ഇനിയും നാം മുന്നോട്ട്...

ദുൽക്കർഷാൻ അലനല്ലൂർ

2022 മെയ് 07, 1442 ശവ്വാൽ 06

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ വിടഞ്ഞപറഞ്ഞ സന്ദർഭത്തിലാണ് നാം. ജീവിതത്തിൽ ആയുസ്സ് നീട്ടിക്കിട്ടുകയും നന്മ പ്രവർത്തിക്കുകയും ചെയ്തവർ മനുഷ്യരുടെ കൂട്ടത്തിലെ നല്ലവരാണ് എന്നാണ് നബി ﷺ അറിയിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ വർഷവും നന്മ നിറഞ്ഞ റമദാനിന് സാക്ഷികളാവാൻ നമുക്ക് സാധിച്ചു.

റമദാനിനുശേഷമുള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് ഇനി നാം ചിന്തിക്കേണ്ടതുണ്ട്. പലരെയും അടിമുടി മാറ്റിയ മാസമാണ് റമദാൻ. തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന തിന്മകളോട് വിടപറയുകയും നന്മകളുടെ കൂടെ യാത്ര ചെയ്യുകയും ചെയ്തവർ അനേകമാണ്. നന്മക്ക് തുടക്കംകുറിച്ചവരും നന്മയിൽ മത്സരിച്ചവരും കുറച്ചൊന്നുമല്ല. അതിനാണല്ലോ അല്ലാഹുവിന്റെ കൽപനയുള്ളതും.

“നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്’’ (ക്വുർആൻ 3:133).

“നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനത്തിലേക്കും സ്വർഗത്തിലേക്കും നിങ്ങൾ മുൻകടന്നു വരുവിൻ. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിച്ചവർക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു’’ (ക്വുർആൻ 57:21).

സ്വർഗീയജീവിതം ലഭിക്കുവാനും, അതിൽ പ്രവേശനം ലഭിക്കേണ്ടതിന് അല്ലാഹുവിങ്കൽനിന്നുള്ള പാപമോചനംവഴി അർഹത നേടുവാനും ഓരോരുത്തരും ഞാൻ മുമ്പിലാവണമെന്ന ആവേശത്തോടെ മുന്നോട്ടുവരണം എന്ന് അല്ലാഹു ഉപദേശിക്കുന്നു. അഥവാ അതിനായി അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ദുഷ്‌കർമങ്ങൾ വെടിയുകയും ചെയ്യുന്നതിൽ അമാന്തം വരുത്താതെ സദാ ഉത്സുകരായിരിക്കണം. ഈ താൽപര്യം വിശ്വാസികളിൽ ഏറ്റവും കൂടുതൽ കാണുന്നതും റമദാനിലാണ്.

എന്നാൽ അല്ലാഹുവിനോടുള്ള ഭയഭക്തിയും ആരാധനാകർമങ്ങളിലുള്ള താൽപര്യവും ശ്രദ്ധയും സൂക്ഷ്മതയും കണിശതയും റമദാനിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നാണോ? അല്ലല്ലോ! ‘നിങ്ങൾ റബ്ബിന്റെ ആളുകളാവുക, റമദാനിന്റെ ആളുകളാകരുത്’ എന്നാണ് മഹാന്മാരായ ചില മുൻഗാമികൾ പറഞ്ഞിട്ടുള്ളത്. അഥവാ റമദാനിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാകരുത് ഒരു വിശ്വാസിയുടെ ഭക്തിയും ആരാധനാ കർമങ്ങളും. അത് എല്ലാ കാലത്തും എല്ലാ സന്ദർഭത്തിലും കൈവിടാതെ കാത്തുസൂക്ഷിക്കേണ്ടതാണ്.

റമദാനിൽ നാം നേടിയെടുത്ത ആത്മചൈതന്യം ശേഷംവരുന്ന മാസങ്ങളിൽ നശിപ്പിച്ചുകളയുന്ന സ്വഭാവം ഒരു വിശ്വാസിക്ക് ഭൂഷണമല്ല. കർമങ്ങൾ നിലനിർത്തുന്നേടത്താണ് വിശ്വാസിയുടെ വിജയം. അത് ചെറുതാണെങ്കിലും വലുതാണെങ്കിലും.

ആഇശ(റ)യിൽനിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “കുറച്ചാണെങ്കിലും പതിവായി ചെയ്യുന്ന സൽകർമങ്ങളാണ് അല്ലാഹുവിന് ഏറെ ഇഷ്ടം’’ (മുസ്‌ലിം).

അത് ജീവിതാന്ത്യം വരെ നിലനിർത്തുകയും വേണം. അല്ലാഹു പറയുന്നു: “ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക’’ (ക്വുർആൻ 15:99).

മരണം വന്നെത്തുന്നതുവരെ അല്ലാഹുവിനെ ആരാധിച്ചുകൊണ്ടേയിരിക്കുക. അവനുവേണ്ടി സൽകർമങ്ങൾ നിരന്തരമായി ചെയ്തുകൊണ്ടേയിരിക്കുക. അതിൽ യാതൊരു വിട്ടുവീഴ്ചയും അലസതയും കാണിക്കാനും പാടില്ല. കാരണം മരണം ഏതു സമയത്തും കടന്നുവരാം. മരണം സംഭവിക്കുന്ന നേരത്ത് നിങ്ങൾ മുസ്‌ലിംകളായിരിക്കണം എന്നും അല്ലാഹു നിർദ്ദേശിക്കുന്നുണ്ട്.

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്’’ (ക്വുർആൻ 3:102).

മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരണപ്പെടരുത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരണപ്പെടുമ്പോൾ ഇസ്ലാമിൽനിന്ന് അകന്നുപോയ അവസ്ഥയുണ്ടാകരുത് എന്നാണ്. ഒരാൾ ദീർഘകാലം മുസ്ലിമായി ജീവിച്ചശേഷം അവസാന നിമിഷത്തിൽ അവിശ്വാസിയായിക്കൊണ്ട് മരണപ്പെട്ടാൽ ആ ഇസ്‌ലാംകൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ. മുസ്ലിമാകുകയെന്നതുകൊണ്ടുള്ള വിവക്ഷ നാമമാത്ര മുസ്ലിമാകുകയെന്നല്ല; അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട് അല്ലാഹുവിന്ന് പൂർണമായും കീഴൊതുങ്ങി ജീവിക്കുക എന്നതാകുന്നു.

പരിപൂർണ മുസ്‌ലിംകളായും വിശ്വാസികളായും മരിക്കാൻ അല്ലാഹുവിന്റെ വിധിവിലക്കുകൾ കാത്തുസൂക്ഷിക്കുകയും പ്രവാചക സുന്നത്തുകളെ മുറുകെപിടിച്ച് ജീവിക്കുകയും വേണം. അതിന് റമദാൻ നമ്മെ ഏറെ സഹാച്ചിട്ടുണ്ടെന്നുമാത്രം. ഇനിയങ്ങോട്ടുള്ള മാസങ്ങളിലും റമദാനിൽ നാം ശീലിച്ച നന്മകളെ നിലനിർത്തേണ്ടതുണ്ട്. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരങ്ങൾ ജമാഅത്തായി നിർവഹിച്ചതും, അതിന്റെ കൂടെയുള്ള റവാത്തിബ് സുന്നത്തുകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിച്ചതും, നോമ്പ് മുഴുവൻ നഷ്ടപ്പെടാതിരിക്കാൻ കാണിച്ച സൂക്ഷ്മതയും, പ്രാർഥനകളും, ദാനധർമ്മങ്ങളും അടക്കമുള്ള നിരവധി നന്മകൾ... ഇതെല്ലാം തുടർന്നും വേണം.

റമദാനിൽ ഒരു മാസക്കാലം ജനനിബിഢമായിരുന്ന പള്ളികൾ പെരുന്നാൾ കഴിഞ്ഞാൽ ശൂന്യമാകുന്ന അവസ്ഥയിലേക്ക് പോകുന്ന ദുരവസ്ഥ മിക്കയിടങ്ങളിലും നമുക്ക് കാണാൻ സാധിക്കും. ഇത് അതാത് പ്രദേശങ്ങളിലെ മുസ്‌ലിംകളുടെ വലിയ ന്യൂനതയാണ്. ബാങ്കുവിളി കേൾക്കുമ്പോൾ ജമാഅത്തിന് പള്ളിയിലെത്താൻ ഇനിയും നാം ശ്രദ്ധിക്കണം. കാരണം ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ജമാഅത്തായി നിസ്‌കരിക്കുന്നതിനാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം; നബി ﷺ പറഞ്ഞു: “ജമാഅത്ത് നിസ്‌കാരത്തിന്റെ ശ്രേഷ്ഠത ഒറ്റക്ക് നമസ്‌കരിക്കുന്നതിനെക്കാൾ ഇരുപത്തിയേഴ് ഇരട്ടി പദവിയുള്ളതാണ്’’ (ബുഖാരി).

നിർബന്ധ നമസ്‌കാരങ്ങൾക്ക് പുറമെ നാം നിർവഹിക്കുന്ന റവാത്തിബ് സുന്നത്തുകൾ അല്ലാഹുവിലേക്ക് അടുക്കാൻ ഏറെ സഹായകരമാകും.

ആഇശ(റ) നിവേദനം; നബി ﷺ പറഞ്ഞു: “ആരെങ്കിലും പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരത്തിൽ കണിശത കാണിച്ചാൽ അവന് സ്വർഗത്തിൽ അല്ലാഹു ഒരു ഭവനം പണിതുനൽകും. ദുഹ്‌റിന് മുമ്പ് നാലും ശേഷം രണ്ടും, മഗ്‌രിബിന് ശേഷം രണ്ട്, ഇശാഇന് ശേഷം രണ്ട്, സുബ്ഹിക്ക് മുമ്പ് രണ്ട്’’ (തിർമുദി, ഇബ്‌നുമാജ).

റമദാനിൽ നാം നിർവഹിച്ച ഒന്നാണ് തറാവീഹ് നമസ്‌കാരം. റമദാൻ കഴിഞ്ഞാലും ഇത് നിർവഹിക്കേണ്ടതുണ്ട്. റമദാനിൽ മാത്രം നിർവഹിച്ച് അവസാനിപ്പിക്കാനുള്ളതല്ല രാത്രിനമസ്‌കാരം. ഇത്രയും കാലം രാത്രിനമസ്‌കാരം ചര്യയാക്കാത്തവർക്ക് അതിന് തുടക്കം കുറിക്കാനാണ് റമദാൻ അവസരം നൽകിയിരിക്കുന്നത്.

അബൂഹുറയ്‌റ(റ) പറഞ്ഞു: “എന്റെ കൂട്ടുകാരൻ (മുഹമ്മദ് നബി(സ)) മൂന്ന് കാര്യങ്ങൾകൊണ്ട് എന്നെ ഉപദേശിച്ചു. മരിക്കുന്നതുവരെ ഞാനതിൽ ഉപേക്ഷ വരുത്തിയിട്ടില്ല; എല്ലാ മാസവും മൂന്ന് നോമ്പനുഷ്ഠിക്കാനും (13,14,15 ദിവസങ്ങൾ) ദ്വുഹാ നമസ്‌കരിക്കാനും ഉറങ്ങുന്നതിനുമുമ്പ് വിത്‌റ് നമസ്‌കരിക്കാനും (ആയിരുന്നു ആ ഉപദേശം)’’ (ബുഖാരി).

രാത്രിയിൽ നിർവഹിക്കുന്നതിനാൽ അതിന് ‘ക്വിയാമുല്ലൈൽ’ എന്നു പറയുന്നു. റമദാനിൽ അത് നിർവഹിക്കുമ്പോൾ ‘ക്വിയാമുറമദാൻ’ എന്ന് പറയുന്നു. ക്വിയാമുറമദാൻ പിന്നീട് ‘തറാവീഹ്’ എന്ന പേരിൽ അറിയപ്പെട്ടു. അതിനു കാരണം നമസ്‌കാരത്തിനിടയിൽ വിശ്രമമെടുക്കുന്നു എന്നതാണ്. നമസ്‌കാരംതന്നെ ഉറങ്ങിയെഴുന്നേറ്റ് നിർവഹിക്കുകയാണെങ്കിൽ അതിന് ‘തഹജ്ജുദ്’ എന്ന് പറയുന്നു. ഒറ്റയിൽ അവസാനിപ്പിക്കുന്നതിനാൽ ‘വിത്ർ’ എന്നും പറയുന്നു.

അലി(റ) പറഞ്ഞു: “നബി ﷺ ഒറ്റയായി നമസ്‌കരിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: ‘ക്വുർആനിന്റെ ആളുകളേ, നിങ്ങൾ ഒറ്റയാക്കുവിൻ. തീർച്ചയായും അല്ലാഹു ഒറ്റയാണ്. അവൻ ഒറ്റയെ ഇഷ്ടപ്പെടുന്നു’’ (അബൂദാവൂദ്).

വിശുദ്ധ റമദാനിൽ മുഴുവൻ നോമ്പും ലഭിക്കാൻ നാം എത്ര ശ്രദ്ധിച്ചിരുന്നുവോ അതുപോലെ ഇനിയുള്ള കാലം സുന്നത്ത് നോമ്പുകളുടെ കാര്യത്തിലും നമുക്ക് ശ്രദ്ധിക്കാം.

അബൂസഈദിൽ ഖുദ്‌രിയ്യ്(റ) നിവേദനം; നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിനം ഒരു ദാസൻ നോമ്പനുഷ്ഠിച്ചാൽ അതുമുഖേന അല്ലാഹു അവന്റെ മുഖത്തെ എഴുപത് വർഷത്തെ വഴിദൂരം നരകത്തിൽനിന്നും അകറ്റാതിരിക്കുകയില്ല’’ (മുസ്‌ലിം).

ഇത് റമദാനിലാകട്ടെ അല്ലാത്ത മാസങ്ങളിലാകട്ടെ നോമ്പുകാരനു ലഭിക്കുന്ന നേട്ടമാണ്. അതിനാൽ ഇനിയുള്ള മാസങ്ങളിൽ സുന്നത്ത് നോമ്പുകൾ നഷ്ടപ്പെടുത്താതിരിക്കാം. നബി ﷺ പറഞ്ഞു: ‘ഞാൻ ഇഷ്ടപ്പെടുന്നത് ദാവൂദ് നബി(അ)യുടെ നിസ്‌കാരവും നോമ്പുമാണ്.’

എന്തായിരുന്നു ദാവൂദ് നബി(അ)യുടെ നോമ്പിന്റെയും നമസ്‌കാരത്തിന്റേയും പ്രത്യേകത? അദ്ദേഹം ഒന്നിടവിട്ട് നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ നന്ദിയുള്ള ദാസനായിരുന്നു.

എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നബി ﷺ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: “എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും കർമങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടും. അതിനാൽ കർമങ്ങൾ ഉയർത്തപ്പെടുന്ന വേളയിൽ നോമ്പുകാരനായിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’’ (തിർമുദി).

റമദാനിൽ വിശ്വാസികൾ വലിയ താൽപര്യത്തോടെ നിർവഹിച്ച മറ്റൊന്നാണ് സകാത്തും ദാനധർമങ്ങളും. ആ വാതിലുകളും അടക്കപ്പെടേണ്ടതല്ല. അത് എന്നും പരക്കെ തുറന്നുവെക്കേണ്ടതാണ്. സകാത്ത് എന്നത് സമ്പത്ത് നിർണിത കണക്കെത്തുമ്പോൾ നൽകേണ്ടതാണെങ്കിൽ സ്വദക്വ (ദാനധർമം) എല്ലാ സമയത്തും നിർവഹിക്കാവുന്ന ഒന്നാണ്. നാം നിർവഹിക്കുന്ന നിർബന്ധമായ ആരാധനാകർമങ്ങളിൽ വരുന്ന പാകപ്പിഴവുകളും കുറവുകളും സുന്നത്തായ കർമങ്ങളിലൂടെ പരിഹരിക്കപ്പെടുന്നതാണ്.

തമീമുദ്ദാരി(റ)യിൽനിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “ഒരു അടിമ അന്ത്യദിനത്തിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുക അവന്റെ നമസ്‌കാരത്തിന്റെ കാര്യത്തിലായിരിക്കും. അത് പൂർണമാണെങ്കിൽ അവന് പൂർണമായും രേഖപ്പെടുത്തും. ഇനി അത് അപൂർണമാണെങ്കിൽ അല്ലാഹു മലക്കുകളോട് പറയും: ‘നിങ്ങൾ എന്റെ അടിമയുടെ സുന്നത്ത് നമസ്‌കാരങ്ങളിലേക്ക് നോക്കുക. എന്നിട്ട് നിർബന്ധ നമസ്‌കാരങ്ങളിലെ കുറവുകൾ സുന്നത്ത് നമസ്‌കാരങ്ങളിൽനിന്ന് പൂർത്തിയാക്കുക.’ മറ്റു സൽകർമങ്ങളുടെ കാര്യത്തിലും അപ്രകാരമായിരിക്കും’’ (നസാഈ).

