ശിയായിസത്തിന്റെ വികൃത വിശ്വാസങ്ങളും സമസ്തയുടെ ആശീര്‍വാദവും

മൂസ സ്വലാഹി കാര

2022 ഏപ്രിൽ 09, 1442 റമദാൻ 07

കളവും ദുഷ്പ്രചാരണവും മുഖേന ഇസ്‌ലാമിനെതിരെ അതിന്റെ വിരോധികള്‍ പ്രയാണം തുടരുകയാണ്. ദൃഢവിശ്വാസത്തോടെയും പൊള്ളവാദങ്ങളെ തിരിച്ചറിഞ്ഞും പ്രാമാണികമായും അതിനെ പ്രതിരോധിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. സത്യവും അസത്യവും പ്രാമാണികമായി സമൂഹത്തില്‍ വിശദീകരിക്കപ്പെടുന്നത് നിരര്‍ഥകാശയങ്ങളുടെ ഒത്താശകര്‍ക്ക് ഒട്ടും ദഹിക്കുന്നില്ല. ഇസ്‌ലാമിന്റെ നാശം കൊതിച്ച് വിയര്‍ത്തോടുകയാണവര്‍. മക്കയിലും മദീനയിലും നബി ﷺ ക്ക് നേരിടേണ്ടിവന്ന ശത്രുക്കളുടെയും എതിര്‍പ്പുകളുടെയും രൂപപ്പകര്‍പ്പാണ് ലോകത്തുള്ള ശിയാക്കളും അനുബന്ധ കക്ഷികളും അവരുടെ പ്രവര്‍ത്തനങ്ങളും.

സത്യത്തിന്റെ വെളിച്ചത്തെ ഊതിക്കെടുത്താന്‍ തുനിഞ്ഞവര്‍ക്ക് ക്വുര്‍ആന്‍ നല്‍കിയ മറുപടി എന്നെന്നേക്കുമുള്ളതാണ്. അല്ലാഹു പറയുന്നു: ‘‘താന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെപേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. അവര്‍ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. സന്‍മാര്‍ഗവും സത്യമതവുംകൊണ്ട് എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി’’ (ക്വുര്‍ആന്‍ 61:79).

‘ഒരാള്‍ തൗഹീദിലേക്കും ഇഖ്‌ലാസിലേക്കും ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെമേല്‍ കളവ് കെട്ടിച്ചമക്കുകയും അവന് പങ്കുകാരെയും സമന്മാരെയും ഉണ്ടാക്കുന്നവനെക്കാള്‍ വലിയ അക്രമിയായി ആരുമില്ല’ എന്നതാണ് ഈ വചനത്തിന്റെ താല്‍പര്യമെന്ന് ഇബ്‌നു കസീര്‍(റഹി)പറഞ്ഞിട്ടുണ്ട്.

മരണപ്പെട്ടവരെ ജീവിപ്പിക്കുക എന്ന അല്ലാഹുവിന്റെ മാത്രമായിട്ടുള്ള കഴിവ് ശിയാക്കള്‍ അവരുടെ ഇമാമുമാര്‍ക്കുള്ളതായി വാദിക്കുകയും അവരുടെ അമാനുഷികതയായി അതിനെ കണക്കാകുയും ചെയ്യുന്നു.

കുലൈനിയുടെ ‘ഉസ്വൂലുല്‍ കാഫി,’ മജ്‌ലിസിയുടെ ‘ബിഹാറുല്‍ അന്‍വാര്‍,’ അബൂ ജഅ്ഫര്‍ ഫറൂഖിന്റെ ‘ബസ്വാഇറുദ്ദറജാത്,’ ക്വുതുബുദ്ദീന്‍ റാവന്തിയുടെ ‘അല്‍ഖറാഇജ് വല്‍ ജറാഇഹ്’ എന്നീ ഗ്രന്ഥങ്ങളില്‍ അലി(റ)യെ സംബന്ധിച്ച് എഴുതിയത് കാണുക:

‘ബനൂ മഖ്‌സൂമില്‍പെട്ട ഒരു യുവാവിന്റെ ക്വബ്‌റിന്മേല്‍ അലി(റ) കാലുകൊണ്ട് ചവിട്ടിയപ്പോള്‍ അയാള്‍ ക്വബ്‌റില്‍നിന്ന് പുറത്തുവന്നു.’ ‘ജബാന മക്വ‌്ബറയിലുള്ളവരെ മുഴുവനായും അദ്ദേഹം ജീവിപ്പിച്ചു.’ ‘അദ്ദേഹം കല്ലിന്മേല്‍ അടിച്ചപ്പോള്‍ നൂറ് ഒട്ടകം പുറത്തുവന്നു.’ ‘ആദിമരെയും അവസാനക്കാരെയും ജീവിപ്പിക്കണമെന്ന് അബുല്‍ ഹസന്‍ അല്ലാഹുന്റെമേല്‍ സത്യം ചെയ്തിരുന്നെങ്കില്‍ അവര്‍ ജീവിക്കും.’

സമസ്തക്കാര്‍ സ്‌നേഹാദരങ്ങളോടെ പ്രദര്‍ശിപ്പിക്കുന്ന വ്യാജ ഔലിയാക്കള്‍ക്കും ഇതേ പ്രത്യേകതയുള്ളതായി അവര്‍ അവകാശപ്പെടുന്നു!

‘‘ചില കറാമത്തുകള്‍: മരിച്ചവരെ ജീവിപ്പിക്കല്‍, മരണാനന്തര സംസാരം, സമുദ്രജലം പിളര്‍ന്ന് നില്‍ക്കുക, ഉറച്ച് കട്ടിയാവുക, അതിന്മേല്‍ സഞ്ചരിക്കുക, നിര്‍ജീവികളുടെ സംസാരം, ഉദ്ദിഷ്ട ഭൂമി കണ്‍മുമ്പില്‍, രോഗികളെ സുഖപ്പെടുത്തല്‍’’ (സുന്നത്ത് മാസിക/1987 ഡിസംബര്‍ /പേജ് 12).

ഒരിക്കല്‍ ക്രിസ്തീയ പുരോഹിതന്‍ പരീക്ഷണാര്‍ഥം ശൈഖ് ജീലാനി(റ)യോട് ഇപ്രകാരം വാദിച്ചു: ‘ലോകത്ത് ഏറ്റവും ശ്രേഷ്ഠനും ഉന്നതനുമായ മനുഷ്യന്‍ യേശുദേവനാണ്. അദ്ദേഹം മരിച്ചയാളെ ജീവിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ നബി മുഹമ്മദ് അങ്ങനെ ചെയ്തിട്ടില്ലല്ലോ.’ ബുദ്ധിമാനായ ശൈഖവര്‍കള്‍ തിരിച്ചടിച്ചു: ‘ഈസാ നബി(അ) അങ്ങനെ ചെയ്തത് അല്ലാഹുവിന്റെ അനുമതികൊണ്ടാണല്ലോ. ആയതു കൊണ്ട് എന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യുടെ സമുദായത്തിലെ വെറും ഒരു വ്യക്തി മാത്രമായ ഞാന്‍ എന്റെ അനുമതികൊണ്ട് മരണപ്പെട്ടവരെ ജീവിപ്പിച്ചാല്‍ എന്റെ പ്രവാചകനാണ് ലോകത്തിലെ അത്യുന്നത വ്യക്തിയെന്ന് നിങ്ങള്‍ അംഗീകരിക്കുമോ?’ പുരോഹിതന്‍ സമ്മതിച്ചു. രണ്ടുപേരും കൂടി ശവപ്പറമ്പിലേക്ക് പോയി. ധാരാളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടുപോയ ഒരു ക്വബ്റ് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഇയാളെ ജീവിപ്പിക്കണം.’ ഉടന്‍ ജീലാനി(റ) അദ്ദേഹത്തിന്റെ പേര്‍ വിളിച്ചുകൊണ്ട് പറഞ്ഞു: ‘യാ ഫുലാന്‍ ക്വും ബി ഇദ്‌നീ.’ തല്‍സമയം ക്വബ്‌ർ പൊട്ടിപ്പിളര്‍ന്ന് അകത്തുള്ളയാള്‍ പുറത്തുവന്നു’’ (രിസാല/1992 ഒക്ടോബര്‍/പേജ് 13).

