പ്രമാണം കൈവിട്ടത് ആര്?

അബൂബക്കർ സലഫി

2022 ഏപ്രിൽ 16, 1442 റമദാൻ 14

(വിമര്‍ശനങ്ങള്‍ക്ക് മറുപടി)

വിസ്ഡം ഹിലാല്‍ വിംഗിനെ വിമര്‍ശിച്ച് എന്‍.വി സകരിയ്യ മൗലവി എഴുതിയ ഒരു കുറിപ്പ് കണ്ടു. അതിന്റെ തലവാചകവും ഉള്ളടക്കവും ഒരുപോലെ തെറ്റിദ്ധാരണ പരത്തുന്നതാണ്. വിസ്ഡം ഹിലാല്‍ വിംഗ് യാഥാസ്ഥിതികതയിലേക്ക് തിരിച്ചുനടക്കുന്നു എന്നതാണ് തലവാചകത്തിലെ ആരോപണം! ഹിജ്‌റ വര്‍ഷത്തിലെ എല്ലാ മാസവും കാഴ്ചയുടെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കേണ്ടത് എന്ന് വിസ്ഡം ഹിലാല്‍ വിംഗ് വാദിക്കുന്നു എന്നതാണ് അതിന് കാരണമായി അദ്ദേഹം പറയുന്നത്. വ്യക്തമായ തെളിവിെന്റ അടിസ്ഥാനത്തില്‍ മുസ്‌ലിം ലോകം നൂറ്റാണ്ടുകളായി അംഗീകരിച്ച് വരുന്ന ഈ കാര്യം യാഥാസ്ഥികതയിലേക്കുള്ള തിരിച്ചുപോക്കാണത്രെ! (തെളിവുകള്‍ താഴെ വരുന്നു) തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രധാന ചോദ്യമിതാണ്: ‘റമദാനും പെരുന്നാളും അല്ലാത്ത മറ്റു മാസങ്ങള്‍ കാണാന്‍ കല്‍പിക്കുന്ന ഹദീസെവിടെ?’

ഈ ചോദ്യം കേട്ടാല്‍ തോന്നുക, റമദാനും പെരുന്നാളും ഇല്ലാത്ത മറ്റു മാസങ്ങള്‍ നബി(സ)യും സ്വഹാബികളും നിര്‍ണയിച്ചിരുന്നത് മാനത്തെ ഹിലാല്‍ നോക്കിയല്ല പ്രത്യുത, കലണ്ടറിനെ മാത്രം ആശ്രയിച്ചായിരുന്നുവെന്നാണ്! അതല്ലെങ്കില്‍ മറ്റുവഴികളിലൂടെയായിരുന്നുവെന്നാണ്! ചോദ്യം കണ്ടാല്‍ ഇപ്പറഞ്ഞതിന് അദ്ദേഹത്തിന്റെ കയ്യില്‍ ധാരാളം തെളിവുകളുണ്ടെന്ന് തോന്നും. എന്നാല്‍ അങ്ങനെയൊരു തെളിവ് തന്റെ കുറിപ്പില്‍ ഒന്നെങ്കിലും ഉദ്ധരിച്ചു കണ്ടതുമില്ല. അതിന് അദ്ദേഹത്തിന് സാധ്യമല്ലതാനും.

