രോഗവും മരുന്നും

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 ഏപ്രിൽ 30, 1442 റമദാൻ 28

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

ആമുഖം

ഈ ഗ്രന്ഥം വായിക്കാൻ സൗഭാഗ്യം ലഭിച്ച അനുഗൃഹീതരായ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും ആശംസിക്കുന്നു. ‘അനുഗൃഹീതർ’ എന്ന് എടുത്ത് പറയുവാൻ കാരണം, ഇത് നിങ്ങളുടെയെല്ലാം ആവലാതികളുടെയും പ്രാർഥനകളുടെയും ഉത്തരമാണ് എന്നതാണ്.എന്റെ കാര്യവും ഇപ്രകാരം തന്നെയാണ്. അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാർഗത്തിലേക്ക് നയിക്കുന്നു.

കഴിഞ്ഞ 2015 മെയ് മാസം മുതൽ വിട്ടുമാറാത്ത തലവേദനയും ഉദര രോഗവുമായി വലഞ്ഞിരുന്ന ഒരുവളായിരുന്നു ഞാൻ. പലതരം ചികിത്സകൾ നടത്തിനോക്കിയെങ്കിലും രണ്ട് രോഗങ്ങൾക്കും ഒരു കുറവും അനുഭവപ്പെട്ടില്ല. വേദനസംഹാരികളെ പോലും ആശ്രയിക്കുവാൻ കഴിയാനാവാത്ത വിധം എന്റെ രണ്ട് രോഗങ്ങളും എന്നെ വിഷാദാവസ്ഥയിൽ എത്തിച്ചു. ആ സമയത്താണ് എന്നെ ഒരു സഹോദരി സ്ത്രീകളുടെ ഒരു പ്രമുഖ ഇസ്‌ലാമിക കേന്ദ്രത്തിൽ കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന ആദരണീയ ഉസ്താദത്ത് ഈമാൻ ഉബൈദ്, ഇമാം ഇബ്‌നുൽ ക്വയ്യിമി(റഹി)ന്റെ ‘അദ്ദാഉ വദ്ദവാഅ്’ എന്ന മഹത്തായ ഗ്രന്ഥത്തിന്റെ ക്ലാസ്സെടുക്കുകയായിരുന്നു. ആദ്യ ക്ലാസ്സുതന്നെ എന്നിൽ വലിയ ചലനങ്ങളുണ്ടാക്കി. ഞാൻ അവരുടെ നോട്‌സ് വാങ്ങി ആദ്യം മുതൽ പഠനമാരംഭിച്ചു. സുബ്ഹാനല്ലാഹ്, ആ ഗ്രന്ഥം എന്റെ രോഗാവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കി. എന്ന് മാത്രമല്ല, അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും അതു വഴി സമാധാനം കൈവരിക്കുവാനും എനിക്ക് സാധിച്ചു.

ഈ ഉപകാരപ്പെട്ട അറിവ് എന്നിൽതന്നെ ഒതുക്കിവയ്ക്കുന്നത് എനിക്ക് അസാധ്യമായിരുന്നു. ഈ നോട്‌സ് മറ്റുള്ളവർക്ക് വായിക്കുവാൻ അസൗകര്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ടും ഇത് എന്റെ മാതൃഭാഷയിൽ വിവർത്തനം ചെയ്ത് എന്റെ പ്രിയപ്പെട്ടവർക്ക് ഈ അറിവ് എത്തിച്ചുകൊടുക്കൽ എന്റെ കടമയാണെന്നും ബോധ്യമായതുകൊണ്ടും ഇത് വിവർത്തനം ചെയ്തു. അൽഹംദുലില്ലാഹ്, ഈ ഗ്രന്ഥം യാഥാർഥ്യമായി.

ഇമാം ഇബ്‌നുൽക്വയ്യിമിന്റെ ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തൽ ചെയ്യൽ എന്നെപ്പോലെയുള്ള വ്യക്തിയ്ക്ക് സ്വയം സാധിക്കുന്ന കാര്യമല്ല. എന്റെ ഗുരുനാഥ, അത് പല അധ്യായങ്ങളായി ചുരുക്കി അതിലെ പാഠങ്ങൾ വിവരിച്ചുതന്നത് എനിക്ക് എളുപ്പമായി. രണ്ടുപേരുടെയും കഠിന പ്രയത്‌നത്തോട് എത്രമാത്രം നീതിപുലർത്താൻ സാധിച്ചിട്ടുണ്ട് എന്നത് അല്ലാഹുവിനേ അറിയൂ.

