തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 മെയ് 21, 1442 ശവ്വാൽ 19

1. നരകശിക്ഷയിൽനിന്നുള്ള കാവൽ

നരകവും സ്വർഗവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്’’ (ക്വുർആൻ 3:133).

“...മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്’’ (ക്വുർആൻ 2:24).

ഈ സൂക്തങ്ങൾ അറിയിക്കുന്നത് സ്വർഗവും നരകവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. ഹദീസിലും നമുക്കതിന് തെളിവു കാണാം.

അബ്ദുല്ലാഹ് ഇബ്‌നു ഉമറി(റ)ൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “നിങ്ങളിൽ ഒരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവന്റെ ഇരിപ്പിടം അവനുമുന്നിൽ പ്രദർശിക്കപ്പെടും. അവൻ സ്വർഗവാസികളിൽ പെട്ടവനാണെങ്കിൽ സ്വർഗവാസികളിലെ ഇരിപ്പിടം കാണിക്കപ്പെടും. അവൻ നരകവാസികളിൽ പെട്ടവനാണെങ്കിൽ നരകവാസികളിലെ ഇരിപ്പിടം കാണിക്കപ്പെടും. (അവനോട്) പറയപ്പെടും: ഇതാണ് നിന്റെ ഇരിപ്പിടം; അന്ത്യനാളിൽ അല്ലാഹു നിന്നെ ഉയിർത്തെഴുന്നേൽപിക്കുന്നതുവരെ (നീ ഇതിൽ ഇരിക്കുവാൻ എത്തുകയില്ല)’’ (ബുഖാരി, മുസ്‌ലിം).

എന്നാൽ അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ മാർഗത്തിൽനിന്നും വ്യതിചലിച്ച കക്ഷികൾ ഈ വിഷയത്തിൽ നിഷേധികളാണ്.

ഇമാം ഇബ്‌നുഅബിൽഇസ്സിൽ ഹനഫി(റഹി) പറയുന്നു: “സ്വർഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവരണ്ടും ഇന്ന് ഉൺമയുടെ ലോകത്ത് ഉള്ളതാണ്. ഈ വിഷയത്തിൽ അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ ഏകാഭിപ്രായം ഉണ്ട്. അവർ ഈ വിശ്വാസത്തിലാണ് ഇന്നും. മുഅ്തസിലിയത്തും ക്വദ്‌രിയ്യത്തുമാണ് ഈ വിശ്വാസത്തെ നിഷേധിച്ചത്. അവർ പറഞ്ഞു: അന്ത്യനാളിലാണ് അല്ലാഹു അവയെ സൃഷ്ടിക്കുക’’ (ശറഹു അക്വീദതുത്ത്വഹാവിയ്യ).

നരകം കഠിനശിക്ഷയുടെ സങ്കേതമാണ്. അതിലെ ചൂട് സഹിക്കാൻ കഴിയാത്തതാണ്. ഇഹലോകത്തിലെ തീയിനെക്കാൾ അറുപത്തൊമ്പത് ഇരട്ടി ചൂടുണ്ട് നരകത്തിലെ തീയിന്. അതിലെ ഇന്ധനമാകട്ടെ കല്ലും മനുഷ്യരുമാണ്.

അല്ലാഹു പറയുന്നു: “...മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്’’(ക്വുർആൻ 2:24).

“സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽനിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. അതിന്റെ മേൽനോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കൽപിച്ച കാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കൽപിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും’’ (ക്വുർആൻ 66:6).

നരകത്തിലെ തീയിന്റെ ചൂടിനെ കുറിച്ച് നബി ﷺ പറഞ്ഞത് ശ്രദ്ധിക്കുക; അനസി(റ)ൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “നിശ്ചയം, നരകം എന്നോട് അടുത്തു; നരകച്ചൂട് ഞാൻ എന്റെ മുഖത്തുനിന്ന് ഊതി മാറ്റുവോളം’’ (അഹ്‌മദ്).

പ്രവിശാലമായ നരകത്തിന്റെ ഭയാനകതയും ആഴവും അതിൽ പ്രവേശിക്കപ്പെടുന്ന ദൗർഭാഗ്യവാന്മാരുടെ ഭീകരരൂപവും പ്രവാചകൻ ﷺ നമ്മെ പഠിപ്പിക്കുന്നുണ്ട്.

അബൂഹുറയ്‌റ(റ) നിവേദനം, അദ്ദേഹം പറഞ്ഞു: “ഞങ്ങൾ അല്ലാഹുവിന്റെ റസൂലിനോടൊപ്പം ഇരിക്കുകയായിരുന്നു. തിരുമേനി ﷺ ഒരു വീഴ്ചയുടെ ശബ്ദം കേട്ടു. തിരുമേനി ﷺ പറഞ്ഞു: ‘ഇത് എന്തെന്ന് നിങ്ങൾക്കറിയുമോ?’ ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതർക്കുമാണ് കൂടുതൽ അറിയുന്നത്.’ തിരുമേനി ﷺ പറഞ്ഞു: ‘ഇതൊരു കല്ലാണ്, നരകത്തിൽ എഴുപത് വർഷങ്ങളായി അത് എറിയപ്പെട്ടിട്ട്. അത് ഇതുവരെയും നരകത്തിൽ വീണുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ അത് നരകത്തിന്റെ അടിത്തട്ടിൽ എത്തി’’ (മുസ്‌ലിം).

