രോഗവും ചികിത്സയും

ഹുസൈന്‍ സലഫി

2022 നവംബർ 19, 1444 റബീഉൽ ആഖിർ 24

(രോഗം: വിശ്വാസികൾ അറിയേണ്ടത് - 4)

കണ്ണേറ് യാഥാർഥ്യമോ?: കണ്ണേറ് വാസ്തവമാണോ? അതുമുഖേന രോഗം വരാമോ? കണ്ണേറ് എന്ന ഒരു സംഭവം ഉണ്ടോ? സമൂഹത്തിൽ ഇന്ന് വലിയ ചർച്ചാവിഷയമാണിത്. അതെ, എന്നാണ് ഒറ്റവാക്കിൽ ഉത്തരം. നബി ﷺ  പറഞ്ഞു: “കണ്ണേറ് എന്നത് യാഥാർഥ്യമാകുന്നു.’’

അതൊരു സത്യമാണ്. ചിലപ്പോൾ അത് സംഭവിച്ചേക്കാം. ആഇശ(റ) പറയുന്നു: ‘അല്ലാഹുവിന്റെ റസൂൽ ﷺ  എന്നോട് കൽപിക്കുകയുണ്ടായി; കണ്ണേറിന് മന്ത്രം നടത്തുവാൻ.’ കണ്ണേറ് ബാധിച്ചതിന്റെ ബുദ്ധിമുട്ടിൽനിന്ന് ശമനം കിട്ടുവാൻ നബി ﷺ  ഭാര്യ ആഇശ(റ)യോട് കൽപിക്കുകയുണ്ടായി എന്നാണല്ലോ സ്വഹീഹുൽ ബുഖാരിയിലുള്ള ഈ ഹദീസ് വ്യക്തമാക്കുന്നത്.

അമാനി മൗലവിയുടെ ക്വുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ സൂറതുൽ ഫലക്വിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നബി ﷺ  ഹസൻ(റ), ഹുസൈൻ(റ) എന്നീ പേരക്കുട്ടികൾക്ക് വേണ്ടി കണ്ണേറിന് മന്ത്രിച്ചകാര്യം അദ്ദേഹം എടുത്തുപറയുന്നുണ്ട്.

“അല്ലാഹുവിന്റെ സമ്പൂർണമായ വചനങ്ങൾ കൊണ്ട്, മുഴുവൻ പിശാചുക്കളിൽനിന്നും എല്ലാ ദുഷ്ട ജന്തുക്കളുടെ ഉപദ്രവങ്ങളിൽനിന്നും എല്ലാ ആക്ഷേപകാരിയായ കണ്ണിന്റെ ഉപദ്രവത്തിൽനിന്നും നിങ്ങൾക്കു രണ്ടുപേർക്കും ഞാൻ അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു.’’ ശേഷം നബി(സ) പറഞ്ഞു: “നിങ്ങളുടെ പിതാവായ ഇബ്‌റാഹീം നബി(അ) ഈ പ്രാർഥനകൊണ്ട് ഇസ്മാഈൽ നബി(അ)ക്കും ഇസ്ഹാക്വ് നബി(അ)ക്കും കാവൽ ചോദിച്ചിരുന്നു’’ (ബുഖാരി).

(കൂടുതൽ വിവരങ്ങൾക്ക് അമാനി മൗലവിയുടെ വിശുദ്ധ ക്വർആൻ വിവരണത്തിൽ സൂറതുൽ ഫലക്വിന്റെ വ്യാഖ്യാനം നോക്കുക).

