വിവാഹ മോചനം; ഒരു സംക്ഷിപ്ത പഠനം

ശബീബ് സ്വലാഹി തിരൂരങ്ങാടി

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

ചെറിയ ബൈനൂന

വിവാഹമോചനത്തിലൂടെ ദമ്പതികൾക്കിടയിൽ ഉണ്ടാകുന്ന രണ്ട് തരം വേർപാടുകളാണ് ‘ബൈനൂന സുഗ്‌റ’യും ‘ബൈനൂന കുബ്‌റ’യും. അവയോരോന്നും സംക്ഷിപ്തമായി മനസ്സിലാക്കാൻ ശ്രമിക്കാം.

ദമ്പതികൾക്കിടയിൽ ശറഅ് അനുശാസിക്കുംവിധം വിവാഹമോചനം നടക്കുകയും പിന്നീട് പുതിയ വിവാഹമൂല്യം നൽകി പുതിയ വിവാഹം ചെയ്ത് ഇണകളാകാൻ സാധിക്കുന്ന വേർപാടാണ് ബൈനൂന സുഗ്‌റ.

നാലുതരത്തിലാണ് ബൈനൂന സുഗ്‌റ ഉണ്ടാകുക:

1) ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാക്വ് ചെയ്യുകയും ഭാര്യയുടെ ഇദ്ദ കാലയളവിൽ തിരിച്ചെടുക്കാതിരിക്കുകയും ചെയ്ത് ബന്ധം വേർപെടുന്ന അവസ്ഥയിലൂടെ സംഭവിക്കുന്ന വേർപാട്.

2) വിവാഹം കഴിഞ്ഞ് ദമ്പതികൾ ഒന്നിക്കുന്നതിനുമുമ്പ് വേർപിരിയുന്ന അവസ്ഥയിലൂടെ സംഭവിക്കുന്ന വേർപാട്.

3) ഭർത്താവിന്റെ സ്വഭാവദൂഷ്യവും മറ്റും കാരണങ്ങളാൽ ഭാര്യ വിധികർത്താക്കളെ (ക്വാദി) സമീപിച്ച് ആവശ്യമായ നടപടികൾ സീകരിച്ച് കാദ്വിമാർ മുഖേന വിവാഹബന്ധം വേർപ്പെടുത്തുന്ന അവസ്ഥയുണ്ട്. ഇതിന് ഫസ്ഖ് എന്നാണ് പേര് വിളിക്കപ്പെടാറുള്ളത്. ഫസ്ഖിലൂടെ സംഭവിക്കുന്ന വേർപാടും ബൈനൂന സുഗ്‌റയാണ്.

4) ഭർത്താവിന്റെ ശാരീരിക ക്ഷമതയിലുള്ള കുറവ് പോലുള്ള കാരണങ്ങൾ ഒരു സ്ത്രീക്ക് അയാളുടെ കൂടെ ജീവിതം ദുസ്സഹമായിത്തീരുന്ന മുറക്ക് അവൾക്ക് അയാളിൽനിന്നും വിവാഹമോചനം നേടാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ഭർത്താവ് ആവശ്യപ്പെടുന്ന ധനം നഷ്ടപരിഹാരം എന്ന നിലയിൽ അവൾ നൽകേണ്ടതാണ്. എന്നാൽ നഷ്ടപരിഹാരത്തിന്റെ പേരിൽ സ്ത്രീ പീഡിപ്പിക്കപ്പെടാനും പാടില്ല എന്ന് പ്രത്യേകം നിഷ്‌കർഷിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തിലുള്ള വിവാഹ മോചനം ഖുൽഅ് എന്നാണ് അറിയപ്പെടുന്നത്. ഖുൽഇലൂടെ സംഭവിക്കുന്ന വേർപാടും ബൈനൂന സുഗ്‌റയാണ്.

