രോഗിയുടെ നമസ്‌കാരം

ഹുസൈന്‍ സലഫി

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

(രോഗം: വിശ്വാസികൾ അറിയേണ്ടത് - 6)

മറവി, ഉറക്കം കാരണത്താൽ നമസ്‌കാരം നഷ്ടപ്പെട്ടവർ എന്തു ചെയ്യണം?

എപ്പോഴാണോ ഓർമ വന്നത്, എപ്പോഴാണോ ഉണർന്നത് അപ്പോൾ തന്നെ നമസ്‌കാരം നിർവഹിക്കണം. ഏതായാലും സ്വുബ്ഹിയുടെ സമയം തെറ്റി, ഇനി ദുഹ്‌റിന്റെ സമയത്താകാം എന്നു പറഞ്ഞ് നീട്ടിവെക്കാൻ പാടില്ല. ദുഹ്‌റിന്റെ സമയത്ത് ‘ഖളാഅ് വീട്ടുന്ന’ പരിപാടി ശരിയല്ല.

“ആരെങ്കിലും തന്റെ നമസ്‌കാരം മറന്ന് പോയാൽ, അല്ലെങ്കിൽ ഉറങ്ങിപ്പോയാൽ ഓർമ വന്നാൽ ഉടൻ അവൻ നമസ്‌കരിക്കട്ടെ. അതല്ലാത്ത പ്രായശ്ചിത്തമൊന്നും അവന് ചെയ്യാനില്ല.’’

നാല് ദിവസത്തിൽ ചുരുങ്ങിയ ദിവസം കഴിച്ച് കൂട്ടുമ്പോഴാണ് യാത്രക്കാർക്ക് ഈ ഇളവ് സ്വീകരിക്കാൻ നല്ലത്. ഒരു മാസത്തെ ചികിത്സയുണ്ട്. അകലെയുള്ള ആശുപത്രിയിൽ അഡ്മിറ്റാണ്. അങ്ങനെ വരുമ്പോൾ അയാൾ ഈ ഇളവുകൾ സ്വീകരിക്കാതിരിക്കലാണ് നല്ലത്. അയാൾ പൂർണമായി തന്നെ നമസ്‌കരിക്കുക. എന്നാൽ ഒരാൾ അഡ്മിറ്റായി. എപ്പോഴാണ് ഡിസ്ചാർജാവുക എന്നറിയുകയുമില്ല. എങ്കിൽ അയാൾ എത്ര കാലമാണോ അങ്ങനെ കിടക്കുന്നത് അത്രയും കാലം അയാൾക്ക് യാത്രക്കാരന്റെ ഇളവ് ഉപയോഗപ്പെടുത്താം.

രോഗിയുടെ നമസ്‌കാരം

എങ്ങനെയാണ് രോഗി നമസ്‌കരിക്കേണ്ടതെന്ന് നബി ﷺ  പറഞ്ഞു:

“നീ നിന്നുകൊണ്ട് നമസ്‌കരിക്കുക. നിനക്കതിന് സാധ്യമല്ലെങ്കിൽ ഇരുന്നുകൊണ്ട് നമസ്‌കരിക്കുക. അതിനും സാധ്യമല്ലെങ്കിൽ കിടന്നുകൊണ്ട് നമസ്‌കരിക്കുക.’’

പരവശനായ ഒരു രോഗിയോട് നബി ﷺ  പറഞ്ഞു: “...അതിനും കഴിയില്ലെങ്കിൽ ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്ന് നമസ്‌കരിക്കുക’’ (നസാഈ).

നിൽക്കാനും ഇരിക്കാനും കഴിയുന്നില്ലെങ്കിൽ കിടക്കുന്ന അവസ്ഥയിൽതന്നെ നമസ്‌കരിക്കുക. കാരണം അല്ലാഹു നമ്മുടെ കഴിവിൽ പെടാത്തത് ചെയ്യാൻ കൽപിച്ചിട്ടില്ല.