അദ്ദേഹം എഴുതുന്നു: ‘‘എല്ലാ മാസാരംഭവും കാഴ്ചയിലൂടെ സ്ഥിരപ്പെടണമെന്നോ കാഴ്ചയിലൂടെ സ്ഥിരപ്പെട്ട തീയതി പ്രകാരമെ ആ മാസത്തിലെ ആരാധനകള്‍ നിര്‍വഹിക്കാവൂ എന്നോ അല്ലാഹുവും തിരുദൂതരും പറഞ്ഞിട്ടില്ല, ഹജ്ജ് കര്‍മം, പെരുന്നാളുകള്‍, നിര്‍ബന്ധ നോമ്പുകള്‍ എന്നീ സുപ്രധാന ആരാധനകളുടെ കാര്യത്തില്‍ മാത്രമേ അങ്ങനെ പറഞ്ഞിട്ടുള്ളൂ. റമദാന്‍, ശവ്വാല്‍, ദുല്‍ഹിജജ മാസങ്ങള്‍ കാഴ്ചയിലൂടെ നിര്‍ണയിക്കാന്‍ നബി ﷺ കല്‍പിച്ചിട്ടുണ്ട്. ‘ഹിലാല്‍ കണ്ടാല്‍ നോമ്പെടുക്കുക, അത് കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുക, അത് കണ്ടാല്‍ ഹജ്ജ് നിര്‍വഹിക്കുക’ എന്ന നബിവചനത്തിലൂടെ ആ കാരൃം വ്യക്തമായി നബി ﷺ വിശ്വാസികളെ അറിയിച്ചിട്ടുണ്ട്. അത്തരം വല്ല കല്‍പനയും ഇതര മാസങ്ങളുടെ കാര്യത്തില്‍ വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ട ബാധ്യത വിസ്ഡമിനുണ്ട്.’’

ശരി, എല്ലാ മാസവും ഹിലാല്‍ അടിസ്ഥാനമാക്കിയാണ് മാസം കണക്കാക്കേണ്ടത് എന്നതിന് വിസ്ഡം ഹിലാല്‍ വിംഗിനുള്ള തെളിവുകള്‍ വ്യക്തമാക്കാം:

തെളിവ് ഒന്ന്:

ഹകമുബ്‌നു അഅ്‌റജ്(റ) ഉദ്ധരിക്കുന്നു: ഞാന്‍ ഇബ്‌നു അബ്ബാസി(റ)ന്റെ അടുത്ത് ചെന്നു. അദ്ദേഹം സംസമിന്റെ അടുത്ത് തന്റെ മേല്‍തട്ടം തലയിണയാക്കി കിടക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘‘ആശൂറാ നോമ്പിനെപ്പറ്റി എനിക്ക് പറഞ്ഞുതരൂ.'' അപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘‘നീ മുഹര്‍റം പിറവി കണ്ടാല്‍ പിറ്റേദിവസം എണ്ണി ഒമ്പതാം ദിവസം നോമ്പുകാരനായിക്കൊള്ളുക.'' ഞാന്‍ ചോദിച്ചു: ‘‘നബി ﷺ ഇങ്ങനെയാണോ നോമ്പെടുത്തത്?'' അദ്ദേഹം പറഞ്ഞു: ‘‘അതെ’’ (മുസ്‌ലിം: 1133).

നിര്‍ബന്ധ നോമ്പും പെരുന്നാളും ഹജ്ജും ഇല്ലാത്ത മാസമാണ് മുഹര്‍റം എന്ന് ആര്‍ക്കാണ് അറിയാത്തത്? അത് നബി ﷺ നിര്‍ണയിച്ചിരുന്നത് മാസപ്പിറവി ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നത് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍നിന്ന് സുതരാം വ്യക്തമായില്ലേ? ഇതിനെ കുറിച്ച് താങ്കള്‍ക്ക് എന്തു പറയാനുണ്ട്? യാഥാസ്ഥിതികതയിലേക്ക് തിരിച്ചുപോകുന്നുവെന്ന വിഷംനിറഞ്ഞ പരിഹാസം വിസ്ഡം ഹിലാല്‍ വിംഗിലേക്ക് മാത്രമല്ല എത്തുന്നത് എന്ന് മൗലവി മനസ്സിലാക്കുന്നത് നല്ലതാണ്.

തെളിവ് രണ്ട്:

ഇനി നിര്‍ബന്ധ നോമ്പും പെരുന്നാളും ഹജ്ജും ഇല്ലാത്ത മറ്റൊരു മാസം കാണുന്നതിനെക്കുറിച്ച് പറഞ്ഞതും കണ്ടോളൂ; അത് ‘ശഅബാന്‍' മാസമാണ്, അത് നിര്‍ണയിക്കാനും ഹിലാല്‍ കാണണമെന്ന് നബി ﷺ പറയുന്നു.

