സോഷ്യൽ മീഡിയ: ചതിക്കുഴികളും പരിഹാരങ്ങളും

അബൂആദിൽ

2022 ജൂൺ 18, 1442 ദുൽഖഅദ 17

സോഷ്യൻ മീഡിയ കമ്പനികൾക്ക് ഒരുകാര്യം മാത്രമെ ആവശ്യമുള്ളൂ; നമ്മുടെ ശ്രദ്ധ! അതിലൂടെയാണ് അവർ പണമുണ്ടാക്കുന്നത്. കഴിയുന്നത്ര അവരുടെ പ്ലാറ്റ്ഫോമിൽ നമ്മെ നിർത്തുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട്തന്നെ അതിൽ ആസക്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ ‘അറ്റൻഷൻ എഞ്ചിനിയർ’മാരെ നിയമിക്കുന്നത്. അതിനനുസരിച്ചാണ് സോഷ്യൽ മീഡിയ സൈറ്റുകൾ രൂപകൽപനചെയ്യുന്നത്. ആയതിനാൽ അത് നമ്മുടെ കുറേസമയം അപഹരിക്കുന്നതിൽ അത്ഭുതമില്ല. മെസ്സേജ് പരിശോധിക്കുന്നതിനായിട്ടാണ് മിക്കപ്പോഴും ഫോൺ കൈയിലെടുക്കുന്നതെങ്കിലും അറിയാതെ അതിൽ തുടരുന്നു!

തലച്ചോറിനെ സോഷ്യൽ മീഡിയ ഏതുതരത്തിലാണ് ബാധിക്കുക എന്ന് പഠിച്ചുകൊണ്ടിരിക്കുന്ന ന്യൂറോസയന്റിസ്റ്റുകൾ കണ്ടെത്തിയിരിക്കുന്നത് എസ്എംഎസും ലൈക്കും കാണുമ്പോൾ നമ്മിലുണ്ടാകുന്നത് ലഹരിയോട് തോന്നുന്ന പ്രതികരണമാണ് എന്നാണ്. അതാണ് വീണ്ടും വീണ്ടും ഉപയോഗിക്കാൻ ഇടയാക്കുന്നത്. നമ്മിൽ ‘ഫീൽഗുഡ്’ വികാരമുണ്ടാക്കുന്ന ഡോപമെൻ ഹോർമോൺ കൂടുതൽ സജീവമാവുകയും ചെയ്യും. നമ്മൾ നമ്മളിൽനിന്നുതന്നെ വിച്ഛേദിക്കപ്പെടുന്നു!

ദിവസം മുഴുവനും സോഷ്യൽ മീഡിയയിൽ കണ്ട കാര്യങ്ങൾ നമ്മുടെ മനസ്സിൽ ഓടിക്കൊണ്ടിരിക്കുകയും ചെയ്യും. സോഷ്യൽ മീഡിയയിൽനിന്ന് ഇടയ്ക്കിടെ ഉത്തേജനം ആഗ്രഹിക്കുന്നതിനാൽ കുറച്ചുസമയം ശാന്തമായി സമയം ചെലവഴിക്കുന്നതുപോലും അസ്വസ്ഥയുളവാക്കും.

അങ്ങനെ അത് പരസ്പര ബന്ധങ്ങളെ ബാധിക്കുന്നു. മറ്റുള്ളവരുമായി നേരിട്ട് ഇടപഴകാൻ കുറഞ്ഞ സമയം മാത്രമെ ലഭിക്കൂ. ശ്രദ്ധ പതറിപ്പോകാൻ നമ്മുടെ തലച്ചോറിനെ പരിശീലിപ്പിക്കുകയാണ്. അങ്ങനെ നമ്മുടെ മാനസികാരോഗ്യത്തെയും അത് കാര്യമായി ബാധിക്കുന്നു.

ചതിക്കുഴികൾ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു. പഠന രംഗം (മതം, ഭൗതികം), രാഷ്ട്രീയം, സ്പോർട്സ്, പ്രാദേശികം, ദേശീയം, അന്തർദേശീയം, മരണം/വിവാഹം, സാമ്പത്തികം...തുടങ്ങി ഒരു മനുഷ്യൻ ഇടപെടുന്ന മേഖലകളിലെല്ലാം ചതിക്കുഴികളുണ്ട്.

