രോഗവും മരുന്നും 

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 മെയ് 07, 1442 ശവ്വാൽ 06

(ഭാഗം: 02)

(വിവർത്തനം: ബിൻത് മുഹമ്മദ്)

പാഠം 3

പ്രാര്‍ഥന; ഫലപ്രദമായ മറ്റൊരു മരുന്ന്

പ്രാര്‍ഥനയും മറ്റൊരു രോഗപരിഹാര മാര്‍ഗമാണ്. രോഗം പിടിപെട്ടാല്‍ ഒരാള്‍ ആദ്യം പോയി വൈദ്യ സഹായം തേടും. വൈദ്യര്‍ ചിലപ്പോള്‍ പറയും; ‘ഇതിന് ഫലപ്രദമായ ചികിത്സ ഒന്നുമില്ല’ എന്ന്. അപ്പോഴാണ് നമ്മള്‍ ദുആയെ (പ്രാര്‍ഥനയെ) അശ്രയിക്കുക.

രോഗം പിടിപെട്ടാല്‍ ആദ്യം നാം തേടേണ്ടത് അല്ലാഹുവിന്റെ സഹായമാണ്. എല്ലാത്തിനും മുമ്പ് നാം ദുആയെ ആശ്രയിക്കുക. ദുആ എന്ന മരുന്നിനെ നമ്മള്‍ വില കുറച്ച് കാണരുത്. സത്യത്തില്‍ പരീക്ഷണങ്ങള്‍ക്ക് എതിരെയുള്ള ഒരു വിശ്വാസിയുടെ ആയുധമാണ് ദുആ. ഇത് പരീക്ഷണങ്ങളുടെ ശത്രുവാണ്.

നമുക്ക് മരുന്നിന്റെ അളവ് കൂട്ടുവാന്‍ സാധിക്കില്ല. അതിന്റെ പാര്‍ശ്വഫലങ്ങള്‍ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. പക്ഷേ, ദുആ എന്ന മരുന്നിന് എത്ര അളവ് കൂട്ടിയാലും പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല. എന്ന് മാത്രമല്ല, അതിന്റെ അളവ് കൂടുംതോറും ഗുണം കൂടിക്കൊണ്ടിരിക്കുന്നതാണ്. ദുആ ഒരു ആരാധനാകര്‍മമാണ്. അതിനാല്‍ ദുആ ചെയ്യുന്നതിന് പ്രത്യേക പ്രതിഫലം കൂടി ലഭിക്കുന്നതാണ്.

പ്രാര്‍ഥന രോഗത്തെ ചികിത്സിക്കുക മാത്രമല്ല ചെയ്യുന്നത്; അതിനെ പിന്നീട് വരാത്ത രീതിയില്‍ പ്രതിരോധിക്കുക കുടി ചെയ്യുന്നു.

രോഗലക്ഷണത്തിന്റെ തുടക്കത്തില്‍തന്നെ ഒരു പ്രഥമ ചികിത്സയെന്നോണം നമ്മള്‍ ദുആ ചെയ്യണം. ഇനി രോഗം പിടിപെട്ടാല്‍തന്നെ അത് നമ്മെ കാര്യമായി ബാധിക്കില്ല. ചില സമയങ്ങളില്‍ മരുന്ന് കഴിച്ചാലും രോഗം മൂര്‍ച്ഛിക്കും. അല്ലെങ്കില്‍ ആ മരുന്ന് നമ്മുടെ ശരീരത്തിന് പിടിക്കില്ല. പക്ഷേ, ദുആ ചെയ്തുകൊണ്ട് നമ്മള്‍ രോഗത്തിന് ചികിത്സിക്കുകയാണെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ല. ഒരു വിശ്വാസിയുടെ ആയുധമാണ് ദുആ.

രോഗവും ദുആയും തമ്മിലുള്ള അവസ്ഥ മൂന്ന് തരത്തിലാണ്.

1. നമ്മുടെ ദുആ നമ്മുടെ രോഗത്തെക്കാളും ശക്തമാണെങ്കില്‍ ആ ദുആ നന്മുടെ രോഗത്തെ ഇല്ലാതാക്കും. അതായത് നാം ഹൃദയ സാന്നിധ്യത്തോടെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ട് ദുആ ചെയ്താല്‍ രോഗങ്ങള്‍ ഇല്ലാതാകുന്നതാണ്.

2. നമ്മുടെ രോഗാവസ്ഥയെക്കാളും ബലഹീനമാണ് നമ്മുടെ ദുആയെങ്കില്‍ രോഗാവസ്ഥ ശേഷിക്കും. പക്ഷേ, നമ്മുടെ ദുആയുടെ ഫലംകൊണ്ട് അതിന്റെ കാഠിന്യം കുറയും. ഇത് ശാരീരിക രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദയത്തിന്റെ രോഗങ്ങള്‍ക്കും ബാധകമാണ്.

3. നമ്മുടെ ദുആയും രോഗവും ഒരേ അളവിലാണെങ്കില്‍ ഏതെങ്കിലുമൊന്ന് ശക്തി പ്രാപിക്കുന്നവരേക്കും അവര്‍ തമ്മില്‍ പൊരുതും. അഅ്‌റാഫിന്റെ ആളുകളെപ്പോലെയാണ് അവരുടെ അവസ്ഥ. സ്വന്തം സല്‍കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും ഒരേ അളവില്‍ ഉള്ളവരാണവര്‍. അതിനാല്‍ ഒരു സല്‍കര്‍മത്തെയും കുറച്ചുകാണരുത്.

ഏറ്റവും ഫലപ്രദമായ ചികിത്സകളില്‍ ഒന്ന് ദുആ തുടര്‍ന്നുകൊണ്ടേയിരിക്കലാകുന്നു. ആകയാല്‍ ഫലം കാണുംവരെ നിരാശരാകാതെ ഉറച്ചുനില്‍ക്കേണ്ടതാണ്.

നമ്മള്‍ ദുആ തുടര്‍ച്ചയായി ചെയ്തുകൊണ്ടേയിരിക്കുന്നത് അല്ലാഹുവിന് വലിയ സന്തോഷമാണ്. നമ്മുടെ താണുകേണുകൊണ്ടുള്ള ശബ്ദം കേള്‍ക്കുന്നത് അല്ലാഹു തആലക്ക് ഇഷ്ടമാണ്. നമ്മുടെ പദവി ഉയര്‍ത്താന്‍ വേണ്ടിയാണ് അല്ലാഹു നമുക്ക് പരീക്ഷണങ്ങള്‍ നല്‍കുന്നത്. അത് നമ്മുടെ തക്വ്‌വ വര്‍ധിപ്പിക്കും. തക്വ്‌വ അഥവാ ഭയഭക്തി നമുക്ക് ഗുണം മാത്രമെ ചെയ്യുകയുള്ളൂ. അല്ലാഹുവിനോട് ചോദിക്കുന്നതിന് പകരം മറ്റു സഹായങ്ങള്‍ തേടിപ്പോയാല്‍ അല്ലാഹു നമ്മോട് കോപിക്കുന്നതാണ്. അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം; നബി ﷺ അരുളി: “നിശ്ചയം, ആര് അല്ലാഹുവിനോട് ചോദിക്കുന്നില്ലയോ അവനോട് അല്ലാഹു കോപിക്കുന്നതാണ്’’ (ഇബ്‌നുമാജ 3827).

ആകയാല്‍ എന്ത് ആവശ്യമാണെങ്കിലും അല്ലാഹുവിനോട് താണുകേണ് ഇരക്കുക. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ദുആ ആവര്‍ത്തിക്കുക. കൂടുതല്‍ ആവര്‍ത്തിച്ചാല്‍ ഉത്തമം. ഈ ആവര്‍ത്തനം സാധാരണ മരുന്നുകള്‍കൊണ്ട് നമുക്ക് ചെയ്യാന്‍ സാധിക്കുകയില്ല.