ഇതിലെ എല്ലാ നന്മകളും അല്ലാഹുവിൽനിന്നാണ്. ഇതിൽ പാകപ്പിഴവുകൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് എന്നിൽനിന്നു മാത്രമാണ്.

അല്ലാഹുവേ, എന്റെ ഈ എളിയ ശ്രമം നീ എന്നിൽനിന്നും സ്വീകരിക്കുകയും അതിൽ നീ അനുഗ്രഹം നൽകുകയും ചെയ്യേണമേ. ഇതിൽ വന്നുപോയ പാകപ്പിഴവുകൾ എനിക്ക് നീ പൊറുത്ത് തരേണമേ. നിന്റെ പ്രതിഫലവും തൃപ്തിയുമല്ലാതെ ഈ ഉദ്യമത്തിൽ ഞാൻ മറ്റൊന്നും കാംക്ഷിക്കുന്നില്ല. (വിവർത്തക).

അധ്യായം 1

രോഗവും മരുന്നും എന്ന ഗ്രന്ഥത്തെ പരിചയപ്പെടുക

ഈ മഹത്തായ ഗ്രന്ഥത്തിന്റെ നാമം ‘അദ്ദാഉ വദ്ദവാഅ്’ എന്നാകുന്നു. ‘അദ്ദാഅ്’ എന്നാൽ ‘രോഗം’ എന്നും ‘അദ്ദവാഅ്’ എന്നാൽ ‘മരുന്ന്’ എന്നുമാണ് അർഥം. ഇത് നാം ഉദ്ദേശിക്കുന്ന നിലയിലുള്ള ഒരു വൈദ്യ ഗ്രന്ഥമല്ല. ഇമാം ഇബ്‌നുൽ ക്വയ്യിം തന്റെ ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായി രചിച്ചതാണ് ഈ ഗ്രന്ഥം. ശിഷ്യൻ ചോദിച്ച ചോദ്യത്തിന് വളരെ വിശാലമായൊരു മറുപടിതന്നെ ഗുരുനാഥൻ നൽകുകയുണ്ടായി. ഇത്ര വിശാലമായ മറുപടി ഇമാമിന്റെ ഭാഗത്തുനിന്നുള്ള ശ്ലാഘനീയമായ ഒരു കർമമാണ്. അതിന്റെ പ്രയോജനങ്ങൾ ഇന്നും നിലനിൽക്കുന്നു. കൂടാതെ, ഒരു അധ്യാപകന് തന്റെ ശിഷ്യനിൽനിന്നും ഐശ്വര്യം ഉണ്ടാകാം എന്നും ഇത് സൂചിപ്പിക്കുന്നു. ശിഷ്യൻ കാരണമായിട്ടാണ് ഈ മഹൽഗ്രന്ഥം തയ്യാറാക്കപ്പെട്ടത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ഗ്രന്ഥത്തിന്റെ ഫലങ്ങൾ പ്രകടമായിക്കൊണ്ടിരിക്കുന്നു.

ചോദ്യം ഇങ്ങനെയായിരുന്നു: “പണ്ഡിതന്മാർ താഴെ പറയുന്ന കാര്യത്തെക്കുറിച്ച് എന്ത് പറയുന്നു? ഒരു വ്യക്തി ചില രോഗങ്ങളാൽ പരീക്ഷിക്കപ്പെടുന്നു. ഈ പരീക്ഷണം ഇങ്ങനെ തുടർന്നുപോയാൽ തന്റെ ഇഹലോകവും പരലോകവും തനിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഭയക്കുന്നു. അതിനെ ഉന്മൂലനം ചെയ്യാൻ അദ്ദേഹം പരിശ്രമിച്ചു. പക്ഷേ, എത്ര അതിനോട് പൊരുതുന്നുവോ അത്രയും അത് വർധിക്കുകയാണ്. ഈ രോഗിയെ സഹായിക്കുന്നവന്റെമേൽ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കപ്പെടട്ടെ.’’

