തയമ്മും

ഹുസൈന്‍ സലഫി

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

(രോഗം: വിശ്വാസികൾ അറിയേണ്ടത് - 5)

വെള്ളം ഉപയോഗിക്കാൻ പറ്റാത്ത രോഗിയാണെങ്കിൽ വുദൂഇനും കുളിക്കും പകരം തയമ്മും ചെയ്യാവുന്നതാണ്. ഇത് ഇസ്‌ലാം നൽകിയ ഇളവാണ്. വെള്ളം ഉപയോഗിക്കാൻ തീരെ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു; ഉപയോഗിച്ചാൽ മരണംവരെ സംഭവിച്ചേക്കാം. ഇത്തരം ഘട്ടത്തിൽ വെള്ളം ഉപയോഗിക്കാൻ പാടില്ല. കാരണം അത് സ്വയം അപകടം വരുത്തിവെക്കലാണ്. അല്ലാഹു പറയുന്നു:

“നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു’’ (സൂറതുന്നിസാഅ്: 29).

നബി ﷺ യുടെ കാലത്ത് നടന്ന ഒരു സംഭവം കാണുക: ജാബിർ(റ) നിവേദനം: “ഞങ്ങൾ ഒരു ദൂര യാത്രക്ക് പോയപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽപെട്ട ഒരാൾക്ക് തലയിൽ കല്ലുകൊണ്ട് ശക്തമായ മുറിവ് പറ്റി. അദ്ദേഹത്തിന് സ്വപ്‌ന സ്ഖലനവും സംഭവിച്ചു; കുളി നിർബന്ധമായി. അദ്ദേഹം ഒപ്പമുള്ള ആളുകളോട് ചോദിച്ചു: ‘എനിക്ക് കുളിക്കുന്നതിന് പകരം തയമ്മും ചെയ്യാൻ വല്ല ഇളവും നിങ്ങൾ കാണുന്നുണ്ടോ?’ അവർ പറഞ്ഞു: ‘നിങ്ങൾക്ക് ഒരു ഇളവുമില്ല.’ (തിരക്കുപിടിച്ച് അവർ മറുപടി പറഞ്ഞു). ‘വെള്ളമുണ്ടല്ലോ, നിങ്ങൾക്ക് വെള്ളമില്ലാത്ത അവസ്ഥയില്ലല്ലോ.’ (വെള്ളമുള്ള സന്ദർഭത്തിൽ തയമ്മും ചെയ്തുകൂടാ എന്ന് പറഞ്ഞപ്പോൾ) ആ മനുഷ്യൻ കുളിച്ചു. (അദ്ദേഹത്തിന് ആ അവസ്ഥയിൽ വെള്ളം ഉപയോഗിക്കാൻ പറ്റില്ലായിരുന്നു). അങ്ങനെ അയാൾ മരിച്ചുപോയി.’’

സ്വഹാബത്ത് പറയുന്നു: “യാത്ര കഴിഞ്ഞ് ഞങ്ങൾ നബി ﷺ യുടെ അടുക്കൽ മടങ്ങിയെത്തി. ഈ സംഭവം നബി ﷺ യോട് പറഞ്ഞപ്പോൾ (വളരെ ഗൗരവത്തോടുകൂടി) നബി ﷺ അവരോട് പറഞ്ഞു: ‘അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞല്ലോ. അവരെയും അല്ലാഹു കൊന്നുകളയട്ടെ! അവർക്ക് വിവരമില്ലെങ്കിൽ വിവരമുള്ളവരോട് ചോദിക്കാമായിരുന്നില്ലേ? വിവരക്കേടിന്റെ ശിഫാഅ് (ശമനം) ചോദ്യമാണല്ലൊ’’ (അബൂദാവൂദ്).

തയമ്മുമിന്റെ സന്ദർഭങ്ങൾ

തയമ്മും ചെയ്യാനുള്ള കാരണം പറഞ്ഞിടത്ത് അല്ലാഹു ആദ്യംതന്നെ പറഞ്ഞത് രോഗികളുടെ കാര്യമാണ്. അല്ലാഹു പറയുന്നു: “...നിങ്ങൾ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താൽ- അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്രവിസർജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പർക്കം നടത്തുകയോ ചെയ്തുവെങ്കിൽ-എന്നിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയതുമില്ലെങ്കിൽ നിങ്ങൾ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീർച്ചയായും അല്ലാഹു ഏറെ മാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാകുന്നു’’ (സൂറതുന്നിസാഅ്:43).

