ഫിത്‌നയും മുസ്‌ലിംകളുടെ നിലപാടും - 04

ശൈഖ്‌സ്വാലിഹ് ആലുശൈഖ്

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

(വിവ: സിയാദ് കണ്ണൂർ)

ശറഇയ്യായ കാര്യങ്ങൾ പ്രയോഗവത്കരിക്കുന്നതിൽ ഈ പതാക എങ്ങനെ? നമസ്‌കാരത്തിനായി കൽപിക്കുന്ന വിഷയത്തിൽ അതെങ്ങനെ? ദുരാചാരത്തിൽനിന്നും വിലക്കുന്ന വിഷയത്തിൽ അതെങ്ങനെ? നിർബന്ധകാര്യങ്ങളിൽ നന്മകൽപിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുന്നതിൽ അതെങ്ങനെ? നിഷിദ്ധകാര്യങ്ങളിൽ നന്മകൽപിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുന്നതിൽ അതെങ്ങനെ?

അവ സമ്പൂർണമാണെങ്കിൽ, തട്ടുകൾ അതിന്റെ പൂർണത കാണിക്കും. അവയിൽ ന്യൂനതയുണ്ടെങ്കിൽ തട്ടുകൾ അതിന്റെ തോതനുസരിച്ചുള്ള ന്യൂനത അറിയിക്കും.

ഈ തട്ടുകൾ സുപ്രധാനമാണ്. അത് നിങ്ങളുടെ ഹൃദയത്തിലും മസ്തിഷ്‌കത്തിലുമുണ്ടാകണം. അതിനെ ഒരിക്കലും വിട്ടുപിരിയരുത്. വ്യതിചലിക്കുന്ന വേളയിൽ വഴിതെറ്റിക്കാതെയും ക്രമക്കേട് ഉണ്ടാകുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കാതെയും അത് നിങ്ങളെ പിടിച്ചുനിർത്തും.

ഇത് നിനക്ക് വ്യക്തമാകുകയും മുസ്‌ലിം പതാകയെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചറിയുകയും ചെയ്താൽ, സത്യത്തോടും സന്മാർഗത്തോടുമൊപ്പം ആ മുസ്‌ലിം പതാകക്ക് കീഴിൽ നിൽക്കൽ നിന്റെ ബാധ്യതയാണ്. കാരണം സത്യവിശ്വാസികളോടൊപ്പം നിൽക്കാൻ അല്ലാഹു കൽപിച്ചിട്ടുണ്ട്. മാത്രമല്ല, അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കാനും ഭിന്നിക്കുന്നതിൽനിന്നും മാറിനിൽക്കാനും അവൻ നമ്മെ പ്രേരിപ്പിച്ചു.

അതിൽ ഒന്നാമത്തേത്: ആ പതാകയോടുള്ള നിങ്ങളുടെ ആഭിമുഖ്യം സത്യസന്ധമായിരിക്കണം. ഇസ്‌ലാമിനെ ശരിയായ നിലയ്ക്ക് ഉയർത്തിക്കാട്ടുന്ന പതാകയോടായിരിക്കണം നിങ്ങളുടെ ആഭിമുഖ്യം. വക്രതയോ സംശയമോ ആശയക്കുഴപ്പങ്ങളോ അതിലുണ്ടാകരുത്. കാരണം അത് ഒന്നുകിൽ ഇസ്‌ലാം അല്ലെങ്കിൽ കുഫ്‌റ് എന്ന നിലയ്ക്കാണ്. ഇസ്‌ലാമാണെന്ന് സ്ഥിരപ്പെട്ടാൽ, പിന്നെ അതിന്മേൽ ശറഇയ്യായ വിധികൾ ബാധകമാക്കേണ്ടതുണ്ട്.

(ഒരു വ്യക്തിയെ ബഹിഷ്‌കരിക്കുന്നതിന് അവന്റെ) പാപത്തെ ഹേതുവാക്കാൻ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. അങ്ങനെയായാൽ, സത്യവിശ്വാസികളോടും അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവരോടും വലാഅ് കാണിക്കണം എന്ന അല്ലാഹുവിന്റെയും തിരുദൂതരുടെയും കൽപനകൾ അവൻ പാലിക്കുന്നില്ല എന്നുവരും.

