ശിരോവസ്ത്ര നിരോധനത്തിന് ഭൂരിപക്ഷാധിപത്യ സ്വഭാവം

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 6)

ദൈവിക വചനങ്ങളുടെ സമാഹാരമായ ക്വുർആനിൽ പരാമർശിക്കപ്പെട്ട നിയമങ്ങൾ പാലിക്കൽ ഓരോ ഇസ്‌ലാം മത വിശ്വാസിക്കും നിർബന്ധമാണ് എന്ന അഡ്വ. അബ്ദുൽമജീദ് ധർ സമർപ്പിച്ച വാദങ്ങളും ശിരോവസ്ത്ര നിരോധനത്തിലൂടെ ബാലാവകാശ, വിദ്യാഭ്യാസ ലംഘനങ്ങളാണ് സംജാതമായിട്ടുള്ളത് എന്ന അഡ്വ. മീനാക്ഷി അറോറയുടെ വാദങ്ങളും പുതിയ നിയമം വഴി മുസ്‌ലിം പെൺകുട്ടികളുടെ മേൽ അടിച്ചേൽപിച്ചിട്ടുള്ള അവകാശ നിഷേധങ്ങളെ കുറിച്ചുള്ള അഡ്വ. ശുഐബ് ആലമിന്റെ സമർഥനങ്ങളും അവസാനിച്ച ശേഷം നിയമരംഗത്തും അഭിഭാഷകരംഗത്തും ഏറെ പ്രഗത്ഭരായി അറിയപ്പെടുന്ന കോളിൻ ഗൊൻസാൽവസ്, കപിൽ സിബൽ എന്നിവരാണ് രണ്ടംഗ ബെഞ്ചിന്റെ മുമ്പിൽ മുസ്‌ലിം പെൺകുട്ടികൾക്ക് വേണ്ടി ഹാജരായത്.

കോളിൻ ഗൊൻസാൽവസ്

ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ്‌വർക്കിന്റെ സ്ഥാപകനും ഇന്ത്യൻ പീപ്പിൾസ് െ്രെടബ്യുണലിന്റെ കൺവീനറുമായ കോളിൻ ഗൊൻസാൽവസ് ഇന്ത്യയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകനാണ്. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ അദ്ദേഹം ഭരണഘടനയിലെ 25ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആദ്യമായി ജഡ്ജുമാരുടെ മുമ്പാകെ കൊണ്ടുവന്നത്.

അവകാശമാവാൻ എസൻഷ്യൽ ആവേണ്ടതില്ല

ശിരോവസ്ത്രം ധരിക്കൽ മതത്തിലെ അത്യന്താപേക്ഷിത വിഷയമാണോ അല്ലേ എന്നതല്ല ഞാൻ പ്രധാനമായും ഇവിടെ ഉന്നയിക്കാൻ പോകുന്ന വിഷയം. മറിച്ച് ഒരു സമുദായത്തിൽ ഒരാചാരം സാമ്പ്രദായികമായി സ്ഥിരപ്പെട്ടുവന്നാൽ അത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 25ാം അനുച്ഛേദം നൽകുന്ന അവകാശങ്ങളുടെ പരിധിയിൽ വരും എന്ന കാര്യമാണ് പ്രധാനമായും വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്. അറിയപ്പെടുന്ന മൂന്ന് അന്താരാഷ്ട്ര കോടതികളുടെ വിധിന്യായങ്ങൾ കർണാടക ഹൈക്കോടതിക്ക് മുമ്പിൽ വന്നിട്ടുണ്ടായിരുന്നു. പ്രസ്തുത വിധിന്യായങ്ങളിൽ എവിടെയും കോടതികൾ ‘എസൻഷ്യൽ’ ആണോ എന്ന പരിശോധനയല്ല നടത്തിയത്, മറിച്ച് അവ നടന്നുവരുന്ന ആചാരങ്ങളാണോ എന്ന് മാത്രമാണ് അവർ പരിശോധിച്ചത്. ഇസ്‌ലാമിൽ അതിരൂഢമായി വേരൂന്നിയ ആചാരമാണ് ശിരോവസ്ത്രം എന്ന അഭിപ്രായമാണ് കെനിയൻ കോടതി പങ്കുവച്ചത്. രണ്ട് ഇന്ത്യൻ കോടതികളും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. പ്രസിദ്ധമായ 1986ലെ ബിജോയ് ഇമ്മാനുവൽ-കേരള സർക്കാർ കേസും 2014 ലെ ജംഷീദ് അൻസാരി ഡൽഹി എൻ.സി.ടി.സർക്കാർ കേസും ഗൊൻസാൽവസ് ഉദ്ധരിച്ചു. എന്നാൽ ഇതൊന്നും ഹൈക്കോടതി പരിഗണിച്ചതേയില്ല. പകരം അവർ ‘എസൻഷ്യാലിറ്റി’ എന്ന ചർച്ചയിലേക്ക് വിഷയത്തെ പരിമിതപ്പെടുത്തുകയാണുണ്ടായത്.

