സഹനത്തിന്റെ അനിവാര്യത

ഹുസൈന്‍ സലഫി

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

(രോഗം: വിശ്വാസികൾ അറിയേണ്ടത് - 2 )

എങ്ങനെയാണ് മാനസികമായ സഹനം?

രോഗിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ ക്ഷമയാണ് പുണ്യത്തിന് കാരണമായി പറയുന്നത്. നല്ല സഹനം വേണം. അത് എങ്ങനെയൊക്കെയാകണം?

1. മനസ്സിനെ പിടിച്ച് നിർത്തുക: രോഗം വന്നതിൽ അക്ഷമ കാണിക്കരുത്. അല്ലാഹുവിനോടുള്ള വെറുപ്പ് മനസ്സിലുണ്ടാവരുത്. അങ്ങനെ അക്ഷമയും വെറുപ്പും കോപവുമൊന്നും മനസ്സിൽ വരാതെ തന്റെ മനസ്സിനെ സംതൃപ്തമാക്കി പിടിച്ചുനിർത്താൻ അവന് കഴിയണം. അതാണ് മാനസികമായ കരുത്ത്.

2. നാവിനെ നിയന്ത്രിക്കുക: രോഗിയായി കിടക്കുന്ന സന്ദർഭത്തിൽ, തനിക്ക് ബാധിച്ച പ്രയാസങ്ങളും വേദനകളും തന്റെ ദുഃഖവും തന്നെ സന്ദർശിക്കാൻ വരുന്നവരുടെ മുന്നിൽ എടുത്തുപറയുകയും ഇതെന്റെ ദുർവിധിയാണെന്ന് വിലപിക്കുകയും ചെയ്യുന്നത് ശരിയല്ല.

എന്നാൽ ചികിത്സക്കായി ഡോക്ടറെ കാണുന്നതും അദ്ദേഹത്തോട് തന്റെ രോഗവിവരവും അതിന്റെ പ്രയാസങ്ങളും വിവരിക്കുന്നതും തെറ്റല്ല. എന്ന് മാത്രമല്ല, അത് അനിവാര്യവുമാണ്.

ഡോക്ടറെ സമീപിക്കലും ചികിത്സ ലഭ്യമാക്കലും അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഒരു കാരണമാണ്. അല്ലാഹു നിശ്ചയിച്ചിട്ടുള്ള കാരണങ്ങളെ സമീപിക്കുന്നത് അല്ലാഹുവിലുള്ള തവക്കുലിന് ഒരിക്കലും എതിരാവുന്നില്ല. അതേയവസരത്തിൽ സൃഷ്ടികളോട് രോഗത്തിന്റെ കാരണങ്ങൾ വിവരിച്ച്, പരാതിയും വേവലാതിയും പരിഭവവും പറഞ്ഞുകൊണ്ടിരിക്കുന്ന സമീപനം ഒരു വിശ്വാസിയിൽനിന്ന് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നാണ് മഹാൻമാരായ പണ്ഡിതൻമാർ ഹദീസുകളുടെ വെളിച്ചത്തിൽ നമുക്ക് പഠിപ്പിച്ച് തരുന്നത്.

3. ക്ഷമക്ക് വിരുദ്ധമായിട്ടുള്ള ഒരു പ്രവർത്തനവും ചെയ്യരുത്: പ്രയാസത്തിന്റെ കാഠിന്യത്തിൽ മനസ്സിനെ ഈമാനിൽ പിടിച്ചുനിർത്താൻ സാധിക്കാതെവരികയും അങ്ങനെ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം സമൂഹത്തിൽ ഇന്ന് വർധിച്ചുവരികയാണ്.

വിശുദ്ധ ക്വുർആൻ പറയുന്നു: “നിങ്ങൾ നിങ്ങളെത്തന്നെ കൊന്നുകളയരുത്. നിശ്ചയമായും അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാകുന്നു’’ (സുറതുന്നിസാഅ്:29).

ഏതൊരു വിപൽഘട്ടത്തിലും ഇത് എന്റെ രക്ഷിതാവ് എനിക്ക് നിശ്ചയിച്ചതാണ് എന്ന വിശ്വാസം ഒരു വിശ്വാസിയിൽ കരുത്ത് പകരുന്നതാണ്. ഈമാൻകാര്യങ്ങളിൽ ആറാമത്തേത് നന്മയും തിന്മയും അല്ലാഹുവിൽനിന്നാണെന്ന് വിശ്വസിക്കലാണല്ലോ.