രണ്ടാമത്തേത്: അല്ലാഹു നിനക്ക് പഠിപ്പിച്ചുതന്ന പ്രകാരം ആ പതാകയെ ഗുണകാംക്ഷയോടെ ഉപദേശിക്കുക. ഭിന്നതയെ ഇഷ്ടപ്പെടുന്ന ബിദ്അത്തുകാരോട് അഹ്‌ലുസ്സുന്നതി വൽജമാഅഃ എതിരാണ്. തങ്ങളുടെ ഭരണം ഏൽപിക്കപ്പെട്ടവരിൽ വെറുപ്പുളവാക്കുന്ന വല്ലതും കണ്ടെങ്കിൽ പോലും അവരെ ഗുണകാംക്ഷയോടെ ഉപദേശിക്കുകയും അവർക്കുവേണ്ടി ധാരാളം പ്രാർഥിക്കുകയും ചെയ്യുന്ന വിഷയത്തിലാണ് അഹ്‌ലുസ്സുന്നതി വൽജമാഅഃ ബിദ്അത്തുകാരോട് എതിരായത്.

അവർ ധാരാളമായി അല്ലാഹുവോട് പ്രാർഥിക്കുകയും അവരെ ഉപദേശിക്കുകയും ചെയ്യും. അവരിൽ നിന്നും യാതൊരു പ്രതിഫലവും നന്ദിയും പ്രതീക്ഷിക്കുകയില്ല. അല്ലാഹുവിന്റെ പ്രീതി മാത്രമാണ് അതുമുഖേന അവർ ആഗ്രഹിക്കുന്നത്. ഇത് ഹൃദയത്തിൽ സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, നാം യഥാർഥത്തിൽ അഹ്‌ലുസ്സുന്നതി വൽജമാഅഃയിൽ പെട്ടവരായി.

അഹ്‌ലുസ്സുന്നതി വൽജമാഅഃ എഴുതിയ അക്വീദാപുസ്തകങ്ങൾ വായിച്ചു നോക്കുക. ഭരണാധികാരിക്ക് പ്രജകളോടും, പ്രജകൾക്ക് ഭരണാധികാരിയോടുമുള്ള ബാധ്യതകൾ വിവരിക്കുന്ന പ്രത്യേക അധ്യായങ്ങൾതന്നെ നിങ്ങൾക്ക് അതിൽ കാണാം. കാരണം അതിലൂടെയാണ് ജമാഅത്ത് സ്ഥാപിതമായതും അതിലൂടെതന്നയാണ് അഹ്‌ലുസ്സുന്നതി വൽജമാഅഃ നിലനിൽക്കുന്നതും.

നബി ﷺ യിൽനിന്നും വന്നതാണിത്. അവിടുന്ന് മുസ്‌ലിംകളായ ഭരണാധികാരികളെയും സാധാരണക്കാരെയും ഉപദേശിക്കാൻ പ്രേരിപ്പിച്ചത് ‘മതം ഗുണകാംക്ഷയാണ്’ എന്ന ഹദീസിൽ കാണാം. ഉപദേശിക്കൽ നിർബന്ധമാണെന്ന് സ്ഥിരപ്പെട്ടാൽ, പിന്നെ അത് ഒരു മുസ്‌ലിമിന്റെ ബാധ്യതയായി മാറി. എന്നാൽ എങ്ങനെയാണ് ഒരാൾ ഉപദേശിക്കുക? ആ സംസാരം എങ്ങനെയാകണം?

അത് നബിചര്യ(സുന്നത്ത്)യിലൂടെസ്ഥിരപ്പെട്ടതാകണം; അല്ലാതെ, അവനവന് തോന്നിയ മാർഗത്തിലൂടെയല്ല.

ഹിശാമിബ്‌നു ഹകീമിനോട് ഇയാദുബ്‌നു ഗനം പറഞ്ഞതായി സ്വഹീഹായ ഒരു ഹദീഥിൽ ഇപ്രകാരം സ്ഥിരപ്പെട്ടു: ‘തിരുദൂതർ ﷺ പറയുന്നത് നീ കേട്ടിട്ടില്ലേ, ഭരണാധികാരിയെ ഉപദേശിക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ, അവൻ അത് പരസ്യമായി ചെയ്യരുത്. പകരം, അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് ഏകാന്തതയിലേക്ക് പോകട്ടെ. ശേഷം അദ്ദേഹം (ഉപദേശം) സ്വീകരിക്കുകയാണെങ്കിൽ അങ്ങനെ. അതല്ലെങ്കിൽ, അവൻ തന്റെ കടമ നിറവേറ്റി.’