അന്താരാഷ്ട്ര വിധികളോട് എന്തിന് വിമുഖത?

ഹൈക്കോടതി പരാമർശങ്ങൾ പൂർണമായും പരിശോധിക്കാതെയാണ് താങ്കൾ ഈ പരാമർശം നടത്തുന്നതെന്ന് ജസ്റ്റിസ് ധൂലിയ ഓർമപ്പെടുത്തിയപ്പോൾ അഡ്വ.ഗൊൻസാൽവസ് അതൊന്നുകൂടി വായിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘എസൻഷ്യൽ ആണെന്ന് തെളിയിക്കാൻ പറ്റിയില്ലെങ്കിൽ അതൊരു അവകാശമായി അംഗീകരിക്കാൻ പറ്റില്ലെന്നാണ് ഹൈക്കോടതിയുടെ ഭാഷ്യം. ഇതര രാജ്യങ്ങളിൽ നിന്നുള്ള വിധിന്യായങ്ങൾ ഞങ്ങൾ ഉദ്ധരിച്ചപ്പോൾ അതൊന്നും ഇവിടെ കൊണ്ടുവരേണ്ട എന്നാണ് കോടതി പറഞ്ഞത്. ഈ വിധികളെക്കുറിച്ചുള്ള അപഗ്രഥനമോ ചർച്ചയോ ഹൈക്കോടതി വിധിന്യായത്തിൽ കാണുന്നില്ല. ദക്ഷിണാഫ്രിക്ക, കെനിയ, കാനഡ എന്നീ രാജ്യങ്ങളിലെ ഈ വിധികൾ അന്താരാഷ്ട്ര പ്രസിദ്ധമാണ്.’

പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ വിധി നടത്താവൂ എന്ന ഹൈക്കോടതിയുടെ അഭിപ്രായം ശരിയല്ല. ഇന്ത്യൻ കോടതികളിൽനിന്ന് ഇത്തരം വിഷയങ്ങളിൽ അധികം വിധികൾ വരാത്ത സാഹചര്യത്തിൽ ഇന്ത്യക്ക് പുറത്തുള്ള കോടതികളെ പരിഗണിക്കേണ്ടിവരും. ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമല്ലാത്ത കാര്യങ്ങളിൽ വിദേശ കോടതികളിൽനിന്നുള്ള വിധിന്യായങ്ങൾ അവലംബിക്കാമെന്നാണ് സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട പുട്ടസ്വാമി കേസിലെ വിധിന്യായത്തിൽ 148 മുതൽ 154 വരെയുള്ള ഖണ്ഡികകൾ വ്യക്തമാക്കുന്നത്.

ശിരോവസ്ത്രത്തിന് പ്രത്യേക അപേക്ഷ വേണമെന്നോ?

ഹൈക്കോടതി പ്രധാനമായും രണ്ട് തെറ്റുകൾ വരുത്തിയിരിക്കുന്നു. ഒന്നാമത്തേത് അന്താരാഷ്ട്ര കോടതികളിൽനിന്നുള്ള വിധിന്യായങ്ങൾ ഒട്ടും പരിഗണിക്കേണ്ടതില്ല എന്ന നിലപാട്. രണ്ടാമത്തേത് ശിരോവസ്ത്രം ധരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം പെൺകുട്ടികൾ ഇതുവരെ കോടതിസമക്ഷം ഒരപേക്ഷയും സമർപ്പിച്ചിട്ടില്ല എന്നതാണ്. ദശലക്ഷക്കണക്കിന് വിദ്യാർഥികൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി പുരാതനകാലംതൊട്ട് അനുഷ്ഠിച്ചുവരുന്ന വേഷരീതി അനുവദിച്ചുകിട്ടണമെന്ന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ഈ വേഷം സ്വീകരിക്കാത്തവരെ മതത്തിൽനിന്നും പുറത്താക്കുന്നില്ല എന്ന ന്യായം പറഞ്ഞ് അതിനെ എസൻഷ്യൽ അല്ല എന്ന് വ്യാഖ്യാനിക്കുന്നത് നീതിയല്ല. ഒരാൾ അയാളുടെ മതത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചും മനഃസാക്ഷിക്കനുസരിച്ചും ആത്മാർഥമായി നിർവഹിച്ചുവരുന്ന കാര്യത്തെ ‘എസൻഷ്യൽ അല്ല’ എന്ന ന്യായം പറഞ്ഞ് എങ്ങനെ നിരോധിക്കാൻ സാധിക്കും?