“...അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതിനപ്പുറം കൽപിക്കുന്നില്ല...’’ (സൂറതുൽ ബക്വറ:286).

പലരും ചെറിയ പ്രയാസമുണ്ടാകുമ്പോഴേക്കും നമസ്‌കാരം കസേരയിൽ ഇരുന്നാക്കും. വടിയിൽ ഊന്നിയോ, അല്ലെങ്കിൽ ചുമരിലേക്കോ തൂണിലേക്കോ ചാരിയോ നിൽക്കാൻ കഴിയുമെങ്കിൽ നിൽക്കുക തന്നെയാണ് വേണ്ടത്. നിൽക്കാൻ പരമാവധി ശ്രമിക്കണം. അതിന് കഴിയില്ലെങ്കിലേ ഇരിക്കാവൂ.

സാധ്യമായ ഏതെങ്കിലും രൂപത്തിൽ ഇരിക്കുക. അതിനും കഴിയുകയില്ലെങ്കിൽ കിടന്നുകൊണ്ട് നമസ്‌കരിക്കുക. മുഖം ക്വിബ്‌ലയിലേക്ക് ആക്കി വലതുവശം ചെരിഞ്ഞ് കിടക്കുക. അതിനും കഴിയുകയില്ലെങ്കിൽ ഇടതുവശം ചെരിഞ്ഞുകിടന്ന് ക്വിബ്‌ലയുടെ ഭാഗത്തേക്ക് തിരിയുക. അതിനും കഴിയില്ലെങ്കിൽ മലർന്നു കിടന്നുകൊണ്ട് രണ്ടു കാലും ക്വിബ്‌ലയുടെനേരെ നീട്ടിവെച്ച്, സാധിക്കുമെങ്കിൽ തല ഒന്ന് ഉയർത്തിവെച്ച് ക്വിബ്‌ലയുടെ ഭാഗത്തേക്ക് മുഖമാക്കിയിട്ട് ആ കിടപ്പിൽ നമസ്‌കരിക്കണം. ആ കിടപ്പിൽ എല്ലാം അയാൾ മനസ്സിൽ കൊണ്ടുവരികയാണ് വേണ്ടത്. ദുഹ്ർ നമസ്‌കരിക്കുകയാണെങ്കിൽ അക്കാര്യം മനസ്സിൽ കരുതുക. ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞുകൊണ്ട് കൈ കെട്ടുക. കൈ അനക്കാൻ കഴിയില്ലെങ്കിൽ നീണ്ടുനിവർന്നുകിടന്ന് അതും മനസ്സിൽ കൊണ്ടു വന്നാൽ മതി. തുടർന്ന് പ്രാരംഭ പ്രാർഥന ചൊല്ലി, ഫാതിഹ ഓതി, സൂറത്ത് ഓതി അല്ലാഹു അക്ബർ എന്ന് പറയുക. പിന്നീട് മനസ്സുകൊണ്ട് റുകൂഅ് ചെയ്യണം. അങ്ങനെ നമസ്‌കാരത്തിലെ ഓരോ കർമവും മനസ്സുകൊണ്ട് ചെയ്യുക. ഓരോ കർമവും ശരീരംകൊണ്ട് ചെയ്യാൻ കഴിയുന്നത്ര ചെയ്യുക. ഈ രൂപത്തിലെങ്കിലും നമസ്‌കാരം നിർവഹിച്ചേ പറ്റൂ.

ശരീരം അനക്കാൻ കഴിയാത്തയാളുടെ കണ്ണ് മാത്രം ചലിക്കുന്നുവെങ്കിൽ കൺപോളകൾ കൊണ്ട് റുകൂഉം സുജൂദും ചെയ്യണമെന്നാണ് പണ്ഡിതൻമാർ പറഞ്ഞിട്ടുള്ളത്. കൺപോള ഉയർത്തി കണ്ണടച്ച് റുകൂഉം സുജൂദുകളും ചെയ്യുക. ഇങ്ങനെ ആംഗ്യം കാണിച്ചുകൊണ്ടെങ്കിലും കിടന്ന കിടപ്പിൽ അയാൾ നമസ്‌കരിക്കണം.