പാഠം 4

ദുആ സ്വീകരിക്കപ്പെടുന്നതില്‍നിന്നും തടയുന്ന കാര്യങ്ങള്‍

എല്ലാ ദുആകളും സ്വീകരിക്കപ്പെടുമെങ്കിലും ചില കാരണങ്ങളുണ്ടായാല്‍ സ്വീകരണത്തിന് തടസ്സമുണ്ടാകുന്നതാണ്. അവ താഴെ കൊടുക്കുന്നു:

1) ഉത്തരം ലഭിക്കുവാനുള്ള ധൃതി: ദുആ സ്വീകരിക്കപ്പെടുന്നതില്‍നിന്ന് തടസ്സം വരുത്തുന്ന ഒരു കാര്യമാണ് ധൃതി. എല്ലാം പെട്ടെന്ന് സാധിക്കണം. ആളുകള്‍ പെട്ടെന്നുതന്നെ നന്നാകണം എന്ന ചിന്ത ശരിയല്ല. ധൃതി മനുഷ്യസഹജമാണ്. പക്ഷേ, മഹദ്ഗുണങ്ങളിലൂടെ ഈ ദുര്‍ഗുണത്തെ പ്രതിരോധിക്കേണ്ടതാണ്. നമ്മോട് ആരെങ്കിലും ഓരോ കാര്യത്തിന് ധൃതികൂട്ടുകയാണെങ്കില്‍ നമുക്കത്ഇഷ്ടപ്പെടുമോ? അപ്പോള്‍ അല്ലാഹുവിനോട് ധൃതികൂട്ടുന്നത് വളരെ മോശമാണ്.

നാം ദുആ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുക. ഇത് എന്ന് സംഭവിക്കും, എന്നാണ് ഉത്തരം ലഭിക്കുക... ഇങ്ങനെയൊന്നും പറയാന്‍ പാടുള്ളതല്ല.

ഒരാള്‍ ദുആക്ക് ഉത്തരം കിട്ടുവാന്‍ ധൃതികാണിക്കുകയും അവന്റെ പ്രതീക്ഷ നഷ്ടപ്പെടുകയും ദുആ ചെയ്യുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നത് വളരെ മോശമാണ്. ഒരുവന്‍ വിത്ത് പാകി, വെള്ളമൊഴിച്ച്, അതിനെ പരിപാലിച്ചു. എന്നാല്‍ അത് വളരുന്നില്ലെന്ന് കാണുമ്പോള്‍ അയാള്‍ അത് പരിപാലിക്കുന്നത് നിര്‍ത്തിക്കളഞ്ഞു. അങ്ങനെ ചെടി നശിച്ച് പോകുന്നതാണ്. ഇതുപോലെയാണ് ദുആ ചെയ്ത് ഫലത്തിന് ധൃതികൂട്ടുന്നതിന്റെ ഉദാഹരണം. അബൂഹുറയ്‌റ(റ) നിവേദനം; റസൂലുല്ലാഹി ﷺ അരുളി: “അക്ഷമനല്ലാത്ത ഏതൊരാളിന്റെ ദുആയും അല്ലാഹു തആലാ സ്വീകരിക്കുന്നതാണ്. ഞാന്‍ ദുആ ചെയ്തിട്ടും അല്ലാഹു സ്വീകരിക്കുന്നില്ല എന്ന് മനസ്സില്‍ ചിന്തിക്കരുത്’’ (ബുഖാരി 6340).

പാഠം 5

ദുആ സ്വീകരിക്കപ്പെടാനുള്ള ചില മര്യാദകള്‍

1) ഹൃദയസാന്നിധ്യം: ഇത് ദുആ സ്വീകരിക്കപ്പെടാന്‍ അത്യാവശ്യമാണ്. അല്ലാഹുവിന് ആവശ്യം നമ്മുടെ ഹൃദയമാണ്; നമ്മുടെ നാവല്ല. അതുകൊണ്ട് ഹൃദയസാന്നിധ്യത്തോടെ ദുആ ചെയ്യേണ്ടതാണ്. ദുആ ചെയ്യുന്ന സമയത്ത് നമ്മുടെ മനസ്സില്‍ മറ്റു ചിന്തകളൊന്നും പാടില്ല.

