തരോടും ചോദിക്കുകതന്നെ ചെയ്യും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷത്തെയും സൽകർമങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുക.

മഹാനായ സ്വഹാബി അനസുബ്‌നുമാലികി(റ)ന്റെ പ്രഗത്ഭശിഷ്യനായിരുന്നു സാബിത്തുൽ ബുനാനി (റ). അദ്ദേഹം മരണശയ്യയിൽ കിടക്കുമ്പോൾ മകൻ അദ്ദേഹത്തിന് ‘ലാ ഇലാഹഇല്ലല്ലാഹ്’ എന്നു പറഞ്ഞുകൊടുക്കാൻ വേണ്ടി അടുത്തേക്ക് ചെന്നപ്പോൾ ആ പിതാവ് പറഞ്ഞു: “മകനേ! നീ എന്നെ വിട്ടേക്കൂ... ഇന്നത്തെ ദിവസത്തിൽ, ഞാൻ സാധാരണ ചൊല്ലാറുള്ള ദിക്‌റുകളുടെ കൂട്ടത്തിലെ ആറാമത്തെ സന്ദർഭത്തിലാണ് ഞാൻ’’. മരണശയ്യയിൽപോലും പതിവായി ചൊല്ലാറുള്ള ദിക്‌റുകൾ പൂർത്തീകരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്!

സച്ചരിതരായ മുൻഗാമികൾ (സലഫുസ്സ്വാലിഹുകൾ) പെട്ടവർ മരണസമയത്ത് ഈ രൂപത്തിൽ ദിക്‌റുകളും സ്വലാത്തും വർധിപ്പിച്ചിരുന്നതായി നമുക്ക് കാണുവാൻ സാധിക്കും. എന്താണ് ഈ സമയത്ത് ഇങ്ങനെ ചെയ്യാനുള്ള കാരണമെന്ന ചോദ്യത്തിന് “എന്റെ കർമങ്ങളുടെ രേഖകളുടെ ആ പുസ്തകം അടച്ചുവെക്കാൻ പോവുകയാണ്. അത് അടക്കുന്നതിനുമുമ്പുള്ള അവസാനത്തെ പേജും നന്മകൾകൊണ്ട് നിറക്കാനാണ് ഞാൻ ഈ സമയത്തെ ഉപയോഗപ്പെടുത്തുന്നത്’ എന്നായിരുന്നു അവരുടെ മറുപടി.

‘ആദമിന്റെ മക്കൾ മരണപ്പെട്ടാൽ അവരുടെ പ്രവർത്തനങ്ങൾ മുറിഞ്ഞുപോയി...’ എന്ന ഹദീസ് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. അതുകൊണ്ടാണ് അല്ലാഹു പരിശുദ്ധ ക്വുർആനിലുടനീളം വിശ്വാസികളോട് ജീവിതത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ വേണ്ടിപറയുന്നത്.

അല്ലാഹു പരിശുദ്ധ ക്വുർആനിൽ പറയുന്നത് നോക്കുക: “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം; നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ’’ (62:9).

അതുവരെ അവർ വെറുതെയിരിക്കേണ്ടവരല്ല. മറിച്ച് കച്ചവടം ചെയ്യട്ടെ, മറ്റു ഉപജീവനമാർഗങ്ങളിൽ പ്രവേശിക്കട്ടെ. എന്നാൽ ആരാധനാസമയമായാൽ അവർ പള്ളിയിലേക്ക് ധൃതിപ്പെട്ടുവരട്ടെ. ആരാധന കഴിഞ്ഞാലോ? അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:

“അങ്ങനെ നമസ്‌കാരം നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ ഔദാര്യത്തിൽനിന്ന് തേടുകയും ചെയ്യുക’’ (62:10).

ചുരുക്കത്തിൽ, കർമനിരതമായിരിക്കണം വിശ്വാസിയുടെ ജീവിതം. ദീനീകാര്യങ്ങളെയും ദുൻയാവിന്റെ കാര്യങ്ങളെയും ശരിയായ അനുപാതത്തിൽ കൊണ്ടുപോകാൻ അവനു സാധിക്കണം.