‘‘മരിച്ചവരെ ജീവിപ്പിക്കല്‍ നിരവധി ഔലിയാക്കളില്‍നിന്നുണ്ടായ കറാമത്താണ്. ഒരിക്കല്‍ ശൈഖിന്റെ (അഹ്‌മദല്‍ബദവി) സന്നിധിയിലേക്ക് തന്റെ മരിച്ച ചെറിയ മകനെയും എടുത്ത് ഒരു സ്ത്രീ കരഞ്ഞുകൊണ്ട് വന്നു പറഞ്ഞു: ‘യാ സയ്യിദീ, എന്റെ കുട്ടിയെ നിങ്ങളില്‍നിന്നല്ലാതെ എനിക്കറിയില്ല.’ അവളെ തടയാന്‍ അനുയായികള്‍ ശ്രമിച്ചെങ്കിലും അവര്‍ക്കതിന് കഴിഞ്ഞില്ല. അവള്‍ പറഞ്ഞു: ‘അല്ലാഹുവിനെയും റസൂലിനെയും മുന്‍നിര്‍ത്തി ഞാന്‍ നിങ്ങളിലേക്ക് തവസ്സുലാക്കുന്നു.’ ഉടനെ ശൈഖവര്‍കള്‍ ആ കുട്ടിയിലേക്ക് കൈ നീട്ടി ദുആ ചെയ്തു. ഉടനെത്തന്നെ അല്ലാഹു നബി(സ)യുടെ ബറകത്തിനാലും ശൈഖിന്റെ ദുആയുടെ ബറകത്തിനാലും കുട്ടിയെ ജീവിപ്പിച്ചു’’ (ഖസസുല്‍ ഔലിയാഅ്/ശമീര്‍ മഹ്‌ളരി നെടിയനാട്/പേജ് 32).

ജീവിപ്പിക്കുക, മരിപ്പിക്കുക എന്നത് അല്ലാഹുവിന്റെ മാത്രം കഴിവും അവകാശവുമാണ്. ആര്‍ക്കെങ്കിലൊമൊക്ക അത് സ്വതന്ത്രമായി നല്‍കുക എന്നത് അസംഭവ്യമാണ്. അല്ലാഹു പറയുന്നു: ‘‘നിര്‍ജീവമായതില്‍നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ടുവരുന്നു. ജീവനുള്ളതില്‍നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ടുവരുന്നു. ഭൂമിയുടെ നിര്‍ജീവാവസ്ഥയ്ക്കുശേഷം അതിന്നവന്‍ ജീവന്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ടുവരപ്പെടും’’ (ക്വുര്‍ആന്‍ 30:19).

പ്രവാചകന്മാരില്‍ ചിലര്‍ക്ക് അവരുടെ കാലഘട്ടത്തിന് അനുയോജ്യമായി നല്‍കപ്പെട്ട ചില ദൃഷ്ടാന്തങ്ങളുണ്ട്. ഈസാ നബി(അ)യുടെ വാക്കായി അല്ലാഹു പറയുന്നു: ‘‘അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ടുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും’’(3:49).

ഇതിനെ മറയാക്കിയാണ് പുരോഹിതന്മാര്‍ സ്വന്തം ഔലിയാക്കള്‍ അവരുടെ അനുമതിയോടെതന്നെ മരിച്ചവരെ ജീവിപ്പിക്കുമെന്ന് ജല്‍പിക്കുന്നത്. പ്രവാചകന്മാരെക്കാള്‍ ഇവരെ മഹാന്മാരായി കണക്കാക്കുകയാണിവര്‍!

മുഹമ്മദ് നബി ﷺ തനിക്ക് ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിയുമെന്നല്ല പ്രഖ്യാപിച്ചത്. അല്ലാഹു പറയുന്നു: ‘‘പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍, നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം’’ (ക്വുര്‍ആന്‍ 7:158).

വിശ്വാസ കാര്യങ്ങളെ കാര്യമായിക്കാണാതെ ഇത്തരം വികലവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പൂര്‍വികരുടെ മാര്‍ഗം നിരാകരിക്കുക വഴി ശപിക്കപ്പെടുന്നതും പിഴവിലകപ്പെടുന്നതും ഭയന്നുകൊള്ളട്ടെ. അല്ലാഹു പറയുന്നു: ‘‘ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നുകൊണ്ട് നിങ്ങളില്‍നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്നപക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും’’ (7:35,36).