2) ദുആക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളില്‍ ദുആ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രസ്തുത സമയങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്: 1) രാത്രിയുടെ മൂന്നാം യാമത്തില്‍. 2) ബാങ്ക് വിളിക്കുന്ന സമയം. 3) ബാങ്കിനും ഇക്വാമത്തിനും ഇടയില്‍ 4) നിര്‍ബന്ധ നമസ്‌കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ്. 5) ജുമുഅ ദിവസം ഖുത്വബക്ക് ഇമാം മിമ്പറിലേക്ക് കയറുമ്പോള്‍. 6) വെള്ളിയാഴ്ച്ച മഗ്‌രിബിന് മുമ്പുള്ള ഒരു മണിക്കൂര്‍. ദുആ ഏത് സമയത്തും ചെയ്യാവുന്നതാണ്. പക്ഷേ, ഈ സമയങ്ങളില്‍ ചെയ്യുന്നതാണ് കൂടുതല്‍ഉത്തമമാണ്.

3) ദുആ ചെയ്യുന്നത് ഹൃദയം വേദനിച്ചും വിനയത്തോടെയും കേണപേക്ഷിച്ചും കൊണ്ടായിരിക്കണം. അഹങ്കാരിയെപ്പോലെ അല്ലാഹുവിനോട് ചോദിക്കരുത്. ഒരു അടിമ യജമാനനോട് യാചിക്കുന്നതുപോലെയാവകണം.

4) ക്വിബ്‌ലയെ അഭിമുഖീകരിച്ചുകൊണ്ട് ദുആ ചെയ്യുക.

5) വുദൂഅ് ഉണ്ടായിരിക്കുന്നത് ഉത്തമമാണ്.

6) ഇരുകരങ്ങളും അല്ലാഹുവിലേക്ക് ഉയര്‍ത്തുക.

സല്‍മാനുല്‍ ഫാരിസി(റ) നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ അരുളി: “നിശ്ചയം അല്ലാഹു വലിയ ഉദാരമതിയാകുന്നു. ഒരു അടിമ അവനോട് കരങ്ങളുയര്‍ത്തി ചോദിച്ചാല്‍ വെറുംകൈയോടെ അവനെ മടക്കിയയക്കാന്‍ അല്ലാഹു ലജ്ജിക്കുന്നു’’ (ഇബ്‌നുമാജ 3865).

7) ദുആ ആരംഭിക്കേണ്ടത് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും അവന് നന്ദി പറഞ്ഞുകൊണ്ടും ആയിരിക്കണം. നമുക്ക് ഉടനടി അല്ലാഹുവിനോട് ചോദിക്കാവുന്നതേയുള്ളൂ. പക്ഷേ, അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും ആയിരുന്നാല്‍ അതാണ് ഉത്തമം. കൂടാതെ, അല്ലാഹുവിനെ സ്തുതിക്കുന്നതുതന്നെ ഏറ്റവും ഉത്തമമായ ദുആയാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

8) അല്ലാഹുവിന്റെ റസൂലിന്റെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടതാണ്.

9) നമ്മുടെ ആവശ്യങ്ങള്‍ പറയും മുമ്പ് അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. നമ്മുടെ പ്രശ്‌നങ്ങളുടെ മുഖ്യകാരണം നമ്മുടെ പാപങ്ങളാണ്.

10) അല്ലാഹുവിനോട് നമ്മുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ മനസ്സില്‍ പ്രതീക്ഷയും ഭയവും വേണം. ദുആക്ക് ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയും നമ്മുടെ പാപങ്ങള്‍ നിമിത്തം ദുആ തള്ളപ്പെടുമോ എന്ന ഭയവും നിലനിര്‍ത്തുക.

11) അല്ലാഹുവിന്റെ തിരുനാമങ്ങളും മഹദ്ഗുണങ്ങളും മുന്‍നിര്‍ത്തിക്കൊണ്ട് ദുആ ചെയ്യുക.

12) ദുആയുടെ മുമ്പ് ദാനധര്‍മം ചെയ്യുക

13) നമ്മുടെ സ്വന്തം വാക്കുകളെക്കാള്‍ ഉത്തമം സുന്നത്തായ ദുആകളാകുന്നു. കാരണം ഏറ്റവും ഉത്തമമായ ദുആ ചെയ്തിട്ടുള്ളത് അല്ലാഹുവിന്റെ റസൂലാണ്.

എന്തുകൊണ്ട് ദുആ സ്വീകരിക്കപ്പെടുന്നില്ല?

ചില ഘട്ടങ്ങളില്‍ ദുആ സ്വീകരിക്കപ്പെടുന്നതല്ല എന്ന കാര്യം നാം മനസ്സിലാക്കേണ്ടതാണ്. പ്രസ്തുത ഘട്ടങ്ങള്‍ താഴെ കൊടുക്കുന്നു:

1) ദുആ അനുവദനീയമായ കാര്യങ്ങള്‍ക്കല്ലെങ്കില്‍ ദുആ സ്വീകരിക്കപ്പെടുന്നതല്ല. ഉദാ: നല്ലവരായ ആരെങ്കിലും നശിക്കാനായി ദുആ ചെയ്യുകയും അവരെ ശപിക്കുകയും ചെയ്താല്‍ അല്ലാഹു അത് സ്വീകരിക്കുകയില്ല. അതുകൊണ്ട് ഹദീസില്‍ വന്നിട്ടുള്ള ദുആകള്‍ ചെയ്യുക.

2) ഹൃദയവും നാവും പരസ്പരവിരുദ്ധമായ അവസ്ഥയിലാണെങ്കില്‍ ദുആ സ്വീകരിക്കപ്പെടില്ല. അതിനാല്‍ ഹൃദയവും നാവും പരസ്പരം യോജിക്കുന്ന നിലയില്‍ ദുആകള്‍ നടത്തുക.

3) ദുആ സ്വീകരിക്കപ്പെടുന്നതിന് മുന്നില്‍ വല്ല തടസ്സങ്ങള്‍ ഉണ്ടായാലും ദുആ സ്വീകരിക്കപ്പെടുന്നതല്ല. ഉദാ: ദുആ ചെയ്യുന്നവന്റെ പണം, ഭക്ഷണം, പാനീയം എന്നിവ ഹറാം ആയാല്‍ ദുആ സ്വീകരിക്കപ്പെടുന്നതല്ല.. അതിനാല്‍ ഹലാല്‍ ആയത് സമ്പാദിക്കുകയും ഭക്ഷിക്കുകയും ചെയ്യുക.

അറിയുക; നമ്മുടെ മനസ്സിനെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും അവന്റെ തൃപ്തി കാംക്ഷിക്കുകയും അവന്റെ സൃഷ്ടികളോട് നല്ലരീതിയില്‍ വര്‍ത്തിക്കുകയും ചെയ്താല്‍ അവതന്നെ എല്ലാ നന്മകള്‍ക്കും കാരണമായിത്തീരുന്നതാണ്. ജനങ്ങളുടെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ട് അവരിലേക്ക് അടുക്കുന്നതും സഹസൃഷ്ടികളോട് മോശമായി വര്‍ത്തിക്കുന്നതും സ്വന്തം ജീവിതത്തില്‍ നാശം വിതക്കാനുള്ള കാരണങ്ങളാണ്. ഇബ്‌നു അബ്ബാസ്(റ) വിവരിക്കുന്നു: “ഒരിക്കല്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ പുറകില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്ന് അരുളി: ‘‘അല്ലയോ മകനേ, ചില കാര്യങ്ങള്‍ ഞാന്‍ നിനക്ക് പഠിപ്പിച്ച് തരട്ടെയോ? അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കുക, അല്ലാഹു നിന്നെ കാത്തുരക്ഷിക്കുന്നതാണ്’’ (രിയാളുസ്സ്വാലിഹീന്‍).

പാഠം 6

സദ്‌വിചാരം പുലര്‍ത്തുക, ആത്മവഞ്ചന പാടില്ല

അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കാതെ അവന്റെ കാരുണ്യവും പൊരുത്തവും തേടുന്ന കുറെ ആളുകളുണ്ട്. അല്ലാഹു അതികഠിനമായി അവരെ ശിക്ഷിക്കുമെന്ന് അവര്‍ മറന്നിരിക്കുന്നു.