വലിയ ബൈനൂന

ദമ്പതികൾക്കിടയിൽ ശറഅ് അനുശാസിക്കുംവിധം മുന്ന് ത്വലാക്വും സംഭവിച്ചാൽ ഭാര്യയുടെ ഇദ്ദ കാലയളവിൽ അവളെ തിരിച്ചെടുക്കാനോ, ഇദ്ദ കഴിഞ്ഞ് പുതിയ മഹ്‌റ് നൽകിയും പുതിയ വിവാഹം ചെയ്തും മാത്രം വീണ്ടും ദാമ്പത്യം തുടരാൻ വേർപിരിഞ്ഞ ദമ്പതികൾക്ക് ഇസ്‌ലാം അവസരം നൽകുന്നില്ല. മറിച്ച് മറ്റൊരാൾ ആ വിധവയെ വിവാഹം ചെയ്യുകയും സ്വാഭാവിക ജീവിതം നയിക്കുകയും പിന്നീട് അവർക്ക് ഒന്നിച്ചുജീവിക്കാൻ കഴിയാത്ത അവസ്ഥ വരികയും, അത് കാരണത്താൽ പുതിയ ഭർത്താവ് അവളെ ത്വലാക് ചെയ്യുകയും ഭാര്യ ഇദ്ദ അനുഷ്ഠിക്കുകയും അവരുടെ ബന്ധം വേർപിരിയുകയും ചെയ്താൽ പിന്നീട് പഴയ ഭർത്താവുമായി പുതിയ വിവാഹത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കും. ഇത്തരത്തിൽ മൂന്നു ത്വലാകുകളുടെ ഭാഗമായി ദമ്പതിമാർക്കിടയിൽ ഉണ്ടാകുന്ന വേർപാടാണ് ബൈനൂന കുബ്‌റ.

അല്ലാഹു പറയുന്നത് കാണുക: “ഇനിയും (മൂന്നാമതും) അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിന് ശേഷം അവളുമായി ബന്ധപ്പെടൽ അവന് അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതുവരേക്കും. എന്നിട്ട് അവൻ (പുതിയ ഭർത്താവ്) അവളെ വിവാഹ മോചനം ചെയ്യുകയാണെങ്കിൽ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതിൽ അവരിരുവർക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികൾ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കിൽ. അല്ലാഹുവിന്റെ നിയമപരിധികളാകുന്നു അവ. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു’’ (ക്വുർആൻ 2:230).

ത്വലാക്വിനെ മൂന്നിൽ പരിമിതപ്പെടുത്തിയത് അല്ലാഹു സ്ത്രീകൾക്ക് ചെയ്തുകൊടുത്ത വലിയ അനുഗ്രഹമാണ്. അല്ലാത്തപക്ഷം ഒരാൾ തന്റെ ഭാര്യയെ പ്രയാസപ്പെടുത്താൻ ആഗ്രഹിച്ചാൽ അവളെ വിവാഹമോചനം ചെയ്യുകയും ഇദ്ദയുടെ വേളയിൽ തിരിച്ചെടുക്കുകയും വീണ്ടും ത്വലാക്വ് ചെയ്യുകയും വീണ്ടും തിരിച്ചെടുക്കുകയും ചെയ്ത്, സ്ത്രീക്ക് മറ്റൊരു വിവാഹ ജീവിതം തെരഞ്ഞെടുക്കാനുള്ള അവസരം പോലും നൽകാതെ ദുസ്സഹമാക്കാൻ അവളുടെ ഭർത്താവിന് സാധിക്കുമായിരുന്നു. അത്തരത്തിൽ തിരിച്ചെടുക്കാവുന്ന ത്വലാക്വിനെ രണ്ടിൽ പരിമിതപ്പെടുത്തുകയാണ് ചെയ്തത്.

അല്ലാഹുപറയുന്നു: “(മടക്കിയെടുക്കാൻ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകിൽ മര്യാദയനുസരിച്ച് കൂടെ നിർത്തുകയോ, അല്ലെങ്കിൽ നല്ല നിലയിൽ പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങൾ അവർക്ക് (ഭാര്യമാർക്ക്) നൽകിയിട്ടുള്ളതിൽനിന്നു യാതൊന്നും തിരിച്ചുവാങ്ങാൻ നിങ്ങൾക്ക് അനുവാദമില്ല; അവർ ഇരുവർക്കും അല്ലാഹുവിന്റെ നിയമപരിധികൾ പാലിച്ചു പോരാൻ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവർക്ക് (ദമ്പതിമാർക്ക്) അല്ലാഹുവിന്റെ നിയമപരിധികൾ പാലിക്കുവാൻ കഴിയില്ലെന്ന് നിങ്ങൾക്ക് ഉൽക്കണ്ഠ തോന്നുകയാണെങ്കിൽ അവൾ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതിൽ അവർ ഇരുവർക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാൽ അവയെ നിങ്ങൾ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികൾ ആർ ലംഘിക്കുന്നുവോ അവർ തന്നെയാകുന്നു അക്രമികൾ’’ (ക്വുർആൻ 2:229).