വ്യാജവാർത്തകളുടെ ദുരന്തഫലങ്ങൾ നമുക്കറിയാം. വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന ചിലർക്ക് അതൊരു മാനോവൈകല്യമാണ്. ആരുടെയും കണ്ണിൽപെടാതെ ചെയ്യുന്ന ഒരു അശ്ലീലചെയ്തിയുടെ മനസ്സുഖമാണിത് പകരുന്നത്. ഒരു ഭ്രാന്തൻ നാളെ ലോകം അവസാനിക്കുമെന്ന് വിളിച്ചുപറഞ്ഞാൽ നാമയാളെ പരിഹസിക്കും. എന്നാൽ ഇക്കാര്യം അയാളൊരു വാട്സാപ്പ് സന്ദേശമായി അയച്ചാൽ നാമടക്കമുള്ള ആയിരക്കണക്കിനാളുകൾ അത് ഷെയർ ചെയ്യും!

കോവിഡ് കാലത്ത് വിദേശത്തുനിന്നും വന്ന ഒരു സഹോദരൻ ഇന്ന് ജീവിച്ചിരിപ്പില്ല. രോഗം ബാധിച്ചല്ല അയാൾ മരണപ്പെട്ടത്; രോഗിയാണെന്ന് സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് അയാൾആത്മഹത്യ ചെയ്യുകയായിരുന്നു. ‘വാ വിട്ട വാക്കും കൈവിട്ട കല്ലും’ പോലെത്തന്നെയാണ് സോഷ്യൽ മീഡിയയിലിട്ട പോസ്റ്റും, സത്യം പുറത്തുവരുമ്പോഴേക്കും പോസ്റ്റുകൾ ലോകം ചുറ്റിക്കഴിഞ്ഞിട്ടുണ്ടാവും.

അത്മീയരംഗത്തും ഇതിന്റെ ദൂഷ്യം കുറവല്ല. ശിർക്ക്, ബിദ്അത്ത്, തീവ്രചിന്ത തുടങ്ങിയവയിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗം വളരെ സജീവമാണ്. ആത്മീയ സദസ്സുകളെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്നു. ഏലസ്സ്, ഉറുക്ക്, ഐക്കല്ല് എന്നിവ വീടുകളിലെത്തിക്കുന്നു.

മരുന്ന് കഴിക്കാൻവേണ്ടി കുട്ടികൾക്ക് മധുരം നൽകുന്നതുപോലെ ഭക്ഷണം കഴിക്കാൻ വേണ്ടി ഫോൺ നൽകുന്ന അവസ്ഥയിലേക്ക് കാര്യം എത്തിയിരിക്കുന്നു. ചില ഗൈമുകൾക്കും കഥാപാത്രങ്ങൾക്കും കുട്ടികൾ അഡിക്റ്റായിരിക്കുന്നു. സ്‌ക്രീൻ അഡിക്ഷൻ ചിലപ്പോൾ ഒരു പ്രശ്നത്തിന്റെ ലക്ഷണമാവാം.

നന്മകൾ ഏറെയുണ്ടെങ്കിലും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാനും ജീവനെടുക്കുവാനും വരെ സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗം കാരണമാവുന്നു. കുടുംബ പ്രശ്നങ്ങൾ മനസ്സിലാക്കി ഭർത്താക്കന്മാർക്ക് അവിഹിത ബന്ധമുണ്ടെന്ന് വരുത്തിതീർക്കാൻ സ്ത്രീകളുടെ പേരിൽ വ്യാജ എക്കൗണ്ട് നിർമിച്ച് ഇത് മുതലെടുത്ത് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു. ഇന്റർനെറ്റിലെ സ്വകാര്യതയിലേക്ക് ക്ഷണിക്കുന്നവരെ അകറ്റിയില്ലെങ്കിൽ ജീവൻ വരെ നഷ്ടമാവും.

ദഅ്വത്തെന്ന പേരിൽ ഇസ്ലാമിക സന്ദേശം ഷെയർ ചെയ്യുന്ന ഒരുപാടാളുകളുണ്ട്. അത് ശരിയോ തെറ്റോ പ്രാമാണികമോ എന്നൊന്നും അവർ നോക്കാറില്ല. ക്വുർആൻ സൂക്തങ്ങൾ, നബിവചനങ്ങൾ, ഫത്‌വകൾ എന്നിവ ദുരുപയോഗം ചെയ്യപ്പെടുന്നു. മനഃപൂർവം തങ്ങളുടെ തീവ്രനിലപാടുകൾക്ക് തെളിവായി ക്വുർആൻ വചനങ്ങളെ അവയുടെ അവതരണ പശ്ചാത്തലം മറച്ചുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരുണ്ട്.

ആയതിനാൽ ഇന്നത്തെ സാഹചര്യത്തിൽ ഈമാനിനെ ദുർബലപ്പെടുത്തുന്ന സോഴ്സുകൾ ഒഴിവാക്കുക. അക്ഷരങ്ങളുടെ വ്യത്യാസത്തിൽ വേറെ വഴികളിലേക്ക് എത്തിച്ചേരുന്നത് സൂക്ഷിക്കുക. ഒരു വിഷയത്തിലെ ആദ്യ പോസ്റ്റ് എന്റെതാവണമെന്ന ചിന്ത മാറ്റിവെക്കുക. ഷെയർ ചെയ്യുന്നതിനുമുമ്പ് അതിലെ ശരിതെറ്റുകൾ മനസ്സിലാക്കുക. ഷെയർ ചെയ്താലുള്ളത് ഗുണമോ ദോഷമോ എന്ന് നന്നായി ചിന്തിക്കുക.

ഇന്റർനെറ്റ് വ്യഭിചാരങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, ലോട്ടറി, ലേലങ്ങൾ, അക്കൗണ്ട് ഹാക്കിംഗ്, ബാങ്ക് ക്രഡിറ്റ് കാർഡ് തട്ടിപ്പ്, ഓൺലൈൻ വ്യാപാര തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം പോലുള്ളവയിൽ അകപ്പെടാതിരിക്കാൻ ചില മുൻകരുതലുകൾ എടുത്തേ തീരൂ.

ഫെയ്സ്ബുക്ക്, ഇ-മെയിൽ പാസ്‌വേർഡുകൾ എന്നിവ അടുത്ത ബന്ധുവായ ആരെങ്കിലും അറിയൽ നന്നാവും. വാട്സാപ്പ് സ്ഥിരം ഉപയോഗിക്കുന്ന നമ്പറിലല്ലാതെ, സ്വകാര്യമായി മറ്റൊരു നമ്പറിൽ അക്കൗണ്ട് തുടങ്ങുക, ആവശ്യമുള്ളവരോട് അങ്ങോട്ട് ബന്ധപ്പെട്ടാൽ മതിയാവും. സ്ത്രീകൾ സ്വകാര്യ നമ്പറിൽ നിന്ന് വിളിച്ച് വാഹന സൗകര്യം ഉപയോഗിക്കൽ ഒഴിവാക്കുക, അപരിചിതർ സോഷ്യൽ മീഡിയ വഴിബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാൽ അവരെ ബ്ലോക്ക് ചെയ്യുകയും മോശമായ രീതിയിൽ പെരുമാറുമ്പോൾ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.

മക്കളെയും ഭാര്യമാരെയും സദ്‌വൃത്തരുടെ കഥകളിലൂടെ സംസ്‌കരിക്കുവാനും പരലോക ബോധമുള്ളവരാക്കുവാനും ശ്രദ്ധവെക്കണം. സ്വയം കഴിയില്ലെങ്കിൽ പര്യാപ്തമായ പ്രസിദ്ധീകരണങ്ങൾ നൽകുക, സംസാരങ്ങൾ കേൾപ്പിക്കുക. മഹല്ലുകളും പ്രധാന കൂട്ടായ്മകളും ഈ വിഷയത്തിൽ ശ്രദ്ധപതിപ്പിക്കണം. ചതിക്കുഴിയിൽ പെട്ടുപോയവരുടെ അനുഭവങ്ങൾ പാഠത്തിനുവേണ്ടി ബോധ്യപ്പെടുത്തണം.

ആസ്വാദനങ്ങളെല്ലാം ഈ ലോകത്തുനിന്ന് തന്നെ ലഭിക്കണമെന്ന വാശി ഒഴിവാക്കണം. മറ്റുള്ളവരെ വഞ്ചിച്ചും പരലോകം മറന്നും സുഖം തേടി പായുന്നവർ വലിയ കുഴികളിലാണ് വീഴുന്നത് എന്ന് തിരിച്ചറിയുക. മരണത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വ്യഭിചാരവും വഞ്ചനയും കളവും പ്രിയപ്പെട്ടവരുടെയെല്ലാം ശാപവും, ആയുസ്സും സൗന്ദര്യവും ആരോഗ്യവും നൽകിയ പടച്ചവനോടുള്ള നന്ദികേടുമാണ് ബാക്കിയാകുന്നതെന്നു കാണുമ്പോഴുള്ള അന്ധകാരത്തെ ഭയക്കാനായാൽ നന്ന്. അതിന് സ്വയം കഴിയാത്തവരെ ഉണർത്താനുള്ള സാമൂഹിക ബാധ്യത പാലിക്കാൻ നാം മറന്നുപോകുകയുമരുത്.