അതിനാൽ, പ്രവാചകചര്യക്കായി ചെവിയോർക്കുക. നിസ്സംശയം, നിങ്ങൾതന്നെയാണ് സുന്നത്തിനെ അനുധാവനം ചെയ്യുന്നതിൽ അതീവതൽപരർ. അഹ്‌ലുസ്സുന്നതി വൽജമാഅഃയും ആ വിഷയത്തിൽ അതീവ തൽപരരായിരുന്നു.

ഇത് (ഉപരിസൂചിത ഹദീസ്) നമുക്ക് ശാന്തത നൽകുകയും നബി ﷺ പറഞ്ഞതിനെ പിൻപറ്റുന്നവരാക്കുകയും ചെയ്യുന്നു. ഇത് പിന്തുടർന്നാൽ, അല്ലാഹുവിന്റെ അനുമതിയോടുകൂടി നാം സുരക്ഷിതരാണ്. ഇത് പിന്തുടരുന്നില്ലെങ്കിൽ, നമ്മിൽ ന്യൂനതയുണ്ടാവുകയും നമ്മുടെ എതിർപ്പിന് ആനുപാതികമായി അഹ്‌ലുസ്സുന്നതി വൽജമാഅഃയുടെ മാർഗത്തോട് നാം എതിര് നിൽക്കുന്നവരാകുകയും ചെയ്യും.

മുകളിൽ പറഞ്ഞ തുലാസുകളുപയോഗിച്ച് മുസ്‌ലിം പതാകയെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചറിഞ്ഞാൽ, ആ പതാകക്ക് ശറഇയ്യായ വിധികൾ ബാധകമാക്കണം. ആ പതാക മുസ്‌ലിം പതാകയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഇത് സുപ്രധാനമായ ഒരു വിഷയമാണ്. അവസ്ഥകൾ മാറുകയും ഫിത്‌ന വെളിപ്പെടുകയും ചെയ്യുമ്പോൾ അതിന്റെ പ്രാധാന്യം വർധിക്കുകയും ചെയ്യും.

ഈ തുലാസുകളെക്കുറിച്ച്– ഈ വിഷയങ്ങൾ എങ്ങനെ തൂക്കും എന്ന കാര്യത്തിൽ – ഒരു മുസ്‌ലിം ആശയക്കുഴപ്പത്തിലാണെങ്കിൽ, അവൻ പണ്ഡിതന്മാരിലേക്ക് മടങ്ങണം. (കാരണം) അവരാണ് ശരിയായ തുലാസുകളുപയോഗിച്ച് തൂക്കുകയും നേരായ രീതിയിൽ വിലയിരുത്തുകയും ശറഇയ്യായ നിയമങ്ങൾക്കനുസൃതമായി വിധിക്കുകയും ചെയ്യുന്നത്.

അതിനാൽ, ഇസ്‌ലാമിനെ അതല്ലാത്തതിൽ നിന്നുള്ളതിന്റെ വിധിയും, ഈമാനിനെയും കുഫ്‌റിനെയും കുറിച്ചുള്ളവിധിയും (അറിയാൻ) പണ്ഡിതന്മാരിലേക്ക് മടക്കണം. വിദ്യാർഥികളിലേക്ക് മടക്കരുത്. അവർക്ക് ഒരുപക്ഷേ, ചില ഭാഗങ്ങൾ അറിയുകയും മറ്റുചിലത് അറിയാതെയും വരാം. അതല്ലെങ്കിൽ സാമാന്യവത്കരിക്കാൻ പാടില്ലാത്ത ചില സംഗതികളെ അവർ സാമാന്യവത്കരിച്ചു എന്നും വരാം.

അതിനാൽ, ശരിയായ തുലാസുപയോഗിച്ച് തൂക്കാൻ സാധിക്കാത്തവരെ സംബന്ധിച്ചിടത്തോളം, ഇത്തരം വിഷയങ്ങളിലുള്ള വിധികർത്താക്കൾ പണ്ഡിതന്മാരാണ്. ഈമാനിനെയും കുഫ്‌റിനെയും സംബന്ധിച്ചും നാം മുകളിൽ പറഞ്ഞ മറ്റുവിഷയങ്ങളെ സംബന്ധിച്ചുമുള്ള അവരുടെ വാക്കുകളും നിഗമനങ്ങളും നാം സ്വീകരിക്കണം.