ചടങ്ങ് കല്യാണം

ബൈനൂന കുബ്‌റ സംഭവിച്ചതിനുശേഷം വീണ്ടും പഴയ ദാമ്പത്യം തുടരാനായി ചിലർ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് ചടങ്ങ് വിവാഹം ചെയ്യാറുണ്ട്. അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല, അത്തരം ആളുകളെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ് തിരുനബി ﷺ  പഠിപ്പിച്ചത്.

നബി ﷺ  പറഞ്ഞു: “(ബൈനൂന കുബ്‌റ സംഭവിച്ച ദമ്പതികൾക്ക്) വിവാഹം ചെയ്യൽ അനുവദനീയമാകാൻ വേണ്ടി താൽകാലിക വിവാഹം ചെയ്യുന്നവനെയും ആർക്ക് വേണ്ടിയാണോ താൽകാലിക വിവാഹം ചെയ്യുന്നത് അവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.’’

ഇത്തരം ചെയ്തികൾ വ്യഭിചാരത്തിന്റെ പരിധിയിലാണ് വരിക. മറ്റൊരാൾക്ക് വിവാഹം അനുവദ നീയമാക്കാൻ എന്ന ലക്ഷ്യത്തോടെ നടക്കുന്ന താൽകാലിക വിവാഹങ്ങൾ വിവാഹത്തിന്റെ ഗണത്തിൽ പോലും എണ്ണപ്പെടുകയില്ല. അത് മതത്തെയും മതനിയമങ്ങ ളെയും പരിഹസിക്കലാണ്. മാത്രമല്ല അതിന്റെ ഭാഗമായി പഴയ ദമ്പതികൾക്കിടയിൽ രണ്ടാമത് നടക്കുന്ന വിവാഹം സാധുവാകുകയും ഇല്ല. ചുരുക്കത്തിൽ അന്യസ്ത്രീയും പുരുഷനും വിവാഹം ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്ന അവസ്ഥയാണ് ഇതിലൂടെ കടന്നുവരിക.

കോപാവസ്ഥയിലെ വിവാഹ മോചനം

കോപം ദുർഗുണമാണ്. അത് നിയന്ത്രിക്കൽ വിശ്വാസിയുടെ ലക്ഷണമാണ്. കോപം ശമിപ്പിക്കാൻ ആവശ്യമായ വഴികളല്ലാം നബി ﷺ  പഠിപ്പിച്ചുതന്നിട്ടുണ്ട്. അവ ജീവിതത്തിൽ പകർത്തി കോപം ഇല്ലാതാ ക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്.

കോപംമൂലമുള്ള വിവാഹമോചനത്തിന് മൂന്ന് അവസ്ഥകളാണുള്ളത്:

1) കോപം ഒരാളെ ഭ്രാന്തന്റെ അവസ്ഥയിലേക്ക് എത്തിക്കുകയും അത്തരം ഘട്ടത്തിൽ അയാൾ അയാളുടെ ഭാര്യയെ വിവാഹമോചനം ചെയ്യുകയും ചെയ്തു. അയാളുടെ ത്വലാക്വ് സംഭവിക്കുകയില്ല.

2) കോപം കാരണം താൻ എന്താണ് പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും അറിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും അത്തരം ഘട്ടത്തിൽ ഒരാൾ തന്റെ ഭാര്യയെ വിവാഹ മോചനം നടത്തുകയും ചെയ്താൽ അതും വിവാഹമോചനമായി പരിഗണിക്കപ്പെടുകയില്ല.

