തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 ജൂൺ 04, 1442 ദുൽഖഅദ 03

3. ജീവിതത്തിലെയും മരണത്തിലെയും പരീക്ഷണങ്ങളിൽനിന്നുള്ള കാവൽ തേടൽ

ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതാണ്. ക്ഷമയും സഹനവും പ്രാർഥനയുമാണ് ജീവിതത്തിലെ പരീക്ഷണങ്ങളെ തരണം ചെയ്യാനുള്ള ആയുധം. അതിലൂടെയാണ് ആത്യന്തിക വിജയം കൈവരിക്കാനാകുന്നതും. അല്ലാഹു മനുഷ്യരെ പരീക്ഷിക്കും എന്ന് സംശയത്തിനിടയില്ലാത്തവിധം പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷണങ്ങളിൽ വിജയിക്കുക ക്ഷമാലുക്കളാണ്. ക്ഷമിക്കുന്നവർക്ക് അല്ലാഹു സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കുന്നുണ്ട്.

അല്ലാഹു പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 2:155).

അല്ലാഹുവിങ്കൽനിന്നുള്ള പരീക്ഷണം രണ്ടുവിധത്തിലുണ്ട്; തിന്മ മുഖേനയും നന്മ മുഖേനയും. അല്ലാഹു പറയുന്നു: “ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയിൽ തിന്മ നൽകിക്കൊണ്ടും നന്മ നൽകിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും’’ (21:35).

തിന്മയിൽ ക്ഷമയും സഹനവും, നന്മയിൽ നന്ദിയും കൂറും പുലർത്തുകയാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. അപ്രകാരം അല്ലാഹുവിനോട് നന്ദി കാണിച്ചാൽ അവർക്കുതന്നെയാണ് അതിന്റെ ഗുണം ലഭിക്കുക.

അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദി കാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർധിപ്പിച്ചു തരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദർഭം (ശ്രദ്ധേയമെത്ര)’’ (14:7).

അല്ലാഹുവിന്റെ കഠിനമായ പരീക്ഷണങ്ങൾക്ക് വിധേയമായവർ പ്രവാചകന്മാരാണ്. വിശ്വാസത്തിന്റെ ദൃഢതക്കനുസരിച്ചായിരിക്കും ഓരോരുത്തരും പരീക്ഷിക്കപ്പെടുക. ഏറ്റവും ശക്തമായ വിശ്വാസമുള്ളത് പ്രവാചകന്മാർക്കുതന്നെയാണല്ലോ. അതുകൊണ്ട് തന്നെ അവരാണ് ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ടതും. അതിക്രൂരമായി കൊല്ലപ്പെട്ട പ്രവാചകന്മാർ പോലും കഴിഞ്ഞുപോയിട്ടുണ്ട്.

മുഹമ്മദ് നബി ﷺ യും ഏറെ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുചരന്മാർക്കും കഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. പ്രവാചകനും സ്വഹാബത്തിനും ശത്രുക്കളുടെ ഉപരോധംകാരണം മൂന്ന് വർഷത്തോളം ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ മലഞ്ചെരുവിൽ പോയി താമസിക്കേണ്ടിവന്നിട്ടുണ്ട്. ഇസ്‌ലാമിനുവേണ്ടി ആദ്യമായി രക്തസാക്ഷ്യം വരിച്ചത് മഹതി സുമയ്യ(റ)യായിരുന്നു. ശത്രുക്കളാൽ കൊലചെയ്യപ്പെട്ട എത്രയോ സ്വഹാബിമാരുണ്ട്.

അതിനാൽ നാം മനസ്സിലാക്കേണ്ടത് സത്യവിശ്വാസികൾക്കാണ് ജീവിതത്തിൽ കൂടുതൽ പരീക്ഷണം നേരിടേണ്ടി വരിക എന്നാണ്. പരീക്ഷണ നാളുകളിൽ ക്ഷമാപൂർവം, ദീനിൽനിന്ന് ഉൾവലിയാതെ, ഉറച്ച വിശ്വാസത്തോടെയും സൽകർമനിരതരായും മുന്നോട്ടുപോകാൻ സാധിക്കണം. അവർക്കാണ് ആത്യന്തികമായി വിജയം ലഭിക്കുക.

ജീവിതവും മരണവും അല്ലാഹു സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണെന്ന് വിശുദ്ധ ക്വുർആനിലൂടെ നമ്മെ അറിയിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു: “നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു’’ (67:2).