അല്ലാഹുവിന്റെ മാർഗത്തിലുള്ള ധനവിനിയോഗത്തിന് ലഭിക്കുന്ന പ്രതിഫലം മഹത്തായതാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്’’ (ക്വുർആൻ 2:261).

“അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളിൽ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയർന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോൾ അത് രണ്ടിരട്ടി കായ്കനികൾ നൽകി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കിൽ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു’’ (ക്വുർആൻ 2:265).

അല്ലാഹു നൽകിയ സമ്പത്ത് അവൻ ഇഷ്ടപ്പെടുന്ന മാർഗത്തിൽ ചെലവഴിക്കുക എന്നത് അവനോട് കാണിക്കുന്ന നന്ദിയാണ്. അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർധിപ്പിച്ചു തരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദർഭം (ശ്രദ്ധേയമത്രെ)’’ (ക്വുർആൻ 14:7).

റമദാനിലെ നോമ്പുകൊണ്ട് നാം നേടിയെടുക്കേണ്ടത് തക്വ്‌വയാണ്. അഥവാ ഭയഭക്തിയോടെയും സൂക്ഷ്മതയോടെയും ജീവിതം നയിക്കാനുള്ള ഉൾക്കരുത്താണ്. നോമ്പ് നിർബന്ധമാക്കിയെന്നു പറഞ്ഞപ്പോൾ അല്ലാഹു സൂചിപ്പിച്ചത് ‘നിങ്ങൾ തക്വ്‌വയുള്ളവരാകാൻ’ എന്നാണ്:

കഴിഞ്ഞ റമദാൻകൊണ്ട് നമ്മുടെ ജീവിതത്തിലെ പാപക്കറകളെല്ലാം കഴുകിക്കളഞ്ഞ് ആത്മാവിനെ ശുദ്ധീകരിക്കാൻ നമുക്ക് സാധിച്ചുവോ? എങ്കിൽ നമുക്ക് സന്തോഷിക്കാം. റമദാനിൽ കൈവരിച്ച തക്വ്‌വ നിലനിർത്താനുള്ള പരിശ്രമം നടത്തുകയും ചെയ്യാം. റമദാനിലെ രാപകലുകളിൽ കണ്ണിനെയും കാതിനെയും നാവിനെയും നിയന്ത്രിച്ചതുപോലെ ഇനിയുള്ള കാലവും അവയെ നാം നിയന്ത്രിക്കേണ്ടതുണ്ട് കാരണം അവയെക്കുറിച്ചെല്ലാം നാളെ പരലോകത്ത് നാം ചോദിക്കപ്പെടുന്നതാണ്.

അല്ലാഹു പറഞ്ഞു: “നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.’’ (ക്വുർആൻ 17:36).

സഹ്‌ലുബ്‌നു സഅ്ദ്(റ) നിവേദനം; നബി ﷺ പറഞ്ഞു: “രണ്ട് കാലുകൾക്കിടയിലുള്ളതുകൊണ്ടും താടിയെല്ലുകൾക്കിടയിലുള്ളതുകൊണ്ടും (പാപം ചെയ്യില്ലെന്ന്) എനിക്ക് ജാമ്യം നൽകിയാൽ നിങ്ങൾക്ക് സ്വർഗം ലഭിക്കുന്ന കാര്യത്തിൽ ഞാനും ജാമ്യം നിൽക്കാം’’ (ബുഖാരി).

നാവിനെയും കണ്ണിനെയും കാതിനെയും മനസ്സിനെയും എല്ലാ തിന്മകളിൽനിന്നും സുരക്ഷിതമാക്കേണ്ടതുണ്ട്. ജീവിതാന്ത്യം വരെ നന്മയിൽ മുന്നേറാനാണ് നാം പരിശ്രമിക്കേണ്ടത്.