‘‘നിങ്ങള്‍ മാസപ്പിറവി കണ്ടാല്‍ നോമ്പെടുക്കുക, അത് കണ്ടാല്‍ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാല്‍ (മാസം മുപ്പത്) കണക്കാക്കുക.’’

ഈ വിഷയത്തില്‍ നമുക്കാര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാവുകയില്ല. എന്നാല്‍ ഇതോടൊപ്പം പണ്ഡിതര്‍ പറയുന്ന ഒരു കാര്യം ശഅ്ബാന്‍ മാസപ്പിറവിയും പ്രത്യേകം കാണണമെന്നാണ്. അതിനുള്ള ഒരു തെളിവാണ് മുകളിലെ ഹദീസ്.

റമദാന്‍ മാസപ്പിറവി നോക്കേണ്ടത് ശഅബാന്‍ 29നാണ്. അപ്പോള്‍ എന്നാണ് ശഅ്ബാന്‍ 29 എന്നറിയണം. അതിന് ശഅ്ബാന്‍ മാസപ്പിറവി നോക്കണം. ശഅ്ബാന്‍ 29ന് റമദാന്‍ പിറവി കണ്ടില്ലെങ്കില്‍ ശഅ്ബാന്‍ 30 തികയ്ക്കണം. ശഅ്ബാന്‍ 30 കണക്കാക്കണമെങ്കിലും ശഅ്ബാന്‍ മാസപ്പിറവി ശ്രദ്ധയോടെ കണ്ടിരിക്കണം. അത് കൃത്യമായി വ്യക്തമാക്കുന്ന ഹദീസ് ഇതാ:

ആഇശ(റ)യില്‍ നിന്ന് നിവേദനം: ‘‘മറ്റേതൊരു മാസത്തെ സൂക്ഷിക്കുന്നതിനെക്കാള്‍ ഉപരിയായി ശഅ്ബാനിന്റെ ഹിലാലിനെ റസൂല്‍ ﷺ ശ്രദ്ധിക്കാറുണ്ടായിരുന്നു. ശേഷം, റമദാന്‍പിറവി കണ്ടുകഴിഞ്ഞാല്‍ അദ്ദേഹം നോമ്പുപിടിക്കും. മേഘം കൊണ്ട് മറക്കപ്പെട്ടാല്‍ മുപ്പത് ദിവസം കണക്കാക്കുകയും പിന്നീട് നോമ്പുപിടിക്കുകയും ചെയ്യും.’’ (അബൂദാവൂദ്, അഹ്‌മദ്).

റമദാന്‍ നിര്‍ണയിക്കുന്നതിന് ശഅ്ബാന്‍ അടിസ്ഥാനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ പ്രവാചകാധ്യാപനം വ്യക്തമാക്കുന്നു. ഇതില്‍നിന്നും വ്യക്തമാകുന്ന കാര്യങ്ങള്‍ നമുക്കിങ്ങനെ സംഗ്രഹിക്കാം:

1. നബി ﷺ എല്ലാ മാസവും മാസപ്പിറവി കാണാന്‍ ശ്രദ്ധിച്ചിരുന്നു.

2. എന്നാല്‍ മറ്റു മാസങ്ങളെക്കാള്‍ ശഅ്ബാന്‍ പിറവിയുടെ കാര്യത്തില്‍ പ്രവാചക തിരുമേനി ﷺ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു.

3. ശഅ്ബാനിന്റെ 29 കണക്കാക്കിയിരുന്നത് ശഅ്ബാന്‍ പിറവിയുടെ അടിസ്ഥാനത്തിലായിരുന്നു.

4. പിറവി കാണാനാവാത്ത സന്ദര്‍ഭങ്ങളില്‍ 30 ദിവസം കണക്കാക്കിയതും ശഅ്ബാന്‍ പിറവിയുടെ അടിസ്ഥാനത്തിലായിരുന്നു.

ഈ വിഷയത്തില്‍ വന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്: ‘‘റമദാനിനുവേണ്ടി ശഅ്ബാന്‍ മാസപ്പിറവി നിങ്ങള്‍ കൃത്യമായി നിര്‍ണയിക്കുക.’’