3) കോപാകുലനാണ്; പക്ഷേ, സ്വബോധാവസ്ഥയിലാണ് ഉള്ളത്, അത്തരം ഘട്ടത്തിൽ ഒരാൾ ത്വലാക്വ് ചെയ്യുകയും തലാക്വിന്റെ മറ്റു നിബന്ധനകൾ ഒത്തുവരികയും ചെയ്താൽ ദമ്പതികൾക്കിടയിൽ ത്വലാക്വ് സംഭവിച്ചു എന്നതാണ് പ്രസ്തുത വിഷയത്തിലെ ഏറ്റവും ശരിയായ നിലപാടായി മനസ്സിലാക്കേണ്ടത്.

ലഹരിബാധിതന്റെയും നിർബന്ധിക്കപ്പെട്ടവന്റെയും ത്വലാക്വ്

ലഹരി ഉപയോഗം ഇസ്‌ലാം നിഷിദ്ധമാക്കിയ വൻപാപങ്ങളിൽപെട്ട കാര്യമാണ്. വിശ്വാസികളിൽ അത്തരം ദുർഗുണങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ല. അത്തരം അവസ്ഥകളിൽ എത്തിപ്പെട്ടവർ അതിൽ നിന്നും വിട്ടുനിൽക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യൽ നിർബന്ധമാണ്. ഇനി വല്ലവിധേനയും ഒരാൾ ലഹരിബാധിതനാവുകയും സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിൽ തന്റെ ഭാര്യയെ ത്വലാക്വ് ചൊല്ലുകയും ചെയ്‌തെന്നു കരുതുക. ആ ത്വലാക്വ് സംഭവിക്കുകയില്ല എന്നതാണ് കർമശാസ്ത്ര വീക്ഷണം.

അതുപോലെ മറ്റുള്ളവരുടെ നിർബന്ധത്തിനുവഴങ്ങി, സ്വമനസ്സാലല്ലാതെ ത്വലാക്വ് ചെയ്യേണ്ടിവന്നവന്റെയും ത്വലാക്വ് സംഭവിക്കുകയില്ല എന്നാണ് പ്രമാണങ്ങളിൽനിന്നും വ്യക്തമാകുന്നത്.

ത്വലാക്വും ദീക്ഷാകാലവും

ഒരു സ്ത്രീ തന്റെ ഭർത്താവ് മരണപ്പെട്ടതിന്റെ ഭാഗമായോ, ത്വലാക്വ് ചൊല്ലപ്പെട്ടതിന്റെ ഭാഗമായോ മറ്റൊരു വിവാഹം കഴിക്കാതെ കഴിഞ്ഞുകൂടേണ്ട കാലത്തെയാണ് ദീക്ഷാകാലം എന്ന് പറയുന്നത്.

വിവാഹമോചനത്തിന്റെ അവസ്ഥകൾ മാറുന്നതിനനുസരിച്ച് ദീക്ഷാകാലത്തിലും മാറ്റം വരുന്നതാണ്. അവയോരോന്നും സംക്ഷിപ്തമായി മനസ്സിലാക്കാൻ ശ്രമിക്കാം:

1) വിവാഹം കഴിഞ്ഞ് ദമ്പതികൾ തമ്മിൽ ശാരീരികമായി ബന്ധപ്പെടുന്നതിന് മുമ്പ് ത്വലാക്വ് സംഭവിച്ചാൽ:

അത്തരം ഘട്ടത്തിൽ സ്ത്രീ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പർശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ നിങ്ങൾ എണ്ണിക്കണ ക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവർക്കു നിങ്ങളോടില്ല. എന്നാൽ നിങ്ങൾ അവർക്ക് മതാഅ് നൽകുകയും അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക’’ (33:49).

ഇത്തരത്തിൽ വിവാഹമോചനം ചെയ്യപ്പെട്ട ദമ്പതികൾ തമ്മിൽ വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്ന പക്ഷം പുതിയ നികാഹും പുതിയ മഹ്‌റും നിർബന്ധമാണ്.

2) ത്വലാക്വ് ചെയ്യപ്പെട്ട ഗർഭിണിയുടെ ഇദ്ദ:

അവൾ പ്രസവിക്കുന്നതോടെ അവളുടെ ഇദ്ദ അവസാനിക്കും എന്ന കർമശാസ്ത്ര വീക്ഷണമാണ് പ്രസ്തുത വിഷയത്തിലെ ശരിയായ നിലപാട്. അല്ലാഹു പറയുന്നത് കാണുക: “ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു’’ (65:4).