വിശ്വാസികളെല്ലാം സൽകർമങ്ങൾ ചെയ്യുന്നവരാണ്. എന്നാൽ ഏറ്റവും നന്നായി ചെയ്യുന്നവർ വളരെ കുറച്ച് മാത്രമേയുള്ളൂ. എങ്ങനെയാണ് ഏറ്റവും നന്നായി കർമങ്ങൾ ചെയ്യുക? ഒരു ഉദാഹരണം കാണാം: സ്വുബ്ഹി നമസ്‌കാരത്തിനുവേണ്ടി എഴുന്നേൽക്കുകയും വുദൂഅ് ചെയ്യുകയും പള്ളിയിലേക്ക് കാൽനടയായി പുറപ്പെടുകയും പള്ളിയിലെത്തി സ്വുബ്ഹ് ജമാഅത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരു വിശ്വാസി നിർബന്ധ ബാധ്യത നിറവേറ്റി. എന്നാൽ മറ്റൊരു വിശ്വാസി സ്വുബ്ഹിക്ക് നേരത്തെ എഴുന്നേൽക്കുകയും വുദൂഅ് ചെയ്യുകയും സ്വുബ്ഹിയുടെ രണ്ട് റക്അത്ത് റവാത്തിബ് സുന്നത്ത് നമസ്‌കരിക്കുകയും പള്ളിയിലേക്ക് കാൽനടയായി പുറപ്പെടുകയും പള്ളിയിലെത്തി തഹിയ്യത്ത് നമസ്‌കരിക്കുകയും ശേഷം സ്വുബ്ഹി നമസ്‌കാരത്തെ പ്രതീക്ഷിച്ച് കാത്തിരിക്കുകയും ചെയ്ത വ്യക്തിയും ബാധ്യത നിർവഹിച്ചു. എന്നാൽ ഇതിൽ ഒന്നാമത്തെയാളാണോ രണ്ടാമത്തെയാളാണോ ഏറ്റവും നന്നായി പ്രവർത്തിച്ചത്? സംശയമില്ല, രണ്ടാമത്തെയാൾ തന്നെ. ഇതുപോലെയായിരിക്കണം ഏതൊരു കർമത്തെയും നാം സ്വീകരിക്കേണ്ടത്.

സാധാരണ ഗതിയിലുള്ള ഒരു ബാധ്യതാനിർവഹണം എന്നതിനപ്പുറം പരലോകത്ത് ഏറ്റവും നല്ല പ്രതിഫലം ലഭിക്കണമെന്ന താൽപര്യമാണ് കർമങ്ങൾ നിർവഹിക്കുമ്പോൾ നമുക്കുണ്ടാവേണ്ടത്. സ്വന്തത്തോടുള്ള ബാധ്യതയായ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ദാനധർമം, ജോലിയിലുള്ള ഉത്തരവാദിത്ത നിർവഹണം, മാതാപിതാക്കളോടും ഇണയോടും സന്താനങ്ങളോടുമുള്ള കടമകൾ നിർവഹിക്കൽ തുടങ്ങി ഏതു കാര്യവും ഏറ്റവും നന്നായി ചെയ്യുവാൻ വിശ്വാസിക്ക് സാധിക്കണം. അത്തരം വ്യക്തികൾക്കാണ് സന്തോഷത്തോടെ ഇഹലോകത്തോട് വിട പറയുവാൻ സാധിക്കുക.

വിശ്വാസികളുടെയും അവിശ്വാസികളുടെയും ആത്മാവിനെ അല്ലാഹുവിന്റെ മലക്കുകൾ പിടികൂടുന്ന രംഗം ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. വിശ്വാസിയാണെങ്കിൽ അവന്റെ മരണത്തിന്റെ സമയം മുതൽ തന്നെ അവന് ലഭിക്കാനിരിക്കുന്ന സുഖാനുഭവങ്ങളെ കുറിച്ച് സന്തോഷത്തോടെ റബ്ബിലേക്ക് യാത്രതിരിക്കാനാവും.