അല്ലാഹുപറയുന്നു: “ആകയാൽ നിനക്ക് ഒഴിവുകിട്ടിയാൽ നീ അധ്വാനിക്കുക. നിന്റെ രക്ഷിതാവിലേക്കുതന്നെ നിന്റെ ആഗ്രഹം സമർപ്പിക്കുകയും ചെയ്യുക’’ (94:7,8).

ഒന്നുകഴിഞ്ഞാൽ മറ്റൊന്ന്. അല്ലാഹുവിലേക്ക് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടും അവനിൽ ഭരമേൽപിച്ചുകൊണ്ടും ഇഹലോകത്ത് അല്ലാഹു അനുവദിച്ച കാര്യങ്ങൾക്കുവേണ്ടിയും, പരലോകത്തിലെ നന്മകൾ ക്കുവേണ്ടിയും അധ്വാനിക്കുക.

രാത്രിയെ അല്ലാഹു നമുക്ക് നിശ്ചയിച്ചുതന്നിട്ടുള്ളത് ‘വിശ്രമിക്കുവാൻ വേണ്ടിയാണ്’ എന്നാണ് പരിശുദ്ധ ക്വുർആനിൽ ധാരാളം സ്ഥലങ്ങളിൽ അല്ലാഹു തആലാ പറഞ്ഞിട്ടുള്ളത്. എന്നാൽ അല്ലാഹു സത്യവിശ്വാസികളെ സംബന്ധിച്ച് പറയുന്നതെന്താണെന്നു നോക്കുക:

“രാത്രിയിൽനിന്ന് അൽപഭാഗമെ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു’’ (51:17,18).

അതെ, വിശ്രമസമയം പോലും പരമാവധി അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നവനാണ് വിശ്വാസി.

ഇബ്‌നുഅബ്ബാസി(റ)ൽനിന്ന് നിവേദനം, നബി ﷺ  പറഞ്ഞു: “രണ്ട് അനുഗ്രഹങ്ങൾ, അതിൽ അധികമാളുകളും വഞ്ചിതരാണ്; ആരോഗ്യവും ഒഴിവുസമയവും’’ (ബുഖാരി 6412).

ചിലയാളുകൾക്ക് ഒഴിവുസമയമുണ്ട്. പക്ഷേ, ഇബാദത്ത് ചെയ്യാനും അധ്വാനിക്കാനും ആരോഗ്യമില്ല. മറ്റുചിലർക്ക് ആരോഗ്യമുണ്ട്. പക്ഷേ, ഒഴിവുസമയമില്ല. എന്നാൽ ഇത് രണ്ടും ലഭിക്കുക എന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്. അത് രണ്ടും ലഭിച്ചിട്ടും പരലോകത്തിനുവേണ്ടി ഉപയോഗപ്പെടുത്താത്തവരാകുന്നു ഏറ്റവും വലിയ നഷ്ടക്കാരെന്ന് റസൂൽ നമ്മെ പഠിപ്പിക്കുന്നു.

അതിനാൽ അല്ലാഹു നമുക്ക് നൽകിയ ആയുസ്സ്, ആരോഗ്യം, മറ്റു സാഹചര്യങ്ങൾ, സന്ദർഭങ്ങൾ എല്ലാംതന്നെ പരലോകവിജയത്തിനുവേണ്ടി സമർഥമായി ഉപയോഗപ്പെടുത്തുക.

സമയത്തിന്റെ ഉപയോഗത്തിൽ പ്രധാനമായും രണ്ടുകാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. അതിലൊന്ന്; സമയം വിനിയോഗിക്കുന്നതിൽ കൃത്യമായൊരു പദ്ധതി നമ്മുടെ ജീവിതത്തിലുണ്ടാവണം എന്നതാണ്.