“എന്റെ ദാസന്മാര്‍ക്ക് ഇപ്രകാരം അറിയിച്ചുകൊടുക്കുക: തീര്‍ച്ചയായും ഞാന്‍ വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്. എന്റെ ശിക്ഷ വേദനാജനകമായ ശിക്ഷയാണ്’’ (അൽഹിജ്‌ർ 49-50).

എന്താണ് ഒരാളെ കൂടുതല്‍ ഉല്‍സുകനാക്കുന്നത്? ഭയമോ, പ്രതീക്ഷയോ? നിശ്ചയമായും ഭയംതന്നെ. അതായത് നാം വേണ്ടത് ചെയ്തില്ലെങ്കില്‍ നമുക്ക് പലതും നഷ്ടപ്പെടും എന്ന ഭയം! ഒരാള്‍ ലാഭത്തെ പ്രതീക്ഷിക്കുന്നതിനെക്കാള്‍ നഷ്ടത്തെ ഭയപ്പെടുന്നു.

പാപം ചെയ്തിട്ട്, എനിക്ക് അല്ലാഹു പൊറുത്ത് തന്നുകൊള്ളും എന്ന രീതിയില്‍ സമാധാനമായി ഇരിക്കുന്നത് ആത്മവഞ്ചനയാണ്. ഇത്തരം ആളുകളില്‍നിന്നും അല്ലാഹുവിന്റെ ശിക്ഷയെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല.

അല്ലാഹുവിന്റെ മാപ്പിനെ ആശ്രയിച്ച് പാപകര്‍മങ്ങളില്‍ മുഴുകിക്കഴിയുന്നവന്‍ ഒരു പിടിവാശിക്കാരനെപ്പോലെയാകുന്നു. കാരുണ്യവാനായ അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചുകൊണ്ട് അവന്റെ കാരുണ്യം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്. അവന്റെ കാരുണ്യത്തിനായി ഒന്നും ചെയ്യാതെ വെറുതെ അതിന് ആഗ്രഹിക്കുകയും ഒടുവില്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങാതെ ഇഹലോകത്തുനിന്നും യാത്രയാകുകയും ചെയ്യുന്നത് ആത്മവഞ്ചനയാണ്. പശ്ചാത്താപം സ്വീകരിക്കപ്പെടാന്‍ വിനയവും അതനുസരിച്ചുള്ള കര്‍മങ്ങളും ആവശ്യമാണ്.

ഞാന്‍ അല്ലാഹുവിനെക്കുറിച്ച് നല്ലതുമാത്രമെ വിചാരിക്കുന്നുള്ളൂ എന്നു പറഞ്ഞ് നന്മകളൊന്നും ചെയ്യാത്ത ചിലരുണ്ട്. ഇത് വ്യാജമാണ്. അല്ലാഹുവിനെക്കുറിച്ച് നല്ലചിന്തകളുണ്ടെങ്കില്‍ അയാള്‍ സല്‍കര്‍മങ്ങളില്‍ മുഴുകുമായിരുന്നു.

ഉസാമത്തുബ്‌നു സൈദ്(റ) നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ അരുളി: “അന്ത്യനാളില്‍ ഒരുവനെ കൊണ്ടുവന്ന് നരകത്തില്‍ തള്ളും. അയാളുടെ കുടല്‍മാല പുറത്തുവരും. അയാള്‍ അതിനുചുറ്റും ഒരു കഴുത ആട്ടുകല്ലിന് ചുറ്റും തിരിയുന്നതുപോലെ ചുറ്റിത്തിരിയും. മറ്റു നരകവാസികള്‍ അയാള്‍ക്ക് ചുറ്റും കൂടിക്കൊണ്ട് ചോദിക്കും: ‘ഹേ മനുഷ്യാ, നിനക്ക് എന്ത് സംഭവിച്ചു? നീ ഞങ്ങളെ നല്ലത് ചെയ്യാന്‍ ക്ഷണിക്കുകയും തിന്മയില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ ഉപദേശിക്കുകയും ചെയ്തവനല്ലേ?’ അയാള്‍ പറയും: ‘ഞാന്‍ നിങ്ങളെ നന്മ ചെയ്യുവാന്‍ ക്ഷണിച്ചു. പക്ഷേ, സ്വയം ചെയ്തില്ല. ഞാന്‍ നിങ്ങളെ തിന്മയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉപദേശിച്ചു. പക്ഷേ, അത് സ്വയം ചെയ്തില്ല’’ (ബുഖാരി, മുസ്‌ലിം).

