വിശ്വാസിയും വിജ്ഞാനവും

ജൗസല്‍ സി.പി

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

വിജ്ഞാനം കരസ്ഥമാക്കുന്നതിനെ വളരെയധികം പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. ആദ്യമായി അവതരിക്കപ്പെട്ട വിശുദ്ധ ക്വുർആൻ സൂക്തങ്ങൾതന്നെ അതിലേക്ക് വിരൽചൂണ്ടുന്നതാണ്:

“സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു’’ (96:1-5).

മതവിഷയങ്ങളിൽ അറിവു നേടൽ ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അറിവുകളിൽ ശ്രേഷ്ഠമായത് മതപരമായ അറിവുകളാണ്. ഭൗതിക വിദ്യാഭ്യാസവും വിസ്മരിക്കേണ്ടതില്ല. എന്നാൽ ഭൗതിക വിദ്യാഭ്യാസത്തിന് മാത്രം പ്രാധാന്യം നൽകുകയും മതപരമായ അറിവ് നേടുന്നതിനെ അവഗണിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം.

മുആവിയ(റ)യിൽനിന്ന് നിവേദനം: റസൂൽ ﷺ  പറഞ്ഞു: “അല്ലാഹു വല്ലവനും നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവനെ ദീനിൽ അറിവുള്ളവനാക്കിതീർക്കും’’ (ബുഖാരി, മുസ്‌ലിം).

അല്ലാഹു പറയുന്നു: “എന്റെ രക്ഷിതാവേ, എനിക്കു നീ അറിവ് വർധിപ്പിച്ചു തരേണമേ എന്നു നീ പറയുകയും ചെയ്യുക’’ (ക്വുർആൻ 20:114).

“...പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ’’ (ക്വുർആൻ 39:9).

“...നിങ്ങളിൽനിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്...’’ (ക്വുർആൻ 58:11).

“...അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസൻമാരിൽനിന്ന് അറിവുള്ളവർ മാത്രമാകുന്നു...’’ (ക്വുർആൻ 35: 28)

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, റസൂൽ ﷺ  പറഞ്ഞു: “ആരെങ്കിലും വിജ്ഞാനം തേടി പുറപ്പെട്ടാൽ അല്ലാഹു അയാൾക്ക് സ്വർഗത്തിലേക്കുള്ള മാർഗം എളുപ്പമാക്കി കൊടുക്കുന്നതാണ്’’ (മുസ്‌ലിം)

ഒരു ഹദീസ് പഠിക്കുന്നതിനായി മാത്രം ഒരു മാസം യാത്രചെയ്ത പണ്ഡിതന്മാർ മുൻകാലത്ത് ഉണ്ടായിരുന്നു. അറിവ് നേടുന്നതിന്റെ പ്രാധാന്യം അവർ അത്രമാത്രം ഉൾക്കൊണ്ടിരുന്നു. വിജ്ഞാനം നേടിയെടുക്കാനുള്ള സകല പരിശ്രമങ്ങളും സ്വർഗപ്രവേശനത്തിന് ഉതകുന്ന സൽകർമമായി ഇസ്‌ലാം പരിഗണിക്കുന്നു. അതിനുവേണ്ടി ഒരാൾ ചെലവഴിക്കുന്ന സമയവും ധനവും ആരോഗ്യവും മുഴുവൻ പുണ്യകർമമായി രേഖപ്പെടുത്തപ്പെടും.

ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ഏതു വിജ്ഞാനങ്ങളും നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോണിലൂടെ വളരെ എളുപ്പത്തിൽ ലഭ്യമാകും എന്നിരിക്കെ, വിജ്ഞാനം ആർജിക്കാൻ ഒരാൾ പരിശ്രമിക്കുന്നില്ലെങ്കിൽ അത് എന്തുമാത്രം ബുദ്ധിശൂന്യതയാണ്! സോഷ്യൽ മീഡിയകളിൽ വെറുതെ സമയം പാഴാക്കാതെ വിജ്ഞാനം നേടാൻ ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തുന്നവരാണ് ബുദ്ധിമാന്മാർ.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, റസൂൽ ﷺ  പറഞ്ഞു: “ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്നു കാര്യങ്ങളല്ലാത്തതെല്ലാം അവരിൽനിന്ന് മുറിഞ്ഞുപോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണവ’’ (മുസ്‌ലിം).

നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത് മരണാനന്തര ജീവിതത്തിൽ പോലും നമുക്ക് പ്രതിഫലം നൽകപ്പെടുന്ന ഒന്നാണെന്ന് മനസ്സിലാക്കുക. ഒരു പണ്ഡിതൻ തന്റെ അറിവ് പങ്കുവെക്കാനായി പുസ്തകമെഴുതുന്നു. അയാളുടെ മരണശേഷവും ആ പുസ്തകം വായിക്കപ്പെടുന്ന കാലത്തോളം അയാൾക്ക് അതിനുള്ള പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും. നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനായി പുസ്തകം, പ്രസംഗം, ഓഡിയോ-വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ബ്ലോഗുകൾ, വെബ്‌സൈറ്റുകൾ എന്നിവയൊക്കെ ഉപയോഗപ്പെടുത്താം. നമ്മുടെ ഒരു പോസ്റ്റ് വായിക്കപ്പെടുമ്പോഴെല്ലാം നമുക്ക് അതിന് പടച്ചവനിൽനിന്നുള്ള പ്രതിഫലം നൽകപ്പെടുന്നു എന്നത് എത്ര സന്തോഷകരമായ കാര്യമാണ്. നമ്മുടെ മരണശേഷം പോലും നമുക്ക് ഇത്തരത്തിൽ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും.

അബൂഉമാമ(റ)യിൽനിന്ന് നിവേദനം, റസൂൽ ﷺ  പറഞ്ഞു: “ഭക്തനെക്കാൾ അറിവുള്ളവന്റെ മഹത്ത്വം നിങ്ങളിൽ താഴ്ന്നവരെക്കാൾ എനിക്കുള്ള മാഹാത്മ്യം പോലയാണ്.’’ എന്നിട്ട് റസൂൽ  ﷺ  പറഞ്ഞു: “നിശ്ചയം അല്ലാഹുവിന്റെ മലക്കുകളും ആകാശഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവും കൂടി ജനങ്ങൾക്ക് നൻമ പഠിപ്പിച്ചുകൊടുക്കുന്നവർക്ക് വേണ്ടി പ്രർഥിക്കുന്നതാണ്’’ (തുർമുദി).

അറിവ് പകർന്നുകൊടുക്കുന്നവർക്ക് വേണ്ടി മലക്കുകളും ഭൂമിയിലെ ജീവജാലങ്ങളുംവരെ പ്രാർഥിക്കുന്നുണ്ട് എന്നറിയുക. അറിവ് പകർന്നുകൊടുക്കുന്നവൻ ആരാധനാകർമങ്ങളിൽ മുഴുകുന്നവനെക്കാൾ ശ്രേഷ്ഠനാണ് എന്നാണ് പ്രവാചകവചനം. അറിവുള്ളവർ ആരാധനാകർമങ്ങൾ മുടക്കുകയില്ല എന്നത് ഇതിനോട് ചേർത്ത് വായിക്കുക.

അറിവ് നേടാൻ നാം പരിശ്രമിക്കുകതന്നെ വേണം. ഇന്നത്തെ കാലത്ത് അത് വളരെ എളുപ്പമാണ്. അതിനുള്ള മനസ്സുണ്ടാവണം എന്ന് മാത്രമേയുള്ളൂ. നേടുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലൂടെ അറിവ് വർധിക്കുന്നു. പുണ്യങ്ങളും വർധിക്കുന്നു.

“താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു). അവൻ നീതി നിർവഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവൻ’’ (3:18).

അല്ലാഹു എന്തൊന്ന് പഠിപ്പിക്കുവാനാണോ മുഹമ്മദ് നബി  ﷺ യെ നിയോഗിച്ചത് അതിനോട് നാം വിമുഖത കാണിച്ചാൽ ആത്യന്തിക നഷ്ടമായിരിക്കും ഫലം.

“തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽനിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു’’ (ക്വുർആൻ 3:164).