മതസ്വാതന്ത്ര്യം ഭരണഘടന നിർമാണ ചർച്ചകളിൽ

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 8)

ഐക്യവസ്ത്ര (Uniform) രൂപത്തിനല്ല, സ്വത്വ വസ്ത്ര സ്വാതന്ത്ര്യത്തിനാണ് ഭരണഘടന മുൻഗണന നൽകിയിട്ടുള്ളത് എന്ന പ്രശാന്ത് ഭൂഷന്റെയും ഹിജാബ് പുരുഷാധിപത്യത്തിന്റെ ഭാഗമാണ് എന്ന മുൻവിധി തെറ്റാണ് എന്ന തുളസി രാജിന്റെയും വാദ സമർഥനങ്ങൾക്ക് ശേഷം മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഭരണഘടനയുടെയും ഭരണഘടന ശിൽപികളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചുകൊണ്ടാണ് ദുഷ്യന്ത് ദവെ സംസാരിച്ചു തുടങ്ങിയത്.

ദുഷ്യന്ത് ദവെ തുടരുന്നു:

ഭരണഘടന സംവിധാനം ചെയ്ത ആ മഹാരഥന്മാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് 75 വർഷങ്ങളാവുന്നു. അവർ വിഭാവനം ചെയ്ത തത്ത്വങ്ങളിൽനിന്നും അവർ പ്രചരിപ്പിച്ച ആദർശത്തിൽനിന്നും ഇന്ന് നാം വഴിമാറി നടക്കാൻ ഒരുങ്ങുകയാണ്. ഭരണഘടന അസംബ്ലിയിലൂടെ നമുക്ക് ഉന്നതമായ ചിന്തകൾ സമ്മാനിച്ച ഉന്നതമൂല്യമുള്ള മഹാരഥന്മാർ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇന്ന് ആരെങ്കിലും പ്രണയിച്ച് വിവാഹം കഴിച്ചാൽ അത് മതപരിവർത്തനത്തിനുള്ള ശ്രമമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഉന്നത ചിന്തകളിൽനിന്നും നമ്മുടെ രാജ്യം എങ്ങോട്ടാണ് തിരിച്ചുപോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 19ാം അനുച്ഛേദത്തിൽ ‘Propagate’ (പ്രബോധനം) എന്ന പദമില്ലെങ്കിൽ പോലും മത പ്രബോധന സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന വിധത്തിലാണ് അവർ ഭരണഘടന സംവിധാനിച്ചിട്ടുള്ളത്.

ഭരണഘടനയെ വ്യാഖ്യാനിക്കാൻ ഭരണഘടനാനിർമാണ സഭയിലെ ചർച്ചകൾ കൊണ്ടുവരുന്നതിന് എന്തെങ്കിലും മുൻ മാതൃകയുണ്ടോ എന്ന് ജസ്റ്റിസ് ഗുപ്ത ചോദിച്ചപ്പോൾ “ഫോർത്ത് ജഡ്ജസ് കേസ്’ എന്ന പേരിലറിയപ്പെടുന്ന National Judicial Appointments Commission (NJAC) കേസിൽ അങ്ങനെയുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ധൂലിയ മറുപടി നൽകി. പുട്ടസ്വാമി കേസിലും അപ്രകാരം ഉണ്ടായിട്ടുണ്ടെന്ന് ദവെ കൂട്ടിച്ചേർത്തു. എന്നാലും അതിനൊരു പരിധിയില്ലേ എന്ന് ഗുപ്ത വീണ്ടും ചോദിച്ചപ്പോൾ ‘അവർ ഭരണഘടനയ്ക്ക് ജന്മം നൽകിയവരാണ്. രണ്ട് വർഷത്തിലധികം ഭരണഘടനക്കായി ചെലവഴിച്ചവരാണ് അവർ. അവരുടെ കാഴ്ചപ്പാടുകൾ പവിത്രമാണ്’ എന്നായിരുന്നു ദവെയുടെ മറുപടി.

എല്ലാവരുടെയും അവകാശങ്ങൾ ഒരുപോലെ

ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് ഭ്രാതൃഭാവം (Fraternity). എന്നാൽ കർണാടക സർക്കാറിന്റെ കണ്ണിൽ അത് പെടാതെ പോയിരിക്കുന്നു. മുൻഗാമികളായ മഹത്തുക്കളുടെ താക്കീതുകൾ മുഖവിലക്കെടുക്കണമെന്നാണ് ആമുഖമായി എനിക്ക് പറയാനുള്ളത്. നൂറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നു. മലേഷ്യ, അറേബ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ള മുസ്‌ലിംകൾ അത് ധരിക്കുന്നു. ഈ ആധുനിക ലോകത്തും മുസ്‌ലിം സ്ത്രീകൾ അത് ധരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി നാം കാണുന്നു. സിഖുകാർക്ക് തലപ്പാവുപോലെ മുസ്‌ലിം സ്ത്രീകൾക്ക് ശിരോവസ്ത്രം പ്രധാനമാണ്. അതിലെന്താണ് തെറ്റ്? അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമല്ലേ? ചിലർ തിലക് ധരിക്കാൻ ആഗ്രഹിക്കുന്നു, മറ്റുചിലർ കുരിശ് ധരിക്കാൻ ആഗ്രഹിക്കുന്നു, എല്ലാവർക്കും അവകാശമുണ്ട്. അതുതന്നെയല്ലേ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സൗന്ദര്യം?

13ാം അനുച്ഛേദം നൽകുന്ന സംരക്ഷണം

ശിരോവസ്ത്രം ധരിക്കുന്നത് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നത് എങ്ങനെയാണ്? അങ്ങനെ ആരും പറയുന്നില്ലെന്നും കർണാടക വിധിയിൽ പോലും അങ്ങനെ കാണുന്നില്ലെന്നും ജസ്റ്റിസ് ധൂലിയ പറഞ്ഞപ്പോൾ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണ് എന്ന ആശങ്കയാണ് ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങൾക്കെല്ലാം അന്തിമമായ കാരണമായി പറയപ്പെടുന്നത് എന്നായിരുന്നു ദവെയുടെ പ്രതികരണം.

ഹിജാബ് ധരിക്കാനുള്ള അവകാശം അനുച്ഛേദം 19 ഉറപ്പുവരുത്തുന്നുണ്ടെന്നും പ്രസ്തുത അവകാശം അനുച്ഛേദം 19(2)ൽ പറയുന്ന ക്രമസമാധാനം മുതലായവ കാരണമെ പരിമിതപ്പെടുത്താൻ കഴിയൂ എന്നുമുള്ള താങ്കളുടെ തന്നെ വാദത്തിന് വിരുദ്ധമാണ് ഇതെന്ന് ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടിയപ്പോൾ കർണാടക സർക്കാറിന്റെ പുതിയ നിയമം മൗലികാവകാശം ലംഘിക്കുന്നതിനാൽ അതിനെ ഒരു സാങ്കൽപിക നിയമമായി മാത്രമെ കണക്കാക്കാൻ സാധിക്കൂ എന്ന് ദവെ മറുപടി നൽകി. ഏതൊരു പൗരന്റെയും മൗലികാവകാശത്തിന് വിരുദ്ധമായി ഒരു നിയമവും നിർമിക്കാൻ പാടില്ലെന്നും അങ്ങനെ ഉണ്ടാക്കിയാൽ അതിന് സാധുത ഉണ്ടാവുകയില്ലെന്നുമാണ് ഭരണഘടനയുടെ 13ാം അനുച്ഛേദം വ്യക്തമാക്കുന്നത്. അതുകൊണ്ട് കേവലം 19ാം അനുച്ഛേദത്തിൽ മാത്രം പരിമിതപ്പെടുത്താൻ സാധിക്കില്ലെന്നും എല്ലാ മൗലികാവകാശങ്ങൾക്കും സംരക്ഷണം നൽകുന്ന 13ാം അനുച്ഛേദം കൂടി പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ക്രമസമാധാനം?

മൗലികാവകാശങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുവാൻ ഭരണഘടന ഉപാധിയായി പറഞ്ഞിട്ടുള്ള ‘പൊതു ക്രമസമാധാനം’ (Public Order) എന്താണെന്ന് 1965 ലെ റാം മനോഹർ ലോഹ്യ സ്‌റ്റേറ്റ് ഓഫ് ബീഹാർ കേസിലും 1977 ലെ മധു ലിമായേ സ്‌റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അസംതൃപ്തരും പ്രക്ഷുബ്ധരുമായ ചിലർ നടത്തുന്ന നശീകരണ പ്രവർത്തനങ്ങൾ ഒരു സമൂഹത്തെ മൊത്തത്തിൽ ബാധിക്കുകയാണെങ്കിൽ മാത്രമെ ‘Public Order’ എന്ന ഉപാധി നിലനിൽക്കുകയുള്ളൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇവിടെ ശിരോവസ്ത്ര വിഷയത്തിൽ ഏതുതരത്തിലുള്ള ‘Public Order’ നെയാണ് അത് ബാധിച്ചിട്ടുള്ളത് എന്ന് കോടതിക്ക് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളെ ചെറുതായി കാണാൻ കഴിയില്ല. സമയം കിട്ടുമ്പോഴെല്ലാം ഞാൻ പ്രധാനമായും വായിച്ചു മനസ്സിലാക്കുന്നത് ഭരണഘടന നിർമാണ സഭയിലെ സംവാദങ്ങളാണ്. നിയമപരമായ കാര്യങ്ങളിൽ നമ്മുടെ ഭരണഘടനാ അസംബ്ലിയിൽ നടന്നതുപോലെ ഇത്രയും ഗൗരവത്തോടെ ലോകത്തെവിടെയും ഒരു ബൗധിക സംവാദം നടന്നിട്ടില്ല.

എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് എന്ന വിഷയം ഇവിടെ കൊണ്ടുവരേണ്ട യാതൊരു കാര്യവുമില്ല. കർണാടക വിധി പ്രധാനമായും പ്രസ്തുത വിഷയത്തെ ചുറ്റിപ്പറ്റിയാണ്. 1960കളിൽ തന്നെ ഈ വിഷയം സുപ്രീം കോടതി ചർച്ച ചെയ്തിട്ടുള്ളതാണ്. ശിരൂർ മഠം കേസിൽ കോടതി ഈ വിഷയം പരാമർശിച്ചിട്ടുമില്ല. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 26ാം അനുച്ഛേദമാണ് ആ കേസിന്റെ പശ്ചാത്തലം.

മതാചാരവും എസൻഷ്യലും

‘എന്താണ് റിലീജിയസ് പ്രാക്ടീസ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ജസ്റ്റിസ് ഗുപ്തയുടെ ചോദ്യത്തിന് ഒരു മതസമൂഹമോ അതിലെ ഒരു വ്യക്തിയോ വിശ്വസിക്കുന്ന എന്തിനെയും റിലീജിയസ് പ്രാക്ടീസ് ആയിട്ടാണ് കോടതി കരുതുന്നതെന്നായിരുന്നു ദുഷ്യന്ത് ദവെയുടെ മറുപടി. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയത്തിന്റെ പരിധിയിൽ മാത്രം നിലനിൽക്കുന്ന കാര്യമാണ് റിലീജിയസ് പ്രാക്ടീസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞപ്പോൾ ഈ നിയന്ത്രണം വളരെ കടുത്തതാണ് എന്നായിരുന്നു ദവെയുടെ പ്രതികരണം.

റിലീജിയസ് പ്രാക്ടീസിന്റെ കാര്യത്തിൽ ഏറ്റവും യോജിക്കുന്നത് 25ാം അനുച്ഛേദമാണ്. മതം സ്വതന്ത്രമായി ആചരിക്കുക, പ്രചരിപ്പിക്കുക, പ്രബോധനം ചെയ്യുക (Freely practice, profess and propagate religion) എന്നീ കാര്യങ്ങൾ അവകാശമാണെന്ന് പ്രസ്തുത അനുച്ഛേദം പറയുന്നുണ്ട്. 25(2)ൽ ‘റിലീജിയസ് പ്രാക്ടീസ്’ എന്ന പ്രയോഗം തന്നെ കാണാവുന്നതാണ്. എന്നാൽ ശിരോവസ്ത്ര കേസിൽ ‘എസൻഷ്യൽ റിലീജിയസ് പ്രാക്ടീസ്’ എന്നത് പ്രസക്തമായ വിഷയമല്ല.

മൗലികാവകാശ അനുച്ഛേദങ്ങൾക്ക് ജീവനുണ്ട്

ഭരണഘടനയുടെ ആദ്യ കരട് പണ്ഡിറ്റ് നെഹ്‌റു അംഗീകരിച്ച ശേഷം പുറത്തുവന്നപ്പോൾ അതിനൊരു പരിമിതി ഉണ്ടായിരുന്നു. മൗലികാവകാശങ്ങളെ കുറിച്ചുള്ള അനുച്ഛേദങ്ങളെല്ലാം ഉണ്ടെങ്കിലും അത് നടപ്പാക്കാനുള്ള കൃത്യമായ വ്യവസ്ഥകൾ എഴുതിച്ചേർത്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കരടിനെതിരെ ഡോ.അംബേദ്കർ ശക്തമായി പ്രതികരിച്ചു. അതിനെത്തുടർന്നാണ് അവ നടപ്പാക്കാൻ കോടതികൾക്ക് അധികാരം നൽകിക്കൊണ്ടുള്ള 32, 226 എന്നീ വകുപ്പുകൾ അംബേദ്കർ അതിൽ കൂട്ടിച്ചേർത്തത്. ഗാന്ധിയോടും നെഹ്‌റുവിനോടും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതിനാലാവാം അംബേദ്കർ അപ്രകാരം ചെയ്തത് എന്ന് ദവെ പറഞ്ഞപ്പോൾ ജസ്റ്റിസ് ധൂലിയ ഇടപെട്ടു. അക്കാലത്ത് (1949) അംബേദ്കറിന് നെഹ്‌റുവിനോട് വിയോജിപ്പുണ്ടായിരുന്നില്ല. വിയോജിപ്പ് വന്നത് ഹിന്ദു കോഡുമായി ബന്ധപ്പെട്ട (1955) കാലത്തായിരുന്നു. നെഹ്‌റുവാണ് അംബേദ്കറെ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ നിയമമന്ത്രിയാക്കിയത്.

അംബേദ്കറും ബാലികാവിദ്യാഭ്യാസവും

‘മതത്തിൽ ഭക്തി ആത്മീയ രക്ഷാമാർഗമായിരിക്കാം. എന്നാൽ രാഷ്ട്രീയത്തിൽ ഭക്തിയും വീരാരാധനയും അധഃപതനത്തിലേക്കും ആത്യന്തിക സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിയാണ്’ എന്ന അംബേദ്കറുടെ പ്രസ്താവന ഗാന്ധിക്കും നെഹ്‌റുവിനും എതിരെയുള്ള പരോക്ഷമായ വിമർശനമായിരുന്നു എന്ന് ദവെ കൂട്ടിച്ചേർത്തു. ഡോ.അംബേദ്കറുടെ വിദ്യാഭ്യാസം സ്‌പോൺസർ ചെയ്ത ബറോഡയിലെ മഹാരാജാവ് സയാജിറാവു ഗെയ്ക്‌വാദിനോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്ന് ദവെ പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള നിരവധി പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചത് ഗെയ്ക്‌വാദ് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1920കളിൽ ജലമലിനീകരണത്തിനെതിരെ നിയമം ഉണ്ടാക്കിയ ഭരണാധികാരി കൂടിയായിരുന്നു ഗെയ്ക്‌വാദ്.

മൗലികാവകാശങ്ങൾക്ക് മീതെയല്ല പൗരധർമം

അനുച്ഛേദം 51എ അനുശാസിക്കുന്ന പൗരധർമത്തിനാണ് (Fundamental Duty) ഏറെ പ്രാധാന്യമുള്ളത് എന്നാണ് കർണാടക ഹൈക്കോടതി പറയുന്നത്. എന്നാൽ 14,19, 21, 25 എന്നീ അനുച്ഛേദങ്ങൾക്ക് കീഴിലുള്ള മൗലികാവകാശങ്ങളെ മറികടക്കാൻ 51A ക്ക് കഴിയില്ല. 1977 ലെ പ്രസിദ്ധമായ മിനർവ മിൽസ് യൂണിയൻ ഓഫ് ഇന്ത്യ കേസ് വിധിയിൽ മൗലികാവകാശങ്ങൾക്കാണ് ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തിന് പരിധി നിശ്ചയിക്കുക കൂടിയാണ് പ്രസ്തുത വിധിയിലൂടെ സുപ്രീം കോടതി ചെയ്തിട്ടുള്ളത്.

ഭരണഘടനാതത്ത്വങ്ങളും കർണാടകയും

ഭരണഘടനാപരമായ ധാർമികത (Constitutional Moraltiy) എന്താണെന്നും ഭരണഘടനാവാദം (Constitutionalism) എന്താണെന്നും ഭരണഘടനാ തത്ത്വം (Constitutional Philosophy) എന്താണെന്നും കർണാടക ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് ശരിക്കും മനസ്സിലായിട്ടില്ല. ദവെ ഇത് സൂചിപ്പിച്ചപ്പോൾ ഹൈക്കോടതി മൗലികാവകാശത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ക്ലാസ് റൂമിന്റെ കാര്യം വരുമ്പോൾ അവിടെ മൗലികാവകാശം പാടില്ല എന്ന് പറയുന്ന അവസ്ഥയാണുള്ളതെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. എവിടെനിന്നാണ് അവർക്ക് ഈ ‘നിയന്ത്രണം’ ലഭിച്ചത് എന്ന് മനസ്സിലാകുന്നില്ലെന്നും ബെഡ്‌റൂമിലും ക്ലാസ്‌റൂമിലും മൗലികാവകാശങ്ങളുണ്ടെന്നും ദവെ ചൂണ്ടിക്കാട്ടി.

വിദ്യാലയങ്ങളും ‘ബഹുമാന്യ’ സ്ഥലങ്ങൾ തന്നെ!

ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഒരു ഡ്രസ് കോഡ് നിർദേശിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നാളെ ഞാൻ തൊപ്പി ധരിച്ച് കോടതിയിൽ വരികയും ചെയ്താൽ കോടതിക്ക് അത് തടയാൻ സാധിക്കുമോ? കോടതി മുറികളിൽ തൊപ്പിയോ തലപ്പാവോ ധരിച്ചുവരുന്നത് പണ്ടുകാലങ്ങളിൽ അഭിഭാഷകരുടെ പാരമ്പര്യമായിരുന്നല്ലോ എന്ന് ദവെ ചൂണ്ടിക്കാണിച്ചപ്പോൾ ജസ്റ്റിസ് ഗുപ്ത പറഞ്ഞത് ‘ബഹുമാന്യ സ്ഥലങ്ങളിൽ’ തൊപ്പി ധരിച്ചുവരുന്നതിന് വിരോധമില്ല എന്നായിരുന്നു. വിദ്യാലയങ്ങളും ‘ബഹുമാന്യ സ്ഥലങ്ങൾ’ തന്നെയാണെന്ന് ദവെ ഓർമിപ്പിച്ചു. നമ്മുടെ പ്രധാനമന്ത്രി ചില വിശേഷ സ്ഥലങ്ങളിൽ തലപ്പാവ് ധരിച്ചു പോകുന്നത് കണ്ടിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹം അത് ധരിക്കുന്നത് അവിടുത്തെ ജനങ്ങളോടുള്ള ആദരവിന്റെ ഭാഗമായാണ്.

മതസ്വാതന്ത്ര്യത്തിന് സ്ഥലപരിമിതിയില്ല

മതപരമായ അവകാശം വ്യക്തിഗതമാണ്. ഏതൊരു വ്യക്തിയുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലാണ് അത് നിലനിൽക്കുന്നത്. എന്റെ മുല്ലയെയോ ഗുരുവിനെയോ പണ്ഡിതനെയോ പിന്തുടരാതിരിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്. മതാചാരം സ്വീകരിക്കലും മതപ്രചാരണവും അടക്കമുള്ള മതസ്വാതന്ത്ര്യം എവിടെയും അനുവദിച്ചിട്ടുണ്ട് എന്നാണ് ശിരൂർ മഠം കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. ഒരു ‘പാർലറിൽ’ പോലും മതപ്രചാരണം നടത്താമെന്ന് പ്രസ്തുത വിധി പറയുന്നുവെങ്കിൽ എന്തുകൊണ്ട് വിദ്യാലയങ്ങളിൽ ആയിക്കൂടാ?

മുസ്‌ലിം സ്ത്രീയുടെ ശിരോവസ്ത്രവും സാമാന്യബുദ്ധിയും

ശിരോവസ്ത്രം ധരിക്കുന്നത് തന്റെ മതജീവിതത്തിന് സഹായകരമാണെന്ന് ഒരു മുസ്‌ലിം സ്ത്രീ കരുതുന്നുവെങ്കിൽ, ഒരു അധികാരിക്കും കോടതിക്കും അല്ലെന്ന് പറയാൻ സാധിക്കില്ല. ശിരോവസ്ത്രത്തിന് അനുകൂലമായി വിധി നൽകിയ ദക്ഷിണാഫ്രിക്കൻ, യുകെ, ഫ്രഞ്ച് കോടതികളെ നാം മാനിക്കണം. നമ്മുടെ നിയമവ്യവസ്ഥയും കോടതിയും അവിടെനിന്നാണ് പലതും കടമെടുത്തിട്ടുള്ളത് എന്നോർക്കണം. മതസ്വാതന്ത്ര്യം മതവിശ്വാസങ്ങൾ മാത്രമല്ല, മതപരമായ ആചാരങ്ങളിലേക്കും അത് വ്യാപിക്കുന്നുണ്ട്. എസെൻഷ്യൽ, നോൺഎസെൻഷ്യൽ എന്നീ വേർതിരിവില്ല എന്നാണ് ശിരൂർ മഠം കേസ് വിധി വ്യക്തമാക്കുന്നത്. 1954ലെ രത്തിലാൽ ഗാന്ധി സ്‌റ്റേറ്റ് ഓഫ് ബോംബേ കേസിന്റെ വിധിയിൽ ഏതെങ്കിലും ഒരു മതാചാരത്തെ എസെൻഷ്യൽ അല്ലെന്ന് പറയാൻ ആർക്കും അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പ്രസ്തുത വിധിയിൽ മതാചാരവുമായി ബന്ധപ്പെട്ട കാര്യത്തിൽ സംശയമുണ്ടെങ്കിൽ സാമാന്യ ബുദ്ധി (Common sense) ഉപയോഗിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ശിരോവസ്ത്രം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം എസെൻഷ്യൽ അല്ലെന്ന് നമ്മുടെ സാമാന്യ ബുദ്ധി നമ്മോട് പറയുമോ? നമുക്കത് ഇഷ്ടമുണ്ടോ ഇല്ലയോ എന്നത് അവരുടെ അവകാശങ്ങളെ നിയന്ത്രിക്കുന്ന ഘടകങ്ങളല്ല.

മതാചാരങ്ങളും ഭരണകൂട നിയന്ത്രണങ്ങളും

സർക്കാറിന്റെ ഭാഗം വിശദീകരിക്കുന്ന അറ്റോർണി ജനറൽ 25ാം അനുച്ഛേദത്തിന്റെ (2)എ ഉപവകുപ്പിന് ഏറെ ഊന്നൽ നൽകിക്കൊണ്ട് പറയുന്നത് എസെൻഷ്യൽ അല്ലാത്ത എല്ലാ മതാചാരങ്ങളും ഭരണകൂട നിയന്ത്രണത്തിന് വിധേയമാണ് എന്നാണ്. എന്നാൽ മതാചാരങ്ങളിൽ പെട്ട യാതൊന്നിലും ഭരണകൂടത്തിനോ മറ്റുള്ളവർക്കോ ഇടപെടാൻ യാതൊരു അധികാരവുമില്ലെന്ന് ശിരൂർ മഠം കേസിൽ സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്.

ദാവൂദി ബോറ കേസും എസൻഷ്യൽ വാദവും

ബോംബെയിലെ ദാവൂദി ബോറ സമൂഹത്തിൽ നടന്ന മതഭ്രഷ്ടുമായി ബന്ധപ്പെട്ട 1957 ലെ സർദാർ സയ്യിദ്‌നാ താഹിർ സൈഫുദ്ദിൻ സ്‌റ്റേറ്റ് ഓഫ് ബോംബെ കേസിലെ പരാമർശങ്ങൾ ദുഷ്യന്ത് ദവെ ഉദ്ധരിച്ചു. മതത്തിൽനിന്നും പുറത്താക്കുന്ന നടപടികളെ നിരോധിച്ചുകൊണ്ട് ബോംബെ സർക്കാർ പ്രിവൻഷൻ ഓഫ് എക്‌സ് കമ്യൂണിക്കേഷൻ ആക്റ്റ് കൊണ്ടുവന്നിരുന്നു. എന്നാൽ ഈ ആക്റ്റ് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തുകയും ആക്റ്റ് സുപ്രീം കോടതി റദ്ദ് ചെയ്യുകയും ചെയ്തു. വിധിയിലെ ഒരു പരാമർശം ഇങ്ങനെയായിരുന്നു. ‘ഒരു മതത്തിന്റെ എസെൻഷ്യൽ ഭാഗം എന്താണെന്ന് തീരുമാനിക്കേണ്ടത് പ്രസ്തുത മതത്തിന്റെ പ്രമാണങ്ങൾ അനുസരിച്ചാണ്. മാത്രമല്ല, പ്രസ്തുത മതസമൂഹം മതാചാരമായി കണക്കാക്കുന്ന എല്ലാം അതിൽ ഉൾപ്പെടുത്തുകയും വേണം.’ അടിസ്ഥാനനിയമങ്ങൾ, അവിഭാജ്യ ആചാരങ്ങൾ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തിൽ അവയുടെ പ്രാധാന്യങ്ങളിൽ വേർതിരിവ് കാണിക്കാൻ പാടില്ല എന്നും പ്രസ്തുത വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിൽകായത്ത് ശ്രീ കേസും വിധിയും

1963ലെ തിൽകായത്ത് ശ്രീ സ്‌റ്റേറ്റ് ഓഫ് രാജസ്ഥാൻ കേസിന്റെ വിധിയിലെ പരാമർശങ്ങൾ ദവെ ഉദ്ധരിച്ചു: ‘ഒരു മതാചാരം ആ മതത്തിന്റെ അവിഭാജ്യ ഘടകമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് പ്രസ്തുത മതസമൂഹം അതിനെ എങ്ങനെ കാണുന്നു എന്നാണ് പരിശോധിക്കപ്പെടേണ്ടത്.’ ‘എസെൻഷ്യൽ റിലീജ്യസ് പ്രാക്ടീസ്’ ഒരിക്കലും ജുഡീഷ്യൽ വിധിന്യായങ്ങൾക്കുള്ള അടിസ്ഥാനമായി സ്വീകരിച്ചിട്ടില്ല എന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്. മതപരവും മതേതരവുമായ പ്രവൃത്തികൾ തമ്മിലുള്ള വ്യതിരിക്തതയെ സൂചിപ്പിക്കുന്നതിനുവേണ്ടി മാത്രമാണ് ‘എസെൻഷ്യൽ’ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്.

ഒരേ മതത്തിലെ തന്നെ വിവിധ കക്ഷികൾ

എസൻഷ്യൽ ആണോ എന്ന പരിശോധന ചില സന്ദർഭങ്ങളിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. മതവിശ്വാസത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെടുന്ന ഭക്ഷണം, വസ്ത്രം തുടങ്ങിയ സംബന്ധിച്ച വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വന്നേക്കാം. ഒരു വിഭാഗം വെള്ളവസ്ത്രമാണ് മതത്തിലെ എസൻഷ്യൽ ആയ കാര്യമെന്ന് വാദിക്കുമ്പോൾ മറ്റൊരു വിഭാഗം മഞ്ഞയാണെന്ന് വാദിക്കുന്നു. ഇതെല്ലം കോടതി എങ്ങനെ തീരുമാനിക്കും? ഒരേ മതസമൂഹത്തിൽനിന്ന് തന്നെ വ്യത്യസ്ത ശബ്ദങ്ങൾ വരുമ്പോൾ കോടതിയുടെ ശ്രമം പരാജയപ്പെടും. അതുകൊണ്ട് വ്യത്യസ്ത ശബ്ദങ്ങളെ പരിഗണിക്കുകയാണ് ഏറ്റവും കരണീയമായ മാർഗം. ഒരേ ദൈവത്തെ ആളുകൾ പലവിധത്തിൽ കാണുന്നു. കേരളത്തിൽ ശബരിമല അയ്യപ്പ ദർശനത്തിനായി കറുത്ത വസ്ത്രമണിഞ്ഞാണ് ഹൈന്ദവ വിശ്വാസികൾ പോകുന്നതെങ്കിൽ ഗംഗാജലം തേടി പോകുന്ന ഹൈന്ദവ വിശ്വാസികൾ അണിയുന്നത് കാവി വസ്ത്രമാണ്. ശിവഭക്തർ സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്തുകൊണ്ടാണ് പോകുന്നത്. ഇത് സൂചിപ്പിക്കുന്നത് ഒരേ മതത്തിൽതന്നെ ഓരോ വിഭാഗത്തിനും അവരുടെതായ സ്വത്വ സ്വരൂപങ്ങളുണ്ട് എന്നതാണ്. അതുകൊണ്ട് എസൻഷ്യൽ റിലീജിയസ് പ്രാക്ടീസ് എന്നതിനു പകരം അനുച്ഛേദം 25ൽ പറയുന്ന പോലെ റിലീജിയസ് പ്രാക്ടീസ് എന്ന് മാത്രം പ്രയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനാപരമായി ശരിയാവുക. മത സ്വാതന്ത്ര്യത്തിന്റെ ഭാഗമായ ശിരോവസ്ത്രത്തിനു മേൽ നിയന്ത്രണം ഏർപ്പെടുത്താവുന്ന ഒരു കാരണവും ഇവിടെ ഉണ്ടായിട്ടില്ല.

(തുടരും)

അടുത്ത ലക്കത്തിൽ: ദുഷ്യന്ത് ദവെയുടെ പ്രൗഢമായ ഉപസംഹാരവും സോളിസിറ്റർ ജനറലുടെ ദുർബല വാദങ്ങളും.