ഈ ചോദ്യം വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. ഒന്നാമതായി, താങ്കൾ എന്ത് പറയുന്നു എന്ന് ചോദിക്കുന്നതിനു പകരം പണ്ഡിതന്മാർ എന്ത് പറയുന്നു എന്നാണ് ചോദിച്ചിരിക്കുന്നത്. ഇത് ഗുരുനാഥനിൽ അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കാതെ ഉചിതമായ ഉത്തരം പറയാൻ പ്രേരിപ്പിക്കുന്നു. രണ്ടാമതായി, ഇതിൽ പറയപ്പെടുന്ന വ്യക്തി താൻ ആണെന്ന് വ്യക്തമാക്കാതെ ഒരുവൻ എന്ന് പറഞ്ഞതിൽ വിനയം അടങ്ങിയിരിക്കുന്നു. മൂന്നാമതായി, രോഗങ്ങൾ എന്ന് മൊത്തത്തിൽ പറഞ്ഞിരിക്കുന്നു. അത് മനസ്സിന്റെയോ ശരീരത്തിന്റെയോ ഏത് രോഗവും ആകാം. നാലാമതായി, ഈ ശിഷ്യൻ വളരെ ആത്മാർഥമായിട്ടാണ് തന്റെ കാര്യം അവതരിപ്പിക്കുന്നത്. തനിക്ക് വന്നുഭവിച്ച പരീക്ഷണം ഇല്ലാതാക്കാൻ തന്നാൽ കഴിയുന്ന രീതിയിൽ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ, നടന്നില്ല. അതിനാൽ പിന്നെ എന്താണ് മാർഗമെന്ന് അറിവുള്ളവരോട് ആരായുകയാണ്. അഞ്ചാമതായി, തന്റെ ചോദ്യം ഇങ്ങനെ അവസാനിപ്പിച്ചു: ‘ഈ രോഗിയെ സഹായിക്കുന്നവന്റെ മേൽ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കപ്പെടട്ടെ.’

ആരെങ്കിലും പരീക്ഷണങ്ങളിൽ അകപ്പെട്ടവരെ കണ്ടുമുട്ടിയാൽ, പ്രത്യേകിച്ചും ഏതെങ്കിലും പാപകർമങ്ങളാൽ പരീക്ഷിക്കപ്പെട്ടവരെ കണ്ടാൽ, അവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. പകരം നാം പടച്ചവനെ സ്തുതിക്കുക. അബൂഹുറയ്‌റ(റ) നിവേദനം: “അല്ലാഹുവിന്റെ റസൂൽ  ﷺ  അരുളി: ‘ആരെങ്കിലും പരീക്ഷണങ്ങളാൽ പ്രയാസപ്പെടുന്നവരെ കണ്ടാൽ ഇപ്രകാരം പറയുക: ‘താങ്കൾ പരീക്ഷിക്കപ്പെടുന്ന കാര്യത്തിൽനിന്നും എനിക്ക് രക്ഷനൽകുകയും മറ്റു സൃഷ്ടികളെക്കാൾ എന്നെ ശ്രേഷ്ഠനാക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവസ്തുതിയും!’ ഈ പ്രാർഥന ചൊല്ലുകയാണെങ്കിൽ അത്തരം പരീക്ഷണങ്ങളിൽനിന്നും അല്ലാഹു അവനെ കാത്ത് രക്ഷിക്കുന്നതാണ്’’ (ബുഖാരി 6248). രണ്ടാമതായി, പാപത്തിൽനിന്നും അദ്ദേഹത്തെ മാറ്റാൻ പരിശ്രമിക്കണം. അതിലൂടെ അദ്ദേഹം പാപത്തിൽനിന്നും പിന്മാറാൻ സാധ്യതയുണ്ട്. ഇനി അതുണ്ടായില്ലെങ്കിൽതന്നെ നാം പാപത്തിൽ നിന്നും രക്ഷപ്പെടുന്നതാണ്.