പ്രസവിക്കുന്നതിന് മുമ്പുതന്നെ ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ഒന്നിച്ച് ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നപക്ഷം പുതിയ വിവാഹത്തിന്റെയോ പുതിയ വിവാഹ മൂല്യത്തിന്റെയോ ആവശ്യമില്ലാതെതന്നെ അവർക്ക് ഒന്നിച്ച് ജീവിക്കാവുന്നതാണ്. എന്നാൽ പ്രസവിച്ച ശേഷമാണ് പ്രശ്‌നപരിഹാരം ഉണ്ടാകുന്നതും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന തെങ്കിൽ പുതിയ നികാഹും പുതിയ മഹ്‌റും അനിവാര്യമാണ്. ഇത് ഒന്നാമത്തെയൊ രണ്ടാമത്തയൊ ത്വലാക്വിന്റെ അവസ്ഥയിൽ മാത്രമാണ്.

3) ആർത്തവവിരാമം സംഭവിച്ചതിനുശേഷം വിവാഹമോചിതകളായവരുടെ ഇദ്ദ

രോഗം കാരണത്താലോ വാർധക്യം കാരണത്താലോ മറ്റോ ആർത്തവം നിലച്ച അവസ്ഥയിലായിരി ക്കെ ഒരു സ്ത്രീക്ക് വിവാഹമോചിതയാകേണ്ടിവന്നാൽ ചന്ദ്രമാസ പ്രകാരം മൂന്ന് മാസമാണ് അവർ ഇദ്ദ അനുഷ്ഠിക്കേണ്ടത്. അല്ലാഹു പറയുന്നു:

“നിങ്ങളുടെ സ്ത്രീകളിൽനിന്നും ആർത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവരുടെ ഇദ്ദയുടെ കാര്യത്തിൽ സംശയത്തിലാണെങ്കിൽ അത് മൂന്ന് മാസമാകുന്നു. ആർത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ’’ (65:4).

മുമ്പ് സൂചിപ്പിക്കപ്പെട്ടതു പോലെ ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാക്വുകൾക്ക് ശേഷം എല്ലാ പ്രയാസങ്ങളും മറന്ന് വീണ്ടും ഒന്നിച്ച് ജീവിക്കുവാൻ ദമ്പതികൾ ആഗ്രഹിക്കുന്നു എന്ന് കരുതുക. ഇദ്ദ കഴിയുന്നതിന് മുമ്പാണ് ആഗ്രഹം ഉണ്ടാകുന്നതെങ്കിൽ പുതിയ വിവാഹത്തിന്റെയോ പുതിയ വിവാഹ മൂല്യത്തിന്റെയോ ആവശ്യമില്ലാതെതന്നെ അവർക്ക് പഴയബന്ധം തുടരാവുന്നതാണ്, ഒന്നിച്ച് ജീവിക്കാവുന്നതാണ്. എന്നാൽ ദീക്ഷാകാലത്തിന് ശേഷമാണ് ഒന്നിച്ചുജീവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ പുതിയ നികാഹും പുതിയ മഹ്‌റും അനിവാര്യമാണ്.

4) ആർത്തവം നിലക്കാത്തവരുടെ ഇദ്ദ കാലം:

ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ആർത്തവ സംബന്ധമായ പ്രശ്‌നങ്ങളൊന്നുമില്ലാത്ത അവസ്ഥയിലുമായിരിക്കെ ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടാൽ അവൾ മൂന്ന് ക്വുറൂഅ് ആണ് ഇദ്ദ അനുഷ്ഠിക്കേണ്ടത്. അല്ലാഹു പറയുന്നു:

“വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്നു ക്വുറൂഉകൾ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്’’ (2:228).

