രോഗവും മരുന്നും - 05

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 മെയ് 28, 1442 ശവ്വാൽ 26

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

പാഠം 7

7. ഹൃദയത്തിൽ ഇരുട്ട് കയറുന്നു

രാത്രിയുടെ ഇരുട്ട് പോലുള്ള ഒരു ഇരുട്ട് ഹൃദയത്തിൽ കയറുന്നതായി പാപിക്ക് അനുഭവപ്പെടും. അതെ, അനുസരണ വെളിച്ചമാണ്. പാപങ്ങൾ ഇരുളുമാണ്. ഇരുളിന് ശക്തികൂടും. നാം ആശയക്കുഴപ്പത്തിലാകും. അത് ബിദ്അത്തിലേക്കും വഴികേടിലേക്കും മറ്റു നാശങ്ങളിലേക്കും നയിക്കുന്നതാണ്. ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെന്നുപോലും അയാൾക്ക് ബോധ്യമുണ്ടാകില്ല. അതിനാൽ പാപകർമങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടാൽ അവരെ ഉപദേശിക്കുകയും അവരെ അതിൽനിന്ന് രക്ഷപ്പെടുത്തുകയും വേണം.

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പ്രസ്താവിക്കുന്നു: “നിശ്ചയം സൽകർമങ്ങൾ മുഖത്തിന് തെളിച്ചമേകുന്നു. ഹൃദയത്തിൽ വെളിച്ചമേകുന്നു. വിഭവങ്ങൾ വിശാലമാക്കുന്നു. ശരീരത്തിന് കരുത്തേകുന്നു. സൃഷ്ടികളുടെ ഹൃദയത്തിൽ സ്‌നേഹമുണ്ടാക്കുന്നു. നിശ്ചയം, ദുഷ്‌കർമങ്ങൾ മുഖത്തെ വിരൂപമാക്കുന്നു, ഹൃദയത്തെ ഇരുളിലാക്കുന്നു, ശരീരത്തിന്റെ കരുത്ത് ചോർത്തിക്കളയുന്നു, വിഭവങ്ങൾ ഞെരുക്കത്തിലാക്കുന്നു, സൃഷ്ടികളുടെ ഹൃദയത്തിൽ വെറുപ്പ് ഉളവാക്കിക്കുന്നു.’’

അറിയുക, മേൽപറഞ്ഞ കാര്യങ്ങൾ ലക്ഷ്യമാക്കികൊണ്ട് സൽകർമങ്ങൾ ചെയ്യരുത്. സൽകർമങ്ങൾ അല്ലാഹുവിന് വേണ്ടി മാത്രം ചെയ്യുക. അല്ലാഹുവിന്റെ തൃപ്തിയാണ് നമ്മുടെ കാര്യങ്ങൾ നല്ലരീതിയിൽ ആക്കുന്നത്. നമ്മുടെ മോശമായ സ്ഥിതികൾക്ക് നമ്മൾ പല ന്യായങ്ങളും നിരത്താറുണ്ട്. അങ്ങനെ നമ്മുടെ ജീവിതത്തെ മതത്തിൽനിന്നും വേർതിരിക്കുന്നു. പക്ഷേ, അവ രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. നാം ക്ഷീണിതരും ആശയക്കുഴപ്പത്തിലുമാണെങ്കിൽ അല്ലാഹുവിനോട് മാപ്പിരക്കുക. നമ്മുടെ പാപങ്ങൾ മറ്റുള്ളവർ നമ്മെ വെറുക്കാൻ ഇടയാക്കുന്നു. ഇത് എന്തുകൊണ്ടാണെന്ന് അവർക്കറിയില്ല. സൽകർമങ്ങൾ, മറ്റുള്ളവർ നമ്മെ സ്‌നേഹിക്കാൻ ഇടയാക്കുന്നു. ഇത് എന്തുകൊണ്ടെന്ന് അവർക്കറിയില്ല. കാരണം അല്ലാഹുവാണ് ഈ തോന്നലുകൾ അവരിൽ ഇട്ടുകൊടുക്കുന്നത്.

സൽകർമങ്ങൾ നമ്മെ ഊർജസ്വലമാക്കുന്നു. ദുഷ്‌കർമങ്ങൾ ഊർജം ചോർത്തിക്കളയുന്നു. നമ്മുടെ ശരീരത്തിന് ഉന്മേഷമില്ലാത്തതിന് നമ്മൾ ഉറക്കമില്ലായ്മയെയും പോഷകക്കുറവിനെയും കാരണമാക്കും. എന്നാൽ അതിന് നാം പാപമോചനം ചെയ്താൽ മതിയാകും. റമദാൻ മാസത്തിൽ കുറച്ച് ഭക്ഷണവും കുറച്ച് ഉറക്കവും കൊണ്ടുതന്നെ നമ്മൾ ഊർജസ്വലരാകുന്നില്ലേ? കാരണം അപ്പോൾ നമ്മൾ വലിയ അനുസരണയുള്ളവരും നിരന്തരം പാപമോചനം തേടിക്കൊണ്ടിരിക്കുന്നവരും ആയിരിക്കും.

8. പാപങ്ങൾ ശരീരത്തിന്റെ കരുത്ത് ചോർത്തും

ഒരു വിശ്വാസിയുടെ കരുത്ത് അയാളുടെ ഹൃദയത്തിലാണ്. ഹൃദയം എത്ര കരുത്തുള്ളതാണോ, അയാളുടെ ശരീരത്തിനും അത്രമേൽ ശക്തി ലഭിക്കുന്നതാണ്. പാപങ്ങൾ ഹൃദയത്തിന്റെ കരുത്ത് ചോർത്തിക്കളയും. ക്രമേണ അത് ശരീരത്തെയും തളർത്തും. പിശാചിന്റെ കൂട്ടരാണ് നമുക്ക് ചുറ്റുമെങ്കിൽ അത് നമ്മെ ബാധിക്കും. ചിലരെ നമുക്ക് അവഗണിക്കുവാൻ സാധിക്കില്ല. അല്ലാഹുവിന്റെ നിരന്തര സ്മരണകൊണ്ട് അതിനെ തരണംചെയ്യാൻ ശ്രമിക്കണം.

പാപികളുടെ കാര്യമാണെങ്കിൽ, അവർക്ക് എത്രതന്നെ പുഷ്ടിയുള്ള ശരീരമാണെങ്കിലും തനിക്ക് കരുത്ത് ഏറ്റവും ആവശ്യമുള്ള സമയത്ത് ക്ഷീണിച്ചുപോകുന്നതാണ്. അവർക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല. സത്യവിശ്വാസികൾ റോമൻ, പേർഷ്യൻ, ക്വുറൈശി മുതലായ ശക്തികളെ കീഴ്‌പ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. വിശ്വാസികളുടെ ഹൃദയത്തിന്റെ കരുത്ത് അന്ന് അവർക്ക് ശക്തിയും പുഷ്ടിയും നൽകി.

പാഠം 12

പാപങ്ങളുടെ വേറെ ചില ദുഷ്ഫലങ്ങൾ

നാം നിസ്സാരമായി കാണുന്ന ചില പാപങ്ങളുണ്ട്. (ഉദാഹരണത്തിന്: യൂട്യൂബ് വീഡിയോകൾ നോക്കുമ്പോൾ അവയുടെ പശ്ചാത്തലത്തിലെ സംഗീതം. അതൊന്നും വലിയ കുഴപ്പമില്ല എന്ന മട്ടിൽ നാം അതിനെ കേൾക്കാറുണ്ട്. പക്ഷേ, ഇത്തരം ചെറുപാപങ്ങൾ കുന്നുകൂടി അവ നമ്മെ ബാധിക്കുന്നത് നാം അറിയുന്നില്ല). ആകയാൽ എല്ലാ പാപങ്ങളെയും നാം വർജിക്കുക. നാം നിരാശരാകരുത്. നാം പാപങ്ങൾ ചെയ്യുമെങ്കിലും എപ്പോഴും തൗബയുടെ വാതിൽ തുറന്നുകിടക്കുന്നുണ്ട്. അല്ലാഹു നമുക്ക് വളരെയധികം പൊറുത്തുതരുന്നവനും കരുണകാട്ടുന്നവനുമാണ്. പാപങ്ങളിൽ ഒന്നിനെയും നിസ്സാരമായി കാണരുത്. പാപങ്ങൾകാരണം നിരവധി നാശങ്ങൾ ഇഹലോകത്തുതന്നെ സംഭവിക്കുന്നതാണ്. അതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക:

9. ആരാധനാകർമങ്ങളിൽ മുടക്കം സംഭവിക്കുക

നമുക്ക് നിർബന്ധകാര്യങ്ങളും ഐച്ഛികകാര്യങ്ങളുമെല്ലാം മുറയ്ക്ക് ചെയ്യണമെന്നുണ്ട്. ചിലത് നാം സ്ഥിരമായി ചെയ്തുകൊണ്ടുമിരിക്കുന്നു. എന്നാൽ പാപങ്ങൾകാരണം ഇതിൽ മുടക്കം സംഭവിക്കുന്നതാണ്. നമ്മുടെ പാപങ്ങൾ തുടക്കത്തിൽ നാം ചെയ്തുകൊണ്ടിരുന്ന ഒരു സൽപ്രവൃത്തി മുടക്കും. അത് മറ്റൊന്നിനെയും അത് വേറൊന്നിനെയും മുടക്കുകയും അങ്ങനെ നീണ്ടുപോവുകയും ചെയ്യുന്നതാണ്. പരിശുദ്ധ ക്വുർആനിലെ ഒരു വചനം നാം മനഃപാഠമാക്കുകയും നന്നായി ഗ്രഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക. ഈ വചനം മുഴുവൻ ദുൻയാവിനെക്കാളും ഉത്തമമാണ്. അല്ലാഹു പറുയുന്നു:

“ആകയാൽ നീ കൽപിക്കപ്പെട്ടതുപോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്) മടങ്ങിയവരും നേരായ മാർഗത്തിൽ നിലകൊള്ളുക. നിങ്ങൾ അതിരുവിട്ട് പ്രവർത്തിക്കരുത്. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്’’ (ഹൂദ് 112).

അറിയുക; നിരന്തരം തൗബ ചെയ്ത് മടങ്ങുന്നവർക്ക് ദീനിൽ സ്ഥിരത ലഭിക്കുന്നതാണ്. തൗബ ചെയ്യാതെ പാപങ്ങളിൽ കഴിയുന്നവന്റെ അവസ്ഥ, ഒരു പ്രത്യേക ഭക്ഷണം കഴിച്ച് രോഗിയായതിന് ശേഷം മറ്റു ഭക്ഷണങ്ങൾ കൂടി കഴിക്കുവാൻ കഴിയാത്ത നിലയിൽ ആകുന്നത് പോലെയാണ്.

10. ആയുസ്സ് കുറയ്ക്കും

പാപങ്ങൾ ആയുസ്സ് കുറക്കുകയും അനുഗ്രഹങ്ങൾ എടുത്തുകളയുകയും ഐശ്വര്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. നമുക്ക് എത്ര സമയമുണ്ടെങ്കിലും നമ്മുടെ പാപങ്ങൾ നിമിത്തം ആ സമയം ഫലപ്രദമായി ഉപയോഗിക്കുവാൻ നമുക്ക് സാധിക്കില്ല.

പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും വ്യായാമം ശീലിക്കുന്നതും ആയുസ്സ് വർധിപ്പിക്കും എന്ന് നാം കരുതുന്നു. പക്ഷേ, കൂടുതൽ കാലം ജീവിക്കണമെങ്കിൽ പാപങ്ങളിൽനിന്ന് വിട്ടുനിൽക്കുക, സൽകർമങ്ങളിൽ ഏർപ്പെട്ട് അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. ഹൃദയത്തിൽ അല്ലാഹുവിനോടുള്ള പ്രിയം മനസ്സിന് സംതൃപ്തിയും ആസ്വാദനവും നൽകും. അല്ലാഹുവിന് വേണ്ടി പണിയെടുക്കുമ്പോൾ ജീവസ്സുറ്റവരായി മാറുന്നു.

11. ഒരു പാപം മറ്റൊന്നിലേക്ക് നയിക്കും

പാപങ്ങൾ കൃഷിയിടങ്ങളിലെ കളകൾ പോലെയാണ്. ഒരു പാപം മറ്റൊരു പാപത്തിന് ഇടവരുത്തും. ഒന്ന് മറ്റൊന്നിന് പിറകെയായി വരുകയും അത് പടർന്ന് പന്തലിക്കുകയും ചെയ്യും. പിന്നെ നമുക്ക് നമ്മെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാകും. തുടക്കത്തിലേ ആ കളകൾ പറിച്ചുകളയാൻ ശ്രമിച്ചാൽ എളുപ്പമാകും. പക്ഷേ, അവ പെരുകിക്കഴിഞ്ഞാൽ അത് വേരുപിടിച്ച് പടർന്ന് അതിനെ പറിച്ചുകളയൽ ശ്രമകരമായിത്തീരും.

ഒരു പാപത്തിനുള്ള ശിക്ഷ മറ്റൊരു പാപം ചെയ്യാനുള്ള പ്രവണതയാണ്. ഒരു നന്മയ്ക്കുള്ള പ്രതിഫലം മറ്റൊരു നന്മ ചെയ്യാനുള്ള അവസരമാണ്. മിക്ക പാപങ്ങളുടെയും വേര് അസൂയയും അഹങ്കാരവുമാണ്. ഉദാഹരണം: നാം ഒരാളെക്കുറിച്ച് മോശമായി ചിന്തിച്ചുകഴിഞ്ഞാൽ അത് അവിടെ അവസാനിക്കുകയില്ല. പിന്നെ അവരുമായി വാക്കേറ്റമുണ്ടാകാം. അവരെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കാൻ ഇടവന്നേക്കാം.

സൽകർമങ്ങൾ കൂടുതൽ സൽകർമങ്ങളിലേക്ക് വഴിതെളിയിക്കുന്നു.നമ്മുടെ ജീവിതം സൽകർമങ്ങൾക്കും പാപമോചനം തേടുന്നതിനും ഇടയിൽ ചരിക്കണം.

“നിങ്ങളുടെ നാഥനിൽനിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടാനായി ധൃതിയിൽ മുന്നോട്ട് വരിക. അത് ഭയഭക്തന്മാർക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്നു’’ (ആലുഇംറാൻ 133).

ഒരാൾ പാപങ്ങൾക്കെതിരെ പൊരുതുകയും അത് ചെയ്യുന്നത് നിർത്തുകയും നല്ല കാര്യങ്ങൾ ചെയ്ത് തുടങ്ങുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് അതിനോട് ഇഷ്ടം ഉണ്ടാവുകയും, ആ നന്മകൾ അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നതാണ്. ഇതോടൊപ്പം ആ സൽകർമങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടി അല്ലാഹു മലക്കുകളെ അയച്ചുകൊടുക്കുന്നതുമാണ്. ഉദാ: ദീനിലുള്ള അറിവ് സമ്പാദിക്കൽ തുടക്കത്തിൽ വളരെ ബുദ്ധിമുട്ടായി അനുഭവപ്പെടും. ആ ബുദ്ധിമുട്ട് തരണംചെയ്ത് ആ അറിവ് നേടാൻ നിരന്തരം ശ്രമിക്കുമ്പോൾ നാം അത് ഇഷ്ടപ്പെട്ടുതുടങ്ങും. അപ്പോൾ നമ്മെ നിരന്തരം അതിനായി പ്രേരിപ്പിക്കാൻ അല്ലാഹു മലക്കുകളെ അയച്ച് തരും. അങ്ങനെ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതു വിട്ടുകളയുവാൻ നമുക്ക് തോന്നുകയുമില്ല. അതിന്റെ ഗുണം നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും.

ഇതിന്റെ നേർവിപരീതമാണ് പാപങ്ങളുടെ കാര്യം. ഒരാൾ പാപങ്ങൾ ചെയ്യുമ്പോൾ ആദ്യമൊക്കെ മടിച്ച് മടിച്ചായിരിക്കും ചെയ്യുന്നത്. പക്ഷേ, അത് നിരന്തരമാകുമ്പോൾ അയാൾക്ക് അത് പ്രശ്‌നമല്ലാതാകും. അപ്പോൾ അല്ലാഹു പിശാചിനെ അയക്കും. അതിനെ സ്ഥിരപ്പെടുത്താൻ പിശാച് പരിശ്രമിക്കും. അങ്ങനെ അത് വിട്ടുകളയാൻ അയാൾക്ക് തോന്നാതാകും. അതിന്റെ ദോഷം അയാളുടെ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

“അതിനാൽ ആര് ദാനം നൽകുകയും ഭക്തനാവുകയും അത്യുത്തമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ അവന് നാം ഏറെ എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും. എന്നാൽ ആര് പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും അത്യുത്തമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ അവനെ നാം ഏറ്റവും ക്ലേശകരമായതിൽ കൊണ്ടെത്തിക്കും’’ (അല്ലൈൽ 5-10).

അല്ലാഹുവിന്റെ കാരുണ്യത്തിൽ നാം നിരാശപ്പെടരുത്. അധികം വൈകുന്നതിന് മുമ്പ് പടച്ചവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. അല്ലാഹു നമ്മെ അവന്റെ വചനങ്ങളിലൂടെ പഠിപ്പിച്ചതും അതറിയുവാൻ സാധിച്ചതും അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്.

12. പാപങ്ങൾ ഹൃദയത്തിന്റെ നിശ്ചയദാർഢ്യത്തെയും മനഃ ശക്തിയെയും ഇല്ലാതാക്കുന്നു

പാപങ്ങളിലൂടെ മനഃശക്തി നശിച്ചുപോയാൽ നന്നാകുവാനുള്ള ആഗ്രഹം ഇല്ലാതാകും എന്നതാണ് ഏറ്റവും ഭയാനകരമായ പരിണിതഫലം. നന്മയും തിന്മയും തിരിച്ചറിഞ്ഞാലും നന്മ സ്വീകരിക്കുവാനും തിന്മയെ തിരസ്‌ക്കരിക്കുവാനും സാധിക്കാതെ വരുന്നതാണ്.

തിരഞ്ഞെടുക്കുവാനും തീരുമാനിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടേതാണ്. നമുക്കായി കാര്യങ്ങൾ മാറ്റിമറിക്കുവാനോ ചെയ്യുവാനോ ആർക്കും സാധിക്കില്ല. എന്നാൽ പാപങ്ങളിൽ ഏർപ്പെടുന്നവൻ വലിയ മടിയനും ഉത്സാഹമില്ലാത്തവനുമായിരിക്കും. നന്നാകണം, ഖുർആൻ പാരായണം ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ടാകും. പക്ഷേ, ഒരിക്കലും അത് പ്രാവർത്തികമാകില്ല. അതിനുള്ള മാനസിക പ്രചോദനം ലഭിക്കുകയുമില്ല.

“ഇത് മുഴുവൻ മാലോകർക്കുമുള്ള ഒരു ഉപദേശമാകുന്നു. നിങ്ങളിൽ നേർവഴിയിൽ നടക്കാനാഗ്രഹിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടുന്നതാണ്’’ (അത്തക്‌വീർ 27-28).