എന്തുകൊണ്ടാണ് തയമ്മും ചെയ്യേണ്ടത്?

ശുദ്ധമായ ഭൂമിയുടെ ഉപരിതലത്തിൽ എവിടെയും അടിക്കാം. മണ്ണും പൊടിയുമുള്ള ചുമരാണെങ്കിൽ അതിൻമേലും അടിക്കാം. ഒപ്പം കൊണ്ടുനടക്കാൻ കഴിയുന്നതാണ് ഏറ്റവും നല്ലത്. നബി ﷺ യുടെ മറ്റ് ചില വചനങ്ങളുടെ അടിസ്ഥാനത്തിൽ ശുദ്ധമായ മണ്ണ് തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായത്.

ആ മണ്ണിൽ എന്താണ് ചെയ്യേണ്ടത്?

നബി ﷺ പഠിപ്പിച്ചു തരുന്നു: ശുദ്ധമായ ഭൂമിയുടെ ഉപരിതലത്തിൽ രണ്ട് കൈകളുംകൊണ്ട് അടിക്കുക. എന്നിട്ട് അവകൊണ്ട് മുഖം മുഴുവനും തടവുക. രണ്ട് കൈപ്പടങ്ങളും തടവുക.

കുളിക്ക് പകരമോ വുദൂഇന് പകരമോ തയമ്മും ചെയ്യാം. രണ്ടിനും ഒരേ രൂപത്തിലാണ് തയമ്മും നിർവഹിക്കേണ്ടത്.

നബി ﷺ യുടെ കാലത്ത് ഒരു സ്വഹാബി കുളി നിർബന്ധമായ സന്ദർഭത്തിൽ മണ്ണിൽ കിടന്ന് ഉരുണ്ടു. അദ്ദേഹം മനസ്സിലാക്കിയത് കുളിക്ക് പകരം തയമ്മും ചെയ്യുമ്പോൾ ശരീരം മൊത്തം മണ്ണിൽ പുരളണം എന്നാണ്. അദ്ദേഹം നബി ﷺ യുടെ അരികിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ‘അതിെൻറ ആവശ്യമില്ല. ഇത്രമാത്രം മതി.’ എന്നിട്ട് നബി(സ) തയമ്മുമിന്റെ രൂപം കാണിച്ചുകൊടുത്തു. അവിടുത്തെ ഇരു കൈകൾകൊണ്ടും നിലത്തടിച്ചു. എന്നിട്ട് അവകൊണ്ട് മുഖം മുഴുവൻ തടവി. രണ്ട് കൈപ്പടങ്ങളും തടവി.

രണ്ട് അടി അടിക്കണമെന്നും കൈ മുട്ടുവരെ തടവണമെന്നും ചില റിപ്പോർട്ടുകളിൽ കാണാം. എന്നാൽ ഏറ്റവും പ്രബലമായത് ഒരു അടി അടിക്കുക, അതുകൊണ്ട് മുഖം മുഴുവനും തടവുക. (കൈയിൽ പൊടിയുണ്ടെങ്കിൽ ഊതിക്കളഞ്ഞ ശേഷം). അതുപോലെതന്നെ ഇരുകൈപ്പടങ്ങളും തടവുക. ഇത്ര ലളിതമാണ് തയമ്മുമിന്റെ രീതി.

തയമ്മും ചെയ്യേണ്ട അവസ്ഥയിലുള്ള രോഗിയുണ്ടെങ്കിൽ പരന്ന പാത്രത്തിൽ കുറച്ച് മണ്ണ് രോഗി കിടക്കുന്ന കട്ടിലിന്റെ അടിയിൽ വെച്ചാൽ മതി. സമയമാകുമ്പോൾ രോഗിക്ക് സ്വയം തയമ്മും ചെയ്യാം. കഴിയില്ലെങ്കിൽ ചെയ്തുകൊടുക്കാം. പരിചരിക്കുന്ന ആളുടെ രണ്ട് കൈകൊണ്ടും അടിച്ച് രോഗിയുടെ മുഖവും ഇരു കൈപ്പടങ്ങളും തടവിക്കൊടുക്കാം.