തൗഹീദിന്റെ ഇനങ്ങളായി പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ പറഞ്ഞ കാര്യങ്ങളെ ശിയാക്കള്‍ തിരസ്‌കരിക്കുകയും തൗഹീദുദ്ദാതിയ്യ്, സ്വിഫാതിയ്യ്, അഫ്ആലിയ്യ്, ഇബാദതിയ്യ് എന്നിങ്ങനെ നാല് രീതി അവര്‍ രൂപപ്പെടുത്തുകയും ചെയ്തു. ഖുമൈനി, ശീറാസി എന്നിവരുടെ തഫ്‌സീറുകളില്‍ ഇത് വ്യക്തമാണ്.

ശിയായിസത്തെ അനുഗമിക്കുന്ന സമസ്തക്കാര്‍ യഥാര്‍ഥ തൗഹീദില്‍നിന്ന് തെറ്റുകയും അതിന്റെ ഇനങ്ങളെ നിഷേധിക്കുകയും വിശ്വാസികളെ അതിന്റെ പേരില്‍ ക്രൂശിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതൊന്ന് വായിക്കുക:

‘‘ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ മായം ചേര്‍ത്തുകൊണ്ട് വഴിപിഴച്ചുപോയ മുബ്തദിഉകള്‍ അവരുടെ കുഫ്‌ർ ഫത്‌വ സ്വഹീഹാക്കാന്‍ തൗഹീദിനെ തൗഹീദുല്‍ ഉലൂഹിയ്യത്ത്, തൗഹീദുര്‍റുബൂബിയ്യത്ത് എന്നിങ്ങനെ രണ്ടായി വിഭജിക്കുക കൂടി ചെയ്തിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്; ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും ആഹാരദാതാവും അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കുന്നതിനാണ് തൗഹീദുര്‍റുബൂബിയ്യത്ത് എന്ന് പറയുന്നത്. ആരാധന അല്ലാഹുവിന് മാത്രമാണെന്ന വിശ്വാസത്തെയാണ് തൗഹീദുല്‍ ഉലൂഹിയ്യത്ത് കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ആദ്യത്തെ തൗഹീദിനെ ബഹുദൈവാരാധകന്മാരും നിഷേധിച്ചിരുന്നില്ല. പിന്നെ അവര്‍ക്കുണ്ടായിരുന്ന തര്‍ക്കം തൗഹീദുല്‍ ഉലൂഹിയ്യത്തിലായിരുന്നു. ഇതത്രെ വഹാബികളുടെ മൗലികമായ തത്ത്വം. ഈ തത്ത്വം മുസ്‌ലിം ലോകത്തിന് സ്വീകാര്യമല്ല. തലയെടുപ്പുള്ള പണ്ഡിതരോ പ്രബോധകരോ അതംഗീകരിക്കുന്നില്ല. ക്വുര്‍ആനും സുന്നത്തും തൗഹീദിനെ രണ്ടായി വിഭജിക്കാനുള്ള ശ്രമത്തെ പിന്തുണക്കുന്നില്ല’’ (തൗഹീദ് ഒരു സമഗ്ര പഠനം/നെല്ലിക്കുത്ത് /പേജ് 160).

‘‘തൗഹീദുറുബൂബിയ്യത്ത് (സംരക്ഷണ കര്‍തൃത്വത്തിലുള്ള ഏകത്വം) അവര്‍ക്കുണ്ടായിരുന്നുവെന്നും തൗഹീദുല്‍ ഉലൂഹിയ്യത്ത് (ആരാധ്യനാവുന്നതില്‍ ഏകത്വം) മാത്രമാണവര്‍ നിഷേധിച്ചിരുന്നതെന്നും ചിലര്‍ വാദിക്കുന്നത് ശരിയല്ല. തൗഹീദിനെ ഇങ്ങനെ രണ്ടായി വിഭജിച്ചതുതന്നെ ഇവരുടെ സ്വയം സൃഷ്ടിയാ ണ്’’ (തൗഹീദും ശിര്‍ക്കും/നാട്ടിക/പേജ് 30).

അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ പണ്ഡിതന്മാര്‍ ഗ്രന്ഥരചന തുടങ്ങിയ ഹിജ്‌റ 150കളില്‍തന്നെ ഈ ഇനങ്ങളെ അതില്‍ ചേര്‍ത്തിട്ടുണ്ട് എന്ന വസ്തുത ഇവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

ഇമാം അബൂഹനീഫ(റഹി) പറഞ്ഞു: ‘‘ഉന്നതനായ അല്ലാഹുവിനെ വിളിക്കേണ്ടത് മുകള്‍ഭാഗത്തേക്കാണ് താഴ്ഭാഗത്തേക്കല്ല. കാരണം താഴ്ഭാഗമെന്നത് ഉലൂഹിയ്യത്തിന്റെയും റുബൂബിയ്യത്തിന്റെയും വിശേഷണവുമായി ഒട്ടും ബന്ധമില്ലാത്തതാണ്’’ (ഫിക്വ്ഹുല്‍ അബ്‌സത്ത്/പേജ് 51).