നമുക്കെല്ലാം ബലഹീനതകളും കുറവുകളുമുണ്ട്. സന്മാർഗത്തിൽ നിലകൊള്ളുന്നതിന് അവ പലപ്പോഴും തടസ്സങ്ങൾ സൃഷ്ടിക്കാറുമുണ്ട്. മറ്റു ബലഹീനതകളൊക്കെ തരണം ചെയ്യുവാൻ സാധിച്ചുവെന്ന് വരാം. ഒരു വെല്ലുവിളി പോലെ ഈ ബലഹീനതകൾ നമുക്ക് മുന്നിൽ ഒരു തടസ്സമായി നിൽക്കും. പക്ഷേ, ഈ ബലഹീനതകളും തടസ്സങ്ങളും ദൂരീകരിക്കാൻ ശരിയായ അറിവുള്ളവരോട് ചോദിക്കുകയും അവർ പറയുന്നത് അനുസരിക്കുകയും ചെയ്താൽ തടസ്സങ്ങളെല്ലാം മാറുന്നതാണ്. ഇവിടെ ശിഷ്യന്റെ ഉപര്യുക്ത ചോദ്യത്തിന് മറുപടി എന്നോണം ഇമാം ഇബ്‌നുൽ ക്വയ്യിം ഈ ഗ്രന്ഥംതന്നെ രചിച്ചു. ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായി ഈ ഗ്രന്ഥം എഴുതുവാനുണ്ടായ സാഹചര്യം അദ്ദേഹം മറച്ചുവച്ചതുമില്ല.

ഇമാം ഇബ്‌നുൽ ക്വയ്യിം ഈ ചോദ്യത്തിന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് മറുപടി ആരംഭിക്കുകയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഒരു ഹദീസ് ഉദ്ധരിച്ചു: “അബൂ ഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ  പറഞ്ഞു: ചികിത്സ ഇല്ലാത്ത ഒരു രോഗവും അല്ലാഹു തആലാ ഇറക്കിയിട്ടില്ല’’ (സ്വഹീഹുൽ ബുഖാരി 5678).

അതെ, ‘ഇതിന് ഒരു മരുന്നുമില്ല’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ ശിഷ്യനെ നിരാശപ്പെടുത്തിയില്ല. മറിച്ച് വളരെ വിശാലമായ ആശയത്തിൽ ഉത്തരം പറഞ്ഞു: ‘ഹൃദയത്തിലുള്ള രോഗങ്ങളായാലും ശരീരത്തിന്റെ രോഗങ്ങളായാലും പരിഹാരമില്ലാതെ അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല!’

എന്തിനാണ് അല്ലാഹു രോഗങ്ങൾ ഇറക്കിയതെന്ന് ഇവിടെ സംശയം ഉണ്ടായേക്കാം. അറിയുക; രോഗം ഇറക്കുന്നതിൽ പല തത്ത്വങ്ങളുമുണ്ട്. രോഗം ഉണ്ടാകുമ്പോൾ അല്ലാഹുവിൽ വിശ്വാസം ഉണരുകയും അവനെമാത്രം ആരാധിക്കുവാനും സൽകർമങ്ങൾ അധികരിപ്പിച്ച് ജീവിതം ധന്യമാക്കുവാനും സാധിക്കുന്നു. അല്ലാഹു മാത്രമെ രോഗം ഭേദമാക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് അവനിലേക്ക് മടങ്ങാനും കഴിയുന്നു.

നമ്മുടെ ശരീരം ഏറ്റവും മികച്ച ഘടനയിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. കേടുപാടുകൾ സംഭവിച്ചാൽ സ്വയം തന്നെ കേടുപാടുകൾ തീർക്കുന്ന ഒരു സംവിധാനം അല്ലാഹു നമ്മുടെ ശരീരത്തിന് നൽകിയിട്ടുണ്ട്. രോഗാവസ്ഥ നമ്മെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. കൂടാതെ, നാളത്തെ അവസ്ഥ ഇന്നത്തെ അവസ്ഥയെക്കാൾ മെച്ചമുള്ളതായിരിക്കും എന്ന് നാം പ്രത്യാശിക്കുകയും വേണം.