കാലോ കൈയോ ഒടിഞ്ഞ് പ്ലാസ്റ്ററിട്ടിരിക്കുന്നു. അല്ലെങ്കിൽ ഓപ്പറേഷൻ കഴിഞ്ഞ് കിടപ്പിലാണ്. മൊത്തമായോ ഭാഗികമായോ പലയിടത്തും ബാന്റേജിട്ടിരിക്കുന്നു, അല്ലെങ്കിൽ മുറിവുണ്ട്. ഇത്തരം ആളുകൾ ശരീരശുദ്ധി വരുത്താൻ എന്താണ് ചെയ്യേണ്ടത്?

മുറിവുകളുണ്ടെങ്കിൽ നാല് കാര്യങ്ങൾ നാം ശ്രദ്ധിക്കണം:

1. തുറന്ന മുറിവ് അവയവത്തിൽ കാണും. കഴുകുന്നതിന് കുഴപ്പമില്ലാത്ത മുറിവാണ്. കഴുകുന്നതിൽ ഡോക്ടർ തകരാറൊന്നും പറഞ്ഞിട്ടുമില്ല. എങ്കിൽ കഴുകൽതന്നെയാണ് നിർബന്ധം.

2. തുറന്ന് കാണുന്ന മുറിവുതന്നെയാണ്. പക്ഷേ, കഴുകാൻ പാടില്ല. വെള്ളം നനക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അപ്പോൾ വെള്ളമുള്ള കൈകൊണ്ട് രോഗിക്ക് വേദനയാകാത്ത നിലയ്ക്ക് തടവുകയാണ് വേണ്ടത്. പിന്നെ കഴുകേണ്ടതില്ല.

3. തുറന്ന് കാണുന്ന മുറിവുതന്നെയാണ്. പക്ഷേ, കഴുകാനും പറ്റില്ല; തടവാനും പറ്റില്ല. അനങ്ങാൻ പറ്റില്ല. എന്തു ചെയ്യും? ‘അപ്പോൾ ആ രോഗിക്ക് തയമ്മും ചെയ്തുകൊടുക്കണം.’

4. മുറിവ് കാണുന്നില്ല. കെട്ടിവെച്ചിരിക്കുന്നു. പ്ലാസ്റ്റർ മുഖേനയോ മറ്റോ കെട്ടിവെച്ചതാണെങ്കിൽ അതിൻമേൽ തടവിയാൽ മതി. തയമ്മും വേണ്ടതില്ല.

5. ഇനി തടവാനും കഴിയാത്ത രൂപത്തിലാണെങ്കിൽ ബാക്കിയുള്ള എല്ലാ ഭാഗങ്ങളും കൃത്യമായി കഴുകി ഇസ്‌ലാമികമായ മര്യാദകൾ പാലിച്ച് ആ രോഗിക്ക് വേണ്ടി തയമ്മും ചെയ്യുക.

ഒരു തയമ്മുംകൊണ്ട് ഒരു നിർബന്ധ നമസ്‌കാരമെ ചെയ്യാവൂ, സുന്നത്തുകൾ എത്രയും നമസ്‌കരിക്കാം എന്ന അഭിപ്രായം പണ്ഡിത ലോകത്തുണ്ട്. എന്നാൽ പ്രമാണങ്ങളുടെ വെളിച്ചത്തിൽ പ്രമുഖരായ പണ്ഡിതൻമാർ പ്രബലമാണെന്ന് പറഞ്ഞ അഭിപ്രായം തയമ്മും വുദൂവിനെ പോലെത്തന്നെയാണ് എന്നതാണ്. അതായത് ഒരു വുദൂഅ്‌കൊണ്ട് വുദൂഅ് മുറിയാത്തിടത്തോളം എത്ര ഫർദും നമസ്‌കരിക്കാമെന്നതുപോലെ ഒരു തയമ്മും മുഖേന ആ തയമ്മും മുറിയാത്തിടത്തോളം കാലം എത്രഫർദും നമസ്‌കരിക്കാം.

രോഗിയുടെ നമസ്‌കാരം

നമസ്‌കരിക്കുമ്പോൾ അതിന് ചില ശർത്തുകൾ (നിബന്ധനകൾ) ഉണ്ട്. അതിൽ പെട്ടതാണ് നമസ്‌കരിക്കുന്നവന്റെ ശരീരവും വസ്ത്രവും നമസ്‌കരിക്കുന്ന സ്ഥലവും മാലിന്യങ്ങളിൽനിന്ന് മുക്തമാവണം എന്നത്.

ഒരാൾക്ക് സ്വന്തമായി ശരീരം വൃത്തിയാക്കാൻ കഴിയുന്നില്ല, വസ്ത്രം മാറ്റാൻ കഴിയുന്നില്ല, കിടക്കുന്ന സ്ഥലത്തെ വിരിപ്പ് മാറ്റിയിടാൻ കഴിയുന്നില്ല. ഈ അവസ്ഥയിലുള്ളയാൾക്ക് പരിചരിക്കുന്നവർ അതെല്ലാം ചെയ്തുകൊടുക്കണം.

നമസ്‌കരിക്കുന്ന സ്ഥലത്ത് മാലിന്യമുണ്ട്. വൃത്തിയാക്കാൻ മാർഗമില്ല. എന്നാൽ അതിൻമേൽ വൃത്തിയുള്ള വേറെ തുണി വിരിച്ചിട്ടെങ്കിലും നമസ്‌കാരം നിർവഹിക്കണം. പണ്ഡിതൻമാർ പറയുന്നു:

“ശുദ്ധിയില്ല, വൃത്തിയില്ല എന്നു പറഞ്ഞ് നമസ്‌കാരം ഒഴിവാക്കൽ രോഗിക്ക് അനുവദനീയമല്ല. അവനും അവന്റെ വസ്ത്രവും നമസ്‌കരിക്കേണ്ട സ്ഥലവും കഴിവിന്റെ പരമാവധി ശുദ്ധീകരിച്ച്, അവന് വൃത്തിയാകാൻ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സമയത്ത് തയമ്മും ചെയ്തും അതിനും കഴിയാത്ത ഒരു സാഹചര്യമാണെങ്കിൽ എന്താണോ അവന്റെ സ്ഥിതി ആ സ്ഥിതിയിലും നമസ്‌കാരം നിർവഹിക്കണം.’’

മൂത്രവാർച്ചയുള്ള രോഗിയാണ്. കിടന്ന കിടപ്പിൽതന്നെ മൂത്രം പോവുകയാണ്. മൂത്രം പോകാൻ ട്യൂബിട്ടിരിക്കുകയാണ്. അതിെൻറ സഞ്ചി നീക്കാൻ പറ്റുകയില്ല. ഈ അവസ്ഥയിലും എങ്ങനെയാണോ നമസ്‌കരിക്കാൻ കഴിയുക, അങ്ങനെ നമസ്‌കരിക്കണം. എന്നാലും അയാൾ നമസ്‌കാരം ഒഴിവാക്കാൻ പാടില്ല.

സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന മൂന്നുതരം രക്തസ്രാവമുണ്ട്; പ്രസവരക്തം, ആർത്തവരക്തം, ഇസ്തിഹാളത്ത് എന്ന് അറബിയിൽ പറയുന്ന അപൂർവമായി ഉണ്ടാകുന്ന ബ്ലീഡിങ്ങ്. ഈ ബ്ലീഡിങ്ങ് എല്ലാ കാലത്തും തുടരുകയാണ്; എങ്കിൽ എന്തു ചെയ്യണം?

ഹംന ബിൻത് ജഹ്ഷി(റ)ന് ഈ അസുഖമുണ്ടായിരുന്നു. നബി ﷺ ഹംന(റ)യോട് പറഞ്ഞു: ‘ദുഹ്‌റിന്റെ സമയമാകുമ്പോൾ അപ്പോൾതന്നെ നമസ്‌കരിക്കാതെ ദുഹ്‌റിനെ അസ്വ്‌റിന്റെ സമയത്തേക്ക് പിന്തിക്കുക.’

ഈ അസുഖമുള്ള സ്ത്രീകൾ, നാലു മണിക്കാണ് അസ്വ‌്റ് ബാങ്ക് വിളിക്കുന്നതെങ്കിൽ ദുഹ്ർ നമസ്‌കാരം അസ്വ‌്റ് ബാങ്ക് കൊടുക്കാൻ അഞ്ച് മിനുട്ട് ഉണ്ടാകുമ്പോൾ നിർവഹിക്കണം. രക്തം ശരീരത്തിൽ വ്യാപിക്കാതിരിക്കാൻ ഭദ്രമായി കെട്ടിവെക്കാൻ ശ്രദ്ധിക്കണം. മൂത്രവാർച്ചക്കാരും മൂത്രം ശരീരത്തിലേക്കും നിസ്‌കരിക്കുന്ന സ്ഥലത്തേക്കും ആകാതിരിക്കാൻ അത് കെട്ടിവെച്ചും മറ്റും സുരക്ഷിത മാർഗം സ്വീകരിച്ചും ദുഹ്‌റിന്റെ സമയം അവസാനിക്കാറായ സമയത്ത് അസ്വ‌്റിന്റെ തൊട്ടുമുമ്പ് നമസ്‌കരിക്കേണ്ടതാണ്. അത് കഴിഞ്ഞാലുടൻ അസ്വ‌്റ് ബാങ്ക് വിളിക്കും. ഉടൻ അസ്വ്‌റും നമസ്‌കരിക്കുക. (അതുപോലെ) മഗ്‌രിബ് പിന്തിപ്പിക്കുക. ഇശാഅ് പെട്ടെന്നും നമസ്‌കരിക്കുക.

മഗ്‌രിബ് ഉടനെ നമസ്‌കരിക്കാതെ ഇശാഇന്റെ ബാങ്ക് കൊടുക്കുന്നതിന്റെ തൊട്ടു മുമ്പായി നമസ്‌കരിക്കുക. ബാങ്ക് വിളിച്ചാലുടൻ ഇശാഉം നമസ്‌കരിക്കുക. ഈ നിലയ്ക്ക് ജംഅ് ചെയ്യുന്നതിന് അറബിയിൽ ‘ജംഉ തഅ്ഖീർ’ എന്ന് പറയുന്നു.

ഇത് മൂത്രവാർച്ചയുള്ള രോഗികൾ, മാസമുറയല്ലാത്ത ബ്ലീഡിങ്ങുള്ള സ്ത്രീകൾ, രക്തം മറ്റു കാരണത്താൽ ഒലിച്ചുകൊണ്ടിരിക്കുന്നവർ, കീഴ്‌വായു നിരന്തരമായി പോയിക്കൊണ്ടിരിക്കുന്നവർ തുടങ്ങിയവർക്കെല്ലാം ചെയ്യാവുന്നതാണ്.

രോഗിയെ സംബന്ധിച്ചിടത്തോളം ജംആക്കുവാനും ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്.

രോഗികൾക്ക് രണ്ടു നേരത്തുള്ള നമസ്‌കാരം ജംആക്കാം. തൊട്ടടുത്തുള്ള രണ്ടു നമസ്‌കാരങ്ങൾ ഏതെങ്കിലും ഒന്നിന്റെ സമയത്ത് നമസ്‌കരിക്കുന്നതിനാണ് ‘ജംഅ്’ എന്ന് പറയുന്നത്. ദുഹ്‌റും അസ്വ്‌റും ദുഹ്‌റിന്റെ സമയത്തോ അസ്വ്‌റിന്റെ സമയത്തോ നിർവഹിക്കാം. മഗ്‌രിബിന്റെ സമയത്തേക്ക് മുന്തിച്ച് ഇശാഅ് നമസ്‌കരിക്കാം. അല്ലെങ്കിൽ ഇശാഇന്റെ സമയത്തേക്ക് മഗ്‌രിബിനെ പിന്തിക്കാം. ദുഹ്‌റിന്റെ സമയത്ത് അസ്വ്‌റും കൂടി നമസ്‌കരിക്കുന്നതിന് ‘ജംഉ തക്വ്‌ദീം (മുന്തിച്ച് കൂട്ടിനമസ്‌കരിക്കൽ) എന്ന് പറയുന്നു. ദുഹ്‌റിനെ അസ്വ‌്റ്‌ന്റെ സമയത്തേക്ക് പിന്തിപ്പിച്ച് ആദ്യം ദുഹ്‌റും പിന്നീട് അസ്വ്‌റും നമസ്‌കരിക്കുന്നതിന് ‘ജംഉ തഅ്ഖീർ’ (പിന്തിച്ച് കൂട്ടിനമസ്‌കരിക്കൽ) എന്നും പറയുന്നു. മഗ്‌രിബും ഇശാഉം തമ്മിലും ദുഹ്‌റും അസ്വ്‌റും തമ്മിലും മാത്രമെ ഇങ്ങനെ ജംഅ് ചെയ്യാൻ പാടുള്ളൂ. അസ്വ്‌റും മഗ്‌രിബും തമ്മിലും ഇശാഉം സ്വുബ്ഹിയും തമ്മിലും ജംഅ് ചെയ്യാൻ പാടില്ല. അതുപോലെ സ്വുബ്ഹിയും ദുഹ്‌റും തമ്മിൽ ജംഅ് ചെയ്യാൻ പാടില്ല.