ഇമാം ഇബ്‌നുബത്ത്വ(റഹി) പറഞ്ഞു: ‘‘അല്ലാഹുവിലുള്ള ഈമാന്‍ സ്ഥിരപ്പെടുത്താന്‍ ഒരു സൃഷ്ടിയുടെമേല്‍ ബാധ്യതയായിട്ടുള്ള വിശ്വാസത്തിന്റെ അടിത്തറ മൂന്ന് കാര്യങ്ങളാണ്. ഒന്ന്, സ്രഷ്ടാവിനെ അംഗീകരിക്കാത്ത നിരീശ്വരവാദികളുമായി വേറിട്ടുനില്‍ക്കുന്ന, അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ഒരു അടിമയുടെ വിശ്വാസം. രണ്ട്, സ്രഷ്ടാവിനെ അംഗീകരിക്കുന്നതോടൊപ്പം ആരാധനയില്‍ (ഉലൂഹിയ്യത്തില്‍) മറ്റുള്ളവരെ അവന്റെകൂടെ പങ്കുചേര്‍കുന്ന മുശ്‌രിക്കുകളില്‍നിന്ന് വേറിട്ട് അവന്റെ ഏകത്വത്തില്‍ വിശ്വസിക്കല്‍. മൂന്ന്; അറിവ്, കഴിവ്, ജ്ഞാനം എന്നിവ പോലെ തന്റെ ഗ്രന്ഥത്തില്‍ അവന്‍ സ്വയം വിശേഷിപ്പിച്ച, സ്രഷ്ടാവിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അവന്റെ വിശേഷണങ്ങളില്‍ വിശ്വസിക്കുക’’ (അല്‍ ഇബാന/പേജ് 693, 694).

ഇമാമുമാരായ ത്വബ്‌രി(റഹി), ത്വഹാവി(റഹി), ക്വുര്‍ത്വുബി(റഹി), ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നു കസീര്‍(റ) എന്നിവരെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ഇത് പ്രയോഗിച്ചിട്ടുണ്ട്.

‘ഇത്തിഹാദുല്ലാഊത്തി വന്നാസൂത്തി’ അഥവാ ദൈവം മനുഷ്യരില്‍ അവതരിക്കുമെന്ന ക്രൈസ്തവ ചിന്തയെ ശിയാക്കള്‍ സ്വന്തം വിശ്വാസമായി ഏറ്റെടുത്ത് അവരുടെ ഇമാമുമാരില്‍; പ്രത്യേകിച്ച് അലി(റ), അബൂ ജഹ്ഫര്‍ എന്നിവരില്‍ അല്ലാഹു അവതരിക്കുമെന്ന അവതാരവാദവും എല്ലാം അല്ലാഹുവാണെന്ന അദ്വൈതവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നു. ചില ഉദാഹരണങ്ങള്‍ കാണുക:

‘‘അല്ലാഹു ഞങ്ങളെ അവന്റെ വലതുകൈ കൊണ്ട് തടവി. അങ്ങനെ അവന്റെ പ്രകാശം ഞങ്ങളില്‍ ഇഴുകിച്ചേര്‍ന്നു. അല്ലാഹു ഞങ്ങളില്‍ കൂടിച്ചേര്‍ന്നു’’ (ഉസൂലുല്‍ കാഫി/കുലൈനി).

‘‘ഞങ്ങള്‍ക്ക് അല്ലാഹുവോടൊപ്പം പല അവസ്ഥകളുമുണ്ട്. ഞങ്ങള്‍ അവനാണ്; അവന്‍ ഞങ്ങളുമാണ്’’ (ശര്‍ഹു സിയാദതില്‍ ജാമിഅ് അല്‍കബീര്‍/ അല്‍ഖൗഇ).