ഇവിടെ ശഅ്ബാന്‍ മാസം കാഴ്ചയിലൂടെയാണ് നിര്‍ണയിക്കേണ്ടത് എന്ന് പ്രത്യക്ഷമായി ഹദീസിലില്ല എന്ന്, യാഥാസ്ഥിതികത ആരോപിക്കുന്നവര്‍ പറയാറുണ്ട്. അതിനുള്ള മറുപടി ഇതാണ് :

ഇത് പറഞ്ഞ നബിതിരുമേനി ﷺ യും അത് കേട്ട സ്വഹാബിമാരും മാസം നിര്‍ണയിച്ചത് കണക്ക് നോക്കിയിട്ടല്ല, മാസപ്പിറവി നോക്കിയിട്ടാണ്. അതിനാല്‍ ശഅ്ബാന്‍ മാസം കാഴ്ചയിലൂടെയാണ് നിര്‍ണയിക്കേണ്ടത് എന്ന് ഈ ഹദീസില്‍നിന്നും മനസ്സിലാക്കാം. പണ്ഡിതന്മാരും ഈ ഹദീസിനെ അങ്ങനെത്തന്നെയാണ് മനസ്സിലാക്കിയിട്ടുള്ളത്.

ഹാഫിദ് ഇബ്‌നുഹജര്‍ അസ്‌ക്വലാനി(റഹി) പറയുന്നത് നോക്കൂ: ‘‘അതായത് അത് (ശഅ്ബാന്‍ മാസപ്പിറവി) നിര്‍ണയിക്കാനും കൃത്യമാക്കാനും നിങ്ങള്‍ നന്നായി പരിശ്രമിക്കുക. റമദാനില്‍നിന്ന് നിങ്ങള്‍ക്ക് ഒന്നും നഷ്ടമാവാതിരിക്കാന്‍ അതിന്റെ (ശഅ്ബാന്‍ മാസപ്പിറവി) ഉദയ സ്ഥലങ്ങള്‍ നിര്‍ണയിക്കുക. അത് ഇറങ്ങിവരുന്ന സ്ഥലങ്ങള്‍ കാണാന്‍ കഴിയുമോ എന്ന് നിങ്ങള്‍ സൂക്ഷിച്ചു നോക്കുക.’’

ഇതുപോലെ ഇമാം സ്വന്‍ആനി തന്റെ ‘ശര്‍ഹു ജാമിഉസ്സ്വഗീര്‍' എന്ന ഗ്രന്ഥത്തിലും ഇമാം അബുല്‍ഹസന്‍ ഉബൈദുല്ലാഹ് തന്റെ ‘മിര്‍ആതുല്‍ മഫാതീഹ് ശര്‍ഹു മിശ്കാതുല്‍മസ്വാബീഹ്’ എന്ന ഗ്രന്ഥത്തിലും ഇമാം സുയൂത്വി തന്റെ ‘ക്വൂതുല്‍ മുഗ്തദി അലാ ജാമിഇത്തിര്‍മിദി’ എന്ന ഗ്രന്ഥത്തിലും ഇമാം മു ബാറക്ഫൂരി തന്റെ ‘തുഹ്ഫതുല്‍ അഹ്‌വദി’ എന്ന ഗ്രന്ഥത്തിലും ശഅ്ബാന്‍ മാസപ്പിറവി കാണലാണ് ഹദീസിന്റെ ഉദ്ദേശ്യം എന്ന് വിശദീകരിക്കുന്നുണ്ട്.

ഈ വിഷയത്തില്‍ ‘അല്‍മൗസൂഅതുല്‍ ഫിക്വ‌്ഹിയ്യതുല്‍ കുവൈതിയ്യ’ എന്ന ഗ്രന്ഥത്തിലെ കൊടുത്ത വാചകങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. പ്രഗല്‍ഭരായ ഒരുപറ്റം പണ്ഡിതന്മാര്‍ തയ്യാര്‍ചെയ്ത, കുവൈത്തിലെ Ministry of Awqaf and Islamic Affairs പ്രസിദ്ധീകരിച്ച 45 വാള്യങ്ങളുള്ള ബൃഹത്തായ ഫിക്വ‌്ഹ് വിജ്ഞാനകോശമാണ് ഈ ഗ്രന്ഥം. ഒരു ആധികാരിക റഫറന്‍സായി പരിഗണിക്കപ്പെടുന്ന അതിലെ വാചകങ്ങള്‍ ഇങ്ങനെ വായിക്കാം:

‘‘റമദാനിന് വേണ്ടി ശഅ്ബാന്റെ മാസപ്പിറവി പ്രത്യേകം ശ്രദ്ധിക്കണമെന്ന് കല്‍പനയുള്ള ഹദീസ് നബി ﷺ യില്‍നിന്ന് വന്നിട്ടുണ്ട്. അവിടുന്ന് പഞ്ഞു: ‘നിങ്ങള്‍ റമദാനിന് വേണ്ടി ശഅ്ബാനിന്റെ മാസപ്പിറവി കൃത്യമായി നിര്‍ണയിക്കുക.’ റമദാനിന്റെ പ്രവേശനം കൃത്യമാക്കാന്‍ ശഅ്ബാന്‍ മാസത്തോട് നബി (സ)യുടെ പ്രത്യേക ശ്രദ്ധ വിവരിക്കുന്ന (മറ്റൊരു ) ഹദീസും വന്നിരിക്കുന്നു:

ആഇശ(റ) നിവേദനം: ‘മറ്റു മാസങ്ങളില്‍ ശ്രദ്ധിക്കാത്ത അത്ര ശഅ്ബാന്‍ മാസപ്പിറവിയുടെ വിഷയത്തില്‍ നബി ﷺ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നെ റമദാന്‍ മാസപ്പിറവി കണ്ടാല്‍ നോമ്പെടുക്കും. മേഘം മൂടിയാല്‍ ശഅ്ബാന്‍ മുപ്പത് തികയ്ക്കും. പിന്നെ നോമ്പെടുക്കും.’ നബി ﷺ ശ്രദ്ധിച്ചിരുന്നു എന്നതിന്റെ ഉദ്ദേശ്യം ഹദീസ് വിശദീകരിക്കുന്നവര്‍ പറയുന്നു: ‘റമദാന്‍ നോമ്പിന്റെ സംരക്ഷണത്തിന് വേണ്ടി ശഅ്ബാന്‍ മാസത്തിലെ ദിവസങ്ങളെ എണ്ണാന്‍ അവിടുന്ന് കഷ്ടപ്പെട്ട് ശ്രമിക്കും.’’

ഇപ്രകാരം സുനനുത്തിര്‍മിദിയുടെ വ്യാഖ്യാനമെഴുതിയ ശൈഖ് സുലൈമാനുബിന്‍ നാസിര്‍ അല്‍ അലവാന്‍ ആ ഹദീസിനെ വിശദീകരിക്കുന്നത് നോക്കാം:

‘‘നബി ﷺ പറഞ്ഞ ‘നിങ്ങള്‍ ശഅ്ബാനിന്റെ പിറവി നിര്‍ണയിക്കുക’ എന്നത് കൃത്യമായി (ശഅ്ബാന്‍ മാസപ്പിറവി) നിര്‍ണയിക്കാനുള്ള കല്‍പനയാണ്. ‘ഇഹ്‌സാഅ്’ എന്ന് പറഞ്ഞാല്‍ എണ്ണുക എന്നാണ് ഉദ്ദേശ്യം.