വിശ്വാസികളുടെ മരണവേളയിൽ മലക്കുകളുടെ ആഗമനത്തെ വർണിച്ച് നബി ﷺ  ഇപ്രകാരം പറയുകയുണ്ടായി: “നിശ്ചയം, വിശ്വാസിയായ ദാസന് ദുൻയാവിനോട് ബന്ധം മുറിയുവാനും ആഖിറത്തിലേക്ക് മുന്നിടുവാനും സമയമായാൽ അവനിലേക്ക് ആകാശത്തുനിന്നുള്ള മലക്കുകൾ ഇറങ്ങുകയായി. സൂര്യസമാനമായ വെളുത്ത മുഖമുള്ളവരായിരിക്കും അവർ. അവരോടൊപ്പം സ്വർഗീയ കഫനുകളിൽ നിന്നുള്ള ഒരു കഫനും സ്വർഗീയ സുഗന്ധങ്ങളിൽനിന്നുള്ള സുഗന്ധക്കൂട്ടുമുണ്ടായിരിക്കും. അവന്റെ ദൃഷ്ടി ചെന്നെത്തുന്ന ദൂരത്ത് അവർ ഇരിക്കും. ശേഷം മലക്കുൽമൗത്ത് വന്ന് അവന്റെ തലക്കരികിൽ ഇരിക്കും. മലക്കുൽ മൗത്ത് പറയും: ‘അല്ലയോ ശുദ്ധവും ശാന്തവുമായ ആത്മാവേ, അല്ലാഹുവിൽനിന്നുള്ള പാപമോചനത്തിലേക്കും പ്രീതിയിലേക്കും നീ പുറപ്പെട്ടുകൊള്ളുക.’ അതോടെ, വെള്ളപ്പാത്രത്തിന്റെ വായിൽനിന്ന് വെള്ളത്തുള്ളി ഒലിച്ചിറങ്ങുന്നപ്രകാരം ആത്മാവ് അവനിൽനിന്ന് ഒലിച്ച് പുറത്തുവരും. അപ്പോൾ മലക്കുൽമൗത്ത് അതിനെ സ്വീകരിക്കും’’ (അഹ്‌മദ്, അബൂദാവൂദ്).

അല്ലാഹു പറയുന്നു: “ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെയടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുയോ വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങൾക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങൾക്കവിടെ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കൽനിന്നുള്ള സൽക്കാരമത്രെ അത്’’ (41:30-32).

എന്നാൽ അവിശ്വാസിയാണെങ്കിൽ മരണത്തോടെ നിരാശയുടെയും ദുഃഖഭാരത്തിന്റെയും അവസ്ഥയിലുള്ള അവന്റെ വിലാപയാത്ര ആരംഭിക്കും.

കഠിനന്മാരും കറുത്തിരുണ്ട മുഖമുള്ളവരുമായ മലക്കുകൾ അവിശ്വാസിയെ മരണവേളയിൽ സമീപിക്കും. അവർ ‘സുവിശേഷ’ വാഹകരുമായിരിക്കും; പക്ഷേ, ശാപം ചൊരിഞ്ഞും കോപം മൊഴിഞ്ഞുമായിരിക്കും പ്രസ്തുത സുവിശേഷമറിയിക്കൽ. അവിശ്വാസിയുടെ മരണവേള വർണിച്ച് നബി ﷺ  പറയുകയുണ്ടായി:

“നിശ്ചയം, കാഫിറും തെമ്മാടിയുമായ ദാസന് ദുൻയാവിനോട് ബന്ധം മുറിയുവാനും ആഖിറത്തിലേക്ക് മുന്നിടുവാനും സമയമായാൽ അവനിലേക്ക് കഠിനന്മാരും പരുക്കന്മാരും കറുത്ത മുഖമുള്ളവരുമായ മലക്കുകൾ ഇറങ്ങിവരും. അവരോടൊപ്പം നരകത്തിൽനിന്നുള്ള പരുത്ത രോമ വസ്ത്രം ഉണ്ടായിരിക്കും. അവനിൽനിന്ന് ദൃഷ്ടി ചെന്നെത്തുന്ന ദൂരം അവർ ഇരിക്കും. ശേഷം മലക്കുൽമൗത്ത് വന്ന് അവന്റെ തലക്കരികിൽ ഇരിക്കും. മലക്കുൽമൗത്ത് പറയും: ‘അല്ലയോ മ്ലേഛമായ ആത്മാവേ, അല്ലാഹുവിൽനിന്നുള്ള കോപത്തിലേക്കും ക്രോധത്തിലേക്കും പുറപ്പെട്ടുകൊള്ളുക.’ അതോടെ ആത്മാവ് അവന്റെ ശരീരത്തിൽ ചിതറുകയായി. അപ്പോൾ മലക്കുൽമൗത്ത് അതിനെ ഊരിയെടുക്കും. നനഞ്ഞ പഞ്ഞിയിൽ ധാരാളം കൊളുത്തുകളുള്ള ദണ്ഡുകൊണ്ട് വലിച്ച് ഊരിയെടുക്കുന്നതു പോലെ. അവന്റെ ഞരമ്പുകളെയും നാഡികളെയും അതോടെ അത് മുറിച്ചുകളയുന്നതാണ്’’ (അഹ്‌മദ്, അബൂദാവൂദ്).

അല്ലാഹു നമ്മെ ഏറ്റവും നല്ല മരണം നൽകി അനുഗ്രഹിക്കുമാറാകട്ടെ. ചീത്ത മരണത്തിൽനിന്ന് നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

അല്ലാഹു പറഞ്ഞു: “ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തിൽ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക’’ (89: 27-30). (തുടരും)