മനസ്സുകളിൽ ഇടം നേടാനുള്ള വഴി

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മനുഷ്യർ. അവർക്കിടയിൽ പാടത്തും പറമ്പിലും പണിയെടുക്കുന്നവരുണ്ട്. ചെറുകിട കച്ചവടക്കാരും വൻകിട ബിസിനസ്സുകാരുമുണ്ട്. ഗവൺമെന്റ്സ്ഥാപനങ്ങളിലെ ജോലിക്കാരും സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാരുമുണ്ട്. അവരിൽതന്നെ ഉന്നത സ്ഥാനമുള്ളവരും താഴ്ന്ന സ്ഥാനമുള്ളവരുമുണ്ട്. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരുണ്ട്. രാഷ്ട്രീയ പ്രവർത്തകരും ജനപ്രതിനിധികളുമുണ്ട്. വിദ്യാർഥികളുണ്ട്...

എല്ലാവരും ജീവിതവഴിയിൽ തിരക്കുപിടിച്ച ഓട്ടത്തിലാണ്. ഈ ഓട്ടത്തിനിടയിൽ തന്റെ കുടുംബത്തിലുള്ളവരെയും തനിക്ക് ചുറ്റുമുള്ളവരെയും തന്റെ കൂടെ ജോലി ചെയ്യുന്നവരെയുമൊക്കെ എത്രകണ്ട് അടുത്തറിയാനും മനസ്സിലാക്കാനും പരിഗണിക്കാനും ആവശ്യമെങ്കിൽ കഴിയുന്ന സഹായം ചെയ്തുകൊടുക്കാനും വാക്കുകൊണ്ടെങ്കിലും ആശ്വാസം പകരാനും നാം ശ്രമിക്കുന്നുണ്ട്?

താനും തന്റെ ജോലിയും കുടുംബവും എന്നതിനപ്പുറത്തേക്ക് ചിന്തിക്കാത്ത ചിലരുണ്ട്. ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ കാണാൻ സമയം കൊടുക്കാത്തവർ! പ്രയാസപ്പെടുന്നവരിലേക്ക് ആർദ്രമായ ഒരു നോട്ടം നോക്കാൻ പോലും മടി കാണിക്കുന്നവർ. ആർക്ക്, എവിടെ, എന്ത് സംഭവിച്ചാലും കുഴപ്പമില്ല; തന്റെ കാര്യങ്ങൾക്കൊന്നും യാതൊരു ഭംഗവും സംഭവിക്കരുത് എന്ന നിലപാടിൽ ജീവിക്കുന്നവർ. എന്നാൽ, തങ്ങൾ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ പോലും അവരെ വല്ലാതെ അസ്വസ്ഥരാക്കും. ഇതിനെയാണ് സ്വാർഥത എന്നു പറയുന്നത്.

ഒരു മുസ്‌ലിം ഇത്തരം സ്വഭാവം വച്ചുപുലർത്തുന്നവനായിക്കൂടാ. അവൻ ആകർഷകമായ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കണം. മനസ്സുകളെ ആകർഷിക്കുവാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. അതിന് അതിന്റെതായ തന്ത്രങ്ങളും വഴികളുമുണ്ട്.

നിങ്ങൾ ഒരു സ്ഥലത്തേക്ക് ചെല്ലുമ്പോൾ അവിടെ മൂന്നുപേരെ കാണുന്നു എന്ന് സങ്കൽപിക്കുക. ഓരോരുത്തരുടെയും അടുത്തുചെന്ന് നിങ്ങൾ കൈകൊടുക്കുന്നു. ഒരാളുടെ നേരെ കൈനീട്ടിയപ്പോൾ നിങ്ങളുടെ കൈപ്പത്തിയുടെ അഗ്രം പിടിച്ച് തണുപ്പൻ മട്ടിൽ പ്രത്യഭിവാദ്യം ചെയ്ത് സംസാരം തുടരാൻ താൽപര്യമില്ലാത്ത മട്ടിൽ മാറിനിന്നു. രണ്ടാമത്തെയാൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. യാതൊരു ഭാവമാറ്റവുമില്ലാതെ അയാൾ നിങ്ങൾക്കുനേരെ കൈനീട്ടി; ഫോണിലെ സംസാരം തുടർന്നു. എന്നാൽ മൂന്നാമൻ മുന്നോട്ടുവരികയും ഹസ്തദാനം ചെയ്യുകയും നിങ്ങളെ ഊഷ്‌ളമായി സ്വീകരിക്കുകയും ചെയ്തു. തമ്മിൽ മുൻപരിചയമില്ലാതിരുന്നിട്ടും നിങ്ങളുടെ വരവിൽ അയാൾ അതിയായി സന്തോഷം പ്രകടിപ്പിച്ചു.

നിങ്ങളുടെ മനസ്സിന് മൂന്നാമത്തെയാളോട് ഒരാകർഷണം അനുഭവപ്പെടില്ലേ? അതെ, നിങ്ങൾ അറിയാതെ അയാളിലേക്ക് ആകർഷിക്കപ്പെടും. അയാളെ അപ്പോഴാണ് നിങ്ങൾ ആദ്യമായി കാണുന്നത്. അയാളെക്കുറിച്ച് വിശദമായൊന്നും അറിയില്ല. എന്നിട്ടും അയാൾ നിങ്ങളുടെ മനസ്സിൽ അൽപസമയത്തിനകം ഇടംനേടി. പെരുമാറ്റ മഹിമകൊണ്ടാണ് അയാൾ നിങ്ങളുടെ മനസ്സ് കവർന്നെടുത്തത്; ശക്തി കൊണ്ടോ പണം കൊണ്ടോ പദവി കൊണ്ടോ ഒന്നുമല്ല, വളരെ ലളിതവും നിസ്സാരവുമായ രീതിയിൽ മനസ്സുകളെ ആകർഷിക്കാം എന്നർഥം. പക്ഷേ, അതിന് ശ്രമിക്കുന്നവർ വളരെ കുറവാണ്.