സലഫുസ്സ്വാലിഹുകളുടെ ജീവിതം പരിശോധിച്ചാൽ അവർക്ക് എല്ലാത്തിനും കൃത്യമായൊരു സമയം ഉണ്ടായിരുന്നതായി കാണാൻ സാധിക്കും. പരിശുദ്ധ ക്വുർആൻ പാരായണം ചെയ്യാൻ, ഹദീസുകൾ ഹൃദിസ്ഥമാക്കാൻ, ദിക്‌റുകൾ ചൊല്ലാൻ, കുടുംബബന്ധം ചേർക്കാൻ, നമസ്‌കരിക്കാൻ, മറ്റു അദ്കാറുകൾ ഉരുവിടാൻ, രോഗികളെ സന്ദർശിക്കാൻ... അങ്ങനെ ജീവിതത്തെ കൃത്യമായ ചിട്ടയോടെയായിരുന്നു അവർ കൈകാര്യം ചെയ്തിരുന്നത്. അവരെ ഏതെങ്കിലും രീതിയിലുള്ള വ്യർഥമായ സംസാരങ്ങൾക്കോ, ആഹ്ലാദ ങ്ങൾക്കോ വേണ്ടി ആരെങ്കിലും വിളിച്ചാൽ അവരുടെ മറുപടി ‘സൂര്യനെ പിടിച്ചുവെക്കാൻ നിനക്കു പറ്റുമെങ്കിൽ ഞാൻവരാം, ഇല്ലെങ്കിൽ എനിക്ക് പാഴാക്കാൻ സമയമില്ല, ഒരുപാട് ഇബാദത്തുകളും നന്മകളും നിർവഹിക്കാനേ എന്റെയടുക്കൽ സമയമുള്ളൂ’ എന്നായിരുന്നു. ഇപ്രകാരം നമ്മുടെ സമയത്തെ ചിട്ടയോടുകൂടി ഉപയോഗപ്പെടുത്താൻ സാധിക്കണം.

രണ്ടാമത്തെത്; അങ്ങേയറ്റം ബുദ്ധിപരമായിട്ടായിരിക്കണം സമയത്തെ നാം ഉപയോഗപ്പെടുത്തേണ്ടത്. കാരണം, നമ്മുടെ വിജയവും നമ്മുടെ പരാജയവും ഒരുപക്ഷേ, ജീവിതത്തിലെ ഏതാനും സെക്കന്റുകൾകൊണ്ട് സംഭവിച്ചേക്കാം.

“കാലം തന്നെയാണ് സത്യം! തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽതന്നെയാകുന്നു...’’ എന്ന് തുടങ്ങുന്ന സൂറതുൽ അസ്വ്‌റിനെ വിശദീകരിച്ചുകൊണ്ട് ഇമാം റാസി(റഹ്) പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യമു ണ്ട്: “ആയിരം ദിവസങ്ങൾ ജീവിച്ചിട്ടുണ്ടെങ്കിലും ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ, പരലോകത്ത് അവൻ ഏറ്റവും അഭിമാനിക്കുന്നത് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു നിമിഷത്തെക്കുറിച്ച് ആലോചിച്ചായിരിക്കും.’’

എപ്പോഴാണത്? ജീവിതകാലം മുഴുവൻ തിന്മകളും തോന്നിവാസങ്ങളും ചെയ്ത് അവസാനം ‘അല്ലാഹുവേ! ഞാൻ നിന്നിലേക്ക് പശ്ചാത്താപിച്ചു മടങ്ങിയിരിക്കുന്നു’ എന്ന് പറയുന്ന ഒരു വ്യക്തി, അതിനു വേണ്ടി നിമിഷങ്ങൾ മാത്രമെ അയാൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുകയുള്ളൂ, എങ്കിലും ആ ഒരു ചെറിയ സമയമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി അയാൾ കാണുക.

‘അല്ലാഹുവാണെ, അല്ലാഹു നിനക്ക് പൊറുത്തുതരികയില്ല’ എന്ന്, അല്ലാഹുവിനെ ഭയപ്പെട്ടു ജീവിച്ച ഒരു വ്യക്തി പാപിയായ ഒരു മനുഷ്യനോട് ഏറെ ആലോചിക്കാതെയാണ് പറഞ്ഞത്. പക്ഷേ, ആ ഒരൊറ്റ വാക്കുകൊണ്ട്- അല്ലാഹുവിനെക്കുറിച്ച് തനിക്ക് അറിയാത്തത് പറഞ്ഞു എന്ന കാരണത്താൽ- ആ വ്യക്തി നരകാവകാശിയായി’ (ഹദീസ്).