ഇരുന്നുകൊണ്ട് നമസ്‌കരിക്കുമ്പോൾ, എങ്ങനെയാണോ അയാൾക്ക് റുകൂഅ് ചെയ്യാൻ കഴിയുക അങ്ങനെ റുകൂഅ് ചെയ്യണം. നിലത്തിരുന്നുകൊണ്ടാണ് നമസ്‌കരിക്കുന്നതെങ്കിൽ, നിലത്ത് സുജൂദ് ചെയ്യാൻ കഴിയുമെങ്കിൽ സുജൂദിലേക്ക് അയാൾ പോകണം. നമസ്‌കരിക്കാൻ കസേരയിൽ ഇരിക്കുമ്പോൾ സുജൂദ് ചെയ്യാൻ മുമ്പിലൊരു ടേബിൾ വെച്ചുകൊടുക്കാറുണ്ട്. അതിന്റെ ആവശ്യമില്ല. നബി ﷺ  അത് പഠിപ്പിച്ചിട്ടില്ല. ഒരു രോഗിക്ക് സുജൂദ് ചെയ്യാൻ തലയിണ പൊക്കിവെച്ച് കൊടുത്തപ്പോൾ അത് നീക്കാനാണ് റസൂൽ ﷺ  പറഞ്ഞത്. അങ്ങനെ ഒരു വസ്തുവിൻമേലും സുജൂദ് ചെയ്യേണ്ടതില്ല. എങ്ങനെയാണോ റുകൂഅ് ചെയ്തത്, അതിനെക്കാൾ മുന്നോട്ടാഞ്ഞ് അവൻ സുജൂദ് ചെയ്യണം.

ഒരു രോഗി, അയാൾക്ക് നിന്ന് നമസ്‌കരിക്കാൻ കഴിയും. പക്ഷേ, അയാൾക്ക് റുകൂഇലേക്ക് മുതുക് വളയുന്നില്ല. സുജൂദിനും കഴിയില്ല. എങ്കിൽ അയാൾ നിന്നുകൊണ്ട് നമസ്‌കരിക്കണം. റുകൂഇലേക്ക് അൽപം കുനിയാൻ സാധിക്കുമെങ്കിൽ കുനിയുക. അയാൾക്ക് മുന്നോട്ട് കുനിയാൻ എത്ര പറ്റുമോ അങ്ങനെ ഒന്നുകൂടി മുന്നോട്ട് കുനിഞ്ഞ് സുജൂദ് ചെയ്യുക. അങ്ങനെ അയാൾ നമസ്‌കാരം പൂർത്തിയാക്കണം. നമസ്‌കാരം ഒഴിവാക്കാൻ ഈ അസൗകര്യങ്ങളൊന്നും കാരണമല്ല. ഇങ്ങനെയാണ് നബി  ﷺ  ഗൗരവത്തോടെ പഠിപ്പിച്ചുതന്നിട്ടുള്ളത്.

ചില രോഗികൾ ഓപ്പറേഷന് വിധേയരാകും. അനസ്‌തേഷ്യ കൊടുത്തതിനാൽ ബോധമില്ലാത്ത അവസ്ഥയുണ്ടാകും. ബോധം തെളിയാൻ ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ പിടിച്ചേക്കാം. അപ്പോൾ കുറെ നമസ്‌കാരങ്ങൾ നഷ്ടപ്പെടും. അയാൾ എന്തുചെയ്യണം?