‘ക്വുറൂഅ്’ എന്ന പദപ്രയോഗവുമായി ബന്ധപ്പെട്ട് കർമശാത്ര പണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നത കൾ നിലനിൽക്കുന്നുണ്ട്. ആർത്തവമാണ് ‘ക്വുറൂഅ്’കൊണ്ടുദ്ദേശിക്കുന്നത് എന്നാണ് ഹനഫി, ഹമ്പലി മദ്ഹബുകളുടെ പക്ഷം. എന്നാൽ മാലികി, ശാഫിഈ മദ്ഹബുകളുടെ വീക്ഷണപ്രകാരം അത് ശുദ്ധി കാലവുമാണ്. ഈ വിഷയത്തിൽ ശരിയോട് കൂടുതൽ യോജിച്ചത് അത് ആർത്തവമാണ് എന്ന വീക്ഷ ണമാണ്.

അഥവാ ഒരാൾ തന്റെ ഭാര്യയെ താൻ ലൈംഗികമായി ബന്ധപ്പെടാത്ത ശുദ്ധികാലയളവിൽ ത്വലാക്വ് ചെയ്താൽ പിന്നീട് ഉണ്ടാക്കുന്ന മൂന്ന് ആർത്തവ കാലയളവാണ് അവളുടെ ദീക്ഷാകാലമെന്ന് ചുരുക്കം. മൂന്നാമത്തെ ആർത്തവത്തിൽനിന്നും ശുദ്ധിയാകുന്നതോടുകൂടി അവൾ ആ ഭർത്താവിൽനിന്നും പരിപൂ ർണമായും ബന്ധം വേർപ്പെട്ടവളായി മാറും.

മുകളിൽ സൂചിപ്പിക്കപ്പെട്ടത് പോലെ ഒന്നാം ത്വലാക്വോ രണ്ടാം ത്വലാക്വോ സംഭവിച്ച് ഇദ്ദ അനുഷ്ഠിക്കവെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും വീണ്ടും ദാമ്പത്യം തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പക്ഷം പുതിയ നികാഹോ പുതിയ മഹ്‌റോ ഇല്ലാതെതന്നെ അവർക്ക് പഴയബന്ധം പുതുക്കാം. ഇദ്ദക്ക് ശേഷമെങ്കിൽ പുതിയ മഹ്‌റും പുതിയ നികാഹുമായി അവർക്ക് വീണ്ടും ഒന്നിച്ച് ജീവിക്കാം.

ഇദ്ദ അനുഷ്ഠിക്കേണ്ടത് എവിടെ?

ഒന്നാമത്തെയോ രണ്ടാമത്തയോ വിവാഹമോചനത്തിന്റെ ഭാഗമായാണ് ഒരു സ്ത്രീ ഇദ്ദ അനുഷ്ഠിക്കുന്നതെങ്കിൽ അത് അവളുടെ ഭർത്താവിന്റെ വീട്ടിൽ അയാളുടെ ചെലവിൽതന്നെയാകണം എന്നാണ് ഇസ്‌ലാമിൽ നിയമമാക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹു പറയുന്നു: “നിങ്ങളുടെ കഴിവിൽപെട്ട, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിങ്ങൾ അവരെ താമസിപ്പിക്കണം. അവർക്കു ഞെരുക്കമുണ്ടാക്കാൻ വേണ്ടി നിങ്ങൾ അവരെ ദ്രോഹിക്കരുത്. അവർ ഗർഭിണികളാണെങ്കിൽ അവർ പ്രസവിക്കുന്നതുവരെ നിങ്ങൾ അവർക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവർ നിങ്ങൾക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്നപക്ഷം അവർക്കു നിങ്ങൾ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങൾ തമ്മിൽ മര്യാദ പ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങൾ ഇരുവിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കിൽ അയാൾക്കുവേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ’’ (65:6).

എത്ര കൃത്യമായാണ് അല്ലാഹു കാര്യങ്ങൾ വിശദീകരിച്ചുതരുന്നത്! എന്നിട്ടും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ വിവാഹമോചനത്തിന്റെ പേരിൽ എന്തെല്ലാം കോലാഹലങ്ങളാണ് മുസ്‌ലിംകൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഉണ്ടാക്കിത്തീർക്കുന്നത്! അതിനാൽ കാര്യങ്ങൾ സസൂക്ഷ്മം പഠിക്കാൻ തയ്യാറാവുകയാണ് വേണ്ടത്.