മാസപ്പിറവി ദര്‍ശനം ഫര്‍ദു കിഫായയാണ് (സാമൂഹ്യ ബാധ്യത). ചിലര്‍ അത് നിര്‍വഹിച്ചാല്‍ എല്ലാവരില്‍നിന്നും കുറ്റം നീങ്ങും. ആരും നിര്‍വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാവും. കാരണം ഒരു നിര്‍ബന്ധമായ കാര്യം ഏതൊന്നുകൊണ്ടാണോ പൂര്‍ത്തിയാവുന്നത് ആ കാര്യവും നിര്‍ബന്ധമാണ് (എന്നതാണ് തത്ത്വം). ശഅ്ബാന്‍ മാസപ്പിറവി കൃത്യമായി നിര്‍ണയിച്ചാലല്ലാതെ റമദാനിന്റെ പ്രവേശനം കൃത്യമാവുകയില്ല. അതുകൊണ്ട് മാസപ്പിറവി കാണാന്‍ സാധിക്കുന്ന ഒരു വിഭാഗം അത് കാണാന്‍ ഒരുങ്ങേണ്ടത് നിര്‍ബന്ധമാണ്. മാസപ്പിറവി ദര്‍ശിക്കാന്‍ ഒരു വിഭാഗത്തെ നിയോഗിക്കേണ്ടത് ഭരണാധികാരികളുടെ നിര്‍ബന്ധ ബാധ്യതയാണ്.’’ (ഇവിടെ ശഅ്ബാന്‍ മാസപ്പിറവിയുടെ കാര്യമാണ് പറയുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്).

ഇനിയും ഇതുപോലെയുള്ള വിശദീകരണങ്ങള്‍ എത്രയോ കാണാന്‍ കഴിയും. എന്നിട്ടും ആ ഹദീസിന്റെ ഉദ്ദേശ്യം ഈ ഇമാമീങ്ങള്‍ പറഞ്ഞതല്ല എന്ന് പറയുന്നുവെങ്കില്‍ അല്ലാഹുവിനെ ഭയക്കണം എന്നേ ഉണര്‍ത്തുന്നുള്ളൂ.

മുഹര്‍റമിലും ശഅ്ബാനിലും മാത്രം ഒതുങ്ങുന്നതാണോ ഈ വിഷയം? ഒരിക്കലുമല്ല! ആ നിയമം എല്ലാ മാസങ്ങള്‍ക്കും ബാധകമാണ് എന്നു കാണാന്‍ കഴിയും. പരിശുദ്ധ ക്വുര്‍ആനിലെ ഒരു വചനം നോക്കൂ:

‘‘(നബിയേ,) നിന്നോടവര്‍ മാസപ്പിറവികളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാലനിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ’’ (2:189).

എല്ലാ മാസങ്ങളും നിര്‍ണയിക്കപ്പെടുന്നത് മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണെന്ന് ഈ വചനം നമ്മെ അറിയിക്കുന്നുണ്ട്, തഫ്‌സീറുകള്‍ നോക്കിയാല്‍ അക്കാര്യം ബോധ്യമാവും, ഇമാം ശൗകാനി പറയുന്നത് നോക്കൂ:

‘‘(ഇവിടെ) ‘അഹില്ലത്’ എന്നത് ‘ഹിലാലി’ന്റെ ബഹുവചനമാണ്. അങ്ങനെ ബഹുവചനമായി പറഞ്ഞത് എല്ലാ മാസത്തെയും ഹിലാലിനെ പരിഗണിച്ചുകൊണ്ടാണ്.’’ തുടര്‍ന്ന് അദ്ദേഹം പറയുന്നു: ‘‘സത്യം ചെയ്യലുകള്‍, വാടക സമയം, സ്ത്രീകളുടെ ഇദ്ദ, ഗര്‍ഭ കാലയളവ്, ഹജ്ജ്, നോമ്പ്, പെരുന്നാള്‍ തുടങ്ങി മനുഷ്യരുടെ ആരാധനകളും ക്രയവിക്രയങ്ങളും നിശ്ചയിക്കാനുള്ള സമയനിര്‍ണയത്തിന്റെ...’’

ഇതുപോലെ ഖുര്‍ത്വുബി, ഇബ്‌നു കസീര്‍, സഅദി, ഇബ്‌നു ഉസൈമീന്‍ മുതലായ മിക്ക മുഫസ്സിറുകളും ഇക്കാര്യം പറയുന്നുണ്ട്.

പണ്ഡിതരുടെ നിലപാട്:

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ പറയുന്നു:

‘‘അല്ലാഹു പറയുന്നു: ‘(നബിയേ,) നിന്നോടവര്‍ മാസപ്പിറവികളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ.’ മാസപ്പിറവികള്‍ ജനങ്ങള്‍ക്ക് കാലനിര്‍ണയത്തിനുള്ള ഉപാധികളാകുന്നു എന്ന് അല്ലാഹു അറിയിച്ചു, ഇത് അവരുടെ എല്ലാ കാര്യങ്ങള്‍ക്കും ബാധകമായതാണ്. ഹജ്ജിനെ വേര്‍തിരിക്കാന്‍ പ്രത്യേകമായി എടുത്തുപറഞ്ഞതാണ്. കാരണം അതില്‍ മലക്കുകളും മറ്റും ഹാജറാവുന്നുണ്ട്. പിന്നെ അത് വര്‍ഷത്തിലെ അവസാന മാസമായതിനാലും...’’

‘‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു.’ മാസങ്ങള്‍ 12 ആയി എണ്ണപ്പെട്ടതായി അല്ലാഹു അറിയിച്ചു. മാസങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഹിലാലിന്റെ അടിസ്ഥാനത്തിലാണ് എന്നത് തീര്‍ച്ചയാണ്. അതില്‍ ഓരോ മാസവും അറിയപ്പെടുന്നത് ഹിലാല്‍ മുഖേനയാണ് എന്ന് മനസ്സിലായി.’’

‘‘നമ്മുടെ മുമ്പുള്ള ശരീഅത്തുകളും ഹിലാലിെന്റയടിസ്ഥാനത്തിലായിരുന്നു മാസങ്ങളെ നിര്‍ണയിച്ചിരുന്നത് എന്ന് വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്. പിന്നെ യഹൂദികള്‍ ചെയ്തതുപോലെ അവരുടെ പിന്‍ഗാമികള്‍ അതെല്ലാം മാറ്റിമറിച്ചതാണ്.’’

‘‘മാസവും വര്‍ഷവുമെല്ലാം ഹിലാല്‍ വഴിയാണ് നിര്‍ണയിക്കുക എന്ന് നമ്മള്‍ പറഞ്ഞതില്‍നിന്ന് വ്യക്തമായി. ഹിലാലിന്റെ സ്ഥാനത്തിന് പകരമായി മറ്റൊന്നും തന്നെയില്ല.’’

‘‘എല്ലാ മാസവും കണക്കാക്കേണ്ടത് മാസപ്പിറവികളുടെ അടിസ്ഥാനത്തിലാണ്.’’

ശൈഖ് ഇബ്‌നു ബാസ്(റഹി) പറയുന്നു: ‘‘അല്ലാഹു നോമ്പ്, ഹജ്ജ്, ആഘോഷങ്ങള്‍, എണ്ണം, സത്യം ചെയ്യല്‍ തടങ്ങി അനേകം വിധികള്‍ ഹിലാലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാരണം മാസപ്പിറവി കണ്ണുകള്‍കൊണ്ട് കാണുന്നതും സാക്ഷ്യം നിര്‍വഹിക്കപ്പെടുകയും ചെയ്യുന്ന കാര്യമാണ്. കണ്ണുകള്‍കൊണ്ട് കാണുന്നത് ഏറ്റവും ശരിയായ വിവരങ്ങളില്‍ പെട്ടതാണ്.’’

‘‘നോമ്പും പെരുന്നാളും മറ്റു മാസങ്ങളും നിര്‍ണയിക്കാനുള്ള അവലംബം കാഴ്ചയാണ് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അല്ലെങ്കില്‍ എണ്ണം 30 തികയ്ക്കുക. ചന്ദ്രമാസത്തിന്റെ തുടക്കവും അവസാനവും സ്ഥിരീകരിക്കാന്‍ ചന്ദ്രന്‍ പിറന്നു എന്നത് മാത്രം പോരാ എന്നതില്‍ പരിഗണനീയമായ പണ്ഡിതന്മാര്‍ക്കിടയില്‍ എതിരഭിപ്രായമില്ല.’’

അടുത്ത ലക്കത്തിൽ:

മാസപ്പിറവി: പ്രമാണത്തെ പിൻപറ്റൽ യാഥാസ്ഥിതികതയോ?