തിന്മയെ നന്മകൊണ്ട് നേരിടുക

സലീം പട്‌ല

2022 ജൂലായ് 30, 1442 ദുൽഹിജ്ജ 30

ഏകദേശം പന്ത്രണ്ടുവർഷം മുമ്പ് നടന്ന ഒരു കാര്യം: ബാംഗ്ലൂരിൽ ഗാന്ധി നഗറിലെ നാഷണൽ മാർക്കറ്റിൽ ചെറിയ കച്ചവടവുമായി കഴിഞ്ഞിരുന്ന കാലം. എന്റെ സുഹൃത്തിന്റെ മെജസ്റ്റിക്കിലുള്ള ബാഗ് കടയിലേക്ക് ഒരു മലയാളി കസ്റ്റമർ കയറിവരുന്നു. സംസാരത്തിനിടക്ക് ഇസ്‌ലാമും ക്രൈസ്തവതയും വിശുദ്ധ ക്വുർആൻ യേശുക്രിസ്തുവിന് നൽകിയ മഹത്ത്വവുമൊക്കെ ചർച്ചയാവുന്നു. ക്രിസ്തുമത പ്രചാരകനായ ആ സഹോദരൻ സംസാരത്തിലുടനീളം ഇസ്‌ലാമിനെയും ക്വുർആനിനെയും നിശിതമായി വിമർശിക്കാനാണ് അധികവും ശ്രമിച്ചത്. സ്‌നേഹവും കരുണയും തീരെയില്ലാത്തവരാണ് മുസ്‌ലിംകളെന്നും, വിട്ടുവീഴ്ചയോ സഹിഷ്ണുതയോ ഇസ്‌ലാം ഒരിക്കലും പഠിപ്പിക്കുന്നില്ലെന്നുമാണ് ആ സുഹൃത്ത് പറഞ്ഞുകൊണ്ടേയിരുന്നത്. അവസാനമായി ഒരു വലിയ വെല്ലുവിളി നടത്തിയിട്ടാണയാൾ കടയിൽനിന്ന് ഇറങ്ങിപ്പോകുന്നത്. തെറ്റ് ചെയ്തവരോട് പൊറുക്കണമെന്നോ തിന്മ ചെയ്തവരോട് നന്മ ചെയ്യണമെന്നോ ബൈബിളിലുള്ളതുപോലുള്ള, സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും പാഠങ്ങൾ ക്വുർആനിലെവിടെയെങ്കിലും കാണിച്ചുതരാൻ കഴിയുമോ എന്നായിരുന്നു പ്രസ്തുത വെല്ലുവിളി!

വെല്ലുവിളിച്ച് ഇറങ്ങിപ്പോയ ആ ക്രൈസ്തവ സഹോദരനെ പിന്നെ കാണുന്നത് രണ്ടുമൂന്ന് വർഷങ്ങൾക്ക് ശേഷം ശിവാജി നഗറിലെ സലഫി മസ്ജിദിലെ ഇഫ്താർ സംഗമത്തിലാണ്. അതിനിടയിൽ അദ്ദേഹം ക്രിസ്തുമതം വിട്ട് ക്രിസ്തുവിന്റെ മതമായ ഇസ്‌ലാമിലെത്തിക്കഴിഞ്ഞിരുന്നു!

ഇസ്‌ലാമിലെ സ്‌നേഹം, സൗമ്യത, വിട്ടുവീഴ്ച, മാപ്പുനൽകൽ, തിന്മയെ നന്മകൊണ്ട് നേരിടൽ… തുടങ്ങിയ വിഷയത്തിലുള്ള ഗൗരവമായ പഠനവും അന്വേഷണവുമായിരിക്കാം ആ ക്രൈസ്തവ സുഹൃത്തിനെ ഇസ്‌ലാമിലെത്തിച്ചത്.

യുദ്ധക്കൊതിയനും നിഷ്‌കരുണനും മാനുഷിക ദുരന്തങ്ങളുടെ മുന്നിൽ ഒരിറ്റു കണ്ണുനീർ പോലും വീഴ്ത്താത്ത നിർദയനും പ്രതികാരദാഹിയും നരഹത്യാത്വരയുള്ള മനസ്സിനുടമയും പരുഷപ്രകൃതനുമൊക്കെയാണ് ശരാശരി ക്രിസ്ത്യാനി മനസ്സിൽ കൊണ്ടുനടക്കുന്ന മുഹമ്മദ് നബി ﷺ . തിരുനബി  ﷺ യിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുർആനാകട്ടെ ഭീകരതയുടെയും യുദ്ധക്കൊതിയുടെയും ഗ്രന്ഥവും!

ചില മിഷണറിമാരുടെയും ഇവാഞ്ചലിസ്റ്റുകളുടെയും ഇസ്‌ലാം വിമർശകരുടെയും ആവർത്തിച്ചും നിരന്തരവുമുള്ള പ്രസംഗങ്ങളിൽനിന്നും എഴുത്തുകളിൽനിന്നുമായിരിക്കും ഇസ്‌ലാമിനെയും നബിയെയും ക്വുർആനിനെയും കുറിച്ചുള്ള ചിത്രം അവർക്ക് ലഭിച്ചിരിക്കുക.

മിഷണറിമാരുടെ വാക്കുകളെ അന്ധമായി വിശ്വസിച്ചുകൊണ്ടുള്ള അമിത ആത്മവിശ്വാസമായിരിക്കാം ആ സുഹൃത്തിന്റെ പ്രസ്തുത വെല്ലുവിളിക്ക് പ്രേരകം. ക്വുർആനിലോ നബിവചനങ്ങളിലോ തിന്മയെ നന്മകൊണ്ട് തടുക്കാൻ പഠിപ്പിക്കുന്ന ഒരൊറ്റ പരാമർശം പോലും ഉണ്ടാവില്ല എന്നും, അതിനാൽ ചോദ്യത്തിന് ഉത്തരം പറയാൻ മുസ്‌ലിംകൾക്ക് ഏറെ കഷ്ടപ്പെടേണ്ടിവരുമെന്നും അദ്ദേഹം വിചാരിച്ചിരിക്കണം.