എന്ത് ബാധിക്കുമ്പോഴും മനുഷ്യൻ അവന്റെ മനസ്സിനെ പഠിപ്പിക്കേണ്ട വലിയ പാഠമാണ് അല്ലാഹു നബി ﷺ യെ പഠിപ്പിക്കുന്നത്:

“നബിയേ, പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെമേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്’’ (സൂറതുത്തൗബ:51).

നമുക്ക് ബാധിക്കുന്ന എന്തും അല്ലാഹുവിന്റെ തീരുമാനത്തിൽ ഉണ്ടെങ്കിൽ നമ്മൾ ആവലാതിപ്പെട്ടതുകൊണ്ടോ പരിതപിച്ചതുകൊണ്ടോ കാര്യമില്ല. അതെല്ലാം നാം അനുഭവിച്ചേതീരൂ. ഈ ചിന്ത മനസ്സിൽ എപ്പോഴും ഉണ്ടായാൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയും എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

അല്ലാഹുവിന്റെ രേഖയിൽ എന്തെല്ലാം ഉണ്ടെന്ന് നമുക്കൊരിക്കലും അറിയുകയില്ല. അതിനാൽ അല്ലാഹുവിന്റെ തീരുമാനം മാത്രമെ ഇവിടെ ഉണ്ടാവുകയുള്ളൂവെന്ന് നാം മനസ്സിലാക്കുക. അല്ലാഹു പറയുന്നു:

“ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽതന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പുതന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു’’ (സൂറതുൽ ഹദീദ്:22).

നബി ﷺ  ഇപ്രകാരം പറഞ്ഞതായി കാണാം: “അല്ലാഹു സൃഷ്ടികളുടെ ഓരോ കാര്യവും ആകാശഭൂമികൾ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലങ്ങൾക്ക് മുമ്പുതന്നെ എഴുതിവച്ചിട്ടുണ്ട്’’ (മുസ്‌ലിം).

പിന്നെ എന്തിനാണ് നമ്മൾ വിഷമിക്കുന്നത്? വിഷമിച്ചിട്ടും അക്ഷമ കാണിച്ചിട്ടും എന്ത് കാര്യം?

നമുക്ക് നന്മ കിട്ടിയാൽ അഹങ്കരിക്കാതെ അല്ലാഹുവിനോട് നന്ദി കാണിക്കുക. തിന്മയാണ് ബാധിച്ചതെങ്കിൽ അക്ഷമയും വെപ്രാളവും കാണിക്കാതെ സഹിക്കുക, ക്ഷമ കൈക്കൊള്ളുക. എങ്കിൽ അത് നമുക്ക് നന്മയായി ഭവിക്കും.

ജീവിതം അവസാനിപ്പിച്ചുതരണേ എന്ന് അല്ലാഹുവിനോട് പറയാൻ പാടില്ല എന്നാണ് ഇസ്‌ലാം പഠപ്പിക്കുന്നത്. അപ്പോൾ ഒരാൾ സ്വന്തം ജീവനെ നശിപ്പിച്ചാൽ എന്തായിരിക്കും അതിന്റെ പര്യവസാനം? എത്ര വലിയവൻ ചെയ്താലും അത് വലിയ പാതകമാണ്. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസക്കുറവുകൊണ്ടാണ് നിരാശ ബാധിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും എന്നതിൽ സംശയമില്ല.

അല്ലാഹു ഓർമിപ്പിക്കുന്നത് കാണുക: “...അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്...’’ (സൂറതുസ്സുമർ: 53).

എന്തുകൊണ്ട് ആത്മഹത്യ?

സ്വന്തം ആഗ്രഹങ്ങൾ ഒരിക്കലും നടക്കുകയില്ലെന്ന് മാനസികമായി ഉറപ്പിക്കുമ്പോഴാണ് ആളുകൾ ആത്മഹത്യയിൽ അഭയംതേടുന്നത്. അല്ലാഹുവിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളിൽ ഒരിക്കലും നിരാശയുണ്ടാകില്ല. എപ്പോഴും നല്ല പ്രതീക്ഷയാണ് അല്ലാഹുവിനെക്കുറിച്ച് വേണ്ടത്. അല്ലാഹു എന്നെ കൈവെടിയുകയില്ല, അല്ലാഹു എന്നെ രക്ഷിക്കും, അല്ലാഹു എന്നെ സഹായിക്കും, അല്ലാഹു എന്നെ കഷ്ടപ്പെടുത്തുകയില്ല എന്നൊക്കെയാണ് എപ്പോഴും മനസ്സിൽ വേണ്ടത്. ഈ ബോധം ഈമാനിന്റെ ഭാഗമാണ്.

