ക്വുര്‍ആന്‍ വിളിക്കുന്നു...

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

2022 ഏപ്രിൽ 09, 1442 റമദാൻ 07

എല്ലാവിധ സൗകര്യങ്ങളും ഒരുക്കപ്പെട്ട ഈ ഭൂമിയില്‍ പിറന്നുവീണ നാം ചിന്തിക്കാറുണ്ടോ; ഈ ലോകത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അല്ലാഹു നമ്മെ ഒരു ബീജകണത്തില്‍നിന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെ മാതാവിന്റെ ഗര്‍ഭാശയമെന്ന അതിസങ്കീര്‍ണമായ സുരക്ഷിത സംവിധാനത്തിലൂടെയാണ് വളര്‍ത്തിയതെന്ന്? അതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനം വായിച്ചിട്ടുണ്ടോ? പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

എല്ലാം സംവിധാനിക്കപ്പെട്ട ഭൂമിയിലേക്ക് പിറന്നുവീഴുകയും ഓരോ ഘട്ടത്തിലൂടെ വളര്‍ന്ന് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്തു. ജീവിതം ഇവിടെ അവസാനിക്കുന്നില്ല, ഇനിയും പല ഘട്ടങ്ങളെയും അഭിമുഖീകരിക്കാനുണ്ട്; മരണം, ക്വബ്‌ർവാസം, പരലോകം എന്നിങ്ങനെ. ചിന്തിക്കാനും മടങ്ങാനും സമയമായിട്ടുണ്ട് എന്ന് തോന്നുന്ന ഒരു ഹൃദയം അല്ലാഹു താങ്കള്‍ക്ക് നല്‍കിയില്ലേ? എങ്കില്‍ ക്വുര്‍ആന്‍ പറയുന്നത് കാണുക:

‘‘മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു’’ (അല്‍ഇന്‍സാന്‍: 1,2).

നാമെല്ലാം ആദ്യം പറയപ്പെടാവുന്ന ഒന്നുമല്ലായിരുന്നു. മാതാവിന്റെ ഉദരത്തിലാണ് നമ്മുടെ തുടക്കം. ക്വുര്‍ആന്‍ പറഞ്ഞുതരുന്നത് കാണുക:

‘‘നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്നുതരം അന്ധകാരങ്ങള്‍ക്കുള്ളില്‍, സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു, അവനാണ് ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെടുന്നത്?’’ (അസ്സുമര്‍:6).

ഘട്ടങ്ങളിലൂടെ

‘ഞാന്‍... ഞാന്‍’ എന്ന് അഹങ്കരിക്കുന്ന മനുഷ്യാ! നീ നീയായി മാറിയ ഘട്ടങ്ങളെക്കുറിച്ച് ക്വുര്‍ആന്‍ പ്രസ്താവിച്ചത് നീ വായിച്ചിട്ടുണ്ടോ? ‘‘തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു. പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനുശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സ്നേല്‍പിന്റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്’’ (അല്‍മുഅ്മിനൂന്‍: 12-16).

ശൈശവത്തിനും കൗമാരത്തിനും യൗവനത്തിനും യുവത്വത്തിനും ശേഷം ശൈശവത്തിലേത് പോലെയുള്ള വാര്‍ധക്യം എന്ന ഘട്ടവും മനുഷ്യനെ ബാധിക്കുന്നു. അതിനെക്കുറിച്ച് നാം ആലോചിക്കാറുണ്ടോ? ക്വുര്‍ആന്‍ പറയുന്നത് എത്ര കൃത്യം:

‘‘നിങ്ങളെ ബലഹീനമായ അവസ്ഥയില്‍നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്കു ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വജ്ഞനും സര്‍വശക്തനും’’ (അര്‍റൂം: 54).

ഇങ്ങനെ നമ്മെ ചിന്തിപ്പിക്കുന്ന രക്ഷിതാവ് ക്വുര്‍ആനിലൂടെ നമ്മെ സത്യത്തിലേക്ക് ക്ഷണിക്കുകയാണ്. ആ ക്ഷണം നമ്മള്‍ ചെവിക്കൊള്ളേണ്ടതില്ലേ?

മനുഷ്യര്‍ക്കു വേണ്ടി

ഈ ഭൂമിയും അതിന്റെ സംവിധാനങ്ങളും മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘‘അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (അല്‍ബക്വറ: 29).

ലക്ഷ്യത്തിലേക്ക്

മനുഷ്യര്‍ക്കു വേണ്ടിയാണ് ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ട്തന്നെ സ്രഷ്ടാവിന്റെ ഇംഗിതത്തിനനുസരിച്ചായിരിക്കണം മനുഷ്യര്‍ പ്രവര്‍ത്തിക്കേണ്ടതും ജീവിക്കേണ്ടതും. മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നതിന്റെ ലക്ഷ്യം ക്വുര്‍ആന്‍ പറഞ്ഞുതരുന്നത് കാണുക: ‘‘ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല’’ (ദാരിയാത്: 56).

‘‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു’’ (മുല്‍ക്: 2).

പ്രവാചകരിലേക്ക്

മനുഷ്യരെ ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കെത്തിക്കുവാനുള്ള മാര്‍ഗവുമായി മുഴുവന്‍ സമുദായങ്ങളിലേക്കും അല്ലാഹു അവന്റെ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ക്വുര്‍ആന്‍ നമ്മോട് പറയുന്നു:

‘‘തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി). എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക’’ (അന്നഹ്‌ൽ: 36).

ദഅ്‌വത്തിലേക്ക്

അല്ലാഹു ഭൂമിയിലേക്ക് നിയോഗിച്ചയച്ച പ്രവാചകരഖിലവും തങ്ങളുടെ ജനതയോട് പറഞ്ഞ കാര്യം അംഗീകരിക്കുവാന്‍ ക്വുര്‍ആന്‍ മാനവരാശിയെ വിളിക്കുന്നു: ‘‘ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (അന്‍ബിയാഅ്: 25).

‘‘നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചുകിട്ടിയതിലും, ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാക്വിനും യഅ്ക്വൂബിനും യഅ്ക്വൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും; മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു’’ (അല്‍ബഖറ: 136). അതെ, പ്രവാചകരുടെ ദഅ്‌വത്തിലേക്കാണ് ക്വുര്‍ആന്‍ വിളിക്കുന്നത്.

ഇസ്‌ലാമിലേക്ക്

പ്രവാചകരെല്ലാം കൊണ്ടുവരികയും സ്വീകരിക്കുകയും ചെയ്ത മതമായ ഇസ്‌ലാമിലേക്ക് വിളിക്കുന്നു ക്വുര്‍ആന്‍. അല്ലാഹു പറയുന്നു: ‘‘തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷംതന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു’’ (ആലുഇംറാന്‍: 19).

‘‘ഇസ്‌ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനില്‍നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും’’ (ആലുഇംറാന്‍:85).

വഴി നടത്തുന്നത്

ക്വുര്‍ആന്‍ മനുഷ്യരോട് വിളിച്ചുപറയുന്ന യഥാര്‍ഥ സന്മാര്‍ഗം ഏതാണെന്ന് മനസ്സിലാക്കിയാല്‍ മാത്രം പോരാ, മറിച്ച് അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അറിഞ്ഞ സത്യം ഉള്‍കൊള്ളാനുള്ള മനസ്സും ഉദവിയും അതിപ്രധാനമാണ്. അത് നല്‍കുന്നത് ഇസ്‌ലാമിനെ മാനവര്‍ക്ക് ദാനമായി നല്‍കിയ അല്ലാഹുവാണ്:

‘‘ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏ തൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നതുപോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു’’ (അല്‍അന്‍ആം: 125).

ഏറ്റവും ചൊവ്വായതിലേക്ക്

മനുഷ്യര്‍ക്ക് ഏന്തെല്ലാം നന്മകള്‍ ആവശ്യമുണ്ടോ, ആ നന്മകളിലേക്കെല്ലാം ക്വുര്‍ആന്‍ മനുഷ്യരെ മാടിവിളിക്കുന്നു; അതോടൊപ്പം മനുഷ്യര്‍ ഏതെല്ലാം കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ടോ അവയെത്തൊെട്ടല്ലാം താക്കീതു നല്‍കുകയും ചെയ്യുന്നു. അങ്ങനെ വിശുദ്ധക്വുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് വഴികാണിക്കുകയും അതിലേക്ക് മാനവരെ വിളിക്കുകയും ചെയ്യുന്നു: ‘‘തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു’’ (അല്‍ഇസ്‌റാഅ്: 9).

ഇസ്‌ലാമും ക്വുര്‍ആനും ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും വെളിച്ചം വീശുന്നു: ‘‘എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്’’ (നഹ്‌ൽ: 19)

സമാധാന ഗേഹത്തിലേക്ക്

ക്വുര്‍ആനിന്റെ വിളികേട്ട്, അതിനെ ആദര്‍ശമായി സ്വീകരിച്ചവര്‍ക്ക് അങ്ങേയറ്റത്തെ സമാധാനമാണ് ഇഹലോകത്തും പാരത്രിക ലോകത്തും ലഭിക്കുക. അങ്ങനെയുള്ളവര്‍ക്ക് മരണശേഷം നല്‍കാനായി എല്ലാ അര്‍ഥത്തിലുമുള്ള സമാധാനവും ഐശ്വര്യവും അനുഗ്രഹങ്ങളും ഒരുക്കിയ സമാധാന ഗേഹമാണ് സ്വര്‍ഗം. ആ സ്വര്‍ഗത്തിലേക്കാണ് ക്വുര്‍ആന്‍ മാനവരെ വിളിക്കുന്നത്:

‘‘അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു’’ (യൂനുസ്: 25).

‘‘അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കുമാണ് നിങ്ങളെ ക്ഷണിക്കുന്നത്. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു’’ (അല്‍ബക്വറ: 221).

‘‘തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട നിലയില്‍ അവര്‍ അതിനടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചുകൊള്ളുക’’ (അസ്സുമര്‍: 73).

ക്വുര്‍ആന്‍ മനുഷ്യരെ വിശാലമായ സ്വര്‍ഗത്തിലേക്ക് വിളിക്കുകയാണ്: ‘‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കുവേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു’’ (അല്‍ഹദീദ്: 20,21).

മാനവര്‍ മുഴുവനും

മാനവര്‍ മുഴുവനും സ്വര്‍ഗത്തില്‍ പ്രവേശിക്കണം. അതിന് ക്വുര്‍ആന്‍ വിശദമാക്കിത്തരുന്ന രൂപത്തില്‍ സ്രഷ്ടാവിനെക്കുറിച്ച് പഠിച്ചുമനസ്സിലാക്കി, അവന്റെ ഏകത്വം അംഗീകരിച്ച്, അവനെ മാത്രം ആരാധിക്കേണ്ടതുണ്ട് എന്ന ഏറ്റവും ഉന്നതവും മാനവികവും നീതിയുക്തവുമായ ആശയത്തിലേക്ക് ക്വുര്‍ആന്‍ മാനവരെ വിളിക്കുന്നു:

‘‘(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനുപുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്നപക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക’’ (ആലുഇംറാന്‍: 64).

ഭൗതികതയില്‍ മതിമറക്കാതിരിക്കുക

അത്യാധുനിക സൗകര്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ഭൗതിക സുഖങ്ങളില്‍ മതിമറന്ന് പരലോകം മറക്കാതിരിക്കുക. ഭൗതിക സുഖങ്ങള്‍ നശ്വരമാണ്. അതിനോടുള്ള അത്യാര്‍ത്തി മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നതുമാണ്. അതാണ് ക്വുര്‍ആന്‍ നമ്മോട് വിളിച്ചുപറയുന്നത്: ‘‘നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറംപൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (അല്‍ഹദീദ്: 20).

സ്വര്‍ഗം സ്വയം നിഷിദ്ധമാക്കാതിരിക്കുക

അല്ലാഹുവിന്റെ വിശാലമായ സ്വര്‍ഗം അവനില്‍ ആരെയെങ്കിലും എന്തിനെയെങ്കിലും പങ്കുചേര്‍ത്തു(ശിര്‍ക്ക് ചെയ്തു)കൊണ്ട് സ്വയം നിഷിദ്ധമാക്കാതിരിക്കുക എന്ന സുപ്രധാന സന്ദേശത്തിലേക്കും ക്വുര്‍ആന്‍ മാനവരെ വിളിക്കുന്നു: ‘‘അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെയില്ല’’ (അല്‍മാഇദ: 72).

ക്വുര്‍ആനിനെ അറിയാനും പഠിക്കാനും ക്വുര്‍ആനിറങ്ങിയ ഈ വിശുദ്ധ റമദാനിലെങ്കിലും വിശ്വാസികളേ, നാം സമയം കണ്ടെത്തേണ്ടതുണ്ട്. ഓരോ അക്ഷരവും വായിക്കുന്നത് പ്രതിഫലാര്‍ഹമായ മറ്റേതു ഗ്രന്ഥമാണുള്ളത്? മനുഷ്യരെ സത്യത്തിലേക്കും സകല നന്മയിലേക്കും വഴിനടത്തുന്ന വേറെ ഏത് ഗ്രന്ഥമാണുള്ളത്? എതിര്‍പ്പുകളും വിമര്‍ശനങ്ങളും ആര്‍ത്തിരമ്പി വന്നിട്ടും പ്രകാശവേഗത്തില്‍ മനുഷ്യരുടെ ഹൃദയങ്ങളെ കീഴടക്കിക്കൊണ്ട് ലോകത്ത് പ്രസരിക്കുന്ന വേറെ ഏത് ഗ്രന്ഥമാണുള്ളത്? ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും മനഃപാഠമാക്കപ്പെടുകയും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യുന്ന മറ്റേതു ഗ്രന്ഥമുണ്ട്? ഈ ക്വുര്‍ആനിന്റെ വിളിക്ക് കാതുകൊടുത്ത് ജീവിതത്തിലൂടെ ഉത്തരം നല്‍കാന്‍ നാം തയ്യാറാവുക.