ലഹരി; ഇതാണ് മോചനത്തിന്റെ നേർവഴി

ശരീഫ് കാര

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

ലഹരിയിൽനിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുന്നതിലും പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും സർക്കാരും മത, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകളും സജീവമാണിന്ന്. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന, ബുദ്ധിയെ മരവിപ്പിക്കുന്ന, കുടുംബ ശിഥിലീകരണത്തിന് കാരണമാകുന്ന, മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കൊലപാതകങ്ങൾക്ക് വഴിയൊരുക്കുന്ന ഈ അപകടകാരിക്കെതിരിൽ സമൂഹത്തെ ബോധവൽക്കരിക്കൽ ഒരോ മനുഷ്യന്റെയും ബാധ്യതയാണ്.

എന്നാൽ ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ വെമ്പൽകൊള്ളുന്ന യുവതക്ക് മുൻപിൽ ലഹരിയുടെ ലഭ്യതക്കായി വഴികൾ തുറന്നുവച്ച് അതിനെതിരെ നടത്തുന്ന പോരാട്ടങ്ങൾ എങ്ങനെ വിജയം കാണാനാണ്? മദ്യത്തിന് അടിമപ്പെട്ടവർക്ക് അത് ലഭിക്കാതെ വന്നാൽ വിഷമദ്യത്തിലേക്ക് അവർ എത്തുകയും അത് അവരുടെ മരണത്തിലേക്ക് വഴിവെക്കുകയും ചെയ്യും എന്നതാണ് ഇതിന് ന്യായം പറയാറുള്ളത്!

പലപ്പോഴും ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ശാരീരിക, സാമൂഹിക പ്രത്യാഘാതങ്ങളെ പറഞ്ഞ് ഭയപ്പെടുത്തി തിരികെ നടത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാകാറുള്ളത്. ‘ജീവിതം ഒന്നേയുള്ളൂ, അത് കളറാകണം’ എന്ന് ചിന്തിക്കുകയും ഉപയോഗിച്ചാലും ഇല്ലെങ്കിലും രോഗവും മരണവും സംഭവിക്കും, പിന്നെ എന്തിന് നാം ഉപയോഗിക്കാതിരിക്കണം എന്ന് ആലോചിക്കുകയും ചെയ്യുന്ന പുതുയുവതയെ രോഗം പറഞ്ഞ് ഭയപ്പെടുത്തി തിരികെ നടത്താനാകുമോ?

ഓരോരുത്തരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അവരവരുടെ ധാർമികതയായി വ്യാഖ്യാനിക്കപ്പെടുകയും, അപരന്റെ അഭിമാനത്തെക്കാളും കഷ്ടനഷ്ടങ്ങളെക്കാളും തന്റെ ഇഷ്ടങ്ങൾക്ക് വില കൽപിക്കുകയും, അതിനെയെല്ലാം അവകാശങ്ങളാക്കിയെടുക്കാൻ മുറവിളി കൂട്ടുകയും ചെയ്യുന്ന ഒരു ജനതയുടെ മുന്നിൽ സാമൂഹിക പ്രത്യാഘാതങ്ങൾ പറഞ്ഞുകൊണ്ട് മാത്രം മോചനം സാധ്യമാകുമോ?

ഇവിടെയാണ് ലഹരിയിൽനിന്നുള്ള മോചനത്തിന്റെ ഇസ്‌ലാമിക പാഠങ്ങൾ പ്രസക്തമാകുന്നത്. ‘നിങ്ങൾക്ക് വിരമിക്കാറായില്ലേ’ എന്ന ചോദ്യത്തോട് ‘ഞങ്ങൾ വിരമിച്ചിരിക്കുന്നു’ എന്ന് തിരിച്ചു പറയാൻ മാത്രം ഒരു ജനതയെ പരിവർത്തിപ്പിച്ച ആ അധ്യാപനങ്ങളെ തീർച്ചയായും നാം അടുത്തറിയണം.

അല്ലാഹുവാണ് സ്രഷ്ടാവ് എന്നും ഈ ജീവിതം അവൻ നൽകിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്നും ഇതിനപ്പുറം നന്മ-തിന്മകൾക്ക് പ്രതിഫലം നൽകപ്പെടുന്ന പാരത്രികജീവിതം വരാനുണ്ടെന്നും ഇസ്‌ലാം മനുഷ്യരെ പഠിപ്പിച്ചു. ലഹരി സ്രഷ്ടാവ് നിഷിദ്ധമാക്കിയ പൈശാചികതയാണെന്നും അതിലേക്ക് അടുക്കുകവഴി സ്രഷ്ടാവിൽനിന്നും ശ്രദ്ധതെറ്റുകയും മനുഷ്യർക്കിടയിൽ ശത്രുതയുണ്ടാവുകയും ചെയ്യുമെന്നും ക്വുർആൻ അവരെ ഉദ്‌ബോധിപ്പിച്ചു.

“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓർമിക്കുന്നതിൽനിന്നും നമസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ (അവയിൽ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?’’ (ക്വുർആൻ 5:90,91).