ഇതെല്ലാം നമുക്ക് നൽകുന്ന പാഠം ജീവിതത്തിൽ അവസരങ്ങൾ കടന്നുവരുമ്പോൾ ആ നിമിഷങ്ങളെ ആലോചിച്ച് ഉപയോഗപ്പെടുത്തിയാൽ വിജയിക്കാൻ സാധിക്കും, ഇല്ലെങ്കിൽ പരാജയപ്പെടും എന്നതാണ്.

പാപിയായ ഒരു മനുഷ്യന്റെ മുമ്പിൽ ദാഹിച്ചുവലഞ്ഞ ഒരു നായ പ്രത്യക്ഷപ്പെട്ടു. അയാൾക്ക് വേണമെങ്കിൽ ആ നായക്ക് വെള്ളം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. കൊടുക്കാതെ പോയാൽ ആ നിമിഷം കടന്നുപോവും, പിന്നെയൊരു അവസരം കിട്ടിയെന്നുവരില്ല. പക്ഷേ, ആ അവസരം അന്നേരം ഉപയോഗപ്പെടുത്തിയ പാപിയായ ആ മനുഷ്യൻ അതുകാരണത്താൽ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു (ഹദീസ്).

ആ അവസരം ഉപയോഗപ്പെടുത്താതിരുന്നെങ്കിൽ അയാളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. എന്തൊരു നഷ്ടമായിരിക്കും അത്!

നബി ﷺ യുടെ അടുക്കലേക്ക് വിദൂരദിക്കിൽനിന്നും ഒരാൾ ഒട്ടകപ്പുറത്തു വരികയാണ്. അയാൾ നബി ﷺ യോട് ചോദിച്ചു: “ഞാൻ താങ്കളെ കാണാൻ വന്നതാണ്. ഈമാൻ എന്താണെന്ന് താങ്കൾ എനിക്ക് പഠിപ്പിച്ചുതരണം.’’ അല്ലാഹുവിന്റെ റസൂൽ ഈമാൻ കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തു. “ഞാനത് അംഗീകരിച്ചിരിക്കുന്നു’’ എന്ന ഒരേയൊരു വാക്ക് മാത്രമെ അയാൾ പറഞ്ഞിട്ടുള്ളൂ. അടുത്ത നിമിഷം, അദ്ദേഹം സഞ്ചരിച്ച ഒട്ടകം മറിഞ്ഞുവീഴുകയും അതിനടിയിൽപെട്ട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. അന്നേരം നബി ﷺ  പറഞ്ഞത് ‘അദ്ദേഹം സ്വർഗത്തിലാണ്’ എന്നാണ്. നിമിഷനേരം കൊണ്ടാണ് അതു സംഭവിച്ചിട്ടുള്ളത്. ഈമാൻ കാര്യങ്ങളെക്കുറിച്ചു കേട്ടപ്പോൾ അൽപം ആലോചിക്കട്ടെയെന്ന് പറഞ്ഞു സമയം നീട്ടാതെ ആ നിമിഷങ്ങളെ ഉപയോഗപ്പെടുത്തിയപ്പോൾ അയാൾക്ക് വമ്പിച്ച നേട്ടം കൊയ്യാൻ സാധിച്ചു.

അല്ലാഹു നമുക്ക് ഒരുപാട് സെക്കന്റുകൾ, മിനുട്ടുകൾ, മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ എല്ലാം നൽകിയിട്ടും നമ്മുടെ ജീവിതത്തിൽ നമ്മൾ പരാജയപ്പെട്ടുപോയാൽ അതൊരു തീരാ നഷ്ടമായിരിക്കും.

“...ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം’’ (ക്വുർആൻ 22:11).

ആയതിനാൽ സമയത്തിന്റെ മൂല്യവും വിഷയത്തിന്റെ ഗൗരവവും മനസ്സിലാക്കി ജീവിതത്തിലെ ഓരോ നിമിഷത്തെയും ഈ ലോകത്തിലെ നന്മകൾക്ക് വേണ്ടിയും അതിലുപരി പരലോക വിജയത്തിനുവേണ്ടിയും ഉപയോഗപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ.