കലിയടങ്ങാതെ യുദ്ധങ്ങള്‍; മാനവരാശി നേടുന്നതെന്ത്?

സെയ്തലവി വിളയൂര്‍

2022 മാർച്ച് 12, 1442 ശഅബാൻ 9

ആയുധങ്ങളുടെ ചിലമ്പൊലികളും വെല്ലുവിളികളുടെ ആക്രോശങ്ങളുമില്ലാത്ത ഒരു ദിനം പോലും മാനവരാശിക്ക് കടന്നുപോകുന്നില്ലെന്നാണ് ലോകചരിത്രവും വര്‍ത്തമാനകാല സംഭവവികാസങ്ങളും ഉറക്കെ വിളിച്ചുപറയുന്നത്. ദേശീയമോ അന്തര്‍ദേശീയമോ ആഭ്യന്തരമോ ആയ സംഘര്‍ഷങ്ങള്‍ ഭൂഖണ്ഡങ്ങളുടെ ഏതെങ്കിലും ഒരിടത്ത് എപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കും ആരെയും ഒരു കാരണവും മുന്നറിയിപ്പും കൂടാതെ തന്നെ കടന്നാക്രമിക്കാമെന്ന സ്ഥിതിവിശേഷം മനുഷ്യരാശിയുടെ സ്വൈര ജീവിതത്തിനുമേല്‍ ഭയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. സമാധാന ശ്രമങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കുകയും അന്താരാഷ്ട്ര കരാറുകൾ വരെ നിര്‍ബാധം ലംഘിക്കുകയും ചെയ്തുകൊണ്ടുള്ള സൈനിക നടപടികള്‍ അപകടകരമായ അധിനിവേശത്തിന്റേ പുതിയ രീതിശാസ്ത്രങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമപ്പുറം സമാധാനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തുറക്കാന്‍ അന്താരാഷ്ട്രീയ സമൂഹത്തിന് മൊത്തം ബാധ്യതയുണ്ടെന്നിരിക്കെ നിക്ഷിപ്ത താത്പര്യങ്ങളാണ് അവരെ പിറകോട്ട് വലിക്കുന്നതെന്ന ഭീകര യാഥാര്‍ഥ്യം സമാധാന പ്രിയരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്‌ത്തുന്നത്. ഇതെഴുതുമ്പോള്‍ റഷ്യ യുക്രെയ്‌നിന്റെ തന്ത്രപ്രധാനമായ ഭാഗം പിടിച്ചടക്കാനുള്ള അതിശക്തമായ പോരാട്ടത്തിലാണെന്നുള്ള വാര്‍ത്തകള്‍ ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസായി മിന്നിമറയുന്നുണ്ട്.

മനുഷ്യന്റെ യുദ്ധക്കൊതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. ഇടതടവില്ലാത്ത സായുധ പോരാട്ടങ്ങളും സമാനതകളില്ലാത്ത രക്തച്ചൊരിച്ചിലുകളുമാണ് ലോകത്ത് നടന്നിട്ടുള്ളത്. മാനവചരിത്രത്തില്‍ കഴിഞ്ഞ 5559 വര്‍ഷങ്ങളില്‍ 143513 യുദ്ധങ്ങള്‍ നടന്നുവത്രെ! 3540 ദശലക്ഷത്തിലധികം പേരാണത്രെ ഈ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്. നൂറോളം വര്‍ഷം നീണ്ടുനിന്ന ട്രോജന്‍ യുദ്ധങ്ങളും കുരിശുയുദ്ധങ്ങളും ഉള്‍പ്പെടെ യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നീണ്ടകഥകളാണ് ലോകത്തിന് അയവിറക്കാനുള്ളത്. ഒരു നൂറ്റാണ്ടോളം നീണ്ട കുരിശു യുദ്ധത്തില്‍ ലക്ഷക്കണക്കിന് മനുഷ്യരാണ് കൊല്ലപ്പെട്ടത്. ‘ചാവുകടലിന് സമീപം മറ്റൊരു ചോരക്കടല്‍‘ എന്നാണ് ഫ്രഞ്ച് ചരിത്രകാരന്മാര്‍ ഇതിനെ വിശേഷിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ തീര്‍ത്ത ഭീതിയും നഷ്ടവും ഇന്നും പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. അതില്‍തന്നെ മനുഷ്യരാശി കണ്ട ഏറ്റവും ഭീകരവും വിനാശകരവുമായ പോരാട്ടമായിരുന്നു 1939-1945ല്‍ നടന്ന രണ്ടാം ലോക മഹായുദ്ധം. 72 ദശലക്ഷം മനുഷ്യമക്കളാണ് ഈ യുദ്ധത്തില്‍ മാത്രം മരിച്ചുവീണത്. ഇതില്‍ തന്നെ 24 ദശലക്ഷം സൈനികരായിരുന്നു. 70ലേറെ രാജ്യങ്ങള്‍ ഭൂഗോളത്തിന്റെ നാനാ ദിക്കുകളിലായി നടത്തിയ കൊടുംയുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം.

2003ലെ നോബെല്‍ സമ്മാന ജേതാവായ റിച്ചാര്‍ഡ് ഇ. സ്മാലി മനുഷ്യരാശി അടുത്ത 50 വര്‍ഷത്തില്‍ നേരിടുന്ന പത്ത് വലിയ പ്രശ്‌നങ്ങളില്‍ ആറാമത്തെതായി യുദ്ധത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറ്റമില്ലാത്ത അധിനിവേശ ചിന്തകളുടെയും അത്യാഗ്രഹങ്ങളുടെയും അനന്തരഫലമെന്നോണം സംഭവിക്കുന്നതാണ് ഓരോ യുദ്ധവും. 1832ലെ ‘ഓണ്‍ വാര്‍‘ എന്ന തന്റെ പ്രബന്ധത്തില്‍ പ്രഷ്യന്‍ സൈനിക ജനറലായ കാള്‍ വോണ്‍ ക്ലോ സെവിറ്റ്‌സ് യുദ്ധത്തെ ഇപ്രകാരം നിര്‍വചിക്കുകയുണ്ടായി: ‘‘തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാക്കുവാന്‍ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം.’’

‘ശത്രുവിനെ കീഴടക്കി സ്വന്തം നിലപാടുകള്‍ ശത്രുവിന്റെമേല്‍ കെട്ടിവെക്കലാണ് യുദ്ധം’ എന്ന് ഓപ്പണ്‍ ഹൈം നിര്‍വചിക്കുന്നു. നിര്‍വചനങ്ങള്‍ എന്തുതന്നെയായാലും യുദ്ധം വരുത്തിവയ്ക്കുന്ന കഷ്ടനഷ്ടങ്ങളെ സംബന്ധിച്ച് അതിന് കോപ്പുകൂട്ടുന്നവര്‍ക്ക് പോലും ലവലേശം സംശയമുണ്ടായിരിക്കുകയില്ല.

കൂട്ടമരണങ്ങള്‍, തലമുറകളിലേക്ക് പടരുന്ന ജനിതക രോഗങ്ങള്‍, അനാഥത്വം, സമ്പത്തിന്റെയും ജീവനോപാധികളുടെയും നാശം... തുടങ്ങിയവയൊക്കെയാണ് യുദ്ധങ്ങള്‍ ഭൂമണ്ഡലത്തിന് ഇത്രകാലവും സമ്മാനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ആണവായുധം പ്രയോഗിച്ചപ്പോള്‍ ഒരു നിമിഷംകൊണ്ടാണ് ജപ്പാന്‍ ജനതക്ക് സകലതും നഷ്ടപ്പെട്ടത്. കണ്ണടച്ചു തുറക്കുന്നതിനിടയിലാണ് പ്രതാപപ്പെരുമയില്‍ ഉയര്‍ന്നുനിന്നിരുന്ന ജനനിബിഢമായ രണ്ടു നഗരങ്ങള്‍ കത്തിച്ചാമ്പലായത്. ശാസ്ത്രത്തിന്റെ സകലനേട്ടങ്ങളും മനുഷ്യന്റെ നശീകരണത്തിനായി ഉപയോഗിക്കപ്പെടുമ്പോള്‍ വിലപ്പെട്ട മനുഷ്യ ജീവിതമാണ് നിര്‍ദയം ഹോമിക്കപ്പെടുന്നത്. എത്ര പെട്ടെന്നാണ് യുദ്ധങ്ങള്‍ ഒരു രാജ്യത്തെ താറുമാറാക്കുന്നത്.

പഴയ ഒരു ചിത്രം സങ്കല്‍പിക്കാന്‍ പോലുമാവാത്ത തരത്തിലാണ് പല നഗരങ്ങളും നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ ശവപ്പറമ്പുകളായിത്തീരുന്നത്. കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകര്‍ക്കപ്പെടുന്നതോടെ ബാക്കിയാവുന്നവരുടെ സഞ്ചാരങ്ങളാണ് ഒരിടത്ത് ഒതുക്കപ്പെടുന്നത്. പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാവുകയും സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയും ചെയ്യുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഏകാന്തതയില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നവരുടെ തേങ്ങലുകളും വിലാപങ്ങളും കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.

പ്രതിരോധത്തിന്റെ പേരില്‍ വാങ്ങിക്കൂട്ടുന്ന ആയുധങ്ങള്‍ നിസ്സാര പ്രകോപനങ്ങളില്‍പോലും എടുത്തുപയോഗിക്കുമ്പോള്‍ സാധാരണക്കാരന്റെ തലക്കുമുകളിലാണ് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അവ വര്‍ഷിക്കുന്നത്. യുദ്ധങ്ങളിലെല്ലാം ഈ ദാരുണ ദുരന്ത ചിത്രങ്ങളാണ് ലോകമെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് മറ്റെന്തിലെയുംപോലെ യുദ്ധങ്ങളുടെയും പ്രധാന ഇരകള്‍.

പ്രതിരോധത്തിന് വേണ്ടി ഓരോ രാജ്യവും ചെലവിടുന്ന കോടിക്കണക്കിന് രൂപയും ശത്രുവിനെ നിഗ്രഹിക്കാന്‍ ചെലവഴിക്കുന്ന മനുഷ്യാധ്വാനവും ഉണ്ടെങ്കില്‍ പട്ടിണിമുക്തമായ ഒരു ക്ഷേമരാജ്യം എളുപ്പത്തില്‍ സാധ്യമാക്കാം. അതോടൊപ്പം മറ്റു അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവയില്‍ വന്‍ വികസന വിപ്ലവവും സൃഷ്ടിക്കാം. കൂടാതെ വിനഷ്ടമായിക്കൊണ്ടിരിക്കുന്ന മാനവരാശിയുടെ ജീവിതം പൂര്‍ണാര്‍ഥത്തില്‍ വീണ്ടെടുക്കാനുമാവും. നശിപ്പിക്കാന്‍ എളുപ്പമാണ്. നഷ്ടപ്പെട്ടവ തിരിച്ചെടുക്കാന്‍ കാലങ്ങളുടെ കഠിന പ്രയത്‌നങ്ങള്‍ ആവശ്യമാണെന്ന ചിന്തയാണ് ഭരണകൂടങ്ങള്‍ക്ക് അത്യന്താപേക്ഷിതമായി ഉണ്ടാവേണ്ടത്.

എങ്ങനെയാണ് യുദ്ധങ്ങള്‍ ഉടലെടുക്കുന്നത്? അവ അനിവാര്യതയുടെ സൃഷ്ടിയല്ലെന്ന് ചിന്തിക്കുന്ന ആര്‍ക്കും ബോധ്യമാകും. ലോകമേധാവിത്വം അരക്കിട്ടുറപ്പിക്കാനും സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ കൊയ്യാനും വേണ്ടി സാമ്രാജ്യത്വ ശക്തികള്‍ പടച്ചുണ്ടാക്കുന്ന ഗൂഢപദ്ധതികളാണ് ഓരോ യുദ്ധവും. മിക്ക ശത്രുതകളുടെയും അടിവേരുകള്‍ കിടക്കുന്നത് കൊളോണിയല്‍ താത്പര്യങ്ങളിലാണ്. അതുകൊണ്ട്തന്നെ എന്തും പ്രശ്‌നവത്കരിക്കേണ്ടത് സാമ്രാജ്യത്വശക്തികളുടെ ആവശ്യമാണ്. പ്രഖ്യാപിത യുദ്ധങ്ങളോടൊപ്പം അപ്രഖ്യാപിതമായ യുദ്ധാന്തരീക്ഷം മേഖലകളില്‍ നിലനിര്‍ത്തിപ്പോരാന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ആയുധക്കച്ചവടം പൊടിപൊടിക്കാനും അവര്‍ക്ക് യുദ്ധങ്ങള്‍ നടന്നേ മതിയാകൂ. റഷ്യന്‍ വിപ്ലവത്തിന്റെ ശില്‍പിയായ വ്‌ളാദിമിര്‍ ലെനിന്‍ ലോകയുദ്ധങ്ങളെ സാമ്രാജ്യത്വ യുദ്ധം എന്ന് വിളിച്ചതും അതുകൊണ്ടാവാം. അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും മൂര്‍ത്തിമത്ഭാവമായ അമേരിക്ക നടത്തിയ അധിനിവേശങ്ങളും അക്രമങ്ങളും അവരുടെ ധാര്‍ഷ്ട്യത്തിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ്.