ക്വുദ്‌സിയായ ഒരു ഹദീസിൽ ഇങ്ങനെ കാണാം: “എന്റെ അടിമ എന്നെക്കുറിച്ച് എന്താണോ വിചാരിക്കുന്നത്, അതുപോലെയാണ് ഞാനവനോട് ഇടപെടുന്നത്’’ (മുസ്‌നദു അഹ്‌മദ്).

അല്ലാഹു എന്റെ പ്രയാസം നീക്കിത്തരുമെന്നാണ് ഒരാളുടെ വിചാരമെങ്കിൽ അല്ലാഹു അത് നീക്കിക്കൊടുത്തേക്കാം. എന്റെ ദുരിതം അല്ലാഹു മാറ്റിത്തരില്ല എന്നാണ് ഒരാൾ വിചാരിക്കുന്നതെങ്കിൽ മാറ്റിക്കൊടുക്കുവാനും സാധ്യതയില്ല എന്നർഥം.

പ്രവാചകന്മാർക്ക് ഏൽക്കേണ്ടി വന്നിട്ടുള്ള പ്രയാസങ്ങളും പരീക്ഷണങ്ങളും എത്രമാത്രം കഠിനമായിരുന്നുവെന്ന് ക്വുർആനും ഹദീസും നമ്മെ പഠിപ്പിക്കുന്നുണ്ട്. നിരന്തരമായ കൊടിയപീഡനവും വംശീയ ഉൻമൂലനശ്രമവും അനുഭവിച്ചുകൊണ്ടിരുന്ന ബനൂഇസ്‌റാഈല്യരെ രക്ഷപ്പെടുത്തുവാൻ അവരിലേക്ക് പ്രവാചകനായി അയക്കപ്പെട്ട മൂസാ നബി(അ) അവരുമായി പലായനം ചെയ്യുന്ന വേളയിൽ ഫിർഔനും അവന്റെ സൈന്യവും അവരെ പിന്തുടർന്നു. ചെങ്കടലിന്റെ സമീപമെത്തിയപ്പോൾ മൂസാ നബി(അ)യോട് ബനൂഇസ്‌റാഈല്യർ പേടിയോ ടെ പറഞ്ഞ കാര്യം ക്വുർആൻ നമ്മെ അറിയിക്കുന്നു:

“അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോൾ മൂസായുടെ അനുചരൻമാർ പറഞ്ഞു: തീർച്ചയായും നാം പിടിയിലകപ്പെടാൻ പോകുകയാണ്’’ (സൂറതുശ്ശുഅറാഅ്:61).

മുന്നിൽ കടൽ, പിന്നിൽ അക്രമികൾ! എല്ലാ ആശയും മുറിഞ്ഞുപോകുന്ന സമയം! ആ സമയത്ത് മൂസാ നബി(അ) അനുയായികളോട് ശുഭപ്രതീക്ഷയുള്ള വർത്തമാനം പറയുകയും അവർക്ക് ധൈര്യം പകരുകയും ചെയ്തു: “അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീർച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്. അവൻ എനിക്ക് വഴി കാണിച്ചുതരും’’ (സൂറതുശ്ശുഅറാഅ്: 62).

ഇപ്രകാരം അനുയായികളെ സമാധാനിപ്പിച്ച മൂസാ നബി(അ)യോട് അല്ലാഹു പറഞ്ഞു: “അപ്പോൾ നാം മൂസായ്ക്ക് ബോധനം നൽകി; നീ നിന്റെ വടികൊണ്ട് കടലിൽ അടിക്കൂ എന്ന്. അങ്ങനെ അത് (കടൽ) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പർവതംപോലെ ആയിത്തീരുകയും ചെയ്തു’’ (സൂറതുശ്ശുഅറാഅ്:63).

കയ്യിലുള്ള വടികൊണ്ട് അടിച്ചപ്പോൾ സമുദ്രം പർവതംപോലെ രണ്ടു ഭാഗത്തേക്ക് മാറിനിന്നു. ഇടയിലുള്ള വഴിയിലൂടെ കാറ്റടിച്ചു. ചളിയും വെള്ളവുമെല്ലാം ഉണങ്ങി. അതിലൂടെ ഒരു നടപ്പാത ഒരുങ്ങി. മൂസാ നബി(അ) ബനൂഇസ്‌റാഈല്യരെയുംകൊണ്ട് അതിലൂടെ രക്ഷപ്പെടുകയും ചെയ്തു.

പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിനെ കൈവിടാതിരുന്നാൽ അല്ലാഹു നമ്മെയും കൈവിടില്ല എന്ന് ഈ ചരിത്രസത്യം നമ്മെ ബോധ്യപ്പെടുത്തുന്നു.

യഅ്ക്വൂബ് നബി(അ) തന്റെ മക്കളോട് പറയുന്നത് കാണുക: “അല്ലാഹുവിങ്കൽനിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച’’ (സൂറതു യൂസുഫ്:87).

ഈ ആയത്തിലൂടെ നിരാശ അവിശ്വാസികളുടെ സ്വഭാവമാണെന്ന് യഅ്ക്വൂബ് നബി(അ) പഠിപ്പിക്കുന്നു. ഒരു വിശ്വാസിക്ക് നിരാശപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിക്കൂടാ എന്ന് സാരം.

പൂർവിക സമുദായത്തിൽ പെട്ട ഒരാളുടെ ചരിത്രം നബി ﷺ  പഠിപ്പിക്കുന്നു: “നിങ്ങളുടെ മുമ്പുള്ള സമുദായത്തിൽ ഒരാളുണ്ടായിരുന്നു. അയാൾക്ക് നല്ലൊരു മുറിവേറ്റു. ആ മുറിവിന്റെ വേദന സഹിക്കാൻ വയ്യാതെ അയാൾ ഒരു കത്തി എടുത്തു. അദ്ദേഹം തന്റെ കയ്യിൽ കത്തികൊണ്ട് മുറിവേൽപിച്ചു. മരിക്കുന്നതുവരെ ആ രക്തപ്രവാഹം നിലച്ചില്ല. അപ്പോൾ അല്ലാഹു പറഞ്ഞു: എന്റെ അടിമ അവന്റെ ജീവനുംകൊണ്ട് ധൃതികൂട്ടി പോയി. അതുകൊണ്ട് അവന്റെമേൽ ഞാൻ സ്വർഗം നിഷിദ്ധമാക്കിയിരിക്കുന്നു’’ (ബുഖാരി, മുസ്‌ലിം).

എല്ലാ ബുദ്ധിമുട്ടും അവസാനിക്കുമെന്ന് കരുതിയാണ് മനുഷ്യർ മരണത്തിലേക്ക് എടുത്തുചാടുന്നത്. എന്നാൽ അത് ശാശ്വതമായ ശിക്ഷയിലേക്കുള്ള ചാട്ടമാണ്. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മറിച്ച് അത് പ്രശ്‌നമാണ്. പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്.

ഒരുപാട് സൽകർമങ്ങൾ ചെയ്യുന്ന മനുഷ്യർപോലും അവസാനം നരകക്കാരായി മാറുന്ന അവസ്ഥ യുണ്ടായേക്കാം. നബി ﷺ  ഈ വിഷയത്തിൽ പറഞ്ഞത് ഇപ്രകാരമാകുന്നു:

“...റസൂലിന്റെ അനുചരൻമാരിൽ ഒരാളുണ്ടായിരുന്നു. ശത്രുക്കളിൽ ഒറ്റയും തെറ്റയുമായി നടക്കുന്ന ഒരുത്തനെയും പിന്തുടർന്ന് തന്റെ വാളിന്നിരയാക്കാതെ അയാൾ വിടുമായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ച് ഒരാൾ ഇങ്ങനെ പറഞ്ഞു: ‘ഇന്നയാൾ ചെയ്തതുപോലെയുള്ള സേവനം നമ്മുടെ കൂട്ടത്തിൽ മറ്റൊരാളും ചെയ്തിട്ടില്ല.’ അന്നേരം റസൂൽ ﷺ  പറഞ്ഞു: ‘അറിയുക, അയാൾ നരകാവകാശിയാകുന്നു, തീർച്ച!’ അപ്പോൾ കൂട്ടത്തിലൊരാൾ പറഞ്ഞു: ‘ഞാൻ അവനെ അനുഗമിച്ചു നോക്കാം.’ അങ്ങനെ അദ്ദേഹം അയാൾക്കൊപ്പം ഇറങ്ങിത്തിരിച്ചു. അയാൾ നിൽക്കുമ്പോഴൊക്കെ അദ്ദേഹവും നിൽക്കും. അയാൾ വേഗത കൂട്ടിയാൽ അദ്ദേഹവും വേഗത കൂട്ടും. അങ്ങനെ ആ മനുഷ്യന് സാരമായ ഒരു പരിക്ക് പറ്റി. അതോടെ അയാൾ മരിക്കാൻ ധൃതികാണിച്ചു. തന്റെ വാൾ ഭൂമിയിൽ വെച്ച് അതിന്റെ വായ്‌ത്തല തന്റെ നെഞ്ചിനിടയിലാക്കി അതിൽ ശരീരം അമർത്തി അയാൾ ആത്മഹത്യചെയ്തു. അനന്തരം അയാളെ അനുഗമിച്ച വ്യക്തി റസൂലി ﷺ ന്റെ അടുത്തു ചെന്ന് പ്രഖ്യാപിച്ചു: ‘ഞാനിതാ സാക്ഷ്യം വഹിക്കുന്നു. അങ്ങ് അല്ലാഹുവിന്റെ ദൂതൻ തന്നെ.’ റസൂൽ ചോദിച്ചു: എന്താണ് സംഭവം? അയാൾ വിശദമാക്കി...അന്നേരം അല്ലാഹുവിന്റെ ദൂതർ(സ) പറഞ്ഞു: ‘ജനദൃഷ്ടിയിൽ സ്വർഗാവകാശികളുടെ കർമങ്ങൾ ചെയ്യുന്ന ഒരാൾ നരകാവകാശിയായിരിക്കാം. ജനങ്ങളുടെ ദൃഷ്ടിയിൽ നരകാവകാശികളുടെ കർമങ്ങൾ ചെയ്യുന്ന ഒരാൾ സ്വർഗാവകാശിയായിരിക്കാം’ (ബുഖാരി, മുസ്‌ലിം).

ഓരോ മനുഷ്യന്റെയും ജീവിതാന്ത്യം വിലയിരുത്തിയാണ് അല്ലാഹു അവന് പ്രതിഫലം നൽകുന്നത്. ജീവിതത്തിന്റെ ബാല്യത്തിലും യൗവനത്തിലും ഭയ ഭക്തനായി ജീവിച്ച് അവസാനം അവിശ്വാസത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരണമടഞ്ഞവന് അവൻ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ചെയ്ത കാര്യങ്ങൾ പരിഗണിച്ച് സ്വർഗം നൽകപ്പെടുന്ന പ്രശ്‌നമേയുദിക്കുന്നില്ല. മറിച്ച്, ചെറുപ്പം മുതൽ താന്തോന്നിയായി ജീവിക്കുകയും അവസാനം തക്വ്‌വയുള്ള ജീവിതത്തിലേക്ക് മടങ്ങി കുറച്ചുകാലം മാത്രം നല്ലനിലയിൽ ജീവിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുള്ളവൻ സ്വർഗാവകാശിയായിരിക്കും. അന്ത്യം നന്നാവലാണ് ഏറ്റവും പ്രധാനം; അതാണ് അല്ലാഹു പരലോകത്ത് പരിഗണിക്കുക എന്ന് സാരം.

ഈ സാധ്യതകളെല്ലാം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് നമ്മുടെ ജീവിതാന്ത്യം നന്നാക്കുവാൻ വേണ്ടി റസൂൽ ﷺ  നമ്മോട് ആഹ്വാനം ചെയ്തത്.

മഹാനായ യൂസുഫ് നബി(അ)യുടെ പ്രാർഥന കാണുക: “നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ’’ (സൂറതു യൂസുഫ്:102).

പ്രവാചകൻ ﷺ  പതിവായി പ്രാർഥിക്കാറുള്ള ഒരു പ്രാർഥന കാണുക: “ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ, എന്റെ ഹൃദയത്തെ നീ നിന്റെ ദീനിൽ അടിയുറച്ച് നിർത്തേണമേ.’’

പരിശുദ്ധ ക്വുർആനിലൂടെ അല്ലാഹു പഠിപ്പിക്കുന്ന പ്രാർഥനകളിൽ ഒന്ന് ഇപ്രകാരമാണ്: “...ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സൻമാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽനിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു’’ (സൂറതു ആലുഇംറാൻ:9).

മറ്റൊരു പ്രാർഥന: “നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽനിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. അവർ (പിശാചുക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽനിന്നും എന്റെ രക്ഷിതാവേ, ഞാൻ നിന്നോട് രക്ഷതേടുന്നു’’ (സൂറതുൽ മുഅ്മിനൂൻ:97,98).