നബി ﷺ പറഞ്ഞു: “അന്ന് നരകം കൊണ്ടുവരപ്പെടും. അതിന് എഴുപതിനായിരം കടിഞ്ഞാണുകൾ ഉണ്ടായിരിക്കും. ഓരോ കടിഞ്ഞാണിനും എഴുപതിനായിരം വീതം മലക്കുകളും ഉണ്ടായിരിക്കും. അവർ അതിനെ വലിച്ചുകൊണ്ടുവരും’’ (മുസ്‌ലിം).

അബൂഹുറയ്‌റ(റ)വിൽ നിന്നും നിവേദനം, നബി ﷺ പറഞ്ഞു: “നരകത്തിലുള്ള അവിശ്വാസിയുടെ രണ്ട് ചുമലുകൾക്കിടയിലെ ദൂരം അതിവേഗതയിൽ സഞ്ചരിക്കുന്ന ഒരു യാത്രികൻ മൂന്നു ദിവസം സഞ്ചരിക്കുന്ന ദൂരമായിരിക്കും’’ (മുസ്‌ലിം).

ഇത്രയും പറഞ്ഞത് നരകത്തിന്റെ വലുപ്പവും വ്യാപ്തിയും ആഴവും അറിയിക്കുന്നതിനും അതിൽ നിന്ന് രക്ഷനേടേണ്ടതിന്റെ പ്രാധാന്യത്തെ അറിയിക്കാനുമാണ്. മനുഷ്യരിൽ അധികവും നരകത്തിന്റെ വിറകുകളായിത്തീരുന്നവരാണ്. നരകത്തിനാകട്ടെ എത്രതന്നെ മനുഷ്യരെ അതിലേക്ക് പ്രവേശിപ്പിച്ചാലും മതിവരുകയുമില്ല.

അല്ലാഹു പറയുന്നു: “നീ നിറഞ്ഞു കഴിഞ്ഞോ എന്ന് നാം നരകത്തോട് പറയുകയും, കൂടുതൽ എന്തെങ്കിലുമുണ്ടോ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്’’ (ക്വുർആൻ 50:30).

മനുഷ്യർക്ക് അവരുടെ നിഷേധത്തിനും ദുഷ്‌കർമങ്ങൾക്കും അനുസരിച്ചായിരിക്കും നരകത്തിലെ ശിക്ഷ അനുഭവിക്കേണ്ടിവരിക.

അല്ലാഹു പറയുന്നു: “തീർച്ചയായും കപടവിശ്വാസികൾ നരകത്തിന്റെ അടിത്തട്ടിലാകുന്നു...’’ (ക്വുർആൻ 4:145).

“ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിന്റെ ഫലമായി പല പദവികൾ ഉണ്ട്’’ (ക്വുർആൻ 6:132).

നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ ഒരു ജോഡി ചെരുപ്പായിരിക്കും. അത് ധരിക്കുന്നവൻ തന്നെക്കാൾ വലിയ ശിക്ഷ അനുഭവിക്കുന്ന ആരുമില്ലെന്ന് വിചാരിക്കും. അത്രയും കഠിനമാണ് നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ!

നബി ﷺ പറഞ്ഞു: “തീർച്ചയായും അന്ത്യനാളിൽ നരകവാസികളിൽ ഏറ്റവും നിസ്സാരമായ ശിക്ഷയർഹിക്കുന്ന വ്യക്തി തീകൊണ്ടുള്ള രണ്ട് ചെരിപ്പുകളും ചെരിപ്പിൻ വള്ളികളും ഉള്ളവനായിരിക്കും. അവരണ്ടും കാരണത്താൽ അയാളുടെ തലച്ചോർ തിളച്ചുമറിയും, ചീനച്ചട്ടി തിളക്കുന്നതുപോലെ. അയാൾ തന്നെക്കാൾ കഠിന ശിക്ഷയുള്ളവർ ആരുമുണ്ടാവില്ലെന്ന് വിചാരിക്കും. എന്നാൽ അയാളാകുന്നു ഏറ്റവും നിസ്സാരമായ ശിക്ഷയുള്ളയാൾ’’ (മുസ്‌ലിം).

ഒരു ഹദീസ്‌കൂടി കാണുക; അബൂസഈദിൽ ഖുദ്‌രി(റ)യ്യിൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “തീർച്ചയായും നരകവാസികളിൽ ഏറ്റവും താഴ്ന്ന ശിക്ഷ അർഹിക്കുന്ന വ്യക്തി തീ കൊണ്ടുള്ള രണ്ടു ചെരിപ്പുകൾ ധരിക്കും. തന്റെ ചെരുപ്പുകൾ കാരണത്താൽ അയാളുടെ തലച്ചോർ തിളച്ചുമറിയും’’ (മുസ്‌ലിം).

കഠിനമായ ശിക്ഷയുടെ സങ്കേതത്തിൽനിന്ന് നിരന്തരം നാം രക്ഷ ചോദിക്കണം. നമസ്‌കാരത്തിലെ തശഹ്ഹുദിൽ നാം കാവലിനെ ചോദിക്കുന്ന ഈ പ്രാർഥനയുടെ പൊരുൾ ഉൾക്കൊള്ളണം. നസ്‌കാരത്തിൽ തന്നെ സലാം വീട്ടുന്നതിനുമുമ്പ് പ്രാർഥിക്കാൻ നബി ﷺ പഠിപ്പിച്ച ഒരു പ്രാർഥന ഇപ്രകാരം വന്നിട്ടുണ്ട്;

“അല്ലാഹുവേ, നിന്നോട് ഞാൻ സ്വർഗം ചോദിക്കുകയും നരകത്തിൽനിന്ന് രക്ഷ ചോദിക്കുകയും ചെയ്യുന്നു’’ (അബൂദാവൂദ്).

(തുടരും)