ഇത് അല്ലാഹു അനുവദിച്ച് തന്നിട്ടുള്ള ഇളവാണ്. ഇക്കാര്യം രോഗികൾ മനസ്സിലാക്കണം. അവർക്ക് അറിയില്ലെങ്കിൽ അറിയുന്നവർ പറഞ്ഞുകൊടുക്കണം.

മഴയുള്ള സന്ദർഭത്തിലും ഇങ്ങനെ ജംഅ് ചെയ്ത് നമസ്‌കരിക്കാം. മഴയില്ല, ഭയത്തിന്റെ സന്ദർഭവുമല്ല, യാത്രയിലുമല്ല. എന്നിട്ടും നബി ﷺ അപൂർവം ചില ഘട്ടങ്ങളിൽ ഇങ്ങനെ ജംആക്കിയിട്ടുണ്ടെന്ന് നമുക്ക് ഹദീസുകളിൽ കാണാം:

“ദുഹ്‌റും അസ്വ്‌റും ഒന്നിച്ചും മഗ്‌രിബും ഇശാഉം ഒന്നിച്ചും മദീനയിൽ വെച്ച് നബി ﷺ (ജംആക്കി) നമസ്‌കരിച്ചിട്ടുണ്ട്. (അത്) മഴയുള്ളതുകൊണ്ടോ ഭയമുള്ളതുകൊണ്ടോ ആയിരുന്നില്ല’’ (മുസ്‌ലിം).

ഇബ്‌നു അബ്ബാസ്(റ) ചോദിക്കപ്പെട്ടു: “പിന്നെ എന്തിനാണ് അല്ലാഹുവിന്റെ റസൂൽ അങ്ങനെ ചെയ്തത്?’’ അദ്ദേഹം മറുപടി പറഞ്ഞു: “ഈ സമുദായത്തിൽ ഒരാളും വിഷമിക്കാൻ പാടില്ല. അതിനാൽ തന്നെ രോഗിയായി കിടക്കുന്ന ആളുകൾക്ക് ജംആക്കാൻ അവസരമുണ്ട്.’’

ജംഉം ക്വസ്‌റും ആക്കി നമസ്‌കരിക്കൽ യാത്രക്കാർക്കുള്ളതല്ലേ, രോഗിക്ക് പറ്റുമോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. രോഗികൾക്ക് ജംആക്കാം. എന്നാൽ പറ്റാത്തത് ക്വസ്‌റാക്കലാണ്. നാലു റക്അത്തുള്ള നമസ്‌കാരങ്ങൾ രണ്ടു റക്അത്താക്കി ചുരുക്കി നമസ്‌കരിക്കുന്നതിനാണ് ‘ക്വസ്ർ’ എന്ന് പറയുന്നത്. മഗ്‌രിബ് ക്വസ്‌റാക്കാൻ പാടില്ല. കാരണം അത് മൂന്നു റക്അത്താണ്. സ്വുബ്ഹി ക്വസ്‌റാക്കാൻ പാടില്ല. അത് രണ്ടു റക്അത്താണ്. ദുഹ്‌റ്, അസ്വ്‌റ്, ഇശാഅ് എന്നിവ രണ്ടാക്കി ചുരുക്കി നമസ്‌കരിക്കാം. ഇൗ ഇളവ് രോഗിക്ക് ഇല്ല; നാട്ടിൽ താമസിക്കുന്ന രോഗിയാണെങ്കിൽ. യാത്രക്കാരനെങ്കിൽ ഇളവുണ്ട്. എന്നാൽ യാത്രക്കാരനും അല്ലാത്തവർക്കും ജംആക്കാം. യാത്രക്കാരന് ജംഉമാക്കാം, ക്വസ്‌റുമാക്കാം.

(തുടരും)