“എന്റെ ഒരു വിദ്യാർഥിക്ക് വിഷാദരോഗം ബാധിച്ചു. അവന്റെ പിതാവ് ഉയർന്ന റാങ്കുള്ള സൈനികോദ്യോഗസ്ഥനാണ്. അയാൾ പലവട്ടം കോളേജിൽ വന്ന് എന്നെ കണ്ടു. ഞങ്ങൾ അയാളുടെ മകന്റെ ചികിത്സാകാര്യത്തിൽ സഹകരിച്ചു. ചിലപ്പോഴൊക്കെ ഞാൻ അവരുടെ വീട്ടിൽ പോകും. അതൊരു ഗംഭീര കൊട്ടാരമാണ്. അയാളുടെ മജ്‌ലിസിൽ അതിഥികൾ നിറഞ്ഞുകവിഞ്ഞിരിക്കും. ആളുകൾക്ക് അയാളോട് എന്തൊരു സ്‌നേഹമാണെന്ന് ഞാൻ ആശ്ചര്യപ്പെട്ടു.

വർഷങ്ങൾ കഴിഞ്ഞു. അയാൾ ജോലിയിൽനിന്നു പിരിഞ്ഞു. പിന്നൊരിക്കൽ ഞാൻ അയാളെ തേടി ച്ചെന്നപ്പോൾ, പഴയ സന്ദർശകമുറിയിൽ അൻപതിലധികം കസേരകളുണ്ടായിട്ട്, ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ മാത്രമാണുണ്ടായിരുന്നത്. അയാളാകട്ടെ, ചായയും കാപ്പിയും ഉണ്ടാക്കിക്കൊടുക്കുന്ന പണിക്കാരനും! ഞാനവിടെ അൽപനേരമിരുന്നു പുറത്തുവന്നു. അപ്പോൾ, ഉദ്യോഗത്തിലിരുന്ന കാലത്തെ അയാളുടെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും ഞാനോർത്തു. അന്ന് ആളുകളെ അയാളിലേക്കാകർഷിച്ചതെന്തായിരുന്നു?

അയാൾക്ക് തന്റെ സ്വഭാവമഹിമ കൊണ്ടോ പെരുമാറ്റം കൊണ്ടോ ആളുകളെ ആകർഷിക്കാൻ കഴിഞ്ഞില്ല. അധികാരപദവികളിലൂടെ മാത്രമെ ആകർഷിക്കാനായുള്ളൂ. പദവികൾ നഷ്ടപ്പെട്ടപ്പോൾ ബന്ധങ്ങൾ ഇല്ലാതായി. ഇദ്ദേഹത്തിൽ നിന്ന് വലിയ പാഠങ്ങൾ പഠിക്കാനുണ്ട്.

നിങ്ങളുടെ വ്യക്തിത്വത്തിലേക്കാകർഷിക്കുന്ന തരത്തിലാണ് ആളുകളുമായി ഇടപെടേണ്ടത്. നിങ്ങളുടെ സംസാരം, പുഞ്ചിരി, സഹവാസം, പെരുമാറ്റം എല്ലാം അവർ ഇഷ്ടപ്പെടണം. അവരുടെ വീഴ്ചകൾ അവഗണിച്ച് പ്രതിസന്ധികളിൽ കൂടെ നിൽക്കാൻ നിങ്ങൾക്ക് കഴിയണം’’ (ഇസ്തംതിഅ് ബിഹയാതിക, ഡോ. മുഹമ്മദ് അൽഅരീഫി).

നിഷ്‌കളങ്കമായ പെരുമാറ്റങ്ങളിലൂടെയും സഹകരണങ്ങളിലൂടെയുമാണ് സ്‌നേഹോഷ്മളമായ ബന്ധങ്ങൾ നിലനിൽക്കുന്നത്. അത്തരം ബന്ധങ്ങൾക്ക് ബലം കൂടും. ജോലിയിൽ നിന്ന് പിരിഞ്ഞുപോവുകയോ, വിരമിക്കുകയോ ചെയ്താലും ശരി, ബന്ധങ്ങൾ അങ്ങനെ തന്നെ നിലനിൽക്കും. ഓർക്കാനും വിളിക്കാനും സംസാരിക്കാനും അന്വേഷിക്കാനും ആളുകളുണ്ടാവും. സത്യത്തിൽ ഇതൊക്കെ തന്നെയല്ലേ ഈ നശ്വര ജീവിതത്തിൽ ലഭിക്കുന്ന സന്തോഷവും സമാധാനവും. ഇതൊന്നുമില്ലാത്ത അവസ്ഥ എത്ര അസ്വസ്ഥമായിരിക്കും!

ഏറ്റവും നല്ല സ്വഭാവംകൊണ്ട് എല്ലാവരോടും അടുക്കാനും അതുവഴി ഹൃദയം കീഴടക്കാനും നമുക്ക് സാധിക്കട്ടെ!