അയാള്‍ ഒരു പ്രബോധകനായിരുന്നു. അയാള്‍ മറ്റുള്ളവരെ നന്മയിലേക്ക് ക്ഷണിച്ചു. പക്ഷേ, അത് അയാള്‍ സ്വയം ചെയ്തില്ല. ചില സമയങ്ങളില്‍ നമ്മള്‍ കുട്ടികളെ ഉപദേശിക്കും. സ്വയം ചെയ്യില്ല. ഇത് വലിയ തെറ്റാണ്.

ഇതുപോലെ ചില സ്ത്രീകള്‍ നോമ്പ് നോല്‍ക്കുകയും രാത്രി നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നു. പക്ഷേ, അവള്‍ തന്റെ അയല്‍ക്കാരിയെ സ്വന്തം നാവുകൊണ്ട് ദ്രോഹിക്കുന്നവളായിരിക്കും. അവളുടെ സല്‍കര്‍മങ്ങള്‍ അവള്‍ക്ക് നഷ്ടമാകുമെന്ന് മാത്രമല്ല, അവയുടെ പ്രതിഫലം അയല്‍ക്കാര്‍ക്ക് ലഭിക്കുകയും അവള്‍ നരകാവകാശിയായിത്തീരുകയും ചെയ്യും. ഇതെല്ലാം ആത്മവഞ്ചനയുടെ രൂപങ്ങളാണ്.

തന്നോട് അല്ലാഹുവിന് പ്രത്യേക സ്‌നേഹവും ഇഷ്ടവും ഉള്ളതുകൊണ്ടാണ് ഇഹലോകത്ത് തനിക്ക് അനേകം അനുഗ്രഹങ്ങള്‍ മറ്റുള്ളവരെക്കാള്‍ നല്‍കിയത് എന്ന തെറ്റായ ചിന്ത ആത്മവഞ്ചനയുടെ മറ്റൊരു രൂപമാണ്. ഇതൊക്കെ തന്റെ പക്കല്‍ സുരക്ഷിതമാണെന്നും പരലോകത്ത് ഇതിനെക്കാള്‍ മികച്ചത് തനിക്ക് ലഭിക്കുമെന്നും അയാള്‍ കരുതുന്നു.

അറിയുക; അല്ലാഹു ദുന്‍യാവ് അവന്‍ സ്‌നേഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കും. സ്വര്‍ഗാവകാശികള്‍ ഒരിക്കലും നന്മകളില്‍ സമാധാനത്തില്‍ കഴിയുന്നതല്ല. സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുമ്പോള്‍ പോലും അവര്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുന്നു.

“അവര്‍ പറയും: നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു’’ (അത്ത്വൂര്‍ 26).

സച്ചരിതരായ ചില മുന്‍ഗാമികള്‍ പറയുകയുണ്ടായി: ‘അനുഗ്രഹങ്ങളുടെമേല്‍ അനുഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ ചൊരിയുന്നത് കണ്ടിട്ടും നിങ്ങള്‍ പാപങ്ങളില്‍ അറിഞ്ഞുകൊണ്ട് മുഴുകുകയാണെങ്കില്‍ സൂക്ഷിച്ചുകൊള്ളുക: പടിപടിയായിട്ടുള്ള നാശത്തിലേക്കുള്ള പോക്കാണത്.’

അല്ലാഹു ഉദാരമതിയാണ്. അത് നമ്മള്‍ അര്‍ഹിക്കുന്നതുകൊണ്ടല്ല എന്ന് ഓര്‍ക്കുക.

‘ആത്മവഞ്ചിതന്‍ ഉള്ളില്‍ രോഗമുള്ളവനാകുന്നു. പക്ഷേ, അവന്‍ അതറിയുന്നില്ല. അവരില്‍ പലരുടെയും തിന്മകള്‍ അല്ലാഹു മറച്ചുവച്ചിരിക്കുകയാണ്. പക്ഷേ, അതിന്റെ പേരില്‍ അവര്‍ അഹങ്കരിക്കുന്നു. മറ്റുചിലര്‍ ജനങ്ങളുടെ പ്രശംസ കേട്ട് സ്വയംമറന്ന് കഴിയുന്നു’ എന്ന് ചില മുന്‍ഗാമികള്‍ പറഞ്ഞതായി കാണാം.

ആകയാല്‍ എല്ലാ സമയത്തും നമ്മള്‍ അല്ലാഹുവിനോട് നമ്മുടെ മാനസിക, ശാരീരിക പ്രയാസങ്ങളില്‍ സൗഖ്യം ചോദിച്ചുകൊണ്ടിരിക്കുക. കാരണം ചില സമയങ്ങളില്‍ നമ്മുടെ രോഗങ്ങള്‍ നമ്മള്‍ തന്നെ അറിയില്ല. ആളുകളുടെ സ്തുതി പറച്ചിലുകളില്‍ പെട്ട് വഞ്ചിതരായിപ്പോയേക്കാം. നമ്മുടെ കുറവുകള്‍ അല്ലാഹു മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ആളുകള്‍ നമ്മെ സ്തുതിക്കുന്നത്. നമ്മുടെ യാഥാര്‍ഥ്യം ആളുകള്‍ മനസ്സിലാക്കിയാല്‍ അവര്‍ നമ്മോട് അടുക്കുമായിരുന്നില്ല. അല്ലാഹു നമ്മുടെ തെറ്റുകള്‍ മൂടി വയ്ക്കുന്നതുകൊണ്ട് നമ്മള്‍ സ്വയം വഞ്ചിതരാകാതെ സൂക്ഷിക്കണം. നമുക്ക് തെറ്റുകളും കുറവുകളും ഉണ്ടെന്ന് സ്വയം സമ്മതിക്കുകയും വേണം.

ഏറ്റവുമധികം വഞ്ചിതരായവര്‍

ദുന്‍യാവിന്റെ നിറക്കൂട്ടില്‍ പെട്ടുപോയവര്‍ ഏറ്റവുമധികം വഞ്ചിതരായിപ്പോയവരാണ്. പരലോകത്തിനെക്കാള്‍ അവര്‍ ഇഹലോകത്തിന് വിലകല്‍പിക്കുന്നു. പരലോകത്തിനുവേണ്ടി കാത്തിരിക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ടാണ് പലരും ദുന്‍യാവില്‍ മാത്രം തൃപ്തരാകുന്നത്. എന്നാല്‍ കുറച്ചുകൂടി ക്ഷമിച്ചാല്‍ കൂടുതല്‍ ഉത്തമമായത് ലഭിക്കുമെങ്കില്‍ ക്ഷമിച്ച് കഴിയുക എന്നത് ഒരു വലിയ ലോകതത്ത്വമാണ്. തീര്‍ച്ചയായും പരലോകം ഇഹലോകത്തെക്കാള്‍ മികച്ചതാണല്ലോ.

അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അവയെ അല്ലാഹു നീക്കംചെയ്യില്ല എന്ന് തെറ്റിദ്ധരിക്കുന്നത് ആത്മ വഞ്ചനയില്‍ പെടുന്നു. ഉദാ: അല്ലാഹു നമുക്ക് അറിവ് തന്നു. അത് നമ്മളില്‍നിന്ന് നീക്കംചെയ്യില്ല എന്ന് ഒരിക്കലും കരുതരുത്. അല്ലാഹു നമ്മെ അറിവുകൊണ്ട് അനുഗ്രഹിക്കട്ടെ- ആമീന്‍.

(തുടരും)