വിധിക്ക് ഭൂരിപക്ഷാധിപത്യ സ്വഭാവം

കർണാടക ഹൈക്കോടതിയുടെ വിധി പ്രത്യക്ഷത്തിൽതന്നെ ന്യൂനപക്ഷങ്ങനെ കുറിച്ച് ഭാഗികമായ വീക്ഷണം വച്ചുപുലർത്തുന്ന ഭൂരിപക്ഷ സമുദായത്തിന്റെ കാഴ്ചപ്പാടിൽനിന്ന് രൂപപ്പെട്ടുവന്നതാണ്. ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ശരിയായ വീക്ഷണം അതിൽ പ്രതിഫലിക്കുന്നില്ല. വിധി ഒരു ഭൂരിപക്ഷാധിപത്യ സ്വഭാവമുള്ള വിധിയാണ്. അതിന് ഭരണഘടനാപരമായ സ്വയാധികാരമില്ല. ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഖണ്ഡികകൾ വിധിക്കകത്തുണ്ട്.

വേദനിപ്പിക്കുന്ന പരാമർശങ്ങൾ

ശിരോവസ്ത്രം മതപരമോ സാംസ്‌കാരികമോ ആയ ആചാരമല്ല എന്നും ശാസ്ത്രീയമായ വസ്ത്രധാരണത്തിനും സ്ത്രീ വിമോചനത്തിനും എതിരാണെന്നും തുടങ്ങിയ വിധിയിലെ പരാമർശം ഒരു സമുദായത്തെ അങ്ങേയറ്റം വേദനിപ്പിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ്. ശിരോവസ്ത്രത്തെ അരാജകത്വവുമായും വിഭാഗീയതയുമായും ബന്ധപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി പ്രസ്താവന നടത്തിയിരിക്കുന്നത്. ഇന്ത്യയെപ്പോലെ മതനിരപേക്ഷമായ ഒരു രാജ്യത്തെ കോടതിയിൽനിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പരാമർശമാണത്. ശിരോവസ്ത്രം വിഭജനം സൃഷ്ടിക്കുന്നു, അശാന്തി പടർത്തുന്നു, ഭിന്നിപ്പും അച്ചടക്കമില്ലായ്മയും പ്രചരിപ്പിക്കുന്നു തുടങ്ങിയ നിരുത്തരവാദപരമായ പ്രസ്താവനകൾ ഒരു കോടതിക്ക് എങ്ങനെ നടത്താൻ കഴിയും? ഹൈക്കോടതി വിധി ഏകപക്ഷീയമായ സ്വഭാവം വച്ചുപുലർത്തുന്നതും ന്യൂനപക്ഷ സമുദായങ്ങളെ അപമാനിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഈ വിധി റദ്ദാക്കി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന് കൈമാറുകയാണ് വേണ്ടത്.

നിലവാരമുള്ള പൊതുയിടങ്ങളോ?

ഒരു പൗരന്റെ മൗലികാവകാശങ്ങൾ ‘നിലവാരമുള്ള’ പൊതുസ്ഥലങ്ങൾക്ക് ബാധകമല്ലെന്നും ഡെറിവേറ്റിവ് അവകാശങ്ങൾ മാത്രമേ ബാധകമാകൂ എന്ന് പറയുന്ന കോടതി നിയമശാസ്ത്ര രംഗത്ത് പുതിയ തത്ത്വങ്ങൾ ആവഷ്‌കരിക്കുകയാണ്. വിദ്യാലയങ്ങളെ ജയിലുകളുമായി തുലനം ചെയ്തിരിക്കുകയാണ് ഹൈക്കോടതി. ‘നിലവാരമുള്ള’ പൊതുയിടങ്ങളിൽ മൗലികാവകാശങ്ങൾ ബാധകമല്ലെന്ന് കോടതി പറയുന്നു. ഇങ്ങനെയുള്ള സിദ്ധാന്തങ്ങളും വ്യാഖ്യാനങ്ങളും എവിടെനിന്നാണ് വരുന്നത് എന്നറിയില്ല. ഇന്ത്യൻ നിയമശാസ്ത്രത്തിൽ ഇങ്ങനെ കാണാൻ കഴിയില്ല. നിലവാരമുള്ള പൊതുയിടങ്ങളിൽ ശിരോവസ്ത്രം ഉപയോഗിക്കാൻ പാടില്ല എന്നുപറയുമ്പോൾ കലാലയങ്ങളിൽ മാത്രമാണോ, കോടതികളിൽ പോലും അത് പാടില്ലെന്ന് വരില്ലേ? എന്തുമാത്രം അപകടം നിറഞ്ഞ പ്രസ്താവനയാണ് കോടതി നടത്തിയിരിക്കുന്നത്!