പുതിയ വിവാഹമോ, പുതിയ വിവാഹമൂല്യമോ ഇല്ലാതെ തിരിച്ചെടുക്കാൻ പറ്റുംവിധത്തിലുള്ള ഇദ്ദകൾ ഭർത്താവിന്റെ ചെലവിൽ അയാളുടെ വീട്ടിൽതന്നെ അനുഷ്ഠിക്കാൻ അല്ലാഹു കൽപിച്ചത്; ഏതെങ്കിലും തരത്തിൽ ദമ്പതികൾക്ക് ഒന്നിച്ച് പോകാൻ അവസരമുണ്ടെങ്കിൽ അത് നഷ്ടപ്പെടരുത് എന്ന നിലയ്ക്കു തന്നെയാണ്. മാത്രവുമല്ല, ഈ ഘട്ടത്തിൽ അവളുടെ ഭർത്താവ് മരിച്ചാൽ ഭർത്താവിന്റെ സ്വത്തിൽനിന്നും ഭാര്യക്കുള്ള അവകാശം അവൾക്ക് ലഭിക്കുകതന്നെ ചെയ്യും. അത് തടയപ്പെടുകയില്ല. ഭർത്താവിന്റെ മരണത്തോടെ ത്വലാക്വിന്റെ ഇദ്ദ അവസാനിക്കുകയും ഭർത്താവ് മരണപ്പെട്ട് ഒരു സ്ത്രീ വിധവയായാൽ അവൾ നിർവഹിക്കേണ്ട ഇദ്ദ ആരംഭിക്കുകയും ചെയ്യും എന്നതാണ് പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

ബൈനൂന കുബ്‌റ സംഭവിച്ചാൽ അതിന്റെ ഭാഗമായി സ്ത്രീ ഇദ്ദയനുഷ്ഠിക്കേണ്ടത് അവൾക്ക് മാനസികവും ശാരീരികവുമായി നിർഭയത്വം ലഭിക്കുന്ന ഭർതൃഗൃഹമല്ലാത്ത ഇടങ്ങളിലാണ്. ഇമാം മുസ് ലിം ഉദ്ധരിച്ച ഒരു ഹദീസ് കാണുക:

ഫാത്വിമ ബിൻത് ക്വൈസി(റ)ൽ നിന്നും നിവേദനം: “നബി ﷺ യുടെ കാലത്ത് മഹതിയുടെ ഭർത്താവ് അവരെ വിവാഹമോചനം ചെയ്യുകയുണ്ടായി. തന്റെ ആവശ്യത്തിന് തികയാത്ത നിസ്സാരമായ വസ്തുവാണ് ഭർത്താവ് ചെലവിന് നൽകിയത്. അത് കണ്ടപ്പോൾ മഹതി പറഞ്ഞു: ‘അല്ലാഹുവാണേ, ഞാനിത് റസൂലി ﷺ നെ അറിയിക്കുകതന്നെ ചെയ്യും. എനിക്ക് ചെലവിനുതരൽ അയാൾക്ക് ബാധ്യതയുണ്ടെങ്കിൽ എനിക്ക് അനുയോജ്യമായത് ഞാൻ അയാളിൽനിന്നും വാങ്ങുകതന്നെ ചെയ്യും. ഇനി എനിക്ക് ചെലവിന് തരൽ അയാൾക്ക് ബാധ്യതയില്ലെങ്കിൽ അയാളിൽനിന്നും ഞാൻ ഒന്നും സ്വീകരിക്കുകയുമില്ല.’ മഹതി പറഞ്ഞു: ‘അത് ഞാൻ നബിയോട് സൂചിപ്പിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: നിനക്ക് (അയാളിൽനിന്നും) ചെലവുമില്ല, താമസ സൗകര്യവും ഇല്ല.’’ മറ്റു റിപ്പോർട്ടുകളിൽ ‘മൂന്നാം ത്വലാക്വ്’ എന്ന് വ്യക്തമായിത്തന്നെ വന്നിട്ടുണ്ട്.