അഹ്‌ലുസ്സുന്നതി വൽജമാഅഃ അംഗീകരിച്ചതുപോലെ, പുണ്യവാനായാലും അധർമകാരിയായാലും, ഏതൊരു ഭരണാധികാരിക്ക് കീഴിലും ജിഹാദുണ്ട്. ഏതെങ്കിലും ഒരു കാലത്ത് അല്ലെങ്കിൽ ഏതെങ്കിലും ഒരു അവസരത്തിൽ, ശറഇന് വിരുദ്ധമായി ഭരണാധികാരി വല്ലതും ചെയ്തു എന്ന കാരണത്താൽ ജിഹാദിന്റെ പതാകയിൽനിന്നും വിട്ടുനിൽക്കൽ ഒരാൾക്കും അനുവദനീയമല്ല.

മുസ്‌ലിം ഭരണാധികാരികൾക്ക് ഭരണീയരിൽനിന്നും ലഭിക്കേണ്ട അവകാശത്തിൽ പെട്ടതാണ് ഭരണാധികാരികൾക്ക് വേണ്ടിയുള്ള പ്രാർഥന. സുന്നത്തിന്റെ സഹായകനും അഹ്‌ലുസ്സുന്നതി വൽജമാഅഃയുടെ ഇമാമുമായ ഇമാം ബർബഹാരി തന്റെ ‘അസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ (ഇത് പ്രസിദ്ധീകരിക്കപ്പെട്ടതും സുലഭവുമാണ്) പറയുന്നു:

‘ഭരണാധികാരിക്കു വേണ്ടി പ്രാർഥിക്കുന്ന ഒരു മനുഷ്യനെ നീ കണ്ടാൽ, അവൻ സുന്നത്തിന്റെ ആളാണെന്ന് നീ മനസ്സിലാക്കുക. ഭരണാധികാരിക്ക് എതിരിൽ പ്രാർഥിക്കുന്ന ഒരു മനുഷ്യനെ നീ കണ്ടാൽ, അവൻ ബിദ്അത്തിന്റെ ആളാണെന്ന് നീ മനസ്സിലാക്കുക.’

ഫുദൈലുബ്‌നു ഇയാദ് തന്റെ കാലത്തുള്ള ഭരണാധികാരിക്കുവേണ്ടി ധാരാളമായി പ്രാർഥിക്കുമായിരുന്നു. അക്കാലത്തുള്ള അബ്ബാസിയ്യ ഭരണാധിപന്മാരെക്കുറിച്ച് നമുക്ക് നന്നായി അറിയാം. (എന്നിട്ടും) അവർക്കുവേണ്ടി അദ്ദേഹം പ്രാർഥിച്ചിരുന്നു. അദ്ദേഹത്തോടു ചോദിക്കപ്പെട്ടു: ‘താങ്കളുടെ സ്വന്തത്തിന് വേണ്ടി പ്രാർഥിക്കുന്നതിനെക്കാളധികം താങ്കൾ ഭരണാധികാരികൾക്കുവേണ്ടി പ്രാർഥിക്കുന്നു?’ അദ്ദേഹം പറഞ്ഞു: ‘അതെ. എന്തെന്നാൽ ഞാൻ നന്നായാൽ അത് എനിക്കും എന്റെ ചുറ്റുമുള്ളവർക്കും മാത്രമാണ്. എന്നാൽ, ഭരണാധികാരി നന്നായാൽ അത് മുഴുവൻ മുസ്‌ലിംകൾക്കുമാണ്.’

അതിനാൽ, മുസ്‌ലിംകൾക്ക് മൊത്തത്തിൽ നന്മ ലഭിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, മുസ്‌ലിം ഭരണാധികാരികളെയും കൈകാര്യകർത്താക്കളെയും നന്നാക്കുവാനും അവർക്ക് അല്ലാഹുവിന്റെ ഗ്രന്ഥത്തിനും തിരുദൂതരുടെ ചര്യയ്ക്കും അനുസൃതമായി കർമങ്ങൾ ചെയ്യാനുള്ള തൗഫീക്വിനായും ആത്മാർഥമായി പ്രാർഥിക്കുക. കിതാബും സുന്നത്തുമനുസരിച്ചുള്ള സന്മാർഗത്തിനും കർമങ്ങൾക്കും ഉപരിയായി നാം ഒന്നുംതന്നെ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. ഹൃദയങ്ങൾ അല്ലാഹുവിന്റെ കൈയിലാണ്. അവനാണ് അതിനെ മാറ്റിമറിക്കുന്നത്‌