ജാബിർ(റ) നിവേദനം: “നബി ﷺ  അരുളി: ‘എല്ലാ രോഗങ്ങൾക്കും പരിഹാരമുണ്ട്. ശരിയായ മരുന്ന് പ്രയോഗിച്ചാൽ അല്ലാഹുവിന്റെ തീരുമാനപ്രകാരം ആ രോഗം ഭേദപ്പെടുന്നതാണ്’’ (മുസ്‌ലിം 2204).

ഈ ഹദീസിൽ വന്നിട്ടുള്ള ദാഅ് (രോഗം), ദവാഅ് (മരുന്ന്) എന്നീ നാമങ്ങളിൽനിന്നാണ് ഗ്രന്ഥകാരൻ ഗ്രന്ഥനാമം സ്വീകരിച്ചിരിക്കുന്നത്.

ഈ രണ്ട് ഹദീസുകളും സകല രോഗങ്ങളെയും ഉൾക്കൊള്ളുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും രോഗങ്ങൾ ഇതിന്റെ കീഴിൽ വരുന്നതാണ്. അഹങ്കാരം, അസൂയ മുതലായവ ഹൃദയത്തിലെ രോഗങ്ങളാണ്. ദേഷ്യം, പക പോലുള്ളവ ആത്മാവിന്റെ രോഗാവസ്ഥയാണ്. ശാരീരിക അസ്വാസ്ഥ്യങ്ങളെ കുറിച്ച് പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ. ശാരീരിക അസ്വസ്ഥതകൾക്ക് മാത്രമാണ് അധികംപേരും ചികിത്സിക്കുന്നത്. ആത്മാവിനെയോ ഹൃദയത്തെയോ നന്നാക്കാൻ ശ്രമിക്കാറില്ല. എന്നാൽ ഇമാം ഇബ്‌നുൽ ക്വയ്യിം ഹൃദയത്തിന്റെയും ആത്മാവിന്റെയും രോഗങ്ങൾക്കാണ് ഈ ഗ്രന്ഥത്തിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. കാരണം അതാണ് അടിസ്ഥാനപരവും ഗൗരവുമായ രോഗങ്ങൾ.

ഉദാ: നബി ﷺ  അറിവില്ലായ്മ ഒരു രോഗമാണെന്നും അതിനുള്ള മരുന്ന് അറിവുള്ളവരോട് ചോദിക്കലാണെന്നും പഠിപ്പിച്ചു. അല്ലാഹു പറയുന്നു: “...നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ, അറിവുള്ള ആളുകളോട് ചോദിക്കുക’’ (അന്നഹ്ൽ 43).

അധ്യായം 2

ക്വുർആൻ സർവരോഗങ്ങൾക്കും സമുന്നത മരുന്ന്

പരിശുദ്ധ ക്വുർആനിലൂടെ രോഗങ്ങൾ മാറുന്നതാണെന്ന് അല്ലാഹു ആവർത്തിച്ച് അറിയിച്ചിരിക്കുന്നു. നാം അതിൽ വിശ്വസിക്കുകയും അതിനെ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹു പറയുന്നു:

“നാം ഇതിനെ ഒരു അനറബി ക്വുർആൻ ആക്കിയിരുന്നെങ്കിൽ അവർ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങൾ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകൻ) അറബിയും ആവുകയോ? നീ പറയുക: അത് (ക്വുർആൻ) സത്യവിശ്വാസികൾക്ക് മാർഗദർശനവും ശമനൗഷധവുമാകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ അവരുടെ കാതുകളിൽ ഒരുതരം ബധിരതയുണ്ട്. അത് (ക്വുർആൻ) അവരുടെമേൽ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടർ വിദൂരമായ ഏതോ സ്ഥലത്തുനിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം)’’ (ഫുസ്സ്വിലത് 44).

“വിശ്വാസികൾക്ക് രോഗശമനവും കാരുണ്യവും അടങ്ങിയ കാര്യങ്ങൾ നാം ക്വുർആനിലൂടെ ഇറക്കുന്നതാണ്. അക്രമികൾക്ക് അത് നഷ്ടം മാത്രമെ അധികരിപ്പിക്കുകയുള്ളൂ’’ (അൽഇസ്‌റാഅ് 82).