മനുഷ്യന്റെ അന്ത്യം നാശത്തിലാക്കാൻ പിശാച് ജാഗരൂകമായിരിക്കുകയാണെന്നും അവസരം കിട്ടുമ്പോഴെല്ലാം അവൻ പിഴപ്പിക്കുമെന്നും പരിശുദ്ധ ക്വുർആനിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

റസൂൽ ﷺ  അരുളിയതായി ഇങ്ങനെ കാണാം: “ആരെങ്കിലും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താൽ നരകത്തിൽവച്ച് അവൻ സ്വയം ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും. ആരെങ്കിലും സ്വദേഹത്തിൽ കുത്തി ആത്മഹത്യ ചെയ്താൽ നരകത്തിൽവച്ച് അവൻ സ്വയം മുറിവേൽപിച്ചുകൊണ്ടേയിരിക്കും’’ (ബുഖാരി).

അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം; റസൂൽ  ﷺ  പറഞ്ഞു: “ഒരാൾ മലമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്താൽ അവൻ നരകത്തിലും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവൻ നരകത്തിൽ എന്നെന്നും വിഷം കഴിച്ചുകൊണ്ടേിരിക്കും. അവന്റെ കൈയിൽ അവന്റെ വിഷം എപ്പോഴും ഉണ്ടായിരിക്കും. ഒരാൾ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാൽ അവൻ കാലാകാലവും നരകത്തിൽവച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. ആ ആയുധം അവന്റെ കയ്യിൽ എപ്പോഴും ഉണ്ടായിരിക്കും’’ (ബുഖാരി).

ആത്മഹത്യ ചെയ്യുന്നവരിൽ മിക്കവരും മുമ്പേതന്നെ ആത്മഹത്യ ചെയ്യണം എന്ന് തീരുമാനിച്ച് ചെയ്യുന്നവരല്ല. അങ്ങനെയുള്ളവർ വളരെ കുറവായിരിക്കും. ആത്മഹത്യ ചെയ്യണം എന്ന് വിചാരിച്ച് നടക്കുന്നവർ മിക്കവാറും മാനസിക രോഗികളെ പോലെയുള്ളവരായിരിക്കും. അധിക ആത്മഹത്യകളും പെട്ടെന്നുണ്ടാകുന്ന ഒരു ക്ഷമകേടിൽ ചെയ്തുപോകുന്നതാണ്. ഏത് രൂപത്തിൽ ആത്മഹത്യ ചെയ്താലും നബി ﷺ  പറയുന്നത് ആ ശിക്ഷ അവൻ കാലാകാലം നരകത്തിലും തുടരുമെന്നാണ്.

നബി ﷺ  പഠിപ്പിച്ച ഒരു പ്രാർഥന കാണുക: “ഹയ്യും (എന്നെന്നും ജീവിച്ചിരിക്കുന്നവനും) ക്വയ്യൂമുമായ (എല്ലാം നിയന്ത്രിക്കുന്നവനുമായ) അല്ലാഹുവേ, നിന്റെ കാരുണ്യം മുഖേന നിന്നോട് ഞാൻ സഹായം ചോദിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും നീ നന്നാക്കിത്തരേണമേ. ഒരു കണ്ണിമവെട്ടുന്ന നേരത്തേക്ക് പോലും എന്റെ കാര്യം എന്നിലേക്ക് നീ ഏൽപിക്കരുതേ’’ (ഹാകിം).

എപ്പോഴും പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാകുമെന്ന് നാം കരുതരുതെന്ന് ഇമാം ശാഫിഈ(റഹി) എഴുതിയതായി അദ്ദേഹത്തിന്റെ ‘ദീവാനു ശാഫിഈ’ എന്ന കവിതാ സമാഹാരത്തിൽ കാണാം. സാരസമ്പുഷ്ടമായ ആ കവിതാസമഹാരത്തിലെ ചില വരികൾ കാണുക:

“ഓ മനുഷ്യാ, നിനക്ക് പ്രയാസങ്ങളും പ്രതിസന്ധികളും രാപകലില്ലാതെ ഉരുണ്ടുകൂടിയിട്ട് നിന്റെ മനസ്സിൽ പ്രതിസന്ധികൾ വരുമ്പോൾ നീ ക്ഷമകേട് കാണിക്കരുത്. ദുൻയാവിലെ ഒരു കാര്യവും ശാശ്വതമല്ല എന്നുള്ളത് നിന്റെ മനസ്സിനെ നീ പഠിപ്പിക്കണം. പ്രതിസന്ധികളിലും പ്രയാസങ്ങളിലും മലപോലെ പൗരുഷം പൂണ്ട് നീ ഉറച്ചുനിൽക്കുക. വിട്ടുവീഴ്ചയും നന്മകളുടെ പൂർത്തീകരണവും നീ നിന്റെ മുഖമുദ്രയാക്കുക.’’

“നിനക്ക് ദുൻയാവിൽ സന്തോഷം ശാശ്വതമല്ലാത്തതുപോലെ ഈ ദുൻയാവിൽ ശാശ്വതമായി ദുഃഖിക്കേണ്ടിയും വരില്ല. സന്തോഷം കുറച്ചുകഴിഞ്ഞാൽ സങ്കടമാവുന്നുണ്ടല്ലോ! അതുപോലെ സങ്കടം വരുമ്പോഴും കുറച്ച് കഴിഞ്ഞാൽ സന്തോഷം വരുമെന്ന് നീ ചിന്തിക്കണം.’’

അല്ലാഹു പറയുന്നു: “തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും’’ (സൂറതുൽ ഇൻശിറാഹ്:6).

മാനസികമായി പ്രയാസങ്ങളുണ്ടാകുമ്പോൾ അത് വേറൊരാളോട് തുറന്നുപറയുന്നതിലൂടെ വളരെയധികം ആശ്വാസം ലഭിക്കും. അതാണ് ഇന്നത്തെ കൗൺസിലിങ്ങ് സെന്ററുകളിൽ നടക്കുന്നത്. പ്രയാസവും ബുദ്ധിമുട്ടുകളുമുള്ള ആളുകളോട് കൗൺസിലിങ്ങ് ചെയ്യുന്ന വ്യക്തി കാര്യങ്ങൾ തുറന്ന് പറയാൻ ആവശ്യപ്പെടുകയാണ്. മനസ്സ് തുറക്കാൻ ആളില്ലാതെയാകുമ്പോഴാണ് മനുഷ്യൻ സങ്കടപ്പെടുന്നത്. ആശ്വാസം നൽകാൻ ആരുമില്ലാത്തപ്പോഴാണ് മാനസിക വിഷമം വർധിക്കുന്നത്.

റബ്ബിനെപോലെ നമുക്ക് എല്ലാ വിഷമവും തുറന്നുപറയാൻ ആരുമില്ല. എല്ലാം അറിയുന്നവൻ അല്ലാഹുവല്ലാതെ വേറെ ആരുമില്ലല്ലൊ. ഒരു കൗൺസിലർക്കും നമ്മുടെ ഭാവിയെക്കുറിച്ചറിയില്ല. വന്നുഭവിച്ച വിഷമം ഗുണകരമോ ദോഷകരമോ എന്നും അറിയില്ല. എല്ലാം അറിയുന്ന റബ്ബിനോട് കണ്ണുനീരൊഴുക്കി പ്രയാസങ്ങൾ പറയുക. എല്ലാ ആവലാതികളും അവനിൽ സമർപ്പിക്കുക. മനുഷ്യരോട് ധാരാളം പറഞ്ഞാൽ അവർക്ക് വെറുപ്പുണ്ടാകും. പക്ഷേ, അല്ലാഹുവിന് നാം എത്രകണ്ട് ചോദിക്കുന്നുവോ, പറയുന്നുവോ അത്രകണ്ട് അത് ഇഷ്ടമാണ്.

“റബ്ബിനോടുള്ള ചോദ്യം ഒഴിവാക്കുമ്പോഴാണ് അല്ലാഹുവിന് വെറുപ്പുണ്ടാകുന്നത്. മനുഷ്യനോട് ചോദിക്കുമ്പോഴാണ് വെറുപ്പ്.’’

അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (സൂറതുൽ ഗാഫിർ:60).

ചോദിക്കുമ്പോഴേക്കും കിട്ടിയില്ലെങ്കിൽ നാം നിരാശപ്പെട്ടുകൂടാ. പ്രാർഥനകൾക്ക് അല്ലാഹു ഉത്തരം നൽകുക മൂന്ന് രൂപങ്ങളിലായാണ്:

1) നമ്മൾ ചോദിച്ച അതേ കാര്യം തന്നെ അല്ലാഹു നമുക്ക് തരും.

2) ആ ചോദിച്ച കാര്യം തന്നെ അല്ലാഹു തന്നില്ലെങ്കിലും നമ്മുടെ ഭാവിജീവിതത്തിൽ വരാനിരിക്കുന്ന വേറെ വല്ല ബുദ്ധിമുട്ടികളും ആ ദുആ കാരണത്താൽ അല്ലാഹു നീക്കിക്കളയും.

3) അതൊന്നും കിട്ടിയില്ലെങ്കിൽ പ്രാർഥിച്ചതിനാൽ പ്രത്യേകമായൊരു പുണ്യം അവന് പരലോകത്ത് ലഭിക്കും. പ്രാർഥനക്ക് എപ്പോഴും പുണ്യമുണ്ട്. പ്രാർഥിച്ചതിന്റെ പുണ്യത്തിന് പുറമെ ചോദിച്ചതെന്താണോ അതിനുവേണ്ടി പ്രത്യേകമായ പുണ്യങ്ങൾ പരലോകത്ത് അല്ലാഹു അവന്റെ രേഖയിൽ എഴുതിവയ്ക്കും. അതുകൊണ്ട് ഒരിക്കലും ദുആക്ക് ഒരു കുറവും വരുത്തേണ്ടതില്ല.

രോഗംകൊണ്ട് കഷ്ടപ്പെടുമ്പോഴും അയ്യൂബ് നബി(അ) പ്രാർഥിച്ചത് ഇപ്രകാരമാണ്: “അയ്യൂബിനെയും (ഓർക്കുക.) തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ച സന്ദർഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽവച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ’’ (സൂറതുൽ അമ്പിയാഅ്:83).

രോഗസമയത്ത് ഒരു സൃഷ്ടിയോടും അദ്ദേഹം പരാതിയും സങ്കടങ്ങളും പറഞ്ഞില്ല. റബ്ബിനോട് മാത്രം പറഞ്ഞു. ഈ മാതൃക നമ്മളും പിൻപറ്റുക.

നബി ﷺ  പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലാൻ പഠിപ്പിച്ച പ്രാർഥനയിൽ ഇങ്ങനെ കാണാം: “അല്ലാഹുവേ, ഞാൻ നിന്നോട് ഇഹലോകത്തിലെയും പരലോകത്തിലെയും ആഫിയത്തിനെ (ആരോഗ്യം) ചോദിക്കുന്നു’’ (അബൂദാവൂദ്).

തക്വ്‌വക്ക് ശേഷം ഐഹിക ജീവിതത്തിൽ ഒരാൾക്ക് കിട്ടുന്ന ഏറ്റവും നല്ല അനുഗ്രഹമാണ് ആരോഗ്യം. അതുകൊണ്ടാണ് പ്രവാചകൻ ﷺ  നമ്മെ പഠിപ്പിച്ചത്: “നിങ്ങൾ അല്ലാഹുവിനോട് ആഫിയത്തിനെ ചോദിക്കുക’’ (ബുഖാരി).

നബി ﷺ യുടെ ചില പ്രാർഥനകൾ കാണുക: “അല്ലാഹുവേ, എന്റെ ശരീരത്തിന് നീ സുഖം നൽകേണമേ. എന്റെ കേൾവിക്കും കാഴ്ചക്കും സുഖം നൽകേണമേ. നീ അല്ലാതെ ആരാധ്യനില്ല’’ (അബൂദാവൂദ്).

“അല്ലാഹുവേ, വെള്ളപ്പാണ്ടിൽനിന്ന്, ഭ്രാന്ത് പിടിപെടുന്നതിൽനിന്ന്, കുഷ്ഠരോഗത്തിൽനിന്ന്, മോശപ്പെട്ട മാറാവ്യാധികളിൽനിന്നെല്ലാം ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു’’ (അഹ്‌മദ്).

ചുരുക്കത്തിൽ, ആരോഗ്യം ലഭിക്കുവാൻ നാം അല്ലാഹുവിനോട് പ്രാർഥിക്കണം. രോഗം വരുമ്പോൾ ചികിത്സ തേടണം, മരുന്ന് കഴിക്കണം. മരുന്നും ഒപ്പം പ്രാർഥനയും വേണം. ജീവിതത്തിലെ പ്രയാസങ്ങളിൽ അതിയായി ദുഃഖിക്കാതെ, ക്ഷമിക്കാനും സഹിക്കാനും സാധിക്കണം. സുഖ-ദുഃഖങ്ങൾ അല്ലാഹുവിൽനിന്നാണെന്നുള്ള അചഞ്ചലമായ വിശ്വാസം ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കണം.

(അവസാനിച്ചില്ല)