ഫ്രാങ്ക്‌ലിന്‍ റൂസ് വെല്‍റ്റിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയുടെ പരമാധികാരത്തില്‍ കയറിയിട്ട് കേവലം മൂന്ന് മാസം മാത്രമായ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്ഹാരി ട്രൂമാന്‍ മുഴക്കിയ ഭീഷണി ഇന്നും മനുഷ്യരാശിയെ വിറപ്പിക്കുന്നതാണ്. ‘ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാന്‍ തയ്യാറായിക്കോളൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 1600കളില്‍ ജന്മിത്ത വ്യവസ്ഥിതിയെ പരാജയപ്പെടുത്തിക്കൊണ്ട് ലോകത്ത് കടന്നു വന്ന ഏറ്റവും പുതിയ വ്യവസ്ഥിതിയാണ് മുതലാളിത്തം. ഇതിന്റെ നെറുകയിലാണ് നാമിന്ന്. മൂന്നാം ലോക രാജ്യങ്ങളെ അവരുടെ ചൊല്‍പടിക്കു കീഴില്‍ നിര്‍ത്തുവാന്‍ എന്നും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. കാര്യ ലാഭങ്ങള്‍ക്കായി ഇല്ലാത്ത കാരണങ്ങള്‍ പടച്ചുണ്ടാക്കി അവര്‍ യുദ്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇതിനിടയില്‍ കുളം കലക്കിയും കൈ നനയാതെയും മീന്‍ പിടിക്കുന്നവരുമുണ്ട്.

യുദ്ധം ഒന്നിനും പരിഹാരമല്ല. അതാണ് ലോകാനുഭവം. ചരിത്രം പരിശോധിച്ചാലറിയാം യുദ്ധങ്ങള്‍ നാശമേ വരുത്തിവച്ചിട്ടുള്ളൂവെന്ന്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ വലിയ പാഠങ്ങളാണ് നല്‍കിയത്. ലോകസമാധാനത്തിന് മാത്രമെ രാഷ്ട്രങ്ങളും ജനതകളും നേരിടുന്ന മൗലിക പ്രശ്‌നങ്ങള്‍ക്ക് കാതലായ പരിഹാരം കാണാനാവൂ എന്ന തിരിച്ചറിവും വിവേകപൂര്‍ണമായ നയതന്ത്ര സമീപനവും രണ്ടാം ലോകമഹായുദ്ധാനന്തരം ശക്തിപ്പെട്ടു. അങ്ങനെയാണ് പുതിയ ധാരണകളിലേക്കും അന്താരാഷ്ട്ര സംവിധാനത്തിലേക്കും സമാധാന ശ്രമങ്ങള്‍ എത്തിപ്പെട്ടത്.

യുദ്ധമെന്ന ശാപത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ലോകനേതാക്കള്‍ 1945ല്‍ ഐക്യരാഷ്ട്ര സഭക്ക് രൂപം നല്‍കിയത്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത് രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. പക്ഷേ, അമേരിക്കയുടെ ലോക മേധാവിത്വതാല്‍പര്യം സോവിയറ്റ് യൂണിയനെയും മറ്റു രാജ്യങ്ങളെയും ലക്ഷ്യംവച്ച് ശീതയുദ്ധ പദ്ധതികള്‍ നടപ്പിലാക്കി ഭൂഖണ്ഡങ്ങളില്‍ യുദ്ധങ്ങള്‍ക്ക് തിരികൊളുത്തി. ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങളെ മുഖവിലക്കെടുക്കാതെ തങ്ങളുടെ യുദ്ധക്കൊതിക്ക് ന്യായങ്ങള്‍ നിരത്തി. രണ്ടാം ലോകമഹായുദ്ധത്തിനെ ‘ന്യായീകരിക്കപ്പെട്ട യുദ്ധ’മായാണ് (just war) അമേരിക്ക ഉയര്‍ത്തിക്കാട്ടിയത്. അക്രമിച്ചപ്പോള്‍ ആ അധിനിവേശത്തിന് അമേരിക്കയിട്ട വിളിപ്പേര് അനന്തമായ നീതി നടപ്പാക്കല്‍ (Operation infinite justice) എന്നായിരുന്നു.

റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനത്തേതാവട്ടെ എന്ന് പ്രത്യാശിക്കാന്‍ മാത്രമെ ഇപ്പോള്‍ വകയുള്ളൂ. സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ യുദ്ധത്തിന് കോപ്പുകൂട്ടുന്ന ഭരണാധികാരികള്‍തന്നെ മാറിച്ചിന്തിക്കണം. യുനെസ്‌കോ ഭരണഘടന ചൂണ്ടിക്കാണിക്കുന്നത് പോലെ മനുഷ്യമനസ്സുകളിലാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അതിനാല്‍ സമാധാനത്തിന്റെ പ്രതിരോധങ്ങള്‍ ഉയര്‍ത്തേണ്ടതും മനുഷ്യമനസ്സുകളിലാണ്.