ഈ സൂക്തങ്ങൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പഠിപ്പിക്കുന്നു:

ക്വുർആനിലൂടെ ലഭിക്കുന്ന രോഗശമനമാണ് ഏറ്റവും മഹത്തരമായ സൗഖ്യം. ക്വുർആൻ മുഴുവൻ ശമനമാണ്.

ക്വുർആൻ നമ്മെ സുഖപ്പെടുത്തുന്നത് പടിപടിയായിട്ടാണ്. ക്വുർആൻ നമ്മുടെ മനസ്സിനെയും ആത്മാവിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നു.

നമ്മുടെ ആത്മാവ് സുഖം പ്രാപിച്ചാൽ നമ്മുടെ മനസ്സ് സുഖപ്പെടും. അതോടെ നമ്മുടെ ശരീരവും സുഖപ്പെടുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും രോഗങ്ങൾക്ക് എല്ലാവരും ചികിത്സ തേടാറുണ്ട്. എന്നാൽ ക്വുർആൻ എല്ലാ രോഗത്തെയും സുഖപ്പെടുത്തുന്നു. പ്രത്യേകിച്ച് ആത്മാവിനെ നന്നാക്കുന്നു. ക്വുർആൻ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്നു. അത് ആത്മാവിന് വെളിച്ചമാണ്. ഇത് മനസ്സിനും ശരീരത്തിനും ഉണർവും രോഗശാന്തിയും നൽകും. ഹൃദയം നന്നാകുമ്പോൾ മനസ്സും നന്നാകും. അത് ശരീരത്തെയും നന്നാക്കിയെടുക്കും.

അറിവില്ലായ്മ മനുഷ്യനെ നശിപ്പിക്കും. ക്വുർആൻ നമ്മെ വിജ്ഞാനത്തിലേക്ക് നയിക്കുന്നു. നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യുന്നു. ക്വുർആൻ പാർശ്വഫലങ്ങളില്ലാത്ത ഒരു മരുന്നാണ്. ഇതുപോലെ മഹത്തായതും ഫലപ്രദമായതുമായ ചികിത്സ വേറെ ഇല്ല.

ഒരു നാട്ടിലെ പ്രമാണിയെ തേൾ കുത്തി. അവർ ചികിത്സക്കായി പല വഴികളും നോക്കി. ഒന്നും ശരിയായില്ല. അങ്ങനെ അവർ മുസ്‌ലിംകളുടെ അടുത്തേക്ക് പോയി. അതിന്റെ വിഷം മാറ്റാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് അവർ ചോദിച്ചു. മുസ്‌ലിംകളിൽ ഒരാൾ പറഞ്ഞു: ‘ഞാൻ അദ്ദേഹത്തെ മന്ത്രിക്കാം.’ പ്രമാണി ഒരു അവിശ്വാസിയായിരുന്നു. പക്ഷേ, വേദനയകറ്റാൻ വേണ്ടി എന്തിനും തയ്യാറായി. ക്വുർആൻ ശിഫയാണെന്ന് അറിയാവുന്ന ആ വിശ്വാസി, സൂറത്തുൽ ഫാതിഹ പാരായണം ചെയ്തു. പാരായണം അവസാനിച്ചപ്പോഴേക്കും തന്നെ തേൾ കുത്തിയിട്ടേ ഇല്ല എന്ന് പ്രമാണിക്ക് തോന്നുന്ന നിലയിൽ രോഗം ഭേദമായി.

ക്വുർആൻ പാരായണം ചെയ്യുന്ന വ്യക്തിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രോഗശമനം ലഭിക്കുന്നതെന്ന് ഈ സംഭവം അറിയിക്കുന്നു. ഈ വിവരം അവർ നബി ﷺ യുടെ കാതുകളിൽ എത്തിച്ചു. അവിടുന്ന് ഈ പ്രവർത്തനത്തെ ശരിവയ്ക്കുകയും ചെയ്തു. (ബുഖാരി)

പരിശുദ്ധ ക്വുർആൻ മുഴുവനും ശിഫയാണെങ്കിലും സൂറത്തുൽ ഫാതിഹ ലളിതവും ശക്തവുമായ രോഗ ശമനത്തിന്റെ മാർഗമാണ്. സൂറത്തുൽ ഫാതിഹയുടെ ഒരു നാമം തന്നെ ‘അശ്ശാഫിയ’ എന്നാകുന്നു.