ഇസ്‌ലാമിന്റെ ആത്മാവായ തൗഹീദിനെ ഇങ്ങനെ അപഹസിക്കുന്ന ഇവരുടെ ചുമലിലാണ് സമസ്ത പുരോഹിതന്മാരുടെ ഇരിപ്പിടം. സൂഫി ആചാര്യന്‍ ഇബ്‌നു അറബിയും ‘അദ്വൈത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്‌കാരം നല്‍കിയ വ്യക്തി’ എന്നറിയപ്പെടുന്ന ശങ്കരാചാര്യരും കൊണ്ടുനടന്ന അദ്വൈതത്തില്‍ അവര്‍ക്കുള്ള സ്വാധീനം ‘വഹ്ദതുല്‍ വുജൂദിന്റെ പാത’ എന്ന ഗ്രന്ഥത്തിന് കെ.വി.എം പന്താവൂര്‍ മുസ്‌ലിയാര്‍ എഴുതിയ വ്യാഖ്യാനത്തില്‍ ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന കലിമത്തിനെ വ്യത്യസ്ത തരക്കാര്‍ മനസ്സിലാക്കുന്നതിനെപ്പറ്റി പറഞ്ഞത് വിശദമായിത്തന്നെ നമുക്കൊന്ന് വായിക്കാം:

‘‘സാധാരണക്കാരായ ഒന്നാമത്തെ ദശക്കാര്‍ മനസ്സിലാക്കേണ്ട അര്‍ഥം അല്ലാഹു അല്ലാതെ സാക്ഷാല്‍ ആരാധ്യന്‍ വേറെ ഇല്ലെന്നു തന്നെ. ഇവിടെ സാക്ഷാല്‍ ആരാധ്യന്‍ എന്ന വാക്കിലെ സാക്ഷാല്‍ എന്ന പദം പ്രാധാന്യമര്‍ഹിക്കുന്നു. ആ പദം ചേര്‍ത്തില്ലെങ്കില്‍ അര്‍ഥമാകെ തകിടം മറിയും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നാകുമല്ലോ അപ്പോള്‍ അര്‍ഥം. സകല ആരാധ്യനും അല്ലാഹുവാെണന്നു അപ്പോള്‍ ആശയം വന്നുകൂടും. അതുകൊണ്ടാണ് സാക്ഷാല്‍ ബി, ഹഖ്ഖിന്‍ എന്ന ഉപാധി ലഭിച്ചത്. സാക്ഷാല്‍ ആരാധ്യനെയല്ലാതെ ആരാധിച്ചുകൂടാ എന്നര്‍ഥമാണ് കലിമക്ക് തസവ്വുഫിന്റെ ഒന്നാമത്തെ ദശയില്‍! ഈ ദശയിലാണ് സാധാരണക്കാരെല്ലാം സ്ഥിതിചെയ്യുന്നത്. അവര്‍ക്കീ അര്‍ഥം മാത്രം ഗ്രഹിക്കാനേ തലച്ചോറുള്ളൂ. അതിലപ്പുറം ഗ്രഹിക്കാനവര്‍ വളര്‍ന്നിട്ടില്ല.

പിന്നെയും മുന്നേറി അധ്യാത്മയാത്രയുടെ ഒരു മൈല്‍ക്കുറ്റി പിന്നിട്ടവര്‍ക്കേ രണ്ടാമത്തേ അര്‍ഥം ദഹിക്കൂ. ‘ലാ ഇലാഹ ഇല്ലല്ലാഹു’ അല്ലാഹു അല്ലാതെ ലക്ഷ്യമില്ല. ജീവിതലക്ഷ്യം ഒന്നു മാത്രം. അതേത്? സുഖിക്കലോ? അല്ല! സമ്പാദിക്കലോ? അല്ല! ദാമ്പത്യമോ? ഏയ,് ഒരിക്കലുമല്ല! സന്താനലബ്ധിയോ? അതുമല്ല! നരകത്തില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമമോ? അല്ല, അല്ല! സ്വര്‍ഗം നേടലോ? അതുമല്ല. പിന്നേതാണ്? അല്ലാഹുവിനെ നേടല്‍. അതുമാത്രമാണു ജീവിതലക്ഷ്യം. അതു നേടുന്നതുവരെ വിശ്രമമില്ല. ഇതാണ് രണ്ടാമത്തെ ദശയിലുള്ള പുണ്യാത്മാക്കളുടെ അര്‍ഥം. ഇതു ഒന്നാമത്തെ ദശക്കാര്‍ക്കു ദഹിക്കില്ല. കാരണം ഈ ഒരു ലക്ഷ്യം മാത്രം വെച്ചു മുന്നേറാന്‍ അവര്‍ക്ക് കരുത്തുവന്നിട്ടില്ല.

രണ്ടാം ദശക്കാര്‍ പിന്നെയും മുന്നേറി മൂന്നാമത്തെ ദശയിലെത്തുമ്പോള്‍ കലിമയുടെ അര്‍ഥം പിന്നെയും മാറുന്നു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അല്ലാഹു അല്ലാതെ യാതൊന്നുമില്ല! ഇതു ദഹിക്കാന്‍ മൂന്നാമത്തെ ദശയിലെത്തുകതന്നെ വേണം. കാരണം ഇഹത്തിലും പരത്തിലുമൊക്കെ മഷിയിട്ടു നോക്കിയാലും അല്ലാഹുവിനെയല്ലാതെ കാണുന്നില്ലെന്നു പറഞ്ഞാല്‍ ആരും ചോദിക്കുക പിന്നെ ഇക്കാണുന്നതൊക്കെ പിണ്ണാക്കാണോ എന്നായിരിക്കും. പിണ്ണാക്കല്ല, കാരണം പിണ്ണാക്കും ഇല്ല. ഉള്ളതു സത്യത്തില്‍ അല്ലാഹു മാത്രം. പിണ്ണാക്കായി നാം കാണുന്നതും പിണ്ണാക്കല്ല. അല്ലാഹുവിന്റെ ചൈതന്യമാണ്. ഞാനും നിങ്ങളുമടക്കം സകല പ്രപഞ്ചങ്ങളും അല്ലാഹുവിന്റെ ചൈതന്യങ്ങള്‍ മാത്രം. അവയൊന്നും ഇല്ല. ഉള്ളതു അല്ലാഹു മാത്രം. ‘ലാ മൗജൂദ ഇല്ലല്ലാഹ്’ അല്ലാഹു അല്ലാതെ യാതൊന്നുമില്ല. ഇതാണ് സമ്പൂര്‍ണ മനുഷ്യരുടെ തൗഹീദ്. കലിമയുടെ സാക്ഷാല്‍ ആശയവും ഇതു തന്നെ. ശൈഖ് ബീരാന്‍ ഔലിയുപ്പയുടെ ദിക്ർ ഓര്‍ക്കുക.

ലാ കണ്ണ ഇല്ലല്ലാഹ്, ലാ മൂക്ക ഇല്ലല്ലാഹ്

ലാ ലിസാന ഇല്ലല്ലാഹ്, ലാ കല്ല ഇല്ലല്ലാഹ്

ലാ പല്ല ഇല്ലല്ലാഹ്, ലാ മുള്ള ഇല്ലല്ലാഹ്

ലാ മൗജൂദ ഇല്ലല്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്

കണ്ണും മൂക്കും നാവും പല്ലും കല്ലും മുള്ളുമൊന്നുമില്ല, ഉള്ളത് അല്ലാഹു മാത്രം’’ (പേജ് 34-36).

സമസ്തക്കാര്‍ സാധാരണ ചൊല്ലാറുള്ള രിഫാഈ റാതീബിലെ ഒരു ദിക്‌ർ ഇങ്ങനെയാണ്:

‘ഹു അല്ലാഹ് ഹു ഹു അല്ലാഹ്

ഹാ, ഹീ, ഹു, ഹും അല്ലാഹ്

അറിയുവിന്‍ അവളും അവനും അവരും ആരും തന്നെയില്ല, ഉള്ളത് അല്ലാഹു മാത്രം.’

ഇസ്‌ലാമിന്റെ ആദര്‍ശത്തെ വികലമായി ചിത്രീകരിക്കുന്ന, സത്യസന്ധമായ വിശ്വാസത്തില്‍നിന്നും ജനങ്ങളെ അകറ്റുന്ന, സമൂഹത്തെ വഞ്ചിക്കുന്ന ഇത്തരം വിശ്വാസങ്ങളിലൂടെ അല്ലാഹുവിന് യാതൊരു കുറവും വരുത്താന്‍ പുരോഹിതന്മാര്‍ക്ക് കഴിയില്ല.

അല്ലാഹു പറയുന്നു: ‘‘അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതുകൈയില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു’’ (39:67).