ബൈനൂന കുബ്‌റ സംഭവിക്കുകയും തന്റെ ജീവിതാവശ്യത്തിനുള്ള ധനം കൈവശമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒരു സഹോദരിക്കുണ്ടായാൽ അവളുടെ ഇദ്ദകാലത്തും മതനിയമങ്ങൾ കാത്തുസൂക്ഷിച്ച് ജോലിക്ക് പോകാം എന്നതാണ് ഇതുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ടത്. അതു പോലെ ബൈനൂന കുബ്‌റയുടെ ഇദ്ദയിലായിരിക്കെ മൊഴിചൊല്ലിയ ഭർത്താവ് മരണപ്പെട്ടാൽ അതിന്റെ ഭാഗമായി അവൾ ഇദ്ദയാചരിക്കേണ്ടതില്ല. അയാളുടെ സ്വത്തിൽ അവൾക്ക് അവകാശം ഉണ്ടായിരിക്കുന്നതുമല്ല.

ഖുൽഅ് ചെയ്യപ്പെട്ട സ്ത്രീയുടെ ഇദ്ദ

ഖുൽഅ് ചെയ്യപ്പെട്ട സ്ത്രീയുടെ ഇദ്ദ കാലവുമായി ബന്ധപ്പെട്ട് പണ്ഡിതർ ഭിന്നാഭിപ്രായക്കാരാണ്. ഭൂരിഭാഗം പണ്ഡിതരും അവകാശപെടുന്നത് ത്വലാക്വിന്റെ ഇദ്ദയുടെ കാലയളവ് തന്നെയാണ് ഖുൽഅ് ചെയ്യപ്പെട്ട സ്ത്രീയുടെ ഇദ്ദയുടെ കാലയളവും എന്നാണ്. എന്നാൽ ഒരു ആർത്തവം ഉണ്ടാകുന്നതുവരെ മാത്രമാണ് ഖുൽഅ് ചെയ്യപ്പെട്ട സ്ത്രീയുടെ ഇദ്ദയുടെ കാലയളവ് എന്നാണ് ഇസ്ഹാക്വ് ബിൻ റാഹപവൈഹി(റഹി), ഇമാം അഹ്‌മദ് ബിൻഹമ്പൽ(റഹി), ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) മുതലായവരുടെ അഭിപ്രായം എന്ന് ഇബ്‌നുൽക്വയ്യിം(റ) രേഖപ്പെടുത്തിയതായി കാണാം. ആ അഭിപ്രായം തന്നെയാണ് പ്രമാണങ്ങളോട് യോജിച്ചുവരുന്നതും. ഒരു ഹദീസ് കാണുക:

ഇബ്‌നു അബ്ബാസി(റ)ൽനിന്നും നിവേദനം: “സാബിത് ബിൻ ക്വൈസി(റ)ന്റെ ഭാര്യ നബി ﷺ യു ടെ കാലത്ത് മഹതിയുടെ ഭർത്താവിൽനിന്നും ഖുൽഅ് വാങ്ങിയപ്പോൾ നബി (സ) മഹതിയോട് ഒരു ആർത്തവകാലം ഇദ്ദ അനുഷ്ടിക്കാൻ കൽപിച്ചു.’’

ഫസ്ഖിന്റെ ഭാഗമായി അനുഷ്ഠിക്കേണ്ട ഇദ്ദയുടെ കാലയളവ് ഖുൽഇന്റെ ഇദ്ദ പോലെയാണന്നും, ത്വലാക്വിന്റെ ഇദ്ദ പോലെയാണന്നും അഭിപ്രായങ്ങൾ ഉണ്ട്. ഇതിൽ ത്വലാക്വിന്റെ ഇദ്ദയോട് ചേർത്തിപ്പറഞ്ഞ വീക്ഷണമാണ് കൂടുതൽ സൂക്ഷ്മതയുള്ള പണ്ഡിതാഭിപ്രായമായി മനസ്സിലാക്കാൻ കഴിയുന്നത്. അല്ലാഹുവാണ് ഏറെ അറിയുന്നവൻ.

ഈ ലേഖനത്തിലൂടെ ത്വലാക്വുമായി ബന്ധപ്പെട്ട ചില സുപ്രധാന കാര്യങ്ങൾ മാത്രമാണ് സൂചിപ്പിച്ചത്. കൂടുതൽ കാര്യങ്ങൾ പഠനവിധേയമാക്കുക. മതവിധികൾ കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുക. മത നിയമങ്ങളെ ആദരിക്കുക. മുറപ്രകാരം ജീവിതത്തിൽ പകർത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീൻ.