'അല്ലാഹുവിെന കാണുന്ന സൂഫി'

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

2022 മാർച്ച് 26, 1442 ശഅബാൻ 23

(തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം 6)

സകരിയ്യ സാഹിബ് എഴുതുന്നു: ‘‘ഹള്റത് ഷിബിലി (റ:അ) പറയുന്നു: ‘ഞാന്‍ ഒരിടത്ത് ഒരു മജ്നൂനിനെ (ബുദ്ധിഭ്രമമുള്ളവനെ) കണ്ടു. കുട്ടികള്‍ കല്ലും മണ്ണും വാരി അദ്ദേഹത്തെ എറിഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ അവരെ വിരട്ടിയോടിച്ചു. അപ്പോള്‍ ‘ഇയാള്‍ അല്ലാഹുവിനെ കാണുന്നു’ എന്ന് പറയുന്നെന്ന് ആ കുട്ടികള്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ സമീപത്ത് ചെന്നപ്പോള്‍ അദ്ദേഹം എന്തോ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാനതു ശ്രദ്ധിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറയുന്നതായിട്ടാണ് കേട്ടത്: ‘നീ വളരെ നല്ല കാര്യമാണ് ചെയ്തത്. ഈ കുട്ടികളെ എന്നെ ഉപദ്രവിക്കാനായി നിശ്ചയിച്ചല്ലോ.’ ഞാന്‍ ചോദിച്ചു: ‘ഈ കുട്ടികള്‍ നിങ്ങളെ പറ്റി ഒരു കാര്യം പറയുന്നുവല്ലോ.’ അദ്ദേഹം ചോദിച്ചു: ‘എന്താണ്?’ ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവിനെ കാണുന്ന ആളാണ് എന്ന് വാദിക്കുന്നു എന്ന് അവര്‍ പറയുന്നു.’ ഇതു കേട്ടിട്ട് അദ്ദേഹം ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: ‘ഷിബ്‌ലീ, അല്ലാഹുവില്‍ സത്യമായി അവന്‍ തന്റെ സ്നേഹത്തില്‍ എന്നെ ഈ നിലയില്‍ അലഞ്ഞുനടക്കുന്ന ഒരു അവസ്ഥയിലാക്കി. അവന്റെ അടുപ്പത്തിലും അകല്‍ച്ചയിലും വഴിയറിയാതെ അലഞ്ഞുനടക്കുന്നവനാക്കിയിരിക്കുന്നു. അല്‍പ സമയമെങ്കിലും അവന്‍ എന്നില്‍നിന്നും മറഞ്ഞിരിക്കുകയാണെങ്കില്‍ (അതായത് അവന്റെ ഹുളൂരിയ്യത് -സാന്നിധ്യം- ഇല്ലാതിരിക്കുകയാണെങ്കില്‍ ഞാന്‍ വിരഹദുഃഖംകൊണ്ട് കഷണം കഷണമായി മുറിഞ്ഞുപോകുന്നതാണ്.’ ഇത്രയും പറഞ്ഞശേഷം അദ്ദേഹം എന്നില്‍നിന്നും മുഖംതിരിച്ച് താഴെ പറയുന്ന ഗാനം ആലപിച്ചുകൊണ്ട് ഓടിക്കളഞ്ഞു: ‘നിന്റെ രൂപം എന്റെ കണ്‍മുമ്പില്‍ സ്ഥിരമായി കാണുന്നു. നിന്റെ ദിക്റ് എല്ലാ സമയത്തും എന്റെ നാവിലുണ്ട്. നിന്റെ ആസ്ഥാനം എന്റെ ഹൃദയത്തിലാണ്. അപ്പോള്‍ നിനക്ക് എവിടെ മറഞ്ഞിരിക്കാന്‍ കഴിയും?’’ (ദിക്റിന്റെ മഹത്ത്വങ്ങള്‍, പേജ് 270).

‘‘ഹള്റത് മുംഷാദ് ദന്‍യൂരി പ്രസിദ്ധനായ ഒരു മഹാനാണ്. അദ്ദേഹത്തിന്റെ മരണമടുത്തപ്പോള്‍ ഒരാള്‍ അടുത്തിരുന്ന് ‘അല്ലാഹുവേ, ഇദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഇന്ന സമ്പത്തുകള്‍ നല്‍കേണമേ’ എന്നു ദുആ ചെയ്തു. അപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ‘സ്വര്‍ഗം അതിന്റെ എല്ലാവിധ അലങ്കാരത്തോടുകൂടി മുപ്പതുവര്‍ഷമായിട്ട് എന്റെ മുമ്പില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞാന്‍ ഒരു പ്രാവശ്യവും (അല്ലാഹുവിലേക്കുള്ള ശ്രദ്ധവിട്ടിട്ട്) ആ ഭാഗത്തേക്ക് ശ്രദ്ധതിരിച്ചിട്ടില്ല’’ (ദിക്റിന്റെ മഹത്ത്വങ്ങള്‍, പേജ് 271).

സൂഫിസം തലയില്‍ കയറുന്നതോടെ അല്‍പാല്‍പമായി കിറുക്ക് പ്രത്യക്ഷപ്പെട്ടുതുടങ്ങും. ഒരു യഥാര്‍ഥ സൂഫിയായി മാറുമ്പോഴേക്കും മുഴുക്കിറുക്കനായി അയാള്‍ രൂപം പ്രാപിച്ചിരിക്കും. ഇവിടെ പടച്ചവനോടുള്ള ‘സ്നേഹ ലഹരിയില്‍‘ ഭ്രാന്തുപിടിച്ച ഒരാളുടെ കവിത സാഹിബ് ഉദ്ധരിച്ചിരിക്കുന്നു. ഈ ഭ്രാന്തന്റെ കഥ ഉദ്ധരിക്കും മുമ്പ് അദ്ദേഹം എഴുതിയത് ശ്രദ്ധിക്കുക: ‘എന്നാല്‍ ഒരു സമയത്തും അല്ലാഹുവിനെക്കുറിച്ചുള്ള വിസ്‌മൃതിയില്‍ കഴിയാതിരിക്കുന്ന അനേകം ദാസന്മാരും അല്ലാഹുവിനുണ്ട്.’

കുട്ടികള്‍പോലും കല്ലെറിഞ്ഞാട്ടുന്ന, ഭ്രാന്തനായി കാണുന്ന ഇയാളെ അല്ലാഹുവിനെ എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്ന മഹാനായിട്ടാണ് ഗ്രന്ഥകര്‍ത്താവ് കാണുന്നത് എന്ന് സാരം. അല്ലാഹുവിന്റെ വചനത്തെക്കാള്‍ ഭ്രാന്തന്റെ കവിതയ്ക്ക് സകരിയ്യ സാഹിബ് സ്ഥാനം കൊടുക്കുന്നു: ‘നിന്റെ രൂപം എന്റെ കണ്‍മുമ്പില്‍ സ്ഥിരമായി കാണുന്നു. നിന്റെ ദിക്റ് എല്ലാ സമയത്തും എന്റെ നാവിലുണ്ട്. നിന്റെ ആസ്ഥാനം എന്റെ ഹൃദയത്തിലാണ്. അപ്പോള്‍ നിനക്ക് എവിടെ മറഞ്ഞിരിക്കാന്‍ കഴിയും?’

ഇവിടെ അല്ലാഹുവിനെ കൊച്ചാക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘‘കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും...’’ (അല്‍അന്‍ആം: 103).

നോമ്പ് തബ്‌ലീഗുകാരുടെ വീക്ഷണത്തില്‍

‘‘നോമ്പുകാരന്‍ ശ്രദ്ധിക്കേണ്ട അഞ്ചാമത്തെ സംഗതി, നോമ്പു തുറക്കുമ്പോള്‍ ഹലാലായ ഭക്ഷണം കൊണ്ട് തന്നെയും അധികമായി വയറു നിറക്കരുത് എന്നുള്ളതാണ്. കാരണം അതുകൊണ്ട് നോമ്പിന്റെ ഉദ്ദേശം തന്നെ നഷ്ടപ്പെട്ടുപോകും. ശാരീരികേച്ഛകളുടെ ശക്തിയെയും മൃഗീയ സ്വഭാവങ്ങളുടെ ശക്തിയെയും കുറച്ച്, നൂറാനിയായ ശക്തിയെയും (പ്രകാശത്തെ), മലകിയ്യ ശക്തിയെയും (മലക്കുകളിലുള്ള സ്വഭാവം) വര്‍ധിപ്പിക്കുകയെന്നതാണ് നോമ്പിന്റെ ഉദ്ദേശം. പതിനൊന്നു മാസവും ഇഷ്ടാനുസരണം ആഹാരം കഴിച്ചവര്‍ ഒരുമാസം അതിലല്‍പം കുറവു വരുത്തുന്നതില്‍ എന്താണ് പ്രയാസം? അതുകൊണ്ട് ജീവന്‍ പൊയ്പോകുമോ? പക്ഷേ, ഇന്ന് നമ്മുടെ അവസ്ഥയെന്താണ്? നോമ്പ് തുറക്കുന്ന സമയത്ത് അതിനുമുമ്പ് വിട്ടുപോയതിന് പരിഹാരമായ രീതിയിലും അത്താഴസമയത്ത് പിന്നീടുള്ള നേരത്തേക്ക് കരുതലായ രീതിയിലും നാം തിന്നുന്നു...’’ (റമദാനിന്റെ മഹത്ത്വങ്ങള്‍, പേജ് 51).

‘‘നോമ്പിന്റെ രണ്ടാമത്തെ ഉദ്ദേശം സാധുക്കളോടു സാദൃശ്യമുണ്ടാവുകയും അവരുടെ അവസ്ഥയെക്കുറിച്ചല്‍പം ചിന്തിക്കുകയും ചെയ്യുകയെന്നുള്ളതാണ്. ഇതും എപ്പോഴാണ് കരസ്ഥമാക്കാന്‍ കഴിയുന്നത്? വൈകുന്നേരംവരെ വിശക്കാതിരിക്കത്തക്കവണ്ണം അത്താഴത്തിന് പാലും ജിലേബിയുംകൊണ്ടു വയര്‍ നിറച്ചാലതു സാധിക്കുമോ? സാധുക്കളോട് സാദൃശ്യമുണ്ടാകുന്നതെപ്പോഴാണ്? ‘ബിഷര്‍ ഹാഫി’ അവര്‍കളുടെ സന്നിധിയില്‍ ഒരാള്‍ ചെന്നു. കഠിനമായ തണുപ്പിനാല്‍ വിറച്ചുകൊണ്ടിരുന്നെങ്കിലും അദ്ദേഹം തന്റെ വസ്ത്രങ്ങള്‍ സമീപത്തുതന്നെ വച്ചിരുന്നു. ചെന്നയാള്‍ ഇപ്പോള്‍ വസ്ത്രങ്ങള്‍ മാറ്റിവയ്ക്കേണ്ട സമയമല്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ സാധുക്കള്‍ ധാരാളമുണ്ട്, അവര്‍ക്ക് സഹായം ചെയ്യാനുള്ള കഴിവ് എനിക്കില്ല. അതുകൊണ്ട് ഞാനും അവരെപ്പോലെ ആയിക്കൊണ്ട് അവരോട് സഹതാപം കാണിക്കുകയാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു’’ (റമദാനിന്റെ മഹത്ത്വങ്ങള്‍, പേജ് 52).

‘‘മറാഖില്‍ ഫലാഹ്’ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘സുഖലോലുപരായ ആളുകളെപ്പോലെ അത്താഴം (സഹര്‍) കൂടുതലായി കഴിക്കരുത്. അതു നോമ്പിന്റെ ഉദ്ദേശത്തെ ഇല്ലാതാക്കിക്കളയും.’അതിന്റെ വിവരണത്തില്‍ അല്ലാമാ ഥഹ്ഥാവി അവര്‍കള്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘നോമ്പുകൊണ്ട് വിശപ്പിന്റെ പ്രയാസം അനുഭവപ്പെടുന്നതു കൂടുതല്‍ സവാബ് ലഭിക്കുന്നതിനും സാധുക്കളോടു ദയവുതോന്നുന്നതിനും കാരണമാകുന്നതാണ്. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളിയിരിക്കുന്നു: അല്ലാഹു സുബ്ഹാനവഹു വ തആലാക്കു വയര്‍ നിറയ്ക്കുന്നതുപോലെ മറ്റൊരു പാത്രവും നിറയ്ക്കുന്നതു ഇഷ്ടക്കേടായിട്ടില്ല. മറ്റൊരു ഹദീസില്‍ ‘മനുഷ്യന് അവന്റെ അര നേരെനില്‍ക്കത്തക്കവണ്ണം പിടി ആഹാരം മാത്രം മതിയാകുന്നതാണ്...നബി സ്വല്ലല്ലാഹു അലൈഹിവസല്ലം അനേകദിവസം തുടരെ നോമ്പുവയ്ക്കുകയും അതിനിടയില്‍ യാതൊന്നും കഴിക്കാതിരിക്കുകയും ചെയ്തപ്പോള്‍ അതിലെന്തോ കാര്യം അടങ്ങിയിരിക്കുമല്ലോ?’’ (റമദാനിന്റെ മഹത്ത്വങ്ങള്‍, പേജ് 53).

‘‘എന്റെ ബഹുമാനപ്പെട്ട ഷൈഖ് മൗലാന ഖലീല്‍ അഹ്‌മദ് സാഹിബ് (നവ്വറല്ലാഹു മര്‍ഖദഹു) അവര്‍കളെ ഞാന്‍ നേരിട്ടിപ്രകാരം കണ്ടിട്ടുണ്ട്; പരിശുദ്ധ റംസാന്‍ മാസം മുഴുവനും ഇഫ്ത്വാര്‍, സഹ്‌ർ, രണ്ടുനേരത്തേക്കും കൂടി ഒന്നര ചപ്പാത്തിയില്‍ കൂടുതല്‍ അദ്ദേഹം കഴിച്ചിരുന്നില്ല. തന്റെ ഖാദിമീങ്ങളാരെങ്കിലും ഇതിനെപ്പറ്റി പറഞ്ഞാല്‍ ‘വിശപ്പില്ല. സ്നേഹിതന്മാരെ ഓര്‍ത്തിട്ട് കൂട്ടത്തിലിരിക്കുകയാണ്’ എന്നു പറയുമായിരുന്നു. ഇതിലും അധികമായിട്ട് മൗലാനാ ഷാഹ് അബ്ദുര്‍റഹിം സിബി റായ്പൂരി (നവ്വറല്ലാഹുമര്‍ഖദഹു) അവര്‍കളെ സംബന്ധിച്ചും ഇപ്രകാരം കേട്ടിട്ടുണ്ട്. അദ്ദേഹം റംസാന്‍ മാസത്തില്‍ അനേകദിവസം തുടരെ ഇഫ്ത്വാറിനും സഹറിനും പാലൊഴിക്കാത്ത ഏതാനും കപ്പു വെറും ചായ അല്ലാതെ മറ്റൊന്നുംതന്നെ കഴിച്ചിരുന്നില്ല. ഒരു പ്രാവശ്യം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യനായ മൗലാനാ ഷാഹ് അബ്ദുല്‍ഖാദിര്‍ സാഹിബ് (നവ്വറല്ലാഹുമര്‍ഖദഹു) അവര്‍കള്‍ വളരെ വേദനയോടുകൂടി, ‘ഹസ്റത്ത്; ബലഹീനത വളരെ കൂടുതലായിരിക്കുന്നു. അങ്ങ് യാതൊന്നും കഴിക്കുന്നില്ലല്ലോ’ എന്നു പറഞ്ഞപ്പോള്‍ ‘അല്‍ഹംദുലില്ലാഹ്, സ്വര്‍ഗത്തിന്റെ രസം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു’ എന്ന് പറയുകയുണ്ടായി’’ (റമദാനിന്റെ മഹത്ത്വങ്ങള്‍, പേജ് 53-54).

‘‘ഇബ്‌നു ദഖീഖുല്‍ ഈദ് എന്ന മഹാന്‍ അത്താഴം കഴിക്കുന്നതിനെപ്പറ്റി ചില സൂഫിയാക്കളുടെ അഭിപ്രായമായി ഇങ്ങനെ പറയുന്നു: ‘അത്താഴം കഴിക്കല്‍ നോമ്പിന്റെ ലക്ഷ്യത്തിനു മാറ്റമാണ്. കാരണം വയറ്റിന്റെയും ഗുഹ്യസ്ഥാനത്തിന്റെയും അതിരുകടന്ന ആഗ്രഹം മുറിക്കുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം. അത്താഴം കഴിക്കുന്നതുകൊണ്ട് ആ ലക്ഷ്യം കരഗതമാകാതായിപ്പോകും...’’ (റമദാനിന്റെ മഹത്ത്വങ്ങള്‍, പേജ് 44).

‘‘...ഒരു മനുഷ്യന്‍ റംസാന്‍ മാസത്തില്‍ വിശന്ന് കഴിയുകയാണെങ്കില്‍ അടുത്ത റംസാന്‍ വരെ വര്‍ഷം മുഴുവനും ശൈത്വാന്റെ കഠിനമായ ഷര്‍റില്‍നിന്നും അവന്‍ സൂക്ഷിക്കപ്പെട്ടവനാകും’ എന്ന് മഹാന്മാര്‍ പറഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ ഷൈഖന്മാര്‍ വളരെ താക്കീതു നല്‍കിയിട്ടുണ്ട്’’ (റമദാനിന്റെ മഹത്ത്വങ്ങള്‍, പേജ് 45).

‘’സഹ്‌ലുബ്‌നു അബ്ദില്ലാഹ് എന്ന മഹാന്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ മാത്രം ആഹാരം കഴിച്ചിരുന്നു. പരിശുദ്ധ റംസാനില്‍ ഒരു പിടി ആഹാരം മാത്രം ഭക്ഷിച്ചിരുന്നു. സുന്നത്തിനെ പിന്‍പറ്റാന്‍ വേണ്ടി ദിവസവും അല്‍പം വെള്ളം കുടിച്ച് നോമ്പു തുറന്നിരുന്നു’’ (റമദാനിന്റെ മഹത്ത്വങ്ങള്‍, പേജ് 45).

ഇത്തരത്തിലുള്ള ധാരാളം ഇസ്‌ലാമിക വിരുദ്ധമായ ഉദ്ബോധനങ്ങള്‍ സകരിയ്യ സാഹിബ് തന്റെ അനുയായികള്‍ക്ക് വേണ്ടി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കപടഭക്തിക്ക് വലിയ മാര്‍ക്കറ്റുള്ള ഇക്കാലത്ത് ഇത്തരം ദുര്‍ബോധനങ്ങളില്‍ ചില ശുദ്ധഗതിക്കാര്‍ അറിയാതെ വീണുപോകുന്നത് നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ കാര്യങ്ങളെ ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തിന്നുക, കുടിക്കുക, അതിരുകവിയരുത് എന്ന് ക്വുര്‍ആന്‍ (അഅ്റാഫ് 31) പഠിപ്പിച്ചിട്ടുണ്ട്. നബി ﷺ യാകട്ടെ അമിതമായി കഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. നോമ്പുതുറക്കുമ്പോഴും അത്താഴ സമയത്തും അമിതമായി തിന്നുകയും കുടിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തിലുണ്ട്. ഇത് ഒഴിവാക്കേണ്ടതുതന്നെയാണ്. ഇതൊക്കെ ആര്‍ക്കും അറിയാവുന്നതും പൊതുവെ അംഗീകരിക്കപ്പെട്ടതുമായ കാര്യങ്ങളാണ്. എന്നാല്‍ എല്ലായ്‌പ്പോഴും പാലിക്കേണ്ട പൊതുതത്ത്വം റമദാനിലും കൃത്യമായി പാലിക്കണം എന്നല്ല തഅ്ലീം കിതാബിലെ ഉപദേശം. മറിച്ച് മറ്റു 11 മാസങ്ങളിലും കഴിക്കുന്നതിനെക്കാള്‍ വളരെ കുറച്ച് ഭക്ഷണമെ റമദാനില്‍ കഴിക്കാവൂ എന്നാണ് പറയുന്നത്. അദ്ദേഹം പറയുന്ന കാരണമാകട്ടെ നോമ്പിന്റെ ഉദ്ദേശത്തിന് എതിരാണ് എന്നാണ്. എന്നാല്‍ അല്ലാഹുവോ റസൂലോ റമദാനിലെ ഭക്ഷണരീതിയെക്കുറിച്ച് ഇങ്ങനെയൊരു സ്പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കിയതായി കേട്ടിട്ടില്ല.

അത്താഴം കഴിക്കുന്നത് നോമ്പിന്റെ ലക്ഷ്യത്തിന് എതിരാണെന്നും അത്താഴം കഴിച്ചാല്‍ നോമ്പിന്റെ ലക്ഷ്യം കരസ്ഥമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം എഴുതിവിടുന്നു. എന്നാല്‍ നബിയുടെ വചനങ്ങള്‍ നോക്കൂ:

‘‘നിങ്ങള്‍ അത്താഴം കഴിക്കുക. കാരണം അത്താഴത്തില്‍ ബറകതുണ്ട്; തീര്‍ച്ച’’ (ബുഖാരി, മുസ്‌ലിം).

‘‘അത്താഴം ബറകതാണ്. അതിനാല്‍ അത് നിങ്ങള്‍ ഉപേക്ഷിക്കരുത്. ഒരിറക്ക് വെള്ളം കുടിച്ചുകൊണ്ടെങ്കിലും അത് നിര്‍വഹിക്കുക. കാരണം തീര്‍ച്ചയായും അല്ലാഹു അത്താഴം കഴിക്കുന്നവരെ അനുഗ്രഹിക്കുന്നു. അല്ലാഹുവിന്റെ മലക്കുകള്‍ അത്താഴം കഴിക്കുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു’’ (അഹ്‌മദ്).

‘അത്താഴം കഴിക്കല്‍ നമ്മുടെ നോമ്പും വേദക്കാരുടെ നോമ്പും തമ്മിലുള്ള വ്യത്യാസമാണ്’ എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്. എന്നിട്ടും അത്താഴം നോമ്പിന്റെ ലക്ഷ്യത്തിനെതിരാണ് എന്നു പറയുന്നിലെ ന്യായമെന്താണ്?

വിശപ്പ് സഹിക്കാന്‍ മുസ്‌ലിംകളെ പരിശീലിപ്പിക്കുകയാണ് നോമ്പിന്റെ ലക്ഷ്യമെന്ന് അല്ലാഹുവോ റസൂലോ പറഞ്ഞിട്ടില്ല. പട്ടിണി പരിശീലിപ്പിക്കലായിരുന്നു നോമ്പിനെ ഉദ്ദേശമെങ്കില്‍ വിശപ്പും ദാഹവും ഏറെ സഹിക്കാന്‍ നബി ﷺ യും അനുചരന്മാരും നിര്‍ബന്ധിക്കപ്പെട്ട മക്കാജീവിതകാലത്തായിരുന്നു നോമ്പ് നിര്‍ബന്ധമാക്കേണ്ടിയിരുന്നത്. എന്നാല്‍ മദീനയില്‍ വന്നശേഷം നബിക്കും സ്വഹാബിമാര്‍ക്കുംഅല്‍പമെങ്കിലും ആശ്വാസം ലഭിച്ചപ്പോഴാണ് റമദാനിലെ നോമ്പ് നിയമമാക്കപ്പെട്ടത്.

ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘‘ആരെങ്കിലും മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ അവന്റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിച്ചതും കുടിപ്പിച്ചതും’’ (മുസ്ലിം).

നോമ്പ് തുറക്കാന്‍ സമയമായാല്‍ തിടുക്കത്തില്‍ നോമ്പുതുറക്കാന്‍ നബി ﷺ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്: ‘‘സമയമായാല്‍ നോമ്പുതുറക്കാന്‍ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങള്‍ നന്മയില്‍ ആയിക്കൊണ്ടേയിരിക്കും’’ (ബുഖാരി, മുസ്‌ലിം).

ഭക്ഷണത്തോടുള്ള ആഗ്രഹം ഇല്ലാതാക്കലാണ് നോമ്പിന്റെ ഉദ്ദേശമെങ്കില്‍, കൂടുതല്‍ വിശപ്പ് സഹിച്ചാല്‍ നോമ്പിന്റെ പ്രതിഫലം വര്‍ധിക്കുമെങ്കില്‍ പരമാവധി നേരം വൈകി നോമ്പുതുറക്കുന്നതാണ് ഗുണകരം എന്നല്ലേ നബി ﷺ പറയുക? (തുടരും)