യഅ്ക്വൂബ് നബി(അ)യുടെ പതിനൊന്ന് മക്കളിൽ പത്ത് മക്കളും ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അവരോട് പ്രത്യേകമായി നിർദേശിച്ച കാര്യമടങ്ങുന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ അമാനി മൗലവി ഇങ്ങ‌നെ എഴൂതുന്നത് കാണാം:

“ഒരേ വാതിലിൽകൂടി പ്രവേശിക്കരുതെന്നു യഅ്ക്വൂബ്(അ) മക്കളെ ഉപദേശിച്ചതിന്റെ ആവശ്യമെന്തായിരുന്നു? ഇതു സംബന്ധിച്ചു ഒന്നിലധികം അഭിപ്രായങ്ങൾ നിലവിലുണ്ട്...(2) സൗന്ദര്യവും പ്രഭാവവും മുറ്റിനിൽക്കുന്ന ഒരു സംഘം ആളുകൾ-അതും ഒരേ പിതാവിന്റെ മക്കൾ-ഒരേ വഴിക്കു പ്രവേശിക്കുമ്പോൾ അതു കണ്ണേറു (കരിങ്കണ്ണു) ബാധിക്കുവാൻ കാരണമായേക്കും. അതിൽനിന്നു ഒഴിവാകുവാൻ വേണ്ടിയായിരുന്നു അത്. ഇബ്‌നു അബ്ബാസ്, മുഹമ്മദുബ്‌നു കഅ്ബ്, മുജാഹിദ്, ദ്വഹ്ഹാക്ക്, ഖതാദ, സ്വുദ്ദീ(റ) മുതലായവരിൽനിന്നു ഇതു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ക്വുർആൻ വ്യാഖ്യാതാക്കൾ പൊതുവിൽ സ്വീകരിച്ചു കാണുന്നത് ഇതാകുന്നു. (കണ്ണേറിനെ ഭയന്നാണ് യഅ്ക്വൂബ് നബി(സ) അങ്ങനെ പറഞ്ഞതെന്നുളളതിനു തെളിവുകാണുന്നില്ലെങ്കിലും കണ്ണേറു സ്ഥാപിക്കുന്ന ബലപ്പെട്ട ഹദീസുകൾ കാണാവുന്നതാണ്)...’’ (സൂറതു യൂസുഫ് 67ാം വചനത്തിന്റെ വ്യാഖ്യാനത്തിൽനിന്ന്).

നിഷേധിക്കുന്നവരെ ബോധ്യപ്പെടുത്താൻ മാത്രമാണ് ഇത് ഇവിടെ പരാമർശിക്കുന്നത്.

കണ്ണേറ് ബാധിച്ചുവെന്ന് സംശയം തോന്നുമ്പോൾ എന്താണ് ചെയ്യേണ്ടത്?

‘കരിങ്കണ്ണാ നോക്ക്’ എന്ന് എഴുതിത്തൂക്കിക്കൊണ്ടോ കലം കമഴ്ത്തിവച്ച് അതിൽ ചുണ്ണാമ്പുകൊണ്ട്കണ്ണും മൂക്കും നാക്കും വരച്ചതുകൊണ്ടോ കുട്ടികളുടെ ശരീരത്തിൽ കറുത്ത ചരടും മറ്റും കെട്ടുന്നതു കൊണ്ടോ കുളിപ്പിച്ചുകഴിഞ്ഞ് കുട്ടിയുടെ കവിളത്ത് ഒരു കറുത്ത പൊട്ട് തൊടുന്നതുകൊണ്ടോ ഇതിന് പരിഹാരം ലഭിക്കുകയില്ല. ഇതൊന്നും അനുവദനീയവുമല്ല.

നബി ﷺ  നിർവഹിച്ച പ്രാർഥനയാണ് നമ്മളും നിർവഹിക്കേണ്ടത്. അല്ലാഹുവിന്റെ റസൂൽ ﷺ  രോഗിയായി കിടക്കുന്ന അവസരത്തിൽ പോലും ജിബ്‌രീൽ(അ) മന്ത്രിച്ച മന്ത്രം നമുക്ക് ഹദീസുകളിൽ കാണാം: “അല്ലാഹുവിന്റെ നാമത്തിൽ താങ്കൾക്കിതാ ഞാൻ മന്ത്രം നടത്തുന്നു. താങ്കളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും എല്ലാ വിധത്തിലുള്ള ഉപദ്രവങ്ങളിൽനിന്നും അസൂയാലുവിന്റെ കണ്ണിന്റെ ഉപദ്രവത്തിൽനിന്നും അല്ലാഹു താങ്കൾക്ക് ശമനം നൽകുമാറാവട്ടെ.’’

ജീവിതത്തിൽ സംഭവിക്കുന്ന മുഴുവൻ പ്രയാസങ്ങളും കണ്ണേറിന്റെ ഫലമായിട്ടാണെന്ന മൗഢ്യധാരണ വച്ചുപുലർത്തുന്നവർ സമൂഹത്തിലുണ്ട്. അതേസമയം കണ്ണേറ് ഉണ്ടെന്നും അതുകൊണ്ട് പ്രയാസമുണ്ടാകുമെന്നും നബി ﷺ യിൽനിന്നും സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടുവന്നിട്ടുണ്ടെന്നത് അനിഷേധ്യമാണ്. സ്വന്തം ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ സ്വഹീഹായി വന്ന കാര്യങ്ങൾ മുഴുവൻ നിഷേധിച്ച് അല്ലാഹുവിന്റെ കോപത്തിനു വിധേയരാകാൻ ശ്രമിക്കുന്നുവെങ്കിൽ അത്തരക്കാരുടെ കാര്യം മഹാകഷ്ടം തന്നെയാണ്.

ഭൗതികവും ആത്മീയവുമായ നിലയ്ക്കുള്ള ചികിത്സയിലും വിധിക്കപ്പെട്ടതും വിലക്കപ്പെട്ടതുമുണ്ട്. അല്ലാഹുവിന്റെ പ്രത്യേകമായ അനുവാദം മുഖേന നമുക്ക് ശിഫ ലഭിക്കും. നാം പ്രാർഥിച്ചുകൊണ്ടിരിക്കണം. നമുക്ക് എത്ര പ്രയാസവും വിഷമവുണ്ടായാലും ശിർക്കൻ മന്ത്രങ്ങളിലേക്കും ശിർക്കൻ വിശ്വാസങ്ങളിലേക്കും ഒരിക്കലും നാം പോകാൻ പാടില്ല. മനസ്സ് പതറിപ്പോകു ന്ന നേരം പിശാചിന്റെ ദുർമന്ത്രണം നടക്കും. ചൂഷകർ സന്ദർഭം ഉപയോഗപ്പെടുത്തും. ‘ഇത്രയൊക്കെ ചികിത്സ നിങ്ങൾ ചെയ്തില്ലേ? ഒരു ഫലവുമുണ്ടായില്ലല്ലോ. ഇനി ഇതുകൂടി നിങ്ങൾ ചെയ്തു നോക്കൂ’ എന്നൊക്കെ പറഞ്ഞ് നമ്മെ ശിർക്കിലേക്കും കുഫ്‌റിലേക്കും കൊണ്ടുപോകും. എന്റെ റബ്ബ് നിഷിദ്ധമാക്കിയ ഒരു ചികിത്സയിലേക്കും ശിർക്കിലേക്കും ഞാൻ പോവുകയില്ല എന്ന ദൃഢമായ തീരുമാനം നമ്മിലുണ്ടായിരിക്കണം.

രോഗാവസ്ഥയിലും ആരാധനകളിൽ ശ്രദ്ധിക്കുക

രോഗാവസ്ഥയിലും ആരാധനാകാര്യങ്ങൾക്ക് ഭംഗം വന്നുകൂടാ എന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം; പ്രത്യേകിച്ച് നമസ്‌കാരത്തിന്റെ കാര്യത്തിൽ. ഇന്ന് സമൂഹത്തിൽ നെല്ലാരു ശതമാനം പേരും രോഗം വന്നുകഴിഞ്ഞാൽ നമസ്‌കാരത്തെ അവഗണിക്കുന്നവരാണെന്ന് കാണാനാവും. രോഗികളെ പരിചരിക്കുന്നവരും അങ്ങനെതന്നെയാണ്. രോഗിയുടെ ഭക്ഷണകാര്യത്തിലും കൃത്യസമയത്ത് മരുന്ന് കൊടുക്കുന്നതിന്റെ കാര്യത്തിലും വളരെയേറെ ശ്രദ്ധ പുലർത്തുന്നവർതന്നെ രോഗിയുടെ ആത്മീയകാര്യത്തെ അവഗണിക്കുന്നു എന്നത് ഖേദകരമാണ്.

ഒരു ഘട്ടത്തിലും നമുക്ക് വീഴ്ച വരുത്താൻ പറ്റാത്ത ഇബാദത്താണ് നമസ്‌കാരം. അഞ്ച് നേരത്തെ നമസ്‌കാരം പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്‌ലിം സ്ത്രീപുരുഷൻമാർക്കും നിർബന്ധമാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. മഹാനായ റസൂൽ ﷺ  അതിന്റെ ഗൗരവം നമ്മെ പഠിപ്പിച്ചു:

“നമ്മുടെയും അവരുടെയും ഇടക്കുള്ള കരാർ നമസ്‌കാരമാണ്. ആരെങ്കിലും നമസ്‌കാരം ഉപേക്ഷിച്ചാൽ അവൻ അവിശ്വാസിയായി (കാഫിറായി) പോയിരിക്കുന്നു’’ (തുർമുദി).

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: “ശിർക്കിന്റെയും കുഫ്‌റിന്റെയും ഒരാളുടെയും ഇടക്കുള്ള വ്യത്യാസം നമസ്‌കാരത്തിൽ ഉപേക്ഷ വരുത്തലാകുന്നു’’ (മുസ്‌ലിം).

കൃത്യമായി നമസ്‌കരിക്കുന്നവനാണ് യഥാർഥ മുസ്‌ലിം എന്നർഥം. അത് മനഃപൂർവം ഒഴിവാക്കുന്നവൻ ഇസ്‌ലാമികവൃത്തത്തിനു പുറത്തും! യുദ്ധരംഗത്തുപോലും ഉപേക്ഷിക്കാൻ പറ്റാത്ത ഇബാദത്താണ് നമസ്‌കാരം! ശത്രുവിനെ ഭയപ്പെട്ട് കഴിയുന്ന വേളയിലും സാധ്യമാകുന്ന വിധത്തിൽ നമസ്‌കരിക്കണം:

“നിങ്ങൾ (ശത്രുവിന്റെ ആക്രമണം) ഭയപ്പെടുകയാണെങ്കിൽ കാൽനടയായോ വാഹനങ്ങളിലായോ (നിങ്ങൾക്ക് നമസ്‌കരിക്കാം)...’’ (സൂറതുൽബക്വറ:239).

മഹ്ശറിൽ ഒരു മനുഷ്യന്റെ കർമങ്ങളിൽനിന്ന് ആദ്യമായി വിചാരണക്കെടുക്കപ്പെടുന്നത് അവന്റെ അഞ്ചുനേരത്തെ നമസ്‌കാരമായിരിക്കും. മനുഷ്യന്റെ എല്ലാ കാര്യങ്ങളെയും തൊട്ടറിഞ്ഞുകൊണ്ടുുള്ള നിയമങ്ങളാണ് ഇസ്‌ലാമിലുള്ളത്. കാരണം ഇസ്‌ലാമിക ശരീഅത്ത് ഏതെങ്കിലും മനുഷ്യന്റെ മസ്തിഷ്‌കത്തിൽനിന്ന് ഉൽഭൂതമായ നിയമങ്ങളല്ല; പ്രപഞ്ചസ്രഷ്ടാവിന്റെ നിയമങ്ങളാണത്. സ്രഷ്ടാവിനറിയാം മനുഷ്യന്റെ ശക്തിയെയും ദൗർബല്യത്തെയും കുറിച്ച്. നമസ്‌കാരത്തിന് നിയതമായ രൂപമുണ്ട്. എന്നാൽ എല്ലാവർക്കും എല്ലാസമയത്തും ആ നിയമമനുസരിച്ച് നമസ്‌കരിക്കാൻ കഴിയണമെന്നില്ല. രോഗവേളയിൽ, യാത്രയിൽ... അങ്ങനെ പലഘട്ടങ്ങളിലും സമയബന്ധിതമായും നിയമങ്ങൾ പാലിച്ചും നമസ്‌കരിക്കാൻ കഴിയാതെവരും. അവിടെയൊക്കെ അല്ലാഹു ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാലും നമസ്‌കാരം ഒഴിവാക്കിക്കൂടാ.

അല്ലാഹു പറയുന്നു: “മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ നടപ്പിലാക്കിയിട്ടില്ല’’ (സൂറതുൽ ഹജ്ജ്:78).

“അല്ലാഹു നിങ്ങൾക്ക് എളുപ്പത്തെയാണ് ഉദ്ദേശിക്കുന്നത്. അവൻ നിങ്ങൾക്ക് ഞെരുക്കവും പ്രയാസവും ഉദ്ദേശിക്കുന്നില്ല’’ (സൂറതുൽബക്വറ:185). മനുഷ്യന്റെ കഴിവിൽ പെടാത്ത ഒരു കർമവും അല്ലാഹു നിശ്ചയിച്ചിട്ടില്ല എന്നർഥം.

നബി ﷺ  പറയുകയുണ്ടായി: “ഞാൻ പറയാത്ത വല്ല കാര്യവുമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുവിൻ. അതു കുത്തിക്കുത്തി ചോദിക്കരുത്! ഞാൻ നിങ്ങളോട് പറയാതെവിട്ടതിനെ നിങ്ങളും വിട്ടേക്കുവിൻ. നിങ്ങളുടെ മുമ്പുള്ള സമൂഹത്തിന് പറ്റിയ അബദ്ധം; അവർ നശിക്കാൻ കാരണമായത്, അവരുടെ പ്രവാചകൻമാരോട് അനാവശ്യമായി ചോദ്യം അധികരിപ്പിച്ചതാണ്. പ്രവാചകൻമാരോട് അവർ അഭിപ്രായ വ്യത്യാസം കാണിച്ചതുകൊണ്ടുമാണ്. ആകയാൽ, ഞാൻ നിങ്ങളോട് ചെയ്യണമെന്ന് കൽപിച്ചത് നിങ്ങൾക്ക് കഴിയുന്നവിധം നിങ്ങൾ ചെയ്യുക. വിരോധിച്ചത് മുഴുവനും ഒഴിവാക്കുകയും ചെയ്യുക.’’

നബി ﷺ  നമുക്ക് പഠിപ്പിച്ചുതന്ന ഇസ്‌ലാം എളുപ്പമാണ്. ഇസ്‌ലാമിലെ ഒരു നിയമവും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. നബി ﷺ  പറയുന്നു: “നിശ്ചയമായും ദീൻ (മതം), അത് എളുപ്പമാണ്’’ (ബുഖാരി).

കൃത്യമായി നമസ്‌കരിച്ചിരുന്നവർ പോലും രോഗംവന്നാൽ പിന്നെ നമസ്‌കരിക്കില്ല! കുറച്ച് ഗൗരവമുള്ള രോഗമാണെങ്കിൽ പറയുകയും വേണ്ട! ഓപ്പറേഷൻ കഴിഞ്ഞതാണ്... ശരീരത്തിൽ മുറിവുകളുണ്ട്...ഇങ്ങനെയുള്ള പല കാരണങ്ങളും പറഞ്ഞ് നമസ്‌കാരത്തിൽനിന്ന് ഒളിച്ചോടുന്നവരാണ് നല്ലൊരു ശതമാനം രോഗികളും. വൃത്തിയില്ല, ശുദ്ധിയില്ല, വുദൂഅ് ശരിക്ക് എടുക്കാൻ കഴിയുകയില്ല, നമസ്‌കരിക്കാൻ വൃത്തിയുള്ള സ്ഥലമില്ല എന്നൊക്കെയുള്ള കാരണങ്ങൾ നിരത്തി ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യപ്പെട്ടാൽ പലരും നമസ്‌കാരം ഒഴിവാക്കുന്നു. അവരെ പരിചരിക്കുന്നവർക്കും നമസ്‌കാരമില്ല. ഇത്തരം ന്യായങ്ങൾ പറഞ്ഞ് നമസ്‌കാരം ഒഴിവാക്കുന്നവർ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. ചില ധാരണകൾ തിരുത്തേണ്ടതുണ്ട്.

ഏത് രോഗിയാണെങ്കിലും ചെറിയ അശുദ്ധിയിൽനിന്നും വലിയ അശുദ്ധിയിൽനിന്നുമൊക്കെ ശുദ്ധിയാവേണ്ടതുണ്ട്. ചെറിയ അശുദ്ധിയിൽനിന്ന് ശുദ്ധിയാവൽ വുദൂഅ് എടുക്കലും വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവൽ കുളിക്കലുമാണ്. നിർബന്ധമായി കുളിക്കേണ്ടുന്ന അവസരങ്ങളിൽ രോഗിയാണെങ്കിലും കുളിക്കൽ നിർബന്ധമാണ്. അതുപോലെ നജസുകളിൽനിന്നും ശുദ്ധിയാവേണ്ടതുണ്ട്. വെള്ളം കൊണ്ട് തന്നെയാണ് ശുദ്ധിയാക്കേണ്ടത്.

ഒരാൾക്ക് വെള്ളം ഉപയോഗിക്കാൻ പറ്റാതായാലോ? മലമൂത്ര വിസർജനം നടത്തിയാൽ വൃത്തിയാക്കേണ്ടേ? ഈ അവസ്ഥയിൽ നജസുകളിൽനിന്ന് വെള്ളമുപയോഗിച്ച് ശുദ്ധിയാവാൻ പറ്റാത്ത സ്ഥിതിയാണെങ്കിൽ അയാൾക്ക് ഈർപ്പം വലിച്ചെടുക്കാൻ പറ്റുന്ന വസ്തുക്കൾ മുഖേന ശുദ്ധീകരണം നടത്തുവാൻ ഇസ്‌ലാം അനുവാദം തന്നിട്ടുണ്ട്. ഈർപ്പം വലിച്ചെടുക്കുന്ന കല്ലുകൾകൊണ്ട് ശുദ്ധിയാക്കാം. കോട്ടൺ, തുണികൾ, പഞ്ഞി, ടിഷ്യൂപേപ്പറുകൾ... ഇവയൊക്കെ ഉപയോഗപ്പെടുത്തി നജസുകളിൽനിന്ന് ശുദ്ധിയാകാം.

മൂത്രമൊഴിച്ചിട്ട് കഴുകിയിട്ടില്ല, കിടന്ന കിടപ്പിൽ മൂത്രം പോവുകയാണ്, ഒന്നും വൃത്തിയായിട്ടില്ല, മൂപ്പരോട് എങ്ങനെയാണ് നിസ്‌കരിക്കാൻ പറയുക എന്നൊക്കെയാണ് പല ശുശ്രൂഷകൻമാരും ചിന്തിക്കുന്നത്. ഒരു നിലയ്‌ക്കും നമസ്‌കാരത്തിൽനിന്ന് ഇളവില്ല എന്ന ബോധം ആദ്യം വേണം. ഈ ബോധമില്ലാത്ത പലർക്കും ‘വല്ലാത്ത സ്‌നേഹം’ തോന്നുകയാണ്. എങ്ങനെയാണ് രോഗിയെ ബുദ്ധിമുട്ടിക്കുക? ഉമ്മ അങ്ങനെയല്ലേ കിടക്കുന്നത്? ഉപ്പ അങ്ങനത്തെയൊരു അവസ്ഥയിലല്ലേ? ഭർത്താവ് ഇങ്ങനെയുള്ള ഒരവസ്ഥയിലല്ലേ? ഭാര്യ ഇങ്ങനെയുള്ള ഒരു സ്‌റ്റേജിലല്ലേ? എങ്ങനെ ഞാനത് പറയും? ഇതാണ് ചോദ്യങ്ങൾ. പക്ഷേ, മരുന്ന് കൊടുക്കുമ്പോൾ ആ സ്‌നേഹം കാണുന്നില്ല. എന്തു പ്രയാസം സഹിച്ചും ഡോക്ടർ നിർദേശിച്ച മരുന്ന് കൊടുത്തിരിക്കും. ഇഞ്ചക്ഷൻ കൊടുക്കും. അതൊക്കെ താൽക്കാലികമായി ആ രോഗിയുടെ നിലനിൽപിന് ആവശ്യമായ കാര്യങ്ങളാണ്. രോഗം മാറിയേക്കാം, മാറാതിരുന്നേക്കാം.

എന്നാൽ മരണാനന്തരം ക്വബ്‌റിലും മഹ്ശറിലും ആ രോഗി രക്ഷപ്പെടാനാവശ്യമായ വളരെ പ്രധാനപ്പെട്ട കാര്യമാണ് അയാളുടെ നമസ്‌കാരം. പിന്നെ അതെങ്ങനെ ഒഴിവാക്കും?

“മൂന്നെണ്ണത്തിൽ താഴെയുള്ള കല്ലുകൾകൊണ്ട് ശൗച്യം ചെയ്യുന്നതും (നബി  ﷺ  വിരോധിച്ചിട്ടുണ്ട്’’

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: “ആരെങ്കിലും കല്ലുകൊണ്ട് ശൗച്യം ചെയ്യുകയാണെങ്കിൽ അവൻ ഒറ്റയാക്കട്ടെ.’’

മൂന്നെണ്ണംകൊണ്ട് ശുദ്ധിയായില്ലെങ്കിൽ അഞ്ചെണ്ണംകൊണ്ട്, അഞ്ചെണ്ണംകൊണ്ട് ശുദ്ധിയായില്ലെങ്കിൽ ഏഴെണ്ണംകൊണ്ട്... അങ്ങനെ ഒറ്റയായായിട്ടാണ് ചെയ്യേണ്ടത്.

ഏതു വസ്തുകൊണ്ടും ശുദ്ധീകരിക്കാമോ? ഇല്ല! ഭക്ഷണ പദാർഥങ്ങൾകൊണ്ട് (അവ ഈർപ്പം വലിച്ചെടുക്കുന്നവയാണെങ്കിലും) മലമൂത്ര വിസർജനശേഷം ശൗച്യം ചെയ്യാൻ പാടില്ല. മൃഗങ്ങളുടെ കാഷ്ഠം, എല്ലുകൾ മുതലായവകൊണ്ടും ശൗച്യം ചെയ്യാൻ പാടില്ല.

വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാൻ പറ്റാത്ത അവസ്ഥയിലുള്ള രോഗിയാണെങ്കിൽ നേരത്തെ പറഞ്ഞ അനുവദനീയമായ വസ്തുക്കളിൽ ലഭ്യമായവകൊണ്ട് വൃത്തിയാക്കിക്കൊടുത്ത് വുദൂഅ് ചെയ്യിപ്പിച്ച് (അതിനു കഴിയില്ലെങ്കിൽ തയമ്മും ചെയ്യിപ്പിച്ച്) നമസ്‌കരിപ്പിക്കണം.

രോഗിക്ക് സ്വന്തമായി വുദൂഅ് ചെയ്യാൻ സാധ്യമല്ലെങ്കിൽ വേറെ ആരെങ്കിലും വുദൂഅ് ചെയ്തുകൊടുക്കണം. വെള്ളം ഉപയോഗിക്കാൻ പറ്റും, എന്നാൽ എഴുന്നേൽക്കാൻ കഴിയില്ല എങ്കിൽ മറ്റുള്ളവരുടെ സഹായം അനിവാര്യമാണല്ലോ. അത്തരക്കാരെ കുളിപ്പിക്കുകയും നജസിൽനിന്ന് വൃത്തിയാക്കിക്കൊടുക്കുകയും ചെയ്യൽ ശുശ്രൂഷിക്കുന്നവരുടെ ബാധ്യതയാണ്. ഇത്തരം സന്ദർഭങ്ങളിൽ രോഗിയുടെ നഗ്നതയിലേക്ക് നോക്കുന്നത് അഭികാമ്യമല്ല.

(അവസാനിച്ചു)