ക്വുർആൻ എന്ന മരുന്നിന് മറ്റു മരുന്നുകളെപോലെ പാർശ്വഫലങ്ങളൊന്നുമില്ല. നമുക്ക് ഒരു തലവേദനയുണ്ടാകുമ്പോൾ ഇത് ഉപയോഗിക്കാം. ഹൃദയം ഞെരുങ്ങുന്നത് പോലെ തോന്നുന്നുണ്ടെങ്കിൽ അതിനും ക്വുർആൻ ആണ് ഉത്തമം. അല്ലാഹു വിശാലജ്ഞനാണ്.

നമുക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഒരു നല്ല ലക്ഷണമായി കരുതണം. അത് ശരീരത്തിന്റെ ഒരു രീതിയാണത്. തന്റെയുള്ളിൽ ഒരു രോഗമുണ്ട് എന്ന് ശരീരം നമ്മോട് പറയുകയാണ്. അല്ലാഹുവിലേക്ക് തിരിയാൻ സമയമായി എന്ന് നമ്മോട് സൂചിപ്പിക്കുകയാണത്. അതുകൊണ്ട് തന്നെ ക്വുർആൻ പാരായണം ചെയ്യുന്നത് ഫലപ്രദമാകുകയും ചെയ്യും.

ക്വുർആൻ ഏറ്റവും എളുപ്പമുള്ള ചികിത്സയാണ്. നമുക്ക് അതിന് ഒരു ചെലവും വരുന്നില്ല. ഈ ചികിത്സ നമുക്ക് വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്നുമില്ല. ഈ ചികിത്സ നടത്താൻ നമുക്ക് ആശുപത്രികളിൽ പോകേണ്ട ആവശ്യവുമില്ല. മറ്റ് ആനുകൂല്യങ്ങളും തേടേണ്ടതില്ല. എന്നാൽ നമുക്ക് അല്ലാഹുവിലുള്ള വിശ്വാസമാണ് ഇതിന് കൈമുതലായി വേണ്ടത്. ക്വുർആൻ നമുക്ക് ശമനം നൽകും എന്ന പൂർണമായ വിശ്വാസം നമുക്ക് എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചാണ് നമുക്ക് സൗഖ്യം ലഭിക്കുന്നത്.

ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) തുടരുന്നു: ‘ഒരിക്കൽ ഞാൻ മക്കയിലായിരുന്നു. എനിക്ക് ഒരു രോഗം പിടിപെട്ടു. അവിടെ അപ്പോൾ വൈദ്യൻമാരും മരുന്നുകളും ഒന്നും ലഭ്യമായിരുന്നില്ല. ഞാൻ സൂറത്തുൽ ഫാതിഹ പാരായണം ചെയ്ത് സ്വയം ചികിത്സ നടത്തി ഫലം കാണുകയും ചെയ്തു. വേദനകളുമായി തന്നെ സമീപിക്കുന്നവർക്കുമേൽ സൂറത്തുൽ ഫാതിഹ പാരായണം ചെയ്ത് കൊടുക്കുകയും അവർ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.’

നമ്മുടെ ഉള്ളിലുള്ള രോഗങ്ങളെക്കുറിച്ച് നമുക്ക് വലിയ പിടിപാടൊന്നുമില്ല. പക്ഷേ, വേദന ശരീരത്തിന്റെ രോദനമാണ്. രോഗം ശരീരത്തിന് താങ്ങാനാകാതെ വരുന്നു എന്ന് അത് നമ്മെ അറിയിക്കുന്നതാണ്.

നമ്മൾ എപ്പോഴും ക്വുർആനോടൊപ്പം ആണെങ്കിൽ നമ്മുടെ ഉള്ളിലെ രോഗങ്ങൾ നമ്മൾ പോലും അറിയാതെ സുഖപ്പെടുന്നതാണ്. സുബ്ഹാനല്ലാഹ്! ചുരക്കത്തിൽ ക്വുർആന്റെ സദ്ഫലങ്ങൾക്ക് അതിരുകളില്ല.

(തുടരും)