തലപ്പാവും കൃപാണുമാവാം; ശിരോവസ്ത്രം പാടില്ല!

കോടതിയുടെ ഈ നിലപാട് മനഃസാക്ഷിക്കുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കേവലം പത്ത് കുട്ടികളെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്. ഒരു സംസ്ഥാനത്തെ മുഴുവൻ കുട്ടികളെയും ഇത് ബാധിക്കുന്നുണ്ട്. സിഖുകാരുടെ കൃപാണിന് ഭരണഘടനാപമായ സംരക്ഷണവും തലപ്പാവിന് നിയമപരമായ സംരക്ഷണവും നൽകിയിരിക്കുന്നു. എന്നാൽ ശിരോവസ്ത്രത്തിന് മാത്രം സംരക്ഷണമില്ല. ഭരണഘടന അനുവദിച്ചിരിക്കുന്നു എന്ന് മാത്രം പറഞ്ഞ് കൈയൊഴിയുന്നത് ശരിയല്ല. മുമ്പ് അനുവദിക്കാത്തത് ഇപ്പോൾ മുതൽ അനുവദിച്ചുതുടങ്ങുന്നതിന് എന്ത് തടസ്സമാണുള്ളത്. മുസ്‌ലിം പെൺകുട്ടികളുടെ ശിരോവസ്ത്രത്തിന് മാത്രം എന്തുകൊണ്ട് പ്രശ്‌നം സൃഷ്ടിക്കുന്നു?

ഒരു സിഖ് വിദ്യാർഥിക്ക് തലപ്പാവിനോടുള്ള അതേ വികാരമാണ് ഒരു മുസ്‌ലിം പെൺകുട്ടിക്ക് അവളുടെ ശിരോവസ്ത്രത്തിനോടുമുള്ളത്. അതിനെ രണ്ടിനെയും രണ്ടായിക്കാണാൻ കഴിയില്ല. വസ്ത്രം ധരിപ്പിക്കുക, വസ്ത്രം അഴിപ്പിക്കുക തുടങ്ങിയ നടപടികൾ വളരെ മോശമാണ്. മുസ്‌ലിം പെൺകുട്ടികളുടെ ശിരോവസ്ത്രം ബലപ്രയോഗത്തിലൂടെ അഴിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് സ്‌കൂളുകളിൽ ഉണ്ടായിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ കണ്ണുകൊണ്ട് ഈ വിഷയത്തെ കാണാൻ കോടതിക്ക് സാധിക്കണം. അങ്ങനെ കാണാൻ സാധിക്കുമ്പോൾ മാത്രമെ ഭരണഘടനാധാർമികത (Constitutional Moraltiy) നിലനിൽക്കുകയുള്ളൂ. ഭൂരിപക്ഷമായ നമുക്ക് ഒരു പക്ഷേ, ഇത് മനസ്സിലായിക്കൊള്ളണമെന്നില്ല. അവരുടെ പ്രശ്‌നങ്ങൾ നാം ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.

വിദ്യാലയങ്ങളിൽ വേഷവൈവിധ്യം പ്രകടമാവണം

ചിലർ തലപ്പാവണിയുന്നു, ചിലർ ഹിജാബ് അനുസരിച്ചുള്ള ശിരോവസ്ത്രം അണിയുന്നു, ചിലർ ദീപാവലി ആഘോഷിക്കുന്നു, ചിലർ ക്രിസ്മസും മറ്റു ചിലർ ഈദും ആഘോഷിക്കുന്നു. ഇങ്ങനെ വ്യത്യസ്ത മതങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട സുഹൃത്തുക്കളുടെ കൂടെ ജീവിക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് സാധിക്കുമ്പോൾ മാത്രമെ അവർക്ക് വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ചും മതങ്ങളെ കുറിച്ചും മനസ്സിലാക്കാനും അതുവഴി മതനിരപേക്ഷതയുടെ പ്രാധാന്യം ഉൾക്കൊള്ളാനും സാധിക്കുകയുള്ളൂ. വിദ്യാർഥികൾക്കിടയിൽ പരസ്പര വിശ്വാസം വളർത്താൻ സാധിക്കുന്ന വിധത്തിൽ വ്യത്യസ്ത മതങ്ങളെ കുറിച്ച് പഠിപ്പിക്കാനുള്ള സാഹചര്യം വിദ്യാലയങ്ങളിൽ സൃഷ്ടിക്കണം. 2002ലെ അരുണാ റോയ് കേസിൽ സുപ്രീംകോടതിതന്നെ ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ഹിന്ദു പെൺകുട്ടിക്ക് മൂക്കുത്തി ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ അവിടുത്തെ കോടതി നടത്തിയ നിരീക്ഷണം പ്രസക്തമാണ്. ഹിന്ദു പെൺകുട്ടിക്ക് അത് ഉപയോഗിക്കാനുള്ള അവസരം നിഷേധിക്കുക എന്നതിന്റെ അർഥം അവളെയും അവളുടെ മതത്തെയും രാജ്യം സ്വാഗതം ചെയ്യാതിരിക്കുക എന്നതാണ് എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

ഒരു വിദ്യാലയത്തിലെ പ്രിൻസിപ്പാൾ ശിരോവസ്ത്രം ധരിച്ചുവരുന്ന മുസ്‌ലിം പെൺകുട്ടികളെ കവാടത്തിൽ തടയുകയും അവരെ തടയാൻ പോലീസിനെ ഉപയോഗിക്കുകയും ചെയ്യുമ്പോൾ മറ്റു വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഇത് നൽകുന്ന സന്ദേശം വളരെ ഗുരുതരമാണ്. ഇസ്‌ലാം മതം പോലീസിനാൽ അടിച്ചമർത്തപ്പെടേണ്ട ഒരു മതമാണ് എന്ന സന്ദേശമാണ് ഇത് നൽകുന്നത്. ശിരോവസ്ത്രത്തെ ഒരു ക്രമസമാധാന പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് സുപ്രീം കോടതി രണ്ടംഗ ബെഞ്ചിനെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് കോളിൻ ഗൊൻസാൽവസ് വാദം പൂർത്തിയാക്കിയത്.

കപിൽ സിബൽ

കോളിൻ ഗൊൻസാൽവാസിന് ശേഷം മുസ്‌ലിം വിദ്യാർഥിനികൾക്കായി വാദം തുടർന്നത് മുൻ മാനവ വിഭവശേഷി, ശാസ്ത്ര-സാങ്കേതിക മന്ത്രിയും രാജ്യസഭ എംപിയും ലോകത്തെ അറിയപ്പെടുന്ന നിയമ പണ്ഡിതനുമായ കപിൽ സിബൽ ആയിരുന്നു. വളരെ ചുരുങ്ങിയ വാചകങ്ങളിൽ പ്രസക്തമായ ഒട്ടേറെ നിയമപ്രശ്‌നങ്ങളാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ അദ്ദേഹം രണ്ടംഗ ബെഞ്ചിന്റെ മുമ്പാകെ നിരത്തിയത്.

അനുച്ഛേദം 19ന്റെ ലംഘനം

അഭിപ്രായസ്വാതന്ത്ര്യം അവകാശമായി പ്രഖ്യാപിച്ച ഭരണഘടനയുടെ 19ാം അനുഛേദത്തെ മുൻനിറുത്തിയാണ് സിബൽ വാദങ്ങൾ ആരംഭിച്ചത്. ഭരണഘടനയെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയം എന്ന നിലയ്ക്ക് ഇത് ഒരു ഭരണഘടനാബെഞ്ചിന് വിടുകയാണ് വേണ്ടത്. നാനാത്വം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ പൊതുയിടങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതിനെ അംഗീകരിച്ചിട്ടുള്ള രാജ്യമാണ് നമ്മുടേത്. ഒരു വ്യക്തി അയാൾ ആരാണ് എന്നും ഏത് വിഭാഗത്തിൽ പെടുന്നു എന്നും പ്രകടമാക്കുകയാണ് ശിരോവസ്ത്രം ധരിക്കുന്നതിലൂടെ സംഭവിക്കുന്നത്. സ്വത്വം വെളിപ്പെടുത്താനുള്ള ഉപാധി കൂടിയാണത്. Dress maketh a man എന്ന ഷേക്‌സ്പിയറിന്റെ വിഖ്യാതമായ ഹാംലെറ്റിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് കപിൽ സിബൽ പറഞ്ഞു.

വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ പെട്ടതാണോ അതോ ഭരണകൂടം നിശ്ചയിക്കേണ്ടതാണോ എന്ന കാര്യമാണ് ബഹുമാനപ്പെട്ട കോടതി ആദ്യം തീരുമാനിക്കേണ്ടത്. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വകാര്യതയുടെയും അതോടൊപ്പം അയാളുടെ അഭിപ്രായ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഭരണഘടനയിലെ 19(1)(a) വകുപ്പിന്റെയും കാതലാണ്. എനിക്ക് പൊതുസ്ഥലത്ത് ഒരു വസ്ത്രരീതി തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെങ്കിൽ അതൊരു സ്‌കൂൾ കവാടത്തിൽ അവസാനിക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലാവുന്നില്ല. ഭരണഘടനയോ 19ാം അനുച്ഛേദമോ അങ്ങനെ പറയുന്നില്ല. 19ാം അനുച്ഛേദത്തിന് ആകെ നിശ്ചയിച്ചിട്ടുള്ള പരിധി ക്രമസമാധാനം, സദാചാരം എന്നിവയാണ്.

കപിൽ സിബലിന്റെ വാദം പുരോഗമിക്കുമ്പോൾ ജസ്റ്റിസ് ധൂലിയ അതിനോട് യോജിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇത് തികച്ചും പുതിയ ആശയമാണ്. ‘നിലവാരമുള്ള പൊതുയിടം’ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഈ ആശയം എവിടെ നിന്നാണ് ലഭിക്കുന്നത്?’’ സിബൽ പറഞ്ഞു: ‘ഒരിടത്ത് നിന്നും ലഭിക്കില്ല. 19ാം അനുച്ഛേദത്തിൽനിന്നും ലഭിക്കില്ല. പലതവണ ചോദിച്ചിട്ടും കോടതി ഇതുവരെ ഉത്തരം പറയാത്ത ചോദ്യമാണിത്. അതുകൊണ്ടാണ് ഇത് ഒരു ഭരണഘടനാ പ്രശ്‌നമാണെന്ന് നേരത്തെ പറഞ്ഞത്.’

കുട്ടികളുടെ വ്യക്തിത്വത്തെ അപമാനിക്കൽ

പത്തോ അതിലധികമോ വർഷം ശിരോവസ്ത്രം ധരിച്ച് പുറത്തിറങ്ങി ശീലിക്കുകയും അങ്ങനെ വളർത്തപ്പെടുകയും ചെയ്ത ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ആ വേഷമാണ് ആ കുട്ടിയുടെ വ്യക്തിത്വം. അത് നിർബന്ധിച്ച് അഴിപ്പിക്കുന്നത് ആ കുട്ടിയുടെ വ്യക്തിത്വത്തെ അപമാനിക്കലാണ്. ആ കുട്ടിയുടെ സാംസ്‌കാരിക പാരമ്പര്യത്തെ നശിപ്പിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. മുസ്‌ലിം കുട്ടികൾ വർഷങ്ങളായി ശീലിച്ചുവന്ന സാംസ്‌കാരിക രീതി തുടരാൻ അവകാശമുണ്ടോ അതോ അവർ സ്‌കൂൾ കവാടങ്ങളിൽ അവ ഉപേക്ഷിക്കുകയാണോ വേണ്ടത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. അതിനാണ് ഉത്തരം കാണേണ്ടത്.

സാംസ്‌കാരിക സ്വത്വപ്രകടനം അവകാശം

ഉദാഹരണമായി അമേരിക്കയിലെ സ്‌കൂളുകളെ എടുക്കാം. അവിടെ കറുത്ത വർഗക്കാരുണ്ട്. അവർ പ്രത്യേക വിധത്തിലാണ് വസ്ത്രം ധരിക്കുന്നതും മുടി വളർത്തുന്നതും. അത്തരം വേഷം ധരിച്ചു അമേരിക്കയിലെ സ്‌കൂളുകളിൽ പ്രവേശിക്കാൻ പാടില്ലെന്ന് നിയമമുണ്ടാക്കാൻ കഴിയുമോ? ക്രമസമാധാന പ്രശ്‌നമോ സദാചാര പ്രശ്‌നമോ ഉണ്ടെങ്കിൽ മാത്രമെ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കൂ. സദാചാരപരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന മിനി സ്‌കർട്ട് ധരിച്ചുകൊണ്ടാണ് പോവുന്നതെങ്കിൽ അതിനെ വേണമെങ്കിൽ സ്‌കൂളുകൾക്ക് നിയന്ത്രിക്കാം. ഈ കുട്ടികൾ ധരിക്കുന്നത് സ്‌കൂൾ യൂണിഫോമാണെന്ന് എല്ലാവർക്കുമറിയാം. സ്‌കൂൾ യൂണിഫോമിന് പുറമെയാണ് അവർ അവരുടെ സാംസ്‌കാരിക അടയാളമായ ശിരോവസ്ത്രം ധരിക്കുന്നത്. സഹപാഠികളായ അവരുടെ കൂട്ടുകാർക്ക് ഇത് മനസ്സിലാക്കാൻ കഴിയില്ലെന്നാണോ പറയുന്നത്? നമ്മുടെ ഭരണഘടന സാംസ്‌കാരിക വൈവിധ്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരു കുട്ടിക്ക് ആ കുട്ടി ഒരു പ്രത്യേക സാംസ്‌കാരിക വിഭാഗത്തിൽനിന്നാണ് വരുന്നത് എന്ന് പറയാനുള്ള സ്വാതന്ത്ര്യമില്ലേ?

ശിരോവസ്ത്രം പണ്ടുമുതലേയുള്ള വേഷം

കർണാടക സംസ്ഥാനം രൂപംകൊണ്ട കാലംതൊട്ടുതന്നെ അവിടെയുള്ള മുസ്‌ലിം പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചു തന്നെയല്ലേ ജീവിക്കുന്നത്? ഇന്നുവരെ അതിന്റെ പേരിൽ ഒരു അനിഷ്ട സംഭവവും ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു പുതിയ ഉത്തരവ് പുറപ്പെടുവിക്കേണ്ട യാതൊരു സാഹചര്യവും കർണാടകയിൽ ഇല്ലായിരുന്നു. ഹർജിക്കാർ അവർ ഇക്കാലമത്രയും ശിരോവസ്ത്രം ധരിച്ചാണ് ജീവിച്ചിരുന്നത് എന്ന് കോടതി മുമ്പാകെ വാദിക്കുന്നു. എന്നാൽ അങ്ങനെയൊരു വാദം അവർ ഉന്നയിച്ചിട്ടില്ല എന്നാണ് ഹൈക്കോടതി പറയുന്നത്. ഇത് വളരെ വിചിത്രമാണ്. കപിൽ സിബൽ ഇത് പറഞ്ഞതോടെ ഹർജിക്കാരുടെ വാദത്തിന്റെ കോപ്പി കോടതിക്ക് ലഭിച്ചതായി ജസ്റ്റിസ് ഗുപ്ത വെളിപ്പെടുത്തി.

കാവി ഷോളിന് പിന്നിൽ ഗൂഢോദ്ദേശ്യം

മുസ്‌ലിം പെൺകുട്ടികൾ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് മറ്റു വിഭാഗങ്ങൾക്ക് എങ്ങനെയാണ് ഹാനികരമാവുക എന്ന് സിബൽ ചോദിച്ചപ്പോൾ ഇതേ പ്രശ്‌നം ഉയർത്തിക്കാണിച്ചാണ് ചില കുട്ടികൾ കാവി ഷാൾ അണിഞ്ഞു വന്നതെന്ന് ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി. അതിന് സിബൽ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ‘ഈ ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമുണ്ട്. ഒരു വിഭാഗത്തിന് അവരുടെ അവകാശപ്രകാരമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടല്ലോ. മറ്റൊരു വിഭാഗത്തിന്റെ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ടും അവരെ തടസ്സപ്പെടുത്തിയുമാണോ അവകാശങ്ങൾ സ്ഥാപിക്കേണ്ടത്? കാവി ഷാൾ ധരിച്ചവർ പ്രശ്‌നം സൃഷ്ടിക്കുവാൻ വേണ്ടി മാത്രമാണ് അത് ധരിച്ചത്. മാത്രവുമല്ല, അതവരുടെ അടിസ്ഥാന ആവശ്യമായിരുന്നില്ല. ആയിരുന്നെങ്കിൽ നേരത്തെ ആവശ്യം ഉന്നയിക്കുമായിരുന്നു. ശിരോവസ്ത്രം ധരിക്കുന്നവർക്കെതിരെ ഭരണകൂടം നടപടിയെടുക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെ മാത്രമാണ് അവരത് ധരിച്ചു വന്നത്. നമ്മുടെ രാജ്യത്തിന്റെ സംയോജിതമായ സാംസ്‌കാരിക സ്വഭാവത്തെ സംരക്ഷിക്കാനുള്ള നടപടികളാണ് ഭരണകൂടം സ്വീകരിക്കേണ്ടത്. അതിനെ എതിർക്കുവാനും തകർക്കുവാനും ഒരാൾക്കും അവകാശമില്ല.’

സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുക

‘സഹിഷ്ണുതയുടെ പാഠം പകർന്നുനൽകുക എന്നതാണ് നമ്മുടെ പാരമ്പര്യം. സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് നമ്മുടെ തത്ത്വശാസ്ത്രം. സഹിഷ്ണുതയെ കൃത്യമായി അനുഷ്ഠിക്കുന്ന വിധത്തിലാണ് നമ്മുടെ ഭരണഘടന പ്രവർത്തിക്കുന്നത്. ഈ സഹിഷ്ണുതയിൽ വെള്ളം ചേർത്തി അതിനെ നേർപ്പിച്ച് ഇല്ലാതാക്കാൻ ആരും ശ്രമിക്കരുത്.’ ബിജോയ് ഇമ്മാനുവൽ കേസിന്റെ വിധിന്യായത്തിലെ ഉദ്ധരണികൾ വായിച്ചുകൊണ്ട് സിബൽ കോടതിയെ ഓർമപ്പെടുത്തി. 29ാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്ന സാംസ്‌കാരിക അവകാശത്തിന്റെ പരിധിയിൽകൂടി വരുന്നതാണ് ശിരോവസ്ത്രം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന സ്ഥിതി

മുസ്‌ലിം പെൺകുട്ടികൾക്ക് ശിരോവസ്ത്രത്തിന്റെ പേരിൽ പ്രവേശനം നിരോധിക്കുന്നതുവഴി അവരുടെ വിദ്യഭ്യാസം, സ്വകാര്യത, അന്തസ്സ് തുടങ്ങിയ മൗലികാവകാശങ്ങൾ ഹനിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. സർക്കാർ ഉത്തരവിന്റെ അന്തരഫലം മുസ്‌ലിം പെൺകുട്ടികളുടെ സ്‌കൂളുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്കാണ്. ഡെക്കാൻ ഹെറാൾഡിന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം ദക്ഷിണ കന്നഡയിലെ 900 മുസ്‌ലിം പെൺകുട്ടികളിൽ 145 പേരും ഇതിനകം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എടുത്തിട്ടുണ്ട്. ഇത് സമൂഹത്തിൽ ഗുരുതരമായ അസ്വസ്ഥത വളർത്തുമെന്ന കാര്യത്തിൽ സംശയമില്ല. കർണാടകയെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളും നടപടികൾ തുടങ്ങിയേക്കാം. അതുവഴി രാജ്യത്തുടനീളം സംഭവിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. മുസ്‌ലിം വിദ്യാർഥിനികൾ നമ്മുടെ സർക്കാർ സ്‌കൂളുകളിൽനിന്നും പുറത്തുപോകുന്ന വിധത്തിലുള്ള ഗുരുതരമായ സാഹചര്യമാണ് വരാൻപോവുന്നത്. ഒരു മതവിഭാഗത്തിൽനിന്ന് മാത്രമുള്ള വിദ്യാർഥികൾ മാത്രമായി നമ്മുടെ വിദ്യാലയങ്ങൾ മാറിയാൽ അത് നമ്മുടെ മതനിരപേക്ഷതയെയും സാംസ്‌കാരിക വൈവിധ്യത്തെയും ‘നാനാത്വത്തിൽ ഏകത്വം’ എന്ന നമ്മുടെ അടിസ്ഥാന തത്വത്തെയും അത് തകർക്കും.

(തുടരും)

അടുത്ത ലക്കത്തിൽ: ഐക്യവസ്ത്രരൂപമല്ല, സ്വത്വ വസ്ത്ര സ്വാതന്ത്ര്യമാണ് ഭരണഘടനാപരം