പാഠം 13

പാപങ്ങളുടെ പ്രത്യാഘാതങ്ങൾ

പാപങ്ങളുടെ ഭൗതികമായ പല കുഴപ്പങ്ങളും പറഞ്ഞുകഴിഞ്ഞു. ഗുരുതരമായ മറ്റുചില പ്രത്യാഘാതങ്ങൾകൂടി ശ്രദ്ധിക്കുക:

13. കുറ്റബോധവും പശ്ചാത്താപ മനഃസ്ഥിതിയും ഇല്ലാതാക്കും

കുറ്റബോധം എന്നത് ജന്മസിദ്ധമായ മനുഷ്യഗുണമാണ്. പക്ഷേ, പാപങ്ങൾ ഈ മനഃസ്ഥിതിയെ പതിയെ പതിയെ ഉന്മൂലനം ചെയ്തുകളയും. ഇത്തരം ഒരു അവസ്ഥയ്ക്കിടയിൽ ഒരാൾ ഇസ്തിഗ്ഫാറും തൗബയും നടത്തിയാൽതന്നെ അതിൽ സത്യസന്ധത കുറവായിരിക്കും. നാവുകൊണ്ട് പറയുമെങ്കിലും ഹൃദയം പാപങ്ങളിൽ തന്നെ ബന്ധപ്പെട്ടിരിക്കും. ഇത് ഏറ്റവും ഭയാനകമായ ഹൃദയത്തിന്റെ രോഗാവസ്ഥയും നാശത്തിലേക്കുള്ള പതനവുമാകുന്നു.

മനുഷ്യർ സ്വാഭാവികമായും തെറ്റിനെ വെറുക്കുന്നവരാണ്. പക്ഷേ, നിരന്തരം തെറ്റുചെയ്യുന്ന ഒരാൾക്ക് അതൊരു പ്രശ്‌നമല്ലാതാകും. അയാൾ മറ്റുള്ളവരോട് അതിനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞ് നടക്കുകയും ചെയ്യും. അയാൾക്ക് അതിന് ഒരു ഉളുപ്പുമുണ്ടാകില്ല. മാത്രമല്ല, പാപം ചെയ്യുന്നത് അയാൾ വലിയ പ്രൗഢിയായി കാണുന്നതാണ്. ഞാൻ മദ്യപിക്കും, എനിക്ക് കാമുകിയുണ്ട് എന്നൊക്കെ ചില ആളുകൾ തുറന്നുപറയുന്നത് ഇതിൽ പെട്ടതാണ്.

അബൂഹുറയ്‌റ(റ) നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “എന്റെ എല്ലാ അനുയായികളും പൊറുക്കപ്പെടുന്നവരായിരിക്കും. സ്വന്തം പാപങ്ങൾ തുറന്നുകാട്ടുന്നവരൊഴികെ. അതിന് ഉദാഹരണം: ഒരാൾ രാത്രിയിൽ തെറ്റ് ചെയ്യുന്നു. അല്ലാഹു അത് അയാൾക്ക് മറച്ചുകൊടുക്കുന്നു. എന്നാൽ പ്രഭാതത്തിൽ അയാൾതന്നെ അത് ആളുകൾക്ക് വെളിവാക്കിക്കൊടുക്കുന്നതും ഞാൻ ഇന്നലെ രാത്രി ഇന്നയിന്ന തെറ്റുകൾ ചെയ്തു എന്ന് പറഞ്ഞ് നടക്കുന്നതുമാണ്. അല്ലാഹു അത് അയാൾക്ക് വേണ്ടി രഹസ്യമാക്കിവെച്ച കാര്യമാണ്. രാത്രി അല്ലാഹു മറച്ചുവെച്ച കാര്യം രാവിലെ അയാൾതന്നെ മറനീക്കി ജനങ്ങളെ ബോധിപ്പിച്ചു’’ (ബുഖാരി 6069).