നരകത്തിലേക്ക് നയിക്കുന്ന പണ്ഡിതന്മാർ!

അബ്ദുൽ മാലിക് സലഫി

2022 ജൂൺ 04, 1442 ദുൽഖഅദ 03

1926 ജൂൺ 26നാണ് സമസ്ത രൂപീകൃതമാവുന്നത്. അതിന് രണ്ടുവർഷം മുമ്പ് (1924ൽ) ഐക്യ സംഘത്തിന്റെ വാർഷിക സമ്മേളനത്തിൽവച്ച് കേരളത്തിലെ പ്രഥമ മുസ്‌ലിം മതസംഘടനയായ കേരള ജംഇയ്യതുൽ ഉലമ അഹ്‌ലുസ്സുന്നത്തി വൽജമാഅ രൂപീകൃതമായിരുന്നു. അതിൽനിന്ന് ആദ്യത്തെ ഭിന്നിപ്പ് സൃഷ്ടിച്ചാണ് സമസ്ത പിറവിയെടുക്കുന്നത്.

1934 നവംമ്പർ 14നാണ് സമസ്ത റജിസ്റ്റർ ചെയ്യപ്പെടുന്നത്. എന്തിനായിരുന്നു സമസ്തക്കാർ കേരള മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വേറിട്ട് പ്രവർത്തിക്കാൻ ആരംഭിച്ചത്? മറ്റൊന്നിനുമല്ല, സമൂഹത്തെ പ്രകാശത്തിൽനിന്ന് അന്ധകാരത്തിലേക്ക് നയിക്കുവാൻ തന്നെ! വിശ്വാസരംഗത്ത് അന്ന് നിലനിന്നിരുന്ന സർവവ്യതിയാനങ്ങളെയും അരക്കിട്ടുറപ്പിക്കാനും വിദ്യാഭ്യാസപരമായും സാസ്‌കാരികമായും സമൂഹത്തെ പിന്നിലേക്ക് വലിക്കാനുമാണ് സമസ്ത ശ്രമിച്ചത്. പ്രമാണങ്ങൾ പഠിപ്പിക്കുന്നതിന് പകരം മാലകൾ, പക്ഷിപ്പാട്ടുകൾ, കുപ്പിപ്പാട്ടുകൾ പോലുള്ള ക്ഷുദ്രകൃതികളാണ് സമസ്തക്കാർ സമുദായത്തെ പഠിപ്പിച്ചത്.

അല്ലാഹുവിലേക്ക് ജനങ്ങളെ വിളിക്കുന്നതിന് പകരം അവന്റെ സൃഷ്ടികളായ ഔലിയാക്കളിലേക്കാണ് അവർ ജനങ്ങള ക്ഷണിച്ചത്. ക്വുർആൻ പരിഭാഷപ്പെടുത്തുന്നത് ഹറാമാക്കി ജനങ്ങൾ ക്വുർആനിന്റെ ആശയങ്ങളിലേക്ക് അടുക്കുന്നതിൽനിന്ന് അവർ തടഞ്ഞു.

വ്യാധികൾ വന്നാൽ ഏലസ്സും ഐക്കല്ലും പിഞ്ഞാണമെഴുത്തും സിഹ്‌റും ഹോമവുമൊക്കെയാണ് പരിഹാരമെന്ന് ജനങ്ങളെ പഠിപ്പിച്ചു. ശുദ്ധമലയാളം നായന്മാരുടെ ഭാഷയാണെന്ന് പറഞ്ഞ് മാതൃഭാഷാ പഠനത്തിൽനിന്ന് ആളുകളെ അകറ്റി. ചടങ്ങ് നിൽക്കുന്നതിൽ തെറ്റില്ലെന്ന് വരുത്തിത്തീർത്തു. മുടി വളർത്തലിനെ ആക്ഷേപാർഹമായി അവതരിപ്പിച്ചു. സ്ത്രീധനം വാങ്ങുന്നതിൽ തെറ്റില്ലെന്ന് നാടുനീളെ പ്രസംഗിച്ചു നടന്നു. സ്ത്രീകൾ അക്ഷരാഭ്യാസം നേടുന്നതിനെ ഹറാമാക്കി.

മതപഠനത്തെ ഫിക്വ്‌ഹിന്റെ ഗ്രന്ഥങ്ങളിൽ പരിമിതപ്പെടുത്തി. ജാറങ്ങൾ, ഉറൂസുകൾ, ആണ്ടുനേർച്ചകൾ എന്നിവയ്‌ക്കൊക്ക പ്രമാണങ്ങളിൽ തെളിവുണ്ടെന്ന് വരുത്തിത്തീർത്ത് സമുഹത്തിന്റെ വിശ്വാസരംഗത്തെ മലിനപ്പെടുത്തി. ഇതിനൊല്ലാം പുറമെ, സമൂഹത്തിൽ ശിർക്കും കുഫ്‌റും വ്യാപിപ്പിക്കുന്നതിന് വേണ്ടി പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ച് പ്രസംഗങ്ങൾ നടത്തുകയും നിരവധി ഗ്രന്ഥങ്ങൾ അതിനായി രചിക്കുകയും ചെയ്തു.

മുകളിൽ പരാമർശിക്കപ്പെട്ട പല വിഷയങ്ങളിലും സമൂഹം സമസ്തയെ തള്ളി മുന്നോട്ട് ഗമിച്ചപ്പോൾ സമസ്തക്കാർ പലതും മാറ്റുകയും തിരുത്തുകയും ചെയ്തുവെങ്കിലും, ജനങ്ങളെ ശിർക്കിലേക്ക് നയിക്കുന്ന കാര്യം ഇതുവരെ മാറ്റിയിട്ടില്ല എന്നു മാത്രമല്ല, പൂർവാധികം ശക്തിയിൽ ആ രംഗത്ത് അവർ സജീവമായിരിക്കുന്നു!

റബ്ബിലേക്ക് ക്ഷണിക്കുന്നതിന് പകരം, റബ്ബിന്റെ പല ഗുണങ്ങളും പടപ്പുകൾക്ക് നൽകി പടപ്പുകളെ പടച്ചവനെപ്പോലെ അവതരിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്!

ഈ ലോകത്തിന്റെ നിയന്ത്രണം നടത്തുന്നത് അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ഖുതുബുകൾ ആണത്രെ! അത്തരത്തിൽ ഒരു ഖുതുബാണുപോലും മടവൂരിൽ മണ്ണടിഞ്ഞ സി.എം. മുഹമ്മദ് അബൂബക്കർ മുസ്‌ലിയാർ! ഇപ്പോൾ ലോകത്തിന്റെ നിയന്ത്രണം ഇദ്ദേഹമാണ് നിർവഹിക്കുന്നത് എന്നതാണ് സമസ്തക്കാർ ഗ്രൂപ്പ് വ്യത്യാസമില്ലാത മത്സരിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്! അദ്ദേഹം ഒരു ഉന്മാദരോഗിയായിരുന്നു എന്ന് ഇത് പ്രചരിപ്പിക്കുന്നവർതന്നെ എഴുതിയിട്ടുണ്ട് എന്നതാണ് ഇതിലെ കൗതുകം! അഥവാ, ജീവിതസമയത്ത് തന്റെ മനസ്സിനെത്തന്നെ നിയന്ത്രിക്കാൻ കഴിയാത്ത വ്യക്തിയാണ് ഇപ്പോൾ പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്നതത്രെ! ഈ മണ്ടത്തരം തിരുത്താൻ ഒരാളും സമസ്തയിൽ ഉണ്ടാവുന്നില്ല എന്നതാണ് ഏറെ സങ്കടകരം! ഈ വിഷയത്തിൽ ഇസ്‌ലാമിക വിശ്വാസമെന്താണ്?

അല്ലാഹുവിന്റെ ചില ആയത്തുകൾ ശ്രദ്ധിക്കുക: “തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും പിന്നീട് കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാർശക്കാരനും ശുപാർശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?’’ (ക്വുർആൻ 10:3).

“അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങൾ ഉയർത്തി നിർത്തിയവൻ. പിന്നെ അവൻ സിംഹാസനത്തിൽ ആരോഹണം ചെയ്യുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ സഞ്ചരിക്കുന്നു. അവൻ കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു’’ (ക്വുർആൻ 13:2).

“അവൻ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങൾ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരുദിവസം കാര്യം അവങ്കലേക്ക് ഉയർന്നുപോകുന്നു. നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാകുന്നു അതിന്റെ അളവ്’’ (ക്വുർആൻ 32:5).

ഈ ക്വുർആൻ സൂക്തങ്ങളിലൂടെ അല്ലാഹു വ്യക്തമായി പറയുന്നു; അവനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന്. ഇതിൽ ഒരു വിശ്വാസിക്ക് സംശയിക്കാനെന്തിരിക്കുന്നു? സർവശക്തനായ അല്ലാഹുവല്ല, അശക്തനായി സൃഷ്ടിക്കപ്പെട്ട മനുഷ്യരിൽ ചിലരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന വാദം എന്തുമാത്രം വിഡ്ഢിത്തവും വിശ്വാസവ്യതിയാനവുമാണ്!

നബി(സ)യുടെ കാലത്തെ അവിശ്വാസികൾപോലും സമസ്തക്കാർ ഇപ്പോൾ പ്രചരിപ്പിക്കുന്ന വിശ്വാസം സ്വീകരിച്ചിരുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. അല്ലാഹുവിന്റെ അടിമകളെ ആരാധിച്ച് ശിർക്ക് ചെയ്ത്, പ്രവാചകന്റെ എതിർപക്ഷത്ത് അവർ നിലയുറപ്പിച്ചപ്പോഴും പ്രപഞ്ചത്തിന്റെ നിയന്ത്രണം തങ്ങൾ വിളിച്ച് തേടുന്ന ഔലിയാക്കൾക്കാണെന്ന് അവർ വിശ്വസിക്കുകയോ വാദിക്കുകയോ ചെയ്തിരുന്നില്ല. പ്രപഞ്ചത്തിൽ കാര്യങ്ങളെ നിയന്ത്രിക്കുന്നത് സർവാധികാരങ്ങളുള്ള അല്ലാഹു മാത്രമാണ് എന്നതായിരുന്നു അവരുടെ വിശ്വാസം! അക്കാര്യം ക്വുർആനിൽതന്നെ കാണാവുന്നതാണ്.

“പറയുക: ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽനിന്ന് ജീവനുള്ളതും ജീവനുള്ളതിൽനിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്? അവർ പറയും: അല്ലാഹു എന്ന്. അപ്പോൾ പറയുക: എന്നിട്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?’’ (ക്വുർആൻ10:31).

കാര്യങ്ങളുടെ നിയന്ത്രണാധികാരം റബ്ബിനാണെന്നാണ് ‘മുശ്‌രിക്കുകൾ’ എന്ന് അല്ലാഹു വിശേഷിപ്പിച്ച, നബി(സ)യുടെ കാലത്ത് ജീവിച്ച അവിശ്വാസികൾവരെ വിശ്വസിച്ചത്! അതേസമയം, മുസ്‌ലിംകൾ എന്ന് പറയപ്പെടുന്ന ചിലർ വിശ്വസിക്കുന്നത് കാര്യങ്ങൾ നിയന്ത്രിക്കുന്നത് മടവൂർ ശൈഖാണ് എന്നതാണ്! അല്ലാഹുവിൽ അഭയം!

പ്രപഞ്ചത്തിൽ ഒരു ഇലപോലും മടവൂരിൽ മറമാടപ്പെട്ട അബൂബക്ർ മുസ്‌ലിയാർ അറിയാതെ വീഴുന്നില്ലത്രെ! അദ്ദേഹത്തെ കണ്ടവർക്കെല്ലം സ്വർഗമുണ്ടെന്നും ഒരു പുരോഹിതൻ തട്ടിവിട്ടിരിക്കുന്നു! നബി(സ)യെ കണ്ടവർക്ക് പോലും സ്വർഗമുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല എന്നിരിക്കെയാണ് ഇത്തരം വിടുവായിത്തങ്ങൾ എഴുന്നള്ളിക്കുന്നത്.

ലോകത്തിന്റെ ആരംഭം മുതൽ ഇന്നുവരെ സി.എം മടവൂരിനെപ്പോലെ ഒരു മനുഷ്യൻ ഉണ്ടായിട്ടില്ല എന്നും ഒരു പുരോഹിതൻ പച്ചക്ക് പറഞ്ഞിരിക്കുന്നു! അല്ലാഹുവിന്റെ സർവ പ്രവാചകന്മാരും ശ്രേഷ്ഠതയിൽ ഈ ഉന്മാദരോഗിയായിരുന്ന വ്യക്തിയുടെ പിന്നിലാണ് എന്ന്! അല്ലാഹുവിൽ അഭയം!

ജിബ്‌രീലി(അ)നെ നിയന്ത്രിക്കുന്നതും 1991ൽ മരിച്ച സി.എം മടവൂർ ആണെന്നാണ് മറ്റൊരു പുരോഹിതന്റെ ജൽപനം! അഥവാ, മരിച്ച സി.എം ആണത്രെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ജിബ്‌രീലിനെ നിയന്ത്രിക്കുന്നത്! ഈ വിഡ്ഢിത്തം വിശ്വസിക്കാനും ആളുണ്ട് എന്നതാണ് ഏറെ ദുഃഖകരം!

സി.എം മടവൂരിനെ നോക്കിയിരിക്കൽ ഏറ്റവും വലിയ ആരാധനയാണ് എന്നതാണ് മറ്റൊരു പുരോഹിതന്റെ ജൽപനം! എന്തൊക്കെയാണിവർ സമൂഹത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്! നരകത്തിലേക്ക് നയിക്കുന്ന പണ്ഡിതന്മാരായി ഇത്തരം പുരോഹിതന്മാർ മാറിയിരിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ഈ ആയത്ത് ശ്രദ്ധിക്കുക:

“അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കൻമാരാക്കി. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കൊരു സഹായവും നൽകപ്പെടുന്നതല്ല’’(ക്വുർആൻ 28: 41).

ഇനി, സമസ്തയിലെ സാധാരണക്കാർ ചിന്തിക്കട്ടെ! ഒരു വിശ്വാസിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഇത്തരം വികല വിശ്വാസങ്ങൾ തങ്ങളുടെ നേതാക്കൾ പഠിപ്പിക്കുമ്പോൾ അത് അനുസരിക്കാനും അതിനെ ന്യായീകരിക്കാനും ഒരു മുസ്‌ലിമിന് സാധ്യമാണോ? അവരെ തിരുത്താൻ ശ്രമിക്കുക. തിരുത്തിയാൽ എല്ലാവർക്കും നല്ലത്. ഇനി, ന്യായീകരിക്കാനാണ് ഭാവമെങ്കിൽ അറിയുക, ഈ പുരോഹിതന്മാർ നിങ്ങളെ ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അല്ലാഹു ക്ഷണിക്കുന്നതാവട്ടെ സ്വർഗത്തിലേക്കും. അവിടെവച്ച് വിലപിച്ചിട്ട് കാര്യമുണ്ടാകില്ല. ഈ ആയത്തുകൾ ശ്രദ്ധിക്കുക:

“അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്‌മേൽ മറിക്കപ്പെടുന്ന ദിവസം. അവർ പറയും: ഞങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളുടെ നേതാക്കൻമാരെയും പ്രമുഖൻമാരെയും അനുസരിക്കുകയും അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ രണ്ടിരട്ടി ശിക്ഷ നൽകുകയും അവർക്ക് നീ വൻ ശാപം ഏൽപിക്കുകയും ചെയ്യണമേ (എന്നും അവർ പറയും)’’ (ക്വുർആൻ 33: 66-68).