തിന്മയെ നന്മകൊണ്ട് തടുക്കുക

വിശുദ്ധ ക്വുർആനിലും വിശുദ്ധ ക്വുർആനിന്റെ വിശദീകരണമായ നബിവചനങ്ങളിലും കണ്ണോടിക്കുന്ന ഒരു സത്യാന്വേഷിക്ക് ഈ വിഷയത്തിലുള്ള നിരവധി വചനങ്ങളാണ് കാണാൻ കഴിയുക. തിന്മയെ നന്മ കൊണ്ട് നേരിടുക വഴി ഏറ്റവും വലിയ ശത്രുപോലും നമ്മുടെ ഉറ്റ സുഹൃത്തായി മാറുമെന്നാണ് അല്ലാഹു പറയുന്നത്. പക്ഷേ, ക്ഷമാശീലരായ ഭാഗ്യവാൻമാരിൽ മാത്രമെ അത്തരം അനുഗൃഹീത സ്വഭാവം കാണപ്പെടുകയുള്ളൂ എന്നാണ് തുടർന്ന് അല്ലാഹു പറയുന്നത്.

“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോ ണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല’’ (ക്വുർആൻ 41/34,35). മഹാൻമാരായ പ്രവാചകൻമാരിൽ പ്രസ്തുത സ്വഭാവം വേണ്ടുവോളമുണ്ടായിരുന്നു.

പ്രവാചകൻമാരിൽ തന്നെ ‘ഉലുൽഅസ്മ്’ എന്ന വിശേഷണത്തിനർഹരായ അഞ്ചുപേരാണ് നൂഹ് (അ), ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ), മുഹമ്മദ് (സ) എന്നിവർ. ‘ദൃഢമനസ്‌കർ,’ ‘മനക്കരുത്തുള്ളവർ’ എന്നൊക്കെയാണ് ‘ഉലുൽഅസ്മി’ന്റെ അർഥം.

തിന്മ ചെയ്തരോട് നന്മ ചെയ്താൽ, മോശമായി പെരുമാറിയ ആളുകളോട് നല്ലനിലയിൽ വർത്തിച്ചാൽ അവർ മാനസാന്തരപ്പെട്ട് നമ്മുടെ ഉറ്റമിത്രമായി മാറുമെന്നത് മനുഷ്യമനസ്സിനെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ വാഗ്ദാനമാണ്. അങ്ങനെ സംഭവിക്കുമോ എന്ന തോന്നൽ അല്ലാഹുവിന്റെ വചനത്തിലും കഴിവിലുമുള്ള സംശയമാണ്. കാരണം മനുഷ്യമനസ്സുകളെ നിയന്ത്രിക്കുന്നത് അല്ലാഹുവാണ്. അവന് അസാധ്യമായതൊന്നുമില്ല.

നാം പടപ്പുകൾക്ക് മാപ്പു കൊടുത്താൽ അല്ലാഹു നമുക്കും മാപ്പുതരും

ജീവിതത്തിൽ എത്രയോ തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നവരാണ് മനുഷ്യർ. നമ്മുടെ തെറ്റുകൾ പൊറുത്തുതന്ന് അല്ലാഹു അവന്റെ ദിവ്യകാരുണ്യം നമ്മെ പൊതിഞ്ഞെങ്കിൽ മാത്രമെ മരണശേഷം സ്വർഗപ്രവേശം സാധ്യമാവൂ. നമ്മുടെ തെറ്റുകൾ ക്ഷമിച്ച് അല്ലാഹു നമുക്ക് മാപ്പുതരണമെങ്കിൽ നമ്മളോട് തെറ്റ് ചെയ്ത മനുഷ്യരോട് ക്ഷമിച്ച്, അവർക്ക് മാപ്പുകൊടുക്കണമെന്നാണ് അല്ലാഹു ക്വുർആനിൽ പറയുന്നത്:

“അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’(ക്വുർആൻ 24/22).

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം, നബി ﷺ  പറഞ്ഞു: “നിങ്ങൾ കരുണ കാണിക്കുക. നിങ്ങൾക്ക് (അല്ലാഹുവിന്റെ) കാരുണ്യം ലഭിക്കും. നിങ്ങൾ (മനുഷ്യർക്ക്) മാപ്പുകൊടുക്കുക. നിങ്ങൾക്ക് അല്ലാഹു മാപ്പുതരും’’ (അഹ്‌മദ്).

ജരീറുബ്‌നു അബ്ദുല്ല(റ) നിവേദനം, നബി ﷺ  പറഞ്ഞു: “കരുണ കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ല’’ (ബുഖാരി, മുസ്‌ലം).

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം, നബി ﷺ  പറഞ്ഞു: “കാരുണ്യവാന്മാരിലാണ് അല്ലാഹു കരുണ ചൊരിയുന്നത്. ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എങ്കിൽ ഉപരിയിലുള്ളവൻ (അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും’’ (അബൂദാവൂദ്, തിർമിദി).

കോപത്തെ നിയന്ത്രിക്കുക

കോപം ഒതുക്കിവെക്കുകയും മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്ന വിശ്വാസികൾക്കുള്ളതാണ് സ്വർഗമെന്ന് അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്:

“നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമ്മനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു’’ (ക്വുർആൻ 3:133,134).

കോപം വന്നാൽ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക എന്നത് വളരെ ഉന്നതമായ സ്വഭാവങ്ങളിലാണ് വിശുദ്ധ ക്വുർആൻ എണ്ണിയിരിക്കുന്നത്:

“നിങ്ങൾക്ക് വല്ലതും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഐഹികജീവിതത്തിലെ (താൽക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്റെ പക്കലുള്ളത് കൂടുതൽ ഉത്തമവും കൂടുതൽ നീണ്ടുനിൽക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്തവർക്കുള്ളതത്രെ അത്. മഹാപാപങ്ങളും നീചവൃത്തികളും വർജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവർക്ക്’’ (42/37).

സഹനശീലനായ ആ പ്രവാചകൻ

പൂർവപ്രവാചകന്റെ ചരിത്രത്തിൽനിന്നുള്ള ജ്വലിക്കുന്ന ഒരേട് മുഹമ്മദ് നബി ﷺ  അനുയായികൾക്ക് വിശദീകരിച്ചുകൊടുക്കുന്നത് പ്രാമാണിക നബിവചന സമാഹാരമായ സ്വഹീഹുൽ ബുഖാരിയിലുണ്ട്.

നബി ﷺ  ഇത് അനുയായികളെ പഠിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചാസ്വഭാവം ജീവിതത്തിൽ പകർത്തി മാതൃകയാക്കാനാണ്. പ്രവാചകൻമാരെല്ലാം മാതൃകാപുരുഷരും പിൻപറ്റപ്പെടേണ്ട വ്യക്തിത്വങ്ങളുമാണെന്നാണ് വിശുദ്ധ ക്വുർആന്റെ അധ്യാപനം:

“അവരെയാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്നുകൊള്ളുക...’’ (6:90).

മുഹമ്മദ് നബിക്കും യേശുക്രിസ്തുവിനും (ഈസാനബി), മോശെ പ്രവാചകനും (മൂസാനബി) അബ്രാഹാമിനും (ഇബ്‌റാഹീംനബി) നോഹ പ്രവാചകനും (നൂഹ്‌നബി) ദിവ്യബോധനം നൽകിയത് അല്ലാഹുവാണ്. പ്രവാചകൻമാർക്കിടയിൽ വിവേചനം പാടില്ലെന്നത് വിശുദ്ധ ക്വുർആനിന്റെ ഖണ്ഡിത നിയമമാണ്.

“തന്റെ രക്ഷിതാവിങ്കൽനിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെതുടർന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതൻമാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതൻമാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്)...’’(2:286)

ഇബ്‌നു മസ്ഊദ്(റ) പറയുന്നു: “മുൻ പ്രവാചകന്മാരിൽ ഒരാളെക്കുറിച്ച് നബി ﷺ  പറഞ്ഞത് ഞാനിപ്പോഴും നബിയെ നോക്കിക്കാണുന്നത് പോലെ തോന്നുന്നു. ആ പ്രവാചകനെ ജനങ്ങൾ അടിച്ച് രക്തമൊലിപ്പിച്ചു. അദ്ദേഹമാകട്ടെ തന്റെ മുഖത്തുനിന്ന് രക്തം തുടച്ചുകൊണ്ട് പ്രാർഥിച്ചു. അല്ലാഹുവേ, എന്റെ ജനങ്ങൾക്ക് നീ പൊറുത്തുകൊടുക്കേണമേ. അവർ അറിവില്ലാത്തവരാകുന്നു’’ (സ്വഹീഹുൽ ബുഖാരി).

ആ പ്രവാചകൻമാർ അവരുടെ ജനങ്ങളോട് പറഞ്ഞത്

മഹാന്മാരായ പ്രവാചകൻമാരിൽ ചിലർ പ്രബോധനമധ്യെ സ്വജനതയോട് പറഞ്ഞതായി വിശുദ്ധ ക്വുർആനിൽ ഇങ്ങനെ കാണാം:

“അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളിൽ ചേർത്തുതന്നിരിക്കെ അവന്റെ മേൽ ഭരമേൽപിക്കാതിരിക്കാൻ ഞങ്ങൾക്കെന്തു ന്യായമാണുള്ളത്? നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങൾ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ് ഭരമേൽപിക്കുന്നവരെല്ലാം ഭരമേൽപിക്കേണ്ടത്’’ (14/12).

യഅ്ക്വൂബ് നബി(അ)യുടെ മാപ്പും വിട്ടുവീഴ്ചയും

പ്രിയപ്പെട്ട മകൻ യൂസുഫിനെ കൊണ്ടുപോയി കിണറ്റിലിട്ട മക്കൾ മുന്നിൽ വന്ന് മാപ്പു ചോദിക്കുന്ന രംഗം വിശുദ്ധ ക്വുർആൻ വിവരിക്കുണ്ട്.

“അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്തുകിട്ടാൻ താങ്കൾ പ്രാർഥിക്കണേ. തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു. അദ്ദേഹം (യഅ്ക്വൂബ്) പറഞ്ഞു: നിങ്ങൾക്കുവേണ്ടി എന്റെ രക്ഷിതാവിനോട് ഞാൻ പാപമോചനം തേടാം. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (12/97,98).

തന്നെ ദ്രോഹിച്ചവരോടുള്ള യൂസുഫ് നബി(അ)യുടെ പ്രതികരണം

പിതാവ് സ്‌നേഹിച്ചു എന്ന ഒറ്റക്കാരണത്താൽ ഒരു തെറ്റും ചെയ്യാത്ത തന്നെ ചതിച്ച് കൊണ്ടുപോയി കിണറ്റിൽ തള്ളുകയും അതുവഴി മാതാപിതാക്കളിൽനിന്ന് വർഷങ്ങളോളും അകറ്റുകയും ചെയ്ത സഹോദരന്മാരെ മുന്നിൽ കിട്ടിയപ്പോൾ, പ്രതികാരം ചെയ്യാനുള്ള എല്ലാ അവസരവും അധികാരവുമുണ്ടായിട്ടും യൂസുഫ് നബി(അ)യുടെ പ്രതികരണമിതായിരുന്നു:

“അദ്ദേഹം (സഹോദരന്മാരോട്) പറഞ്ഞു: ഇന്ന് നിങ്ങളുടെമേൽ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. അവൻ കരുണയുള്ളവരിൽ വച്ച് ഏറ്റവും കാരുണികനാകുന്നു’’ (ക്വുർആൻ 12:92).

തിന്മയെ നന്മ കൊണ്ട് നേരിടാനാണ് അല്ലാഹുവിന്റെ കൽപന

1) “ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മയെ തടുത്തുകൊള്ളുക...’’ (23/96).

2) “നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല’’ (41/34,35).

അവരാണ് സ്വർഗാവകാശികൾ

1) “അപ്പോൾ നിനക്ക് നിന്റെ രക്ഷിതാവിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാൾ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാൻമാർ മാത്രമെ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവർ. കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചത് (ബന്ധങ്ങൾ) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവർ. തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈക്കൊള്ളുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം നൽകിയിട്ടുള്ളതിൽനിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നവർ. അത്തരക്കാർക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവരും അവരുടെ പിതാക്കളിൽനിന്നും ഇണകളിൽ നിന്നും സന്തതികളിൽനിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതിൽ പ്രവേശിക്കുന്നതാണ്. മലക്കുകൾ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കൽ കടന്നുവന്നിട്ട് പറയും: നിങ്ങൾ ക്ഷമകൈക്കൊണ്ടതിനാൽ നിങ്ങൾക്ക് സമാധാനം! അപ്പോൾ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!’’(13/19-24).

2) “അത്തരക്കാർക്ക് അവർ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നൽകപ്പെടുന്നതാണ്. അവർ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യും’’ (28/54).

തിന്മയെ നന്മകൊണ്ട് നേരിടാൻ നബി ﷺ  പഠിപ്പിക്കുന്നു

1) അബൂഹുറയ്‌റ(റ) നിവേദനം, ഒരാൾ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഒരു ബന്ധുവുണ്ട്. ഞാൻ അവരുമായി ബന്ധം ചേർക്കുന്നു. എന്നാൽ അവർ എന്നോട് ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്നു. അവർ എന്നോട് തിന്മ ചെയ്യുന്നു. ഞാൻ അവരോട് നന്നായി സംസാരിക്കുന്നു. അവർ എന്നോട് മോശമായി പെരുമാറുന്നു.’ അപ്പോൾ തിരുദൂതർ ﷺ  പറഞ്ഞു: ‘നീ പറഞ്ഞതു പോലെയാണെങ്കിൽ നീ അവരെ ചൂടുള്ള വെണ്ണീർ തീറ്റിക്കുന്നത് പോലെയാണ്. നീ അങ്ങനെയായിരിക്കുന്ന കാലത്തോളം അവർക്കെതിരിൽ നിനക്ക് അല്ലാഹുവിൽനിന്ന് ഒരു ഒരു സഹായിയുമുണ്ടാകും’’ (മുസ്‌ലിം).

2) അലി(റ) പറയുന്നു, നബി ﷺ  ഇപ്രകാരം പറഞ്ഞു: “നിന്നോട് ബന്ധം വിഛേദിച്ചവരോട് നീ ബന്ധം ചേർക്കുക. നിന്നോട് മോശമായി പെരുമാറിയവരോട് നീ നല്ല രീതിയിൽ വർത്തിക്കുക. സ്വന്തത്തിനെതിരായാൽ പോലും നീ സത്യം പറയുക’’ (ജാമിഉസ്സഗിർ, സിൽസിലതുസ്സ്വഹീഹ).

3) നബി ﷺ  പറഞ്ഞു: “ഹേയ്, ആമിറിന്റെ പുത്രൻ ഉക്വ‌്ബാ! താങ്കളോട് ബന്ധം മുറിച്ചവരോട് താങ്കൾ ബന്ധം ചേർക്കുക. താങ്കൾക്ക് (നന്മ) തടഞ്ഞവർക്ക് താങ്കൾ (നന്മ) നൽകുക. താങ്കളോട് അന്യായം പ്രവർത്തിച്ചവർക്ക് താങ്കൾ മാപ്പു നൽകുക’’ (അഹ്‌മദ്, സിൽസിലതുസ്സ്വഹീഹ).

അനസ്(റ) നിവേദനം: “പ്രതികാരം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് നബി ﷺ യുടെ അടുക്കൽ സമർപ്പിക്കപ്പെട്ട കേസുകളിലൊന്നും അവിടുന്ന് വിട്ടുവീഴ്ച ചെയ്യാൻ നിർദേശിക്കാത്ത നിലക്ക് ഞാൻ ഒരിക്കലും കണ്ടിട്ടില്ല’’ (അബൂദാവൂദ്).

നബി ﷺ യുടെ സ്വഭാവ സവിശേഷതയിൽ പെട്ടത്

നബി ﷺ യുടെ ജീവിതം ക്വുർആനായിരുന്നു എന്ന് പത്‌നി ആഇശ(റ) പറഞ്ഞതായി പ്രാമാണിക ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്‌ലിമിലുണ്ട്. വിശുദ്ധ ക്വുർആനിന് സ്വജീവിതംകൊണ്ട് വ്യാഖ്യാനം രചിച്ച മുഹമ്മദ് നബിയിൽ ‘തിന്മയെ നന്മകൊണ്ട് നേരിടുക’ എന്ന വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്ന സവിശേഷ സ്വഭാവം വേണ്ടുവോളമുണ്ടായിരുന്നു.

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ്(റ)നിവേദനം: അല്ലാഹുവിന്റെ റസൂലിന്റെ വിശേഷണത്തെക്കുറിച്ച് തൗറാത്തിൽ പറഞ്ഞതെന്തെന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘അതെ, പറയാം: അല്ലാഹുവാണെ സത്യം! ക്വുർആനിൽ പറയപ്പെട്ട ചില വിശേഷണങ്ങൾ തൗറാത്തിലും വിശേഷിപ്പിച്ച് പറഞ്ഞിട്ടുണ്ട്. ‘അല്ലയോ പ്രവാചകരേ, താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് സാക്ഷിയായും സന്തോഷവാർത്തയറിയിക്കുന്നവനായും മുന്നറിയിപ്പ് നൽകുന്നവനായും നിരക്ഷരർക്ക് സംരക്ഷകനുമായിട്ടാണ്. നീ എന്റെ ദാസനും ദൂതനുമാണ്. ‘മുതവക്കിൽ’ (അല്ലാഹുവിൽ ഭരമേൽ പിക്കുന്നവൻ) എന്ന് നാം നിനക്ക് പേരു നൽകി. നീ ദുഃസ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിൽ ബഹളമുണ്ടാക്കുന്നവനല്ല. തിന്മയെ തിന്മ കൊണ്ട് തടുക്കുന്നവനല്ല. മറിച്ച് വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പ് ചെയ്യുന്നവനുമാണ്’’ (ബുഖാരി).

നബി(സ)യെ കുറിച്ച് പ്രിയ പത്‌നി ആയിശ(റ)യുടെ സാക്ഷ്യപത്രം

ആയിശ (റ)നിവേദനം: റസൂൽ  ﷺ  അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച് വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാണിക്കുന്നയാളായിരുന്നു. (തിർമിദി)

ആഇശ(റ)നിവേദനം: വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി നബി  ﷺ  ആരോടും പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹു പവിത്രമാക്കിയതിനെ വല്ലവനും അനാദരിച്ചാലല്ലാതെ. അങ്ങനെ സംഭവിച്ചാൽ അതിന്റെ പേരിൽ അല്ലാഹുവിന് വേണ്ടി പ്രതികാര നടപടിയെടുക്കും. (ബുഖാരി, മുസ്‌ലിം)

ആഇശ(റ)യിൽ നിന്ന് നിവേദനം: റസൂൽ  ﷺ  ഏതെങ്കിലും അക്രമത്തിന് പ്രതികാരം ചെയ്യുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. അല്ലാഹുവിന്റെ പവിത്രതകൾ ഏതെങ്കിലും ലംഘിക്കപ്പെടുമ്പോഴല്ലാതെ. അല്ലാഹുവിന്റെ പവിത്രതകൾ വല്ലതും ലംഘിച്ചാൽ അതിൽ കഠിനമായി കോപിക്കുന്നയാൾഅവിടുന്നാകുമായിരുന്നു. (തിർമിദി)

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നത്

“നബി ﷺ  അസഭ്യം പറയുകയോ മ്ലേഛത പ്രവർത്തിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല. അവിടുന്ന് ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘നിങ്ങളിൽ ഏറ്റവും ഉത്തമർ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു” (ബുഖാരി, മുസ്‌ലിം)

അനസ്(റ)ന് പറയാനുള്ളത്

“നബി ﷺ മനുഷ്യരിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു.” (ബുഖാരി, മുസ്‌ലിം)

നബി ﷺ യും ഗ്രാമീണ അറബിയും

അനസ് (റ)പറയുന്നു: “ഞാൻ ഒരിക്കൽ നബി ﷺ യോടൊപ്പം നടക്കുകയായിരുന്നു. നജ്‌റാനിൽ നെയ്തുണ്ടാക്കിയ പരുപരുത്ത വക്ക് കട്ടിയുള്ള ഒരു തട്ടം നബി ﷺ യുടെ കഴുത്തിലുണ്ട്. അപ്പോൾ ഒരു ഗ്രാമീണൻ നബി ﷺ യെ കണ്ടു. അങ്ങനെ അയാൾ നബി ﷺ യുടെ തട്ടം പിടിച്ചു വലിച്ചു. ഞാൻ നബി ﷺ യുടെ കഴുത്തിലേക്ക് നോക്കുമ്പോൾ അയാളുടെ വലിയുടെ ശക്തിയിൽ ആ തട്ടത്തിന്റെ പരുപരുത്ത ഭാഗം നബി ﷺ യുടെ കഴുത്തിൽ അടയാളമുണ്ടാക്കിയിരിക്കുന്നു. പിന്നീട് അയാൾ പറഞ്ഞു: നിന്റെ കൈവശമുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്ക് അല്പം തരാൻ കല്പിക്കുക. അപ്പോൾ നബി  ﷺ  അയാളുടെ നേരെ തിരിഞ്ഞു. ഒന്ന് പുഞ്ചിരിച്ചു.ശേഷം അയാൾക്ക് അല്പം ദാനം കൊടുക്കാൻ കല്പിക്കുകയും ചെയ്തു.”: ബുഖാരി, മുസ്‌ലിം.

പള്ളിയിൽ മൂത്രമൊഴിച്ച വ്യക്തിയോടെ നബി ﷺ ചെയ്തത്

ബുഖാരി മുസ്‌ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ സംഭവം വിശദമായി വന്നിട്ടുണ്ട്...

ഒരു ഗ്രാമീണ അറബി വന്ന് നബിയുടെ പള്ളിയിൽ മൂത്രമൊഴിക്കാൻ തുടങ്ങി. സ്വഹാബികൾ അയാളെ തടയാനൊരുങ്ങിയപ്പോൾ നബി ﷺ പറഞ്ഞു: “നിങ്ങൾ അയാളെ മൂത്രമൊഴിക്കാൻ വിടുക. പകുതിയിൽ നിന്ന് നിർത്തിച്ച് മൂത്രം മുറിച്ച് കളഞ്ഞ് അയാളെ പ്രയാസപ്പെടുത്തരുത്”. അയാൾ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്ന് അതിലൊഴിക്കാൻ അവിടുന്ന് അനുചരരോട് പറഞ്ഞു: തുടർന്ന് അവരോടായി പറഞ്ഞു: “നിങ്ങൾ എളുപ്പമാക്കുന്നവരായിട്ടാണ് നിയോഗിതരായിട്ടുള്ളത്. പ്രയാസമുണ്ടാക്കുന്നവരായിട്ടില്ല..” മൂത്രമൊഴിച്ച് കഴിഞ്ഞപ്പോൾ റസൂൽ ﷺ  ഗ്രാമീണനെ അടുത്ത് വിളിച്ചു സൗമ്യതയോടെ ഇങ്ങനെ പറഞ്ഞു കൊടുത്തു “ഈ പള്ളിയിൽ മൂത്രമൊഴിക്കുകയോ, മലിനമാക്കുന്ന മറ്റെന്തെങ്കിലും ചെയ്യാനോ പാടില്ല. ഇത് അല്ലാഹുവിന് സ്തുതി കീർത്തനങ്ങൾ നടത്താനും ഖുർആൻ പാരായണം ചെയ്യാനുള്ളതാണ്....”

അബൂമൂസൽ അശ്അരി നിവേദനം ചെയ്ത സ്വഹീഹ് മുസ്‌ലിമിലെ ഹദീസിൽ ഇങ്ങനെയുണ്ട്. ‘നബി ﷺ എന്തെങ്കിലും കാര്യത്തിന് സ്വഹാബികളിലാരെയെങ്കിലും അയക്കുമ്പോൾ ഇങ്ങനെപറയാറുണ്ടായിരുന്നു. ‘നിങ്ങൾ സന്തോഷിപ്പിക്കുവിൻ, അകറ്റി കളയരുത്.എളുപ്പമുണ്ടാക്കുക പ്രയാസമുണ്ടാക്കരുത്.’

ശപിക്കാനല്ല; കാരുണ്യമായിട്ടാണ് ഞാൻ വന്നതെന്ന് പ്രവാചകൻ!

അബൂഹുറയ്‌റ(റ)ൽ നിവേദനം: അദ്ദേഹം പറഞ്ഞു: “ഥുഫൈലിബ്‌നു അംറും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും ഖൈബർ ദിവസം നബി ﷺ യുടെ അടുക്കൽ വന്ന് ഇങ്ങനെ ആവശ്യപ്പെട്ടു അല്ലാഹുവിന്റെ റസൂലേ, ദൗസ് ഗോത്രം അല്ലാഹുവിനെയും തിരുദൂതരെയും ധിക്കരിച്ചിരിക്കുന്നു. അതിനാൽ അവർക്കെതിരെ പ്രാർത്ഥിച്ചാലും. ജനങ്ങൾ പറഞ്ഞു: ദൗസ് നശിച്ചത് തന്നെ...! നബി ﷺ ഇങ്ങനെയാണ് പ്രാർത്ഥിച്ചത്: ‘അല്ലാഹുവേ നീ ദൗസ് ഗോത്രത്തെ നേർവഴിയിലാക്കേണമേ. അവരെ(സത്യത്തിൽ) വരുത്തേണമേ”. (ബുഖാരി)

ആഇശ(റ)നിവേദനം: നബി  ﷺ യോടു ആരോ പറഞ്ഞു: ബഹുദൈവ വിശ്വാസികൾക്കെതിരെ താങ്കൾ പ്രാർത്ഥിക്കുക നബി ﷺ പറഞ്ഞു: ഞാൻ ശപിക്കുവാനായിട്ടല്ല. കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്. (മുസ്‌ലിം)

ത്വാഇഫിൽ നബി ﷺ യെ ഉപദ്രവിച്ച ജനതയെ നശിപ്പിക്കാമെന്ന് മലക്ക് പറഞ്ഞപ്പോൾ നബി ﷺ യുടെ പ്രതികരണമിതായിരുന്നു.

‘വേണ്ട,അല്ലാഹുവെ മാത്രം ആരാധിക്കുകയും, അവന്റെ അധികാരാവകാശങ്ങളിൽ ആർക്കുംപങ്ക് അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ചില സന്താനങ്ങൾ അവരിൽ നിന്ന് ജനിച്ച് വരുമെന്ന് ഞാൻ ആശിക്കുന്നു.’ (ബുഖാരി, മുസ്‌ലിം)

നബി ﷺ യും കടം നൽകിയ വ്യക്തിയും

അബൂഹുറയ്‌റ(റ)നിവേദനം: ഒരാൾ നബി ﷺ യുടെ അടുത്ത് തന്റെ കടം വീട്ടാൻ ആവശ്യപ്പെട്ടു വന്നു. അയാൾ വളരെ പരുഷമായി തന്നെ സംസാരിച്ചു. അത് നബി  ﷺ യുടെ സ്വഹാബികൾക്ക് മനഃപ്രയാസമുണ്ടാക്കി. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ അയാളെ വിട്ടേക്കുക. അവകാശിക്ക് സംസാരിക്കാൻ അധികാരമുണ്ട്. നബി  ﷺ തുടർന്നു പറഞ്ഞു: അയാൾ തന്ന ഒട്ടകത്തിന്റെ തുല്യ പ്രായമുള്ള ഒരൊട്ടകത്തെ അയാൾക്ക് നൽകുക. അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, അയാളുടെ ഒട്ടകത്തെക്കാൾ കൂടുതൽ പ്രായമായതിനെ (നല്ലതിനെ)യല്ലാതെ ഞങ്ങൾ കാണുന്നില്ല”. നബി ﷺ പറഞ്ഞു: “നിങ്ങളത് കൊടുക്കൂ. നിങ്ങളിൽ ഉത്തമൻ നല്ല നിലയിൽ കടം വീട്ടുന്നവനാണ്”. (ബുഖാരി)

നബി ﷺ യും ബഹുദൈവ വിശ്വാസിയും

മരത്തണലിൽ വിശ്രമിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ഒരു ബഹുദൈവവിശ്വാസി വന്ന് മരകൊമ്പിൽ തൂക്കിയിട്ടിരിക്കുന്ന നബി ﷺ യുടെ വാൾ ഊരിപ്പിടിച്ച് നബിക്ക് നേരെ നീട്ടുന്ന സംഭവം ബുഖാരി, അഹ്‌മദ് പോലുള്ള ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.

‘എന്നെ നിങ്ങൾ ഭയപ്പെടുന്നുണ്ടോ’ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു നബിയുടെ ഉത്തരം. നിന്നെ ആര് രക്ഷിക്കും എന്ന ചോദ്യത്തിന് അല്ലാഹു എന്നായിരുന്നു നബിയുടെ ഉറച്ച മറുപടി! പെട്ടെന്ന് അയാളുടെ കയ്യിൽ നിന്ന് വാൾ താഴെ വീണു. നബി അതെടുക്കുകയും മാപ്പ് നൽകി അയാളെ വെറുതെ വിടുകയും ചെയ്യുന്നു. അങ്ങനെ ആ ബഹുദൈവ വിശ്വാസി തന്റെ കൂട്ടുകാരുടെ അടുത്ത് ചെന്ന് പറയുന്നതിങ്ങനെയാണ്. ‘ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമനായ ആളുടെ അടുത്ത് നിന്നാണ് ഞാൻ ഇപ്പോൾ വരുന്നത്.’

നബി(സ)യും ജൂത സ്ത്രീയും

അനസ് (റ) നിവേദനം: ഒരിക്കൽ ഒരു ജൂതസ്ത്രീ വിഷം കലർത്തിയ ഒരു ആടിന്റെ മാംസവുമായി തിരുസന്നിധിയിൽ വന്നു. നബി  ﷺ  അതിൽ നിന്ന് കഴിച്ചു. പിന്നീടവർ നബി ﷺ യുടെ മുന്നിൽ ഹാജരാക്കപ്പെട്ടപ്പോൾ നബി ﷺ യോടു ആരോ ചോദിച്ചു: താങ്കളവളെ വധിക്കുമോ? അവിടുന്ന്പറഞ്ഞു: ഇല്ല. നിവേദകൻ പറയുന്നു: വിഷബാധയുടെ അടയാളങ്ങൾ തിരുകണ്ഠത്തിൽ ഞാൻ കാണാറുണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം)

നബി ﷺ യുടെ പെരുമാറ്റവും സുമാമയുടെ മനം മാറ്റവും

ശത്രുരാജ്യത്തിലെ സൈന്യാധിപനായ സുമാമയെ പിടിച്ച് കൊണ്ട് വന്ന് പള്ളിയിൽ കെട്ടിയിടുകയും മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹത്തെ നബി ﷺ  വെറുതെ വിടുകയും ചെയ്യുന്നു.സ്വതന്ത്രനായ സുമാമ പള്ളിക്കടുത്തുള്ള ഒരു കുളത്തിലിറങ്ങികുളിച്ച് ശുദ്ധി വരുത്തി തിരിച്ച് പള്ളിയിൽ കയറി നടത്തിയ പ്രഖ്യാപനമിതായിരുന്നു. “അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്! ഈ ലോകത്ത് താങ്കളുടെ മുഖത്തോളം വെറുപ്പുള്ള മറ്റൊരു മുഖവുമുണ്ടായിരുന്നില്ല. എന്നാൽ എനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ട മുഖം താങ്കളുടേതാണ്! അല്ലാഹുവാണേ, താങ്കളുടെ മതത്തിനേക്കാൾ വെറുപ്പുള്ള മറ്റൊരു മതവുമുണ്ടായിരുന്നില്ല. എന്നാൽ എനിക്ക് ഏറ്റവും പ്രിയമുള്ള മതം താങ്കളുടെ മതമാണ്.അല്ലാഹുവാണേ താങ്കളുടെ നാടിനോളം എനിക്ക് വെറുപ്പുള്ള മറ്റൊരു നാടുമുണ്ടായിരുന്നില്ല. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാട് താങ്കളുടെ നാടായിരിക്കുന്നു...” (ബുഖാരി, മുസ്‌ലിം)

ജൂതപുരോഹിതനായ സൈദ്ബ്‌നുസുഅ്‌ന

നബി ﷺ യുടെ പ്രവാചകത്വത്തെ പരീക്ഷച്ചറിയാൻ വന്ന ജൂത റബ്ബിയായിരുന്നു സൈദ്ബ്‌നു സുഅന. നബി ﷺ യെ പ്രകോപിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ പലതും അദ്ദേഹം ചെയ്യുന്നു. അതിനോട് ഒരിക്കൽ പോലും അപക്വമായോ അവിവേകത്തോടെയോ വൈകാരികമായോ നബി ﷺ  പ്രതികരിക്കുന്നില്ല... ശേഷം ആ യഹൂദ പുരോഹിതൻ ഉമർ(റ)നോട് പറയുന്നതിതാണ്. ‘നബിയുടെ മുഖത്ത് ഞാൻ നോക്കി, പ്രവാചകത്വത്തിന്റെ രണ്ട് അടയാളങ്ങളൊഴിച്ച് എല്ലാം ഞാൻ തിരിച്ചറിഞ്ഞു. അവ ഇതായിരുന്നു. അദ്ദേഹത്തിന്റെ വികാരം വിവേകത്തെ മറികടക്കുന്നുവോ അതല്ല എത്ര കഠിനമാണെങ്കിലും അവിവേകം കാണിക്കാതെ യുക്തിദീക്ഷയോടെയും സംയമനത്തോടെയും പ്രവർത്തിക്കുമോ എന്ന് ഞാൻ പരീക്ഷിക്കുകയായിരുന്നു.ഇപ്പാൾ എനിക്ക് ബോധ്യമായി.അല്ലാഹുവിനെ രക്ഷിതാവായും ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ പ്രവാചകനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു... പിന്നീട് നബി സന്നിധിയിലെത്തി ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് ശഹാദത്ത് കലിമ ചൊല്ലി (ഹാക്കിം, നസാഈ)

പാപികളും ദുർവൃത്തരുമായ ആളുകളോടുള്ള നബി ﷺ യുടെ ഇടപെടലുകൾ

അംറ്ബ്‌നു ആസ്(റ) നിവേദനം: ‘റസൂൽ ﷺ ജനങ്ങളിൽ ഏറ്റവും ദുഷ്ടരായ ആളുകളോടു പോലും സംസാരിക്കുമ്പോൾ അവരെ ഇണക്കിയെടുക്കാൻ വേണ്ടി അവർക്കഭിമുഖമായി ഇരിക്കുമായിരുന്നു.’ (തിർമിദി)

ആഇശ(റ)പറയുന്നു: (ദുർവൃത്തനായ ആൾ) കടന്നു വന്നപ്പോൾ നബി ﷺ അയാളോട് വളരെ സൗമ്യമായി പെരുമാറി... അയാൾ പോയപ്പോൾ ഞാൻ നബി ﷺ യോടു ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ താങ്കളല്ലേ അയാളെ പറ്റി അയാൾ തന്റെ കുടുംബത്തിൽ ഏറെ ദുഷിച്ച മനുഷ്യനാണെന്ന് പറഞ്ഞത്? എന്നിട്ട് താങ്കളയാളോട് വളരെ സൗമ്യമായിട്ടാണല്ലോ സംസാരിച്ചത്?’ നബി ﷺ  പറഞ്ഞു: ‘ആഇശാ! ജനങ്ങളിൽ ഏറ്റവും ചീത്തമനുഷ്യൻ അവന്റെ ദുഷ്പ്രവൃത്തി ഭയന്ന് ജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ടവനാണ്.’ (ബുഖാരി, മുസ്‌ലിം)

എനിക്ക് വ്യഭിചരിക്കണം എന്ന് പറഞ്ഞയാളെ നബി ﷺ  ചെയ്തത്

അബൂ ഉമാമ(റ)നിവേദനം ചെയ്ത ഇമാം അഹ്‌മദും ത്വബ്‌റാനിയുമൊക്കെ തങ്ങളുടെ ഹദീസ് ഗ്രന്ഥങ്ങളിലുദ്ധരിച്ച സംഭവത്തിന്റെ സംഗ്രഹമിതാണ്

ഒരിക്കൽ ഒരു യുവാവ് നബി ﷺ യുടെ അടുത്ത് വന്ന് റസൂലുല്ലാഹ് എന്നെ വ്യഭിചരിക്കാനനുവദിക്കണെമെന്ന് പറഞ്ഞു. ജനങ്ങളാകെ ക്ഷുഭിതരായി അയാൾക്കെതിരെ തിരിഞ്ഞു...നബി ﷺ  യുവാവിനെ വിളിച്ചു, അടുത്തിരുത്തി. എന്നിട്ട് ശാന്തമായി അയാളുമായി സംസാരിച്ചു. എന്നിട്ടു ചോദിച്ചു: “വ്യഭിചാരം താങ്കളുടെ ഉമ്മയുമായി ആകുന്നത് താങ്കൾക്കിഷ്ടമാണോ ?” യുവാവ് പറഞ്ഞു: “അല്ലാഹുവാണേ ഇല്ല.”നബി ﷺ  പറഞ്ഞു: “ജനങ്ങളും അവരുടെ ഉമ്മമാരുമായുള്ള വ്യഭിചാരം ഇഷ്ടപെടുകയില്ല. ഇനി പെങ്ങളുമായോ മകളുമായോ മാതൃ/പിതൃസഹോദരിമാരുമായോ വ്യഭിചരിക്കുന്നത് താങ്കൾക്കിഷ്ടമാണോ?” യുവാവ് പറഞ്ഞു: “ഇല്ല, ഇല്ല, ഇല്ല.” നബി ﷺ  പറഞ്ഞു: “പെങ്ങളുമായോ മകളുമായോ മാതൃ/പിതൃസഹോദരിമാരുമായോ വ്യഭിചാരത്തിലേർപ്പെടുന്നതിനെ ജനങ്ങളാരും ഇഷ്ടപെടുകയില്ല.”

വ്യഭിചാരത്തിന് സമീപിക്കുന്ന ഏതൊരു സ്ത്രീയും ആരുടെയെങ്കിലും മാതാവ്, അല്ലെങ്കിൽ മകളോ പെങ്ങളോ, അതുമല്ലെങ്കിൽ മാതൃസഹോദരിയോ പിതൃസഹോദരിയോ ആയിരിക്കുമെന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു നബി. ശേഷം നബി ﷺ  ആ യുവാവിന്റെ തലയിൽ കൈ വെച്ച് കൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു. ശേഷം ആ യുവാവിന് വ്യഭിചാരത്തോട് താല്പര്യം തോന്നിയിട്ടില്ലെന്നാണ് സംഭവത്തിന്റെ ചുരുക്കം..തിന്മയെ നന്മ കൊണ്ട് എങ്ങനെ നേരിടാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നബി ജീവിതത്തിലെ ഈ സംഭവം..

വിട്ടുവീഴ്ചയും സൗമ്യതയും പഠിക്കുന്ന ചില തിരുമൊഴികൾ

അബൂഹുറയ്‌റ(റ)നിവേദനം: റസൂൽ ﷺ പറഞ്ഞു: “ദാനം ധനത്തിൽ നിന്നും കുറവ് വരുത്തിയിട്ടില്ല. വിട്ടുവീഴ്ച കൊണ്ട് അല്ലാഹു ഒരു ദാസന് പ്രതാപമല്ലാതെ വർദ്ധിപ്പിച്ചിട്ടില്ല...” (മുസ്‌ലിം)

ഇബ്‌നു മസൂദ്(റ)നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: “ഞാൻ നിങ്ങൾക്ക് നരകത്തിന് നിഷിദ്ധമായവരെ അല്ലെങ്കിൽ നരകം നിഷിദ്ധമായവരെക്കുറിച്ച് അറിയിച്ച് തരാം. ജനങ്ങളോട് അടുപ്പവും സൗമ്യതയും നൈർമല്യവും വിട്ടുവീഴ്ചാ മനഃസ്ഥിതിയുള്ള എല്ലാവർക്കും അത് നിഷിദ്ധമാണ്.” (തിർമിദി)

ആഇശ(റ )നിവേദനം: “നബി  ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു സൗമ്യതയുള്ളവനും എല്ലാ കാര്യങ്ങളിലും സൗമ്യത ഇഷ്ടപ്പെടുന്നവനുമാണ്.” (ബുഖാരി, മുസ്‌ലിം)

ആഇശ(റ )നിവേദനം: “നബി  ﷺ പറഞ്ഞു: ആഇശ, അല്ലാഹു സൗമ്യനാണ്, അവൻ സൗമ്യത ഇഷ്ടപ്പെടുന്നു. പാരുഷ്യത്തിന് നൽകാത്തത് അവൻ സൗമ്യതക്ക് നൽകുന്നു. മറ്റൊന്നിനും നൽകാത്തത് അവൻ സൗമ്യതക്ക് നൽകും.” (മുസ്‌ലിം)

ജരീർ(റ)നിവേദനം: “നബി  ﷺ പറഞ്ഞു: സൗമ്യത നിഷേധിക്കപ്പെട്ടവന് നന്മ നിഷേധിക്കപ്പെട്ടു.” (മുസ്‌ലിം|)

അനസ്(റ)നിവേദനം നബി  ﷺ പറഞ്ഞു: “നിങ്ങൾ ആശ്വാസം പകരുക; ഞെരുക്കാതിരിക്കുക, അവർക്ക് സംതൃപ്തി കൈവരുത്തുക. അസന്തുഷ്ടി ഉണ്ടാക്കാതിരിക്കുക”. (ബുഖാരി, മുസ്‌ലിം)

ഇബ്‌നു അബ്ബാസ്(റ)ൽ നിന്ന്: “അശജ്ബ്‌നു അബ്ദുൽ ഖൈസ്(റ)വിനോട് റസൂൽ ﷺ പറഞ്ഞു: അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് വിശിഷ്ട ഗുണങ്ങൾ നിങ്ങൾക്കുണ്ട്. വിവേകം, അവധാനത.” (മുസ്‌ലിം)