വ്യഭിചാരത്തിലേക്ക് നയിക്കുന്ന ചില കാര്യങ്ങൾ - 02

അബൂ ആമിർ

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

ലഘുവായ വ്യഭിചാരത്തിന് മറ്റു ചില ഉദാഹരണങ്ങൾ

കിടപ്പറ രഹസ്യങ്ങൾ പരസ്യപ്പെടുത്തൽ

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധം അടഞ്ഞ വാതിലുകൾക്കും മറയ്ക്കും പിന്നിൽ സ്വകാര്യതയിലാണ് നടക്കുന്നത്. അതിന്റെ വിശദാംശങ്ങൾ സ്വകാര്യതയിലും രഹസ്യസ്വഭാവത്തിലും നിലനിൽക്കണം. അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് വിശ്വാസികളുടെ മനസ്സിൽ ദുഷ്ചിന്തകൾ വരാൻ കാരണമാകും. വ്യഭിചാരത്തിലേക്ക് നയിക്കുന്ന ഒരു കവാടമാണിത്. അതിനാൽ, അത് പൂർണമായും അടയ്ക്കണം.

അബൂഹുറയ്‌റ(റ) നിവേദനം: ഒരിക്കൽ നബി ﷺ  പള്ളിയിൽ ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കെ പുരുഷന്മാരുടെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു: “കതകുകളടച്ച്, തിരശ്ശീലകൾ താഴ്ത്തി, സ്വയം അല്ലാഹുവിന്റെ മറ സ്വീകരിച്ച്, ഭാര്യയെ സമീപിച്ച ശേഷം (കൂട്ടുകാരോടൊപ്പം) ഇരുന്ന് ‘ഞാൻ ഇന്ന കാര്യം ചെയ്തു, ഞാൻ ഇന്ന കാര്യം ചെയ്തു’ എന്ന് പറയുന്ന ഏതെങ്കിലും ഒരു പുരുഷൻ നിങ്ങളുടെ കൂട്ടത്തിലുണ്ടോ?’ പുരുഷന്മാർ നിശ്ശബ്ദരായി ഇരുന്നു. ശേഷം അവിടുന്ന് സ്ത്രീകൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു. ‘(അപ്രകാരം) പറയുന്ന എതെങ്കിലും സ്ത്രീ നിങ്ങളുടെ കൂട്ടത്തിലുണ്ടോ?’ അവരും നിശ്ശബ്ദരായി ഇരുന്നു. അപ്പോൾ, ഒരു കാൽമുട്ടു കുത്തി, മറ്റേ കാൽപാദത്തിൽ അൽപം ഉയർന്നുനിന്ന് ഒരു പെൺകുട്ടി പ്രവാചകന്റെ ﷺ  ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറഞ്ഞു: ‘തിരുദൂതരേ, പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അത് പറയാറുണ്ട്.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘അത് ഏതുപോലെയാണെന്ന് നിനക്കറിയുമോ? ഒരു പെൺപിശാച് തെരുവിൽവെച്ച് ആൺപിശാചിനെ കണ്ടുമുട്ടുകയും ജനങ്ങൾ നോക്കിനിൽക്കെ വികാരപൂർത്തീകരണം നടത്തുകയും ചെയ്യുന്നത് പോലെയാണത്!’’

സ്ത്രീയെക്കുറിച്ച് അപരിചിതന് വിവരിച്ചുകൊടുക്കൽ

ഒരു മുസ്‌ലിം സ്ത്രീക്ക് തന്റെ മുസ്‌ലിം സഹോദരിയുടെ ഔറത്തിൽ പെട്ട ചില ഭാഗങ്ങൾ കാണുന്നത് അനുവദനീയമാണ്. എന്നാൽ, അവളിൽ കണ്ട കാര്യങ്ങൾ മഹ്‌റമല്ലാത്ത ഒരു പുരുഷന് വിവരിച്ചുകൊടുക്കാനുള്ള അനുവാദം ഇത് നൽകുന്നില്ല.

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം, ഒരിക്കൽ റസൂൽ  ﷺ  പറഞ്ഞു: “ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി സഹവസിച്ചശേഷം ആ സ്ത്രീയെ നേരിൽ കാണുംവിധം സ്വഭർത്താവിന് അവളെ ചിത്രീകരിച്ച് കൊടുക്കരുത്’’ (ബുഖാരി, അഹ്‌മദ്).

ഒരു സ്ത്രീ തന്റെ ഭർത്താവിന് അത് പറഞ്ഞുകൊടുക്കുകയാണെങ്കിൽ, അവൾ ചെയ്യുന്നത് പാപമാണ്. ഉദാഹരണത്തിന്. ‘എന്റെ സുഹൃത്ത് സുന്ദരിയാണ്. നീണ്ട് ഇടതൂർന്ന കാർക്കൂന്തലും വശ്യമായ കണ്ണുകളും ഇടുങ്ങിയ അരക്കെട്ടും ഉള്ളവളാണ് അവൾ...’ എന്നിങ്ങനെയുള്ള വിശദീകരണങ്ങൾ നൽകിക്കൂടാ. എന്തുകൊണ്ടെന്നാൽ, അത്തരം വിവരണങ്ങൾ പുരുഷന്റെ ഭാവനയെ ഇളക്കിവിടുകയും പിശാചിന് ഹൃദയത്തിൽ കാൽവെക്കാനുള്ള ഇടം നൽകുകയും ചെയ്യും.

ഖുൽവഃ

മഹ്‌റമല്ലാത്ത പുരുഷന്റെ കൂടെ ഒരു സ്ത്രീ സ്വകാര്യതയിൽ കഴിച്ചുകൂട്ടുന്നതിനാണ് ‘ഖുൽവഃ’ എന്ന് പറയുന്നത്. ഈ ‘സ്വകാര്യത’ എന്നത് വീടോ, ഓഫീസോ, കാറോ, ലിഫ്‌റ്റോ, അതുമല്ലെങ്കിൽ ഒരു നിരീക്ഷകന്റെ സാന്നിധ്യമുണ്ടാകാൻ നേരിയ സാധ്യത മാത്രമുള്ള തുറസ്സായ പാർക്കോ ആകാം.

ഖുൽവഃ എന്നത് നിഷിദ്ധമാണ്. കാരണം, അത് പിശാചിന് കെണിയൊരുക്കാനും ഖുൽവയിലുള്ള രണ്ടിലൊരാളുടെ മനസ്സിൽ ദുഷ്ടവിചാരം ഉണ്ടാക്കുവാനും അവസരം നൽകലാണ്.

ഇബ്‌നു അബ്ബാസ്(റ) നിവേദനം, റസൂൽ ﷺ  പറഞ്ഞു: “ഒരു പുരുഷനും സ്ത്രീയോടൊപ്പം ഖുൽവയിലാകരുത്. മഹ്‌റം കൂടെയില്ലാതെ ഒരു സ്ത്രീക്ക് യാത്ര ചെയ്യാനും പാടില്ല’’ (ബുഖാരി, മുസ്‌ലിം).

ഉമർ(റ) നിവേദനം, റസൂൽ  ﷺ  പറഞ്ഞു: “പിശാച് മൂന്നാമനായിക്കൊണ്ടല്ലാതെ ഒരു പുരുഷനും സ്ത്രീയോടൊപ്പം ഖുൽവയിലാകുകയില്ല’’ (തിർമിദി, ഇബ്‌നുമാജ).

ദയ്യൂസ്

ദയ്യൂസ് എന്നത് സ്വന്തം ഭാര്യയുടെയും കുടുംബത്തിലെ മറ്റു സ്ത്രീകളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് ബോധമില്ലാത്ത പുരുഷനാണ്. പാപത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ അവർ ചെയ്യുന്നത് അയാൾ ശ്രദ്ധിക്കുകയില്ല. ഉദാഹരണത്തിന്, നഗ്‌നത (ഔറത്ത്) വെളിവാക്കൽ, പുരുഷന്മാരുമായി അയവുള്ള സമീപനം സ്വീകരിക്കൽ, പരപുരുഷന്മാരുമായി കൂടിക്കലരൽ എന്നിത്യാദി കാര്യങ്ങൾ തന്റെ കീഴിലുള്ള സ്ത്രീകളിലുണ്ടായാലും അയാൾ അത് ഗൗരവത്തിലെടുക്കുകയില്ല. ദയ്യൂസ്, പലപ്പോഴും തന്റെ കുടുംബത്തിലുള്ള സ്ത്രീകളെ അന്യപുരുഷന്മാരോടൊപ്പം പോകാൻ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്യും.

ദയ്യൂസിന്റെ ഈ അധാർമികമായ ചെയ്തി ഒരു വൻപാപമാണ്. അത് ചെയ്യുന്നവൻ ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് താക്കീത് നൽകപ്പെട്ടിട്ടുണ്ട്.

അമ്മാർ ഇബ്‌നു യാസിർ(റ) നിവേദനം, റസൂൽ ﷺ  പറഞ്ഞു: “മൂന്നാളുകൾ; അവർ ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുകയില്ല: ദയ്യൂസ്, പുരുഷന്മാരോട് സാദൃശ്യം പുലർത്തുന്ന സ്ത്രീ, മദ്യപാനത്തിന് അടിമപ്പെട്ടവൻ’’(ത്വബ്‌റാനി. ഇത് സ്വഹീഹാണെന്ന് അൽബാനി പ്രസ്താവിച്ചിട്ടുണ്ട്- സ്വഹീഹുൽ ജാമിഅ്).

ഇബ്‌നു ഉമർ(റ) നിവേദനം, റസൂൽ ﷺ  പറഞ്ഞു: “മൂന്നാളുകളുടെ മേൽ സ്വർഗം നിഷിദ്ധമാണ്. മദ്യപാനത്തിന് അടിമപ്പെട്ടവൻ, മാതാപിതാക്കളോട് മോശമായി പെരുമാറുന്നവൻ, സ്വന്തം കുടുംബത്തിലെ മ്ലേച്ഛത അംഗീകരിക്കുന്ന ദയ്യൂസ.’’(അഹ്‌മദ്, ഹാകിം. ഇത് സ്വഹീഹാണെന്ന് അൽബാനി പ്രസ്താവിച്ചു- സ്വഹീഹുൽ ജാമിഅ്).

നാവിന്റെയും കാതിന്റെയും വ്യഭിചാരം

ദമ്പതികൾ തമ്മിലുള്ള കിടപ്പറ രഹസ്യങ്ങളെയും, അതുപോലെത്തന്നെ ലൈംഗികവികാരത്തെ ഉത്തേജിപ്പിക്കുന്ന മറ്റു കാര്യങ്ങളെയും കുറിച്ച് സംസാരിക്കുന്നത് വലിയൊരു പാപമാണെന്ന് ഉപരിസൂചിത ഹദീസുകൾ വ്യക്തമാക്കിത്തരുന്നു. അത്തരം സംസാരങ്ങൾ കേൾക്കുന്നതും പാപമാണെന്ന് അവ സൂചിപ്പിക്കുന്നു. ഈ രണ്ട് പ്രവൃത്തികൾ നാവിന്റെയും കാതിന്റെയും വ്യഭിചാരമാണ്. ഇതുതന്നെയാണ് അബൂഹുറയ്‌റ(റ)യുടെ ഹദീസിൽ സൂചിപ്പിച്ചതും.

ലൈംഗികതാൽപര്യം ജനിപ്പിക്കുന്ന ഏതുകാര്യവും സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്നത് നാവിന്റെയും കാതിന്റെയും വ്യഭിചാരത്തിന്റെ പരിധിയിൽ പെടും. ശൃംഗാരം, ലൈംഗികോത്തേജകമായ പാട്ടുകൾ, കാമോദ്ദീപകമായ തമാശകൾ എന്നിവ അതിന്നുദാഹരണങ്ങളാണ്.

കൈയിന്റെ വ്യഭിചാരം

രണ്ട് വ്യക്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് സ്പർശനം. അത് കാരണം നിയമവിരുദ്ധമായ സ്പർശനത്തെ റസൂൽ  ﷺ  ലഘുവായ വ്യഭിചാരമായി കണക്കാക്കിയതായി അബൂഹുറയ്‌റ(റ) ഉദ്ധരിച്ച ഹദീസ് വ്യക്തമാക്കുന്നു.