മാത്രമല്ല; മനുഷ്യന്റെ ബുദ്ധിയെ മറയ്ക്കുന്നതൊക്കെ മദ്യമാണെന്ന്, അത് സകല തിന്മകളുടെയും മാതാവാണെന്ന്, വലിയ തോതിൽ ഉപയോഗിച്ചാൽ ലഹരിയുണ്ടാകുന്നവയുടെ ചെറിയ അളവിലുള്ള ഉപയോഗവും നിഷിദ്ധമാണെന്ന്, സത്യവിശ്വാസിയായിക്കൊണ്ട് ഒരാൾക്ക് മദ്യപിക്കാനാവുകയില്ലെന്ന്, മദ്യപാനിയുടെ നാൽപത് ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടില്ലെന്ന്, ലഹരിയുടെ ഉപയോഗം സ്വർഗപ്രവേശനത്തിന് തടസ്സമാകുമെന്ന്, നരകത്തിൽ വേദനയേറിയ ശിക്ഷക്ക് അർഹരാകുമെന്ന് റസൂൽ  ﷺ  സമൂഹത്തെ പഠിപ്പിച്ചു. ഈ സാരോപദേശങ്ങൾ ഒരു ജനതയുടെ മോചനത്തിന് വഴി തെളിച്ച വിളക്കുമാടങ്ങളാണ്.

ലഹരി ഉപയോഗിക്കുന്നത് മാത്രമല്ല, അതിലേക്ക് വഴിവെക്കുന്ന എല്ലാ കാര്യങ്ങളും ഇസ്‌ലാം വിലക്കിയിട്ടുമുണ്ട്.

ഒരിക്കൽ ത്വാരിഖ് ഇബ്‌നു സുവൈദ്(റ) മദ്യത്തെപ്പറ്റി നബി ﷺ യോട് ചോദിച്ചു. അപ്പോൾ റസൂൽ  ﷺ  അത് നിരോധിക്കുകയും അത് ഉണ്ടാക്കുന്നതിനോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹം (ത്വാരിഖ്) പറഞ്ഞു: ‘ഞാൻ മരുന്നിന് വേണ്ടിയാണ് അതുണ്ടാക്കുന്നത്.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘തീർച്ചയായും അത് മരുന്നല്ല, എന്നാൽ അത് രോഗമാണ്’ (മുസ്‌ലിം).

ലഹരിയോടുള്ള എല്ലാ സഹകരണത്തെയും പൂർണമായും ഇസ്‌ലാം വിലക്കിയതാണ്. നബി  ﷺ  പറഞ്ഞു: “മദ്യത്തെയും അത് കുടിക്കുന്നവനെയും കുടിപ്പിക്കുന്നവനെയും അത് ഉണ്ടാക്കുന്നവനെയും ഉണ്ടാക്കിപ്പിക്കുന്നവനെയും അത് വിൽക്കുന്നവനെയും വാങ്ങുന്നവനെയും അത് എത്തിക്കുന്നവനെയും ആരിലേക്കാണൊ എത്തിക്കുന്നത് അവനെയും അതിന്റെ വില ഭക്ഷിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു’’ (അഹ്‌മദ്).

നോക്കു! ഒരു മനുഷ്യൻ ലഹരിയിലേക്ക് എത്തുന്ന, സമൂഹത്തിൽ ലഹരി വ്യാപിക്കാൻ കാരണമാകുന്ന എല്ലാ വഴികളെയുമാണ് ഇസ്‌ലാം അടച്ചത്.

മേൽസൂചിപ്പിച്ച എല്ലാ നിർദേശങ്ങളും തങ്ങളുടെ സ്രഷ്ടാവിൽനിന്നും അവതരിക്കപ്പെട്ടതാണെന്നും തതനുസൃതമായി ജീവിക്കുക എന്നത് അവനോടുള്ള അനുസരണമാണെന്നും അതിന് പ്രതിഫലം നൽകപ്പെടുന്ന ദിവസം വരുമെന്നും അനുസരണയില്ലാത്ത ജീവിതത്തിന് അന്ന് അതികഠിനമായ ശിക്ഷയുണ്ടെന്നും ബോധ്യപ്പെട്ടപ്പോൾ ലഹരി ആസ്വദിക്കാൻ അവസരങ്ങൾ ലഭിക്കുമായിരുന്നിട്ടും അതിൽനിന്ന് എല്ലാ അർഥത്തിലും അകന്ന് ജീവിക്കാൻ തയ്യാറുള്ള ഒരു ജനത പ്രവാചക കാലഘട്ടത്തിൽ പിറവിയെടുത്തു.

അതെ, സ്രഷ്ടാവിനെയും നന്മ-തിന്മകൾക്ക് പ്രതിഫലം ലഭിക്കുന്ന പരലോകത്തെയും ബോധ്യപ്പെടുത്തിയുള്ള പരിഹാര വഴികളിലൂടെ മാത്രമെ ലഹരിയിൽനിന്നും സമൂഹത്തെ പൂർണമായും മോചിപ്പിക്കാൻ കഴിയൂ. ലഹരിയിൽനിന്നു മാത്രമല്ല, ഏതു തിന്മകളിൽനിന്നുമുള്ള മോചനത്തിന്റെ വഴി അതുതന്നെയാണ്.

ഇഹലോക ജീവിതത്തിലെ കർമങ്ങൾ വിചാരണ ചെയ്യപ്പെടുന്ന ഒരു ദിവസത്തെ ഭയന്ന് സൽകർമനിരതരായി ജീവിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്: “നിങ്ങൾ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിന്റെ ഫലം പൂർണമായി നൽകപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല’’ (ക്വുർആൻ 2:281). .