അയാൾക്ക് ബോധം തെളിഞ്ഞാൽ ക്രമപ്രകാരം നഷ്ടപ്പെട്ട നമസ്‌കാരങ്ങൾ നിർവഹിക്കണം. അബോധാവസ്ഥയിൽ രോഗിക്ക് നമസ്‌കാരം നിർബന്ധമില്ല. കാരണം, ഈ അബോധാവസ്ഥ രോഗിക്ക് സ്വയം ഉണ്ടായതല്ല. ഉറക്കിന്റെ വിധിയാണ് ഇതിനുള്ളത്. ഉറങ്ങുന്നവൻ ഉണർന്നാലാണ് അവന് നമസ്‌കാരമുള്ളത്. ഉറക്കത്തിൽ നഷ്ടപ്പെട്ട നമസ്‌കാരം വീണ്ടെടുക്കുന്നതുപോലെ ബോധം നഷ്ടപ്പെട്ടവൻ ബോധം വന്നാൽ നമസ്‌കരിക്കണം.

നാലോ അഞ്ചോ മണിക്കൂറെടുത്തു ഓപ്പറേഷൻ തീരാൻ. ബോധം വന്നപ്പോൾ പിറ്റേന്ന് ദുഹ്‌റായിട്ടുണ്ട്. അതിനിടയിൽ എത്ര വക്വ്‌ത്\നമസ്‌കാരം അയാൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ അതെല്ലാം ക്രമത്തിൽ നിർവഹിക്കണം. അയാൾക്ക് കൃത്യമായി ഓർമയുണ്ടാകില്ല. പരിചാരകർ അത് പറഞ്ഞുകൊടുക്കണം.

‘ഇങ്ങനെയുള്ള അവസ്ഥയിലും നമസ്‌കരിക്കാൻ പറയുകയോ’ എന്നു പറഞ്ഞ് പലരും നെറ്റിചുളിക്കും. എന്നാൽ മനസ്സിലാക്കുക; ഇത് ഗൗരവമുള്ള വിഷയമാണ്. ഹോസ്പിറ്റലിലാണെങ്കിലും വീട്ടിലാണെങ്കിലും ഇത് പറഞ്ഞുകൊടുക്കാൻ ഇന്ന് ആരുമില്ല. സന്ദർശകരൊക്കെ ചികിത്സയെ പറ്റിയും മറ്റും വിശദമായി ചോദിച്ചറിയും. എന്നാൽ നമസ്‌കാരത്തെ കുറിച്ച് ചോദിക്കില്ല. അയാൾക്ക് സാധിക്കുന്ന രൂപത്തിൽ നമസ്‌കരിച്ചാൽ മതി. എന്നിട്ടും അത് വലിയ ഭാരമായി ചിലർ കാണുന്നു.

മനപ്പൂർവം ഒരു നമസ്‌കാരം ഒരാൾ ഒഴിവാക്കുകയാണെങ്കിൽ അതിനെ വീണ്ടെുടുക്കാൻ കഴിയുകയില്ലായെന്നത് തിരിച്ചറിയുക. അതിനാൽ നമസകാരത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തുക. ഇസ്‌ലാമിക നിയമങ്ങൾ കാത്തുസൂക്ഷിച്ച് ജീവിക്കാൻ അല്ലാഹു തൗഫീക്വ് നൽകുമാറാകട്ടെ. രോഗം ആർക്കും എപ്പോഴും സംഭവിക്കാവുന്നതാണ്. രോഗിയായിക്കഴിഞ്ഞാൽ ക്ഷമയവലംബിച്ച്, മരുന്ന് കഴിച്ച്, പ്രാർഥനയോടെ, അല്ലാഹുവിൽ ഭരമേൽപിച്ച് കഴിയുക. രോഗം വരാതിരിക്കാൻ നാം അല്ലാഹുവിനോട് നിരന്തരം പ്രാർഥിക്കുക. രോഗികൾക്ക് വേണ്ടി പ്രാർഥിക്കുക. എല്ലാ വേദനകൾക്കും സഹനങ്ങൾക്കും വലിയ പ്രതിഫലമുണ്ടെന്ന് നാം മനസ്സിലാക്കിയല്ലോ. മാരകമായ രോഗങ്ങളിൽനിന്നും അല്ലാഹു നമ്മെയെല്ലാം സംരക്ഷിക്കുമാറാകട്ടെ.

(അവസാനിച്ചു)